Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

നാസ്തികരുടെ അജ്ഞാനാന്ധതയും ഖുര്‍ആനിലെ സമുദ്രശാസ്ത്ര സൂചനകളും

എം.എം അക്ബര്‍

മതവിശ്വാസികള്‍ തമ്മിലും മതനിഷേധികളുമായും സൃഷ്ടിപരമായ സംവാദങ്ങള്‍ നടക്കണം. പരസ്പരം മനസ്സിലാക്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനും സംവാദങ്ങള്‍ വഴിതുറക്കും. സംവാദങ്ങള്‍ നടക്കാത്ത സമൂഹങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ സംവേദനവും സാധിക്കുകയില്ല. പരസ്പരം ആശയവിനിമയങ്ങള്‍ നടക്കാതിരിക്കുന്നത് അകല്‍ച്ച വര്‍ധിപ്പിക്കും. 
യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് കലാനാഥന്‍ മാസ്റ്ററുമായി രണ്ട് തവണ സംവാദം നടത്താന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള അതിന്റെ വീഡിയോ സത്യാന്വേഷികള്‍ക്ക് വെളിച്ചം നല്‍കാന്‍ പര്യാപ്തമാണ്. കടുത്ത ഇസ്‌ലാം വിമര്‍ശകരായ നാസ്തികരുമായി മറ്റൊരു സംവാദം നടത്താന്‍ അതുകൊണ്ടുതന്നെ പിന്നീട് ഞാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. മുസ്‌ലിംകളെല്ലാം സ്വന്തത്തേക്കാളധികം  സ്‌നേഹിക്കുന്ന മുഹമ്മദ് നബി(സ)യെ പരസ്യമായി നിന്ദിക്കുന്നവരുമായി വേദി പങ്കിടാനുള്ള വൈമനസ്യമാണ് ഒന്ന്. നാസ്തികര്‍ക്കിടയില്‍ ഒരു നബിനിന്ദകന് സ്വീകാര്യത ലഭിക്കുന്നതിന് നമ്മുടെ പ്രവര്‍ത്തനം നിമിത്തമാകരുത് എന്നായിരുന്നു നിലപാട്. സ്വന്തമായി യാതൊരു പ്രത്യയശാസ്ത്രവും ഇല്ലാത്തവരും ഇസ്ലാംനിന്ദ വഴി സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും സുഖിപ്പിക്കുക എന്നതല്ലാത്ത ദൗത്യങ്ങളൊന്നും നിര്‍വഹിക്കാനില്ലാത്തവരുമായ നാസ്തികരുടെ വിമശനങ്ങള്‍ക്ക്  പൊതുവേദികളിലെ തുറന്ന ചോദ്യോത്തരവേദികള്‍ വഴിയും  ആനുകാലികങ്ങളും പുസ്തകങ്ങളും വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറുപടി പറഞ്ഞാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.  സ്വന്തമായി ഉത്തരങ്ങളില്ലാത്തവരും ചോദ്യങ്ങള്‍ മാത്രമുള്ളവരുമായ  നാസ്തികര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയണമെങ്കില്‍ അതുമാവാമെന്ന് അറിയിക്കുകയും ചെയ്തിയിരുന്നു.
അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന പുരാണങ്ങളില്‍ ഇല്ലാത്തതും, ആധുനികശാസ്ത്രം മുന്നോട്ടുവെക്കുന്നതുമായ ആശയങ്ങളിലൊന്ന്  ഖുര്‍ആനിലുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ശഹാദത്ത് ചൊല്ലി മുസ്‌ലിമാകാമെന്നും ഇതേ വരെ താന്‍ ഇസ്ലാമിനെതിരെ ഉന്നയിച്ച വാദങ്ങളെല്ലാം പിന്‍വലിക്കാമെന്നും മേലില്‍ താന്‍ ഇസ്ലാംവിമര്‍ശനം നടത്തുകയില്ലെന്നുമുള്ള വെല്ലുവിളി ഇ.എ ജബ്ബാര്‍ ഉന്നയിക്കുന്നത് ഈയിടെയാണ്. ഇതിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. 
തന്റെ  വെല്ലുവിളി ഏറ്റെടുത്ത വ്യത്യസ്ത സംഘടനകളുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാരോട്  പലതരം ഒഴികഴിവുകള്‍ പറയുകയാണ് ജബ്ബാര്‍ ചെയ്തത്. അങ്ങനെ പറയുമ്പോഴും എന്റെ പേരെടുത്ത് പറഞ്ഞു വെല്ലുവിളിക്കുകയും ഞാന്‍  പരസ്യമായ സംവാദത്തിന് സന്നദ്ധമാണെങ്കില്‍ അദ്ദേഹവും തയാറാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. എന്നെ സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറം ജില്ലാ യുക്തിവാദി സംഘം പോസ്റ്റര്‍ ഇറക്കി. ഈയൊരു സാഹചര്യത്തില്‍ സംവാദത്തിന് സന്നദ്ധമാകാതിരുന്നാല്‍ ഇസ്ലാമിക പ്രബോധകരുടെ വിശ്വാസ്യതയെപ്പറ്റി പൊതുസമൂഹം സംശയിക്കാനിടയുണ്ടെന്ന് തോന്നി. പല മുസ്‌ലിം സംഘടനകളിലും പെട്ട ബഹുമാന്യരായ ചില പണ്ഡിതന്മാര്‍ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന്  വ്യക്തിപരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമുദായത്തിന്റെ മൊത്തത്തിലുള്ള ഒരു ആവശ്യമെന്ന നിലയില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ടത് ഉത്തരവാദിത്വമാണെന്ന്  മനസ്സിലാക്കിയാണ് സംവാദത്തിന് സന്നദ്ധനായത്.
എന്നാല്‍ പരസ്പരം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള  സംവാദമല്ല നടന്നത്. ഖുര്‍ആനിനെ താറടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വെല്ലുവിളിക്ക് മറുപടിയായിരുന്നു അത്. ആധുനിക ലോകത്തിന് യാതൊന്നും നല്‍കാന്‍ ഖുര്‍ആനിന് കഴിയില്ലെന്ന് ശാസ്ത്രത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ടുകൊണ്ട് വെല്ലുവിളിക്കുമ്പോള്‍ അതിന് മറുപടി നല്‍കേണ്ടത് പ്രബോധകരുടെ ബാധ്യതയാണെന്ന് കരുതി. പ്രസ്തുത ബാധ്യതാ നിര്‍വഹണത്തിന്റെ ഭാഗമായിരുന്നു ഈ സംവാദം.

