Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

കര്‍ഷക സമരത്തിന്റെ വീര്യവും വ്യാപ്തിയും

ഹസനുല്‍ ബന്ന

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ നേരിട്ട പോലെ കര്‍ഷക സമരത്തെയും നേരിടാന്‍ തന്നെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.  കര്‍ഷകരുടെ ആശങ്കകള്‍ അകറ്റാനും ചര്‍ച്ച നടത്താനും ഒരുക്കമാണെന്ന് ഒരു ഭാഗത്ത് പറഞ്ഞുകൊണ്ടിരിക്കുകയും മറുഭാഗത്ത് വിവാദ നിയമങ്ങളത്രയും കര്‍ഷകരുടെ നേട്ടത്തിനാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു സര്‍ക്കാര്‍. ന്യൂ ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷക നേതാക്കളുമായി ഓരോ വട്ടം ചര്‍ച്ച കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ട് കേന്ദ്ര കൃഷി സഹമന്ത്രി വരെയുള്ളവര്‍ വിവാദ നിയമങ്ങളെ ന്യായീകരിച്ചുകൊണ്ടേയിരുന്നു. കൊണ്ടുവന്ന നിയമങ്ങളില്‍നിന്ന് തങ്ങള്‍ പിന്മാറാന്‍ ഒരുക്കമല്ലെന്ന മോദി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം തന്നെയായിരുന്നു ഈ പരസ്യപ്രസ്താവനകള്‍ക്കു പിന്നില്‍. തങ്ങള്‍ കൊണ്ടുവരുന്ന നിയമങ്ങളൊന്നും പിന്‍വലിക്കാനുള്ളതല്ലെന്നും അതല്ലാതെ കര്‍ഷകര്‍ക്ക് മറ്റെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അതാവാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട് എന്ന് കര്‍ഷക സംഘടനകളും മനസ്സിലാക്കി.
അതോടെയാണ് നിലപാട് കടുപ്പിച്ച് നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മാത്രം ചര്‍ച്ച മതിയെന്നും അല്ലെങ്കില്‍ തങ്ങള്‍ ഇറങ്ങിപ്പോകുമെന്നും ഡിസംബര്‍ അഞ്ചിന് വിജ്ഞാന്‍ ഭവനില്‍ കര്‍ഷക സംഘടനകള്‍ ഭീഷണി മുഴക്കിയത്. ആ ഭീഷണി ഫലിച്ചില്ലെങ്കിലും തങ്ങളുടെ നിശ്ചയദാര്‍ഢ്യം മോദി സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ കര്‍ഷക സംഘടനകള്‍ക്ക് അതിലൂടെ കഴിഞ്ഞു. അതിന് ശേഷമാണ് കേന്ദ്രം തന്ത്രം മാറ്റിപ്പിടിച്ചത്. സാക്ഷാല്‍ അമിത് ഷാ തന്നെ ചര്‍ച്ചക്കായി കര്‍ഷക നേതാക്കളെ വിളിച്ചു. കേന്ദ്ര സര്‍ക്കാറുമായി കര്‍ഷക സംഘടനകള്‍ നിശ്ചയിച്ച ചര്‍ച്ചയുടെ തലേന്നാളായിരുന്നു ഈ ചര്‍ച്ചയെന്നത് വളരെ നിര്‍ണായകമായിരുന്നു.  
മോദി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളിലാണ് പാര്‍ട്ടിക്കൊപ്പം ഭരണത്തിന്റെ നിയന്ത്രണവും. തന്റെ നിയന്ത്രണത്തിലുള്ള ദല്‍ഹി പോലീസ്, സി.ബി.ഐ, എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് ഭീതിയും ഭയവും എതിരാളികള്‍ക്കിടയില്‍ സൃഷ്ടിച്ചാണ് പാര്‍ട്ടിയുടെ അജണ്ടകളെല്ലാം അമിത് ഷാ നടപ്പാക്കുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാനും പല നേതാക്കളെയും കേന്ദ്ര സര്‍ക്കാറിന്റെ വരുതിയിലാക്കാനും ഈ പേടിപ്പെടുത്തല്‍ കൊണ്ടു കഴിഞ്ഞു. ആര്‍.എസ്.എസിന്റെ ദീര്‍ഘകാല അജണ്ടകളായ കശ്മീരും അയോധ്യയും പൗരത്വ നിയമവും നടപ്പാക്കിയ പോലെ കാര്‍ഷിക നിയമങ്ങളും നടപ്പാക്കാന്‍ ആദ്യം മുന്നിട്ടിറങ്ങിയത് അമിത് ഷാ തന്നെയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി വേണ്ട, കൃഷി മന്ത്രി മതി എന്ന കര്‍ഷകരുടെ നിലപാടില്‍ ചര്‍ച്ചകളില്‍ വന്നിരിക്കാന്‍ അമിത് ഷാക്ക് കഴിയാതെ പോയി. കര്‍ഷക നേതാക്കളെ അമിത് ഷാ ഇരുന്നൊന്ന് നോക്കിയാല്‍ തീരാവുന്നതേയുള്ളൂ കര്‍ഷക സമരവും എന്ന ബി.ജെ.പിക്കുള്ളിലെ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ് ഒമ്പതിന് ചര്‍ച്ച നടക്കാനിരിക്കെ എട്ടിന് വൈകീട്ട് ഒരു ചര്‍ച്ചയുമായി അമിത് ഷാ രംഗത്തുവരുന്നതിനുള്ള കാരണം. പഞ്ചാബിലെ തങ്ങളുടെ പഴയ സഖ്യകക്ഷി ശിരോമണി അകാലിദളിന്റെ നേതാവ് ബാദലിനെ പ്രധാനമന്ത്രി വിളിച്ചു സംസാരിച്ച ശേഷമായിരുന്നു ഈ നീക്കം.

