അഭിമാനമുള്ള ജീവിതത്തിന് അടിത്തറയൊരുക്കി പീപ്പ്ള്‍സ് ഹോം പദ്ധതി
'അങ്കണ തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ...' എന്ന് എഴുതുമ്പോള്‍ കവി വൈലോപ്പിള്ളിക്ക് പശ്ചാത്തലമായി ഒരു തറവാട് വീടുണ്ടായിരുന്നു. പൂത്തുനില്‍ക്കുന്ന മാവുള്ള പറമ്പിലെ വീട്ടിലിരുന്നാണ് മാമ്പഴം വായിച്ച മലയാളി ചുടുകണ്ണീര്‍ ഉതിര്‍ത്തത്. അന്തിയുറങ്ങാന്‍ വീടോ അതിനോട് ചേര്‍ന്ന പറമ്പോ ഇല്ലാത്ത മലയാളി കുടുംബങ്ങള്‍ക്ക് ഈ കവിത ആസ്വദിക്കാനായിട്ടുണ്ടാകുമോ? പൂക്കുലയറുക്കാനും ശകാരിക്കാനും ഉണ്ണാന്‍ വിളിക്കാനും കിണുങ്ങാനും കണ്ണീര്‍ വാര്‍ക്കാനും ഒരു വീട് വേണം.
കൊലത്തെ സുരേന്ദ്രന്റെ (യഥാര്‍ഥ പേരല്ല) കഥ കേട്ടാല്‍ ആരുടെ കണ്ണില്‍നിന്നും ചോരയൊഴുകും. നാല്‍പതിനോടടുത്ത് പ്രായം. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളുമുള്‍പ്പെടുന്നതാണ് സുരേന്ദ്രന്റെ കുടുംബം. അമ്മയോടൊപ്പം തറവാട്ടുവീട്ടിലാണ് താമസം. മക്കളിലൊരാള്‍ മാനസിക രോഗി. സുരേന്ദ്രന്‍ ജീവിതമാരംഭിച്ചതുതന്നെ ദാരിദ്ര്യത്തിലാണ്. അതിനിടക്ക് ഭാര്യക്ക് കാന്‍സര്‍ ബാധിച്ചു. ചികിത്സിച്ച് സുരേന്ദ്രന്റെ നടുവൊടിഞ്ഞു. മറ്റു വഴികളൊന്നുമില്ലാതെ ജീവിതം വഴിമുട്ടിയപ്പോള്‍ നാട്ടുകാരിലാരോ സഹായിച്ച്, അറ്റകൈക്ക് സുരേന്ദ്രന്‍ ഗള്‍ഫിലെത്തി. കുറഞ്ഞ വരുമാനമുള്ള ജോലി ലഭിച്ച് ആഴ്ചകളേയായിട്ടുള്ളൂ, സുരേന്ദ്രന് വയറിനകത്ത് വേദന. പരിശോധിച്ചപ്പോള്‍ കാന്‍സര്‍. ഗള്‍ഫ് മതിയാക്കി നാട്ടിലേക്ക്. നാട്ടിലെത്തിയ ഉടനെ അമ്മ മരണപ്പെടുന്നു. അമ്മയുടെ മരണത്തോടെ സ്വത്തിന് അവകാശികളേറെയെത്തി. വീതംവെപ്പു കഴിഞ്ഞപ്പോള്‍ സുരേന്ദ്രനും കുടുംബവും പുറത്ത്. വളപ്പില്‍ ഒരു ഷെഡ് കെട്ടി താമസിക്കുകയല്ലാതെ ആ കുടുംബത്തിന് വേറെ മാര്‍ഗമില്ല. പിന്നാലെ വരുന്നു, രണ്ടാമത്തെ മകളെത്തേടി അര്‍ബുദം.
