Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

സത്യപ്രതിജ്ഞ

ജി.കെ എടത്തനാട്ടുകര

(ജീവിതം-2 )

ഇസ്ലാം ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്ന ഒരു നല്ല ജീവിതവ്യവസ്ഥയാണ് എന്നറിഞ്ഞിട്ടും അത് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
ഒരു കാര്യം നല്ലതാണ് എന്നറിഞ്ഞതുകൊണ്ടോ ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്നതായതുകൊണ്ടോ മനുഷ്യന്‍ അതിനെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നില്ലല്ലോ. അരുതാത്തതാണ് എന്നറിഞ്ഞിട്ടും മനുഷ്യന്‍ ചില അരുതായ്മകള്‍ ചെയ്യാറുണ്ട്. ചില കാര്യങ്ങള്‍ ശരിയാണെന്നറിഞ്ഞിട്ടും അതംഗീകരിച്ച് നടപ്പാക്കാറുമില്ല. എന്നിരിക്കെ കേവല യുക്തി കൊണ്ടും അറിവുകൊണ്ടും മാത്രം മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുന്നതെങ്ങനെ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഒരു കാര്യത്തെക്കുറിച്ചുള്ള 'ഇല്‍മ്' അഥവാ അറിവ് ആ അറിവനുസരിച്ച് ജീവിതത്തെ മാറ്റാന്‍ പര്യാപ്തമാവണമെന്നില്ല. ഇല്‍മിനോടൊപ്പം 'ഈമാന്‍' അഥവാ വിശ്വാസവും (അര്‍ഥം പൂര്‍ണമല്ല) കൂടി ഉണ്ടാവുമ്പോഴാണ് മനുഷ്യന്‍ അറിഞ്ഞ ഒന്നിനെ അംഗീകരിച്ച് നടപ്പിലാക്കുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
ഈയൊരു തലത്തിലെത്തി നില്‍ക്കുന്ന സമയത്താണ്, ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്കെ അസീസ് സാഹിബിന്റെ ചോദ്യം: 'ഇത് സത്യമാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ഇതംഗീകരിച്ചാല്‍ വീട്ടില്‍നിന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാവുമോ?'
എന്ത് മറുപടിയാണതിന് പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍, ആ ചോദ്യം പഞ്ഞിക്കെട്ടില്‍ വീണ തീപ്പൊരി പോലെയാണ് ഹൃദയത്തില്‍ വന്നു വീണത്. മാറാനുള്ള ചിന്ത മെല്ലെമെല്ലെ കത്തിക്കയറി. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച ചിന്തയിലായി പിന്നെ.
മാറുക എന്നാല്‍ വീട്ടുകാരും നാട്ടുകാരും ധരിക്കുക 'മതം മാറുക' എന്നാണ്. മതം മാറുക എന്നാലോ? പൊന്നാനിയില്‍ പോയി പേര് മാറ്റി, മാര്‍ക്കക്കല്യാണം കഴിച്ച്, തൊപ്പിയിട്ട്, ജാതി മാറി വരുന്ന ഏര്‍പ്പാടാണ്. 'മാര്‍ക്കത്തിക്കൂടല്‍' എന്നാണതിനു പറയുക. മാര്‍ക്കത്തിക്കൂടിയാല്‍ പിന്നെ, അന്നത്തെ സമ്പ്രദായമനുസരിച്ച്, ജനിച്ച വീട്ടില്‍ തിരിച്ചു ചെന്ന് പെറ്റ് പോറ്റി വളര്‍ത്തിയ മാതാപിതാക്കളുമായിപ്പോലും ഒന്നിച്ച് താമസിക്കാന്‍ പാടില്ല. അവര് തരുന്ന ഭക്ഷണം കഴിക്കാന്‍ പാടില്ല. വെള്ളം പോലും കുടിക്കരുത്!
ഈ 'മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ' ഇസ്‌ലാമിനെക്കുറിച്ചുള്ള വായനയിലെവിടെയും കണ്ടിട്ടില്ല. വായിച്ചതെല്ലാം നേരെ തിരിച്ചാണ്. അതനുസരിച്ച്, മാതാപിതാക്കളോടുള്ള ബാധ്യതയെപ്പറ്റി ചിന്തയില്ലാത്ത ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അത് തന്റെ ബാധ്യതയാണെന്നു കൂടി തിരിച്ചറിയുകയാണ് ചെയ്യുക.
വായിച്ചു പഠിച്ച ഇസ്‌ലാമും മുസ്‌ലിം സമുദായം പ്രതിനിധീകരിക്കുന്ന ഇസ്‌ലാമും തമ്മിലെ അന്തരം ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
മാതാപിതാക്കളോടുള്ള കടപ്പാടുകളെക്കുറിച്ച് ഇസ്ലാം പറയുന്നത്ര വ്യക്തമായും കൃത്യമായും പറയുന്ന വേറെ ഏതെങ്കിലും ദര്‍ശനങ്ങളുണ്ടോ എന്നറിയില്ല.
