Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 12

3189

1442 ജമാദുല്‍ ആഖിര്‍ 30

കണ്ടുപിടിത്തങ്ങളുടെ കടലും കരയും താണ്ടി സൂഫിയുടെ സഞ്ചാരവഴികള്‍

അലി മണിക്ഫാന്‍ / സദ്‌റുദ്ദീന്‍ വാഴക്കാട്

'നിങ്ങളുടെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതാണ്?' പ്രമുഖ സമുദ്ര ജീവശാസ്ത്രജ്ഞന്‍ ഡോ. എസ്. ജോണ്‍സിനോട് പത്രക്കാരുടെ ചോദ്യം. 'ആ പര്‍ണശാലയില്‍ ജീവിക്കുന്ന മനുഷ്യനെ അറിയുമോ? അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ കണ്ടുപിടിത്തം. അതാണ് ലക്ഷദ്വീപില്‍ നിന്ന് എനിക്കു കിട്ടിയ വലിയ സ്വത്ത്.' 1987-ലാണ് സംഭവം. സര്‍വീസില്‍നിന്ന് വിരമിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം മണ്ഡപം മറൈന്‍ ഫിഷറീസില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ ചോദ്യവും ഉത്തരവും. മറുപടി കേട്ട പത്രക്കാര്‍ കടല്‍ക്കരയിലെ ആ കുടിലിലേക്ക് ചെന്നു. അവിടെ ഏകാന്തതയില്‍, മനനത്തില്‍ മുഴുകി, ഒരു മനുഷ്യന്‍ ഇരിപ്പുണ്ടായിരുന്നു, മുറാദ് ഗണ്ടവറു അലി മണിക്ഫാന്‍. അതുവരെ മിനിക്കോയ് ദ്വീപ് ചിപ്പിക്കുള്ളില്‍ ഒളിച്ചു വെച്ച ആ മുത്ത് ആദ്യമായി പുറം ലോകത്തെത്തിയത് അങ്ങനെയാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് ശേഷം, കടല്‍ തീരത്ത് വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ സ്വന്തമായി നിര്‍മിച്ച ചെറിയ വീട്ടിലാണ് അന്ന് അലി മണിക്ഫാനും കുടുംബവും താമസിച്ചിരുന്നത്. മനുഷ്യര്‍ സ്വന്തം ഭൂമിയേക്കാള്‍ വലിയ വീടുണ്ടാക്കുന്ന കാലത്ത്, വലിയ കൃഷി ഭൂമിയും ചെറിയ കുടിലുമായി സൂഫീ ജീവിതം നയിച്ച അദ്ദേഹം, ഇപ്പോഴും വാടക വീട്ടിലാണ് താമസം. ആഴക്കടലില്‍ നിന്ന് ആരംഭിച്ച്, ഭൂമിയിലൂടെ സഞ്ചരിച്ച്, ആകാശത്തോളം ചെന്നെത്തിയ ഗവേഷണ പ്രതിഭയാണ് അലി മണിക്ഫാന്‍. സമുദ്ര ജീവികളെക്കുറിച്ച അന്വേഷണത്തില്‍ നിന്നാണ്  ഗവേഷണങ്ങളുടെ തുടക്കം. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസിലെ ജോലിക്കാലവും എസ്. ജോണ്‍സിന്റെ പിന്തുണയും കൂടുതല്‍ അവസരങ്ങള്‍  തുറന്നുകൊടുത്തു. നാനൂറോളം മത്സ്യ ഇനങ്ങളെ അന്ന് പേര് സഹിതം അദ്ദേഹത്തിന് തിരിച്ചറിയാനായിരുന്നു, പുതുതായി ലഭിച്ച ഒരു മത്സ്യത്തിന് സ്വന്തം പേര് നല്‍കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു; അബൂ ദഫ്ദഫ് മണിക്ഫാനി.
1938 മാര്‍ച്ച് 16-ന് മിനിക്കോയ് ദ്വീപിലാണ് അലി മണിക്ഫാന്റെ ജനനം. പിതാവ് മൂസ മണിക്ഫാന്‍, മാതാവ് ഫാത്വിമ മണിക്ക. ആമീന്‍ എന്ന് സ്ഥാനപ്പേരുള്ള, ദ്വീപിലെ ഭരണാധികാരിയായിരുന്നു മൂസാ മണിക്ഫാന്‍. അദ്ദേഹത്തിന്റെ ക്ലര്‍ക്കായിരുന്ന കണ്ണൂര്‍കാരന്‍ ഹസന്‍കുഞ്ഞില്‍ നിന്ന് അലി ഭാഷയിലും കണക്കിലും പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. അദ്ദേഹത്തോടൊപ്പം കണ്ണൂരില്‍ വന്ന്, യു.പി ക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം നേടി. സ്‌കൂളില്‍ പോകാന്‍ മടുപ്പു തോന്നിയപ്പോള്‍ മൂന്നു വര്‍ഷം നീണ്ട  പഠനം നിര്‍ത്തി, നാട്ടിലേക്ക് തിരിച്ചുപോയി. നീന്തലും മീന്‍പിടിത്തവും നിരീക്ഷണവും വായനയുമായി തുടര്‍ന്നുള്ള ജീവിതം. മിനിക്കോയ് ലൈറ്റ് ഹൗസ് ലൈബ്രറി മണിക്ഫാന്റെ വായനാലോകം വിശാലമാക്കി. പുസ്തകങ്ങളും പ്രകൃതിയും ഒരേ സമയം അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങളായി. ലൈറ്റ് ഹൗസ് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന്, പിന്നീട് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഗവേഷണ കേന്ദ്രത്തില്‍ ജോലി ലഭിച്ചു. അവിടെ വെച്ചാണ് എസ്. ജോണ്‍സിനെ കണ്ടുമുന്നത്. 1980-ല്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു, തമിഴ്‌നാട്ടിലെ വേതാളത്ത് കാര്‍ഷിക ഗവേഷണത്തില്‍ മുഴുകി. സ്വന്തമായ കൃഷി രീതികള്‍ വികസിപ്പിച്ചു. വള്ളിയൂരിലെ ഭൂമിയിലും തന്റേതായ രീതിയില്‍ കൃഷി ചെയ്തു, സ്വയം നിര്‍മിച്ച കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു, സവിശേഷ രൂപത്തില്‍ വീടും, സ്വന്തമായി റഫ്രിജറേറ്ററും ഉണ്ടാക്കി. പ്രത്യേക രീതിയില്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മിച്ചു, അതില്‍ മകനോടൊപ്പം ദല്‍ഹി വരെ യാത്ര ചെയ്തു. ഒമാനില്‍ പോയി പരമ്പരാഗത രീതിയില്‍ കപ്പല്‍ നിര്‍മ്മിച്ചു. ഇതിന് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു. ദീര്‍ഘകാലത്തെ പഠനത്തിനു ശേഷം, ഏകീകൃത ഹിജ്‌റ കലണ്ടര്‍ തയാറാക്കി. ഫ്രഞ്ച് കപ്പലില്‍ നിന്ന് ലഭിച്ച പുസ്തകങ്ങള്‍ വായിക്കാനായി, ഫ്രഞ്ച് പഠിച്ച മണിക്ഫാന്‍ തുടര്‍ന്ന്, പതിനാല് ഭാഷകളില്‍ കഴിവുനേടി. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ നിരവധി പ്രഭാഷണങ്ങള്‍, കുട്ടികളുമൊത്തുള്ള ശാസ്ത്ര ചര്‍ച്ചകള്‍.
സമുദ്ര ഗവേഷകന്‍, ഗോള ശാസ്ത്രജ്ഞന്‍, ബഹുഭാഷാ പണ്ഡിതന്‍, കൃഷി ശാസ്ത്രജ്ഞന്‍, പരിസ്ഥിതി പരിപാലകന്‍, കപ്പല്‍ നിര്‍മാതാവ് തുടങ്ങിയ വിശേഷണങ്ങള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ചേരുന്ന അലി മണിക്ഫാന്‍, ചെറിയ ജീവിതം നയിക്കുന്ന  വലിയ മനുഷ്യനാണ്. അറിവിന്റെ കനമേറുമ്പോള്‍, അഹങ്കാരലേശമില്ലാതെ വിനയാന്വിതനാകുന്ന സാത്വികന്‍. ആഡംബരങ്ങളില്‍ ജീവിക്കാന്‍ അവസരമേറെ ഉണ്ടായിട്ടും, ലാളിത്യം അലങ്കാരമാക്കിയ പ്രതിഭാശാലി. പ്രകൃതിയെ  ചൂഷണം ചെയ്യുന്നവര്‍ക്കിടയില്‍, പരിസ്ഥിതിയുടെ ആത്മീയത തേടി അന്വേഷണങ്ങളില്‍ മുഴുകുന്ന സൂഫി. ആഴമേറിയ ചിന്തകളെ, ആകാശത്തോളമെത്തുന്ന ധ്യാനമാക്കി മാറ്റിയ പരിവ്രാജകന്‍.  ഇങ്ങനെ പല വിശേഷണങ്ങളാകാം ഈ പച്ച മനുഷ്യന്. ഇപ്പോള്‍ പത്മശ്രീ പുരസ്‌കാരവും അലി മണിക്ഫാനെ തേടിയെത്തിയിരിക്കുന്നു. ഒരു മകനും മൂന്ന് പെണ്‍മക്കളും. ഭാര്യ സുബൈദ ബീവി. ഇപ്പോള്‍ കോഴിക്കോട് ഒളവണ്ണയില്‍ താമസിക്കുന്നു. പല സന്ദര്‍ഭങ്ങളില്‍ അലി മണിക്ഫാനുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം പകര്‍ത്തുകയാണ് ഈ അഭിമുഖത്തില്‍.

