Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

പ്രിയപ്പെട്ട അമ്മയും മുത്തുമാലയും 

ജി.കെ എടത്തനാട്ടുകര

(ജീവിതം - 5 )

2020 ഡിസംബര്‍ 28 തിങ്കളാഴ്ച പുലര്‍ച്ചെ പ്രിയപ്പെട്ട അമ്മ കാരുണ്യവാനായ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി കര്‍മ ലോകം വെടിഞ്ഞു. കര്‍മഫല ലോകത്ത് പാപങ്ങള്‍ പൊറുക്കപ്പെട്ട വിജയികളുടെ കൂട്ടത്തില്‍ കാരുണാനിധിയായ നാഥന്‍ അമ്മയെ ഉള്‍പ്പെടുത്തുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെയാണിത് കുറിക്കുന്നത്.
ഇസ്ലാം പഠനം തുടങ്ങിയ കാലം മുതല്‍ തന്നെ പ്രിയ മാതാവ് ഒരു പഠിതാവായി കൂടെയുണ്ടായിരുന്നു. വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച് വീട്ടില്‍ വെച്ച് സുഹൃത്തുക്കളുമായി ചര്‍ച്ച നടത്താറുണ്ട്. അതെല്ലാം അമ്മ താല്‍പര്യത്തോടെ കേട്ടിരിക്കും. പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു പഠനം.
ദൈവത്തെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ വളരെ താല്‍പര്യത്തോടെയാണ് കേട്ടിരിക്കുക. ലളിതമായ ഉദാഹരണങ്ങളിലൂടെ പറഞ്ഞുകൊടുക്കുന്ന ഓരോ കാര്യവും വേഗത്തില്‍ ഉള്‍ക്കൊള്ളുമായിരുന്നു.
'ഒരാള്‍ക്ക് ഒരഛനല്ലേ ഉണ്ടാവൂ?'
'അതേ'
'എന്നതുപോലെ സൃഷ്ടികള്‍ക്ക് ഒരു സ്രഷ്ടാവാണല്ലോ ഉണ്ടാവുക. ആ സ്രഷ്ടാവാണ് നമ്മുടെ ദൈവം.'
ഇത്തരം കാര്യങ്ങളില്‍ പിന്നെ ഒരു സംശയവും ഉണ്ടാവാറില്ല.
'സ്വന്തം അഛനെയാണല്ലോ അഛന്‍ എന്നു വിളിക്കേണ്ടത്?'
'അതേ'
'എന്നിരിക്കെ, അയല്‍വാസിയായ ഒരാളെ, അല്ലെങ്കില്‍ മറ്റേതെങ്കിലും ആളുകളെ ആ സ്ഥാനത്ത് കണ്ട് അഛന്‍ എന്നു വിളിക്കുന്നത് ശരിയാണോ?'
'അല്ല'
'സ്വന്തം അഛന്‍ അതിഷ്ടപ്പെടുമോ?'
'ഇല്ല'
'എന്നതുപോലെ നമ്മെ സൃഷ്ടിച്ച ശക്തിയാണ് ദൈവമെന്നിരിക്കെ, ആ സ്ഥാനത്തു സൃഷ്ടികളെ കാണുന്നത് തെറ്റാണ്.'
പച്ചയായ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വളരെ പെട്ടന്നാണ് അമ്മ ഉള്‍ക്കൊണ്ടിരുന്നത്.
'അഛന്‍ മക്കള്‍ക്ക് കത്തയച്ചാല്‍ അവരത് വായിക്കില്ലേ? സ്‌നേഹമുള്ള ഒരാളാണ് അഛനെങ്കില്‍ മക്കള്‍ നല്ലവരായി ജീവിക്കാനുള്ള ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുമല്ലോ. അതില്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ നല്ല മക്കള്‍ അനുസരിക്കുമല്ലോ.'
'അനുസരിക്കും'
'ഇതുപോലെ കാരുണ്യവാനായ ദൈവം മനുഷ്യര്‍ നല്ലവരായി ജീവിക്കാന്‍ വേണ്ടി നല്‍കിയ നിര്‍ദേശങ്ങളാണ് വേദങ്ങള്‍. അവ മനുഷ്യരെ പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടവരാണ് പ്രവാചകന്മാര്‍. ആ പ്രവാചകന്മാര്‍ ദൈവകല്‍പന അനുസരിച്ച് ജീവിച്ചവരാണ്. അതനുസരിച്ചാണ് നമ്മളും ജീവിക്കേണ്ടത്.'
ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്താല്‍ അത് പെട്ടെന്ന് മനസ്സിലാക്കും. മനസ്സിലായതനുസരിച്ച് ജീവിതം മാറ്റാനും പിന്നെ താമസം വരാറില്ല.
