പ്രബോധനത്തിന്റെ ബഹുവര്‍ണങ്ങള്‍
പ്രബോധന പ്രവര്‍ത്തനത്തിന്റെ മൂന്ന് തലങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. ദൈവിക ദീനിനെ സമഗ്രമായി പരിചയപ്പെടുത്തുകയും അടിസ്ഥാന സിദ്ധാന്തങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന ആദ്യ ചുവടുവെപ്പിനെ 'തബ്ലീഗി' തലം എന്ന് വിശേഷിപ്പിക്കാം. പ്രവര്‍ത്തന കാലയളവില്‍ രചനാത്മകമായി പ്രതികരിച്ച വ്യക്തികളെ തിരിച്ചറിഞ്ഞ് പഠനവും ശിക്ഷണവും നല്‍കി വിജ്ഞാനധന്യരാക്കുകയും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ വിശിഷ്ട വ്യക്തിത്വങ്ങളായി വളര്‍ത്തുകയും പിന്നീട് അവരെ സംഘടിപ്പിക്കുകയും ചെയ്യുന്ന സമൂഹ നിര്‍മിതിയുടേതാണ് (തക്‌വീന്‍) രണ്ടാമത്തെ ഘട്ടം. ദീനിന്റെ നിയമങ്ങളും വിധികളും ശാസനകളും സൈദ്ധാന്തിക തലത്തില്‍നിന്ന് പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടുവരുന്ന 'തന്‍ഫീദി' ഘട്ടമാണ് മൂന്നാമത്തേത്. 'തബ്‌ലീഗി'ന്റെയും 'തക്വീനി'ന്റെയും മൂന്ന് തലങ്ങള്‍ ഖുര്‍ആന്‍ വരച്ചുകാണിച്ചിട്ടുണ്ട്. പ്രവാചകന്റെ നിയോഗ ലക്ഷ്യം വിശദീകരിക്കുന്ന സൂക്തത്തില്‍ അവ അക്കമിട്ട് നിരത്തിയതിങ്ങനെ: ''നിരക്ഷരര്‍ക്കിടയില്‍ അവരില്‍ തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചു കൊടുക്കുന്നു. അവര്‍ ഇതിനു മുമ്പ് തികഞ്ഞ ദുര്‍മാര്‍ഗത്തില്‍ ആയിരുന്നുവല്ലോ'' (അല്‍ജുമുഅ 2).
കാലഘട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നവനാണ് വിജയിക്കുന്ന പ്രബോധകന്‍. ഓരോ കാലത്തിനുമുണ്ട് ആ കാലത്തിന്റെ പ്രശ്നങ്ങള്‍. ഓരോ സമൂഹത്തിനുമുണ്ട് അവരെ ബാധിക്കുന്ന സങ്കീര്‍ണ സമസ്യകള്‍. ഓരോ രാജ്യത്തിനുമുണ്ട് ആ രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വിഘാതമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളുടെ നീണ്ട നിര. ഇവയെ അഭിസംബോധന ചെയ്യാതിരിക്കാന്‍ പ്രബോധകന് സാധ്യമല്ല. അപ്പോള്‍ അയാളുടെ ചിന്താ മണ്ഡലത്തിലേക്കും കര്‍മരംഗത്തേക്കും കടന്നുവരുന്ന വിഷയങ്ങള്‍ നിരവധിയാണ്. ബഹുസ്വര സമൂഹത്തിലെ സഹവര്‍ത്തിത്വം, മൂല്യച്യുതി, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, അഴിമതി, അനീതി, സ്വജനപക്ഷപാതം, പാരിസ്ഥിതിക മലിനീകരണം തുടങ്ങി കഴിഞ്ഞ കാലങ്ങളിലൊന്നും വിഷയമാകാതിരുന്ന പല പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും, പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടിവരും. ഇസ്‌ലാമിലെ സുസ്ഥിര പ്രമാണങ്ങള്‍ (സവാബിത്ത്) ഏതെന്നും കാല-ദേശങ്ങള്‍ക്കനുസരിച്ച് മാറ്റം വരുന്ന പ്രമാണങ്ങള്‍ (മുതഗയ്യിറാത്ത്) ഏതെന്നും അറിഞ്ഞിരിക്കല്‍ അനിവാര്യമാകുന്ന സന്ദര്‍ഭമാണത്.