അറിവ് അന്വേഷണമാണ് അലി മണിക്ഫാനെ സൃഷ്ടിച്ചത്. ഇസ്‌ലാം ലോകത്ത് കടന്നു വന്നതും യശസ്സുയര്‍ത്തിയതും പ്രധാനമായും അറിവിന്റെ അടിത്തറയിലാണല്ലോ. എന്നാല്‍, അറിവ് അന്വേഷണങ്ങളിലും വൈജ്ഞാനിക ഗവേഷണങ്ങളിലും പില്‍ക്കാല മുസ്‌ലിംകളുടെ അവസ്ഥ എന്താണ്? നിലവിലുള്ള മുസ്‌ലിം ലോകത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ താങ്കള്‍ തൃപ്തനാണോ?

അറിവ്, അഥവാ ഇല്‍മ് അതിന്റെ വിശാലമായ അര്‍ഥത്തില്‍ മനസ്സിലാക്കുന്നതിലും അന്വേഷണ, ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്നതിലും പില്‍ക്കാല മുസ്‌ലിംകള്‍ പിന്നാക്കം പോവുകയാണുണ്ടായത്. ആരാധനകള്‍ മാത്രമാണ് ഇസ്‌ലാം എന്ന് തെറ്റിദ്ധരിക്കുകയും അതുമായി ബന്ധപ്പെട്ട നിയമക്രമങ്ങളെക്കുറിച്ച പഠനവും ചര്‍ച്ചയുമാണ് അറിവ് നേടല്‍ അഥവാ, വൈജ്ഞാനിക ഗവേഷണം എന്ന ധാരണ വ്യാപകമാവുകയും ചെയ്തതാണ് മുസ്‌ലിം സമൂഹത്തിന് സംഭവിച്ച അബദ്ധങ്ങളിലൊന്ന്. ആരാധനകള്‍ മഹത്തരമാണ്. നമസ്‌കാരം ഉള്‍പ്പെടെ ആരാധനകള്‍ ചിട്ടയായി നിര്‍വഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, ആരാധനകള്‍ മാര്‍ഗമാണ്, ലക്ഷ്യമല്ല. നമസ്‌കാരവും മറ്റു ആരാധനകളും വാസ്തവത്തില്‍ പരിശീലന മുറകളാണ്, ജീവിതത്തിന്റെ ലക്ഷ്യമല്ല. പക്ഷേ, ആരാധന തന്നെയാണ് ലക്ഷ്യമെന്ന് ധരിച്ചപ്പോള്‍, അതിനപ്പുറം മറ്റൊന്നുമില്ലെന്ന് വിശ്വസിച്ചു പോയി. അങ്ങനെയാണ് മുസ്‌ലിം ലോകം അറിവ് വിട്ടു കളഞ്ഞത്. വിജ്ഞാനത്തിന്റെ എല്ലാ തലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്ലാം പഠിപ്പിച്ച അറിവ്. ഈ അറിവിന്റെ വഴികളിലേക്ക് തിരിച്ചു നടക്കുകയാണ് നാം ചെയ്യേണ്ടത്.  83 വയസ്സിനിടക്ക് ഞാന്‍ ചെയ്യാന്‍ ശ്രമിച്ചതും  അറിവിന്റെ അന്വേഷണമാണ്. അറിവ് നേടുക എന്നതില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നും എനിക്ക് ഇല്ലായിരുന്നു.
ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍, ചിന്തിക്കാന്‍ വിമുഖത കാണിച്ചവരാണ് പില്‍ക്കാല മുസ്‌ലിംകള്‍. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്ന് എത്ര തവണയാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്! അഫലാ തഅ്ഖിലൂന്‍, അഫലാ തതഫക്കറൂന്‍ എന്നിങ്ങനെ എന്തെല്ലാം പ്രയോഗങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നിട്ടും നാം ചിന്തിക്കുന്നില്ലല്ലോ! നാം അധികം ചര്‍ച്ച ചെയ്തത് ആരാധനകളുടെ ഫിഖ്ഹും മറ്റു നിയമങ്ങളുടെ വിശദാംശങ്ങളുമാണ്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് നമുക്ക് സാധിക്കാതെ പോയി. ചിന്ത നശിച്ചപ്പോള്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടാതെയായി.

ഭൗതിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരും കഴിവ് തെളിയിച്ചവരുമായിരുന്നു ഒരു കാലത്ത് മുസ്‌ലിംകള്‍. പക്ഷേ, സമകാലിക മുസ്‌ലിം ലോകത്ത് ആ രംഗം ശൂന്യമായി കിടക്കുന്നു. ശാസ്ത്ര ഗവേഷണ രംഗത്ത് മുസ്‌ലിംകള്‍ക്ക് എന്താണ് സംഭവിച്ചത്? ഈ അപചയത്തിന്റെ കാരണങ്ങള്‍, പ്രതിവിധികള്‍ എന്തൊക്കെയാണ്?

ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷം ലോക ചരിത്രത്തിലുണ്ടായിട്ടുണ്ട്. ചിന്തകള്‍ പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍, അത് മതത്തിനും മതാധ്യക്ഷന്മാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഗലീലിയോയും മറ്റും പീഡനങ്ങള്‍ നേരിടേണ്ടി വന്നത്. പക്ഷേ, മുസ്‌ലിം ലോകത്ത് ധാരാളം ചിന്തകരും ശാസ്ത്രജ്ഞരും ആദ്യകാലത്ത് ഉയര്‍ന്നു വരികയുണ്ടായി. മുസ്‌ലിംകളാണ് ശാസ്ത്രത്തിന് അടിത്തറയിട്ടത്. വാനശാസ്ത്രവും നക്ഷത്രങ്ങളും ഉദാഹരണമായെടുക്കുക. നിരവധി നക്ഷത്രങ്ങള്‍ക്ക് അറബി പേരുകളാണുള്ളത്. അറുപതോളം ഗതിനിര്‍ണായക  നക്ഷത്രങ്ങള്‍ (Navigation Stars)  ഉണ്ട്. അതില്‍ 90 ശതമാനവും അറബി പേരിലാണ് അറിയപ്പെടുന്നത്. അല്‍ ബിറൂനിയും ഇബ്‌നു ഖല്‍ദുനും മുതല്‍ എത്രയോ ചിന്തകരും ശാസ്ത്രജ്ഞരും മുസ്‌ലിം ലോകത്ത് ജീവിച്ചിരുന്നു.
പിന്നീട് മുസ്‌ലിം ലോകത്ത് ചിന്തകന്മാര്‍ ഇല്ലാതായിപ്പോയി. ഇന്നിപ്പോള്‍ ചിന്തകന്‍ എന്ന് പറയാന്‍ ആരാണുള്ളത്? പിന്തുടര്‍ച്ചക്കാരായ (Followers) പണ്ഡിതന്മാരാണ് പില്‍ക്കാലത്ത് ഉണ്ടായത്. മുന്‍ഗാമികളെ ഉദ്ധരിക്കുകയും പിന്തുടരുകയുമാണ് അവര്‍ ചെയ്യുന്നത്. ഡെയ്റ്റ് ലൈനിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ആരും ഒന്നും പറയുന്നില്ലല്ലോ. ഡെയ്റ്റ് മാറുന്ന ഒരു സ്ഥലം വേണമല്ലോ. നമുക്കതുണ്ട്, കഅ്ബ. ഖിബ്‌ല ഇല്ലായിരുന്നെങ്കില്‍ നമുക്കും അത് പറയാനാകുമായിരുന്നില്ല. കിഴക്കോട്ട് മുഖം തിരിക്കുന്നവരും പടിഞ്ഞാറോട്ടു മുഖം തിരിക്കുന്നവരും, രണ്ട് ദിശയിലേക്ക് തിരിയുന്നവര്‍ അവിടെ സന്ധിക്കുന്നുണ്ട്. എതിര്‍ ദിശകളുടെ സംഗമം! ഇതിന്റെ ശാസ്ത്രം മനസ്സിലാക്കണം. അതറിയാത്തതുകൊണ്ടാണ്, ഇത് പുതിയ ആശയമാണെന്ന് പറയുന്നത്. ഭൂമി ശാസ്ത്രം പഠിക്കാത്തവര്‍ക്ക് ഇത് മനസ്സിലാക്കാനോ, അംഗീകരിക്കാനോ കഴിയില്ല. ഇതെങ്ങനെ എന്നാണവര്‍ ചോദിക്കുന്നത്.
മക്കയില്‍ ഖിബ്‌ലയെ അഭിമുഖീകരിക്കുമ്പോള്‍ ഓപ്പോസിറ്റ് സൈഡിലേക്കാണ് പരസ്പരം മുഖം തിരിക്കുന്നത്. ഇങ്ങനെ വരുന്നതിന്റെ അര്‍ഥമെന്താണെന്ന് ചിന്തിച്ചു നോക്കൂ. കടലിലും ഇങ്ങനെയൊരു സ്ഥലം ഉണ്ടാകണം. അത് അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്, ബെറിങ്ങ് സ്‌ട്രെയ്റ്റ് (Bering Strait)  ആണത്. റഷ്യയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന പസഫിക്കിലെ കടലിടുക്ക്. ഇവിടെ അമേരിക്കന്‍ ഭാഗത്തുള്ളവര്‍ ഒരു വശത്തേക്കും റഷ്യന്‍ ഭാഗത്തുള്ളവര്‍ മറുവശത്തേക്കും മുഖം തിരിക്കുന്നു. മുമ്പ് ഇവിടെ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അലാസ്‌കയിലും മറ്റും മുസ്‌ലിംകളുണ്ടല്ലോ.
ഇസ്‌ലാമിന്റെ വൈജ്ഞാനിക പാരമ്പര്യമനുസരിച്ച് മുസ്‌ലിംകളായിരുന്നു കണ്ടുപിടിത്തങ്ങളുടെയെല്ലാം മുന്നില്‍ നില്‍ക്കേണ്ടിയിരുന്നത്. ഒരു കാലത്ത് അങ്ങനെ ആയിരുന്നല്ലോ. ഇന്ന് പക്ഷേ, ശാസ്ത്ര ഗവേഷണങ്ങളിലൊന്നും മുസ്‌ലിംകളെ കാണുന്നില്ല. ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് മതരംഗത്തുള്ളവര്‍ ചിന്തിക്കണം.
ഉദാഹരണമായി ഇന്റര്‍നാഷ്‌നല്‍ ഡെയ്റ്റ് ലൈന്‍. വളരെ പ്രധാനപ്പെട്ട വിഷയമാണിത്. പക്ഷേ, മുസ്‌ലിം ഗ്രന്ഥങ്ങളിലൊന്നും ഇന്റര്‍നാഷ്‌നല്‍ ഡെയ്റ്റ് ലൈന്‍ കാണില്ല. കാരണം, അമേരിക്കയില്ലാത്ത അര്‍ധഗോളത്തിലാണ് പുരാതന മുസ്‌ലിം ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത്. അമേരിക്കയും കൂടി ചേരുമ്പോഴാണ് ഭൂഗോളം മുഴുവനാകുന്നത്. അമേരിക്ക അറിയാതിരുന്ന കാലഘട്ടങ്ങളിലാണ് നമ്മുടെ കിതാബുകള്‍ രചിക്കപ്പെട്ടത്. അപൂര്‍ണമായ ലോകത്തിരുന്ന് നടത്തിയ വൈജ്ഞാനിക ശ്രമങ്ങള്‍ക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ടാകും. ഒരു കാലഘട്ടത്തിനു ശേഷം മുന്നോട്ടു പോകാന്‍ മുസ്‌ലിംകള്‍ക്കായില്ല. ആദ്യകാലത്ത് മുസ്‌ലിംകള്‍ നടത്തിയ കണ്ടെത്തലുകള്‍ക്ക് പില്‍ക്കാലത്ത് തുടര്‍ച്ചകള്‍ ഉണ്ടാകേണ്ടിയിരുന്നു.

