Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

ഭാരങ്ങളൊക്കെ സാധാരണക്കാരന്റെ തലയില്‍ തന്നെ 

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ 2021-'22 കാലത്തേക്കുള്ള ബജറ്റ് അവതരണം തുടങ്ങിയത് തന്നെ, ഇത് 'നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ബജറ്റ്' എന്ന വിശേഷണത്തോടെയാണ്. ഒരു വര്‍ഷത്തിലധികമായി ലോകവും രാജ്യവും ഒരു മഹാമാരി വിതച്ച കെടുതികളുടെ അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ അസാധാരണ ബജറ്റ് തന്നെയാണല്ലോ അവതരിപ്പിക്കേണ്ടത്. മഹാമാരിയുടെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ തുടങ്ങിയ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമാവുന്ന വിധത്തിലാവും ആ ബജറ്റെന്നും പലരും പ്രതീക്ഷിച്ചു. ബജറ്റവതരണം കഴിഞ്ഞപ്പോഴോ, ഒരു അസാധാരണത്വവുമില്ല. എല്ലാം പഴയതുപോലെ തന്നെ. വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും വാരി വിതറുന്ന മുന്‍ ബജറ്റുകളുടെ വിരസമായ ആവര്‍ത്തനം മാത്രം. ഇന്ത്യന്‍ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന അതിഗുരുതരമായ പ്രതിസന്ധികളെ മൂടിവെക്കാനും കേന്ദ്ര ധനകാര്യ മന്ത്രി ശ്രമിക്കുന്നു. സാധാരണ ഏത് ബജറ്റവതരണത്തിന്റെ തുടക്കത്തിലും ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്, നാണ്യപ്പെരുപ്പം, വ്യാപാര വിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് അവതരണത്തിലേക്ക് കടക്കുക. ഇത്തവണ അത് ഉണ്ടായില്ല. ഈ തിരിച്ചടിക്ക് കാരണം മഹാമാരി മാത്രമായിരുന്നെങ്കില്‍ ആ കണക്കുകള്‍ മറച്ചുവെക്കേണ്ട കാര്യമില്ല. ആ തിരിച്ചടി എല്ലാ രാഷ്ട്രങ്ങളിലും ഉണ്ടായിട്ടുണ്ടല്ലോ. പക്ഷേ നമ്മുടെ രാജ്യത്തെ സാമ്പത്തിക തിരിച്ചടി മറ്റു രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതീവ ഗുരുതരമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് അതിനു കാരണമെന്നും വ്യക്തം. അതിനാലാണ് പ്രാഥമിക വിവരങ്ങള്‍ പോലും മറച്ചുവെച്ച് തെറ്റായ ചിത്രം നല്‍കുന്നത്.
നികുതി സമ്പ്രദായം ലഘൂകരിക്കും പോലുള്ള സ്വാഗതാര്‍ഹമായ ചില നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടെങ്കിലും, ഇന്ത്യയിലെ സാധാരണ പൗരനും അവന്റെ വേവലാതികളും തങ്ങളുടെ വിഷയമേ അല്ല എന്ന സന്ദേശമാണ് അത് മൊത്തത്തില്‍ നല്‍കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാവങ്ങള്‍ക്കുള്ള പ്രത്യേക സഹായ പാക്കേജുകളൊന്നും തന്നെയില്ല. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (SMEs) ഒക്കെ നടുവൊടിഞ്ഞ് കിടക്കുകയാണ്. അവയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നടപടിയുമില്ല. സാമൂഹിക മേഖലകളില്‍ ഫണ്ട് വിനിയോഗിക്കുന്നത് കുറച്ചു കൊണ്ടു വരുന്ന പ്രവണതക്ക് ഈ കൊറോണാ കാലത്തും കേന്ദ്ര ഗവണ്‍മെന്റ് മാറ്റം വരുത്തിയിട്ടില്ല. പൊതുജനാരോഗ്യ മേഖലയില്‍ വലിയ തുക വകയിരുത്തിയിട്ടുണ്ടെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയിരുന്നല്ലോ കോവിഡ് മഹാമാരി. ആ പോരായ്മകള്‍ കുറച്ചെങ്കിലും പരിഹരിക്കാന്‍ കൂടുതല്‍ അനുവദിച്ച തുക സഹായകമാവുമെങ്കില്‍ നല്ലതു തന്നെ. അപ്പോഴും ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന ഈ 'വന്‍' തുക നമ്മുടെ ജി.ഡി.പിയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമേ വരുന്നുള്ളൂ. മൊത്തം ലോക സാമ്പത്തിക ശക്തികളെ എടുത്താല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിറകിലാണ്. തുക അനുവദിക്കുന്നതില്‍ വെട്ടിക്കുറവ് വരുത്തിയ മറ്റൊരു മേഖല വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ മേഖല വലിയൊരു പ്രതിസന്ധിക്ക് നടുവില്‍ നില്‍ക്കുമ്പോള്‍, വിദ്യാഭ്യസ മേഖലയില്‍ നാം ലോകത്തെ നയിക്കും എന്നൊക്കെ ഭരണാധികാരികള്‍ വീമ്പു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഈ വെട്ടിക്കുറവിനെ എങ്ങനെയാണ് ന്യായീകരിക്കുക?
വലിയ തോതിലുള്ള ധനകാര്യ കമ്മി അടുത്ത തലമുറകള്‍ക്കു മേല്‍ കനത്ത കടബാധ്യതയുണ്ടാക്കും എന്ന് തിരിച്ചറിയാത്തവരല്ല ഭരണാധികാരികള്‍. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ ചെലവഴിക്കും എന്ന പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും അതില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങളുണ്ട്: ഒന്ന്, ചെലവഴിക്കുന്നത് അധികവും കോര്‍പറേറ്റ് മേഖലകളിലാണ്; സോഷ്യല്‍ സെക്ടറുകളിലല്ല. അതിന്റെയൊന്നും ഗുണഭോക്താവ് സാധാരണക്കാരനായിരിക്കില്ല എന്നര്‍ഥം. രണ്ട്, ഇതിനുള്ള പണം കണ്ടെത്തുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചും പലിശക്ക് കടം വാങ്ങിയുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയിലൂടെ കണ്ടെത്തുമെന്ന് പറഞ്ഞ തുക ഒന്നര ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ അത് മുപ്പത്തിരണ്ടായിരം കോടി മാത്രമായിരുന്നു. കോര്‍പറേറ്റ് നികുതിയിലും വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. യഥാര്‍ഥത്തില്‍ മഹാമാരി പല നിലക്ക് കോര്‍പറേറ്റുകളുടെ നില മെച്ചപ്പെടുത്തുകയാണ് ചെയ്തത്. ഇടത്തരക്കാരാണ് തകര്‍ന്നു പോയത്. അതിനാല്‍ ഈ ഘട്ടത്തില്‍ കുറച്ചൊക്കെ ത്യാഗമനോഭാവം കാണിക്കേണ്ടിയിരുന്ന കോര്‍പറേറ്റുകളോട് അത് ആവശ്യപ്പെടാതെ വീണ്ടും അവര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് ന്യായീകരിക്കാനാവില്ല. ഇങ്ങനെ ഓരോന്നും വിശകലനം ചെയ്താല്‍ എന്തിന്റെയും അധികഭാരം വീഴുന്നത് സാധാരണക്കാരന്റെ തലയില്‍ തന്നെയായിരിക്കും.

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