ചെങ്കൊടിത്തണലില്‍ പുനരവതരിക്കുന്ന ഭൂബന്ധ ജാതിവ്യവസ്ഥ
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായി രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാറുകളും എടുത്തു പറയുന്നത് ഭൂരാഹിത്യമാണ്. സമ്പൂര്‍ണ ഭൂപരിഷ്‌കരണം നടന്നു എന്ന് അവകാശപ്പെടുമ്പോഴും ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് ഇനിയും ലഭ്യമായിട്ടില്ലാത്തത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കുമ്പോഴാണ് കേരളത്തിലെ ജാതി സമവാക്യങ്ങളും ഭൂമിപ്രശ്‌നവും തമ്മിലുള്ള ബന്ധം വ്യക്തമാവുക. 1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷികബന്ധ നിയമം കേരളത്തിലെ ഭൂമിയുടെ സാമൂഹിക നീതിപരമായ വിതരണത്തിന് പ്രാപ്തമായില്ല എന്ന് പില്‍ക്കാല ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.
1959-ല്‍ തുടങ്ങി 1970 ജനുവരി 1-ന് പൂര്‍ത്തിയായതായി പ്രഖ്യാപിച്ച ഭൂപരിഷ്‌കരണം എന്നത് നിലവില്‍ ഭൂമി ഉടമസ്ഥാവകാശമില്ലാതെ അത് കൈവശം വെച്ചുകൊണ്ടിരുന്ന പാട്ടക്കുടിയാന്മാര്‍ക്കാണ് കൂടുതലും ലഭ്യമായത്. അടിസ്ഥാന ജനവിഭാഗമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അപ്പോഴും ഭൂമി കിട്ടാക്കനി തന്നെയായി. അവരാകട്ടെ ബഹുഭൂരിപക്ഷവും ദലിതരായിരുന്നു. ഭൂപ്രഭുക്കളായ ജന്മിമാര്‍ പലരും ഭൂപരിഷ്‌കരണത്തിലെ പഴുതുയോഗിച്ച് ഭൂമി കുടുംബ സ്വത്താക്കുകയോ തോട്ടമാക്കി പരിവര്‍ത്തിപ്പിക്കുകയോ ചെയ്തതോടെ ദലിത് ജനവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയില്ലാതായി.
ഭൂപരിഷ്‌കരണം എന്നത് പരസ്യമായ വഞ്ചനയാണ് എന്നറിയാമായിരുന്നവര്‍ തന്നെ അത് മറച്ചുപിടിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് ലക്ഷം വീട് പദ്ധതി. 1972-ല്‍ കേരളത്തില്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവനമന്ത്രിയും ആയിരിക്കുമ്പോള്‍ ആവിഷ്‌കരിച്ച പാര്‍പ്പിട പദ്ധതിയാണ് ലക്ഷം വീട് പദ്ധതി. കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്കായി ഒരു ലക്ഷം വീടുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതോടെ കേരളത്തില്‍ കൃത്യമായ ജാതിക്കോളനികള്‍ രൂപപ്പെട്ടു. ഇരട്ട വീടുകളായാണ് ഇവ നിര്‍മിക്കപ്പെട്ടത്. പാവപ്പെട്ടവര്‍ക്ക് എന്നന്നേക്കുമായി ഭൂ ഉടമസ്ഥാവകാശം നിഷേധിക്കുകയും ഭൂപ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നമാക്കി മാറ്റുകയുമാണ് ഇവിടെ സംഭവിച്ചത്.