ഗവേഷണ രംഗത്ത് ചരിത്രത്തിന്റെ ഒരു തുടര്‍ച്ചയാണല്ലോ താങ്കള്‍ നിര്‍വഹിക്കുന്നത്. കുറേയേറെ  പഠനങ്ങളും അന്വേഷണങ്ങളും കണ്ടുപിടിത്തങ്ങളും താങ്കള്‍ നടത്തുകയുണ്ടായി. എങ്ങനെയാണ് ഗവേഷണത്തിലേക്ക് എത്തുന്നത്? എന്തൊക്കെയാണ് പ്രധാന കണ്ടുപിടിത്തങ്ങള്‍?

അന്വേഷണ മനസ്സ് ഉള്ളതുകൊണ്ട് പലതും അറിയാനും കണ്ടെത്താനും സാധിച്ചിട്ടുണ്ട്. ജീവിതത്തിന്റെ സ്വാഭാവികമായ വഴികളില്‍ സംഭവിക്കുകയായിരുന്നു പലതും. വലിയ വിശേഷണങ്ങള്‍ അവക്കൊക്കെ നല്‍കേണ്ടതുണ്ടോ എന്നറിയില്ല. ദ്വീപില്‍ ജനിച്ചു വളരുമ്പോള്‍ കടലാണ് ഏറ്റവുമടുത്ത കൂട്ടുകാരന്‍. കുട്ടിക്കാലത്തെ കഥപറച്ചിലുകള്‍ കടലിനോടായിരുന്നു. സംശയങ്ങള്‍ ചോദിച്ചതും സമുദ്രത്തോടു തന്നെ. കടല്‍ ജീവികള്‍ എന്നില്‍ ജിജ്ഞാസ വളര്‍ത്തി, അറിയാനുള്ള ആഗ്രഹങ്ങള്‍ സൃഷ്ടിച്ചു. കടല്‍ ജീവികളെ നിരീക്ഷിക്കാന്‍ തുടങ്ങി. മീന്‍ പിടിച്ചത് വില്‍ക്കാനും തിന്നാനും മാത്രമായിരുന്നില്ല, മീനുകളെക്കുറിച്ച് പഠിക്കാന്‍ കൂടിയായിരുന്നു. കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അവസരം ലഭിച്ചു. അറ്റമില്ലാതെ നീണ്ടു പരന്ന് കിടക്കുന്ന മഹാസമുദ്രം എന്റെ പാഠപുസ്‌കമായി. ഇത് സമുദ്രശാസ്ത്ര ഗവേഷണത്തിലേക്ക് വാതില്‍ തുറന്നു.
ദ്വീപില്‍  പുതിയ ബോട്ട് കടലിലിറക്കുന്നതു കണ്ട് വന്ന ഒരു ഫ്രഞ്ച് കപ്പല്‍. അതിലെ ജോലിക്കാരുടെ ഭാഷ എനിക്ക് മനസ്സിലായില്ല. അവര്‍ തന്ന, ഇംഗ്ലീഷ് പോലെയുള്ള ലിപിയില്‍ അച്ചടിച്ച പുസ്തകം വായിക്കാനും സാധിച്ചില്ല. ഫ്രഞ്ച് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. അത് പല വിദേശ ഭാഷകളും പഠിക്കാന്‍ അവസരം തന്നു. തമിഴ്‌നാട്ടിലെ വേതാളത്ത് മരങ്ങള്‍ കാര്യമായി വളരാത്തതെന്ത് എന്ന സംശയമാണ്, അവിടെ പ്രത്യേകമായ കൃഷി രീതി വികസിപ്പിക്കാന്‍ അവസരമൊരുക്കിയത്. വരണ്ട ഭൂമിയെ കൃഷി യോഗ്യമാക്കി, മണ്ണൊലിപ്പ് തടഞ്ഞു, കടല്‍ കാറ്റിനെ പ്രതിരോധിച്ചു. മരങ്ങളുടെ സ്വാഭാവിക വളര്‍ച്ചയായിരുന്നു അവിടെ ഉണ്ടായത്. മണ്ണ് നന്നാവുക മാത്രമല്ല, പക്ഷികളും മറ്റും അവിടേക്ക് ധാരാളമായി വരികയും ചെയ്തു. പ്രത്യേകമായൊരു അന്തരീക്ഷം തന്നെ അവിടെ രൂപപ്പെട്ടു.
എന്റെ വ്യക്തിപരമായ യാത്രകള്‍ക്ക് വേണ്ടിയാണ്, പഴയൊരു സൈക്കിളും മോട്ടോറും ഉപയോഗിച്ച്, 'മോട്ടോര്‍ സൈക്കിള്‍' ഉണ്ടാക്കിയത്. സൈക്കിളിന്റെ മുന്നിലായിരുന്നു മോട്ടോര്‍ ഘടിപ്പിച്ചത്. ഇതിന് പേറ്റന്റും ലഭിക്കുകയുണ്ടായി. ഞാനും മോനും കൂടെ ഇതില്‍ ദല്‍ഹി വരെ യാത്ര ചെയ്തു. നാല്‍പ്പതു ദിവസത്തെ ആ യാത്ര രസകരവും സാഹസികവും അനുഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു. പ്രമുഖ സമുദ്ര സഞ്ചാരിയായ ടിം സര്‍വറിന്റെ ആവശ്യപ്രകാരമാണ് പരമ്പരാഗത രൂപത്തില്‍ കപ്പല്‍ നിര്‍മിച്ചത്. സിന്ദ്ബാദിന്റെ കപ്പല്‍ യാത്രകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം പായക്കപ്പലില്‍ സാഹസിക യാത്രക്ക് ഒരുങ്ങിയത്. എസ്. ജോണ്‍സ് വഴി സര്‍വര്‍ എന്റെ അടുത്തെത്തി. ഒമാനിലെ സൂറിലായിരുന്നു, 1981-ല്‍  കപ്പലിന്റെ നിര്‍മാണം. ദ്വീപുകാരുടെ പാരമ്പര്യ രീതിയില്‍, അയനി മരവും കയറും മാത്രം ഉപയോഗിച്ചുള്ള കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുത്തു. ടിം സര്‍വറും സംഘവും ഈ കപ്പലില്‍, ഒമാനില്‍ നിന്ന് ചൈനയിലേക്ക്, 9500 കിലോമീറ്റര്‍ യാത്ര ചെയ്തു. സിന്ദ്ബാദിന്റെ കപ്പലിന്റെ പേരു തന്നെയാണ് ഇതിന് നല്‍കിയത്; സൊഹാര്‍! ഈ കപ്പല്‍ ഇപ്പോഴും ഒമാനില്‍ സൂക്ഷിച്ചിട്ടുണ്ട്.