സ്രഷ്ടാവായ ദൈവവും ദൈവത്തെക്കുറിച്ച് പറഞ്ഞു തന്ന പ്രവാചകനും കഴിഞ്ഞാല്‍ പിന്നെ, മാതാപിതാക്കളോടാണ് ഒരാള്‍ക്ക് ഏറ്റവും അധികം കടപ്പാടുകളുള്ളത് എന്ന ഇസ്‌ലാമിന്റെ അധ്യാപനം കൗതുകത്തോടെയാണ് അവര്‍ കേട്ടത്. അതില്‍ തന്നെ മാതാവിനോടാണ് കൂടുതല്‍ കടപ്പാടുള്ളത് എന്ന പ്രവാചകാധ്യാപനം കൂടുതല്‍ കൗതുകം ജനിപ്പിച്ചിരുന്നു. നസീം ഗാസി സത്യമാര്‍ഗം സ്വീകരിച്ച ശേഷം അദ്ദേഹത്തിന്റെ അമ്മക്കെഴുതിയ 'അമ്മേ! പ്രിയപ്പെട്ട അമ്മേ...!' എന്ന കത്ത് വായിച്ചു കേള്‍പ്പിച്ച കാര്യം കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ.
പഠനം പുരോഗമിക്കവെ മനംമാറ്റവും പുരോഗമിച്ചു കൊണ്ടിരുന്നു. 1994 ഏപ്രില്‍ 18-ാം തീയതി സുഹൃത്തിനോടൊപ്പം അസീസ് സാഹിബിന്റെ സാന്നിധ്യത്തില്‍ ഇസ്‌ലാം സ്വീകരിച്ച വിവരം അറിഞ്ഞപ്പേഴും ഒരാശങ്ക പോലും അമ്മ പ്രകടിപ്പിച്ചിട്ടില്ല. ആശീര്‍വദിച്ച് പറഞ്ഞയക്കുന്ന നിലപാടുമല്ല എടുത്തത്; കൂടെക്കൂടി തണല്‍ വിരിക്കുകയാണ് ചെയ്തത്.
ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ച വിവരം നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു തുടങ്ങി. പലരും ഉപദേശങ്ങളുമായി വന്നു. തീവ്രനിലപാടുകാരുടെ ഭീഷണികളുമുണ്ടായി. അപ്പോഴൊക്കെ ദൈവത്തിന്റെ കാവലിനോടൊപ്പം അമ്മയുടെ കൈത്താങ്ങും കൂടെയുണ്ടായിരുന്നു.
കുടുംബങ്ങളില്‍നിന്നെല്ലാം എതിര്‍പ്പുകള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. സഹോദരിമാരുടെ ഭര്‍ത്താക്കന്മാരും ചെറിയ ജ്യേഷ്ഠനുമെല്ലാം എതിരായിരുന്നു. അമ്മയുടെ നാല് സഹോദരന്മാരും വിവരങ്ങളറിഞ്ഞ് ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. തീവ്ര സാമുദായിക നിലപാടുകാരായതുകൊണ്ടുതന്നെ ജാതിഭ്രഷ്ട് മാത്രമല്ല, വധഭീഷണിയിലേക്ക് വരെ കാര്യങ്ങളെത്തി. ഇങ്ങനെയുള്ള ഏതോ ഒരു സന്ദര്‍ഭത്തില്‍ മാത്രമാണ് അമ്മ ചെറിയ ഒരു ആശങ്ക പ്രകടിപ്പിച്ചത്. കുടുംബ ബന്ധങ്ങള്‍ തകരുമെന്ന ഒരു ഘട്ടത്തിലെത്തിയപ്പോഴായിരുന്നു അത്. മാത്രമല്ല, മകനെന്തെങ്കിലും ആപത്ത് വരുമോ എന്ന ചിന്തയും സ്വാഭാവികമാണല്ലോ. അത് വൈകാതെത്തന്നെ സ്വയം തിരുത്തി.
പിന്നീട് എല്ലാ സന്ദര്‍ഭങ്ങളിലും ഇടറാതെ, പതറാതെ അമ്മ കൂടെയുണ്ടായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മല പോലെ വരുന്ന പ്രശ്‌നങ്ങളെ മഞ്ഞുപോലെയാണ് അമ്മ കണ്ടിരുന്നത്. മലവെള്ളപ്പാച്ചില്‍ പോലെ വന്ന പല പ്രശ്‌നങ്ങളും മഞ്ഞുവീഴ്ച പോലെയായി ഇല്ലാതായ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
അതിനിടയിലാണ് പരിശുദ്ധ റമദാന്‍ കടന്നു വരുന്നത്. ജീവിതത്തിലെ ആദ്യത്തെ നോമ്പാണ്. നോമ്പിനുള്ള ഒരുക്കങ്ങളൊന്നും വീട്ടില്‍ സാധ്യമായിരുന്നില്ല. ആരും കാണാതെ വേണം അത്താഴം കഴിക്കാന്‍. ഇങ്ങനെയുള്ള ചില്ലറ  പ്രയാസങ്ങള്‍ക്കിടയില്‍  ചില പ്രതീക്ഷകളും നാമ്പിട്ടുകൊണ്ടിരുന്നു. അത്താഴത്തിന്റെ കാര്യത്തില്‍ പ്രിയപ്പെട്ട അമ്മയും സഹകരിക്കാന്‍ തുടങ്ങി എന്നതാണ് അതിലൊന്ന്. അത്താഴത്തിനു കൃത്യസമയത്ത് വിളിച്ചുണര്‍ത്താന്‍  അമ്മ അതീവ ജാഗ്രതയോടെ ഉറക്കമൊഴിച്ചു എന്നു തന്നെ പറയാം. ഒരു ദിവസം അമ്മ  അത്താഴത്തിനു വിളിച്ചുണര്‍ത്തി. സമയം നോക്കുമ്പോള്‍ ഏതാണ്ട് രാത്രി രണ്ട് മണിയാണ്.
വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത മാതാവ് പുതിയൊരു വിശ്വാസം സ്വീകരിച്ച മകന്റെ ഒരനുഷ്ഠാനത്തോട് ഇത്രത്തോളം ജാഗ്രത പുലര്‍ത്തി സഹകരിക്കുന്നതെന്തിനാണ്? അന്നതിന്റെ ഉത്തരം അറിയുമായിരുന്നില്ല. പിന്നെയാണ് മനസ്സിലായത്, പടച്ച തമ്പുരാന്‍ അമ്മയെ സത്യവിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു എന്ന്.
റമദാനിലെ പുണ്യദിനങ്ങള്‍ ഓരോന്നോരോന്നായി വിട പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം വനിതകള്‍ക്കു വേണ്ടി അസീസ് സാഹിബിന്റെ സഹോദരി സ്വഫിയ്യ ശറഫിയ്യയുടെ ഖുര്‍ആന്‍ ക്ലാസ്സുണ്ടെന്നറിഞ്ഞു. ക്ലാസ് കേള്‍ക്കാന്‍ വേണ്ടി അമ്മയും പോയിരുന്നു; ഒരു സുഹൃത്തിന്റെ അമ്മയെയും കൂട്ടി.
കുടുംബങ്ങളും നാട്ടുകാരുമൊക്കെ അറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിലായി ഞാന്‍. അമ്മയെ സംബന്ധിച്ചേടത്തോളം ഒന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു.
ക്രമേണ അമ്മയുടെ  നിലപാടുകളിലൊക്കെ മാറ്റങ്ങള്‍ വന്നുതുടങ്ങി. ഉള്ളില്‍ പെട്ടെന്ന് പെട്ടെന്ന് മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.  സ്രഷ്ടാവിനെപ്പറ്റി അമ്മ  കൂടുതല്‍ കൂടുതലായി ചോദിച്ചുകൊണ്ടിരിക്കും. പറയുന്ന കാര്യങ്ങളെല്ലാം ആര്‍ത്തിയോടെ കേട്ടിരിക്കും. സ്രഷ്ടാവിലേക്കുള്ള ഒരു ഓടിയടുക്കല്‍ നടക്കുന്ന പോലെ.
ആരാധനകളിലെ പരമ്പരാഗത രീതികളെല്ലാം മാറി. കുറി തൊടല്‍ ഇല്ലാതായി. വസ്ത്രത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ഒരു ദിവസം മുറിയില്‍ കയറി മഗ്‌രിബ് നമസ്‌കരിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് ആരോ വാതില്‍ തുറന്ന് അകത്തു കടന്ന പോലെ. റൂമിനകത്ത് വെളിച്ചമില്ലാത്തതിനാല്‍ വ്യക്തമായി കാണുമായിരുന്നില്ല. നമസ്‌കാരം കഴിഞ്ഞ് ശ്രദ്ധിച്ചു നോക്കുമ്പോഴാണ് അമ്മ മുകളിലേക്ക് കൈകളുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കാണുന്നത്!
അമ്മക്ക് സന്മാര്‍ഗം ലഭിക്കുന്നു എന്ന സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതേസമയം, കുടുംബങ്ങള്‍ ഇതറിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന വലിയ ആശങ്കയും. അമ്മയെ സംബന്ധിച്ചേടത്തോളം ഈ വിഷയത്തില്‍ ആശങ്കയുടെ അംശം പോലുമുണ്ടായിരുന്നില്ല.  മറ്റുള്ളവര്‍ക്ക് ഇത് മനസ്സിലാവുന്നില്ലല്ലോ എന്ന വേവലാതിയും അസ്വസ്ഥതയും മാത്രമേ അവരില്‍ കണ്ടിരുന്നുള്ളൂ.
ഇതിനിടയില്‍ ചെറിയ ജ്യേഷ്ഠന്റെ ഭാര്യ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. അസീസ് സാഹിബില്‍നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പുസ്തകങ്ങളെല്ലാം അവരും എടുത്ത് വായിച്ചുകൊണ്ടിരുന്നു. ഇസ്‌ലാമിനെ സംബന്ധിച്ച ഒരു ചര്‍ച്ചയും വീട്ടില്‍ പാടില്ലെന്ന ജ്യേഷ്ഠന്റെ വിലക്കുള്ള സമയമാണ്. അതിനിടയിലാണ് ജ്യേഷ്ഠത്തി ഇസ്ലാം സ്വീകരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നത്.
എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സന്ദര്‍ഭമാണത്. സന്തോഷവും ആശങ്കയും ഇണകളെപ്പോലെ കൂടെ നടന്ന കാലം. പരലോകരക്ഷക്കു വേണ്ടി ഇഹലോകജീവിതത്തെ ബലി നല്‍കാന്‍ തയാറുണ്ടോ എന്ന വലിയ ചോദ്യമായി ജീവിതം മാറിമറിഞ്ഞ സന്ദര്‍ഭം. വൈകാതെത്തന്നെ നമസ്‌കാരത്തെ സംബന്ധിച്ച പുസ്തകം സുഹൃത്ത് വഴി ജ്യേഷ്ഠത്തിക്ക് എത്തിച്ചുകൊടുത്തു.
