മാധ്യമമല്ല പ്രയോക്താവാണ് പ്രതി
സിനിമാഭ്രമം ശരിയല്ലെന്ന ഡോ. ഹനീഫിന്റെ അഭിപ്രായത്തോട് (നവംബര്‍ 27) യോജിക്കുന്നു. എന്നാല്‍, ഭ്രമം എന്നത് അതിരുകവിച്ചിലിന്റെ സമീപനമാകയാല്‍ സിനിമയോടെന്നല്ല; ഒന്നിനോടുമുള്ള ഭ്രമം ആശാസ്യമല്ലതന്നെ.
സിനിമ ഒഴിച്ചുകൂടാന്‍ വയ്യാത്തതല്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തോട് വിയോജിക്കുന്നു. സമൂഹ ഗാത്രത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച ശക്തമായ മാധ്യമമാണിന്ന് സിനിമ. ഇസ്‌ലാമിക പ്രബോധനം ജീവിതദൗത്യമായി സ്വീകരിച്ചവരെ സംബന്ധിച്ചേടത്തോളം ഈ മാധ്യമം ഒഴിച്ചുകൂടാന്‍ വയ്യാത്തവിധം കൈകാര്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ പ്രതിയോഗികള്‍ ഈ മാധ്യമത്തെ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ശക്തമായ പ്രതിരോധം തീര്‍ക്കാനും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും യഥാര്‍ഥ ചിത്രം സമൂഹത്തില്‍ അനാവരണം ചെയ്യാനും ഈ അതിശക്ത മാധ്യമത്തെ ഉപയോഗപ്പെടുത്താന്‍ നാം നിര്‍ബന്ധിതരാണ്. നൂറു നൂറ് പ്രസംഗ ധോരണികളേക്കാള്‍ ജനഹൃദയങ്ങളെ സ്വാധീനിക്കുക അഭ്രപാളികകളില്‍ മിന്നിമറയുന്ന ചിത്രങ്ങളും ചിത്രീകരണങ്ങളുമായിരിക്കും. ഹസ്സാനുബ്‌നു സാബിതിന്റെ കവിതാവിഷ്‌കാരത്തിനു മുന്നില്‍ ശത്രു പത്തിമടക്കി അടിയറവ് പറഞ്ഞ ചരിത്രസംഭവം നമ്മെ പഠിപ്പിക്കുന്നത് തുല്യനാണയത്തില്‍ തിരിച്ചടിക്കുന്നതിന്റെ കാലികപ്രസക്തിയെയല്ലേ?
ഇസ്‌ലാമിക ദൃഷ്ടിയില്‍ സിനിമ ഒരു മാധ്യമമെന്ന നിലയില്‍ അസ്പൃശ്യമോ വര്‍ജ്യമോ അല്ല. ടി.വിയും സോഷ്യല്‍ മീഡിയയും തഥൈവ. ദൈവസ്മരണയില്‍നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുകയും അനാശാസ്യ ചിന്തകളിലേക്കും ദുഷ്‌ചെയ്തികളിലേക്കും വഴി നടത്തുകയും ചെയ്യുന്ന ഏതു മാധ്യമവും വര്‍ജ്യം. ധാര്‍മികതയിലേക്കും സദാചാര വൃത്തികളിലേക്കും പ്രചോദനം നല്‍കുന്ന മാധ്യമങ്ങള്‍ സ്വീകാര്യം. മാധ്യമമല്ല; പ്രയോക്താവാണ് പ്രതി എന്നതാണ് ഓര്‍ത്തിരിക്കേണ്ട യാഥാര്‍ഥ്യം.