സംവാദം ലക്ഷ്യം നേടി

ശാസ്ത്രാവബോധത്തിന്റെ ആളുകളായി സ്വയം അവരോധിതരാവുന്ന നാസ്തികര്‍ യഥാര്‍ഥത്തില്‍ ശാസ്ത്രനിഷേധികളാണെന്ന് ബോധ്യപ്പെടുത്താന്‍ സംവാദം വഴി സാധിച്ചു. ഭരണഘടനയുടെ 51 എ അനുഛേദത്തില്‍ പൗരബാധ്യതയായി എടുത്തു പറയുന്ന ശാസ്ത്രാവബോധം (Scientific Temper)  വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്ന് ആണയിടുന്നവരാണ് എല്ലാ നാസ്തിക ഗ്രൂപ്പുകളും. ദൈവനിഷേധ പ്രചാരണം മാത്രമാണ് ഇവരുടെ സയന്റിഫിക് ടെമ്പര്‍ എന്ന് സംവാദവും അനുബന്ധ ചര്‍ച്ചകളും വ്യക്തമാക്കി. ഒരേയൊരു ഖുര്‍ആന്‍ സൂക്തം (24:40) ഉദ്ധരിച്ചുകൊണ്ട് അതില്‍  നാല് സമുദ്രശാസ്ത്ര വസ്തുതകള്‍  ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നാണ് സംവാദത്തില്‍  സമര്‍ഥിച്ചത്. കൃത്യമായ സമുദ്രശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവതരണം.  എന്നാല്‍ നാസ്തികര്‍ ചെയ്തത്, പ്രസ്തുത വസ്തുതകളോട് സൃഷ്ടിപരമായി പ്രതികരിക്കുന്നതിനു പകരം അവയെ കണ്ണടച്ച് നിഷേധിക്കുകയാണ്. സമുദ്രാന്തര്‍ഭാഗത്ത് ഇരുനൂറ് മീറ്ററിന് ശേഷമാണ് അന്ധകാരമേഖല ആരംഭിക്കുന്നതെന്നും ആയിരം മീറ്ററുകള്‍ കഴിഞ്ഞാല്‍ ഘനാന്ധകാരമേഖലയാണെന്നുമുള്ള വസ്തുതകളെ നിഷേധിക്കുകയാണ് നാസ്തികനായ ഡോക്ടര്‍ ചെയ്തത്. താന്‍ കടലിനടിയില്‍ മുങ്ങിയിട്ടുണ്ടെന്നും ആറ് മീറ്ററുകള്‍ കഴിഞ്ഞപ്പോഴേക്കും ഭയങ്കരമായ ഇരുട്ട് അനുഭവപ്പെട്ടുവെന്നും അതിനാല്‍ അക്ബര്‍ പറഞ്ഞത് അശാസ്ത്രീയമാണെന്നും വാദിക്കുന്നതിന്റെ പേര് സയന്റിഫിക് ടെമ്പര്‍ എന്നല്ല;  വ്യക്തമായ ശാസ്ത്രനിഷേധമെന്നാണ്. അദ്ദേഹം പറഞ്ഞത് കളവാണെന്നതു മാത്രമല്ല പ്രശ്‌നം; ഒരു ശാസ്ത്രീയമായ വസ്തുത, തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുമ്പോള്‍ അതിനെതിരെ വൈയക്തികമായ അനുഭവം പറയുന്ന നിലപാട് തന്നെ  അശാസ്ത്രീയമാണ്. ശാസ്ത്രപ്രചാരകനെന്ന രീതിയില്‍ സ്വയം പരിചയപ്പെടുത്തുന്ന ഇംഗ്ലീഷ് അധ്യാപകനായ നാസ്തിക ബുദ്ധിജീവി എഴുതിയ പോസ്റ്റുകളിലെല്ലാം വ്യക്തമായ ശാസ്ത്രീയ സത്യങ്ങളെ നിഷേധിക്കുകയും ഭര്‍ത്സിക്കുകയും ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍വചനത്തിന്റെ വെളിച്ചത്തില്‍ വിശദീകരിക്കപ്പെട്ട വസ്തുതകളെ നിഷേധിക്കാന്‍ ശ്രമിച്ചത്. ആഴക്കടലിലെ ഘനാന്ധകാരത്തില്‍ ജീവിക്കാനായി അവിടെയുള്ള ജീവികളിലുള്ള ജൈവശോഭ (Bioluminesence)  എന്ന അനുകൂലനം കടലിനടിയില്‍ മുഴുവന്‍ വെളിച്ചമാണെന്ന് സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള തികഞ്ഞ ശാസ്ത്രവിരുദ്ധതയാണ് അദ്ദേഹത്തിന്റെ പോസ്റ്റുകളിലെല്ലാം ഉണ്ടായിരുന്നത്. നാസ്തികര്‍ ശാസ്ത്ര പ്രചാരകരല്ല, തങ്ങളുടെ അടിസ്ഥാനരഹിതമായ ജല്‍പനങ്ങള്‍  സ്ഥാപിക്കാന്‍ ശാസ്ത്രത്തെ ദുരുപയോഗിക്കുന്നവരാണെന്ന സത്യം വെളിപ്പെടുത്തിയ സംവാദമായി ഇതിനെ ചരിത്രം രേഖപ്പെടുത്തും.
പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് ഗൗരവതരമായി പഠിക്കാന്‍ സംവാദം പൊതുസമൂഹത്തിന് പ്രചോദനമായിത്തീര്‍ന്നു. ഖുര്‍ആനിലെ ഒരേയൊരു ആയത്ത് മുന്നോട്ടുവെക്കുന്ന വസ്തുതകള്‍ അബദ്ധമാണെന്ന് സ്ഥാപിക്കാന്‍ കേരളത്തിലെ ഇസ്‌ലാംവിരുദ്ധരെല്ലാം ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നത്  മുസ്‌ലിം യുവാക്കള്‍ക്ക് ഖുര്‍ആനിനെക്കുറിച്ച അഭിമാനബോധമുണ്ടാകാന്‍ കാരണമായി. ഏറെപ്പേരെ സംഘടനാ വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിപ്പിക്കാനും ഖുര്‍ആനിനുവേണ്ടി ഒരുമിപ്പിക്കാനും കഴിഞ്ഞു. ഇസ്ലാമിനെ സ്‌നേഹിക്കുന്നവരെല്ലാം ഒരേ മനസ്സോടെ ചിന്തിക്കുകയും പ്രാര്‍ഥിക്കുകയും കൈകോര്‍ക്കുകയും ചെയ്യുന്നത് സന്തോഷകരമാണ്. ഖുര്‍ആനിന്റെ പ്രതിഛായയില്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടാകുന്നത് വലിയ സന്ദേശമാണ് നല്‍കുന്നത്.

