Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

മുഹമ്മദ് അബ്ദുല്ലാ ദറാസ് ഖുര്‍ആന്റെ ആത്മസുഹൃത്ത്

ഡോ. മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ഈജിപ്തിലെ കഫറുശ്ശൈഖ് എന്ന ചെറുഗ്രാമത്തില്‍ 1894-ലാണ് മുഹമ്മദ് അബ്ദുല്ലാ ദറാസിന്റെ ജനനം. മതനിഷ്ഠയിലും വിജ്ഞാനത്തിലും ഏറെ മുന്‍പന്തിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പ്രമുഖ അസ്ഹരീ പണ്ഡിതനും ഇമാം ശാത്വിബിയുടെ മുവാഫഖാത്ത് എന്ന കൃതിയുടെ വ്യാഖ്യാതാവുമായ ശൈഖ് അബ്ദുല്ലാ ദറാസാണ് അദ്ദേഹത്തിന്റെ പിതാവ്.
ബാല്യത്തില്‍ തന്നെ മുഹമ്മദ് അബ്ദുല്ലാ ദറാസ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും 1916-ല്‍ പണ്ഡിത ബിരുദം നേടുകയും ചെയ്തു. 1928-ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിതനായ അദ്ദേഹം 1936-ല്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. പ്രസ്തുത വര്‍ഷം തന്നെ ഫ്രാന്‍സിലെ സോബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചു. പന്ത്രണ്ടു വര്‍ഷമാണ് അദ്ദേഹം ഫ്രാന്‍സില്‍ ചെലവഴിച്ചത്.
പാശ്ചാത്യ സംസ്‌കാരത്തെ അതിന്റെ ഈറ്റില്ലത്തില്‍ നിന്നു തന്നെ മനസ്സിലാക്കാനും വിശുദ്ധ ഖുര്‍ആന്റെ ധാര്‍മിക സന്ദേശവുമായി അതിനെ താരതമ്യം ചെയ്യാനുമാണ് അദ്ദേഹം ഇക്കാലം വിനിയോഗിച്ചത്.
'ധാര്‍മികത ഖുര്‍ആനില്‍' (ദസ്തൂറുല്‍ അഖ്‌ലാഖ് ഫില്‍ ഖുര്‍ആന്‍) എന്ന വിഷയത്തില്‍ ദറാസ് സോബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച പി.എച്ച്.ഡി പ്രബന്ധം ഫ്രാന്‍സിലെ പ്രശസ്ത ഓറിയന്റലിസ്റ്റുകളായ ലൂയി മാസിനന്‍, ലൂയി പ്രൊവന്‍സാള്‍ എന്നിവരുടെ പോലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1949 ഡിസംബര്‍ 15-നായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധ സമര്‍പ്പണവും നിരൂപണ ചര്‍ച്ചയും നടന്നത്. 1949-ല്‍ ശൈഖ് ദറാസ് ആഗോള പണ്ഡിത സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ ഈജിപ്തിലെ പല യൂനിവേഴ്‌സിറ്റികളിലും, 'ധാര്‍മികത ഖുര്‍ആനില്‍', 'ഖുര്‍ആന്‍ വ്യാഖ്യാനം', 'ലോകമതങ്ങളും ചരിത്രവും' തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. 1958-ല്‍ പാകിസ്താനില്‍ ഒരു ഇസ്‌ലാമിക സാംസ്‌കാരിക സമ്മേളത്തില്‍ പങ്കെടുക്കവെ ആയിരുന്നു ശൈഖ് മുഹമ്മദ് അബ്ദുല്ലാ ദറാസിന്റെ വിയോഗം.

