Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

പ്രതികാരം ചെയ്യാനാവാതെ ഇറാന്‍

ഇറാനിയന്‍ ആണവ പദ്ധതിയുടെ പിതാവായി അറിയപ്പെട്ടിരുന്ന മുഹ്‌സിന്‍ ഫഖ്രിസാദയുടെ വധത്തെക്കുറിച്ചുള്ള പലതരം വിശകലനങ്ങള്‍ അന്താരാഷ്ട്ര മീഡിയയില്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ ആണവ പദ്ധതിക്ക്, അത് ഊര്‍ജാവശ്യത്തിനോ ആയുധമുണ്ടാക്കാനോ ആകട്ടെ, ഈ കൊലപാതകം വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ഇറാന്‍ ധാരാളം യുവ ശാസ്ത്രജ്ഞരെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ടാവുമെന്നും, അതിനാല്‍ ആണവ പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമായ തടസ്സമൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്നുമുള്ള ഒരു നിരീക്ഷണമുണ്ട്. ശരിയാകാനിടയുള്ള ഒരു നിരീക്ഷണമാണത്. കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് വകവരുത്തിയിട്ടുണ്ട്. 2012-ല്‍ മുസ്തഫ അഹ്മദി റോഷനെ, 2011-ല്‍ ദാര്‍യൂശ് റദാഇയെയും ഫരീദൂന്‍ അബ്ബാസി ദവാനിയെയും, 2010-ല്‍ മജീദ് ശഹ്ര്‍യാറിയെയും മസ്ഊദ് അലി മുഹമ്മദിയെയും.... ഈ ലിസ്റ്റില്‍ അവസാനത്തെ ആളാകാന്‍ ഇടയില്ല ഇപ്പോള്‍ വധിക്കപ്പെട്ട മുഹ്‌സിന്‍ ഫഖ്രിസാദ.
വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയായിരുന്നു മുഹ്‌സിന്‍ ഫഖ്‌രി. ഇറാനിലെ വിപ്ലവ ഗാര്‍ഡില്‍ മേജര്‍ ജനറല്‍ പദവിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഉപ രാജ്യ രക്ഷാ മന്ത്രിയുമായിരുന്നു. 2018-ല്‍ ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു തന്നെ ഇദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞ് ചില സൂചനകള്‍ നല്‍കിയിരുന്നു. അതിനാല്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ക്കകത്തായിരുന്നു ഫഖ്‌രിസാദയുടെ യാത്രകളത്രയും. പക്ഷേ, കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന ഒരു സൂചനയും ഇറാനിയന്‍ ഇന്റലിജന്‍സിന് ലഭിക്കുകയുണ്ടായില്ല. വധത്തിനുള്ള മുന്നൊരുക്കങ്ങള്‍ കുറേ കാലമായി നടന്നുവരികയായിരുന്നുവെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. മാത്രവുമല്ല വ്യക്തികളാരും ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിട്ടില്ല. യന്ത്ര സഹായത്തോടെ മറ്റെവിടെയോ വെച്ച് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. യാതൊരു പിഴവും വരുത്താതെ ഓപ്പറേഷന്‍ വിജയിപ്പിച്ചെടുക്കാനും മൊസാദിന് സാധിച്ചു. ഇറാനിയന്‍ പൗരന്മാരായ ഏജന്റുമാര്‍ തന്നെയാവണം അനുബന്ധ പണികളൊക്കെ ചെയ്തിട്ടുണ്ടാവുക. ശത്രുവിന്റെ ഈ ആസൂത്രണങ്ങളെക്കുറിച്ചൊന്നും ഒരു വിവരവും ലഭിക്കാതെ പോയി എന്നത് ഇറാന്റെ കനത്ത ഇന്റലിജന്‍സ് പരാജയം തന്നെയാണ്. അവരുടെ ആത്മവീര്യത്തെ അത് വല്ലാതെ കെടുത്തിക്കളയുന്നുണ്ട്.
ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പട്ടാള മേധാവികളും ആണവ ശാസ്ത്രജ്ഞന്റെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും അങ്ങനെയുള്ള യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ജനരോഷം തണുപ്പിക്കാനുള്ള പ്രസ്താവനകളായേ അതിനെ കാണേണ്ടതുള്ളൂ. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍,  ഇറാന്റെ പുറത്ത് അതിന്റെ സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഖാസിം സുലൈമാനിയെ അമേരിക്ക ഇറാഖില്‍ വെച്ച് വധിച്ചപ്പോഴും  പ്രതികാരം ചെയ്യുമെന്ന പ്രസ്താവനകള്‍ ഇതിനേക്കാള്‍ രൂക്ഷമായ രീതിയില്‍ വന്നിരുന്നുവെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല. പകരം വീട്ടുന്നതില്‍നിന്ന് ഇറാനെ തടയുന്നത് രണ്ട് കാരണങ്ങളാവാം: ഒന്ന്, ഇത് ഇസ്രയേല്‍ ഒരുക്കുന്ന കെണിയാണെന്ന് ഇറാന് അറിയാം. ഇറാന്‍ തിരിച്ചടിക്കണമെന്നു തന്നെയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. അങ്ങനെ തിരിച്ചടിച്ചാല്‍ ഇറാഖിലോ സിറിയയിലോ ഉള്ള ഇറാനിയന്‍ താവളങ്ങളെ ഇസ്രയേലിന് ആക്രമിക്കാം. ഇറാനില്‍ തന്നെ ആക്രമണങ്ങള്‍ നടത്താം. ഈ നീക്കങ്ങളിലൊക്കെ ഇസ്രയേലിനൊപ്പം നില്‍ക്കുകയേ അമേരിക്കക്ക് നിവൃത്തി ഉണ്ടാവുകയുള്ളൂ. അങ്ങനെ ഇറാനുമായുള്ള ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളെ മുളയിലേ നുള്ളാം. ബൈഡനുമായി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി വേണം ഇറാന്റെ ഈ 'ആത്മനിയന്ത്രണ'ത്തെ കാണാന്‍.
രണ്ടാമത്തെ കാരണം ഇറാന്റെയും അതിന്റെ സഖ്യകക്ഷികളുടെയും എല്ലാ അര്‍ഥത്തിലുമുള്ള ബലക്ഷയമാണ്. ഇറാന് പുറത്ത് പല ഓപ്പറേഷനുകളും അവര്‍ക്ക് വേണ്ടി നടത്തിക്കൊടുത്തിരുന്നത് ലബനാനിലെ ഹിസ്ബുല്ലയായിരുന്നു. ലബനാനില്‍ ഹിസ്ബുല്ല നിയന്ത്രിക്കുന്ന ബാങ്കുകളില്‍ വന്‍ അഴിമതിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അവരുടെ പ്രതിഛായ കളങ്കപ്പെടുത്തുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തുണ്ടായി. യമനില്‍ ആഭ്യന്തര ശൈഥില്യമുണ്ടാക്കാനും സിറിയയില്‍ സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ബശ്ശാറുല്‍ അസദിനെ താങ്ങിനിര്‍ത്താനും ഇറാന്‍ കോടികളാണ് തുലച്ചത്. നേരത്തേ തന്നെ സാമ്പത്തിക ഉപരോധം കൊണ്ട് തളര്‍ന്ന ഇറാന് ഇത് കടുത്ത തിരിച്ചടിയായി. പൊറുതി മുട്ടിയ ഇറാനികള്‍ തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ പല നിലയില്‍ ദുര്‍ബലമാക്കപ്പെട്ട ഇറാന് ഭീഷണിപ്പെടുത്തുകയല്ലാതെ അത് പ്രാവര്‍ത്തികമാക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. അയല്‍ രാഷ്ട്രങ്ങളില്‍ മിക്കതിനെയും ശത്രുക്കളാക്കി മാറ്റിയ ഇറാന്റെ ഇടപെടലുകളും അതിനെ ഒറ്റപ്പെടുത്തുന്നതിനും ദുര്‍ബലമാക്കുന്നതിനും വലിയൊരളവില്‍ കാരണമായിട്ടുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്