എന്തുകൊണ്ട് സമുദ്രശാസ്ത്രം?

ഖുര്‍ആനിലെ സമുദ്രശാസ്ത്ര സൂചനകള്‍ മുഖ്യ വിഷയമാക്കാന്‍ ചില കാരണങ്ങളുണ്ട്. മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തിലെ അറേബ്യയിലെ ജനങ്ങള്‍ക്ക് അറിയാതിരുന്നതും ആധുനിക ശാസ്ത്രം ശരിയെന്നു സമ്മതിക്കുന്നതുമായ എന്തെങ്കിലും ഒരു അറിവ്  ഖുര്‍ആനിലുണ്ട് എന്ന് സ്ഥാപിക്കാനായിരുന്നല്ലോ വെല്ലുവിളി. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് ഖുര്‍ആന്‍ പരാമര്‍ശങ്ങളുടെ  കൃത്യത ബോധ്യപ്പെടുത്തുന്ന നിരവധി  വിഷയങ്ങളുണ്ട്.  ഗോളശാസ്ത്രം, ഭ്രൂണശാസ്ത്രം, ഭൂമിശാസ്ത്രം, ജന്തുശാസ്ത്രം, കാലാവസ്ഥാശാസ്ത്രം എന്നിവയിലുള്ള പുതിയ അറിവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ കൃത്യമാണ് എന്ന് സ്ഥാപിക്കാനാവുന്ന നിരവധി കാര്യങ്ങള്‍. ഇവയില്‍ ഏറ്റവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതും അനുഭവപരതയുള്ളതുമാണ് സമുദ്ര ശാസ്ത്രം. സമുദ്രം ഏതൊരു സാധാരണക്കാരന്റെയും അനുഭവത്തിലുള്ള കാര്യമാണ്. സമുദ്രാന്തര്‍ഭാഗത്തെ ഇരുട്ട് എന്ന വിഷയം  ഇപ്പോള്‍ സമുദ്രാന്തര്‍ഭാഗത്തെ കുറിച്ച് നടക്കുന്ന പഠനങ്ങള്‍ മുമ്പില്‍ വെച്ച് ഡോക്യൂമെന്ററികളിലൂടെയും മറ്റും  ആരെയും ബോധ്യപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയും. ആന്തരിക തിരമാലകളെക്കുറിച്ച്  പരീക്ഷണശാലാ മോഡലുകള്‍ കാണിച്ചുകൊടുക്കാം. ആന്തരിക തിരമാലകളുമായി ബന്ധപ്പെട്ടു നടന്ന പുതിയ പഠനഫലങ്ങള്‍  ആനിമേഷന്‍ ചെയ്തു സമൂഹത്തെ ബോധ്യപ്പെടുത്താവുന്ന രൂപത്തില്‍ വീഡിയോ ദൃശ്യങ്ങളായി  ലഭ്യവുമാണ്.
സമുദ്രാന്തര്‍ഭാഗത്തെ ഘനാന്ധകാരത്തെക്കുറിച്ചോ ആന്തരിക തിരമാലകളെക്കുറിച്ചോ പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് ആര്‍ക്കും അറിയാമായിരുന്നില്ല എന്ന വസ്തുത പഴയ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാലാണ് ഖുര്‍ആനിലെ ആഴക്കടലിലെ ഘനാന്ധകാരത്തെയും  ആന്തരിക തിരമാലകളെയും കുറിച്ച് സൂചിപ്പിക്കുന്ന സൂക്തം തന്നെ തെരഞ്ഞെടുക്കുകയും നാല് ശാസ്ത്രീയമായ വസ്തുതകളെക്കുറിച്ച് അത് നല്‍കുന്ന സൂചനകള്‍  മുന്നോട്ടു വെക്കുകയും ചെയ്തത്.
നാസ്തികരുടെ മാനസികാവസ്ഥയെ വ്യക്തമായി വരച്ചു കാണിക്കുന്ന രൂപകമാണ് ഈ ആയത്തിലുള്ളത്.  സത്യം ആള്‍രൂപത്തില്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും അത് സ്വീകരിക്കാന്‍ തയാറാകാത്ത ആളുകളുടെ മനസ്സിലെ  ഇരുട്ടിനെയാണ് ആഴക്കടലിലെ ഘനാന്ധകാരത്തോട് ഈ ആയത്തില്‍  ഉപമിച്ചിട്ടുള്ളത്. നാസ്തികരെപ്പോലെ  കണ്ണടച്ച് ഇരുട്ടാക്കുന്നവരെക്കുറിച്ചാണ് ഈ ആയത്ത് പ്രതിപാദിക്കുന്നത്. സത്യം അറിയാത്തതുകൊണ്ടല്ല, നിഷേധമാണ് പുരോഗമനാത്മകം എന്ന തെറ്റിദ്ധാരണയോടെ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്  നാസ്തിക രീതി.  ഈ സംവാദത്തിലും അത് കാണാവുന്നതാണ്. സംവാദത്തില്‍ സഹസംവാദകന്‍ വിഷയം അവതരിപ്പിക്കുന്ന സമയത്ത്  അതൊന്നും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും, അടുത്ത ഊഴത്തില്‍ തനിക്ക് പറയാനുള്ളതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു എന്നും തുറന്നു പറയുന്ന സംവാദകന്‍ വെളിപ്പെടുത്തുന്നത് മനസ്സിനകത്തെ ഈ ഘനാന്ധകാരമാണ്. എതിര്‍പക്ഷത്തെ കേള്‍ക്കേണ്ടതില്ല, അതില്‍ ഒരു കഴമ്പുമുണ്ടാവില്ല എന്ന മുന്‍ധാരണയും  ആര് എന്തു പറഞ്ഞാലും തനിക്ക് പറയാനുള്ളത് താന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും എന്ന സമീപനവും സത്യാന്വേഷികളുടേതല്ല. യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഈ സമീപനമാണ് സത്യം സ്വീകരിക്കുന്നതില്‍നിന്ന്  നിഷേധികളെ തടയുന്നത്. അത്തരക്കാരുടെ  മനസ്സിലുള്ള ഇരുട്ട് അത് ആഴക്കടലിലുള്ള ഇരുട്ടിനെ പോലെയാണ്. സത്യം കണ്ടെത്താനോ ഉള്‍ക്കൊള്ളാനോ സന്നദ്ധമാകാത്ത ഘനാന്ധകാരം. സത്യത്തിന്റെ വെളിച്ചം ഉള്‍ക്കൊള്ളാന്‍ വൈമനസ്യം കാണിക്കുന്ന ആ ഇരുട്ട്. ഇതിനെയെല്ലാം വളരെ സുന്ദരമായി വരച്ചുകാണിക്കുന്നതാണ് ഈ ഖുര്‍ആന്‍ വചനം. 

