ഹൃദയസ്പര്‍ശിയായ ജീവിതമെഴുത്ത്
'ഹൃദയത്തിലെ ഖിബ്‌ലമാറ്റം' എന്ന ശീര്‍ഷകത്തില്‍ ജി.കെ എടത്തനാട്ടുകരയുടെ സത്യസാക്ഷ്യ വഴിയിലെ ജീവിതം പറച്ചില്‍ ഹൃദസ്പര്‍ശിയാണ്. മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, സര്‍വ പരിത്യാഗത്തിന്റെ പാത പിന്തുടരാതെ ഭൗതികമായ സുഖസൗകര്യങ്ങള്‍ പരിധികള്‍ അതിലംഘിക്കാതെ ആസ്വദിച്ചുകൊണ്ട് ആത്മീയമായ അനുഭൂതികളിലൂടെ സഞ്ചരിക്കാം എന്നത് ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. ഇതുകൊണ്ട് തന്നെയാണ് അതിഭൗതികതയുടെ അടിമകളായി സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വലിയൊരു സമൂഹം ഇസ്‌ലാമില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത്. പാരമ്പര്യ മുസ്‌ലിം ലോകം പ്രതിസന്ധികളിലും അനൈക്യത്തിലും ആടിയുലയുമ്പോഴും ലോകത്ത് ഇസ്‌ലാം വളരുക തന്നെയാണ്. ഈ മതത്തെ വിമോചന മാര്‍ഗമായി തെരഞ്ഞെടുത്തവരിലൂടെയായിരിക്കും ഒരുപക്ഷേ ചരിത്രത്തിന്റെ പുനരാവര്‍ത്തനങ്ങള്‍ ദൈവം സാധ്യമാക്കുക.
പൗരത്വ നിഷേധവും നിയമ പോരാട്ടവും
ഇന്ത്യന്‍ പൗരന്മാരല്ലെന്ന് ചാപ്പ കുത്തി ഒന്നര വര്‍ഷത്തോളം ജയിലറകളിലെ ഇരുണ്ട മുറിയില്‍ കഴിയവെ നിയമ പോരാട്ടത്തിലൂടെ ഇന്ത്യന്‍ പൗരന്മാരെന്ന് തെളിയിക്കേണ്ടിവന്ന അസം സ്വദേശികളായ മുഹമ്മദ് നൂര്‍ ഹുസൈന്‍, പ്രിയതമ ഷെഹ്‌റ ബീഗം, രണ്ട് മക്കള്‍ എന്നിവരുടെ കദന കഥ നമ്മെ ഏറെ നൊമ്പരപ്പെടുത്തിയതായിരുന്നു. 1951-ലെ ദേശീയ പൗരത്വ രജിസ്റ്ററിലും 1956-ലെ വോട്ടര്‍ പട്ടികയിലും അവരുടെ മാതാപിതാക്കളുടെ പേരും കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖയും ഉണ്ടായിരിക്കെയാണ് ഇവരെ തടങ്കല്‍ പാളയത്തിലിട്ട് പീഡിപ്പിച്ചത്.
പൗരത്വം നിഷേധിക്കപ്പെട്ട ശേഷം നൂര്‍ ഹുസൈനും കുടുംബവും ഇന്ത്യക്കാരായി തിരിച്ചുവന്നതിന്റെ പിന്നിലുള്ള 'സാഹസിക ദൗത്യ'ത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടതാണ്. 2017 ആഗസ്റ്റില്‍ അസം പോലീസ് ഇവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യുന്നു. പിന്നീട് അറസ്റ്റ് ചെയ്യുന്നു. റിക്ഷ ഡ്രൈവറായ അദ്ദേഹം നിരവധി അഭിഭാഷകരെ സമീപിക്കുന്നു. ഉയര്‍ന്ന ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ നിരാശയോടെ പിന്മാറുന്നു. കേസ് നടത്താനാവാത്ത ഘട്ടത്തില്‍ 2018-ല്‍ വിദേശ ട്രൈബ്യൂണല്‍ ഇവര്‍ വിദേശികളാണെന്ന് വിധിക്കുന്നു. 2019 ജൂണില്‍ കുടുംബം തടങ്കല്‍ പാളയത്തില്‍ അടയ്ക്കപ്പെടുന്നു. ഒടുവില്‍ ഇവരുടെ ബന്ധുക്കളാണ് മനുഷ്യാവകാശ അഭിഭാഷകരെ സമീപിച്ച് ഹൈക്കോടതിയില്‍ ഹരജി കൊടുക്കുന്നതും അനുകൂല വിധി വരുന്നതും. സാമ്പത്തിക പ്രയാസത്താല്‍ നിയമപരമായ സഹായം ലഭിക്കാത്ത നിരവധി ഇന്ത്യക്കാര്‍ പൗരത്വം നിഷേധിക്കപ്പെട്ട് ഇതുപോലെ തടവറകളിലുണ്ടെന്ന് മനുഷ്യാവകാശ അഭിഭാഷകനായ അമന്‍ വദൂദ് പറയുന്നു. അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി 988 വിദേശികളുണ്ടെന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല, ഇത്തരം തടങ്കല്‍ പാളയങ്ങള്‍ സജ്ജമാക്കാന്‍ കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചിട്ടുള്ളതായി മന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലും വിശദമാക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍, 35 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയെന്നാണ് സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്. 