അമ്മയുടെ മനംമാറ്റം പഠിച്ചറിഞ്ഞ ശേഷം തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് എന്ന് ഉറപ്പായപ്പോള്‍ പിന്നെ വൈകിച്ചില്ല. സഹധര്‍മിണിയുടെയും അവളുടെ ഉമ്മയുടെയും സാന്നിധ്യത്തില്‍ അവരുടെ വീട്ടില്‍ വെച്ച് സത്യസാക്ഷ്യ വചനം ചൊല്ലിക്കൊടുത്തു. തുടക്കത്തില്‍ അക്കാര്യം മറ്റാരെയും അറിയിച്ചിരുന്നില്ല.1998-ലായിരുന്നു അത്.
അങ്ങനെയിരിക്കെ ജ്യേഷ്ഠന്റെ ഭാര്യ സ്വകാര്യമായി നമസ്‌കാരം തുടങ്ങിയത് ജ്യേഷ്ഠനറിഞ്ഞു. അവരെ വീട്ടില്‍നിന്ന് പറഞ്ഞയച്ചു. തിരിച്ചുകൊണ്ടുവരാന്‍ ജ്യേഷ്ഠന്‍ തയാറായിരുന്നില്ല. പിന്നെ, അമ്മ തന്നെ മുന്‍കൈയെടുത്ത്, അനുനയിപ്പിച്ചാണ് ജ്യേഷ്ഠത്തിയെ കൊണ്ടുവരുന്നത്. അന്ന് അമ്മ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്ത് ജ്യേഷ്ഠന്‍ ഇന്നും സങ്കടപ്പെടാറുണ്ട്.
ഇസ്ലാം സ്വീകരിച്ചതിനു ശേഷം അമ്മയിലുണ്ടായ മാറ്റങ്ങള്‍ വേഗത്തിലായിരുന്നു. കുടുംബങ്ങളിലും നാട്ടിലും അത് ചര്‍ച്ചയായി. ആക്ഷേപങ്ങളും ഭീഷണികളും വന്നു കൊണ്ടിരുന്നു. കൊലക്കുറ്റത്തില്‍ പ്രതിയായ ഒരു ബന്ധു വന്ന് വധഭീഷണി വരെ മുഴക്കിയിട്ടും ഒരു ചാഞ്ചാട്ടവുമില്ലാതെ അമ്മ പാറ പോലെ ഉറച്ചുനിന്നു. മൂസാ നബിയില്‍നിന്ന് വിശ്വാസം സ്വീകരിച്ചതിനാല്‍ ഫറോവാ ചക്രവര്‍ത്തിയുടെ ജാലവിദ്യക്കാര്‍ക്ക് അയാളില്‍നിന്ന് വധഭീഷണിയുണ്ടായല്ലോ. ആ ഭീഷണിയുടെ മുമ്പില്‍ പതറാതെ നിന്ന ജാലവിദ്യക്കാരെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ സംഭവം.
മനുഷ്യന്റെ കരുത്ത് എന്ന് പറയുന്നത് കായിക ബലമല്ല; ആള്‍ബലമോ ധനബലമോ അല്ല. അത് വിശ്വാസത്തിന്റെ കരുത്താണ്. അതിനെ നിയന്ത്രിക്കാനോ നിരോധിക്കാനോ മറ്റൊരു ശക്തിക്കും സാധ്യമേ അല്ല എന്ന പാഠമാണ് ഇതിലെല്ലാമുള്ളത്.
ഇങ്ങനെയുള്ള പല പ്രതിസന്ധികളും പരീക്ഷണങ്ങളും വന്നുകൊണ്ടിരുന്നു. അതൊന്നും വകവെക്കാതെ കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തി കല്യാണങ്ങളിലും മറ്റു സവിശേഷ പരിപാടികളിലുമൊക്കെ പങ്കാളിയായിക്കൊണ്ടു തന്നെയാണ് അമ്മ മുന്നോട്ടു പോയത്. പേര് മാറ്റി, നാടും വീടുമൊന്നും ഉപേക്ഷിച്ചുപോയില്ല. 'ഹിജ്‌റ' (ദേശത്യാഗം) എന്നത് അനിവാര്യതയില്‍ നിന്നുണ്ടാവുന്നതാണല്ലോ.  ഇസ്‌ലാം സ്വീകരിക്കാന്‍ നാട് വിടണമെന്ന പരമ്പരാഗത കീഴ്‌വഴക്കമൊന്നും ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ പറഞ്ഞുതരുന്നില്ല.
