നിരീക്ഷണം ശ്രദ്ധേയം
'സമസ്ത'യുടെ സമാദരണീയനായ നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ സംഭാഷണം വായിച്ചു. ചിന്തോദ്ദീപകവും കാര്യമാത്രപ്രസക്തവുമാണത്. പക്വമായ സംസാരം, ആധികാരികമായ വിവരണം, അവര്‍ഗീയമായ കാഴ്ചപ്പാട് തുടങ്ങിയവ അഭിമുഖത്തെ വേറിട്ടുനിര്‍ത്തുന്നു. സമുദായ നേതൃത്വത്തിന് സംവരണ വിഷയത്തില്‍ പോലും തികഞ്ഞ അവബോധമില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. വിദ്യാര്‍ഥികള്‍ ഇനി ശ്രദ്ധ പതിപ്പിക്കേണ്ടത് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് മേഖലകളിലാണെന്ന പൂക്കോട്ടൂരിന്റെ ഉപദേശം മുഖവിലക്കെടുക്കേണ്ടതാണ്.
ജനസാമാന്യം എതിരാളികളുടെ ഉപജാപങ്ങളില്‍ വശംവദരരാവരുത്. കാലം തേടുന്ന സ്വബ്‌റ് സ്വായത്തമാക്കാന്‍ സമുദായം ശീലിക്കണം. സാമൂഹിക മാധ്യമങ്ങളിലെ സാഹസങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കണം. എല്ലായിടത്തും തന്റെ അഭിപ്രായം പതിയണമെന്ന വാശി വര്‍ജിച്ചേ മതിയാവൂ. വര്‍ഗീയ ധ്രുവീകരണം ദ്രുതഗതിയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നേതൃത്വവും അണികളും ഉദാത്തമായ നിലപാടും ഉന്നതമായ കാഴ്ചപ്പാടും കാത്തു സൂക്ഷിക്കുക തന്നെ വേണം.
മതംമാറ്റം തടയണോ?
വിവാഹത്തിന് വേണ്ടിയോ നിര്‍ബന്ധിതമായോ മതപരിവര്‍ത്തനം നടത്തുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബില്‍, ഓര്‍ഡിനന്‍സായി ഇറക്കാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തീരുമാനിക്കുകയുണ്ടായി. 1968-ലെ മതസ്വാതന്ത്ര്യ നിയമത്തിന് പകരമായാണ് കടുത്ത വ്യവസ്ഥകളോടെ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ പെട്ടവരെ മതപരിവര്‍ത്തനം ചെയ്യിക്കുന്ന കേസുകളില്‍ അമ്പതിനായിരം രൂപയും പത്തു വര്‍ഷം വരെ തടവു ശിക്ഷയും വ്യവസ്ഥ ചെയ്തിരിക്കുന്നു. മതപരിവര്‍ത്തനം ജാമ്യം ലഭിക്കാത്ത കുറ്റമാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ ഈ നടപടി.
'നമ്മുടെ പെണ്‍മക്കളെ പ്രലോഭനത്തിലൂടെയോ ഭീഷണിയിലൂടെയോ സമ്മര്‍ദത്തിലൂടെയോ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നവരെ നിയമം ഉപയോഗിച്ച് കര്‍ശനമായി കൈകാര്യം ചെയ്യും' എന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരിക്കുന്നത്. എന്നാല്‍, യു.പിയിലെ ഇറ്റ ജില്ലക്കാരി ശിഖയെന്ന ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവ് സല്‍മാനെതിരായ കേസ് അലഹബാദ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ യുവതിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് പങ്കജ് നഖ്‌വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ അലഹബാദ് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
മതപരിവര്‍ത്തനം നിയമം മൂലം നിയന്ത്രിക്കണമെന്ന ഹരജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിയതായി മാസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതം വ്യക്തിപരമായ കാര്യമാണെന്നും മറ്റൊരു മതത്തിലേക്ക് മാറണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.എന്‍ പാട്ടീല്‍, സി. ഹരിശങ്കര്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്.
