Prabodhanm Weekly

Pages

Search

2021 ജനുവരി 15

3185

1442 ജമാദുല്‍ ആഖിര്‍ 02

സ്വാഗതാര്‍ഹം അല്‍ ഉലാ പ്രഖ്യാപനം

സുഊദി അറേബ്യയും അതിന്റെ മൂന്ന് അറബ് സഖ്യകക്ഷികളും ഖത്തറുമായി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും അതിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം എടുത്തുകളയാനും തീരുമാനിച്ചത് തീര്‍ച്ചയായും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് വലിയൊരളവില്‍ അയവ് വരുത്തും. എന്തൊക്കെ പോരായ്മകളും പരിമിതികളുമുണ്ടെങ്കിലും തികച്ചും സ്വാഗതം ചെയ്യപ്പെടേണ്ടതാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലി (ജി.സി.സി)ന്റെ നാല്‍പ്പത്തി ഒന്നാം ഉച്ചകോടിയിലെടുത്ത തീരുമാനം. സുഊദി അറേബ്യയിലെ അല്‍ ഉലാ നഗരത്തില്‍ ഒപ്പ് വെക്കപ്പെട്ട ഈ പ്രമേയം ഇനി അല്‍ ഉലാ പ്രഖ്യാപനം എന്ന പേരില്‍ അറിയപ്പെടും. ജി.സി.സിയിലെ ആറംഗങ്ങള്‍ക്ക് പുറമെ ഈജിപ്ഷ്യന്‍ പ്രതിനിധിയും ഉച്ചകോടിയില്‍ പങ്കുകൊണ്ടിരുന്നു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് മൂന്നര വര്‍ഷമായി തുടരുന്ന ഉപരോധം നീക്കാന്‍ അതില്‍ പങ്കാളികളായ രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. 2017 ജൂണിലായിരുന്നു സുഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറുമായി ബന്ധങ്ങള്‍ വിഛേദിച്ചത്. ഇറാനുമായി കൂടുതല്‍ അടുക്കുന്നുവെന്നും തീവ്രവാദി സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നുവെന്നുമായിരുന്നു ഖത്തറിനെതിരെ ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍. അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനിക സാന്നിധ്യം അവസാനിപ്പിക്കുക, ഇറാനുമായി നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുക തുടങ്ങി പതിമൂന്ന് ആവശ്യങ്ങളാണ് ചതുര്‍ രാഷ്ട്ര സഖ്യം മുന്നോട്ട് വെച്ചത്. അല്ലാത്തപക്ഷം ഉപരോധം അവസാനിപ്പിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. മുഴുവന്‍ ആരോപണങ്ങളും ഖത്തര്‍ നിഷേധിക്കുകയാണ് ചെയ്തത്. ഉന്നയിച്ച പല ആവശ്യങ്ങളും തങ്ങളുടെ പരമാധികാരത്തിലുള്ള ഇടപെടലാണെന്നും കുറ്റപ്പെടുത്തി.
ഖത്തറിനെ സംബന്ധിച്ചേടത്തോളം വലിയ ആഘാതം തന്നെയായിരുന്നു ഉപരോധം. ഒരു തരത്തിലുള്ള ഉപരോധവും മുമ്പവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. എണ്ണ - പ്രകൃതി വാതക സമ്പന്നമായ ഈ കൊച്ചു ഗള്‍ഫ് രാഷ്ട്രത്തിലേക്ക് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം വന്നുകൊണ്ടിരുന്നത് അയല്‍ രാഷ്ട്രങ്ങളില്‍ നിന്നാണ്. പെട്ടെന്ന് അതൊക്കെയും നിലച്ചു. വിമാന സര്‍വീസുകള്‍ പലതും നിര്‍ത്തിവെക്കേണ്ടി വന്നു. തുര്‍ക്കിയെപ്പോലുള്ള രാഷ്ട്രങ്ങള്‍ ഉടനടി സഹായവുമായി എത്തിയിരുന്നില്ലെങ്കില്‍ ഖത്തര്‍ വളരെയേറെ കഷ്ടത്തിലായേനെ. പക്ഷേ ഒരു നേട്ടമുണ്ടായി. തങ്ങള്‍ കേവലം ഉപഭോക്തൃ സമൂഹം മാത്രമാണെന്ന് ഖത്തരികള്‍ തിരിച്ചറിഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഭരണകൂടവും സമൂഹവും ഒത്തൊരുമിച്ച് ശ്രമിച്ചു. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ഥനകളും അനീതിക്കിരയായ ഈ കൊച്ചു രാഷ്ട്രത്തിന് ഉണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് ഈ രാഷ്ട്രം അതിജീവിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബ്‌നു ഹമദ് ആല്‍ഥാനിയുടെ നിശ്ചയദാര്‍ഢ്യം ഇവിടെ പ്രത്യേകം എടുത്തു പറയണം. സമ്മര്‍ദങ്ങള്‍ക്കൊന്നും അദ്ദേഹം വഴങ്ങിക്കൊടുക്കുകയുണ്ടായില്ല.
ഉപരോധം അവസാനിപ്പിക്കാന്‍ ചതുര്‍ രാഷ്ട്ര സഖ്യത്തിന് താല്‍പ്പര്യമില്ലായിരുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് തന്നെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ഉപരോധം തുടരുമായിരുന്നുവെന്നും നിരീക്ഷിക്കുന്നവരുണ്ട്. ജോ ബൈഡന്‍ പ്രസിഡന്റായതാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഉപരോധം തുടരുന്നതില്‍ ബൈഡനും ടീമും തല്‍പ്പരരല്ല. ബൈഡനുമായി നല്ല ബന്ധം ഉണ്ടാക്കാനുള്ള നീക്കമായും ചില രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്. ഉപരോധം നീക്കാനുള്ള പ്രേരകങ്ങളും സമ്മര്‍ദങ്ങളും എന്തൊക്കെയായിരുന്നാലും, മേഖലയിലെ സാമ്പത്തിക ഉണര്‍വിന് വലിയ തോതില്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇത് നിമിത്തമാകും. ആ നിലക്ക് പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന കേരളീയ സമ്പദ്ഘടനക്ക് ഉപരോധം നീക്കാനുള്ള തീരുമാനം വലിയൊരു ശുഭസൂചനയാണ് നല്‍കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (6-10)
ടി.കെ ഉബൈദ്‌

ഹദീസ്‌

സാക്ഷാല്‍ക്കരിക്കപ്പെടേണ്ടത് ഈ പ്രതിജ്ഞയാണ്
കെ.സി ജലീല്‍ പുളിക്കല്‍