മഗ്രിബീ വേരുകള്‍
ദറാസ് കുടുംബത്തിന് മഗ്രിബി*ല്‍ വേരുകളുണ്ട്;  മഗ്‌രിബി വൈജ്ഞാനിക പാരമ്പര്യത്തോട് വലിയ അടുപ്പവുമുണ്ട്.  പരമ്പരാഗതമായി അവിടങ്ങളില്‍ സ്വാധീനമുള്ള മാലികീ മദ്ഹബ് പിന്‍പറ്റുന്നതുകൊണ്ടായിരിക്കാം ഈ അടുപ്പം. മാലികീ കര്‍മശാസ്ത്ര പണ്ഡിതന്‍ അബൂ ഇസ്ഹാഖ് ശാത്വിബിയുടെ 'മുവാഫഖാത്തി'ന് പിതാവ് അബ്ദുല്ലാ ദറാസ് വ്യാഖ്യാനം എഴുതിയിരുന്നല്ലോ. മകന്‍ മുഹമ്മദ് ദറാസാണ് ആ ഗ്രന്ഥത്തിന്റെ സൂക്ഷ്മപരിശോധന നിര്‍വഹിച്ചത്.
ശാത്വിബിയുടെ 'അല്‍ ഇഅ്ത്തിസാം' എന്ന കൃതിയെ ആസ്പദമാക്കിയും ശൈഖ് അബ്ദുല്ലാ ദറാസിന്റെ ഒരു പഠനമുണ്ട്. അല്‍ മീസാന്‍ ബൈനസ്സുന്ന വല്‍ബിദ്അ എന്ന ആ ഗ്രന്ഥത്തില്‍ ഇമാം ശാത്വിബിയുടെ ഇഅ്ത്തിസാമിലെ ചിന്തകളും നിരീക്ഷണങ്ങളും പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ ഗ്രന്ഥം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി.
ഫ്രാന്‍സിലെ പഠനകാലത്താണ് ശൈഖ് മുഹമ്മദ് ദറാസ് മഗ്‌രിബുകാരനും ദാര്‍ശനികനുമായ മാലിക് ബിന്നബിയുമായി സൗഹൃദത്തിലാവുന്നത്. സൗഹൃദം സുദൃഢമാവുകയും ചിന്തയിലും ധിഷണയിലും അവര്‍ തമ്മിലെ ആശയപ്പൊരുത്തത്തിന് അത് നിദാനമാവുകയും ചെയ്തു. ഖുര്‍ആനിക വിജ്ഞാനീയങ്ങളുടെ നവീകരണമായിരുന്നു അത്തരം വിഷയങ്ങളിലൊന്ന്. മാലിക് ബിന്നബിയുടെ 'ഖുര്‍ആനിക പ്രതിഭാസം' (അള്ളാഹിറത്തുല്‍ ഖുര്‍ആനിയ്യ) എന്ന കൃതിയുടെ മുഖവുരയില്‍ ശൈഖ് ദറാസ് തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാലിക് ബിന്നബിയുടെ ഈ കൃതിയും ശൈഖ് ദറാസിന്റെ അന്നബഉല്‍ അളീം, മദ്ഖലുന്‍ ഇലല്‍ ഖുര്‍ആനില്‍ കരീം എന്നീ കൃതികളും വായിക്കുന്ന ഏതൊരാള്‍ക്കും ഇരുപതാം നൂറ്റാണ്ടിലെ ഈ രണ്ടു മുസ്‌ലിം ധിഷണകളുടെ ചിന്തകളിലെ സമാനതകള്‍ അനായാസം ഗ്രഹിക്കാന്‍ കഴിയും. ഈ ധിഷണാപരമായ ഐക്യം  സാഹോദര്യബന്ധത്തിലേക്കും അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സംഘടിത പോരാട്ടത്തിലേക്കും വളരാന്‍ അധിക സമയം വേണ്ടിവന്നില്ല.
ബുദ്ധികൂര്‍മത, വിവേകം, വിനയം, വിശ്വാസ്യത, അവധാനത, ധീരത, സാമര്‍ഥ്യം, സ്ഥൈര്യം, സംഭാഷണ ചാതുരി, സഹാനുഭൂതി, നൈര്‍മല്യം തുടങ്ങിയ ഒട്ടേറെ വിശിഷ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നുവെന്ന് ശൈഖ് അബ്ദുല്ല അന്‍സാരി അനുസ്മരിച്ചിട്ടുണ്ട്. ഹൃദയത്തിലുള്ള വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം മുസ്‌ലിം ഉമ്മത്തിന്റെ ആശങ്കകളെ കുറിച്ചും സദാ ബോധവാനായിരുന്നു. ശിഷ്യനായ ഉസ്താദ് യൂസുഫുല്‍ ഖറദാവി എഴുതുന്നു: 'ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വാചാലനായിട്ടല്ലാതെ അദ്ദേഹത്തെ ഞങ്ങള്‍ കണ്ടിട്ടില്ല.'
ധീരമായ നിലപാടുകളും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഫ്രാന്‍സില്‍ പഠിക്കുന്ന കാലത്തു തന്നെ ശൈഖ് ദറാസ് ഫ്രഞ്ച് അധിനിവേശ കോളോണിയല്‍ നയങ്ങള്‍ക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും മഗ്രിബ് പ്രദേശത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി  നിലകൊള്ളുകയും ചെയ്തിരുന്നു. ഈജിപ്തിലെ വിപ്ലവകാരികള്‍ അദ്ദേഹത്തിന് അല്‍ അസ്ഹര്‍ റെക്റ്റര്‍ പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും, യൂനിവേഴ്‌സിറ്റി വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഭരണകൂട നിയന്ത്രണങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കണം എന്ന  തന്റെ നിബന്ധന അവര്‍ അംഗീകരിക്കാത്തതിനാല്‍ പദവി അദ്ദേഹം വേണ്ടെന്നു വെച്ചു.

