Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രവാദവും

വി.കെ അലി

ജമാഅത്തെ ഇസ്‌ലാമിയെന്ന് കേള്‍ക്കുമ്പോഴേക്കും ചിലരുടെ മനസ്സിലുയരുന്ന സങ്കല്‍പം മതരാഷ്ട്രവാദത്തിന്റെ വക്താക്കള്‍ എന്നതാണ്. ഇത്തരം ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ മുസ്‌ലിംകളിലും മുസ്‌ലിംകളല്ലാത്തവരിലും പെട്ട എതിരാളികള്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ, മതരാഷ്ട്രം എന്താണെന്നോ തദ്വിഷയകമായി ജമാഅത്ത് എന്താണ് പറയുന്നതെന്നോ മനസ്സിലാക്കാന്‍ ഇക്കൂട്ടരൊന്നും ശ്രമിച്ചിട്ടില്ല എന്നതാണ് വിചിത്രം.
മതരാഷ്ട്രം എന്നു പറയുമ്പോള്‍ പലരും ധരിക്കുന്നത് സ്വന്തം മതം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുകയും പ്രസ്തുത മതത്തിന്റെ അധികാരം സ്ഥാപിക്കുകയും ചെയ്യുന്ന ഭരണവ്യവസ്ഥ എന്നാകണം. എന്നാല്‍ ഈ അര്‍ഥത്തിലുള്ള ഒരു മതരാഷ്ട്രവാദമോ ചിന്തയോ ജമാഅത്തെ ഇസ്‌ലാമിക്കില്ല. അത് ജമാഅത്തിനെതിരെ ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന ദുരാരോപണം മാത്രമാണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യമായി പറയുന്നത് 'ഇഖാമത്തുദ്ദീന്‍' എന്നതാണ്. ഈ അറബി പ്രയോഗത്തിന്റെ സൂക്ഷ്മമായ അര്‍ഥം 'മതത്തെ നിലനിര്‍ത്തുക' എന്നാണ്. സ്വാഭാവികമായും ഇവിടെ ഉദ്ദേശിക്കുന്ന മതം ഇസ്‌ലാമാണ്. അപ്പോള്‍ ഇസ്‌ലാമിനെ നിലനിര്‍ത്തുക എന്നതായിരിക്കും ഇഖാമത്തുദ്ദീനിന്റെ വിവക്ഷ. അഥവാ മത നിര്‍ദേശങ്ങളനുസരിച്ച് ജീവിക്കുകയും തലമുറകളെ അതനുസരിച്ച് വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും അതിന്റെ അധ്യാപനങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക. എല്ലാ മതവിശ്വാസികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതുതന്നെയല്ലേ ലക്ഷ്യമിടുന്നത്. അവരവരുടെ വിശ്വാസ സംഹിതകളും പ്രത്യയശാസ്ത്രങ്ങളും നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമാണ് ഓരോ വിഭാഗവും ശ്രമിക്കുന്നത്. ഇതൊരു മഹാപാപമാണെങ്കില്‍ എല്ലാവരും ചെയ്യുന്നത് ഇതേ പാപം തന്നെയല്ലേ? ജമാഅത്തിനെ മാത്രം കുരിശില്‍ തറക്കാന്‍ ശ്രമിക്കുന്നതിന്റെ ന്യായമെന്താണ്?
മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന നിയമനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച മതമാണ് ഇസ്‌ലാം. വിശ്വാസ കാര്യങ്ങള്‍, ആരാധനാ കര്‍മങ്ങള്‍, ജീവിത വ്യവഹാരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, രാഷ്ട്രീയ നിയമങ്ങള്‍, സദാചാര വ്യവസ്ഥകള്‍- എല്ലാം അത് ഉള്‍ക്കൊള്ളുന്നു. ഈ സമഗ്രത ഇസ്‌ലാമിനെ പഠിക്കുന്ന ആര്‍ക്കും പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടും. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം ആദര്‍ശങ്ങളില്‍ വിശ്വസിക്കാനും അവ പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു പൗരന് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണത്, ആരുടെയും ഔദാര്യമല്ല. ഇന്ത്യന്‍ ഭരണഘടന 25-ാം ഖണ്ഡികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: 'എല്ലാ ആളുകള്‍ക്കും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും മതം സ്വതന്ത്രമായി വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശം ഉണ്ടായിരിക്കുന്നതാണ്.'
മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ചിലര്‍ പറയാറുണ്ട്. എന്താണിതിന്റെ വിവക്ഷ? ഒരു മത വിഭാഗവും സ്വന്തം വിശ്വാസാദര്‍ശങ്ങളും ആചാര സമ്പ്രദായങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കരുത് എന്നും, രാഷ്ട്രം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാക്കരുത് എന്നുമാണെങ്കില്‍ അത് സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മതേതരത്വത്തിന്റെ ആത്മാവും അതുതന്നെ. ജമാഅത്തെ ഇസ്‌ലാമി അത് അംഗീകരിക്കുന്നു. എന്നാല്‍ മതധാര്‍മിക മൂല്യങ്ങള്‍ക്ക് പൊതുജീവിതത്തില്‍ സ്ഥാനമില്ലെന്നും അവ പരിവര്‍ജനീയങ്ങളാണെന്നുമാണ് വാദമെങ്കില്‍ അത് ജമാഅത്തിന് അംഗീകരിക്കാന്‍ കഴിയില്ല. മഹാത്മാ ഗാന്ധി പോലും അത്തരമൊരു നിലപാടിനെതിരായിരുന്നു. 'മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്' എന്നതാണല്ലോ അദ്ദേഹത്തിന്റെ പ്രഖ്യാതമായ പ്രസ്താവന (ആവമ്മി' െഖീൗൃിമഹ 1930 ഛരീേയലൃ 2).
രാഷ്ട്രം, ഭരണകൂടം എന്നിവയെ സംബന്ധിച്ചെല്ലാം ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സാമൂഹിക നീതി, ജനാധിപത്യം, മതസഹിഷ്ണുത, അധഃസ്ഥിത വിഭാഗത്തിന്റെ മോചനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമാണത്. ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ അതൊന്നും മറച്ചുവെക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളും സാമൂഹിക നിയമങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്്. ഇസ്‌ലാമിന്റെ ഉള്‍ക്കരുത്തും സര്‍ഗാത്മകതയും മനുഷ്യബുദ്ധിയോട് യുക്തിപൂര്‍വം സംവദിക്കാനുള്ള ശേഷിയും അതിന് സ്വീകാര്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. അമേരിക്ക, യൂറോപ്പ് പോലുള്ള വന്‍കരകളില്‍ ഇസ്‌ലാമിന്റെ കുതിപ്പ് അസൂയാവഹമാണ്. ആശയ സംവാദങ്ങളിലൂടെ അതിന്റെ മുന്നേറ്റം പ്രതിരോധിക്കാന്‍ സാധ്യമല്ല എന്ന് കരുതുന്നവര്‍ വളഞ്ഞ വഴിയിലൂടെ അതിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നു. ഇസ്‌ലാമോഫോബിയ സൃഷ്ടിച്ചുകൊണ്ട് ജനഹൃദയങ്ങളെ അതില്‍നിന്ന് അകറ്റുകയാണ് അവര്‍ കണ്ടെത്തിയ സൂത്രം. മതരാഷ്ട്രം, മതമൗലികവാദം, രാഷ്ട്രീയ ഇസ്‌ലാം പോലുള്ള പദാവലികള്‍ ഇക്കൂട്ടരുടെ സംഭാവനകളാണ്. കഥയറിയാതെ ഇതെല്ലാം ഏറ്റുപറയുന്ന, ഉദരപൂരണം മാത്രം ലക്ഷ്യം വെച്ച ചില മുസ്‌ലിം മത പുരോഹിതന്മാരുണ്ട്. അവരുടെ കാര്യം മഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍!