പത്രങ്ങളില്‍ വാര്‍ത്ത വരികയോ പരസ്യം കൊടുക്കുകയോ ചെയ്താല്‍ ആയിരങ്ങളോ ചിലപ്പോള്‍ ലക്ഷങ്ങളോ സഹായമായി പറന്നെത്തുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രമുഖ പത്രങ്ങളിലും ചാനലുകളിലും സുരേന്ദ്രന്റെ ജീവിതം വാര്‍ത്തയായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കാര്യമായിട്ടൊന്നും അവരെ തേടിയെത്തിയില്ല. ചിലപ്പോള്‍ ഷെഡില്‍നിന്നും നിര്‍വികാരമായി അവര്‍ പുറത്തേക്ക് നോക്കിയിരിക്കും. മറ്റു ചിലപ്പോള്‍ ആരാരും കാണാതെ പരസ്പരം കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങിക്കരയും. രോഗം വേട്ടയാടുന്നുെങ്കിലും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയ വീട്ടില്‍ ഏറെ സമാധാനത്തോടെ കഴിയുകയാണ് ഇപ്പോള്‍ സുരേന്ദ്രനും കുടുംബവും.
ഇത് സുരേന്ദ്രന്റെ മാത്രം കഥയല്ല. നെടുങ്കണ്ടത്തെ അജയനും മലപ്പുറം കോട്ടക്കലിലെ രാജനും കുടുംബത്തൊടൊപ്പം കഴിയാന്‍ ഒരു വീടിനായി കയറിയിറങ്ങാത്ത ഇടങ്ങളില്ല. ഗ്രാമസഭകളില്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ പേരുണ്ടാവും. ബ്ലോക്കിലെ ലിസ്റ്റിലോ അല്ലെങ്കില്‍ പ്രധാനമന്ത്രി ആവാസ് യോജനയിലോ ഉള്‍പ്പെടുത്തി എന്ന കാരണത്താല്‍ വീട് എന്ന സ്വപ്‌നം അപ്രാപ്യമായി തുടരും. സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഭവനമില്ല എന്ന അടിസ്ഥാന യോഗ്യതയുണ്ടെങ്കിലും അതിലേക്കെത്തിച്ചേരാതിരിക്കാന്‍ അനേകം കടമ്പകള്‍ സര്‍ക്കാര്‍ തന്നെ ഉാക്കിവെച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളോടൊപ്പം കഴിയുന്ന അജയന്റെ ഒറ്റമുറി ഷെഡ് താമസയോഗ്യമെന്ന് റിപ്പോര്‍ട്ട് കൊടുത്ത അനുഭവവും പറയാനുണ്ട്! ഈ രണ്ട് കുടുംബവും ഇപ്പോള്‍ കഴിയുന്നത് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയ ഭവനങ്ങളിലാണ്.
ഭവനമില്ലാതിരിക്കുക എന്നത് ഒരു കുടുംബത്തിന്റെ ദാരിദ്ര്യത്തിന്റെ മാത്രം വിഷയമല്ല. ഒരു ജനതയുടെ സംസ്‌കാരം അവിടെ തുറന്നുവെക്കപ്പെടുന്നുണ്ട്. രണ്ടര ലക്ഷത്തിലധികം കുടുംബങ്ങളാണ് കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളത് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു. വികസനത്തിന്റെ നാനാതാരം അളവുകോല്‍ വെച്ച് കേരളത്തെ ഒന്നാമതെത്തിക്കുമ്പോഴാണ് ഈ വൈരുധ്യം എന്നോര്‍ക്കണം.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയാണ് എന്ന് തീര്‍ത്തു പറയാനാവും. പുറപ്പെട്ടുപോകാനും തിരിച്ചുവരാനും അന്തിയുറങ്ങാനും ഒരിടമില്ലാത്തവര്‍ക്ക് അഭയാര്‍ഥികള്‍ പോലും ആവാനാകുന്നില്ല. സമൂഹത്തിന്റെ ഓരങ്ങളില്‍ വലിച്ചെറിയപ്പെട്ടവരായി അവര്‍ ജീവിച്ചുതീര്‍ക്കുന്നു. ഈ വലിയ പ്രശ്‌നത്തെ സമഗ്രമായി അഭിമുഖീകരിക്കാന്‍ ഒരു സര്‍ക്കാര്‍ പദ്ധതിയും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തുപറയാനാവും. അല്ലെങ്കിലും ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി കുത്തകകള്‍ അന്യായമായി കൈയടക്കിവെക്കുമ്പോഴും അവര്‍ക്കെതിരെ വിരലുപോലുമനക്കാനാവാതെ സ്വന്തം പിതാവിന് കുഴിമാടമൊരുക്കുന്ന കൗമാരക്കാരനെ 'ദീര്‍ഘദര്‍ശനം' ചെയ്യുകയായിരുന്നു നമ്മുടെ വ്യവസ്ഥിതി എന്നോര്‍ക്കണം.
ഇങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ, എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സാമൂഹികമായ പരിഗണനകള്‍ക്കും അര്‍ഹരായിരിക്കെ, എന്നാല്‍ എല്ലാം നിഷേധിക്കപ്പെട്ടു കഴിയുന്ന കേരളത്തിലെ ഭവനരഹിതര്‍ക്ക് വീടൊരുക്കാനുള്ള പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ഭവന പദ്ധതിയാണ് പീപ്പ്ള്‍സ് ഹോം. 2016- ല്‍ പ്രവര്‍ത്തനമാരംഭിച്ച പീപ്പ്ള്‍സ് ഹോം പദ്ധതി, ആദ്യഘട്ടത്തില്‍ 1500 കുടുംബങ്ങള്‍ക്ക് വീടൊരുക്കാനാണ് പദ്ധതിയിട്ടത്. ഇതിനകം തന്നെ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിച്ചു.
സാധാരണക്കാരെ സംബന്ധിച്ച് ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോവുക എന്നതുപോലും വലിയ പ്രയാസമായിത്തീര്‍ന്ന കാലമാണിത്. സ്വന്തമായി ഭൂമിയുള്ളവന്‍പോലും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോഴേക്കും വലിയ കടക്കെണിയില്‍ വീണുപോകാവുന്ന ജീവിത സാഹചര്യമാണ് നാട്ടിലിപ്പോള്‍. പാവപ്പെട്ടവരെ സംബന്ധിച്ചേടത്തോളം പാതിവഴിയില്‍ നിലച്ചതോ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതോ ആണ് ഇന്നും സ്വന്തമായ വീട് എന്നത്. ഈ തിക്ത യാഥാര്‍ഥ്യം മനസ്സിലാക്കിയും ഉള്‍ക്കൊും സമൂഹത്തിലെ ഏറ്റവും അര്‍ഹരായവര്‍ക്ക് എത്രയും പെട്ടെന്ന് അന്തസ്സും അഭിമാനവുമുള്ള ജീവിതം സാധ്യമാക്കുക എന്നതാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.
ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി എന്ന നിലക്കല്ല പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഇത് വിഭാവന ചെയ്തിരുന്നത്. ഇതൊരു സാമൂഹികപരിവര്‍ത്തന പ്രക്രിയയാണ്. ആരെയും പോലെ അധികാരവും അവകാശവും അഭിമാനവും ഉള്ളവരാണ് തങ്ങളെന്നും ആരുടെയും ദയയില്‍ കഴിഞ്ഞുകൂടേണ്ടവരല്ലെന്നുമുള്ള, ദൈവം നിര്‍ണയിച്ചു നല്‍കിയ വിതാനത്തിലേക്ക് കുടുംബത്തെ ഉയര്‍ത്താനുള്ള ആദ്യചുവടുകളാണിത്. ചവിട്ടിനില്‍ക്കാന്‍ ഇടമുണ്ടാകുമ്പോഴാണ് സ്വയാധികാരത്തിലൂടെ സംസാരിക്കാന്‍ സാധിക്കുക. അപ്പോഴാണ് ജനാധിപത്യം പുലരുക.
ഇതൊരു സേവനം എന്നതിലുപരി ബാധ്യതയായിട്ടാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ മനസ്സിലാക്കുന്നത്. ഇതൊരു ബൃഹത്തായ പദ്ധതിയാണ്. എല്ലാവര്‍ക്കും ഭവനം എന്ന ആശയം പൂര്‍ണമായി സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാറുകള്‍ക്ക് മാത്രമായി സാധിക്കില്ല. സന്നദ്ധ സംഘങ്ങളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മാത്രമേ ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ നമുക്കാവുകയുള്ളൂ. പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ തയാറുള്ള വ്യക്തികളും ഏജന്‍സികളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അവരെ ഏകോപിപിച്ച് അവര്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതിപുലര്‍ത്തി ഏറ്റെടുത്ത ഉത്തരവാദിത്തം നിര്‍വഹിക്കുക എന്ന ദൗത്യമാണ് ഫൗണ്ടേഷന്റേത്.
വീടുകളും ഫ്‌ളാറ്റുകളും നിര്‍മിച്ച് നല്‍കുന്ന രീതിയാണ് പൊതുവില്‍ സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകളില്‍നിന്ന് വിശദമായ പഠനം നടത്തി യോഗ്യരായവരെ കണ്ടെത്തുന്നു. ഭവനനിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടവരാണ് ഫൗേഷന്റെ സഹായം ലഭിക്കുന്ന ഒരു വിഭാഗം. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുക, സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങളെ വീട് നിര്‍മിക്കാന്‍ സഹായിക്കുക എന്നതും ഫൗേഷന്റെ പ്രഥമ പരിഗണനയില്‍ വരുന്നു. ഇങ്ങനെ മൂന്ന് വിഭാഗങ്ങളാണ് പീപ്പ്ള്‍സ് ഹോം പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കള്‍. 350 മുതല്‍ 550 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍മിക്കുക. വീടു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സാധിക്കുന്ന കുടുംബങ്ങളാണെങ്കില്‍ അവരുടെ തന്നെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. നിലവിലെ വിലനിലവാരമനുസരിച്ച് പരമാവധി നാല് മുതല്‍ ഏഴ് ലക്ഷം രൂപ വിലവരുന്ന വീടുകളാണ് അനുവദിക്കുക. ഇതില്‍ നാലര ലക്ഷം രൂപയാണ് പീപ്പ്ള്‍സ് ഹോം പദ്ധതി പ്രകാരം നല്‍കുക. ബാക്കി തുക ഉപഭോക്തൃവിഹിതമായിരിക്കണം. അതിന് സാധിക്കാത്തവരാണെങ്കില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പ്രാദേശിക സംഘാടകരിലൂടെ പ്രാദേശികമായി തന്നെ പണം സ്വരൂപിക്കുകയാണ് രീതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും സംസ്ഥാനത്തുടനീളം 150 ഏരിയാ കോര്‍ഡിനേറ്റര്‍മാരുണ്ട്. ജില്ലാതലങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് ജില്ലാ കോര്‍ഡിനേറ്റര്‍മാരാണ്.