ഗവേഷണത്തിന്റെയും പഠനത്തിന്റെയും അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി നവീന പ്രശ്നങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം കണ്ടെത്തണമെന്ന ചിന്ത ശക്തമായപ്പോള്‍ അര്‍ഹരും അനര്‍ഹരുമൊക്കെ ഇജ്തിഹാദിന്റെ മേച്ചില്‍പുറങ്ങളില്‍ നിര്‍ബാധം കയറി മേയാന്‍ തുടങ്ങി. ഇതൊരു വിപത്തായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇജ്തിഹാദിന്റെ വാതില്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടി താക്കോലുമായി കടന്നുകളഞ്ഞതാണ് ചിന്താപരമായ സ്തംഭനത്തിനും ജീര്‍ണതക്കും വഴിവെച്ചത്. ഏവര്‍ക്കും കയറി മറിയാവുന്ന ഇടമാക്കി, വേലിക്കെട്ടുകളെല്ലാം പൊളിച്ചടുക്കിയ 'നവ മുജ്തഹിദുകള്‍' ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടച്ചവര്‍ക്ക്, തങ്ങളുടെ നിലപാടിന് നീതീകരണം കണ്ടെത്താന്‍ അവസരമൊരുക്കി.
ജ്ഞാനോദയത്തിന്റെ പൂക്കാലം
മുസ്‌ലിംകളും മുസ്‌ലിമേതര സമൂഹവും ഉള്‍പ്പെടെയുള്ള രാജ്യനിവാസികള്‍ ഒരുപോലെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ബാധ്യസ്ഥനായ ഇസ്ലാമിക പ്രബോധകന് ഈ മേഖലയില്‍ സന്തുലിതവും മധ്യമവുമായ നിലപാട് സ്വീകരിച്ചേ മതിയാവൂ. കാലത്തോടൊപ്പം വളരുന്ന, ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പ്രബോധകന്‍ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിലകൊണ്ട് സംഭവലോകത്തെ നോക്കിക്കാണേണ്ടതുണ്ട്. 'ഇജ്തിഹാദിന്റെ ആവശ്യകതയേ ഈ കാലഘട്ടത്തില്‍ ഇല്ല' എന്ന് പറയുന്ന മുരട്ടു തത്ത്വവാദികള്‍ സംഭവലോകത്തു നിന്ന് പുറംതിരിഞ്ഞു നില്‍ക്കുന്നവരാണ്. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവന്ന മുജ്തഹിദുകളും പണ്ഡിതന്മാരും ആ കാലഘട്ടത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുന്നവരായിരുന്നു. അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ഇടപെടുന്ന മേഖലകളില്‍ ഇജ്തിഹാദ് അനിവാര്യമാക്കിത്തീര്‍ത്തു. സുസ്ഥിര പ്രമാണങ്ങളും പരിവര്‍ത്തനക്ഷമമായ പ്രമാണങ്ങളും കൃത്യമായി രേഖപ്പെടുത്തി, രണ്ടാമത്തെ ഇനത്തില്‍ ഇജ്തിഹാദ് നടത്തിയവരും അതിനെ പ്രോത്സാഹിപ്പിച്ചവരുമായിരുന്നു മഹാരഥന്മാരായ പണ്ഡിതവര്യന്മാരും മുജ്തഹിദുകളും. ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഇജ്തിഹാദീ യത്നങ്ങളോടെ ആവിര്‍ഭവിച്ച നവീകരണ പ്രസ്ഥാനം അതുവരെ നിലനിന്ന പല ധാരണകളെയും സമ്പ്രദായങ്ങളെയും തിരുത്തിക്കുറിച്ചു. ഇബ്നു തൈമിയ്യ (ക്രി. 1263-1328) ജീവിച്ച അതേ നൂറ്റാണ്ടില്‍ തന്നെയാണ് ഉന്‍ദുലുസില്‍ (ഗ്രാനഡ / സ്പെയിന്‍) 'മുവാഫഖാത്തി'ന്റെ കര്‍ത്താവായ ഇമാം ശാത്വിബിയും രംഗപ്രവേശം ചെയ്തത് (ക്രി. 1388). ഹിജ്റ 9-ാം നൂറ്റാണ്ടില്‍ ഈജിപ്ത് കേന്ദ്രമാക്കി ഇമാം ജലാലുദ്ദീന്‍ അസ്സുയൂത്വി നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക നവോത്ഥാന യത്നങ്ങള്‍ക്ക് രാസത്വരകമായി. ഇജ്തിഹാദിന് വിലങ്ങു തീര്‍ത്തവര്‍ക്കുള്ള ശക്തമായ മറുപടിയുമായി അദ്ദേഹം തന്റെ വിശ്രുത രചനയുമായി രംഗത്ത് വന്നു. 'അര്‍റദ്ദു അലാ മന്‍ അഖ്ലദ ഇലല്‍ അര്‍ദി വ ജഹില അന്നല്‍ ഇജ്തിഹാദ ഫീ കുല്ലി അസ്വിരിന്‍ ഫര്‍ളുന്‍' (മണ്ണിലേക്ക് ഒട്ടിക്കളഞ്ഞ് ഇജ്തിഹാദ് എല്ലാ കാലത്തും ഫര്‍ദ് ആണെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് അജ്ഞത നടിക്കുന്നവര്‍ക്കുള്ള മറുപടി) എന്നായിരുന്നു അതിന്റെ പേരു തന്നെ. ഇമാം സ്വുയൂത്വി (ക്രി. 1445-1505) പ്രഖ്യാപിച്ചു: ''ജനങ്ങള്‍ ഒരു ഇജ്തിഹാദിനെക്കുറിച്ചേ പറയുന്നുള്ളൂ. പക്ഷേ ഞാന്‍ പറയുന്ന ഇജ്തിഹാദ് മൂന്നാണ്. ഭാഷയിലെ ഇജ്തിഹാദ്, ഹദീസിലെ ഇജ്തിഹാദ്, ഫിഖ്ഹിലെ ഇജ്തിഹാദ്.'' ഹിജ്റ 12-ാം നൂറ്റാണ്ടില്‍ ഉലൂമുല്‍ ഹദീസില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തെളിച്ച് ഇന്ത്യയില്‍ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (1703-1762) രംഗത്ത് വന്നു. മദ്ഹബ് പക്ഷപാതങ്ങള്‍ക്കെതിരില്‍ നിലയുറപ്പിച്ച അദ്ദേഹം 'ഹുജ്ജത്തുല്ലാഹില്‍ ബാലിഗ' എന്ന വിശ്രുത ഗ്രന്ഥം ലോകത്തിന് സംഭാവന ചെയ്തു. അതേ കാലഘട്ടത്തില്‍ തന്നെയാണ് യമനില്‍ മഹാ പണ്ഡിതനായ മുഹമ്മദുബ്നു ഇസ്മാഈല്‍ അമിര്‍ 'അസ്സന്‍ആനി' (1687-1768) വരുന്നത്; വിശ്രുതമായ 'സുബുലുസ്സലാമി'ന്റെ കര്‍ത്താവ്. ഹിജ്റ 13-ാം നൂറ്റാണ്ടില്‍ ലോകമാസകലം വിജ്ഞാനപ്രഭ പരത്തിയ ഇമാം മുഹമ്മദുബ്‌നു അലി അശ്ശൗഖാനി യമന്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ശൗകാനിയുടെ (1759-1839) നൈലുല്‍ ഔത്വാര്‍, അസ്സൈലുല്‍ ജര്‍റാര്‍ എന്നീ ഗ്രന്ഥങ്ങളും 'ഫത്ഹുല്‍ ഖദീര്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാനവും ലോകപ്രശസ്തമാണ്.