1998-ല്‍ തന്നെ വാജ്പേയ് പ്രധാനമന്ത്രിയായപ്പോള്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ച കാര്യവും അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വ പട്ടികക്ക് പുറത്തായവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് ഫോറിനേഴ്സ് ട്രിബ്യൂണലിലും കോടതിയിലും പോകാന്‍ അവസരുണ്ടെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. അതില്‍ എത്ര പേര്‍ക്ക് ഈ നിയമയുദ്ധത്തിന് പ്രാപ്തിയുണ്ടെന്ന കാര്യം നാം ചിന്തിക്കേണ്ടതാണ്. കാരണം, പട്ടികക്ക് പുറത്തായവരില്‍ സിംഹഭാഗവും ഏറ്റവും ദരിദ്രരായ സാധാരണക്കാരാണ്. അതിന്റെ തെളിവാണ് നൂര്‍ ഹുസൈന്റെയും കുടുംബത്തിന്റെയും ദുരനുഭവം. തടങ്കല്‍ പാളയത്തില്‍ ഉള്ളവരെ ഡി വോട്ടര്‍മാര്‍ (ഡൗട്ട്ഫുള്‍ വോട്ടര്‍മാര്‍) എന്ന നിലയിലാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാനാകാതെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചവര്‍ എന്നതാണ് അതിനര്‍ഥം. ഇവരെല്ലാം ഫോറിനേഴസ് ട്രിബ്യൂണലില്‍ പോയി പൗരത്വം തെളിയിക്കണം. അതില്‍ പരാജയപ്പെട്ടാല്‍ അവരെയെല്ലാം തടങ്കല്‍ പാളയത്തിലേക്ക് മാറ്റും. ഇങ്ങനെ പല വിധേനയും അപരവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക്, പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍ നല്‍കേണ്ടത് രാജ്യം കീറി മുറിക്കപ്പെടാതെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും കടമയാണ്. പല സംഘടനകളും അവരവരുടെ തുരുത്തുകളില്‍നിന്ന് ഇത്തരം സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ശരി തന്നെയാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇത്തരം നീക്കങ്ങള്‍ വെറും ആരംഭശൂരത്വമായി പരിണമിക്കുന്നുണ്ടോ എന്നും നിയമ പ്രതിരോധത്തിന്റെ മൂര്‍ച്ച കുറയുന്നുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. വര്‍ഗീയ-പൗരത്വ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരെ സഹായിക്കാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും, കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും സാമൂഹിക-രാഷട്രീയ-മത- നിയമ മേഖലകളില്‍പെട്ടവരെ ഉള്‍പ്പെടുത്തി കേന്ദ്രീകൃത സ്വഭാവത്തിലുള്ള ശക്തമായ, സ്ഥായിയായ ഒരു പ്രതിരോധ സംവിധാനം ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് വര്‍ത്തമാന സംഭവങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്. എന്‍.ആര്‍.സിയില്‍നിന്ന് പുറത്താക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കുന്ന അഭിഭാഷകര്‍ക്ക് നിയമോപദേശം നല്‍കുക, ഹരജി സമര്‍പ്പിക്കാന്‍ സഹായിക്കുക, ഗവേഷണം നടത്തുക, അഭിഭാഷകരെയും സന്നദ്ധ പ്രവര്‍ത്തകരെയും സഹായിക്കുക, ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രേഖകള്‍ ഉണ്ടാക്കുക, സാമ്പത്തിക പിന്തുണ നല്‍കുക തുടങ്ങിയവ എളുപ്പമാക്കാനും ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ഇത് കൂടിയേ തീരൂ .
പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിന്റെ മുമ്പില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുക, നിയമസങ്കീര്‍ണതകളില്‍ കുടുക്കുക, അപകര്‍ഷ ബോധത്തിന് അടിപ്പെടുത്തുക, ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുക, നിരാശയിലും ആശങ്കയിലും ആകുലതകളിലും ഒരു സമുദായത്തെ മുഴുവന്‍ വരിഞ്ഞുമുറുക്കിയിട്ട്, അവരില്‍ ഒരുതരം നിഷ്‌ക്രിയത്വവും അപരത്വവും നിസ്സംഗതയും സന്നിവേശിപ്പിക്കുക തുടങ്ങിയവയാണ് ഫാഷിസ്റ്റ് ഭരണസംവിധാനങ്ങള്‍ പിന്തുടരുന്ന അപരവല്‍ക്കരണ രീതികള്‍. ഇത് മനസ്സിലാക്കാത്തേടത്തോളം കാലം നാം കരയാന്‍ മാത്രം കഴിയുന്ന ഇരകളായി തുടരുക തന്നെ ചെയ്യും. ചരിത്രത്തിന്റെ ചുവരെഴുത്ത് പാഠങ്ങള്‍ വായിക്കാന്‍ നമുക്ക് സാധ്യമാകേണ്ടതുണ്ട്. അല്ലാത്തവരെ സംബന്ധിച്ചേടത്തോളം സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ട മാത്രമായിരിക്കും, തീര്‍ച്ച.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
ഐ.പി.എച്ച് ഇല്ലായിരുന്നുവെങ്കില്‍
കേരളത്തില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്നൊരു പ്രസിദ്ധീകരണാലയം ഇല്ലായിരുന്നുവെങ്കില്‍ കേരളീയ ഇസ്‌ലാം വരണ്ടുണങ്ങി ചിന്തകള്‍ മുരടിച്ചു മൂകമായി നിന്നേനെ. എന്നാല്‍ അതില്‍നിന്നെല്ലാം മനുഷ്യരെ മാറ്റിയെടുക്കാന്‍ ഐ.പി.എച്ചിനു കഴിഞ്ഞു.
അബ്ദുല്‍ മലിക് മുടിക്കല്‍
'കണക്കു പുസ്തകം'
അശ്‌റഫ് കാവിലിന്റെ 'കണക്കു പുസ്തകം' എന്ന കവിത (2020 ഡിസംബര്‍ 4) ശ്രദ്ധേയമായി. മനുഷ്യന്‍ ഇന്ന് അഭിമുഖീകരിക്കുന്ന കൊറോണ കാലഘട്ടത്തിലെ വ്യഥകളും സങ്കടങ്ങളും കവിതയിലൂടെ അവതരിപ്പിക്കുമ്പോള്‍ എല്ലാവരുടെയും നെഞ്ചിടിപ്പ് വര്‍ധിക്കുന്നു. ഒരു കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുപോയ സ്വപ്‌നങ്ങള്‍ ഒരു കൊടുങ്കാറ്റിന്റെ ഭീതി ജനിപ്പിക്കുന്നു. യുവതലമുറകള്‍ ഖുര്‍ആനിന്റെ ആശയങ്ങള്‍ മനഃപാഠമാക്കാന്‍ കവി ആജ്ഞാപിക്കുന്നുണ്ട്. വായിച്ചാലും വായിച്ചാലും കൊതിതീരാത്ത കവിത.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
ആ പ്രയോഗങ്ങള്‍ അതിരുകടന്നതാണ്
അശ്‌റഫ് കാവില്‍ എഴുതിയ 'ഉപയോഗമില്ലാത്തവ' എന്ന കവിത (ലക്കം 3181) അല്‍പം അതിരുകടന്നതായി തോന്നി. വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെട്ട് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നുണ്ടെങ്കില്‍ പോലും അവരെ ആക്രി വസ്തുവായി തരംതാഴ്ത്തുന്നത് മര്യാദകേടാണ്. സമൂഹത്തില്‍ ഒരു വിഭാഗം ചെയ്യുന്ന തിന്മയെ നമ്മള്‍ പിന്തുണക്കുന്നതിന് തുല്യമായിപ്പോവും അത്.
ഹുസൈന്‍ വളാഞ്ചേരി
ഉള്‍പ്പുളകം തന്ന വായന
ജി.കെ എടത്തനാട്ടുകരയുടെ ജീവിതം ഉള്‍പ്പുളകത്തോടു കൂടിയല്ലാതെ വായിക്കാന്‍ കഴിയില്ല. പാരമ്പര്യ മുസ്‌ലിംകളായവര്‍ക്ക് പലപ്പോഴും ഇസ്‌ലാമിന്റെ ഈ മാധുര്യം അനുഭവിക്കാന്‍ കഴിയുന്നില്ല. പ്രബോധനം കിട്ടിയാല്‍ ആദ്യം ജി.കെയുടെ ജീവിതം വായിക്കാനാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ അവതരണവും ഹൃദയസ്പര്‍ക്കാണ്.
അബ്ദുസ്സമദ് കൂട്ടിലങ്ങാടി
Comments