നാല് ഭൗതികമായ അറിവുകള്‍

സൂറത്തുന്നൂറിലെ  നാല്‍പതാമത്തെ  വചനത്തില്‍ നാല് ഭൗതിക വിജ്ഞാനീയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്: ''അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെ തിരമാല അതിനെ പൊതിയുന്നു, അതിനു മേല്‍ വീണ്ടും തിരമാല, അതിനു മീതെ മേഘം; ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍; തന്റെ കൈ പുറത്തേക്കു നീട്ടിയാല്‍ അത് പോലും അവനു കാണാന്‍ കഴിയില്ല;  ആര്‍ക്കാണോ അല്ലാഹു വെളിച്ചം കൊടുത്തിട്ടില്ലാത്തത് അവനു യാതൊരു പ്രകാശവുമില്ല.''
ഈ ആയത്തില്‍നിന്ന്  ലഭിക്കുന്ന നാല് ഭൗതികമായ അറിവുകള്‍ ഇവയാണ്:
1. ആഴക്കടലില്‍ ഇരുട്ടുകളുണ്ട്, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍.
2. ആഴക്കടലിനെ  പൊതിയുന്ന തിരമാലകളുമുണ്ട്.
3. ആഴക്കടലിലെ തിരമാലകള്‍ക്ക് മുകളില്‍  വേറെയും  തിരമാലകളുണ്ട്.
4. ആഴക്കടലിലെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും കാണാന്‍ ഒരാള്‍ക്ക്  കഴിയില്ല.
വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മേഖലകള്‍ ആയി തിരിച്ചാണ് സാമുദ്രാന്തര്‍ഭാഗത്തെക്കുറിച്ച്  സമുദ്രശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പഠിക്കുന്നത്. ഒന്നാമത്തേത് സൂര്യപ്രകാശമേഖലയെന്നാണ് (epipelagic zone)  അറിയപ്പെടുന്നത്. സമുദ്രോപരിതലത്തില്‍നിന്നും 200 മീറ്റര്‍ വരെ താഴെയുള്ള മേഖലയാണിത്. പ്രകാശസംശ്ലേഷണം നടക്കുന്ന മേഖല. ഇരുനൂറ് മീറ്ററിനു ശേഷം ആയിരം മീറ്റര്‍ വരെയുള്ള സന്ധ്യാപ്രകാശമേഖലയാണ് (mesopelagic zone) രണ്ടാമത്തേത്. ആയിരം മുതല്‍ നാലായിരം വരെ മീറ്റര്‍ ആഴത്തിലുള്ള അര്‍ധരാത്രിമേഖലയാണ്  (യമവ്യേുലഹമഴശര ്വീില) മൂന്നാമത്തേത്.  തീരെ വെളിച്ചമില്ലാത്ത മേഖലയാണിത്. നാലായിരം  മുതല്‍ ആറായിരം  വരെ മീറ്റര്‍ താഴേക്ക്  നീളുന്ന  ഘനാന്ധകാര മേഖല(bathypelagic zone)യാണ് നാലാമത്തേത്. ദൃശ്യപ്രകാശത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത മേഖല. ഇതിനും  താഴെയാണ്  പ്രേതാന്ധകാര മേഖല (abyssopelagic zone).  ആറായിരം മുതല്‍ പതിനൊന്നായിരം  മീറ്റര്‍ വരെ താഴേക്കുള്ള സമുദ്രാന്തര്‍ഭാഗമാണിത്. ഒന്നിനു മുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുര്‍ആനിലെ പ്രയോഗം വളരെ കൃത്യമാണെന്ന് സമുദ്രശാസ്ത്രജ്ഞന്മാരുടെ  ഈ വര്‍ഗീകരണം വ്യക്തമാക്കുന്നു.
ആഴക്കടലിനെ  പൊതിയുന്ന തിരമാലകളാണ് രണ്ടാമത്തേത്. വളരെ പ്രധാനമാണിത്. സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന തിരമാലകളെ കുറിച്ച് മാത്രമായിരുന്നു ഈ അടുത്ത കാലം വരെ നമുക്കറിയുക. 1970-കള്‍ക്കു ശേഷം നടന്ന പഠനങ്ങള്‍, സമുദ്രോപരിതലത്തിലെ തിരമാലകളേക്കാളും വളരെ ഭീമമായ തിരമാലകള്‍ സമുദ്രാന്തര്‍ ഭാഗത്തുണ്ട് എന്ന വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്. ആന്തരിക തിരമാലകള്‍ (Internal Waves) എന്ന പ്രതിഭാസം. ഉപ്പളവിന്റെ സാന്ദ്രതക്കും  ഊഷ്മവ്യത്യാസത്തിനുമനുസരിച്ച് ആഴക്കടലില്‍ വ്യത്യസ്ത ഘനത്വമുള്ള മേഖലകളുണ്ട്. അടിയിലേക്ക് പോകുമ്പോഴുള്ള  ജലത്തിന്റെ സാന്ദ്രതാവ്യത്യാസത്തിന് അനുസരിച്ചാണ്  വ്യത്യസ്ത മേഖലകള്‍ രൂപപ്പെടുന്നത്. ഇങ്ങനെ ഘനത്വവ്യത്യാസമുള്ള മേഖലകള്‍ കൂടിച്ചേരുന്ന സ്ഥലത്തെയാണ് Pycnocline Zone  എന്ന് വിളിക്കുക. സമുദ്രാന്തര്‍ഭാഗത്തെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങളാല്‍ ഇവിടെ  രൂപപ്പെടുന്ന തിരമാലകളാണ് നമ്മള്‍ ആന്തരിക തിരമാലകള്‍ എന്ന് വിളിക്കുന്നത്. നൂറുകണക്കിന് മീറ്ററുകള്‍ മുകളിലേക്കും താഴേക്കും ചലിക്കുന്ന ആന്തരിക തിരമാലകള്‍. അതിന്റെ ഉപരിതലത്തിലെ സ്വാധീനം വളരെ ചെറുതായിരിക്കും, പക്ഷേ ആന്തരിക തിരമാലകള്‍ ആഴക്കടലിലെ ഒരുപാട് പ്രതിഭാസങ്ങള്‍ക്കു കാരണമാകുന്നു. അതിന്റെ ബാഹ്യോപരിതലത്തിലെ സ്വാധീനം വളരെ നിസ്സാരമായതുകൊണ്ടു തന്നെ ഈയടുത്ത കാലം വരെ ഇതിനെക്കുറിച്ച് യാതൊന്നും അറിയുമായിരുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ ഇവിടെ പറയുന്നത്, ആഴക്കടലില്‍ തിരമാലകളുണ്ട്, ആഴക്കടലിനെ പൊതിയുന്ന തിരമാലകളുണ്ട്, ആഴക്കടലില്‍ ഇരുട്ടുണ്ട്, ആ ഇരുട്ടടക്കമുള്ള ആഴക്കടലിനെ പൊതിയുന്ന തിരമാലകളുണ്ട് എന്നാണ്.  ഇത് വളരെ കൃത്യമായി ആന്തരിക തിരമാലകളെ കുറിച്ച് സൂചിപ്പിക്കുന്ന  പരാമര്‍ശമാണെന്നാണ് മനസ്സിലാവുന്നത്.