പ്രതിപക്ഷത്തെ ഒതുക്കി കര്‍ഷകരുമായുള്ള ചര്‍ച്ച

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നീക്കത്തില്‍ പ്രകോപിതനായ അമിത് ഷാ ദല്‍ഹി പോലീസിനെ ഉപയോഗിച്ച് ബന്ദ് നാളില്‍ ഒരു പ്രതിപക്ഷ നേതാവും കര്‍ഷക സമര സ്ഥലത്ത് പോകാതിരിക്കാന്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് കൈക്കൊണ്ടത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട് വളഞ്ഞ് അദ്ദേഹം പുറത്തിറങ്ങുന്നത് തടഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിറങ്ങിയ ചന്ദ്രശേഖര്‍ ആസാദിനെയും ഇടതുനേതാക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദല്‍ഹി പോലീസിന്റെ ഈ നടപടികള്‍ സൃഷ്ടിച്ച വിവാദത്തിനിടയിലാണ് കൃഷിമന്ത്രിയെ മറികടന്ന് കര്‍ഷകരുമായി നേരിട്ടുള്ള കൂടിക്കാഴ്ചക്ക് അമിത് ഷാ പദ്ധതിയിട്ടത്. കര്‍ഷക സമരം തുടങ്ങിയ നാള്‍ തൊട്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അമിത് ഷായൂടെ ചര്‍ച്ച ഏതെങ്കിലും തരത്തിലുള്ള കീഴടങ്ങലായല്ല, മറിച്ച് സമരത്തിന് ലഭിച്ച പിന്തുണയെ നിര്‍വീര്യമാക്കാനും സമരക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള നീക്കമായാണ് തോന്നിയത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുകയില്ല എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് അമിത് ഷായുടെ ചര്‍ച്ച എന്ന് ബി.ജെ.പിയുമായും സര്‍ക്കാറുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