ഇസ്‌ലാമിക, പാശ്ചാത്യ ചിന്താസമന്വയം
അല്‍ അസ്ഹറിലെയും ഫ്രാന്‍സിലെ സോബോണ്‍ യൂനിവേഴ്‌സിറ്റിയിലെയും പഠനം ശൈഖ് ദറാസിന് ഇസ്‌ലാമിക, പാശ്ചാത്യ സംസ്‌കാരങ്ങളെ ഗഹനമായി പഠിക്കാന്‍ വഴിയൊരുക്കി. ഇരു സംസ്‌കാരങ്ങളുടേയും വൈജ്ഞാനിക ധിഷണയെ സമന്വയിപ്പിച്ചുകൊണ്ടുള്ള അപഗ്രഥന ശൈലിയായിരുന്നു ദറാസിന്റേത്. നിര്‍ജീവവും യാഥാസ്ഥിതികവുമായ പാരമ്പര്യ സംസ്‌കാരത്തിന്റെയോ, ഇപ്പുറമുള്ള പാശ്ചാത്യ സംസ്‌കാരത്തിന്റെയോ സങ്കുചിത ചിന്താധാരകളില്‍ നിലയുറപ്പിച്ചവരുടെ ചിന്താമരവിപ്പും ഉപരിപ്ലവതയും  അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നില്ല.
ഇമാം ഗസ്സാലിയുടെയും ഹകീം തിര്‍മിദിയുടെയും അബൂത്വാലിബ് മക്കിയുടെയും ആത്മസംസ്‌കരണ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയതു പോലെ ഇമ്മാനുവല്‍ കാന്റിന്റെയും ദെക്കാര്‍ത്തിന്റെയും ബര്‍ക്‌സന്റെയും തത്ത്വശാസ്ത്രങ്ങളിലും അദ്ദേഹം വ്യുല്‍പത്തി നേടി. ആധുനിക പാശ്ചാത്യ വിജ്ഞാനീയങ്ങളിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലുമുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ ചിന്തകളെ കൂടുതല്‍ വിശാലവും, വിശകലന - നിരൂപണങ്ങളെ സൂക്ഷ്മവും, തെളിവു സമര്‍ഥനത്തെ ആധികാരികവുമാക്കി. വിശുദ്ധ ഖുര്‍ആനില്‍നിന്ന് സ്വാംശീകരിച്ച സാഹിതീയ ഭാഷാശൈലിയും യുക്തിഭദ്രമായ തെളിവു സമര്‍ഥനവുമാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത.