സമുദ്രവും ആകാശവും താങ്കളുടെ ഗവേഷണത്തില്‍ സന്ധിക്കുന്നു. ഇവ തമ്മിലുള്ള ഇഴയടുപ്പം, പാരസ്പര്യം എങ്ങനെയാണ് അനുഭവപ്പെടുന്നത്?

കടല്‍ യാത്രകള്‍, സമുദ്ര പഠനത്തിനു മാത്രമുള്ളതല്ല, വാന നിരീക്ഷണത്തിനും കൂടിയുള്ളതാണ്. കടലില്‍ നിന്നാണ് ആകാശം തെളിമയോടെ കാണാന്‍ കഴിയുക. അന്തരീക്ഷത്തില്‍ നിറയുന്ന പൊടിപടലങ്ങള്‍ കാരണം, കരയില്‍ നിന്നുള്ള ആകാശക്കാഴ്ചക്ക് പരിമിതികളുണ്ടാകും. കരയില്‍ പൊടിപടലങ്ങള്‍ക്കു പുറമെ, പ്രകാശ മലിനീകരണവും (Light Pollution) ഉണ്ടാകും. രാത്രിയെ പകലാക്കുന്ന ലൈറ്റുകളാണല്ലോ ഇന്നുള്ളത്. ഇത് ആകാശക്കാഴ്ച തടയും. കപ്പലില്‍ യാത്ര ചെയ്യുമ്പോഴും അതിലെ ലൈറ്റുകള്‍ കാരണം ഈ പ്രയാസമുണ്ടാകാറുണ്ട്. അതുകൊണ്ട് പലപ്പോഴും വലിയ നക്ഷത്രങ്ങള്‍ മാത്രമേ കാണുകയുള്ളൂ, ചെറുത് കാണില്ല. യഥാര്‍ഥത്തില്‍, അവ ചെറുതല്ല, ദൂരം കൂടുതലുള്ളതുകൊണ്ട് ചെറുതായി തോന്നുന്നതാണ്.
1950-കള്‍ മുതല്‍, മിനിക്കോയില്‍ നിന്ന് കണ്ണൂരിലേക്ക് പായക്കപ്പലില്‍ കടല്‍യാത്ര തുടങ്ങിയതാണ്. പത്തോ പതിനഞ്ചോ ദിവസമൊക്കെ നീളുന്ന ആ യാത്രകളില്‍ തെളിഞ്ഞ ആകാശം കാണാമായിരുന്നു. ആ കുട്ടിക്കാലത്തു പക്ഷേ, ഗവേഷണ സ്വഭാവമുള്ള വാനനീരീക്ഷണമൊന്നും വശമുണ്ടായിരുന്നില്ല. ആദ്യമായി ഒമാനില്‍ പോയപ്പോഴാണ് ആകാശക്കാഴ്ചകള്‍ എന്നെ അത്ഭുതപ്പെടുത്തിയത്. ലക്ഷദ്വീപിലോ തമിഴ്‌നാട്ടിലോ കാണാന്‍ കഴിയാത്ത രീതിയിലായിരുന്നു അന്ന് ആകാശം കണ്ടത്. എന്തൊരു തെളിച്ചവും ഭംഗിയുമായിരുന്നു! 'വലഖദ് സയ്യന്നസ്സമാഅദ്ദുന്‍യാ ബി മസ്വാബീഹ....'  (സമീപവാനത്തെ നാം ഗംഭീരമായ ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു) എന്ന ഖുര്‍ആന്‍ വചനം അപ്പോഴെനിക്ക് ഓര്‍മ വരികയുണ്ടായി. പിന്നീട് അവിടെയും അവസ്ഥകള്‍ മാറി.

അറിവ്, ചിന്ത, ഗവേഷണം, കണ്ടുപിടിത്തങ്ങള്‍ ജീവിത വ്രതമാക്കിയ താങ്കള്‍, സാമ്പ്രദായിക വിദ്യാഭ്യാസ രംഗത്തു നിന്ന് വഴിമാറി നടക്കുകയായിരുന്നു. നടപ്പ് വിദ്യാഭ്യാസ രീതിയെ നിരാകരിച്ചതുകൊണ്ടാണല്ലോ, താങ്കളിലെ ഗവേഷക പ്രതിഭ വളര്‍ന്നത്?

സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവ് ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട്. ആ ബുദ്ധിശക്തി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. അതിന് ഉതകുന്നതാകണം വിദ്യാഭ്യാസം. അന്വേഷകരാകണം വിദ്യാര്‍ഥികള്‍. ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ ശീലിക്കണം. ഉത്തരങ്ങള്‍ അവര്‍ സ്വയം കണ്ടെത്തണം. സ്വതന്ത്രമായി ചിന്തിക്കാനും അവര്‍ക്ക് കഴിയണം, അതിനുള്ള അവസരമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസക്രമം, ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പഠിപ്പിക്കുകയാണ്. പിന്നെ എങ്ങനെയാണ് അന്വേഷണവും ചിന്താ ശേഷിയും വളരുക! ഇതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ന്യൂനത. ഓരോ കുട്ടിയും ഓരോ തരം കഴിവുകള്‍ ഉള്ളവരായിരിക്കുമല്ലോ. അവരവരുടെ കഴിവിനനുസരിച്ചല്ലേ, ഓരോരുത്തരും പഠിക്കേണ്ടത്. നന്മകളും മൂല്യങ്ങളും നമ്മുടെ പാഠ്യപദ്ധതിയുടെ ഊന്നലല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. കുട്ടികളെ നല്ല മനുഷ്യരാക്കി വളര്‍ത്തുന്ന മൂല്യവല്‍ക്കരണം വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ടതുണ്ട്.
എന്റെ കുട്ടിക്കാലത്തെ വിദ്യാഭ്യാസ രീതിയില്‍ ഇതൊന്നും കാണാതിരുന്നപ്പോഴാണ്, മടുപ്പോടെ ഞാന്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയത്. എനിക്ക് നാല് മക്കളുണ്ട്, അവരെ ആരെയും സാമ്പ്രദായിക സ്‌കൂളുകളില്‍ അയച്ച് പഠിപ്പിച്ചിട്ടില്ല. മകന്‍  നേവിയിലാണ്, പെണ്‍മക്കള്‍ അധ്യാപികമാരും. മൂത്ത മകള്‍ ഫാത്വിമ മണിക്ക, തിരുവിതാംകോട് ഇസ്‌ലാമിക് മോഡല്‍ മെട്രിക് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പലാണ്. മകന്‍ മൂസാ മണിക്ഫാന്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്നു. മൂന്നാമത്തേത് മകള്‍ ആഇശ മണിക്ക അധ്യാപികയായിരുന്നു, ഇപ്പോള്‍ കാര്‍ഷിക രംഗത്താണ്. നാലാമത്തെയാള്‍ ആമിന മണിക്ക അധ്യാപികയാണ്, സ്വന്തമായി സ്‌കൂള്‍ നടത്തിയിരുന്നു. സാമ്പ്രദായിക സ്‌കൂളുകളില്‍ പോകാത്തതുകൊണ്ട് ഇവരാരും ജീവിതത്തില്‍ തോറ്റു പോയിട്ടില്ല. സ്വയം പഠിക്കാനുള്ള മനുഷ്യന്റെ നൈസര്‍ഗിക വാസനക്ക് വളരാന്‍ അവസരം നല്‍കിയാല്‍ മാത്രം മതി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചാന്ദ്രമാസ കലണ്ടറിന്റെ വലിയ പ്രചാരകനാണ് താങ്കള്‍. എന്താണ് ചാന്ദ്രമാസ/ ഹിജ്‌റ കലണ്ടറിന്റെ പ്രസക്തി? മുസ്‌ലിം ലോകം, പണ്ഡിതന്മാര്‍ അത് നടപ്പിലാക്കാന്‍ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണ്? ശാസ്ത്രലോകം അതിനെ എത്രത്തോളം അംഗീകരിച്ചിട്ടുണ്ട്?

