Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

പൗരത്വ വ്യവസ്ഥകള്‍ ഉദാരമാക്കി തുര്‍ക്കി

അബൂസ്വാലിഹ

പൗരത്വ വ്യവസ്ഥകള്‍ ഉദാരമാക്കി 2017-ല്‍ തുര്‍ക്കി ഒരു നിയമം കൊണ്ടുവന്നു. തുര്‍ക്കിയില്‍ മുതല്‍മുടക്കാന്‍ തയാറുള്ള സംരംഭകര്‍ക്ക് പൗരത്വം നല്‍കാം എന്നതായിരുന്നു അതിലെ പ്രധാന വാഗ്ദാനം. അറബ് ലോകത്ത് അത് വളരെയേറെ ചര്‍ച്ചയായത് സ്വാഭാവികം. സ്വന്തം രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങള്‍ കൊണ്ട് പൊറുതിമുട്ടി നാടു വിടാനൊരുങ്ങി നില്‍ക്കുന്ന ലക്ഷങ്ങള്‍ ഒരു ഭാഗത്ത്. അവരില്‍ ദരിദ്രര്‍ മാത്രമല്ല, ധനികരുമുണ്ട്. മേഖലയിലെ സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ അപ്രീതിക്കിരയായി വഴിമുട്ടിപ്പോയ പ്രഗത്ഭരുടെ നിര മറുഭാഗത്ത്. അവര്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് അറബ് വംശജര്‍ തുര്‍ക്കിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് പൗരത്വം നേടിയിട്ടുണ്ടെന്നാണ് പ്രമുഖ തുര്‍ക്കി അഭിഭാഷകനും ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റി നിയമ വിഭാഗം പ്രഫസറുമായ ദനിസ് ബരാന്‍ 
(denizbaran@istan bul.edu.tr) തന്റെ അല്‍ജസീറ നെറ്റ് കോളത്തില്‍ എഴുതുന്നത്.
പക്ഷേ കോളത്തിലെ പ്രധാന വിഷയം അതല്ല. തുര്‍ക്കിയില്‍ ഒരു നിശ്ചിത കാലം തുടര്‍ച്ചയായി താമസിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷ നല്‍കാം എന്നാണ് അതില്‍ ഊന്നിപ്പറയുന്ന കാര്യം. രാഷ്ട്രീയ അഭയാര്‍ഥികളായി കഴിയുന്ന - അവരില്‍ ബഹുഭൂരിഭാഗവും അറബ് ലോകത്തു നിന്നുള്ളവര്‍ - പതിനായിരക്കണക്കിന് മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഇത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അഞ്ച് വര്‍ഷമെങ്കിലും തുര്‍ക്കിയിലെ സ്ഥിരതാമസക്കാരനാകണമെന്നാണ് പ്രധാന വ്യവസ്ഥ. ബാക്കി വ്യവസ്ഥകള്‍ പൗരത്വ നിയമത്തിന്റെ പതിനൊന്നാം ഖണ്ഡികയില്‍ എണ്ണിപ്പറയുന്നുണ്ട്. നല്ല സ്വഭാവത്തിന് ഉടമയാവുക, ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടാതിരിക്കുക, തുര്‍ക്കി ഭാഷ വശമായിരിക്കുക (ഇതില്‍ വേണ്ട ഇളവുകള്‍ വരുത്താന്‍ അധികൃതര്‍ക്ക് കഴിയും), സ്വന്തത്തിനും കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള തൊഴില്‍ ഉണ്ടായിരിക്കുക, രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുക, പൊതു ആരോഗ്യ സംവിധാനത്തിന് ഭീഷണിയാകുന്ന മാരക രോഗങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് മറ്റു വ്യവസ്ഥകള്‍. നിയമപരമായ പല നൂലാമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ അതൊക്കെ ശരിപ്പെടുത്തി ഈ പൊതു അപേക്ഷ സമര്‍പ്പിക്കാന്‍ ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും കോളമിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. 

*************************************************************************************

 

ഇസ്‌ലാമോഫോബിയക്ക് മറുമരുന്നായി വിക്ടര്‍ ഹ്യൂഗോവിന്റെ 'ദേവദാരു'