പരമ്പരാഗതമായ 'മതംമാറ്റ' രീതി സ്വീകരിക്കാതിരുന്നതിനാല്‍ ചില പ്രയാസങ്ങള്‍ സ്വാഭാവികമായിട്ടുണ്ടായി. പലപ്പോഴും കുടുംബങ്ങളില്‍നിന്നും സ്ത്രീകളില്‍നിന്നും മറ്റുമായി കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും ധാരാളമായി അമ്മക്ക് കേള്‍ക്കേണ്ടിവന്നു. ചിലരുടെ കുത്തുവാക്കുകള്‍ കേട്ട് ദേഷ്യപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പിന്നെ, അവരുടെ പരലോകത്തെക്കുറിച്ച് പറഞ്ഞ് കരയുകയും ചെയ്യും!
ഇങ്ങനെയുള്ള ഒരു സന്ദര്‍ഭത്തിലാണ് അമ്മാവന്റെ മകളുടെ കല്യാണം വരുന്നത്. അതില്‍ പങ്കെടുത്ത അനുഭവം പിന്നീട് അമ്മ പറഞ്ഞിരുന്നു. ഒരു ആരാധനാലയത്തില്‍ വെച്ചാണ് കല്യാണം. ക്ഷണിക്കാന്‍ വന്ന അമ്മാവന്‍ വ്യവസ്ഥ വെച്ചാണ് ക്ഷണിച്ചത്. അവിടെ നടക്കുന്ന ആരാധനകളിലൊക്കെ പങ്കെടുക്കുമെങ്കില്‍ മാത്രം വന്നാല്‍ മതി എന്നതായിരുന്നു വ്യവസ്ഥ.
കല്യാണത്തിനു പോയെങ്കിലും ആരാധനാലയത്തിന്റെ അകത്തു കടന്നില്ല. അമ്മയുടെ അമ്മ അടക്കം കൂട്ടുകുടുംബാദികളെല്ലാവരുമുണ്ട്. എല്ലാവരും അകത്തേക്ക് പോയി കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയ കാര്യം അമ്മ പറഞ്ഞു.
'എന്തിനാണമ്മ കരഞ്ഞത്?' എന്ന് ചോദിച്ചപ്പോള്‍,  'അവരൊക്കെ മരിച്ചുപോയാലെന്താവും' എന്നായിരുന്നു മറുപടി. അത് പറയുന്നതും ഈറന്‍കണ്ണുകളോടെ. ജനങ്ങള്‍ സന്മാര്‍ഗം സ്വീകരിക്കാത്തതിന്റെ പേരില്‍ മനംനൊന്ത് സ്വയം ജീവന്‍ കളയുമോ എന്ന അവസ്ഥയിലെത്തിയ പ്രവാചകനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞതാണ് ആ സമയത്ത് ഓര്‍മ വന്നത്.
പ്രബോധന പ്രവര്‍ത്തനങ്ങളുടെ വൈജ്ഞാനിക തലത്തിനപ്പുറത്തുള്ള അതിന്റെ വൈകാരിക തലത്തെ പഠിച്ചെടുത്തത് അമ്മയില്‍നിന്നാണ്. പ്രബോധനം എന്നത് കേവലം വൈജ്ഞാനിക പ്രവര്‍ത്തനമല്ല; വൈകാരിക പ്രാര്‍ഥന കൂടി ചേര്‍ന്നതാണ് എന്ന തിരിച്ചറിവിലേക്കത് നയിച്ചു.
ചെറിയ ജ്യേഷ്ഠന്റെയും സഹോദരിമാരുടെയുമൊക്കെ പരലോകത്തെക്കുറിച്ച് ആശങ്കപ്പെട്ട് കരഞ്ഞ ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. വലിയ ജ്യേഷ്ഠനെപ്പറ്റി ആശങ്ക പറയാറില്ല. കാരണം, ചെറുപ്പം മുതല്‍ അപസ്മാര രോഗമുണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ അവന്‍ ദൈവത്തിന്റെ മുമ്പില്‍ കുറ്റക്കാരനാവില്ല എന്ന് അമ്മ ഉറച്ചു വിശ്വസിച്ചിരുന്നു.
ചെറിയ ജ്യേഷ്ഠന്‍ ഇസ്‌ലാമിനോട് വെറുപ്പും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ക്രമേണ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍ ആകാശകവാടങ്ങളെ സ്വാധീനിച്ച പോലെ! ജ്യേഷ്ഠനില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. മാറിച്ചിന്തിക്കാനും ഇസ്‌ലാമിനെ പഠിക്കാനുമുണ്ടായ കാരണം ജ്യേഷ്ഠന്‍ പറഞ്ഞിരുന്നു. ഇത്രയൊക്കെ പ്രതിസന്ധികളുണ്ടായിട്ടും ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ഉറച്ചു നില്‍ക്കുന്നു? അതിലെന്തോ കാര്യമുണ്ടല്ലോ എന്ന തോന്നല്‍ അതുണ്ടാക്കി.
സത്യസാക്ഷ്യം നിര്‍വഹിക്കാന്‍ പിന്നെ അധികം താമസം വേണ്ടി വന്നില്ല. ജ്യേഷ്ഠന്റെ മൂന്നു മക്കളും സന്നദ്ധരായി. വിശദാംശങ്ങള്‍ക്കിവിടെ സന്ദര്‍ഭമില്ല.