ആഴക്കടലിലെ തിരമാലകള്‍ക്ക് മുകളില്‍ വേറെയും തിരമാലകളുണ്ട് എന്നതാണ് മൂന്നാമത്തേത്. സമുദ്രോപരിതലത്തിലെ നമുക്കെല്ലാമറിയുന്ന തിരമാലകളെ കുറിച്ചാണ് ഈ പരാമര്‍ശമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇവിടെ കേവലം ആഴക്കടലിലെ തിരമാലയെക്കുറിച്ച്  പറഞ്ഞുപോവാതെ അതിനു മുകളിലായിട്ടുള്ള തിരമാലയുണ്ട് എന്ന് പറയുമ്പോള്‍ ആദ്യം പറഞ്ഞത് ആന്തരിക തിരമാല തന്നെയാണെന്ന് വ്യക്തമാകുന്നു.  ആഴക്കടലിലെ ആന്തരിക തിരമാലക്കു മുകളിലായിട്ടുള്ളതാണ് നമുക്കറിയാവുന്ന ഉപരിതല തിരമാലകള്‍ (Surface Waves).  പ്രസിദ്ധ ശാസ്ത്രഗവേഷണ സ്ഥാപനമായ എം.ഐ.ടി (Massachusetts Institute of Technology)   സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ  'ആന്തരിക തിരമാലകള്‍' എന്ന ആനിമേഷന്‍ വീഡിയോയില്‍ വളരെ കൃത്യമായി ആന്തരിക തിരമാലകളെയും, അതിനു മുകളിലുള്ള  ഉപരിതല തിരമാലകളെയും കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്.
ആഴക്കടലിലെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും ഒരാള്‍ക്ക് കാണാന്‍ കഴിയില്ല എന്നുള്ളതാണ് നാലാമത്തേത്. ആഴക്കടലിലെ ഘനാന്ധകാരത്തെ വെളിപ്പെടുത്തുന്നതാണ് ഈ ഉപമേയം. ആദ്യത്തെ  ഇരുനൂറ്  മീറ്റര്‍ പരിധിയിലെ സൂര്യപ്രകാശമേഖലയില്‍  ഒരിക്കലും അനുഭവിക്കാനാവാത്ത കാര്യമാണിത്. അതിനു താഴെയുള്ള സന്ധ്യാപ്രകാശമേഖലയില്‍ പോലും അത്തരം ഒരു അനുഭവമുണ്ടാവുകയില്ല. സ്വന്തം കൈകള്‍ പോലും കാണാന്‍ കഴിയാത്ത ഘനാന്ധകാരം അനുഭവിക്കാനാരംഭിക്കുന്നത് ആയിരം മീറ്റര്‍ കഴിഞ്ഞിട്ടുള്ള bathypelagic zone അഥവാ അര്‍ധരാത്രി മേഖലയില്‍ മാത്രമാണ്. അവിടെ പൂര്‍ണമായ ഇരുട്ടാണ്; സമ്പൂര്‍ണ അന്ധകാരം.  സ്വന്തം ശരീരത്തിലെ ഒരു ഭാഗവും കാണാനാവാത്ത അത്രയും ഇരുട്ട്. നമുക്ക് കണ്ണിനടുത്തേക്കു ചലിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരവയവമായ കൈകളെ പോലും കാണാനാവാത്ത മേഖലയെന്ന  ഖുര്‍ആനിന്റെ സൂചനയെ പൂര്‍ണമായി ദ്യോതിപ്പിക്കുന്ന അന്ധകാരം.  സാധാരണ ഇരുട്ടുകളില്‍ നമ്മുടെ കൈവെള്ളയെങ്കിലും നമുക്ക് കാണാനാവും. ഈ മേഖലയില്‍ അതും കാണാന്‍ കഴിയില്ല. പ്രകാശത്തിന്റെ കണിക പോലുമില്ലാത്ത മേഖല. എത്ര കൃത്യമാണ്   പരിശുദ്ധ ഖുര്‍ആനിലെ  പ്രയോഗങ്ങളെന്ന്  വ്യക്തമാക്കുന്നതാണ്  'തന്റെ കൈ പുറത്തേക്കു നീട്ടിയാല്‍ അത് പോലും അവനു കാണാന്‍ കഴിയില്ല' എന്ന പരാമര്‍ശം.
ആഴക്കടലിലെ ഇരുട്ടുകളെ കുറിച്ച് ഈ ആധുനിക കാലഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1930-കള്‍ക്കു ശേഷമല്ലാതെ മറ്റൊരു ഗ്രന്ഥത്തിലും പറഞ്ഞതായി കാണാന്‍ കഴിയില്ല. കടലിനടിയിലേക്കു പോകുമ്പോള്‍ ഇരുട്ടുകള്‍ ഉണ്ടാകാം എന്ന ഊഹം ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലും നമുക്ക് പറയാന്‍ കഴിയുന്ന തരത്തിലുള്ള രേഖകളൊന്നും തന്നെയില്ല.  ആഴക്കടലിനെ ബന്ധപ്പെടുത്തിക്കൊണ്ട് Darkness എന്നോ Dark  എന്നോ ഉള്ള പ്രയോഗങ്ങള്‍ ചില ഗ്രന്ഥങ്ങളിലുണ്ടെന്നത് ശരിയാണ്. അതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. കടലിന്റെ ആഴത്തിനനുസൃതമായി സമുദ്രോപരിതലത്തില്‍ കടലിന്റെ നിറം കൂടുതല്‍ ഇരുണ്ടതാകും എന്ന് കപ്പല്‍ യാത്രയുമായി  ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് മുമ്പേ അറിയാവുന്ന കാര്യമാണ്. ഇത് കടലിന്റെ അടിത്തട്ടുമായി ബന്ധപ്പെട്ട കാര്യമേയല്ല. സമുദ്രോപരിതലത്തില്‍നിന്ന് കടല്‍ കാണുമ്പോള്‍ അത് കൂടുതല്‍ ഇരുണ്ടതാണെങ്കില്‍ ആ ഇരുണ്ടതില്‍നിന്നും ആ സ്ഥലം കൂടുതല്‍ ആഴമുള്ളതാണ് എന്ന് മനസ്സിലാക്കാം എന്ന അര്‍ഥത്തിലുള്ള പരാമര്‍ശങ്ങളാണ് ഒന്നാമത്തേത്.
കടലിന്റെ ആഴിയെ ഭീകരമായി അവതരിപ്പിക്കുന്ന, അതിനെ ഇരുണ്ടതായി സൂചിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് രണ്ടാമത്തേത്. നരകത്തോടെല്ലാം കടലിന്റെ ആഴിയെ താരതമ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍.  ഇങ്ങനെയൊന്നുമുള്ളതല്ല പരിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശം. ഖുര്‍ആന്‍ പറയുന്നത് കേവലം ഇരുട്ട് എന്നല്ല. 'ഒന്നിന് മുകളില്‍ മറ്റൊന്നായി സ്ഥിതി ചെയ്യുന്ന ഇരുട്ടുകള്‍' എന്നാണ്, ഇരുട്ട് എന്ന കേവല പരാമര്‍ശമായിരുന്നെങ്കില്‍ ഇവിടെ സൂചിപ്പിച്ചതുപോലെ ഏതെങ്കിലും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആരോ എഴുതിയതാണ് എന്ന് വാദിക്കാമായിരുന്നു, എന്നാലിവിടെ വ്യത്യസ്ത ഇരുട്ടുകളെ കുറിച്ച് പറയുന്നു, പ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ച് വ്യത്യസ്ത മേഖലകളാക്കി തിരിച്ചു, വ്യത്യസ്ത ഇരുട്ടുകളായി തിരിച്ചു തന്നെ നമ്മള്‍ സമുദ്രാന്തര്‍ഭാഗത്തെ പഠിക്കുന്നു, അതുകൊണ്ടാണ് ഏറ്റവും പുറമെയുള്ള epipelagic zone കഴിഞ്ഞാല്‍ ബാക്കി മേഖലകള്‍ എല്ലാം ഇരുട്ടുകളാണ്. ഇരുട്ടുകളുടെ അട്ടികള്‍ തന്നെയാണ്.  ഓരോ മേഖലയിലും ഒരേ രൂപത്തിലുള്ള ഇരുട്ടല്ല, വ്യത്യസ്ത തരം ഇരുട്ടുകളാണ്;  വ്യത്യസ്ത തലത്തിലുള്ള ഇരുട്ടുകളാണ്. ആധുനിക ശാസ്ത്രം നമുക്ക് വളരെ കൃത്യമായി പറഞ്ഞുതരുന്ന കാര്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നത് വലിയ അത്ഭുതം തന്നെയല്ലേ? 