തങ്ങള്‍ ജീവിച്ച കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വൈജ്ഞാനിക -ഗവേഷണ- ഇജ്തിഹാദി രംഗങ്ങളില്‍ അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച ഈ മഹാരഥന്മാരെല്ലാം തങ്ങളുടേതായ തലങ്ങളില്‍ ഇസ്ലാമിക പ്രബോധനം എന്ന മഹാദൗത്യം ഏറ്റെടുത്ത് നടത്തുകയായിരുന്നു. പ്രബോധന പ്രവര്‍ത്തനത്തിന് നിര്‍ണിത തുറകള്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. ഓരോ വ്യക്തിയും താന്‍ വ്യാപരിക്കുന്ന മേഖലയിലെ പ്രബോധകനാണ്. ഖുത്വ്ബയും വഅ്ളും ദര്‍സും പ്രഭാഷണവും മാത്രമാണ് പ്രബോധന മാധ്യമങ്ങള്‍ എന്ന ധാരണ മാറേണ്ടതുണ്ട്. വൈജ്ഞാനിക മേഖലയില്‍ ബൃഹദ് സംഭാവനകള്‍ അര്‍പ്പിച്ച മഹാ പണ്ഡിത ശ്രേഷ്ഠന്മാര്‍ 'ദഅ്വത്ത്' എന്ന തങ്ങളില്‍ അര്‍പ്പിതമായ ചുമതലയാണ് ഇജ്തിഹാദിലൂടെയും ഗ്രന്ഥരചനയിലൂടെയും ജ്ഞാനസപര്യയിലൂടെയും നിറവേറ്റിയതെന്ന് കാലം തെളിയിച്ചു. തലമുറകള്‍ ആ വെളിച്ചത്തില്‍ ജീവിച്ചു.
'ജ്ഞാനോദയത്തിന്റെ പൂക്കാലം' എന്ന് വിശേഷിപ്പിക്കുന്ന ആ കാലഘട്ടത്തിന്റെ നിര്‍മിതിയില്‍ പങ്കു വഹിച്ച മുജ്തഹിദ് പണ്ഡിത പ്രതിഭകള്‍ അറിവിന്റെ നാനാ തുറകളില്‍ വ്യാപരിച്ച് ലോകത്തിന് നല്‍കിയ അമൂല്യ സംഭാവനകളാണ് ഇന്നും അവലംബനീയമായ പ്രാമാണിക ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നത്. പഠനത്തിന്റെയും ചിന്തയുടെയും വിശാല വിഹായസ്സിലേക്ക് അവരെ നയിച്ചത് ഖുര്‍ആനായിരുന്നു. തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം ഏതെന്ന് ഖുര്‍ആന്‍ അവര്‍ക്ക് നിര്‍ണയിച്ചു നല്‍കി: ''സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടേണ്ടിയിരുന്നില്ല. അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഒരു സംഘം ദീനില്‍ പാണ്ഡിത്യം നേടാന്‍ പോകാത്തതെന്തുകൊണ്ട്? സ്വന്തം സമൂഹത്തിലേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് ഉദ്‌ബോധനം നല്‍കാനും അതുവഴി അവര്‍ തിന്മകളെ കുറിച്ച് കരുതലുള്ളവരാകാനും'' (അത്തൗബ 122). ഓരോരുത്തര്‍ക്കുമുണ്ട് അവരവരുടെ കര്‍മമണ്ഡലമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി.