ഖുര്‍ആന്റെ ആത്മസുഹൃത്ത്
ശൈഖ് ദറാസിന്റെ ഏറ്റവും വലിയ സവിശേഷത ആ ജീവിതം മുഴുവന്‍ ഖുര്‍ആനിന്റെ തണലിലായിരുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക സംഭാവനകളും നിര്‍ഗളിച്ചത് മനസ്സിലും മസ്തിഷ്‌കത്തിലും ആഴത്തില്‍ വേരൂന്നിയ വിശുദ്ധ ഖുര്‍ആനെന്ന വറ്റാത്ത ഉറവയില്‍നിന്നായിരുന്നു. ഖുര്‍ആന്‍ പഠനത്തിലോ പാരായണത്തിലോ നമസ് കാരത്തിലോ അല്ലാതെ അദ്ദേഹം  കൂടുതല്‍ സമയം  ചെലവഴിക്കാറുണ്ടായിരുന്നില്ല. ഖുര്‍ആന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വൈജ്ഞാനിക മേഖലകളുടെ അച്ചുതണ്ട്. ഖുര്‍ആനോടുള്ള അഭിനിവേശം അദ്ദേഹം ഉള്ളിലൊതുക്കി കഴിയുകയായിരുന്നില്ല. പ്രേമഭാജനത്തെ നിരന്തരം സ്മരിക്കുന്ന കാമുകനെ പോലെ സംസാരത്തിലുടനീളം ശൈഖ് ദറാസ് ഖുര്‍ആന്‍ വാക്യങ്ങള്‍ ഉരുവിടുമായിരുന്നു. കോര്‍ത്തിണക്കപ്പെട്ട മുത്തുകളോടാണ് ദറാസ് ഖുര്‍ആനെ ഉപമിച്ചിരുന്നത്. ദിനേന ഖുര്‍ആന്റെ അഞ്ചിലൊരു ഭാഗം പാരായണം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തി.  പ്രഭാഷണങ്ങള്‍ക്കിടയില്‍ പോലും പാരായണത്തിന്റെ സുജൂദ് നിര്‍വഹിക്കുകയും പ്രഭാഷണത്തിനു മുമ്പ് ശ്രോതാക്കളായ വിദ്യാര്‍ഥികളോട് അതിനു വേണ്ടി വുദൂ ചെയ്യാന്‍ നിര്‍ദേശിക്കാറുമുണ്ടായിരുന്നു. ലാഹോറില്‍  നടന്ന ഇസ്‌ലാമിക സാംസ്‌കാരിക സമ്മേളനത്തില്‍ ശൈഖ് ദറാസിന്റെ സഹചാരിയായിരുന്ന ഉസ്താദ് അബൂസഹ്‌റ ഒരനുഭവം പങ്കുവെക്കുന്നതിങ്ങനെ: 'ഇശാ നമസ്‌കാരത്തിന് ശൈഖ് ദറാസായിരുന്നു ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നമസ്‌കാരശേഷം ഞങ്ങള്‍ വിശ്രമിക്കാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം നമസ്‌കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുകയായിരിക്കും. നമസ്‌കാരത്തിലോ ഖുര്‍ആന്‍ പാരായണത്തിലോ ആയിട്ടല്ലാതെ അദ്ദേഹത്തെ ഞങ്ങള്‍ കണ്ടിരുന്നില്ല.'

മധ്യമ നിലപാട്
ഇസ്‌ലാമിന്റെ മധ്യമ നിലപാടിന്റെയും വിശാല കാഴ്ചപ്പാടിന്റെയും ശക്തനായ വക്താവായിരുന്നു ശൈഖ് ദറാസ്. യുക്തിയും പ്രമാണവും, സുന്നത്തും ബിദ്അത്തും, യാന്ത്രികവാദവും സര്‍വസ്വതന്ത്രവാദവും, യുദ്ധ- സമാധാന കരാറുകള്‍ മതവും വിജ്ഞാനവും ധാര്‍മികതയും നിയമങ്ങളും തുടങ്ങി ഇസ്‌ലാമിക ചിന്താമണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ദ്വന്ദ്വങ്ങളില്‍ ഒരു പക്ഷം ചേര്‍ന്നു നില്‍ക്കുക എന്ന ആത്യന്തിക സമീപനങ്ങളില്‍ അദ്ദേഹത്തിന്റെ മധ്യമ നിലപാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ ദറാസിന്റെ ചിന്തകള്‍ സമാഹരിച്ചുകൊണ്ടുള്ള എന്റെ ഒരു കൃതി അല്ലാഹു ഉതവി നല്‍കിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. 'യുക്തിയും പ്രമാണവും' (അല്‍ അഖ്‌ലു വന്നഖ്ല്‍) എന്ന വിഷയത്തില്‍ ശൈഖ് ദറാസിന്റെ ചിന്തകളെ കുറിച്ച് ചില സൂചനകള്‍ മാത്രം നല്‍കാം. ദിവ്യ വെളിപാടിന്റെ ആഗമനത്തിനു മുമ്പ് തന്നെ നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണെന്നും ദൈവിക വെളിപാട് മനുഷ്യന്റെ നൈസര്‍ഗിക ധാര്‍മികതയെ പരിപൂര്‍ണമാക്കുകയും പരിപോഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ദറാസ് അഭിപ്രായപ്പെടുന്നു. ഇഛക്ക് കീഴ്‌പ്പെടാന്‍ സാധ്യതയുള്ളതിനാലും  നൈസര്‍ഗിക ബുദ്ധി പരിമിതമായതിനാലുമാണ് മനുഷ്യന് ദിവ്യവെളിപാടിന്റെ കവചം അനിവാര്യമായിത്തീരുന്നത്. ദൈവിക വെളിപാടിന്റെ അഭാവത്തില്‍ നന്മതിന്മകളെ നിര്‍വചിക്കാന്‍ കഴിയാതെ മനുഷ്യബുദ്ധി നിരന്തരം സമ്മര്‍ദത്തിലകപ്പെട്ടതിന്റെയും ബുദ്ധി ബുദ്ധിയോടും വികാരം വികാരത്തോടും ഏറ്റുമുട്ടിയതിന്റെയും ചരിത്ര സാക്ഷ്യങ്ങള്‍ ഏറെയുണ്ട്. ബുദ്ധ ദര്‍ശനത്തിലെ സമ്പൂര്‍ണ ഐഹിക പരിത്യാഗ വാദം (നിര്‍വാണം) മുതല്‍ ഗ്രീക്ക് തത്ത്വചിന്തകനായ സൈനോയുടെ നിസ്സംഗതാ വാദം(Stoicism) വരെ ഇതിന്റെ ഉദാഹരണങ്ങളാണ്.
മനുഷ്യന്റെ നൈസര്‍ഗിക ധാര്‍മിക ബുദ്ധിയും ദൈവിക വെളിപാടും പരസ്പരപൂരകമായി വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണിത് വിളംബരം ചെയ്യുന്നത്. അപ്രകാരം പ്രവര്‍ത്തിക്കണമെന്നാണ് ദൈവഹിതവും.