വിഫലമായിപ്പോയ സര്‍ക്കാര്‍ നീക്കങ്ങള്‍

പഞ്ചാബി കര്‍ഷകര്‍ അവരുടെ സംസ്ഥാനത്ത് നടത്തുന്ന ഒരു സമരമെന്ന നിലയില്‍ കണ്ട് അതിനെ അവഗണിക്കുകയാണ് തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അതിനെ തുടര്‍ന്നാണ് പഞ്ചാബില്‍നിന്ന് കഴിഞ്ഞ മാസം 25-ന് കര്‍ഷകര്‍ 'ദല്‍ഹി ചലോ' യാത്ര തുടങ്ങിയത്. അപ്പോഴും ദല്‍ഹിയിലേക്ക് അവരെ എത്താതെ നോക്കാന്‍ ബി.ജെ.പി ഭരണത്തിലുള്ള ഹരിയാനയിലെ സര്‍ക്കാറിനെ ഏല്‍പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശപ്രകാരം ഹരിയാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ പഞ്ചാബി കര്‍ഷകരെ തടഞ്ഞു. ഇതോടൊപ്പം കര്‍ഷകരെ ഖലിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുള്ളവരാക്കി ചിത്രീകരിച്ച് സമരത്തിനെതിരെ ഹിന്ദു സമുദായത്തിന്റെ വികാരമുണര്‍ത്താനുള്ള തന്ത്രവും ബി.ജെ.പി പയറ്റിക്കൊണ്ടിരുന്നു. ഹരിയാന മുഖ്യമന്ത്രി തന്നെ ഈ വാദം ഏറ്റുപിടിച്ചത് തീവ്രവാദ ആരോപണം പാര്‍ട്ടിയുടെ ആസൂത്രിതമായ ദുഷ്പ്രചാരണത്തിന്റെ ഭാഗമായിരുന്നു എന്നു തെളിയിക്കുന്നതാണ്. പോലീസിനെ ഉപയോഗിച്ച് ഹരിയാന അതിര്‍ത്തിയില്‍ അവരെ നേരിട്ട് കര്‍ഷക സമരത്തിന് അന്ത്യം കുറിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചത് ഹരിയാനയിലെ കൂടി കര്‍ഷകരാണ്. ഇരു സംസ്ഥാനങ്ങളിലെയും കര്‍ഷകരൊരുമിച്ച് ബാരിക്കേഡുകളും മുള്ളുവേലികളും വകഞ്ഞുമാറ്റി കര്‍ഷക സമരത്തെ ദല്‍ഹിയുടെ പടിവാതില്‍ക്കലെത്തിച്ചതോടെ ആ നീക്കവും പാളി. കര്‍ഷക സമരത്തെ വര്‍ഗീയമായി നേരിടുന്ന പണി ബി.ജെ.പി ഐ.ടി സെല്ലും ട്രോള്‍ ആര്‍മിയും അപ്പോഴും ചെയ്തുകൊണ്ടിരുന്നു. ദല്‍ഹിയിലേക്ക് വരുന്ന പഞ്ചാബി കര്‍ഷകരെ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ദല്‍ഹി പോലീസ് കത്തയച്ചുവെങ്കിലും അദ്ദേഹം അത് തള്ളിക്കളഞ്ഞതായിരുന്നു അടുത്ത തിരിച്ചടി. ദല്‍ഹി അതിര്‍ത്തി കടത്തിവിടാമെന്ന് സമരക്കാരുമായി ധാരണയിലെത്തിയ ശേഷം അവരെ വിവിധ സ്റ്റേഡിയങ്ങളിലൊരുക്കുന്ന ജയിലുകളിലേക്ക് മാറ്റാമെന്നായിരുന്നു കണക്കുകൂട്ടല്‍. സിംഘു അതിര്‍ത്തി കടന്നുവന്ന കര്‍ഷക സമരക്കാരോട് ബുറാറിക്കടുത്ത നിരങ്കരി ഗ്രൗണ്ടിലേക്ക് പോകാന്‍ പറഞ്ഞതും ജയിലുകളിലേക്ക് അയക്കാന്‍ വേണ്ടിയായിരുന്നു. അതിര്‍ത്തി കടത്തിയ ആഹ്ലാദത്തില്‍  സിംഘുവില്‍നിന്ന് നിരങ്കരി ഗ്രൗണ്ടിലേക്ക് പോയ ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹി പോലീസിന്റെ ജയിലിലടക്കാനുള്ള പദ്ധതി അറിഞ്ഞതോടെ അവിടെ നിന്ന് തിരിച്ച് അതിര്‍ത്തികളിലേക്ക് തന്നെ പോയി.
സര്‍ക്കാറാകട്ടെ ഹരിയാനയില്‍ സമരത്തിന് കിട്ടിയ ജനകീയ പിന്തുണ രാജ്യമൊട്ടുക്കും ആവര്‍ത്തിക്കുമെന്ന് മനസ്സിലാക്കി ദല്‍ഹിയിലെത്തിയ ശേഷവും ഇതിനെ കര്‍ഷക സമരമായി കാണുന്നതിനു പകരം പഞ്ചാബി സമരമാക്കി മാറ്റാന്‍ നോക്കി. സമരക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്ന് പറഞ്ഞ് പഞ്ചാബില്‍നിന്നുള്ള കര്‍ഷക യൂനിയനുകളെ മാത്രം വിളിച്ചു.  എന്നാല്‍ അത് സ്വീകാര്യമല്ലെന്നും തങ്ങളെയും വിളിക്കണമെന്നും ഹരിയാന കര്‍ഷക യൂനിയനുകളും ആവശ്യപ്പെട്ടു. അങ്ങനെയാണ് വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ചക്ക് വന്ന കര്‍ഷക സംഘടനകളുടെ എണ്ണം 40-ലെത്തിയത്. സര്‍ക്കാറിന്റെ ലക്ഷ്യം തങ്ങളുടെ ആവശ്യം അംഗീകരിക്കലല്ലെന്നും സമരം പൊളിക്കലാണെന്നുമുള്ള ജാഗ്രത ഓരോ ഘട്ടത്തിലും സമര സംഘടനകള്‍ കാണിച്ചതുകൊണ്ടാണ് ഈ കുതന്ത്രങ്ങളൊന്നും ഫലിക്കാതെ പോയത്. ഇതൊക്കെ കഴിഞ്ഞ ശേഷമാണ് തങ്ങള്‍ ചര്‍ച്ചക്കില്ലെന്ന് പറഞ്ഞ് നേരത്തേ ഒഴിവാക്കിയ അമിത് ഷാ പെട്ടെന്ന് സമരക്കാരെ ചര്‍ച്ചക്ക് വിളിച്ച് അമ്പരപ്പിച്ചത്.