പ്രബോധനത്തിന്റെ മാരിവില്‍ ദൃശ്യം
ദഅ്വാ മേഖലയെ പുഷ്‌കലമാക്കുന്നതില്‍ പങ്കുവഹിച്ച നിരവധി വ്യക്തികളും കൂട്ടായ്മകളും പ്രസ്ഥാനങ്ങളുമുണ്ട്. ഓരോരുത്തരും ശരിയെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ട കര്‍മസരണി തെരഞ്ഞെടുക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനസേവനം നടത്തുകയും പ്രബോധന ദൗത്യനിര്‍വഹണത്തിന് ആ മാര്‍ഗം തെരഞ്ഞെടുക്കുകയും ചെയ്ത മഹാരഥന്മാരുടെ രംഗപ്രവേശം മുഖ്യമായും ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിലാണ്. ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഈ ബഹുമുഖ പ്രവര്‍ത്തനങ്ങളെ സത്യസന്ധമായി വിലയിരുത്താനല്ലാതെ 'ആരാണ് ശരി, ആരാണ് തെറ്റ്' എന്ന് വിധി പറയാന്‍ നാം ചുമതലപ്പെടുത്തപ്പെട്ടിട്ടില്ല. ''പ്രവാചകന്‍, ഈ ജനത്തോട് പറയുക: ഓരോരുത്തരും അവരവരുടെ മാര്‍ഗത്തില്‍ (അവരുടെ രീതിയനുസരിച്ച്) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. ആരാണ് സന്മാര്‍ഗത്തിലെന്ന് നന്നായറിയുന്നവന്‍ നിങ്ങളുടെ റബ്ബ് മാത്രമാകുന്നു'' (അല്‍ ഇസ്രാഅ് 24). വിഭിന്ന വഴികളിലൂടെ സഞ്ചരിക്കുന്ന ഇവരെല്ലാം ചെന്നെത്തുന്നത് ഒടുവില്‍ 'ദഅ്വത്തി'ന്റെ രാജപാതയിലും ദൈവപ്രീതിയിലും സ്വര്‍ഗത്തിലുമാണ്. ആരും തങ്ങള്‍ക്കായി നരകം തെരഞ്ഞെടുക്കുകയില്ലെന്ന് തീര്‍ച്ച. 'ദുആത്തുന്‍ ലാ ഖുദാത്തുന്‍' (നാം പ്രബോധകന്മാരാണ്, വിധികര്‍ത്താക്കളല്ല) എന്ന പ്രമാണം സദാ ഓര്‍മയില്‍ വേണം. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ മുര്‍ശിദുല്‍ ആം ആയിരുന്ന ഹസനുല്‍ ഹുദൈബിയുടെ വിഖ്യാത ഗ്രന്ഥത്തിന്റെ പേരാണിത്.
പ്രബോധനം പല വിധത്തിലാവാം. രാജാക്കന്മാരെയും ഭരണാധികാരികളെയും തിരുത്തിയും ഗുണദോഷിച്ചും ജനങ്ങളെ ബോധവത്കരിച്ചും മഹാന്മാരായ പണ്ഡിതന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഇസ്ലാംവിരുദ്ധ നീക്കങ്ങളെയും 'ദീനെ ഇലാഹി'യെയും തുറന്നുകാട്ടിയ ശൈഖ് അഹ്മദ് സര്‍ഹിന്ദി (1564-1624) ഉദാഹരണം. രാജകുടുംബവുമായി നിരന്തരം ബന്ധപ്പെട്ട് തിരുത്തല്‍ ശക്തിയായി നിലകൊണ്ട ആ മഹാ പണ്ഡിതന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടത് അക്ബറിന്റെ സന്താന പരമ്പരയില്‍ മുഹ്‌യിദ്ദീന്‍ മുഹമ്മദ് എന്ന വിശ്രുതനായ ഔറംഗസീബിന്റെ രംഗപ്രവേശത്തോടെയാണ്. 49 വര്‍ഷം ഇന്ത്യാ രാജ്യം ഭരിച്ച ആലംഗീര്‍ ഔറംഗസീബ് മാതൃകാപരമായ ജീവിതത്തിലൂടെ സര്‍ഹിന്ദിയുടെ സ്വപ്നങ്ങള്‍ സഫലമാക്കി എന്ന് വിലയിരുത്തുന്നവരുണ്ട്.
ഇതിന് ചരിത്രത്തില്‍ മറ്റൊരു മാതൃക കാണാം.
അബ്ബാസിയാ കാലഘട്ടത്തിലെ ഭരണാധികാരികളായിരുന്ന മഅ്മൂന്‍, മുഅ്തസിം ബില്ലാഹ്, വാസിഖ് എന്നിവരില്‍നിന്ന് തുല്യതയില്ലാത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ഇമാം അഹ്മദുബ്നു ഹമ്പലിന് മോചനമുണ്ടായത് അവരുടെ പിന്മുറക്കാരനായ മുതവക്കിലിന്റെ ഭരണകാലത്താണ്. ഭരണാധികാരികളുടെ പിന്തുണയോടെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ബോധന ദൗത്യം നിര്‍വഹിച്ച മുഹമ്മദുബ്നു അബ്ദില്‍ വഹാബ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ബിദ്അത്തുകള്‍ക്കുമെതിരെ പടവെട്ടിയ പ്രബോധകനും മുജദ്ദിദുമായിരുന്നു. മുഹമ്മദുബ്നു സഊദായിരുന്നു മുഹമ്മദുബ്നു അബ്ദില്‍ വഹാബിന്റെ കരുത്ത്. സായുധ വിപ്ലവത്തിലൂടെ ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കിയ അഹ്മദുബ്നു ഇര്‍ഫാനുശ്ശഹീദ്, കിതാബിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണം നടത്തുന്ന ഒരു പ്രദേശം തന്നെ സ്ഥാപിച്ചു, രാജസ്ഥാനില്‍. ഗോത്രവര്‍ഗങ്ങളെ ഇളക്കിവിട്ട് ബ്രിട്ടീഷ് ഭരണകൂടം അതിന് അന്ത്യം കുറിച്ചത് ചരിത്രം.
