മയ്യിത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങള്‍
ഒരാള്‍ മരണപ്പെട്ടാല്‍ മരണപ്പെട്ട ദിവസം മുതല്‍ അഞ്ച് അല്ലെങ്കില്‍ ഏഴു ദിവസം വീട്ടില്‍ സ്വന്തക്കാരുള്‍പ്പെടെയുള്ളവര്‍ ദിക്ര്‍ സംഘടിപ്പിക്കുന്നു.
മരിച്ചയാള്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഖത്തം തീര്‍ക്കുന്നതും കാണുന്നുണ്ട്. ഇതൊക്കെ ഇസ്‌ലാമിക രീതികളാണോ?
ഒരാള്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മരണശേഷം എന്തെല്ലാം കര്‍മങ്ങളാണ് ചെയ്യേണ്ടത്?
ഒരാള്‍ മരിച്ചാല്‍ ആ ദിവസം മുതല്‍ അഞ്ച് അല്ലെങ്കില്‍ ഏഴു ദിവസം പരേതന്റെ ബന്ധുക്കളും മറ്റു സ്വന്തക്കാരുമുള്‍പ്പെടെയുള്ളവര്‍ 3, 5, 7 എന്നിങ്ങനെ ചില ദിവസങ്ങള്‍ പ്രത്യേകം നിര്‍ണയിച്ചു നടത്തുന്ന ദിക്ര്‍ - ദുആ, ഖുര്‍ആന്‍ പാരായണം എന്നിത്യാദി കാര്യങ്ങള്‍ക്ക് ദീനില്‍ അടിസ്ഥാനമില്ല. നബി(സ)യോ സ്വഹാബത്തോ, എന്തിനധികം നാലു മദ്ഹബിന്റെ ഇമാമുകളോ ആരുംതന്നെ ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. ഒരാള്‍ക്ക് വേണമെങ്കില്‍ രണ്ടോ മൂന്നോ അഞ്ചോ പത്തോ അതിലധികമോ, കുറവോ ഒക്കെ ആവുന്നതിന് യാതൊരു കുഴപ്പവുമില്ല. എന്നാല്‍ ഇന്നിന്ന ദിവസങ്ങളില്‍ അതൊക്കെ നിര്‍വഹിക്കുന്നതിന് പ്രത്യേക പുണ്യവും പ്രതിഫലവുമൊക്കെയുണ്ട് എന്ന വിശ്വാസത്തില്‍ ചെയ്യുകയാണെങ്കില്‍ അത് ബിദ്അത്താവും; ദീനില്‍ കൂട്ടിച്ചേര്‍ക്കലും അനാചാരവുമാവും. അതേസമയം ചില കാര്യങ്ങള്‍ ചെയ്താല്‍ പരേതര്‍ക്ക് ഉപകാരപ്പെടുമെന്നതിലും തര്‍ക്കമില്ല. അവ ഏതൊക്കെയെന്ന് നോക്കാം:
ഒന്ന്) പ്രാര്‍ഥന
അല്ലാഹു പറയുന്നു: ''അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ'' (അല്‍ഹശ്ര്‍: 10).
ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടുപോയ സത്യവിശ്വാസിക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നതു സല്‍ക്കകര്‍മവും, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്നതുമാകുന്നു. അത് സജ്ജനങ്ങളുടെ ലക്ഷണവുമാണ്. ഈ വചനത്തില്‍ കാണുന്ന പ്രാര്‍ഥന അതിനൊരു മാതൃകയുമാകുന്നു. ഇക്കാര്യം നബിവചനങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതാണ്.
സ്വഫ്‌വാനു ബ്‌നു അബ്ദില്ല നിവേദനം: ഞാന്‍ ശാമില്‍ പോവുകയുണ്ടായി. അങ്ങനെ അബുദ്ദര്‍ദാഇനെ അന്വേഷിച്ച് ഞാനദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. എന്നാല്‍ അദ്ദേഹത്തെ അവിടെ കണ്ടില്ല. അദ്ദേഹത്തിന്റെ പത്‌നിയായ ഉമ്മുദ്ദര്‍ദാഇനെയാണ് കണ്ടത്. അപ്പോള്‍ അവരെന്നോട് ചോദിച്ചു: 'താങ്കള്‍ ഇക്കൊല്ലത്തെ ഹജ്ജിന് പോകുന്നുണ്ടോ?' 'അതേ', ഞാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു; 'എങ്കില്‍ ഞങ്ങളുടെ ഗുണത്തിനായി ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ പ്രാര്‍ഥിക്കണം. കാരണം നബി(സ) പറയാറുണ്ടായിരുന്നു; ഒരു മുസ്‌ലിം, തന്റെ സഹോദരനു വേണ്ടി അയാളുടെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് ഉത്തരം ചെയ്യപ്പെടും. അവന്റെ അടുക്കല്‍ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട ഒരു മലക്ക് ഉണ്ടായിരിക്കും. ഒരാള്‍ തന്റെ സഹോദരന്റെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കുമ്പോഴെല്ലാം ആ മലക്ക് പറയും; 'ആമീന്‍', നിനക്കും അതുപോലെ ഉണ്ടാകട്ടെ'' (മുസ്‌ലിം: 7105).