നവോത്ഥാനത്തിലൂടെ ഉയര്‍ന്നു തുടങ്ങിയ കേരളത്തിലെ ദലിത് സമൂഹത്തിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച മുരടിപ്പിച്ചു നിര്‍ത്തുന്നതില്‍ കോളനി ജീവിതം ഒരു കാരണമായി. ദലിതന്റെ അവകാശമായ ഭൂമിലഭ്യതയെ തടഞ്ഞ് കോളനിയിലേക്ക് തള്ളിവിട്ട കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാണ് ഇതിന് പ്രധാന ഉത്തരവാദികള്‍. ലക്ഷം വീട് പദ്ധതി മാത്രമല്ല പിന്നീട് കേരളത്തില്‍ വന്ന സകല പദ്ധതികളും ഭൂമി എന്ന അടിസ്ഥാന പ്രശ്‌നത്തെ മറച്ചുപിടിക്കുകയായിരുന്നു. 1972-'73 കാലത്ത് എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന, മിച്ചഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍ കെട്ടി താമസിക്കുന്ന സമരം (മിച്ചഭൂമി സമരം) കേരളത്തില്‍ ഭൂപരിഷ്‌കരണം പരാജയമാണെന്ന് സി.പി.എം തന്നെ സമ്മതിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി അന്നത്തെ ആ സമരമല്ലാതെ മറ്റു സമരങ്ങളോ നിരവധി തവണ കേരളം ഭരിച്ചിട്ടും വിപ്ലവകരമായ തീരുമാനങ്ങളോ പദ്ധതികളോ കൊണ്ടുവരാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുമില്ല.
നിലവിലെ മിച്ചഭൂമി തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതു തടയാന്‍ ഇടയാക്കിയ നിയമമാണ് കുറഞ്ഞ ദിവസം മാത്രം അധികാരമുണ്ടായിരുന്ന സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ പാസ്സാക്കിയ ഇഷ്ടദാന നിയമം. ഈ നിയമം അനുസരിച്ച് ഏതൊരു വ്യക്തിക്കും കുടുംബത്തിനും തങ്ങളുടെ കൈവശമുള്ള മിച്ചഭൂമി ഏതു വ്യക്തിയുടെ പേരിലേക്കും ഇഷ്ടദാനമായി കൈമാറ്റം ചെയ്യാമെന്നും ഇത് മുന്‍കാല പ്രാബല്യത്തോടെ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാകുമെന്നും വന്നു. ഈ നിയമത്തെ നഖശിഖാന്തം എതിര്‍ക്കും എന്ന് പ്രഖ്യാപിച്ച ഇടതുപക്ഷം നിയമനിര്‍മാണത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇ.കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. പക്ഷേ ഈ നിയമത്തെ തൊടാന്‍ അവര്‍ തയാറായില്ല എന്നത് ഭൂമിയുടെ സന്തുലിത വിതരണത്തിന് എത്രമാത്രം ഇടതുപക്ഷം എതിരു നില്‍ക്കുന്നു എന്നതിന് തെളിവാണ്.
തോട്ടങ്ങളെ ഉയര്‍ന്ന ഭൂപരിധി(ഘമിറ ഇലശഹശിഴ)യില്‍നിന്ന് ഒഴിവാക്കിയതാണ് കേരളത്തിലെ സന്തുലിത ഭൂവിതരണം തടസ്സപ്പെടുത്തുന്നതിന് പ്രധാന കാരണം. കേരളത്തിലെ സര്‍ക്കാര്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ തോട്ടം മേഖലയിലെ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് വലിയ തോതില്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈ പാട്ടഭൂമിക്ക് പുറമെയാണ് തോട്ടം കോര്‍പ്പറേറ്റുകളുടെ വന്‍തോതിലുള്ള ഭൂമി കൈയേറ്റം. അവര്‍ നിയമവിരുദ്ധമായി അവ പ്ലോട്ടുകളായി തിരിച്ച് ടൂറിസം ലോബിക്ക് മറിച്ചുകൊടുക്കുകയും ചെയ്യുന്നു.
എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2002-ലാണ് തിരുവനന്തപുരത്ത് ആദിവാസികളുടെ കുടില്‍കെട്ടി സമരം അരങ്ങേറുന്നത്. അതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ആദിവാസികളുടെ ഭൂപ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വന്നത് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ ആ സമരമാണ്. കൈയേറ്റവും കുടിയേറ്റവും മൂലം ജൈവിക വ്യവസ്ഥയില്‍നിന്ന് പുറന്തള്ളപ്പെട്ട ആദിവാസി ജനതയുടെ ഉജ്ജ്വല പോരാട്ടമായി ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട സമരമായിരുന്നു അത്. ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഹെക്ടര്‍ വെച്ച് ഭൂമി നല്‍കും എന്ന വ്യവസ്ഥയില്‍ സമരം ഒത്തു തീര്‍ന്നെങ്കിലും അത് വെറും വഞ്ചനയായിരുന്നു എന്ന് അധികം വൈകാതെ വ്യക്തമായി. അതിനെത്തുടര്‍ന്നാണ് 2003 ജനുവരി 5-ന് ആദിവാസികള്‍ മുത്തങ്ങ വനഭൂമി പിടിച്ചെടുത്ത് സമരം ആരംഭിച്ചത്. ഫെബ്രുവരി 19-ന് കേരള സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം കേരള പോലീസ് മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്കു നേരെ നിറയൊഴിച്ചു. ആ സമരത്തെ സര്‍ക്കാര്‍ രക്തരൂഷിതമായി അടിച്ചമര്‍ത്തുകയായിരുന്നു.
ചെറിയ ചെറിയ ഭൂസമരങ്ങള്‍ കേരളത്തില്‍ പിന്നീടും അരങ്ങേറിയെങ്കിലും, ഭൂപ്രശ്‌നങ്ങള്‍ വീണ്ടും സജിവമാകാന്‍ ഇടവരുത്തിയത് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ 2005-ല്‍ ഹാരിസണ്‍ തോട്ടഭൂമിയില്‍ ആരംഭിച്ച ചെങ്ങറ സമരമാണ്. ഭൂരാഹിത്യത്തിന്റെ പ്രശ്‌നവും നവോത്ഥാനത്തിന്റെ പാളിച്ചകളും പരിമിതികളും ഏറെ ചര്‍ച്ചയായത് ചെങ്ങറ സമരത്തോടെയാണ്. കേരളത്തില്‍ സമഗ്രമായ ഭൂപരിഷ്‌കരണമാണ് വേണ്ടത് എന്ന ചര്‍ച്ച സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെങ്ങറ സമരത്തിനായി. ചെങ്ങറ സമരത്തെ സി.പി.എമ്മും ഭരണകൂടവും ഉരുക്കുമുഷ്ടി പ്രയോഗിച്ച് തകര്‍ക്കാനാണ് ശ്രമിച്ചത്.
ഹാരിസണും ടാറ്റയും അടക്കമുള്ള പ്ലാന്റേഷന്‍ ലോബിയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധം മറനീക്കി പുറത്തുവന്നതും ഇക്കാലത്താണ്. സി.പി.എം എന്ന ഇടതു പാര്‍ട്ടി എത്രത്തോളം ഹാരിസണ്‍ മുതലാളിക്ക് വിധേയപ്പെട്ടിരിക്കുന്നുവെന്നും തൊഴിലാളി സംഘടനകളെ തന്നെ ഉപയോഗിച്ച് ദലിത് ജനവിഭാഗങ്ങളുടെ ശബ്ദങ്ങളെ കോര്‍പ്പറേറ്റ് ലോബിക്കുവേണ്ടി എങ്ങനെയൊക്കെ അടിച്ചമര്‍ത്തുമെന്നും സി.പി.എം കേരളത്തിന് കാണിച്ചുതന്നു.