പരിഷ്‌കരണം, പര്യവേക്ഷണം
ദറാസിന്റെ വൈജ്ഞാനിക ചിന്തകള്‍ അഖിലവും പരിഷ്‌കരണ സ്വഭാവമുള്ളവയായിരുന്നു; വിശിഷ്യാ ഖുര്‍ആനിക പഠനങ്ങള്‍. ഈ മേഖലയില്‍ അദ്ദേഹം രണ്ട് പുതിയ വിജ്ഞാനശാഖകള്‍ക്ക് അടിത്തറ പാകിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്നാണ് എന്റെ വിശ്വാസം. 'ധാര്‍മിക ശാസ്ത്രം ഖുര്‍ആനില്‍, ഖുര്‍ആന്‍ ഉറവിട ശാസ്ത്രം എന്നിവയാണ് പ്രസ്തുത വിജ്ഞാന ശാഖകള്‍. ദസ്തൂറുല്‍ അഖ്‌ലാഖ് ഫില്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ധാര്‍മികശാസ്ത്രം ഖുര്‍ആനില്‍ എന്ന വിജ്ഞാന ശാഖയിലെ പ്രഥമ കൃതിയായി ഗണിക്കപ്പെടുന്നു. അന്നബഉല്‍ അളീം, മദ്ഖലുന്‍ ഇലല്‍ ഖുര്‍ആനില്‍ കരീം എന്നീ കൃതികളിലാണ് അദ്ദേഹം ഖുര്‍ആനിക ഉറവിടശാസ്ത്രത്തിന് അടിത്തറ പാകിയത്. മുമ്പ് ആരും പ്രവേശിക്കാത്ത ഒരു നവീന വിജ്ഞാന ശാഖയാണിത്.
വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച ശൈലിയില്‍നിന്ന് അദ്ദേഹത്തിന്റെ പരിഷ്‌കരണ ചിന്തകള്‍ വ്യക്തമാവും. പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ ഖുര്‍ആന്റെ ദൈവികതക്ക് തെളിവായി മുഖ്യമായും ചൂണ്ടിക്കാട്ടിയിരുന്നത് ഖുര്‍ആന്റെ ഭാഷാവിഷ്‌കാര -സാഹിത്യ മികവായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ചരിത്രപരവും യുക്തിപരവുമായ വിശകലന ശൈലിയാണ് ദറാസ് സ്വീകരിച്ചത്. പരമ്പരാഗത ശൈലിയില്‍നിന്ന് ഭിന്നമായ ഈ രീതി അറേബ്യന്‍ പശ്ചാത്തലത്തില്‍നിന്ന് ഖുര്‍ആനെ ആഗോള പരിപ്രേക്ഷ്യത്തില്‍ കൂടുതല്‍ സ്ഥാനപ്പെടുത്താനും ജനകീയമാക്കാനും സഹായിച്ചു.
ഖുര്‍ആന്റെ ഈ നല്ല ആത്മസുഹൃത്തിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.

(വിവ: പി.വൈ അബ്ദുര്‍റഹ്മാന്‍, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം)

* മൗറിത്താനിയ, മൊറോക്കോ, അള്‍ജീരിയ, ലിബിയ, തുനീഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് അല്‍ മഗ്‌രിബുല്‍ അറബി.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്