മാതാപിതാക്കളോടുള്ള കടപ്പാടുകളെ സംബന്ധിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ ആദ്യം മനസ്സിലാക്കുന്നത് നസീം ഗാസി എന്ന ഹേംകുമാര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം സ്വന്തം അമ്മക്കെഴുതിയ കത്തില്‍നിന്നാണ്. 'അമ്മേ, പ്രിയപ്പെട്ട അമ്മേ!' എന്ന തലക്കെട്ടില്‍ അതൊരു ചെറുപുസ്തകമാക്കിയിരുന്നു. മാതാപിതാക്കളോടുള്ള കടപ്പാടിനെ സംബന്ധിച്ച് ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച കാര്യങ്ങളെ കോര്‍ത്തിണക്കി അതില്‍ വിവരിക്കുന്നുണ്ട്. വായനക്കിടയില്‍ കണ്ണീര്‍ വീഴ്ത്തിയ പുസ്തകങ്ങളിലൊന്നാണത്.
ഖുര്‍ആനിലെ ഒരു വാക്യം ഇങ്ങനെയാണ്: ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക'' (17:23).
നീരസം തോന്നുന്ന ഒരു ഭാവപ്രകടനം പോലും പെറ്റ് പോറ്റിയ മാതാപിതാക്കളോട് പാടില്ല! അവരോടുള്ള ബാധ്യത സംബന്ധിച്ച് ഇതിലിനി കൂട്ടിച്ചേര്‍ക്കാന്‍ വല്ലതുമുണ്ടോ? എല്ലാം ഇതിലടങ്ങിയില്ലേ? ഇങ്ങനെ തുടങ്ങി എത്രയെത്ര വചനങ്ങള്‍!
'മാതാപിതാക്കളുടെ പ്രീതിയിലാണ് ദൈവത്തിന്റെ പ്രീതി. മാതാപിതാക്കളുടെ കോപത്തിലാണ് ദൈവത്തിന്റെ കോപം' ഇങ്ങനെയുള്ള മനോഹരവും ചിന്താര്‍ഹവുമായ എത്രയെത്ര പ്രവാചക വചനങ്ങള്‍!
എന്നാല്‍, രണ്ട് കാര്യങ്ങളില്‍ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലൊന്ന്, ദൈവത്തില്‍ പങ്കാളികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചാല്‍ അവരെ അനുസരിക്കേണ്ടതില്ല (31:15). ഇത് മുസ്‌ലിംകളായ മാതാപിതാക്കളെക്കുറിച്ചല്ലെന്നുറപ്പല്ലേ. മറ്റൊന്ന്, നീതിക്ക് സാക്ഷികളാവുമ്പോള്‍; ''നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കള്‍ക്കും എതിരാണെങ്കിലും ശരി, നിങ്ങള്‍ നീതിക്ക് സാക്ഷികളാവണം'' (4:135).
സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നര്‍ഥം. ബാക്കി എല്ലാ കാര്യങ്ങളിലും അവരോടുള്ള ബാധ്യത നിറവേറ്റല്‍ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണ്. 'ആദര്‍ശത്തില്‍ കാര്‍ക്കശ്യവും മാനവികതയില്‍ ഉദാരതയും' എന്ന ഇസ്‌ലാമിന്റെ നിലപാടിനെ മുസ്‌ലിം സമൂഹം വിസ്മരിച്ചതാണ് ഇസ്ലാം തെറ്റിദ്ധരിക്കപ്പെടാനുണ്ടായ മുഖ്യ കാരണങ്ങളിലൊന്ന് എന്നാണ് തോന്നിയിട്ടുള്ളത്.
ഇതാണ്  ഇസ്‌ലാമിന്റെ യഥാര്‍ഥ നിലപാടെന്നിരിക്കെ, സത്യവിശ്വാസം സ്വീകരിച്ചവരെ കുടുംബങ്ങളില്‍നിന്ന് മുറിച്ചുമാറ്റുന്ന സമ്പ്രദായം ആരുണ്ടാക്കിയതാണ്? ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിട്ടാണ് പ്രവാചകനെ നിയോഗിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (21:107).  'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്ന് പ്രവാചകനും പറയുന്നു. എന്നിരിക്കെ, നൊന്തു പ്രസവിച്ച മാതാവിനെയും പോറ്റി വളര്‍ത്തിയ പിതാവിനെയുമൊക്കെ ഇട്ടെറിഞ്ഞ് പോവാന്‍ പറയുന്ന 'മതം' ആര് പഠിപ്പിച്ചതാണ്? പ്രമാണങ്ങള്‍ പരതിയപ്പോള്‍ ഇതൊരു 'പുത്തന്‍ വാദ'മാണെന്നാണ് മനസ്സിലായത്.