വ്യക്തികള്‍ സംഭാവനയായി നല്‍കുന്ന ഭൂമിയില്‍ ഫ്‌ളാറ്റുകളോ ഫ്‌ളാറ്റ് സമുച്ചയങ്ങളോ നിര്‍മിച്ച് ആവശ്യക്കാരെ കണ്ടെത്തുന്ന രീതിയും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളുള്ള സ്ഥലങ്ങളില്‍ അനുബന്ധ സൗകര്യങ്ങളും ഫൗണ്ടേഷന്‍ ഒരുക്കും. വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് ഫ്‌ളാറ്റുകളിലെത്തുന്നത് എന്നതിനാല്‍ ജീവിതം മുന്നോട്ടുകൊുപോകാനാവശ്യമായ മറ്റ് അടിസ്ഥാന ഉപാധികളും പരമാവധി ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നു. കോഴിക്കോട് ജില്ലയില കുറ്റിക്കാട്ടൂര്‍, എറണാകുളത്തെ മഞ്ഞപ്പെട്ടി എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍, മലപ്പുറം ജില്ലയിലെ വെങ്ങൂര്‍, പുത്തനത്താണി, താനൂര്‍, തൃശൂര്‍ ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി പീപ്പ്ള്‍സ് വില്ലേജുകളും ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറുകയുണ്ടായി. നിലവില്‍ മലപ്പുറത്തെ വണ്ടൂര്‍, കീഴുപറമ്പ, കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ പീപ്പ്ള്‍സ് വില്ലേജുകളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഭവനരഹിതര്‍ എന്നത് കേരളത്തിന്റെ നീറുന്ന പ്രശ്‌നമായി നിലനില്‍ക്കുമ്പോഴാണ്, വീടുകളില്‍ താമസിക്കുന്ന അനേകായിരങ്ങളെ ഭവനരഹിതരാക്കിയ 2018-ലെയും 2019 -ലെയും മഹാ പ്രളയങ്ങള്‍. പ്രളയകാലത്ത് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പരിശീലനം നല്‍കിയ വളന്റിയര്‍ സംഘമായ ഐഡിയല്‍ റിലീഫ് വിംഗ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട നൂറിലധികം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുകയുണ്ടായി. താമസയോഗ്യമല്ലാതായിത്തീര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കാനും കേടു വന്നവ അറ്റകുറ്റപ്പണി നടത്താനും പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ സന്നദ്ധ സംഘം കേരളത്തിലുടനീളം സഞ്ചരിച്ചിരുന്നു. സന്നദ്ധ സേവനത്തിനിറങ്ങിയ വിവിധ സംഘടനകളുടെ വളന്റിയര്‍മാരെ ഏകോപിപക്കാനും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ശ്രദ്ധിക്കുകയുണ്ടായി. പ്രളയം കാരണം ജീവിതായോധന വഴിയടഞ്ഞവര്‍ക്ക് വലിയ തോതില്‍ ഫൗണ്ടേഷന്‍ സഹായമെത്തിക്കുകയുായി.
നിര്‍മാണപ്രവൃത്തികള്‍ നടത്തുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഫൗേഷന്‍ ശ്രദ്ധിക്കാറു്. അതത് പ്രദേശത്തെ നിര്‍മാണത്തൊഴിലാളികളെ ഉപയോഗിക്കുന്നു എന്നതോടൊപ്പം ക്ലബുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണം ആസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും പ്രയോജനപ്പെടുത്തുന്നതിനാല്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിക്കും എന്നതും പീപ്പ്ള്‍സ് ഹോം പദ്ധതികളുടെ പ്രത്യേകതയാണ്.
പ്രമുഖ കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ട്, സന്നദ്ധ സംഘടനകള്‍ മുഖേന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് അനുവദിക്കുന്ന ഫണ്ട്, വ്യക്തിഗത ധനസമാഹരണം, സമാന സംഘടനകളുമായുള്ള സഹകരണം, സംഭാവനകള്‍, സകാത്ത് വിഹിതം എന്നിവയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ വരുമാന സ്രോതസ്സുകള്‍. പ്രയാസമനുഭവിക്കുന്നവരെ ദുരിതക്കയത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍വതും ത്യജിക്കാന്‍ സന്നദ്ധരായ ഒരുപറ്റം മനുഷ്യരുടെ നിര്‍ലോഭമായ പിന്തുണയാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ യഥാര്‍ഥ ബലം. സാങ്കേതികമായി സന്നദ്ധ സംഘടനകളുടെയോ എന്‍.ജി.ഒകളുടെയോ ഗണത്തില്‍ പെടുമ്പോഴും ഒരു സാമൂഹിക വിപ്ലവത്തിന്റെ അടിത്തറയൊരുക്കുകയാണ് ഈ സംഘം.
Comments