സനൂസി പ്രസ്ഥാനവും ശൈഖ് ഉമറുല്‍ മുഖ്താറും ട്രിപ്പോളിയിലും (ലിബിയ) ഇസ്സുദ്ദീനുല്‍ ഖസ്സാം ഫലസ്ത്വീനിലും നയിച്ച വിമോചന പ്രസ്ഥാനങ്ങളും കാലഘട്ടത്തിന്റെ ആവശ്യം കണ്ടറിഞ്ഞ പ്രബോധന പ്രവര്‍ത്തനമായിരുന്നു. ഫലസ്ത്വീനില്‍ ജിഹാദിന്റെ പാത വെട്ടിത്തെളിച്ചത് ഇസ്സുദ്ദീന്‍ ഖസ്സാമാണ്.
എതിരാളികളോട് കലഹിക്കാതെ ഇസ്‌ലാമിക ചിന്തകള്‍ പ്രചരിപ്പിച്ചും പ്രതിയോഗികളുടെ വാദമുഖങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടികള്‍ നല്‍കിയും തങ്ങളുടെ പ്രബോധന ദൗത്യം നിറവേറ്റിയവരാണ് ജമാലുദ്ദീന്‍ അഫ്ഗാനിയും ത്വാഹിറുല്‍ ജസാഇരിയും മാലിക് ബിന്നബിയുമെല്ലാം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെയും ആ ഗണത്തില്‍ പെടുത്തിയവരുണ്ട്. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥ രചനയിലും പ്രസിദ്ധീകരണത്തിലും ശ്രദ്ധ പതിപ്പിച്ച് പ്രബോധന ദൗത്യം നിര്‍വഹിച്ചവരാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്ലവിയും സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയും ഈജിപ്തില്‍ മുഹമ്മദ് അബ്ദുവും റശീദ് രിദായും അള്‍ജീരിയയില്‍ അബ്ദുല്‍ ഹമീദുബ്നു ബാദീസും.
ഗവേഷണ പഠനങ്ങള്‍, ലേഖനങ്ങള്‍, പത്ര പ്രസിദ്ധീകരണങ്ങള്‍ എന്നിവ മാധ്യമമായി സ്വീകരിച്ച് പ്രബോധന ദൗത്യം നിര്‍വഹിച്ചവരുടെ നീണ്ട നിര തന്നെയുണ്ട്. ഈജിപ്തില്‍ മുഹിബ്ബുദ്ദീനുല്‍ ഖത്വീബ് ആണ് ഈ ഗണത്തില്‍ പ്രാതഃസ്മരണീയന്‍. 'അമീറുല്‍ ബയാന്‍' (ആവിഷ്‌കാര ചക്രവര്‍ത്തി) എന്ന പേരില്‍ വിശ്രുതനായ സാഹിത്യ സാമ്രാട്ടും ചിന്തകനും എഴുത്തുകാരനുമായ ശകീബ് അര്‍സ്‌ലാന്‍ (ലബനാന്‍ 1869-1946), അഹ്മദ് തൈമൂര്‍ ബാഷ, മുഹമ്മദ് നസീഫ്, അബ്ദുല്‍ അസീസുല്‍ മൈമനി തുടങ്ങിയവരും സാഹിതീ സപര്യയിലൂടെ പ്രബോധന കൃത്യം നിര്‍വഹിച്ചവര്‍ തന്നെ.