ഉസ്മാനുബ്‌നു അഫ്ഫാന്‍ പറഞ്ഞു: മയ്യിത്തിനെ മറമാടിക്കഴിയുമ്പോള്‍, അതിനടുത്തുതന്നെ നിന്നുകൊണ്ട് അവിടുന്ന് ഇപ്രകാരം പറയുമായിരുന്നു: ''നിങ്ങള്‍ നിങ്ങളുടെ സഹോദരനു വേണ്ടി പാപമോചനം തേടുക. ചോദ്യവേളയില്‍ പരേതന് സ്ഥൈര്യം ലഭിക്കാന്‍ അല്ലാഹുവോട് ചോദിക്കുക. പരേതന്‍ ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു'' (അബൂദാവൂദ്: 3223).
രണ്ട്) നോമ്പ് ഖദാ വീട്ടിയാല്‍
ആഇശയില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'നോമ്പ് ബാധ്യതയാക്കി വെച്ച് ആരെങ്കിലും മരണപ്പെട്ടാല്‍ അയാളുടെ വലിയ്യ് (ബന്ധപ്പെട്ടവര്‍) അയാള്‍ക്കുവേണ്ടി നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ' (മുസ്‌ലിം: 2748).
ഇതിന്റെ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു: ''അയാള്‍ക്കു വേണ്ടി വലിയ്യ് നോമ്പനുഷ്ഠിക്കുന്നത് അഭികാമ്യമാണ്. അങ്ങനെ നോമ്പനുഷ്ഠിക്കുന്നത് സാധുവാകുകയും, പരേതന്‍ അതുവഴി കുറ്റമുക്തനാവുകയും ചെയ്യും. അദ്ദേഹത്തിനു വേണ്ടി അഗതികള്‍ക്കു ഭക്ഷണം ഊട്ടേണ്ടതില്ല. ഈ വീക്ഷണമാണ് ശരിയും പ്രബലവുമെന്നാണ് നാം വിശ്വസിക്കുന്നത്. ഇതുപോലുളള സ്വഹീഹും സ്പഷ്ടവുമായ ഹദീസുകളുടെ അടിസ്ഥാനത്തില്‍, ഹദീസിലും ഫിഖ്ഹിലും ഒരുപോലെ അവഗാഹമുള്ള സൂക്ഷ്മാലുക്കളായ പണ്ഡിതന്മാര്‍ ശരിവച്ചതും ഇതുതന്നെ. .... ഇവിടെ വലിയ്യ്‌കൊണ്ടുദ്ദേശ്യം ബന്ധുക്കളാണ്'' (ശര്‍ഹു മുസ്ലിം).
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ''ഒരാള്‍ തിരുസന്നിധിയില്‍ വന്ന്‌ചോദിച്ചു: 'എന്റെ മാതാവിന് ഒരു മാസത്തെ നോമ്പ് ഉണ്ടായിരിക്കെ അത് നോറ്റുവീട്ടാതെ അവര്‍ മരിച്ചുപോയി. അവര്‍ക്കുവേണ്ടി ഞാനത് നോറ്റുവീട്ടിക്കൊള്ളട്ടെയോ?' റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളുടെ മാതാവിന് വല്ല കടവുമുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കു വേണ്ടി നിങ്ങളത് വീട്ടുമായിരുന്നില്ലേ?' 'തീര്‍ച്ചയായും', അദ്ദേഹം പറഞ്ഞു. അപ്പോള്‍ തിരുമേനി: എങ്കില്‍ അല്ലാഹുവിനുള്ള കടമാണ് വീട്ടാന്‍ ഏറ്റവും അര്‍ഹം'' (മുസ്ലിം: 2750).
മൂന്ന്) സന്താനങ്ങള്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍
അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. നബി (സ)പറഞ്ഞു: ''മനുഷ്യന്‍ മരണപ്പെട്ടാല്‍ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ധര്‍മം (ജാരിയായ സ്വദഖ), ഉപകാരപ്രദമായ വിജ്ഞാനം, അയാള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന നല്ലവരായ സന്താനങ്ങള്‍ എന്നീ മൂന്നു കാര്യങ്ങളല്ലാത്ത എല്ലാ കര്‍മങ്ങളും അവനില്‍നിന്ന് മുറിഞ്ഞുപോകുന്നതാണ്'' (മുസ്ലിം: 4310).