2011-ല്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. വെല്‍ഫെയര്‍ പാര്‍ട്ടി പോലെയുള്ള നവജനാധിപത്യ പാര്‍ട്ടികള്‍ കേരളത്തില്‍ ഭൂസമരങ്ങള്‍ ആരംഭിച്ച കാലമാണ് അത്. ദലിത്-ആദിവാസി വിഭാഗങ്ങള്‍ മാത്രം ഭൂസമരം നടത്തിയേടത്തുനിന്ന് ആ സമരം പുറത്തേക്കു കൂടി വ്യാപിപ്പിക്കാന്‍ ഇതു കാരണമായി. കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നം അഭിസംബോധന ചെയ്യുകയല്ലാതെ നിവൃത്തിയില്ല എന്നു ഭരണകൂടത്തിന് തോന്നുമാറ് സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭൂസമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
തോട്ടം കോര്‍പ്പറേറ്റുകളുടെ കൈയേറ്റഭൂമി പ്രശ്‌നം നേരത്തേ ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാറുകള്‍ കണ്ണടക്കുകയായിരുന്നു പതിവ്. എന്നാല്‍ 2006-ലെ അച്യുതാനന്ദര്‍ സര്‍ക്കാര്‍ ശ്രമിച്ച് പരാജയപ്പെട്ട മൂന്നാര്‍ ഒഴിപ്പിക്കലും തുടര്‍ന്നു നടന്ന സംഭവങ്ങളും തോട്ടം മേഖലയിലെ അനധികൃത കൈയേറ്റത്തെക്കുറിച്ച് വ്യക്തമായ നിലപാട് രൂപവത്കരിക്കണമെന്ന സമ്മര്‍ദം സര്‍ക്കാറിലുണ്ടാക്കി. 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച രാജമാണിക്യം കമീഷന്‍ ഇതു സംബന്ധിച്ച് പഠനനിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. ഇതനുസരിച്ച് അഞ്ചര ലക്ഷത്തോളം സര്‍ക്കാര്‍ ഭൂമി കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിട്ടുണ്ട്.
ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് 'സീറോ ലാന്റ്‌ലെസ് കേരള പദ്ധതി' (ഭൂരഹിതരില്ലാത്ത കേരളം). ഈ പദ്ധതി കേരളത്തില്‍ അലയടിച്ച ഭൂസമരങ്ങളുടെ അനന്തരഫലമാണെങ്കിലും, ഭൂസമരങ്ങള്‍ മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആവശ്യമായ സന്തുലിത ഭൂവിതരണം എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുന്നതു കൂടിയായിരുന്നു. ഭൂരാഹിത്യത്തെ അഡ്രസ് ചെയ്യുന്നു എന്ന ഗുണവശം അതിന് ഉണ്ടുതാനും. ഈ പദ്ധതിയിലൂടെ കേരളത്തിലെ ഭൂരഹിതരുടെ ആധികാരിക കണക്കെടുപ്പ് നടന്നു എന്ന മറ്റൊരു ഗുണവശവും കൂടിയുണ്ട്. രണ്ടര ലക്ഷത്തോളം കുടുംബങ്ങളാണ് സര്‍ക്കാര്‍ കണക്കില്‍ ഭൂരഹിതരായിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം കണക്കില്‍ പെടാത്തവരുമുണ്ട്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മൂന്ന് സെന്റ് ഭൂമിയാണ് ഭൂരഹിത കുടുംബത്തിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിതരണം ചെറിയ തോതില്‍ മാത്രം നടന്നുകൊണ്ടിരിക്കെ ഭരണമാറ്റമുണ്ടായി.
2016-ല്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍ തികച്ചും പ്രതിലോമകരമായ സമീപനമാണ് ഭൂപരിഷ്‌കരണത്തോട് സ്വീകരിച്ചത്. ഭൂരഹിതരുടെ പ്രശ്‌നത്തെ കേവലം പാര്‍പ്പിട പ്രശ്‌നമാക്കി മാറ്റുന്നതോടൊപ്പം, കോര്‍പ്പറേറ്റുകളുടെ കൈയേറ്റ ഭൂമിക്ക് നിയമാനുസൃതത്വം നല്‍കുകയും ചെയ്യുക എന്ന നയമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത്. നാമമാത്രമാണെങ്കിലും ഭൂരാഹിത്യത്തെ അംഗീകരിക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്ന 'ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' റദ്ദാക്കി. പകരം കേരളത്തില്‍ നിലവിലുണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഭവന പദ്ധതികളെ ഏകോപിപ്പിച്ച് ലൈഫ് മിഷന്‍ എന്ന പേരില്‍ ഫ്‌ളാറ്റ് പദ്ധതിക്ക് രൂപം കൊടുക്കുകയും ചെയ്തു.