ആഗോള പ്രസ്ഥാനങ്ങള്‍
ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചുറ്റിസഞ്ചരിച്ച് ജനകീയ പ്രബോധനം നടത്തുന്ന ജമാഅത്തുത്തബ്ലീഗും ദഅ്വാ മേഖലയില്‍ അര്‍പ്പിക്കുന്ന സംഭാവനകള്‍ മികച്ചതാണ്. ഖബ്ര്‍പൂജ, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ എന്നിവക്കെതിരില്‍ നിരന്തര സമരം നടത്തുകയും ഹദീസുകളിലും സുന്നത്തുകളിലും ശ്രദ്ധയൂന്നി ഹദീസ് വിജ്ഞാന ശാഖയെ വികസിപ്പിക്കുകയും സലഫി ചിന്താസരണിക്ക് പുതുജീവന്‍ പകരുകയും ചെയ്ത തജ്ദീദീ-പരിഷ്‌കരണ പ്രസ്ഥാനങ്ങളും ചെയ്യുന്നത് ദഅ്വാ പ്രവര്‍ത്തനങ്ങള്‍ തന്നെ. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുല്‍ ഖയ്യിം, ഇബ്നു ബാസ്, ബഹ്ജത്തുല്‍ ബൈത്വാര്‍, അഹ്മദ് ശാകിര്‍, നാസിറുദ്ദീന്‍ അല്‍ബാനി തുടങ്ങിയവര്‍ നയിച്ച സലഫി ചിന്താ പ്രസ്ഥാനം ഉദാഹരണം.
അറബി ഭാഷാ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കും അറബി ഭാഷാ വികസനത്തിനും കഠിന ശ്രമങ്ങള്‍ നടത്തിയ മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈ, മഹ്മൂദ് ശാകിര്‍ തുടങ്ങിയവര്‍ ദഅ്വാ മേഖലക്ക് നല്‍കിയ സംഭാവന അമൂല്യമാണ്. വിദ്യാഭ്യാസം, ചികിത്സ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ ദാനം, പള്ളി-മദ്റസ-അനാഥാലയങ്ങള്‍ എന്നിവ സ്ഥാപിച്ച് നടത്തല്‍ തുടങ്ങി ബഹുമുഖ മണ്ഡലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു വിവിധ തരം ദഅ്വാ പ്രവര്‍ത്തനങ്ങള്‍. ഇഖ്‌വാനുല്‍ മുസ്ലിമൂന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങി ദേശരാഷ്ട്ര കേന്ദ്രീകൃതമോ അന്താരാഷ്ട്ര സ്വഭാവത്തിലുള്ളതോ ആയ ചെറുതും വലുതുമായ ഇസ്ലാമിക സംഘടനകളും കൂട്ടായ്മകളും പ്രബോധന പ്രവര്‍ത്തന യത്‌നങ്ങളുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖ ബൃഹദ് സേവനങ്ങള്‍ ഒരു നവതലമുറയെ തന്നെ സൃഷ്ടിച്ചെടുത്തു. ഇവയൊക്കെയും നിരന്തരവും നിസ്തുലവുമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളും സദ്ഫലങ്ങളുമാണ്. ''ഓരോരുത്തര്‍ക്കും ഒരു ദിശയുണ്ട്. അവര്‍ അതിലേക്ക് തിരിയുന്നു. നിങ്ങള്‍ നന്മയുടെ ദിശയിലേക്ക് മുന്നേറുവിന്‍. എവിടെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം പ്രാപിക്കുന്നതാകുന്നു. അവന്റെ കഴിവിന് അതീതമായി ഒന്നുമില്ല'' (അല്‍ബഖറ 148).
റഫറന്‍സ്
1. റസാഇലുല്‍ ഇഖാഅ്: നാദിര്‍ അബ്ദുല്‍ അസീസ് അന്നൂരി
2. അല്‍ ഇഖ്‌വാനുല്‍ മുസ്ലിമൂന്‍: അഹ്ദാസുന്‍ സനഅത്തിത്താരീഖ്
3. അദ്ദഅ്വത്തു സഖാഫത്തു ഖൈരി ഉമ്മ: മുആദ് ബയാനൂനി
4. അല്‍ ഇസ്തീത്താബ്: ഫതഹീയകന്‍
Comments