ആന്തരിക തിരമാലകളെ  കുറിച്ച് പൗരാണിക ഗ്രന്ഥങ്ങളിലില്ല

ആന്തരിക തിരമാലകളെ കുറിച്ച് രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ അനുഭവം 1893-ല്‍ നോര്‍വീജിയന്‍ സമുദ്രശാസ്ത്രജ്ഞനായ Fridtjof Nansen- ലന്റേതാണ്, റഷ്യയിലെ കാര കടലിലൂടെയുള്ള യാത്രയില്‍ സമുദ്രം ശാന്തമായിരുന്നപ്പോള്‍ പോലും യാത്രാ നൗകയെ മുന്നോട്ടു പോകാന്‍ സമ്മതിക്കാത്ത എന്തോ ഒരു ശക്തി തനിക്കനുഭവപ്പെട്ടതായി അദ്ദേഹം തന്റെ Farthest North എന്ന യാത്രാ ഡയറിയില്‍  പറയുന്നുണ്ട്. ഈ പ്രതിഭാസത്തെ  അദ്ദേഹം വിളിച്ചത്  ചത്ത ജലം (Dead Water)എന്നാണ്. ഈ പ്രതിഭാസത്തിനു കാരണമെന്താണെന്ന് അദ്ദേഹത്തിന്   അറിയില്ലായിരുന്നു. ഈ പ്രതിഭാസത്തെ കുറിച്ച് 1893-നു ശേഷവും പലരും തങ്ങളുടെ അനുഭവങ്ങള്‍ ഇതുപോലെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് കടല്‍ ശാന്തമായ സമയത്തും യാത്രാ നൗകകള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഇത്തരം പ്രതിഭാസങ്ങള്‍  ഉണ്ടാകുന്നത് എന്ന കാര്യം അജ്ഞാതമായിരുന്നു. അതേക്കുറിച്ച കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് 1970-നു ശേഷം നടന്ന പഠനങ്ങള്‍ വഴിയാണ്.
ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ രൂപപ്പെടുന്ന ആന്തരിക തിരമാലകളെ കുറിച്ച് 1960-ല്‍ തന്നെ അവിടെ നടന്ന പര്യവേക്ഷണങ്ങളിലൂടെ സമുദ്രശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കിയിരുന്നുവെങ്കിലും അതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ അന്ന് അറിയുമായിരുന്നില്ല. നേരത്തേ പരാമര്‍ശിച്ച Dead Water-നു സമാനമായ എന്തോ ഒരു പ്രതിഭാസം അവിടെയുണ്ട് എന്ന് മനസ്സിലാക്കിയിരുന്നു എന്നല്ലാതെ കൃത്യമായിട്ട് വിവരങ്ങളൊന്നും മനസ്സിലാക്കിയിരുന്നില്ല.  1972 ജൂലൈ 23-നു അമേരിക്ക വിക്ഷേപണം ചെയ്ത Earth Resources Technology Satellite (ERTS 1) ആണ് ആദ്യമായി ആന്തരിക തിരമാലകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയത്. ഇതിനു ശേഷം മാത്രമാണ് ആന്തരിക തിരമാലകളെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ തന്നെ ലോകത്ത് നടന്നത്.