പിന്നീടുണ്ടായ ചില പ്രതിസന്ധികള്‍ കാരണം താമസം മാറേണ്ടി വന്നു. അങ്ങനെ ശാന്തപുരം മഹല്ലിലെ പള്ളിക്കുത്തിലേക്കാണ് മാറിയത്. മര്‍ഹും കെ.ടി റഹീം സാഹിബിനെപ്പോലുള്ള, യൂസുഫ് മാഷെപ്പോലുള്ളവര്‍ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് ചെയ്തു തന്ന സഹായങ്ങള്‍ രേഖപ്പെടുത്താന്‍ ഈ അധ്യായത്തില്‍ സ്ഥലപരിമിതിയുണ്ട്. അമ്മയില്‍ അതുണ്ടാക്കിയ ആശ്വാസം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
പരലോകത്തെ മുമ്പില്‍ കണ്ടുകൊണ്ടാണ് അമ്മ ജീവിച്ചിരുന്നത്. സ്വര്‍ഗം നേടിയെടുക്കാന്‍ എന്തിനും തയാറായിരുന്നു. അതോടൊപ്പം മറ്റുള്ളവര്‍ക്കത് കിട്ടാന്‍ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.
അമ്മയുടെ ആരാധനാനുഷ്ഠാനങ്ങളിലെ നിഷ്ഠ കണ്ട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്; അത്രത്തോളം ആവാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത്. സ്വുബ്ഹ് ബാങ്കിന് മുമ്പ് തന്നെ എഴുന്നേല്‍ക്കുമായിരുന്നു. രോഗം ബാധിച്ച് ക്ഷീണാവസ്ഥയിലായിരിക്കുമ്പോള്‍ പോലും അത് തെറ്റിച്ചിട്ടില്ല. തീരെ കിടപ്പിലായപ്പോഴാണ് മാറ്റങ്ങള്‍ വന്നത്.
ബാങ്കുവിളി കേട്ടാല്‍ പിന്നെ നമസ്‌കാരത്തിനുള്ള ഒരുക്കമായി. അത് കഴിയാതെ മറ്റു കാര്യങ്ങളിലേക്ക് പോകാറില്ല. നമസ്‌കരിക്കാതെ മുട്ടിത്തിരിഞ്ഞ് നില്‍ക്കുന്നവരെ നമസ്‌കരിക്കാന്‍ പ്രേരിപ്പിക്കും. നോമ്പിന്റെ കാര്യത്തിലും വലിയ ജാഗ്രതയായിരുന്നു. ദാനധര്‍മങ്ങള്‍ ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ തുക അധികവും ദാനധര്‍മങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ബൈത്തുല്‍ മാലിന്റെ കാര്യത്തിലും അതീവ ജാഗ്രതയാണ്. രോഗശയ്യയിലായപ്പോഴും ജ്യേഷ്ഠന്റെ ഭാര്യയോട് ബൈത്തുല്‍മാല്‍ കൊടുത്തോ എന്ന കാര്യം ഉറപ്പുവരുത്തിയിരുന്നു.
പ്രവാചകന്‍ എങ്ങനെ ജീവിക്കാനാണോ പറഞ്ഞത് അങ്ങനെ ജീവിക്കണം എന്ന നിലപാടായിരുന്നു. ഒരു ദിവസം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ശ്രദ്ധയില്ലാതെ ഇടത്തേ കാലിലെ ചെരിപ്പാണ് ആദ്യം ധരിച്ചത്. ഇത് കണ്ട അമ്മ: 'കുഞ്ഞാനേ, വലത്തേ ചെരിപ്പല്ലേ ആദ്യം' എന്നു പറഞ്ഞ് തിരുത്തി. അങ്ങനെ പല കാര്യങ്ങളും. ഇസ്‌ലാമിന്റെ ആഗോള പ്രസക്തിയെപ്പറ്റിയൊക്കെ ചിന്തിക്കുന്നതിനിടയില്‍ ഇസ്‌ലാം കാല്‍ച്ചുവട്ടില്‍നിന്ന് നീങ്ങിപ്പോകുന്ന വിവരം പലപ്പോഴും പലരും അറിയാതെ പോകുന്ന കാര്യമാണ്. അപ്പോഴൊക്കെ അമ്മ ഒരു 'തിരുത്തല്‍ ശക്തി'യായി നിലകൊണ്ടു.
മീഡിയാ വണ്‍ കലക്ഷനുമായി ബന്ധപ്പെട്ട കണ്‍ വെന്‍ഷന്‍ കഴിഞ്ഞ സമയം. അമ്മ അടുത്ത് വന്നിരുന്നു. എപ്പോഴും അണിയാറുള്ള സ്വര്‍ണത്തിന്റെ മുത്തുമാല കഴുത്തിലുണ്ട്. അത് ധരിച്ചു കാണാന്‍ നല്ല രസമായിരുന്നു. കലക്ഷനിലേക്ക് സാധ്യമാകുന്നതൊക്കെ ചെയ്യേണ്ടതിന്റെ ആവശ്യം സംസാരിച്ചുകൊണ്ടിരിക്കെ, കഴുത്തിലണിഞ്ഞ മുത്തുമാലയില്‍ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:
'കുഞ്ഞാനേ, ന്റെട്ത്ത് ഇതെന്നെള്ളൂ.'