നാല്) ദാനധര്‍മങ്ങള്‍
ആഇശ(റ)യില്‍നിന്ന് നിവേദനം. ഒരാള്‍ നബി(സ)യോട് പറഞ്ഞു: 'എന്റെ മാതാവ് പെട്ടെന്ന് മരണപ്പെടുകയുണ്ടായി. അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ധര്‍മം ചെയ്യാന്‍ പറയുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ ഞാന്‍ അവര്‍ക്കുവേണ്ടി ധര്‍മം ചെയ്താല്‍ അവര്‍ക്കതുകൊണ്ട് പ്രതിഫലം ലഭിക്കുമോ?' നബി പറഞ്ഞു: 'അതേ' (ബുഖാരി: 1388).
അബൂഹുറയ്‌റയില്‍നിന്ന്. ഒരാള്‍ വന്ന് നബിയോട് ചോദിച്ചു: 'എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് സമ്പാദ്യമുണ്ട്. പക്ഷേ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. ഞാന്‍ അദ്ദേഹത്തിനു വേണ്ടി ദാനധര്‍മം നടത്തിയാല്‍ അത് അദ്ദേഹത്തിന്റെ കുറ്റവിമുക്തിക്ക് കാരണമാകുമോ?' റസൂല്‍ പറഞ്ഞു: 'അതെ'(മുസ്‌ലിം: 4306).
ഇതിന്റെ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു: ''ഈ ഹദീസില്‍നിന്ന് പരേതനു വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അതയാള്‍ക്ക് ഉപകാരപ്പെടുമെന്നും, അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുമെന്നും മനസ്സിലാക്കാം. കടംവീട്ടിയാലും പ്രാര്‍ഥിച്ചാലും അതിന്റെ ഗുണവും പരേതന് ലഭിക്കും എന്നതിലും പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. പരേതന് നിര്‍ബന്ധമായിത്തീര്‍ന്ന ഹജ്ജാണെങ്കില്‍ അതും സാധുവാകുന്നതാണ്. അതേപ്രകാരം ഐഛികമായ ഹജ്ജും വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ സാധുവാകും എന്നതാണ് നമ്മുടെ പക്ഷം. നോമ്പ് ബാധ്യതയായിക്കൊണ്ട് മരണപ്പെട്ടാല്‍ ഏതാണ് ശരി എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതും അനുവദനീയമാണ് എന്ന വീക്ഷണമാണ് പ്രബലം'' (ശര്‍ഹു മുസ്ലിം: 1672).
അഞ്ച്) ഹജ്ജും ഉംറയും
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. ഒരാള്‍ തിരുസന്നിധിയില്‍ വന്നു ചോദിച്ചു: 'എന്റെ പിതാവ് മരിച്ചുപോയി, അദ്ദേഹം ഹജ്ജ് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ ഹജ്ജ് ചെയ്തുകൊള്ളട്ടെയോ?' റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളുടെ പിതാവിന് വല്ല കടവുമുണ്ടായിരുന്നുവെങ്കില്‍ നിങ്ങളതു വീട്ടുമായിരുന്നില്ലേ?' 'തീര്‍ച്ചയായും' - അദ്ദേഹം പറഞ്ഞു. തിരുമേനി പറഞ്ഞു: 'എങ്കില്‍ താങ്കള്‍ താങ്കളുടെ പിതാവിനു വേണ്ടി ഹജ്ജ് ചെയ്തുകൊള്ളുക (ഇബ്‌നു ഹിബ്ബാന്‍: 3992).
ആറ്) കടം, നേര്‍ച്ച എന്നിവ വീട്ടല്‍
ഇബ്നു അബ്ബാസ് ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ജുഹൈന ഗോത്രത്തിലെ ഒരു വനിത തിരുസന്നിധിയില്‍ വന്നു ചോദിച്ചു: 'എന്റെ മാതാവ് വ്രതം നേര്‍ച്ചയാക്കിയിരുന്നു. അത് നോറ്റുവീട്ടാതെ അവര്‍ മരിച്ചുപോവുകയും ചെയ്തു. അവര്‍ക്കു വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കട്ടെയോ?' റസൂല്‍ (സ) പറഞ്ഞു: 'നിങ്ങളുടെ മാതാവിന് ഒരു കടമുണ്ടായിരിക്കുകയും എന്നിട്ട് നിങ്ങളതു വീട്ടുകയും ചെയ്താല്‍ അതു വീടുകയില്ലേ?' 'തീര്‍ച്ചയായും' - അവര്‍ പറഞ്ഞു. തിരുമേനി പറഞ്ഞു: 'എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മാതാവിനുവേണ്ടി നോമ്പനുഷ്ഠിച്ചുകൊള്ളുക' (മുസ്ലിം: 2752).