വസ്ത്രം നോക്കി ഖലിസ്ഥാനികളാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സമുദായത്തെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്ത് കര്‍ഷകദ്രോഹ നിയമത്തിനെതിരെ സമരം ചെയ്യുന്നവരുടെ വസ്ത്രത്തിലേക്ക് നോക്കി മതം തിരിച്ചറിഞ്ഞായിരുന്നു ഖലിസ്ഥാന്‍ തീവ്രവാദ ആരോപണം. കര്‍ഷക സമരവേദിയില്‍ ഒരു പ്രസംഗമോ മുദ്രാവാക്യമോ ഖലിസ്ഥാന് വേണ്ടി മുഴങ്ങാതിരുന്നിട്ടും ഇത്തരമൊരു കെട്ട ആരോപണം ഉന്നയിക്കാന്‍ ബി.ജെ.പി നേതാക്കള്‍ മുതിര്‍ന്നു. ബി.ജെ.പി പ്രചാരണമേറ്റെടുത്ത സര്‍ക്കാര്‍ അനുകൂല ഹിന്ദി  പത്രം കര്‍ഷക സമര വേദിയില്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിയുയര്‍ന്നു എന്ന് വ്യാജവാര്‍ത്ത കൊടുത്ത് എരിതീയില്‍ എണ്ണയൊഴിച്ചു. സമരം ചെയ്യുന്നത് സിഖുകാരാണെന്ന് ചൂണ്ടിക്കാണിച്ച് ഹിന്ദുക്കളെ അവരില്‍നിന്ന് അകറ്റിനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഈ നിലക്കെല്ലാം കഴിഞ്ഞ വര്‍ഷത്തെ  പൗരത്വ സമരത്തെ നേരിട്ടതിന്റെ തനിയാവര്‍ത്തനമായി തോന്നും ദല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരങ്ങളെ നേരിട്ട രീതികള്‍. ശാഹീന്‍ ബാഗ് സമരത്തിന്റെ ബാക്കിയാക്കി ഇതിനെ മാറ്റാനുള്ള ശ്രമവും ഐ.ടി സെല്‍ നടത്തിയതും ഹിന്ദു കര്‍ഷകരില്‍നിന്ന് സിഖ് കര്‍ഷകരെ ഒറ്റപ്പെടുത്താനായിരുന്നു. പഞ്ചാബിലെ ഒരു റാലിയില്‍ വയോധികയായ ഒരു സ്ത്രീ പങ്കെടുത്തതിന്റെ ചിത്രം കാണിച്ച് ശാഹീന്‍ബാഗിലെ ദാദിയാണെന്ന് പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. എല്ലാ പ്രചാരണങ്ങള്‍ക്കുമൊടുവിലാണ് അമിത് ഷായുടെ കീഴിലുള്ള ദല്‍ഹി 
പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഐ.എസ്.ഐ-ഖലിസ്ഥാന്‍ തീവ്രവാദ പദ്ധതി ആരോപിച്ച് അഞ്ച് പേരെ ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.  