ഇത് പറഞ്ഞപ്പോള്‍, 'എടുത്തതല്ല കൊടുത്തതാണ് പരലോകത്തേക്കുണ്ടാവുക' എന്ന് അമ്മയോട് പറഞ്ഞിരുന്നു. പ്രവാചക പത്‌നി ആഇശാ ബീവി ആടിനെ അറുത്ത് മാംസം വിതരണം നടത്തിയ ചരിത്ര സംഭവവും അനുസ്മരിച്ചു. ഇനി എന്താണ് ബാക്കിയുള്ളത് എന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ കുളമ്പുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നായിരുന്നല്ലോ ആഇശാ ബീവിയുടെ മറുപടി. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞത്, ആ കുളമ്പുകള്‍ മാത്രമാണ് നഷ്ടമായത്; കൊടുത്തതെല്ലാം ബാക്കിയായി എന്നാണല്ലോ.
അടുത്ത തവണ വന്നപ്പോള്‍ അമ്മയെ കാണുന്നത് കഴുത്തില്‍ മുത്തുമാല ഇല്ലാതെയാണ്. ആ മുത്തുമാല ഊരി മീഡിയാ വണ്ണിനു വേണ്ടി ജ്യേഷ്ഠന്റെ കൈയില്‍ കൊടുത്തയച്ചിരുന്നു.
അനാവശ്യമായി ഒന്നും ചെലവഴിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഒരു മണി അരി വീണു കിടക്കുന്നതു കണ്ടാല്‍ പോലും അത് പെറുക്കിയെടുക്കും. മൂന്നില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ഇങ്ങനെ തുടങ്ങി ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.
അമ്മയെ സംബന്ധിച്ചേടത്തോളം, പരലോകം എന്നത് യുക്തി കൊണ്ട് കണ്ടെത്തിയ ഒരു സാധ്യതയായിരുന്നില്ല; ഭക്തിയുടെ തന്നെ ഭാഗമായിട്ടുള്ള ഒരു യാഥാര്‍ഥ്യമായിരുന്നു.
സ്വര്‍ഗത്തിനു വേണ്ടി കഴിയുന്നതൊക്കെ ചെയ്യണം എന്ന മനസ്സായിരുന്നു. ഓരോ ചുവടുവെപ്പിലും സ്വര്‍ഗം ലക്ഷ്യമാക്കിയിരുന്നു. രോഗശയ്യയില്‍ മരണത്തെ അഭിമുഖീകരിച്ചു കിടക്കുമ്പോഴും അതായിരുന്നു ലക്ഷ്യം. പൂര്‍ണ ബോധാവസ്ഥയിലല്ലാത്ത സമയത്തു പോലും 'അമ്മക്കെന്താ വേണ്ടത്' എന്ന് ചോദിക്കുമ്പോള്‍ 'സ്വര്‍ഗം വേണം' എന്ന മറുപടിയാണ്  ഉണ്ടാവുക.
അവസാന നാളുകളില്‍ ഇടക്കിടെ സ്വന്തം മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു. ചോദിക്കുന്നതിന്  പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് ചിലപ്പോള്‍ കിട്ടുക. അപ്പോഴും, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഇടക്കിടെ വ്യക്തതയോടെ പറഞ്ഞിരുന്നു.
അത് നല്‍കിയ ആശ്വാസവും പ്രതീക്ഷയും വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവില്ല.
പെട്ടെന്ന് മരിക്കുന്നതാണോ  കിടന്ന് മരിക്കുന്നതാണോ നല്ലത് എന്ന് പോലും നേരത്തേ ചോദിച്ചറിഞ്ഞു. പെട്ടെന്ന് മരിച്ചാല്‍ ബാധ്യതകള്‍ തീര്‍ക്കാനും പശ്ചാത്തപിക്കാനുമൊന്നും സമയം കിട്ടാതെ വരും. കിടന്നു മരിക്കുമ്പോള്‍ അതിനെല്ലാം അവസരങ്ങളുണ്ടാവും. മാത്രമല്ല, അസുഖം കാരണമോ മറ്റോ ഉണ്ടാകുന്ന ഓരോ വേദനയിലും പാപങ്ങള്‍ പൊറുക്കപ്പെടും. ഇങ്ങനെ മറുപടി പറഞ്ഞപ്പോള്‍ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.  അതിനു വേണ്ടി അമ്മ പ്രാര്‍ഥിച്ചിട്ടുണ്ടോ എന്നറിയില്ല. കുറച്ചുകാലം രോഗശയ്യയില്‍ കിടക്കേണ്ടി വന്നു.
സഹോദരിമാരെ സംബന്ധിച്ചേടത്തോളം അമ്മയെ ശുശ്രൂഷിക്കുന്നതിനും സഹായിക്കുന്നതിനും പരിമിതികളുണ്ടായിരുന്നു. അതൊരു കുറവായി അമ്മക്ക് അനുഭവപ്പെട്ടതേയില്ല. ഒരു മകളുടെ സ്ഥാനത്ത് നിന്നു കൊണ്ട് ജ്യേഷ്ഠന്റെ ഭാര്യ എല്ലാം ചെയ്തിരുന്നു. നാലു വര്‍ഷത്തോളം പുറത്തിറങ്ങാതെ അമ്മയെ പരിചരിച്ചു.