ഒരിക്കല്‍ കേരളത്തില്‍ പെരുന്നാള്‍ ആഘോഷിച്ച്, അടുത്ത ദിവസം ഞാന്‍ ദ്വീപിലേക്ക് പോവുകയായിരുന്നു, ഇന്നത്തെ പോലെ ഫോണ്‍ സൗകര്യങ്ങള്‍ ഇല്ലാത്ത സന്ദര്‍ഭമാണ്. ദ്വീപിലെത്തിയപ്പോള്‍, അന്നാണ് അവിടെ പെരുന്നാള്‍. രണ്ടാം ദിവസം മിനിക്കോയിലേക്ക് പോയപ്പോള്‍, അന്ന് അവിടെ പെരുന്നാള്‍ ആഘോഷിക്കുന്നു! പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ അവിടെ ചില പ്രശ്‌നങ്ങളും ഉണ്ടായി. 1960-കളിലാണ് ഇത്. മൂന്ന് സ്ഥലങ്ങളില്‍, പെരുന്നാള്‍ മൂന്നു ദിവസങ്ങളിലാകുന്നത് എങ്ങനെ? ഇതെന്നെ ചിന്തിപ്പിച്ചു, അസ്വസ്ഥനാക്കി. ഞാന്‍ വിഷയം പഠിക്കാനാരംഭിച്ചു, വര്‍ഷങ്ങള്‍ തന്നെ അതിനായി ചെലവഴിച്ചു. അങ്ങനെയാണ് ഏകീകൃത ഹിജ്‌റ കലണ്ടര്‍ രൂപപ്പെടുത്തുന്നത്. ഈ ആശയവുമായി മുസ്‌ലിം പണ്ഡിതന്മാരെയും സംഘടനകളെയും സമീപിച്ചു. റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ മുമ്പിലും വിഷയം അവതരിപ്പിച്ചു. കുറച്ചു പേര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി, അവര്‍ അത് ഏറ്റെടുത്തു. ചിലര്‍ക്ക് ഇത് മനസ്സിലായില്ല. ചിലര്‍ക്ക് കുറേയൊക്കെ ബോധ്യപ്പെട്ടെങ്കിലും പ്രയോഗ തലത്തില്‍ മുന്നോട്ടു പോകാനാകുന്നില്ല. മറ്റു ചിലര്‍ തെറ്റിദ്ധാരണകളിലാണ്. എനിക്ക് ആരോടും  വെറുപ്പോ അമര്‍ഷമോ ഇല്ല. എല്ലാവരോടും സൗഹ്യദത്തില്‍ കഴിയണമെന്നാണ് ആഗ്രഹം.
കലണ്ടറില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആഗോള ഏകീകരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. തുര്‍ക്കിയില്‍ ഇതു സംബന്ധിച്ച് ഒരു അന്തര്‍ദേശീയ സമ്മേളനം നടന്നിരുന്നു. എനിക്കതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഡോ. യൂസുഫുല്‍ ഖറദാവിക്കൊക്കെ ഇതു സംബന്ധിച്ച് അറിയാം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ നേരിട്ട് കണ്ട് ചര്‍ച്ച ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഈ വിഷയം ഗൗരവത്തില്‍ പഠിക്കണം, തുറന്ന ചര്‍ച്ചക്ക് വെക്കണം എന്നാണ് എനിക്ക് പണ്ഡിതന്മാരോട് പറയാനുള്ളത്. 
ചാന്ദ്രമാസ തീയതിയില്‍ മാറ്റമുണ്ടാകും എന്നാണ് പലരും കരുതുന്നത്. അതെങ്ങനെ സംഭവിക്കും? പലര്‍ക്കും പല കാഴ്ചകള്‍ ഉണ്ടാകുന്നതെങ്ങനെ? ചന്ദ്രപ്പിറ കാണണം എന്ന അഭിപ്രായം, അംഗീകരിച്ചു കൊണ്ടുതന്നെ  ചിന്തിച്ചു നോക്കുക. ഒരിടത്ത് ചന്ദ്രപ്പിറ കണ്ടാല്‍, മറ്റുള്ളവരും അത് അംഗീകരിക്കേണ്ടതല്ലേ? 'നിങ്ങളില്‍ രണ്ട് പേര്‍ സാക്ഷ്യം വഹിച്ചാല്‍, നിങ്ങള്‍ നേമ്പെടുക്കുകയും നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക' എന്ന് നബി പറഞ്ഞിട്ടുണ്ടല്ലോ. 'ചന്ദ്രപ്പിറ കണ്ടാല്‍ നോമ്പെടുക്കണം, ചന്ദ്രപ്പിറ കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കണം' എന്നും ഹദീസ് ഉണ്ട്. എങ്കില്‍, കോഴിക്കോട് ചന്ദ്രപ്പിറ കണ്ടാല്‍, കാസര്‍ക്കോട്ട് അംഗീകരിക്കാത്തത് എന്താണ്? കേരളത്തില്‍ കണ്ടാല്‍, കര്‍ണാടകയിലും ദല്‍ഹിയിലും അംഗീകരിക്കാത്തതിന്റെ കാരണമെന്താണ്? ഇന്ത്യയുടെ പാക് അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും രണ്ടു ദിവസം പെരുന്നാള്‍ ആകുന്നതെങ്ങനെ? ഈ രണ്ടിടങ്ങളിലും രണ്ട് ചന്ദ്രന്‍ ഉദിക്കുന്നുണ്ടോ? നബിയുടെ കാലത്ത് രണ്ടു ദിവസം പെരുന്നാള്‍ ഉണ്ടായിട്ടില്ല. ഒരിടത്ത് പെരുന്നാള്‍ ആയത് വൈകി അറിഞ്ഞപ്പോള്‍, അന്നേ ദിവസം നോമ്പ് ഒഴിവാക്കാന്‍ നബി പറഞ്ഞതായി ഒരു സംഭവമുണ്ട്. അന്ന് സമയം വൈകിയതുകൊണ്ടാണ് അടുത്ത ദിവസം പെരുന്നാള്‍ നമസ്‌കരിച്ചത്. ഇത് ഒരു റിപ്പോര്‍ട്ടാണ്. അപ്പോഴും ഒരേ ദിവസം ഒരു കൂട്ടര്‍ക്ക് നോമ്പും, മറ്റൊരു വിഭാഗത്തിന് പെരുന്നാളും എന്ന അവസ്ഥ ഉണ്ടായിരുന്നില്ല. വിവരവിനിമയം പ്രയാസകരമായ കാലത്തെ ഈ സംഭവം ഇക്കാലത്ത് പ്രമാണമാക്കാന്‍ പറ്റില്ലല്ലോ!
ഹിജ്‌റ കമ്മിറ്റികള്‍ പലയിടത്തുമുണ്ട്. ഹിജ്‌റ കലണ്ടര്‍ ശാസ്ത്രീയമാണെന്ന് അവര്‍ക്കറിയാം. പക്ഷേ അവരൊന്നും ഹിജ്‌റ കലണ്ടറിന്റെ ശാസ്ത്രീയത കൃത്യമായി പഠിച്ച് മനസ്സിലാക്കിയിട്ടില്ല. ഹിജ്‌റ ഹിലാല്‍ കമ്മിറ്റിയില്‍ നിന്ന് കുറച്ചു മുമ്പ് ഞാന്‍ രാജിവെച്ചൊഴിയുകയുണ്ടായി. പലതരം ആശയങ്ങളുള്ളവര്‍ അതില്‍ വന്നു. ഞാന്‍ പറയാത്തതൊക്കെ അവര്‍ എന്റെ പേരില്‍ പറയാന്‍ തുടങ്ങി, അപ്പോഴാണ് ഞാന്‍ രാജിവെച്ചത്. എനിക്ക് ഇല്ലാത്ത വാദങ്ങള്‍ എന്റെ പേരില്‍ ഉന്നയിക്കാന്‍ പാടില്ലല്ലോ. ഞാന്‍ പറഞ്ഞത് അവര്‍ അംഗീകരിക്കാനും തയാറായില്ല. എന്നാല്‍, കലണ്ടറില്‍ മാറ്റമില്ല, അത് ശാസ്ത്രീയമാണ്. മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ ഭിന്നിപ്പ് ഉണ്ടാകുന്ന രീതിയില്‍ നോമ്പ് ആരംഭിക്കുന്നതോ, പെരുന്നാള്‍ ആഘോഷിക്കുന്നതോ ശരിയല്ല. ഇതിലെ ഭിന്നിപ്പ് ഒഴിവാക്കണം. നോമ്പും പെരുന്നാളുമൊക്കെ ഇബാദത്താണ്, അത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയാണ് ചെേയ്യണ്ടത്. കലണ്ടര്‍ ഏകീകരണം അതിനും അപ്പുറത്താണ്. ഇല്‍മ് മറച്ചുവെക്കാന്‍ പറ്റില്ല. മുസ്‌ലിം സമൂഹത്തിലെ പണ്ഡിതന്മാരില്‍ പലര്‍ക്കും ഹിജ്‌റ കലണ്ടര്‍ മനസ്സിലാകുന്നില്ല. ശാസ്ത്രം അറിയാത്തതാണ് അടിസ്ഥാന കാരണം. 'സൂര്യനും ചന്ദ്രനും കണക്കിനു വിധേയമാകുന്നു' എന്ന് ഖുര്‍ആന്‍ (അര്‍റഹ്മാന്‍: 5) പറയുന്നുണ്ടല്ലോ. സൂര്യന്റെ കാര്യത്തില്‍ കണക്ക് പറ്റുമെന്നും, ചാന്ദ്രമാസത്തില്‍ അത് പറ്റില്ലെന്നും വരുന്നത് എങ്ങനെ? അതുകൊണ്ട്, ആദ്യം നമ്മുടെ പണ്ഡിതന്മാരെയാണ് ഹിജ്‌റ കലണ്ടര്‍ പഠിപ്പിക്കേണ്ടത്. അവര്‍ അംഗീകരിക്കുന്നില്ലെങ്കില്‍, മുസ്‌ലിം പൊതു സമൂഹത്തെ വിഷയം പഠിപ്പിച്ച് ബോധ്യപ്പെടുത്തേണ്ടി വരും.