ഏഴു ദശാബ്ദങ്ങളായി ഇന്ത്യാ രാജ്യത്ത് സമാധാനപരവും നിയമാനുസൃതവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. സ്വതന്ത്രമായ ഭരണഘടനയും പ്രവര്‍ത്തന പരിപാടികളും അതിനുണ്ട്. ഉപഭൂഖണ്ഡത്തിലോ മറ്റോ ഉള്ള ഒരു സംഘടനയുമായും അതിന് ബന്ധമില്ല. സമാധാനപരവും നിയമാനുസൃതവുമായ രീതിയിലേ പ്രവര്‍ത്തിക്കാവൂ എന്നും കുഴപ്പവും കലാപവും സൃഷ്ടിക്കുന്ന മാര്‍ഗങ്ങളൊന്നും അവലംബിക്കുകയില്ലെന്നും അതിന്റെ ഭരണഘടനയില്‍തന്നെ എഴുതിവെച്ചിട്ടുണ്ട്: ''ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ വര്‍ഗീയ വിദ്വേഷവും വര്‍ഗ സംഘട്ടനവും ഭൂമുഖത്ത് നാശവും പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും അത് സ്വീകരിക്കുന്നതല്ല'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന- പ്രവര്‍ത്തന മാര്‍ഗം ഖണ്ഡിക 2:5, പേജ് 13).
നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജമാഅത്ത് ഇത്തരത്തിലുള്ള എന്തെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ സാമുദായികാന്തരീക്ഷം വഷളാക്കുന്ന രീതികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, സമുദായ സൗഹാര്‍ദത്തിനും സമസൃഷ്ടി സ്‌നേഹത്തിനും ഉദാത്തമായ മാതൃകകള്‍ കാണിക്കുകയാണ് ചെയ്തത്. ജമാഅത്തിനെതിരിലുള്ള തെറ്റായ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധികളുണ്ടെന്നത് കൂടി സ്മരണീയമാണ്.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ദാരിദ്ര്യനിര്‍മാര്‍ജനം, ഭവന നിര്‍മാണം പോലുള്ള പദ്ധതികളിലും ജമാഅത്തെ ഇസ്‌ലാമി  ചെയ്യുന്ന സേവനങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. മത-ജാതി വിഭാഗീയതകളില്ലാതെ 'ജനസേവനം ദൈവാരാധന' എന്ന മുദ്രാവാക്യം സാര്‍ഥകമാക്കിയ പ്രസ്ഥാനമാണിത്. മുസ്‌ലിമേതര മത-സാംസ്‌കാരിക വൃത്തങ്ങളുമായി ഇത്രയധികം സൗഹൃദം കാത്തുസൂക്ഷിക്കുന്ന മറ്റൊരു സംഘടനയും മുസ്‌ലിം സമൂഹത്തില്‍ ഇല്ല. ഇത്തരത്തിലുള്ള ഒരു സംഘടനയെ മതരാഷ്ട്രവാദത്തിന്റെയും തീവ്രവാദത്തിന്റെയും ചാപ്പകുത്തി തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നത് രാജ്യത്തോടും സമൂഹത്തോടും ചെയ്യുന്ന കടുത്ത ദ്രോഹമാണ്.
ഇസ്‌ലാമില്‍ അടിയുറച്ച് വിശ്വസിക്കുകയും അതിലൂടെയാണ് ഇഹപര സൗഭാഗ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുക എന്ന് മനസ്സിലാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്ത്. നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങള്‍ക്കു തന്നെ നിരക്കുന്നതല്ല. 'മതത്തില്‍ ബലാല്‍ക്കാരമില്ല' (അല്‍ബഖറ: 256), 'താല്‍പര്യമുള്ളവര്‍ വിശ്വസിക്കട്ടെ, താല്‍പര്യമില്ലാത്തവര്‍ തള്ളിക്കളയട്ടെ' (അല്‍കഹ്ഫ്: 29) എന്നൊക്കെയാണതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍. എന്നിരിക്കെ ഇസ്‌ലാമിന്റെ ചിന്താധാരയില്‍ കിളിര്‍ത്ത ജമാഅത്തിനെക്കുറിച്ച ഇത്തരം ആരോപണങ്ങളെല്ലാം പുഛത്തോടെ തള്ളിക്കളയാനേ കഴിയൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