എങ്ങനെയാണ് മതപരിവര്‍ത്തനം നിയന്ത്രിക്കേണ്ടതെന്ന് കോടതി ചോദിച്ചു. ആരെങ്കിലും മറ്റൊരാളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണ്. അത്തരം ഭീഷണികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങിയാണ് മതംമാറ്റം നടക്കുന്നതെന്ന് കരുതുന്നത് യുക്തിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
'യേ യഥാമാം പ്രപദ്യനിതേ താംസ്ത ഥൈവ ഭജാമ്യഹം
മമ വര്‍ മാനുവര്‍ത്തന്തേ, മനുഷ്യാ പാര്‍ഥ സര്‍വശ്യം'
(ആരേതു തരത്തില്‍ എന്നെ ശരണം പ്രാപിക്കുന്നു, ഏതു വിധത്തിലായാലും എന്റെ വഴി തന്നെയാണ് അനുവര്‍ത്തിക്കുന്നത്) എന്ന വിശാലമായ കാഴ്ചപ്പാടാണ് ഭഗവത് ഗീതയിലൂടെ ഹൈന്ദവ ദര്‍ശനം മുന്നോട്ടു വെക്കുന്നത്. മതമേതായാലും എന്റെ വഴി തന്നെയാണ് അവര്‍ അനുവര്‍ത്തിക്കുന്നതെന്ന ദര്‍ശനം മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നു. ഹിന്ദുവിനോ ക്രൈസ്തവനോ തങ്ങളുടെ മതത്തില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുക തന്നെ വേണമെന്നാണ് സര്‍വാദരണീയനായ ശ്രീനാരായണഗുരു പറയുന്നത്. ''ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക് ആ മതത്തില്‍ വിശ്വാസമില്ലെന്ന് വന്നാല്‍ അയാള്‍ ആ മതം മാറുകയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിലിരിക്കുന്നത് ഭീരുത്വവും കപടതയുമാണ്'' (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പേജ് 54). ''മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെയും ഇഷ്ടം പോലിരിക്കും. അഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണം. അതാണ് നമ്മുടെ അഭിപ്രായം'' (അതേ പുസ്തകം, പേജ് 68).
ശ്രീനാരായണഗുരുവിന്റെ മതസങ്കല്‍പത്തെക്കുറിച്ച് എം.കെ സാനു എഴുതുന്നതിങ്ങനെ: ''തന്റെ വിശ്വാസത്തിനനുസൃതമായി ഒരാള്‍ക്ക് ഏതു മതം സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് സ്വാമി കരുതി. ക്രിസ്തു മതത്തിലേക്കും ഇസ്‌ലാം മതത്തിലേക്കും ബുദ്ധ മതത്തിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ ഹിന്ദുക്കള്‍ക്കുള്ള സ്വാതന്ത്ര്യം, ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അഹിന്ദുക്കള്‍ക്കും ലഭിക്കേണ്ടതാണ് എന്നും അദ്ദേഹം കരുതി'' (നാരായണഗുരു സ്വാമി, പേജ് 338). മതംമാറ്റത്തെക്കുറിച്ച ശ്രീനാരായണഗുരുവിന്റെ സമീപനം കേസരി ലേഖകന്‍ ഉദ്ധരിക്കുന്നതും മറിച്ചല്ല: ''ഓരോ വ്യക്തിക്കും ഓരോ മതമാണുള്ളത് എന്നും അഛന്റെ മതമായതുകൊണ്ട് ഓരോ മതങ്ങളില്‍ ഞാനും എത്തിച്ചേരുന്നു എന്ന രീതിയല്ല വേണ്ടത്'' (കേസരി 7-7-2002, 'ഗുരുപാദം തേടി').
സ്വന്തം സമുദായം ഒരാളോട് കൃതഘ്‌നത കാട്ടുമ്പോഴാണ് അയാള്‍ മതംമാറുന്നതെന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതീയതയുടെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഡനങ്ങളും മറ്റുമാണ് ഹിന്ദുമതം ഉപേക്ഷിക്കാന്‍ ഒരു വലിയ ജനവിഭാഗം നിര്‍ബന്ധിതരായതിനും, ഇപ്പോഴും ആ ചരിത്രം ആവര്‍ത്തിക്കുന്നതിനും കാരണം. ലക്ഷക്കണക്കില്‍ അനുയായികളുമൊന്നിച്ച് ഹിന്ദുമതം വിടാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തെക്കുറിച്ച് ഡോ. അംബേദ്കര്‍ പറഞ്ഞത്, 'പാവങ്ങള്‍ പാവങ്ങളായും വിദ്യാരഹിതര്‍ വിദ്യാരഹിതരായും തുടരണമെന്ന നിര്‍ദേശിക്കുന്ന മതം മതമല്ല; ശിക്ഷയാണ്' എന്നായിരുന്നു.