കുറേ കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠത്തി 'അമ്മ'യും അമ്മ'കുട്ടി'യുമായ പോലെ തോന്നി തുടങ്ങി. മലമൂത്ര വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യല്‍ മുതല്‍ കുളിപ്പിക്കല്‍, ഭക്ഷണം കൊടുക്കല്‍, മരുന്നു കൊടുക്കല്‍ തുടങ്ങി എന്തെല്ലാം... ജ്യേഷ്ഠത്തിയുടെ പരലോക വിചാരണാ വേളയില്‍ ഏറ്റവും കനം തൂങ്ങുന്ന കര്‍മങ്ങളായി അത് മാറും എന്നു തന്നെയാണ് ഉറച്ച വിശ്വാസം.
അവസാന നാളുകളില്‍  അമ്മയുടെ കൂടെയുണ്ടായിരുന്നു. ചില പ്രയാസങ്ങള്‍ കാണുമ്പോള്‍ അമ്മയുടെ അസുഖങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നു പോലും സങ്കടപ്പെട്ടുപോയി. അങ്ങനെയിരിക്കെയാണ് പ്രബോധനം വാരികയില്‍ ടി.കെ.എം.ഇഖ്ബാല്‍ എഴുതിയ 'വില്‍ക്കാനുണ്ട് നാസ്തിക യുക്തികള്‍' എന്ന ലേഖനത്തില്‍ ഉദ്ധരിച്ച ഒരു ഹദീസ് ശ്രദ്ധയില്‍പെട്ടത്. അതിലെ ആശയം ഇങ്ങനെയാണ്: ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങള്‍ അനുഭവിച്ച സ്വര്‍ഗാവകാശിയായ ഒരു മനുഷ്യന്‍ പരലോകത്ത് ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെടും. ഒരു നിമിഷം സ്വര്‍ഗത്തിന്റെ സുഖം അനുഭവിക്കാന്‍ അയാളെ അനുവദിച്ചതിനു ശേഷം ആ മനുഷ്യനോട് ചോദിക്കപ്പെടും: 'അല്ലയോ മനുഷ്യപുത്രാ, നീ ജീവിതത്തില്‍ എപ്പോഴെങ്കിലും കഷ്ടപ്പാട് അറിഞ്ഞിട്ടുണ്ടോ,  അനുഭവിച്ചിട്ടുണ്ടോ?' അയാള്‍ പറയും: 'ഇല്ല നാഥാ, ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.'
ഇത് വായിച്ചപ്പോഴുണ്ടായ സമാധാനത്തിന് അതിരുണ്ടായിരുന്നില്ല. നിറഞ്ഞ കണ്ണുകളോടെ അത് വീണ്ടും വീണ്ടും വായിച്ചു.
 മരിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നില്ല.
28-ാം തീയതി പുലര്‍ച്ചെ നാലു മണിക്കാണ് ജ്യേഷ്ഠന്റെ ഫോണ്‍ വരുന്നത്. 'അമ്മ ഒന്നും മിണ്ടുന്നില്ല' എന്നു പറഞ്ഞ് തേങ്ങിക്കരഞ്ഞുകൊണ്ട് ഫോണ്‍ വെച്ചു.
ഭാര്യയെയും ഭാര്യാ സഹോദരനെയും കൂട്ടി ഉടനെ തന്നെ പുറപ്പെട്ടു; മരിച്ചു കിടക്കുന്ന അമ്മയെ കാണാന്‍. മുഖത്ത് മൂടിയ മുണ്ട് നീക്കിയപ്പോള്‍ മരിച്ചു കിടക്കുന്ന അമ്മയെ അല്ല കണ്ടത്; ചിരിച്ചു കിടക്കുന്ന അമ്മയെയാണ്! ഉള്ളിലെ തേങ്ങല്‍ അറിയാതെ 'അല്‍ഹംദു ലില്ലാഹ്' എന്നായി മാറി.
പുഞ്ചിരി നിഴലിച്ചുള്ള ആ മുഖം എല്ലാവര്‍ക്കും വലിയൊരാശ്വാസമാണ് നല്‍കിയത്. കുടുംബങ്ങളില്‍ പലരും ആ കാര്യം എടുത്തെടുത്ത് പറഞ്ഞു. ഒരു സഹോദരി പ്രതികരിച്ചത്,  'അമ്മ എന്താണോ ലക്ഷ്യം വെച്ചിരുന്നത്, അവിടേക്ക് തന്നെയാണ് പോയത്' എന്നാണ്.
മയ്യിത്തെടുക്കേണ്ട സമയമായപ്പോള്‍, പുഞ്ചിരി നിഴലിച്ച അമ്മയുടെ മുഖത്ത് അന്ത്യചുംബനം നല്‍കി, ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ഥിച്ചുപോയി: 'നാഥാ! ആ മുത്തുമാല കഴുത്തിലണിഞ്ഞ് നിന്റെ സ്വര്‍ഗത്തില്‍ വെച്ച് പ്രിയപ്പെട്ട അമ്മയെ കണ്ടുമുട്ടാന്‍ ഞങ്ങളെ നീ തുണക്കണേ തമ്പുരാനേ!'  (തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