Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ഖദീജാ അബൂബക്കര്‍

അബൂഇര്‍ഫാന്‍ കുളിര്‍മ

കോഴിക്കോട് രാമനാട്ടുകര വനിതാ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകയായിരുന്നു ഖദീജ (76). സൗമ്യമായ ഇടപെടലും പുഞ്ചിരിയും ആത്മാര്‍ഥമായ പ്രവര്‍ത്തനവും കൊണ്ട് സഹപ്രവര്‍ത്തകരുടെയെല്ലാം ഹൃദയം കവര്‍ന്ന അവരെ എല്ലാവരും പ്രിയത്തോടെ 'അമ്മായി' എന്നാണ് വിളിച്ചിരുന്നത്. ദീര്‍ഘകാലം രാമനാട്ടുകരയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാരവാഹിയും നെടുംതൂണുമായിരുന്ന ഡോ. അബൂബക്കര്‍ ഹാജിയുടെ ഭാര്യയായ അവര്‍ എല്ലാ പ്രാസ്ഥാനിക സംരംഭങ്ങള്‍ക്കും ഊര്‍ജവും പിന്തുണയും  നല്‍കിവന്നിരുന്നു. കുടുംബ, സൗഹൃദ, അയല്‍പക്ക ബന്ധങ്ങള്‍ ഊഷ്മളത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും അത്തരം വൃത്തങ്ങളില്‍ പ്രാസ്ഥാനിക പരിപാടികള്‍ പരിചയപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പലവിധ രോഗങ്ങള്‍ ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ആരോടും പരിഭവമില്ലാതെ ആത്മധൈര്യത്തോടെ തന്റെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ഖുര്‍ആന്‍, ദീനീപഠന ക്ലാസുകള്‍ മുടങ്ങരുതെന്ന ശാഠ്യം പുലര്‍ത്തുകയും ചെയ്തു. ജീവകാരുണ്യ സംരംഭങ്ങള്‍, 'കനിവ്' പാലിയേറ്റീവ് കെയര്‍ ഫണ്ടിംഗ്, നിരാലംബരും പ്രയാസപ്പെടുന്നവരുമായ വിധവകള്‍, അനാഥര്‍, രോഗികള്‍ എന്നിവര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിഷ്‌കര്‍ഷ പുലര്‍ത്തി. രാമനാട്ടുകരയില്‍ വനിതാ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ ധാരാളം ഓര്‍മകള്‍ വിട്ടേച്ചുകൊണ്ടാണ് ഖദീജാ സാഹിബ വിടപറഞ്ഞത്.
മക്കള്‍: ഡോ. ഔസാഫ് അഹ്‌സന്‍, റമീസാ അബൂബക്കര്‍, അഫ്താബ് അഹ്മദ്.

 

 

എം.സി ഹസ്സന്‍

ദീര്‍ഘകാലം മുംബൈ മലയാളി ഹല്‍ഖയെ നയിച്ച വ്യക്തിയായിരുന്നു എം.സി ഹസ്സന്‍ എന്ന ഇമ്പിച്ചി സാഹിബ് (91). ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്നു. 1950-കളില്‍ തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. ദശാബ്ദങ്ങള്‍ മുംബൈയില്‍ കഴിഞ്ഞു. മുംബൈ ജെ.ജെ ആശുപത്രിക്കു മുന്‍വശത്തുള്ള പ്രിന്‍സസ് ബില്‍ഡിംഗിലെ മുകള്‍നിലയിലായിരുന്നു അന്ന് ജമാഅത്ത് ഓഫീസ്. പരിമിതമായ സൗകര്യങ്ങളാണെങ്കിലും പ്രസ്ഥാന പ്രവര്‍ത്തനം ലക്ഷ്യം വെച്ച് ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം ഓഫീസില്‍ തന്നെ താമസിക്കുകയായിരുന്നു എം.സി.  കൃത്യനിഷ്ഠ ജീവിതവ്രതമാക്കിയ അദ്ദേഹം സ്വുബ്ഹിന് വളരെ മുമ്പേ എഴുന്നേറ്റ് തഹജ്ജുദിന് ശേഷമുള്ള ഇടവേള ഖുര്‍ആന്‍ പഠനത്തിനായി വിനിയോഗിക്കുക പതിവായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ മുഴുവന്‍ വാള്യങ്ങളും അമാനി മൗലവിയുടെ തഫ്‌സീറും അടുത്ത് വെച്ചു കൊണ്ടായിരിക്കും പഠനം. ഒന്നിലെ വിശദീകരണവുമായി ബന്ധപ്പെട്ട മറ്റു വാള്യങ്ങളിലെ അനുബന്ധ സൂചകങ്ങള്‍ പരിശോധിക്കലായിരുന്നു ഉദ്ദേശ്യം. 1988-ല്‍ ജന്മനാടായ പൊന്നാനിയില്‍ തിരിച്ചെത്തി പ്രസ്ഥാന രംഗത്ത് സജീവമാവുകയും കുറച്ചു കാലം പ്രാദേശിക ജമാഅത്ത് അമീര്‍ ആയി പ്രവര്‍ത്തിക്കുകയുമുണ്ടായി. മര്‍ഹൂം കെ.എന്‍ അബ്ദുല്ല മൗലവിയുടെ സാന്നിധ്യത്തില്‍ പൊന്നാനി ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണം മുതല്‍ അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ഇടക്കാലത്ത് വൈസ് പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്തു. നാട്ടില്‍ പ്രസ്ഥാനത്തിന് അസ്തിവാരമിട്ടവരുടെ കൂട്ടത്തിലെ സൗമ്യസാന്നിധ്യമായിരുന്നു എം.സി.
പൊന്നാനി പ്രാദേശിക ജമാഅത്തിന്റെ അമീറായിരുന്ന കാലം മുതല്‍ ശാരീരികമായി അവശനാകുന്നതു വരെ പൊന്നാനി വണ്ടിപ്പേട്ടയിലെ മസ്ജിദുല്‍ ഹുദാ അങ്കണത്തില്‍ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് ഐ.പി.എച്ച് സാഹിത്യങ്ങള്‍ വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്ന ചുമതല എം.സി തനിച്ചാണ് നിര്‍വഹിച്ചിരുന്നത്. പ്രസിദ്ധീകൃതമാവുന്ന ഐ.പി.എച്ച് സാഹിത്യങ്ങളെല്ലാം വായിച്ചു തീര്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു. പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ പുസ്തകങ്ങളായി ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഉര്‍ദു പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ഉര്‍ദു പത്രമായ 'ദഅ്‌വത്തി'ന്റെ സ്ഥിരം വായനക്കാരനായിരുന്നു. മക്കളെയും പേരമക്കളെയുമൊക്കെ പ്രസ്ഥാനത്തിന്റെ പാതയില്‍ വഴിനടത്തിയിട്ടാണ് എം.സി അല്ലാഹുവിലേക്ക് യാത്രയായത്.
ഭാര്യ: പുത്തന്‍വീട്ടില്‍ മറിയു. മക്കള്‍: അബ്ദുന്നാഫി, അബ്ദുസ്സലാം. മരുമക്കള്‍: നദീറ, സബിത.

പി.വി അബ്ദുല്‍ ഖാദര്‍,പൊന്നാനി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