വിക്ടര്‍ ഹ്യൂഗോ എന്ന നോവലിസ്റ്റിനെയാണ് നമുക്ക് ഏറെ പരിചിതം. പാശ്ചാത്യ ലോകത്ത് കവി എന്ന നിലക്കും അദ്ദേഹം പ്രശസ്തനാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഒട്ടും അറിയപ്പെടാത്ത, സമ്പൂര്‍ണ കൃതികളില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു കവിതയെക്കുറിച്ചാണ് ഈ കുറിപ്പ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഈ കവി പലതരം മാനസികാവസ്ഥകളിലൂടെയാണ് കടന്നുപോന്നിട്ടുള്ളത്. 1853 മുതല്‍ 1856 വരെയുള്ള ഘട്ടം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ആധ്യാത്മികതയുടേതും മിസ്റ്റിസിസത്തിന്റേതുമായിരുന്നു. ഈ ഘട്ടത്തിലാണ് അദ്ദേഹം തന്റെ 'നൂറ്റാണ്ടുകളുടെ ഇതിഹാസം' (La Legende des siecles)  എന്ന കാവ്യ സമാഹാരം പുറത്തിറക്കുന്നത്. ഇസ്‌ലാമിന്റെ ആധ്യാത്മികതയാണ് ഈ ഘട്ടത്തില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചത്. അതിലൊരു കവിതയുടെ പേര് 'ഹിജ്‌റ ഒമ്പതാം വര്‍ഷം' (L'An neuf I' Hegire)  എന്നാണ്. പ്രവാചകന്റെ ജീവിതവും സന്ദേശവുമൊക്കെയാണ് പ്രമേയം. ഇസ്‌ലാമിക വിഷയങ്ങളില്‍ കാണിക്കുന്ന വര്‍ധിച്ച താല്‍പ്പര്യം കാരണം ജീവിതാന്ത്യത്തില്‍ അദ്ദേഹം ആ ദര്‍ശനത്തെ പുല്‍കിയോ എന്നു വരെ സംശയം ഉയര്‍ന്നിരുന്നതായി ലൂയിസ് ബ്ലിന്‍ എഴുതിയ ലേഖനത്തില്‍ (A Little Known Poem by Victor Hugo as an Antidote to Islamophobia)  പറയുന്നു.
മേല്‍ക്കൊടുത്ത ലേഖനശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, ഇസ്‌ലാംപേടി പരത്താന്‍ ഫ്രാന്‍സിലെ ഭരണാധികാരികളും സാംസ്‌കാരിക ബുദ്ധിജീവികളുമൊക്കെ ഒരു അനിഷ്ട സംഭവത്തെ മറയാക്കി ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെതിരെ സിംബോളിക് കവിത രചിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു ഹ്യൂഗോ. കമ്യൂണിസ്റ്റുകാരെന്നോ തീവ്രവലതു പക്ഷമെന്നോ ഭേദമില്ലാതെ ഫ്രാന്‍സില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതാണല്ലോ. ഹ്യൂഗോ എഴുതിയ ആ കവിതയുടെ പേര് 'ദേവദാരു' (Le Cedre) എന്നായിരുന്നു. ഇനി കവിത എഴുതാനുള്ള പശ്ചാത്തലം. 1858 ജൂണ്‍ 15-ന് ജിദ്ദയിലെ ഫ്രഞ്ച് - ബ്രിട്ടീഷ് കൗണ്‍സലര്‍മാര്‍ ഉള്‍പ്പെടെ 23 യൂറോപ്യന്‍ വംശജര്‍ വധിക്കപ്പെടുന്നു. മേഖലയിലെ സമ്പത്തില്‍ കണ്ണ് വെച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന നീക്കങ്ങളില്‍ രോഷാകുലരായ തദ്ദേശീയര്‍ നടത്തിയ കലാപത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അക്കാലത്ത് ജിദ്ദ ഉസ്മാനി ഭരണത്തിനു കീഴിലായിരുന്നെങ്കിലും അവര്‍ക്ക് കലാപത്തില്‍ പങ്കൊന്നുമുണ്ടായിരുന്നില്ല. മതകീയ ചിഹ്നങ്ങളൊന്നും കലാപകാരികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നുമില്ല. കലാപത്തില്‍നിന്ന് രക്ഷപ്പെട്ട പലരും മുസ്‌ലിംകളാണ് തങ്ങളെ രക്ഷിച്ചത് എന്നും പറഞ്ഞിട്ടുണ്ട്. ഈ സാക്ഷ്യങ്ങളൊക്കെ ഉണ്ടായിട്ടും 'ക്രൈസ്തവതയുടെ ശത്രുക്കളായ മതഭ്രാന്തന്മാര്‍'ക്കെതിരെ ഉറഞ്ഞു തുള്ളുകയായിരുന്ന ഫ്രഞ്ച് മീഡിയ. സംഭവം നടന്ന വര്‍ഷം ഒക്‌ടോബര്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലാണ് ഹ്യൂഗോ ഈ പ്രതീകാത്മക കവിത രചിക്കുന്നത്. മാനവികതയുടെ ഐക്യം ഉദ്‌ഘോഷിക്കുന്ന കവിത. ചെങ്കടല്‍ തീരത്തെ ജിദ്ദ നഗരത്തിലൂടെ തന്റെ സന്തത സഹചാരിയായ വടിയുമായി ഉമറു ബ്‌നുല്‍ ഖത്ത്വാബ് നടന്നു നീങ്ങുന്നത് ചിത്രീകരിച്ചുകൊണ്ടാണ് തുടക്കം. കൂട്ടക്കൊല നടന്നത് ജിദ്ദയിലായതുകൊണ്ടല്ല കവിതയില്‍ ആ നഗരം കടന്നുവരുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ആ നഗരം ആദിമാതാവ് ഹവ്വയിലേക്ക് ചേര്‍ത്താണല്ലോ പറഞ്ഞിട്ടുള്ളത്. ഏക മാനവികതക്ക് കളമൊരുക്കാന്‍ അതിനേക്കാള്‍ അനുയോജ്യമായ മറ്റേത് നഗരമുണ്ട്!
ഉമര്‍ നടന്നു ചെല്ലുമ്പോള്‍ ചുറ്റും തണല്‍ വിരിച്ച് ഒരു പ്രാചീന ദേവദാരു വൃക്ഷം പാറക്കെട്ടുകളില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. ഗ്രീക്ക് ദ്വീപായ പാറ്റ്‌മോസില്‍ പുണ്യപുരുഷനായ സെയിന്റ് ജോണ്‍ തണലേകാന്‍ വൃക്ഷങ്ങളൊന്നുമില്ലാതെ വെയിലത്ത് കിടക്കുകയല്ലേ, നിനക്ക് അവിടെ പോയി അദ്ദേഹത്തിന് തണല്‍ വിരിച്ചു കൊടുത്തുകൂടേ എന്ന് ഉമര്‍ ദേവദാരുവിനോട് ചോദിക്കുന്നു. ആജ്ഞ കിട്ടേണ്ട താമസം, ദേവദാരു സ്വയം പിഴുതുമാറ്റുകയും ഒരു പക്ഷിയുടെ രൂപമെടുത്ത് കടലിന് കുറുകെ പറന്ന് പാറ്റ്‌മോസ് ദ്വീപില്‍ പൊരിവെയിലത്ത് കിടക്കുന്ന സെയിന്റ് ജോണിന് മീതെ തണല്‍ വിരിക്കുകയും ചെയ്തു.
ചില വരികള്‍:
ശൈഖ് ഉമറിന്റെ കൈ ചക്രവാളത്തിലേക്ക് നീണ്ടു
ഇരപിടിയന്‍ കഴുകന്മാര്‍ വസിക്കുന്ന വടക്കിലേക്ക്,
ഏജിയന്‍ കടലില്‍ കാതങ്ങള്‍ കാതങ്ങള്‍ക്കപ്പുറമുള്ള
പാറ്റ്‌മോസില്‍ ജോണ്‍ ഉറങ്ങുന്നത് കണ്ടില്ലേ
എന്ന് ഉമറിന്റെ വിരലുകള്‍ ദേവദാരുവിന് വഴികാണിച്ചു.
'ദേവദാരൂ, പോകൂ, ആ മനഷ്യനെ
തണല്‍ കൊണ്ട് പൊതിയൂ.'