ലൈഫ് മിഷന്‍ പദ്ധതി കോളനിവത്കരണത്തിന്റെ പരിഷ്‌കൃത രൂപം മാത്രമാണ്. 450 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള 'തീപ്പെട്ടിക്കൂടുകള്‍'ക്ക് ആകര്‍ഷകമായ പരസ്യ ബ്രോഷറുകള്‍ ചമയിച്ചൊരുക്കി ഭൂപ്രശ്‌നങ്ങളുടെ ആഴം അറിയാത്ത മധ്യവര്‍ഗ മലയാളികളെ അഭിരമിപ്പിക്കുക എന്നതിനപ്പുറം ഭൂരാഹിത്യം എന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു പരിഹാരമേ അല്ല ഇത്. ഉറ്റവരുടെ ശവമടക്കാന്‍ ഭൂമിയില്ലാതെ അടുക്കള പൊളിച്ച് ശവമടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ദലിത് സമൂഹത്തെയാണ് ഫ്‌ളാറ്റുകള്‍ നല്‍കി 'ത്രിശങ്കു'വിലാക്കുന്നത്. പല പദ്ധതികള്‍ ചേര്‍ന്ന് ഒറ്റ പദ്ധതിയായപ്പോള്‍ കേന്ദ്രീകൃത അഴിമതി എന്ന വലിയ സാധ്യതകൂടി തുറന്നുകിട്ടി എന്നത് മിച്ചം.
രാജമാണിക്യം റിപ്പോര്‍ട്ട് പൊടിപിടിച്ചു കിടക്കുന്നു എന്നതു മാത്രമല്ല പ്രശ്‌നം. ഹാരിസണ്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള ഹൈക്കോടതിയിലെ കേസുകള്‍ അട്ടിമറിക്കാന്‍, നന്നായി കേസ് നടത്തിയിരുന്ന പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റി സര്‍ക്കാര്‍ അഭിഭാഷകനായി ഹാരിസണിന്റെ അഭിഭാഷകനെ തന്നെ വെച്ചുകൊടുത്ത ഇടതുപക്ഷ 'പുരോഗമനം' കേരളത്തില്‍ പിണറായി സര്‍ക്കാറിന് മാത്രം അവകാശപ്പെട്ടതാണ്.
നവോത്ഥാന മൂല്യങ്ങളുടെ അട്ടിപ്പേറവകാശം തനിക്കാണെന്നും കേരളത്തിലെ അഭിനവ നവോത്ഥാന നായകനാണ് താനെന്നും പെയ്ഡ് വാര്‍ത്തകളുടെ പിന്‍ബലത്തില്‍ കേരള മുഖ്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് നവോത്ഥാനത്തിന്റെ നേരവകാശികളായ ദലിത് ജനത ഭൂമിയില്ലാതെ, ആകാശത്തോ ഭൂമിയിലോ അല്ലാത്ത തീപ്പെട്ടിക്കൂടുകളിലേക്ക് തള്ളപ്പെടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ ജാതി വ്യവസ്ഥ നിലനിന്നിരുന്നതു തന്നെ. അതേ സവര്‍ണാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തി പുനഃസ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍. മുന്നാക്ക സംവരണം ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തെ പിറകോട്ടടിപ്പിക്കുമെങ്കില്‍, ഭൂപ്രശ്‌നങ്ങളോടുള്ള നിലപാട് ഭൂ അവകാശം എന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മൗലികാവകാശത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും. ചെങ്കൊടിയുടെ തണലില്‍ സവര്‍ണ വംശീയത സ്ഥാപിതമാകും എന്നതായിരിക്കും ആത്യന്തിക ഫലം..
Comments