ഹാതിം അലി (1962-2020)
പ്രഗത്ഭ അറബി സിനിമാ - സീരിയല്‍ സംവിധായകന്‍ ഹാതിം അലി വിടപറഞ്ഞു. വലീദ് സൈഫിനെപ്പോലെയുള്ള പ്രതിഭാധനരായ തിരക്കഥയെഴുത്തുകാര്‍ എപ്പോഴും അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നു. ഒട്ടും ഏച്ചുകെട്ടില്ലാത്ത വളരെ സ്വാഭാവികമായ അവതരണമായിരുന്നു ഹാതിമിന്റെത്. ഇതാണ് അദ്ദേഹത്തെ പുതുവഴികള്‍ വെട്ടിത്തെളിച്ച അറബ് സംവിധായകരുടെ മുന്‍നിരയില്‍ കൊണ്ട് നിര്‍ത്തുന്നത്. അദ്ദേഹം സംവിധായകന്‍ മാത്രമായിരുന്നില്ല, നടനും ചെറുകഥാകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനും മാനവികതക്കു വേണ്ടി നിലകൊണ്ട പോരാളിയുമൊക്കെ ആയിരുന്നു.
1967-ലെ യുദ്ധത്തില്‍ ഇസ്രയേല്‍ അധിനിവേശപ്പെടുത്തിയ സിറിയയിലെ ഗോലാന്‍ മേഖലയിലുള്ള ഫൈഖ് നഗരത്തില്‍ 1962-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തെ ആ തിക്താനുഭവങ്ങള്‍ 'അത്തഗ്‌രീബ അല്‍ ഫലസ്ത്വീനിയ്യ' (ഫലസ്ത്വീന്‍ അന്യവല്‍ക്കരണം) എന്ന തന്റെ സീരിയലില്‍ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. ജനിച്ച നാട് അന്യാധീനപ്പെട്ടപ്പോള്‍ ദമസ്‌കസില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരത്തുള്ള യര്‍മൂക്ക് അഭയാര്‍ഥി ക്യാമ്പിലായി ജീവിതം.
1986-ല്‍ ദമസ്‌കസിലെ നാടക അക്കാദമിയില്‍നിന്ന് നടനകലയില്‍ ബിരുദമെടുത്തു. പിന്നെ പൂര്‍ണമായും കലാജീവിതം തന്നെയായിരുന്നു. നാടകങ്ങളും ചെറുകഥകളുമൊക്കെ അദ്ദേഹമെഴുതുന്നത് ആ കലാജീവിതത്തിന്റെ തുടക്കത്തിലാണ്. തന്റെ സുഹൃത്ത് ഹൈഥം ഹഖി 1988-ല്‍ സംവിധാനം ചെയ്ത ദാഇറത്തുന്നാര്‍ (അഗ്നി വൃത്തം) എന്ന സീരിയലില്‍ നടനായിക്കൊണ്ടാണ് ദൃശ്യമേഖലയിലേക്കുള്ള രംഗപ്രവേശം. ഹാതിമിന്റെ കഴിവുകള്‍ കണ്ടറിഞ്ഞ പ്രശസ്ത സിറിയന്‍ നടന്‍ യൂസുഫ് അല്‍ അളമഃ ആക്ഷേപഹാസ്യ സീരീസായ 'മറായ'യുടെ രണ്ട് സീസണ്‍ പൂര്‍ണമായി ഹാതിമിനെ ഏല്‍പ്പിക്കുകയായിരുന്നു.
