ഇമാമുമാരെ പഠിക്കാന്‍
അബ്ദുല്‍ ജബ്ബാര്‍ കൂരാരി ഇസ്‌ലാമിക വിജ്ഞാന സാഹിത്യ രചനകളില്‍ ഗുണപരമായ കൈമിടുക്കുള്ള നല്ലൊരു എഴുത്തുകാരനാണ്.
ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ സമര്‍പ്പിത മനസ്സുകളായ ഗുരുനാഥന്മാര്‍ക്കു കീഴില്‍ 'വിളക്കു വെച്ച്' പഠിച്ച അറബി ഭാഷാ ജ്ഞാനവും ഹദീസ് വിജ്ഞാനീയങ്ങളും അദ്ദേഹത്തിലെ എഴുത്തുകാരനെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ 'ലിപി' പബ്ലിക്കേഷന്‍സ് ജബ്ബാര്‍ കൂരാരിയുടെ 'പത്ത് ഇമാമുകള്‍, ജീവിത പാഠങ്ങള്‍' ഗ്രന്ഥരൂപത്തിലാവിഷ്‌കരിച്ചത് മദ്‌റസാ വിദ്യാര്‍ഥികള്‍ തൊട്ട് മുതിര്‍ന്നവര്‍ക്കു വരെ നല്ലൊരു 'കൈപ്പുസ്തക'മായിരിക്കുമെന്നതില്‍ സംശയമില്ല.
പൊതുവില്‍ ഇസ്‌ലാമിക സാഹിത്യ വിജ്ഞാനീയങ്ങള്‍ മലയാളത്തില്‍ പകര്‍ന്നുതരുന്നതില്‍ നല്ല കൈമിടുക്കും ഭാഷാ ശൈലിയും ജബ്ബാര്‍ കൂരാരിക്കുണ്ട്. ഭക്തരും ധീരരും തത്ത്വചിന്തകന്മാരുമായ പത്തു ഇമാമുകളെ പരിചയപ്പെടുത്തുമ്പോള്‍, ബൃഹദ് ഗ്രന്ഥങ്ങളില്‍ ഏറെ വിവരണങ്ങളുള്ളതില്‍നിന്ന് മൊഴിമുത്തുകള്‍ മാത്രം സ്വരൂപിച്ചാണ് ജബ്ബാര്‍ കൂരാരി ഈ ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്.
അബൂഹനീഫ, അഹ്മദുബ്‌നു ഹമ്പല്‍, മാലിക്, ശാഫിഈ, ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അബൂദാവൂദ് എന്നീ ഇമാമുമാരെയാണ് ചിപ്പിക്കുള്ളില്‍ 'മുത്തു'പോലെ ജബ്ബാറിലെ എഴുത്തുകാരന്‍ നിക്ഷേപിച്ചിരിക്കുന്നത്.
വിശ്വസ്ത വ്യാപാരി എന്ന നിലക്ക് ഇമാം അബൂഹനീഫയുടെ പഠന യാത്രകള്‍, ഖാദിസ്ഥാനം നിരസിച്ചുള്ള ജയില്‍വാസം, രാഷ്ട്രീയ വീക്ഷണം ഇവയൊക്കെ സവിസ്തരം പറയാമെന്നിരിക്കെ ഒരു 'ഗുളികച്ചെപ്പു'പോലെ അബൂഹനീഫ ഇമാമിനെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകാരപ്രദമാകുമാറ് നല്ല തെളിമയാര്‍ന്ന ഭാഷാ ശൈലിയില്‍ അവതരിപ്പിക്കുന്നു.
ഇമാം അബൂഹനീഫയുടെ വിടവാങ്ങല്‍ അവതരിപ്പിക്കുന്നത് തികഞ്ഞ ആര്‍ജവത്തോടെയാണ്.