കാരുണ്യം കരുത്താണ്, നീതിയുമാണ്
കോവിഡ് മഹാമാരി ലോകക്രമത്തെ പൂര്‍ണമായും മാറ്റിമറിച്ചിരിക്കുന്നു. ജീവിതശൈലിയിലുടനീളം വമ്പിച്ച മാറ്റങ്ങളാണ് അത് വരുത്തിയിരിക്കുന്നത്. മനുഷ്യന്റെ വികാരവിചാരങ്ങളിലും മനോഭാവങ്ങളിലും ഈ മഹാമാരി വമ്പിച്ച പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മാറാരോഗങ്ങളും മഹാ യുദ്ധങ്ങളും വിട്ടുമാറാത്ത ദാരിദ്ര്യവും ദുരന്തം വിതച്ച ഘട്ടങ്ങളിലെല്ലാം സമൂഹത്തിന് മോചനവും മോക്ഷവും പ്രദാനം ചെയ്തത് കാരുണ്യത്തില്‍ അധിഷ്ഠിതമായ മനുഷ്യ സേവനമായിരുന്നുവെന്നത് ചരിത്രപാഠമാണ്. കാരുണ്യമാണ് മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്നത്. കാരുണ്യവാന്‍ എന്നത് ദൈവത്തിന്റെ ഗുണനാമങ്ങളില്‍ സവിശേഷമായ ഒന്നാണ്. പ്രകൃതിയുടെ മറിമായങ്ങള്‍ മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വഭാവ ഗുണങ്ങളും കര്‍മോത്സുകതയും അനാവാരണം ചെയ്യാനുള്ള അവസരങ്ങളാണ് തുറന്നിടുന്നത്. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് ഈ ഗുണവിശേഷങ്ങള്‍ പ്രകടമാകുമ്പോഴാണ് മനുഷ്യത്വം ഉരുത്തിരിഞ്ഞുവരുന്നത്. ഇങ്ങനെയുള്ള ഒരുള്‍വിളിയുടെ ഹൃദയാവര്‍ജകമായ രംഗങ്ങള്‍ക്കാണ് ലോകമിന്ന് കാതോര്‍ത്തുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍, ജീവിത വ്യവഹാരങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, രോഗികള്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍, ജീവിത ബന്ധങ്ങള്‍ മുറിക്കപ്പെട്ടവര്‍ തുടങ്ങിയവരെല്ലാം ഇന്നാഗ്രഹിക്കുന്നത് കാരുണ്യത്തിന്റെ സ്പര്‍ശമാണ്. അതുണ്ടെങ്കില്‍ വറ്റിവരണ്ട മനുഷ്യജീവിതം ശാദ്വലമാക്കാനും സന്തോഷകരമായ കോവിഡാനന്തര ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുമെന്നതില്‍ സംശയമില്ല.
'അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍'
മഹാകവി കുമാരനാശാന്റെ 'നളിനി'യിലെ ഈ വരികള്‍ അന്വര്‍ഥമാക്കുന്ന ഒരു മഹായജ്ഞത്തില്‍ കേരളീയര്‍ കൈകോര്‍ത്ത് പിടിച്ചപ്പോള്‍ കാരുണ്യത്തിന്റെ വറ്റാത്ത ഉറവകളാണ് പൊട്ടിയുയര്‍ന്നത്.
യഥാര്‍ഥത്തില്‍ കാരുണ്യമാണ് മനുഷ്യമനസ്സിനെ സുഗന്ധപൂരിതമാക്കുന്നത്. ദയയുടെയും സ്‌നേഹത്തിന്റെയും പരിമളമാണ് കാരുണ്യം പരത്തുന്നത്. ബധിരന്മാര്‍ക്ക് കേള്‍ക്കാനും അന്ധന്മാര്‍ക്ക് കാണാനും കഴിയുന്ന ചാലകശക്തിയായിട്ടാണ് കാരുണ്യത്തെ ആംഗലേയ സാഹിത്യകാരനായ മാര്‍ക്ക് ട്വെയ്ന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