ഇബ്നു അബ്ബാസ് (റ) പ്രസ്താവിക്കുന്നു. ജുഹൈന ഗോത്രത്തിലെ ഒരു വനിത തിരുസന്നിധിയില്‍ വന്ന് ബോധിപ്പിച്ചു: 'എന്റെ മാതാവ് ഹജ്ജ് ചെയ്യാന്‍ നേര്‍ന്നിരുന്നു. പക്ഷേ, അത് പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് അവര്‍ മരിച്ചുപോയി. ഇനി അവര്‍ക്കുവേണ്ടി എനിക്ക് ഹജ്ജ് ചെയ്യാമോ?' റസൂല്‍ (സ) പറഞ്ഞു: 'നിങ്ങള്‍ അവര്‍ക്കുവേണ്ടി ഹജ്ജ് ചെയ്തു കൊള്ളുക. നിങ്ങളുടെ മാതാവിന് ഒരു കടമുണ്ടെങ്കില്‍ നിങ്ങളത് വീട്ടുമായിരുന്നില്ലേ? അതുപോലെ അല്ലാഹുവിനോടുള്ള ബാധ്യതയും പൂര്‍ത്തീകരിക്കുക. തന്നോട് ചെയ്തിട്ടുള്ള കരാര്‍ നിറവേറ്റപ്പെടുന്നതിന് അല്ലാഹു കൂടുതല്‍ അര്‍ഹനാകുന്നു' (ബുഖാരി: 1852).
താന്‍ ജീവിതകാലത്ത് ചെയ്തുവെച്ച സല്‍ക്കര്‍മങ്ങള്‍
അബൂഹുറയ്‌റയില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞു: 'ഒരു സത്യവിശ്വാസിയുടെ മരണാനന്തരം അവനോട് ചെന്നു ചേരുന്ന അവന്റെ കര്‍മങ്ങളിലും നന്മകളിലും പെട്ട കാര്യങ്ങളാണ്; അവന്‍ പകര്‍ന്നുകൊടുത്ത വിജ്ഞാനം, അവന്‍ അവശേഷിപ്പിച്ച സുഹൃത്ത്, സദ്വൃത്തനായ സന്താനം, അവന്‍ വിട്ടേച്ചുപോയ മുസ്വ്ഹഫ്, അവന്‍ നിര്‍മിച്ച പള്ളി, വഴിയാത്രക്കാര്‍ക്ക് വേണ്ടി അവന്‍ പണികഴിപ്പിച്ച ഭവനം, അവന്‍ ഒഴുക്കിയ നീര്‍ച്ചാല്‍, അതുപോലെ അവന്റെ ജീവിതകാലത്ത് ആരോഗ്യമുള്ള സന്ദര്‍ഭത്തില്‍ തന്റെ സ്വത്തില്‍നിന്ന് അവന്‍ നല്‍കിയിട്ടുള്ള ദാനധര്‍മങ്ങള്‍. ഇവയെല്ലാം മരണശേഷം അവനോട് ചെന്നുചേരുന്നതാണ്' (ഇബ്‌നുമാജ: 242).
ഇതില്‍ പരേതര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അത് ഉപകാരപ്പെടുമോ എന്ന കാര്യത്തില്‍ ശാഫിഈ മദ്ഹബില്‍ തന്നെ തര്‍ക്കമുണ്ട്. ഇമാം നവവി (റ) പറയുന്നു:
''ഖുര്‍ആന്‍ പാരായണത്തിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബില്‍ പ്രസിദ്ധി നേടിയതും ഒരുകൂട്ടം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും ഖുര്‍ആന്‍ പാരായണം മയ്യിത്തിലേക്കെത്തുകയില്ലെന്നാണ്. എന്നാല്‍ അഹ്മദുബ്‌നു ഹമ്പലും (റ) ഒരുകൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ)യുടെ അനുയായികളില്‍പെട്ട ഒരുകൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുര്‍ആന്‍ പാരായണം മയ്യിത്തിലേക്കെത്തുമെന്നുമാണ്. അതിനാല്‍ പാരായണത്തില്‍നിന്ന് വിരമിച്ചശേഷം 'അല്ലാഹുവേ ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ' എന്ന് പാരായണം ചെയ്തവന്‍ പ്രാര്‍ഥിക്കലാണ് കൂടുതല്‍ നല്ലത്' (അല്‍അദ്കാര്‍, പേ: 172).
Comments