ബൈബിളിലും പരാമര്‍ശമില്ല

ബൈബിളില്‍ എവിടെയും ആഴക്കടലില്‍ ഇരുട്ടുണ്ട് എന്നോ  അല്ലെങ്കില്‍ ഖുര്‍ആനില്‍ പറയുന്നത് പോലെ ഇരുട്ടുകളുണ്ട് എന്നോ ഉള്ള പരാമര്‍ശങ്ങളില്ല. ബൈബിളിലെ പല സ്ഥലങ്ങളിലായി വന്ന പരാമര്‍ശങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് ഈയടുത്ത കാലത്തായി (നമ്മളിക്കാര്യം സൂചിപ്പിച്ചതിനു ശേഷം) ചില മിഷനറിമാര്‍ പറയുന്നു എന്നല്ലാതെ ബൈബിളില്‍ എവിടെയും ആഴക്കടലില്‍ ഇരുട്ടുണ്ട് എന്ന പരാമര്‍ശമുള്ളതായി ആരും ഇതേവരെ അവകാശവാദം പോലും ഉന്നയിച്ചിട്ടില്ല.  അതേ പോലെ ആന്തരിക തിരമാല എന്നു പറയുന്നത്, യോനാ പ്രവാചകന്റെ പുസ്തകം രണ്ടാം അധ്യായം, മൂന്നാമത്തെ വചനത്തില്‍, യോനാ പ്രവാചകന്‍ സമുദ്രത്തിലേക്ക് എറിയപ്പെട്ടപ്പോള്‍ അദ്ദേഹം പറയുന്ന, 'നീ എന്നെ സമുദ്രമധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി' എന്ന വാക്യത്തെയാണ് മിഷനറിമാര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്. ഇത് സമുദ്രാന്തര്‍ഭാഗത്തെ ആന്തരിക  തിരമാലകളെ കുറിച്ച പരാമര്‍ശങ്ങളേയല്ല. ഒരാള്‍ സമുദ്രത്തില്‍ എറിയപ്പെട്ടാല്‍ അയാളുടെ മുകളിലൂടെ തിരമാലകള്‍ പോകുമെന്ന് ആര്‍ക്കാണറിയാത്തത്?  ആ തിരമാലകളെ കുറിച്ചുള്ള പരാമര്‍ശം മാത്രമാണ് യോനാ പ്രവാചകന്റെ പ്രാര്‍ഥനയിലുള്ളത്.  ബൈബിളില്‍ എവിടെയും, ബൈബിളില്‍ എന്നല്ല, ഒരു ഗ്രന്ഥത്തിലും, 1950-കള്‍ക്ക് മുമ്പുള്ള ഒരു ഗ്രന്ഥത്തിലും ആഴക്കടലില്‍ ഇരുട്ടുകളുടെ ഒരു മേഖലക്ക് മുകളിലായി മറ്റു മേഖലയുണ്ട് എന്ന രൂപത്തിലുള്ള ഒരു പരാമര്‍ശവും കാണാന്‍ കഴിയില്ല. അതേപോലെ തന്നെ ബാഹ്യമായ തിരമാലകള്‍ അല്ലാതെ ആഴക്കടലില്‍ തിരമാലകളുണ്ട് എന്ന രൂപത്തിലുള്ള ഒരു പരാമര്‍ശവും, ആന്തരിക തിരമാലകളെ കുറിച്ചുള്ള പരാമര്‍ശവും എവിടെയും കാണാന്‍ കഴിയില്ല. 1853-ലാണ് ഉലമറ  ണമലേൃ ജവലിീാലിീി ആദ്യമായി നിരീക്ഷിക്കപ്പെടുന്നത്. ആ പ്രതിഭാസം  തന്നെ ഇങ്ങനെയുള്ള ആന്തരിക തിരമാലകളുടെയടിസ്ഥാനത്തില്‍  ഉണ്ടാകുന്നതാണ് എന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. അതിനു ശേഷമുള്ള പഠനങ്ങളാണ് അത് വ്യക്തമായി ബോധ്യപ്പെടുത്തിയത്.
ഖുര്‍ആനിലെ ഈ വചനങ്ങളില്‍ ഓഷ്യനോഗ്രാഫി  പഠിപ്പിച്ചുവെന്നല്ല എന്റെ അഭിപ്രായമെന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ഓഷ്യനോഗ്രാഫി പഠിപ്പിക്കാനുള്ള ഗ്രന്ഥമല്ല ഖുര്‍ആന്‍. ഏതെങ്കിലും ഒരു ശാസ്ത്രശാഖ പഠിപ്പിക്കാനുള്ള ഗ്രന്ഥവുമല്ല ഖുര്‍ആന്‍. ഖുര്‍ആനില്‍ പറയുന്നത് ശാസ്ത്രത്തിനു കണ്ടെത്താന്‍ കഴിയാത്ത, ശാസ്ത്രത്തിന് അതീതമായ കാര്യങ്ങളെ കുറിച്ചാണ്. ശാസ്ത്രത്തിന്റെ മേഖലക്ക് പുറത്തുള്ള കാര്യങ്ങളാണ് അതിന്റെ  പ്രധാന പ്രമേയം. പക്ഷേ ആ പ്രമേയത്തെ കുറിച്ച് സംസാരിക്കുമ്പോഴും പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള പരിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങളില്‍ അബദ്ധമൊന്നുമുണ്ടാവുന്നില്ല എന്നതാണ് അത്ഭുതം. ഖുര്‍ആനിലെ പ്രയോഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ കൃത്യമാണ്  എന്ന് പുതിയ പര്യവേഷണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുവെന്ന യാഥാര്‍ഥ്യം മാത്രമാണ് നാം പറയുന്നത്.  