റമദാന്‍, പെരുന്നാള്‍ തുടങ്ങിയവയുടെ നിര്‍ണയം മുസ്‌ലിം ലോകത്ത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.  എന്താണ് ഇതിനുള്ള പരിഹാരം?

ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്വ്ര്‍, ദുല്‍ഹജ്ജ് പത്തിനാണ് ഈദുല്‍ അദ്ഹാ. ശവ്വാല്‍ ഒന്ന് രണ്ടു ദിവസങ്ങളില്‍ ആകുമോ? ദുല്‍ഹജ്ജ് പത്ത് രണ്ടു ദിവസമാകുമോ? ഇല്ലെന്ന് ഉറപ്പാണ്. ജനുവരി ഒന്ന് ഒറ്റ ദിവസമല്ലേ ഉള്ളൂ. അപ്രകാരം തന്നെയാണ്  ശവ്വാലും ദുല്‍ഹജ്ജും മറ്റു മാസങ്ങളും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍, നമുക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടേണ്ടതാണ്. റമദാന്‍ ആരംഭവും പെരുന്നാള്‍ ആഘോഷവും നമുക്ക് ഏകീകരിക്കാനും കഴിയും. ഒരേ ഖിബ്‌ലയിലേക്ക് നമസ്‌കാരത്തില്‍ തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക്, കലണ്ടറിലും ഏകദിശ കണ്ടെത്താന്‍ കഴിയേണ്ടതല്ലേ!

നിരവധി കണ്ടുപിടിത്തങ്ങള്‍ താങ്കള്‍ നടത്തി. വേറിട്ട വൈജ്ഞാനിക വഴികളിലൂടെ സഞ്ചരിച്ചു. ഇതിനെല്ലാം അര്‍ഹമായ അംഗീകാരം മുസ്‌ലിം സമൂഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ?

ആളുകളെ അറിയിക്കാനോ പേരെടുക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല, എനിക്കതില്‍ ഒട്ടും താല്‍പര്യവുമില്ല. സ്വയം പ്രചാരണം നടത്തിയാല്‍ മാത്രമേ ഇന്ന് ആളുകള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുകയുള്ളൂ. എന്നെ ആളുകള്‍ അറിയാന്‍ ഞാന്‍ ഒരു പണിയും എടുത്തിട്ടില്ല. അതുകൊണ്ട് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അപ്പോഴും ഗവേഷണത്തിന്റെ മൂല്യമറിയുന്ന ചുരുക്കം പേര്‍ക്കിടയില്‍ അംഗീകാരമൊക്കെ ലഭിക്കുകയുണ്ടായി. അറിവും കഴിവുമുള്ള പലരും നമുക്ക് ചുറ്റും ഉണ്ടാകാം. അവരെയൊന്നും ആരും തിരിച്ചറിയണമെന്നും അംഗീകരിക്കണമെന്നും ഇല്ല. മരുഭൂമിയില്‍ എത്രയെത്ര ചെടികളും പൂക്കളുമുണ്ട്, അവയിലധികവും ആരും കാണണമെന്നില്ല. അതിനു വേണ്ടിത്തന്നെ സൂക്ഷിച്ചു നോക്കിയാലേ അത് കാണാനും ആസ്വദിക്കാനും കഴിയൂ.