രോഗികള്‍, വികലാംഗര്‍, പട്ടിണിപ്പാവങ്ങള്‍, ദുരന്തബാധിതര്‍, തൊഴില്‍രഹിതര്‍, അഭയാര്‍ഥികള്‍, അനാഥര്‍, വര്‍ഗീയതക്കും വംശീയതക്കും ഇരയായിത്തീര്‍ന്നവര്‍ തുടങ്ങി കനിവും കാരുണ്യവും കാത്ത് കഴിയുന്നവര്‍ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാരുണ്യത്തിന്റെ നറുമണം ശ്വസിക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവരൊക്കെ. അവശരും ആര്‍ത്തരും ആലംബഹീനരുമായവരോട് നാം കാണിക്കുന്ന അനുകമ്പയും അവരുടെ സമുദ്ധാരണത്തിനു വേണ്ടിയുള്ള സേവന സംരംഭങ്ങളും കാരുണ്യത്തിന്റെ നിദര്‍ശനങ്ങളാണ്. ശക്തനെ കൂടുതല്‍ ശക്തനാക്കുന്നതും ബലവാനെ കൂടുതല്‍ ബലവാനാക്കുന്നതും അവരുള്‍ക്കൊള്ളുന്ന ഗുണവിശേഷങ്ങളുടെ മൂല്യങ്ങളാണ്. നേതാവിന് കൂടുതല്‍ ശക്തിയും ഔന്നത്യവും പകരുന്നത് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന കരുണാര്‍ദ്രമായ സ്വഭാവ വൈശിഷ്ട്യമാണ്. താര്‍ത്താരികളുടെ നേതാവായ ചെങ്കിസ്ഖാന്‍ ഗോര്‍ബിയന്‍ മരുഭൂമിയിലൂടെ കുന്തവുമേന്തി കുതിരപ്പുറത്ത് യാത്ര ചെയ്തപ്പോഴുണ്ടായ ഒരു സംഭവം ചില ചരിത്ര പുസ്തകങ്ങളില്‍ കാണാം. ചെങ്കിസ്ഖാന്‍ പടയാത്ര നടത്തുന്ന വഴിയില്‍ യാതൊരുവിധ മാര്‍ഗതടസ്സങ്ങളോ വിഘ്‌നങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നാണ് കല്‍പന. വഴിയില്‍ ഒരു സ്ത്രീ ദീനരോദനവുമായി ഓടിക്കൊണ്ടിരിക്കുന്ന ഒട്ടകത്തിന്റെ മുന്നിലേക്ക് ചാടിവീണു. കുളത്തില്‍ വീണ തന്റെ കുട്ടിയെ രക്ഷിക്കണേ എന്ന അഭ്യര്‍ഥനയായിരുന്നു സ്ത്രീയുടേത്. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് ചെങ്കിസ്ഖാന്‍ നേരെ കുളത്തിനടുത്തേക്ക് പോയി, കുന്തമുപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തിയെന്നാണ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിരിക്കുന്നത്. ചെങ്കിസ്ഖാന്‍ എന്ന പടനായകന്റെ മുന്നിലേക്ക് ചാടിവീണ സ്ത്രീയുടെ കഥ കഴിഞ്ഞിരിക്കുമെന്നാണ് ഗ്രാമവാസികള്‍ കരുതിയത്. പക്ഷേ സ്ത്രീയുടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നതെന്നറിഞ്ഞപ്പോള്‍ ചെങ്കിസ്ഖാനില്‍ കാരുണ്യമുള്ള പുതിയൊരു മനുഷ്യനെ അവര്‍ കണ്ടെത്തുകയായിരുന്നു.
മനുഷ്യനോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും കാരുണ്യം കാണിക്കണമെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. ജീവജാലങ്ങളോട് കരുണ കാണിച്ചാല്‍ അതിന് ദൈവം പ്രതിഫലം നല്‍കുമെന്ന് നബി അനുചരന്മാരോട് പറയുകയുണ്ടായി. കാരുണ്യം നീതിയുടെ ഭാഗം കൂടിയാണ്. നീതി നിഷേധിക്കുന്നിടത്ത് കാരുണ്യമില്ലാതാകും. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് കാരുണ്യ മനോഭാവത്തിന്റെ അഭാവം കൊണ്ടാണ്. അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യേണ്ടിവരുന്നു. അഭയവും ആശ്രയവും ലഭിക്കാതെ ദുരന്തങ്ങളുമായി അലഞ്ഞുതിരിയുകയാണവര്‍. യദ്ധഭൂമിയിലും സംഘര്‍ഷ മേഖലകളിലും മാത്രമല്ല, മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്കും കാരുണ്യത്തിന്റെ ചിറക് താഴ്ത്തി ഇറങ്ങിച്ചെല്ലാന്‍ നമുക്ക് കഴിയണം.
ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന നായകനായ ശ്രീനാരായണഗുരു മുഹമ്മദ് നബിയില്‍ കണ്ട ഏറ്റവും വലിയ ഗുണം കാരുണ്യം തന്നെയായിരുന്നു:
'പുരുഷാകൃതി പൂണ്ട ദൈവമോ?
നര ദിവ്യാകൃതി പൂണ്ട ധര്‍മമോ?
പരമേശ്വര പവിത്ര പുത്രനോ?
കരുണവാന്‍ നബി മുത്തുരത്‌നമോ?'
(അനുകമ്പാ ദശകം).
കാരുണ്യമാകട്ടെ നമ്മുടെ കരുത്ത്.
പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
ഗസ്സാലിയെ ഇത്രമേല്‍ പ്രണയിച്ച ഒരാള്‍
മുഹമ്മദ് ശമീം ഉമരി വിടപറഞ്ഞു. സൗമ്യത, വിനയം, എളിമ എന്നീ മൂന്ന് പദങ്ങള്‍ ചേരുന്നതാണ് മുഹമ്മദ് ശമീം ഉമരിയെന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി. കേരളത്തിലെ ഉര്‍ദു, അറബി ഭാഷാ പണ്ഡിതന്മാരില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുത്താണ് ശമീം ഉമരി വിടപറഞ്ഞത്. എഴുത്തിനെ ഇത്രമേല്‍ പ്രണയിച്ച മനുഷ്യന്‍ അഞ്ചു വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന ഹദീസ് സമാഹാര ഗ്രന്ഥമായ മിശ്കാത്തിന്റെ അവസാന പണികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് നാഥനിലേക്ക് യാത്രയായത്. ഒരു മകനെന്ന നിലയില്‍ പിതാവിന്റെ അപ്രതീക്ഷിതമായ വിടപറച്ചില്‍ ഏറെ തളര്‍ത്തുന്നുവെങ്കിലും മിശ്കാത്ത് പുറത്തിറക്കുക എന്ന വലിയൊരു ഉത്തരവാദിത്തവും വന്നുചേര്‍ന്നിരിക്കുകയാണ്.
പുസ്തകങ്ങളുടെ നടുവിലായിരുന്നു അദ്ദേഹം ജീവിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആ ലോകത്തു നിന്ന് ഉപ്പ പുറത്തിറങ്ങില്ലായിരുന്നു. തലമുറകള്‍ക്ക് വായിക്കാനായി ധാരാളം എഴുതിവെച്ചിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ മടക്കം.
1945-ല്‍ കാസര്‍കോട് ജില്ലയിലെ മൂടംബയലില്‍ പഴയകാല കോണ്‍ഗ്രസ് നേതാവും തെക്കില്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റുമായിരുന്ന അബ്ദുര്‍റഹ്മാന്റെയും മര്‍യം ബന്ദാദിന്റെയും മൂത്ത മകനായിട്ടാണ് ജനനം. ദാരിദ്ര്യത്തിലായിരുന്നു കുട്ടിക്കാലം. ഇല്ലായ്മകള്‍ക്ക് നടുവിലായിരുന്നു സ്വദേശത്തെയും വിദേശത്തെയും വിദ്യാഭ്യാസം. പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഡിതനുമായിരുന്ന ഇമാം ഗസ്സാലി(റ)യുടെ ചിന്തകളോടും എഴുത്തുകളോടും വളരെയേറെ ആഭിമുഖ്യം ഉണ്ടായിരുന്ന ശമീം ഉമരി, ഗസ്സാലി രചനകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ആലിയ അറബിക് കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനത്തിനായി പോയത് ഉമറാബാദിലെ ദാറുസ്സലാമിലേക്കും മദീനയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയിലേക്കുമായിരുന്നു. ഉമറാബാദിലെ വിദ്യാഭ്യാസത്തിനിടയിലാണ് ഇമാം ഗസ്സാലിയുടെ ചിന്തകളില്‍ ആകൃഷ്ടനാവുന്നതും അദ്ദേഹത്തിന്റെ കൃതികള്‍ കൈരളിക്ക് പരിചയപ്പെടുത്താനുള്ള യത്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും. ഗസ്സാലിയുടെ പേരില്‍ തന്നെ സ്വന്തമായി പ്രസാധനം ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തിയിലേക്ക് കടന്ന ശമീം ഉമരി കാസര്‍കോട് ബെണ്ടിച്ചാല്‍ സ്‌കൂളില്‍ അറബി അധ്യാപകനായും ബോവിക്കാനം, ചെമ്മനാട് കടവത്ത് എന്നീ സ്‌കൂളുകളില്‍ അധ്യാപകനായും കണ്ണൂര്‍ പഴയങ്ങാടി വാദി ഹുദാ അറബിക് കോളേജില്‍ പ്രിന്‍സിപ്പലായും ആലിയ അറബിക് കോളേജില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തും നൂറുകണക്കിന് ശിഷ്യരെ സമ്പാദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കം. മോഡേണ്‍ അറബിയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ശമീം ഉമരി ഇരുപതോളം സ്വതന്ത്ര രചനകളും 18 വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്റെ രചനകള്‍ക്ക് പ്രസാധകരെ കിട്ടാന്‍ വിഷമിച്ചപ്പോഴാണ് അദ്ദേഹം സ്വന്തമായി പ്രസാധനം ആരംഭിക്കുന്നത്. എഴുത്തുലോകത്ത് സജീവമായതോടെ അല്‍ ഹുദാ ബുക്‌സും ഡി.സി ബുക്‌സുമൊക്കെ ശമീം ഉമരിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ രംഗത്തുവന്നു. 'ശമീമുല്ലുഗാത്ത്' എന്ന പേരിലുള്ള ആദ്യത്തെ ഉര്‍ദു-മലയാളം നിഘണ്ടുവിന്റെ ജോലി അദ്ദേഹം 1979-ല്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും പ്രസാധകരെ കിട്ടാത്തതിനാല്‍ പുറത്തിറങ്ങുന്നത് 1981-ലാണ്. അന്നത്തെ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സി.പി ശ്രീധരന്‍ കാസര്‍കോട്ട് വന്നപ്പോള്‍ നിഘണ്ടു അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും കൃതി ഇഷ്ടപെട്ട സി.പി ശ്രീധരന്‍ നിഘണ്ടുവിനെ പ്രശംസിച്ച് കത്തും പാരിതോഷികവും അയക്കുകയും ചെയ്തിരുന്നു. ഐ.പി.എച്ച് പ്രസിദ്ധികരിച്ച ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ പത്രാധിപ സമിതിയംഗവും, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീസ് സമാഹാരങ്ങളുടെ പരിഭാഷാ പരിശോധന സമിതിയംഗവുമായിരുന്നു.
കോഴിക്കോടുമായി വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു ഉപ്പക്ക്. പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നതും പ്രധാന കേന്ദ്രമെന്ന നിലക്ക് അവ വിറ്റുപോയിരുന്നതും കോഴിക്കോട്ടായിരുന്നു. ശമീം ഉമരിയെ അനുസ്മരിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത മറ്റൊരു കാര്യമുണ്ട്. കേരള മുസ്ലിംകളിലെ എല്ലാ സംഘടനക്കാര്‍ക്കും പ്രിയങ്കരനായ പണ്ഡിതനായിരുന്നു അദ്ദേഹം. സംഘടനയേക്കാള്‍ മുകളിലാണ് ദീനെന്ന് തന്റെ പ്രവൃത്തിയിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം കാണിച്ചുതന്നു. സാമുദായിക ഐക്യത്തിനായും അദ്ദേഹം യത്‌നിച്ചു. അല്ലാഹുവുമായുള്ള കരാര്‍ പൂര്‍ത്തീകരിച്ചുവെന്ന സംതൃപ്തിയിലായിരിക്കണം പിതാവ് ഇഹലോകത്തോട് വിടപറഞ്ഞിരിക്കുന്നത്.
ജുബൈര്‍ ഇബ്‌നു ശമീം
Comments