ദേവദാരു മേഘാവൃതമായ ഇരുളിലേക്ക് ഊളിയിട്ടു
ആഴങ്ങളിലെ കറുത്ത ശത്രു തിരമാലകളെ മറികടന്ന്
ജോണ്‍ ഉറങ്ങുന്ന പാറ്റ്‌മോസില്‍ വന്നിറങ്ങി
ഉറക്കം ഞെട്ടിയ ജോണ്‍ മരത്തെ കണ്ടു,
പ്രവാചകനെയും.
തലക്ക് മീതെ തണല്‍ കണ്ട് വളരെ പ്രശാന്തനായി
ജോണ്‍ ചോദിച്ചു:
'മരമേ, നീ ഇവിടെ എന്തു ചെയ്യുന്നു?
ദേവദാരു സ്വപ്‌നം പോലെ വളരുവാനുള്ളതല്ലല്ലോ.
ഒരു നാഴികനേരം കൊണ്ട് നിര്‍മിച്ചത്
നിമിഷം കൊണ്ട് തകര്‍ന്നുവീഴും.'
ദേവദാരു പറഞ്ഞു:
'ജോണ്‍, നീ എന്തിന് എന്നെ കുറ്റപ്പെടുത്തുന്നു?
ഞാനിവിടെ വന്നിട്ടുണ്ടെങ്കില്‍ അത് ഒരാളുടെ
ആജ്ഞയാലാണ്.'
'എല്ലാവരും അനുസരിക്കുന്ന ഒരാളോ?
ആരാണയാള്‍?' ജോണ്‍ ചോദിച്ചു.
ദേവദാരു വാചാലയായി:
'ഉമര്‍. പ്രവാചകന്റെ ഉത്തരാധികാരി.
എത്രയെത്ര വര്‍ഷങ്ങളായി ഞാന്‍
ജിദ്ദയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്,
വര്‍ഷങ്ങളുടെ എണ്ണം പിടി തരുന്നില്ല.
അദ്ദേഹം പറഞ്ഞു; പോയി ജോണിന് തണലിട്ടു കൊടുക്കൂ.'
ജോണ്‍, ജീവജാലങ്ങളില്‍ ദൈവം മറന്നുപോയവന്‍,
തെക്കോട്ട് തിരിഞ്ഞ്
ഒന്നും മുളക്കാത്ത തന്റെ ദ്വീപിന്റെ കരയിലിരുന്ന്
കാറ്റുകളോട് ഒച്ചയിട്ടു:
'ഓ, പുതു കൂറ്റുകാരേ,
പ്രകൃതിയെ അതിന്റെ വഴിക്കു വിടൂ.' 

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