ഇരുട്ടുകള്‍, ഒന്നിനു മുകളില്‍ മറ്റൊന്നായിട്ടുള്ളത് എന്ന പ്രയോഗത്തില്‍നിന്ന് അന്നവര്‍ മനസ്സിലാക്കിയത് പല രൂപത്തിലുള്ള ഒരുപാട് ഇരുട്ടുകള്‍ ഉണ്ടാകാം എന്നായിരിക്കാം.  ഇന്ന് നമുക്ക് സമുദ്രാന്തര്‍ഭാഗത്തെ വ്യത്യസ്ത മേഖലകളായി തിരിച്ചുകൊണ്ടുള്ള ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പരാമര്‍ശം കൂടുതല്‍ കൃത്യമാണെന്ന് മനസ്സിലാവുന്നു. 
പരിശുദ്ധ ഖുര്‍ആനിലെ പ്രയോഗങ്ങളുടെ കൃത്യതയും സൂക്ഷ്മതയും വ്യക്തമാക്കുന്ന ഒരു വചനം കൂടിയാണിത്. അതിലെ മേഘത്തെക്കുറിച്ച പരാമര്‍ശം ചിലര്‍ വിവാദമാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ മേഘത്തെ കുറിച്ച പരാമര്‍ശം കൂടി ഇല്ലായിരുന്നുവെങ്കില്‍ പലരും പറയുന്നതു പോലെ ഇത് ആന്തരിക തിരമാലകളെ കുറിച്ചല്ല, ഒന്നിന് പിറകെ മറ്റൊന്നായി വരുന്ന ബാഹ്യ സമുദ്രോപരിതല തിരമാലകളെ കുറിച്ച് തന്നെയാണ് എന്ന് വാദിക്കാനുള്ള ചെറിയൊരു പഴുതുണ്ടാകുമായിരുന്നു.   ഈയൊരു പ്രയോഗം കൂടി വന്ന സ്ഥിതിക്ക് അങ്ങനെ വാദിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. ദുര്‍വ്യാഖ്യാനത്തിന് കഴിയാത്ത രൂപത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ആന്തരിക തിരമാലകളെ കുറിച്ച് തന്നെയാണ്  പരാമര്‍ശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നതാണീ മേഘപരാമര്‍ശം. തിരമാലക്കു മുകളില്‍ തിരമാല എന്ന് പറയുമ്പോള്‍  രണ്ടു തിരമാലകള്‍ ഒന്നിനു മുകളില്‍ ഒന്നാണെന്ന് വ്യക്തമാവുന്നു. مَوۡجٌ مِّنۡ فَوۡقِهٖ مَوۡجٌ  എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. ഒരു തിരമാലക്കു ശേഷം വരുന്ന അടുത്ത തിരമാല ഒന്നിനു മുകളില്‍ ഒന്നാണെന്നും അതിനാല്‍ അതേക്കുറിച്ചാണ് ഈ വചനം പറയുന്നതെന്നും വാദിക്കാന്‍ കഴിയും. എന്നാല്‍ അതിനു ശേഷം   مِّنۡ فَوۡقِهٖ سَحَابٌ  എന്നു കൂടി വന്നതോടെ അത്തരമൊരു വ്യാഖ്യാനത്തിനുള്ള സാധ്യത തീരെയില്ലാതായി എന്നു പറയാം.  مِّنۡ فَوۡقِهٖ എന്നതിനര്‍ഥം 'പിറകെ വരുന്നത്' എന്നാണെങ്കില്‍ പരാമര്‍ശിക്കപ്പെട്ട മേഘം  തിരമാലക്കു പിറകെ വരുന്നതാവണം. അങ്ങനെയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉപരിതല തിരമാലക്ക് എങ്ങനെയാണോ മേഘം മുകളിലാവുന്നത് അങ്ങനെ ആന്തരിക തിരമാലക്ക് മുകളിലാണ് ഉപരിതല തിരമാലയുമെന്നാണ് ഈ പ്രയോഗം വ്യക്തമാക്കുന്നത്. ഒന്നാമത്തെ 'ഫൗഖി'ന് ഒരര്‍ഥവും രണ്ടാമത്തെ 'ഫൗഖി'ന് മറ്റൊരര്‍ഥവും ഒരേ വാചകഘടനയില്‍ തന്നെ ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ. ആന്തരിക തിരമാല; അതിന് മുകളില്‍ ഉപരിതല തിരമാല; അതിന് മുകളില്‍ മേഘം. എത്ര സൂക്ഷ്മമാണീ വാചകഘടന; എത്ര കൃത്യവും ശാസ്ത്രീയവുമാണിവിടത്തെ പദങ്ങളുടെയും പ്രയോഗങ്ങളുടെയും തെരഞ്ഞെടുപ്പ്! 

തയാറാക്കിയത്: ഷാജി പരപ്പനാടന്‍

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