നമ്മുടെ ഭരണഘടനയുടെ 25-ാം വകുപ്പ് വ്യക്തികള്‍ക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഈ വകുപ്പ് മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും മതവിരുദ്ധ പ്രചാരണ സ്വാതന്ത്ര്യവും മതം മാറാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. മതപരിവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശത്തിന്മേലുള്ള കൈയേറ്റവുമാണ്.
റഹ്മാന്‍ മധുരക്കുഴി
ജി.കെക്കു ഹൃദയപൂര്‍വം
പ്രജ്ഞയുടെ
കണ്‍പീലിത്തുമ്പിലൂറി വന്ന
തപ്തകണങ്ങള്‍ക്ക് നിന്‍
സുവര്‍ണാങ്കിത ഗാഥയുടെ
സുകൃതത്തിളക്കം.
പാരമ്പര്യത്തിന്റെ
പൗരോഹിത്യച്ചമയങ്ങളില്‍
തളച്ചിട്ട -
'ഉത്തമ സമുദായ'ത്തെ
നോക്കി
നെഞ്ചു തിളപ്പിച്ചലറുന്നുണ്ട്
നിന്നക്ഷരജ്യോതിസ്സിന്‍
വേദസാരസാക്ഷ്യങ്ങള്‍!
കുളിര്‍ കോരുന്നുണ്ടോരോ -
ശ്വാസനിശ്വാസങ്ങളും,
ചൊല്ലും ചെയ്തിയുമിഴചേര്‍ത്ത
സുസ്വര വിപഞ്ചിക
നീയെന്ന നിനവില്‍
തലോടവേ......!
തലകുനിച്ചിട്ടുണ്ടാവാം
ഉയരെ-
താരാകീര്‍ണ മുത്തുമാലകള്‍
കോര്‍ത്തിട്ട
സുവര്‍ണ വാനവും,
നോവിന്റെ കാലടിപ്പാടുകള്‍
കാച്ചികാച്ചിപ്പണിത
സുവര്‍ക്കപ്പതക്കങ്ങള്‍
ഓര്‍ത്തോര്‍ത്ത്..........!
മുഹമ്മദ് കുട്ടി, ഇരിമ്പിളിയം
എസ്.എ റശീദ് മദീനി
എസ്.എ റശീദ് മദീനിയെക്കുറിച്ച് സിറാജുദ്ദീന്‍ ഉമരി എഴുതിയ അനുസ്മരണക്കുറിപ്പ് (ലക്കം 3186) ഹൃദ്യമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, ലാളിത്യവും വിനയവും ശരീരഭാഷയാക്കിയ പണ്ഡിതന്‍. പക്ഷേ, 34-ാം പേജില്‍ കൊടുത്ത അദ്ദേഹത്തിന്റെ പടം ദൈന്യതയാര്‍ന്നതായിപ്പോയി. ചേന്ദമംഗല്ലുര്‍ ഇസ്‌ലാഹിയയിലെ ആല്‍ബങ്ങള്‍ തപ്പിയാല്‍ നല്ല ചിത്രങ്ങള്‍ കിട്ടുമായിരുന്നല്ലോ. കോവൂര്‍ പള്ളിയില്‍ അദ്ദേഹം നടത്തിയ ഖുത്വ്ബകള്‍ ഇന്നും ഓര്‍മയിലുണ്ട്. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ -ആമീന്‍.
ഇമ്പിച്ചിക്കോയ, വെള്ളിപറമ്പ്
അവര്‍ ഇസ്‌ലാംവിരുദ്ധര്‍
നാസ്തികരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ ഇസ്‌ലാമിനും ഖുര്‍ആനിനും എതിരില്‍ വമ്പന്‍ ന്യായങ്ങള്‍ നിരത്തുകയാണല്ലോ! അവര്‍ക്കുതന്നെ അറിയാം ഇത് ബുദ്ധിശൂന്യതയാണെന്ന്. യഥാര്‍ഥത്തില്‍ ഇസ്ലാംവിരുദ്ധതയാണ് ഇവരുടെ അജണ്ട. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ഔത്സുക്യമല്ല ഇതിന്റെ പിന്നില്‍. ചില നാസ്തികര്‍ പറയുന്നത് തൃപ്തികരമായ മറുപടിയാണെങ്കില്‍ ഇസ്‌ലാം സ്വീകരിക്കാമെന്നാണ്. എന്നാല്‍ ഒരു മറുപടിയും ഇവര്‍ക്ക് തൃപ്തികരമാവില്ലതന്നെ. അതുകൊണ്ട് ഇവരെ വിട്ടേക്കുക.
അബ്ദുല്‍ മാലിക്, മുടിക്കല്‍
Comments