മന്‍സൂര്‍ രാജാവ് അബൂഹനീഫയുടെ വിജ്ഞാനവും ജനസ്വാധീനവും പഠിച്ചറിഞ്ഞ് മുഖ്യ ന്യായാധിപ സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. രാജശാസന ഏറ്റെടുക്കാത്തതിനാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. തടവറയില്‍ പീഡനങ്ങള്‍ക്കിരയായി ഇഹലോകം വിട്ട ആ മഹിതതത്ത്വജ്ഞാനിയുടെ മരണം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണെന്ന് ചില ആധികാരിക രേഖകള്‍ മുന്നേ പറഞ്ഞെങ്കിലും ജബ്ബാര്‍ കൂരാരി അതു തറപ്പിച്ചു പറയുന്നില്ല. 55 തവണ ഹജ്ജ് നിര്‍വഹിച്ച ഇമാം അബൂഹനീഫ എഴുപതാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ബഗ്ദാദില്‍ പിന്‍ഗാമികള്‍ ആറു ഘട്ടങ്ങളിലായിട്ടാണ് ജനാസ നമസ്‌കരിച്ചതെന്ന് എടുത്തു പറയുന്നു.
7,50,000-ത്തില്‍നിന്ന് 40,000 ഹദീസുകള്‍ തെരഞ്ഞെടുത്ത് സൂക്ഷ്മ പരിശോധനക്കുശേഷം ഉള്‍ക്കൊള്ളിച്ച 'മുസ്‌നദ്' പതിനാറാം വയസ്സിലാണ് അഹ്മദുബ്‌നു ഹമ്പല്‍ പൂര്‍ത്തിയാക്കിയതെന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു. മഹാന്മാരുടെ ജീവിതത്തിലെ ഇവ്വിധം അറിയപ്പെടാത്ത പല ചരിത്രശകലങ്ങളും ഈ കൃതിയിലുണ്ട്.
ഇമാം മാലികിന്റെ ഓര്‍മശക്തി, ഇമാം ശാഫിഈയുടെ അനാഥത്വവും ദാരിദ്ര്യവും, ഇമാം ബുഖാരിയുടെ ആത്മാഭിമാനബോധം ഇതൊക്കെ വായനക്കാരന്റെ മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു. ബുഖാറ ഗവര്‍ണര്‍ ഖാലിദുബ്‌നു അഹ്മദുസ്സഹ്‌ല മക്കളുടെ ശിക്ഷണമേറ്റെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ മാലിക് അറിയിച്ചു: 'വിജ്ഞാനം അമൂല്യമാണ്; അത് ആരുടെയും അടുത്തേക്ക് പോകാറില്ല....' അങ്ങനെ കൗതുകകരമായ പല സംഭവങ്ങളും ഈ കൃതിയില്‍ വായിക്കാം.
ഇമാം മുസ്‌ലിമിന്റെ ഒരു സവിശേഷത നോക്കൂ:
ശിഷ്യരാണ് ഇദ്ദേഹത്തിന്റെ സമ്പത്ത് (നമ്മുടെ മിക്ക പണ്ഡിതന്മാര്‍ക്കും ഇല്ലാത്ത ഒന്ന്). ഇമാം തിര്‍മിദി, ഹാഫിള് ദഹബി, അബൂഹാതിം റാസി, അബൂബക്‌രിബ്‌നു ഖുസൈമ അടക്കം ആയിരക്കണക്കിന് ശിഷ്യസമ്പത്ത്....
തിര്‍മിദിയെക്കുറിച്ച് എഴുതുന്നത് നോക്കൂ. കാഴ്ചശക്തി നഷ്ടപ്പെട്ട തിര്‍മിദി രചനയും പാരായണവും ഒഴിവാക്കിയിരുന്നുവത്രെ! ഒരിക്കല്‍ കേട്ടത് ആ മനോമുകുരത്തില്‍ കരിങ്കല്ലില്‍ കൊത്തിയ പോലെ പതിയും. അത്ഭുതം.
ഇവ്വിധം പത്തു ഇമാമുകളുടെ ജീവിതച്ചിത്രങ്ങള്‍ ചിമിഴിലാക്കി ഗ്രന്ഥകാരന്‍ വായനക്കാരുടെ കൈയില്‍ വെച്ചു തരുന്നു. മനോഹരമാണ് ആഖ്യാനം.
'ലിപി' നിര്‍മാണത്തിലും കവര്‍ ഡിസൈനിംഗിലും മികവു പുലര്‍ത്തിയിരിക്കുന്നു.
10 ഇമാമുകള്‍; ജീവിതപാഠങ്ങള്‍
അബ്ദുല്‍ ജബ്ബാര്‍ കൂരാരി
പ്രസാധനം: ലിപി പബ്ലിക്കേഷന്‍സ്
വില: 100 രൂപ
Comments