യു.എ.പി.എ ചുമത്താവുന്ന അതിര്‍ത്തിയിലെ ചക്കാ ജാം

എന്നാല്‍ ഇതുകൊണ്ടൊന്നും പഞ്ചാബികളുടെ സമരവീര്യം കുറയുകയല്ല, അനുദിനം വര്‍ധിക്കുകയാണ് ചെയ്തത്. ഒരാക്ഷേപകന്റെയും ആക്ഷേപം ഭയപ്പെടാതെ അവര്‍ ദല്‍ഹിയിലേക്കുള്ള അതിര്‍ത്തി അടച്ചുള്ള ചക്കാ ജാം സമരവുമായി മുന്നോട്ടുപോയി. പൗരത്വ സമരകാലത്ത് ചക്കാ ജാം സമരത്തിന് ആഹ്വാനം നടത്തിയ ശര്‍ജീല്‍ ഇമാമിന് ലഭിച്ചത് യു.എ.പി.എ ആയിരുന്നു. പിന്തുണച്ചവരെയെല്ലാം ചേര്‍ത്തു പിടിച്ച പഞ്ചാബി കര്‍ഷകര്‍ സമുദായങ്ങളുെട പേരില്‍ ധ്രുവീകരണമുണ്ടാക്കുമെന്ന് ഭയന്ന് മതേതര പാര്‍ട്ടികള്‍ ചെയ്യുന്ന പോലെ പിന്തുണയുമായെത്തിയ മുസ്‌ലിംകളെ വേദിയില്‍നിന്നും സമരക്കാര്‍ക്കിടയില്‍നിന്നും മാറ്റിനിര്‍ത്തിയില്ല. പൗരത്വസമരകാലത്ത് തങ്ങള്‍ക്ക് വെച്ചുവിളമ്പി തന്നവര്‍ക്ക് ഭക്ഷണം വിളമ്പി തന്നെ സ്‌നേഹം തിരിച്ചുനല്‍കിയപ്പോള്‍ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.  പിന്തുണയുമായെത്തിയ മുസ്‌ലിംകള്‍ക്ക് സമരസ്ഥലത്തു തന്നെ നമസ്‌കാരത്തിന് സൗകര്യം ചെയ്തുകൊടുത്ത് നമസ്‌കാരവേളയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചേര്‍ന്നു നിന്നു.  

പൗരത്വ സമരവും കര്‍ഷക സമരവും

ന്യായവും നീതിയും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത സംഘ് പരിവാര്‍ ഭരണകൂടത്തിന് വര്‍ഗീയതയിലൂടെ കാര്യങ്ങള്‍ നേരിടാനുള്ള അറിവും പ്രാപ്തിയും മാത്രമേയുള്ളൂ. കര്‍ഷകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിപ്പുറത്താക്കാനും പകരമവിടെ കോര്‍പറേറ്റുകളെ കുടിയിരുത്താനുമുള്ള വിവാദ നിയമങ്ങള്‍ കൊണ്ടുവന്ന മോദി സര്‍ക്കാര്‍ അതിനെതിരെ അപ്രതീക്ഷിതമായ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോള്‍ പൗരത്വ സമരകാലത്തെ 'മോഡസ് ഓപറാണ്ടി' തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. ദുഷ്പ്രചാരണങ്ങളുടെയും ഭിന്നിപ്പിക്കലിന്റെയും ഘട്ടം കഴിഞ്ഞ കര്‍ഷക സമരത്തില്‍, ദല്‍ഹി പോലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ചുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കര്‍ഷക സമരവേളയിലെ അഞ്ച് ഭീകരരുടെ അറസ്റ്റ് അതിനുള്ള തുടക്കമാകാനുമിടയുണ്ട്.  സമരം മൂര്‍ധന്യത്തിലെത്തി നില്‍ക്കെ ശാഹീന്‍ബാഗിലെ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ച പോലൊരു വിളി അമിത് ഷാ വിളിക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് അതെന്തുമാത്രം ഫലം ചെയ്യുമെന്ന് സംശയമുയരുന്നത് അതുകൊണ്ടാണ്.
കാര്യങ്ങള്‍ നിയന്ത്രിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കൃത്യമായ നേതൃത്വമില്ലാത്ത പൗരത്വ സമരത്തില്‍നിന്ന് ഭിന്നമായി പഞ്ചാബിലെ കര്‍ഷക സംഘടനകളുടെ നേതൃത്വം മുന്നിലുണ്ട് എന്നതാണ് കര്‍ഷക സമരത്തിന്റെ അടിസ്ഥാനപരമായ വ്യത്യാസം. അത് തന്നെയാകുമോ അതിന്റെ പരിമിതിയും എന്ന ചോദ്യത്തിന് വൈകാതെ ഉത്തരം ലഭിക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്