ചരിത്ര സംഭവങ്ങളെയും ബദവി ജീവിതത്തെയും സമകാലിക സംഭവങ്ങളെയുമെല്ലാം ഹാതിം അലി തന്റെ സീരിയലുകള്‍ക്ക് പ്രമേയമാക്കിയിട്ടുണ്ട്. തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മെഗാ പ്രോജക്ടുകളെല്ലാം വരുന്നത്. 'അസ്സീര്‍ സാലിം' എന്ന ടി.വി പരമ്പരയോടെയാണ് അതിന് തുടക്കം കുറിക്കപ്പെടുന്നത്. ജാഹിലി കവിയും പോരാളിയുമായിരുന്ന മുഹല്‍ഹിലു ബ്‌നു റബീഅ (അദ്ദേഹത്തിന്റെ അപരനാമമാണ് അസ്സീര്‍ സാലിം) ബസൂസ് യുദ്ധവേളയില്‍ നടത്തിയ സാഹസിക യാത്രകളാണ് അതിന്റെ പ്രമേയം. 'അന്തുലുസ് ത്രയങ്ങളും' വളരെ പ്രശസ്തമാണ്. അന്തുലുസിലെ / മുസ്‌ലിം സ്‌പെയ്‌നിലെ ചരിത്ര സംഭവങ്ങള്‍ അനാവരണം ചെയ്യുന്ന മൂന്ന് ടെലിവിഷന്‍ മെഗാപരമ്പരകളാണിത്. സ്വഖ്ര്‍ ഖുറൈശ്, റബീഉ ഖുര്‍ത്വുബ, മുലൂകുത്ത്വവാഇഫ് എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. അറബ് ടെലിവിഷന്‍ സീരിയല്‍ ചരിത്രത്തില്‍ ഇതിന് സമാനതകളില്ല എന്നാണ് കലാനിരൂപകര്‍ പറയുന്നത്.
നേരത്തേ സൂചിപ്പിച്ച 'തഗ്‌രീബ ഫലസ്ത്വീനിയ്യ' 2004-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരയാണ്. ജോര്‍ദാനിയന്‍ തിരക്കഥാകൃത്ത് വലീദ് സൈഫിനോടൊപ്പം ചേര്‍ന്നുള്ള പ്രോജക്ട് തന്നെയാണ് ഇതും. ഗോലാന്‍ കുന്നുകളില്‍ 1967-ല്‍ അധിനിവേശം നടക്കുമ്പോള്‍ തന്റെ പ്രായം, ഈ സീരിയലിലെ സ്വാലിഹ് എന്ന കഥാപാത്രത്തിന്റെ പ്രായം തന്നെയായിരുന്നുവെന്ന് ഹാതിം അലി അനുസ്മരിച്ചിട്ടുണ്ട്. തന്റെ അമ്മാവന്റെ ചുമലിലേറിയാണ് സ്വാലിഹ് പലായനം ചെയ്തതെങ്കില്‍, ഹാതിം അലിയും അതു പോലെ തന്റെയൊരു അമ്മാവന്റെ ചുമലിലേറിയാണ് ഗോലാനില്‍നിന്ന് രക്ഷപ്പെടുന്നത്. ഫലസ്ത്വീനിയല്ലെങ്കിലും ഫലസ്ത്വീനികളുടെ എല്ലാ വേദനകളിലൂടെയും അദ്ദേഹം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥാംശങ്ങള്‍ ധാരാളമുള്ള സീരിയല്‍ കൂടിയാണിത്. ഉമറു ബ്‌നുല്‍ ഖത്ത്വാബിനെപ്പറ്റി അദ്ദേഹം തയാറാക്കിയ 'ഉമര്‍' എന്ന സീരിയല്‍ വലിയ വിവാദങ്ങളില്‍പെടുകയുണ്ടായി. ഉമറായി ഒരാള്‍ വേഷമിട്ടതാണ് കാരണം. അതേസമയം യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന ഒരു സമിതിയെ അദ്ദേഹം തിരക്കഥ കാണിക്കുകയും അവരുടെ അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. 'സ്വലാഹുദ്ദീന്‍ അയ്യൂബി' എന്ന സീരിയല്‍ വരുന്നത് 2001-ലാണ്. 'ഫാറൂഖ് രാജാവ്' എന്ന പേരിലും ഒരു പരമ്പരയുണ്ട്.
മൂന്ന് നാടകങ്ങളും രണ്ട് കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. നിരവധി ടി.വി സീരിയലുകള്‍ക്ക് തിരക്കഥയും എഴുതുകയുണ്ടായി. 'ശഗഫ്', 'സിലീന' എന്നിവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്. സിറിയന്‍ എഴുത്തുകാരന്‍ ഫവ്വാസ് ഹദ്ദാദിന്റെ 'മവാസീഖ് ദിമശ്ഖ്' എന്ന നോവല്‍ മെഗാ സീരിയലാക്കാനുള്ള ആലോചനക്കിടെയാണ് കയ്‌റോവില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 29-ന് ഹൃദയാഘാതം ആ കലാപ്രതിഭയെ തട്ടിയെടുത്തത്.
Comments