താങ്കളുടെ അറിവുകള്‍, ഗവേഷണ വഴികള്‍ ഭാവി തലമുറക്ക് കൈമാറാന്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതല്ലേ? ഒരു ഗവേഷണ കേന്ദ്രം താങ്കളുടെ നേതൃത്വത്തില്‍ ആരംഭിച്ചുകൂടേ?

തീര്‍ച്ചയായും, ഒരു പഠന ഗവേഷണ കേന്ദ്രം ഉണ്ടാകണം. അവിടെ പ്രപഞ്ചത്തെക്കുറിച്ച് പുതിയ തലമുറക്ക് ഗവേഷണം നടത്താന്‍ സംവിധാനങ്ങള്‍ വേണം. സാധ്യമാകുന്ന ഉപകരണങ്ങളെല്ലാം അവിടെ സജീകരിക്കണം. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് അങ്ങനെയൊരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. 

ഇനിയും സഫലമാക്കണം എന്ന് താങ്കള്‍ കാണുന്ന സ്വപ്‌നങ്ങള്‍ എന്തൊക്കെയാണ്? പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

ചെറിയ ഒരു കാര്‍ സ്വന്തമായി നിര്‍മിക്കുക എന്റെ ആഗ്രഹമാണ്. അതിന്റെ ആശയങ്ങള്‍ മനസ്സിലുണ്ട്. അതിനു വേണ്ടി കുറേ യന്ത്രസാമഗ്രികള്‍ വാങ്ങിയിരുന്നു. നാനോയേക്കാള്‍ ചെറിയ കാറാണ് മനസ്സിലുള്ളത്. അതിന്റെ ഒരുക്കത്തിനിടയിലായിരുന്നു, ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് കേരള യാത്ര.  അന്ന് വാങ്ങിയതെല്ലാം വിറ്റിട്ടാണ് ഇങ്ങോട്ടു വന്നത്.
ഹിജ്‌റ കലണ്ടര്‍ പൂര്‍ത്തീകരിക്കുക, മുസ്‌ലിം ലോകം അതില്‍ ഏകീകരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതിനിടക്കാണ് കോവിഡ് വന്നത്. കൃത്യമായ ചാന്ദ്രമാസ കലണ്ടര്‍ അനുസരിച്ച്, മുസ്‌ലിംകള്‍  ഏകീകരിച്ചാല്‍, ലോകതലത്തില്‍ ഉമ്മത്തിന്റെ ഐക്യത്തിന് അത് ഏറെ ഗുണം ചെയ്യും. പിന്നീട് ലോക മുസ്‌ലിംകള്‍ ഇന്നത്തെപ്പോലെ ആകില്ല.

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ സന്ദര്‍ഭം ഏതാണ്?

ഏകാന്തതയാണ് എനിക്ക് ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്നത്. നമ്മുടെ ചിന്തകള്‍ സ്വഛമായി രൂപപ്പെട്ടു വരുന്നത് ഏകാന്തതയിലാണ്. അത്തരം ചിന്തകളാണ് പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ ചിന്ത സജീവമാകണമെന്നില്ല. പുതിയ ആശയങ്ങള്‍ നമ്മുടെ ഉള്ളില്‍ നാമ്പെടുക്കുന്നത് ശാന്തമായ അന്തരീക്ഷത്തില്‍ ചിന്തയില്‍ മുഴുകുമ്പോഴാണ്. 
തമിഴ്‌നാട്ടില്‍ നിന്ന് പിന്നീട് മിനിക്കോയില്‍ പോയപ്പോള്‍ അവിടെ ഞാന്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം ഞാനവിടെ ഉണ്ടായിരുന്നു. ഏറെ സന്തോഷം തന്ന നാളുകളായിരുന്നു അത്. കുറേ സമയം ഒറ്റക്ക് നടക്കും, ആകാശവും കടലും നിരീക്ഷിക്കും. ഓരോ നോട്ടവും നമുക്ക് പുതിയ കാഴ്ചകള്‍ തരും. ചിലരൊക്കെ ക്ഷണിച്ചതനുസരിച്ചാണ് കേരളത്തില്‍ വന്നത്. അല്ലെങ്കില്‍ ഇങ്ങോട്ട് വരില്ലായിരുന്നു. പക്ഷേ, ഇവിടെ എനിക്ക് ചിന്താപരമായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കുറച്ച് പുസ്തകങ്ങള്‍ വായിക്കാം, ആളുകളെ കാണാം, അത്രമാത്രം! മിനിക്കോയിയില്‍ ശാന്തമായ അന്തരീക്ഷമുണ്ട്, തുറന്നു കിടക്കുന്ന ശുദ്ധമായ പ്രകൃതിയുണ്ട്. അവിടെ നമുക്ക് പഠിക്കാനും ഗവേഷണം നടത്താനും ധാരാളം അവസരങ്ങളുമുണ്ട്. പുതിയ ആളുകളെ, പ്രത്യേകിച്ചും വിദ്യാര്‍ഥികളെ കണ്ട് സംസാരിക്കുന്നതും എനിക്ക് ഇഷ്ടമാണ്.

ജീവിതത്തില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ സംഭവം?

എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ച് ജീവിക്കുന്നതു കൊണ്ട്, വല്ലാതെ പ്രയാസപ്പെടുന്ന അവസ്ഥകളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഭൗതികമായ കാര്യങ്ങളൊന്നും വലിയ പ്രശ്‌നമായി കാണാത്ത വിധത്തിലാണ് ഞാന്‍ ചിന്തയെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് എന്തു പ്രശ്‌നം വന്നാലും എനിക്ക് സങ്കടമോ അസ്വസ്ഥതയോ ഉണ്ടാകാറില്ല. പ്രകൃത്യാ തന്നെ അങ്ങനെയാണ്. ശരിയായ വിശ്വാസം, ഈമാന്‍ മനസ്സിലുണ്ടെങ്കില്‍ പിന്നെ നാമെങ്ങനെയാണ് പ്രയാസപ്പെടുക! ഭൗതികമായ പരിമിതികളിലും പ്രശ്‌നങ്ങളിലും വലിയ പ്രയാസം തോന്നുന്നുവെങ്കില്‍ അല്ലാഹുവിലുള്ള നമ്മുടെ വിശ്വാസത്തിന് ദൗര്‍ബല്യമുണ്ട് എന്നല്ലേ അര്‍ഥം.

Comments

Other Post

ഹദീസ്‌

കടം നല്‍കുന്നവരുടെ വിശാല മനസ്സ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (37-49)
ടി.കെ ഉബൈദ്‌