മതങ്ങളുടെ മനുഷ്യപ്പറ്റില്ലായ്മയാണ് നിരീശ്വവാദികളുണ്ടാവാനുള്ള ഒരു കാരണം. പിന്നീട് സത്യം കണ്ടെത്തി, ആ സത്യത്തിലേക്കുള്ള മാറ്റവും മനുഷ്യപ്പറ്റില്ലാത്ത ഒന്നാവുകയോ? കാരുണ്യവാനും കരുണാനിധിയുമായ ദൈവം അതംഗീകരിക്കുമോ?
മാത്രമല്ല, നിരീശ്വരവാദിയും മതനിഷേധിയുമായൊരു കമ്യൂണിസ്റ്റുകാരനാണെന്നിരിക്കെ ഏതെങ്കിലുമൊരു മതത്തില്‍നിന്നല്ലല്ലോ മാറുന്നത്. കമ്യൂണിസത്തില്‍നിന്ന് ഇസ്‌ലാമിലേക്കുള്ള മാറ്റം പിന്നെ 'മതം മാറ്റ'മാകുന്നതെങ്ങനെ?
പരമ്പരാഗത മതംമാറ്റ സമ്പ്രദായങ്ങളെ മുമ്പില്‍ വെച്ചുകൊണ്ട് ആലോചിച്ചപ്പോള്‍, ഇത്തരം ധാരാളം ചോദ്യ ചിന്തകള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. 
അതോടൊപ്പം, പേരുമാറ്റവും ചിന്താവിഷയമായി. സത്യവിശ്വാസം സ്വീകരിക്കാന്‍ അറബിപ്പേര് നിര്‍ബന്ധമാണോ? അതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇസ്‌ലാം സ്വീകരിക്കാന്‍ പേരുമാറ്റല്‍ ഒരു മാനദണ്ഡമായി പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടോ? പ്രവാചകന്‍ എത്ര അനുയായികളുടെ പേരാണ് മാറ്റിയത്? മറ്റേതെങ്കിലും പ്രവാചകന്മാര്‍ ഇങ്ങനെ ഒരു സമ്പ്രദായം സ്വീകരിച്ചിരുന്നോ? ഏതെങ്കിലും  പ്രവാചകന്റെ അനുയായികള്‍ പേരുകൊണ്ട് തിരിച്ചറിഞ്ഞിരുന്നോ? ഖുര്‍ആനില്‍ പറയുന്ന 25 പ്രവാചകന്മാരും ഇസ്‌ലാമിനെയാണല്ലോ പ്രതിനിധീകരിച്ചിരുന്നത്. അവരില്‍ അറബിപ്പേരുള്ളവര്‍ എത്ര പേരുണ്ട്? ലോകത്തുള്ള എല്ലാ മുസ്ലിംകളുടെയും പേര് അറബിയില്‍ തന്നെയാണോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു. കണ്ടെത്തിയ ഉത്തരങ്ങള്‍, സത്യം സ്വീകരിക്കാന്‍ പേരുമാറ്റല്‍ നിര്‍ബന്ധമാണെന്ന പരമ്പരാഗത സമ്പ്രദായത്തെ അംഗീകരിക്കാന്‍ പര്യപ്തമായതേയില്ല. ഒരു സാര്‍വലൗകിക സത്യത്തെ അംഗീകരിക്കുന്നൊരാള്‍ക്ക് ഒരു പ്രത്യേക ഭാഷയിലുള്ള പേര് വേണമെന്നതൊരു 'പുത്തന്‍ വാദ'മാണെന്നാണ് മനസ്സിലായത്.
മുമ്പ് സൂചിപ്പിച്ച, നാട്ടിലുണ്ടായിരുന്ന കള്ളുഷാപ്പിനെതിരിലുള്ള സമരത്തിനെതിരുനിന്ന്, കള്ളു ഷാപ്പിനു വേണ്ടി വാദിച്ചവരില്‍ പ്രവാചകന്മാരുടെയും ഖലീഫമാരുടെയുമൊക്കെ പേരുകളുള്ളവര്‍ വരെയുണ്ടായിരുന്നു! ഇസ്‌ലാമിന് ചീത്തപ്പേരുണ്ടാക്കാനല്ലേ ഇത്തരം പേരുകള്‍ കാരണമാകുന്നത്? സത്യത്തെ പ്രതിനിധീകരിക്കാന്‍ പേര് ഒരു മാനദണ്ഡമാകുന്നതിന്റെ പ്രസക്തി ബോധ്യപ്പെടാതെ, അതൊരു ചോദ്യചിഹ്നമായി മാറി.
അങ്ങനെ ഒരു 'പറിച്ചെറിയല്‍ മതംമാറ്റ'ത്തെപ്പറ്റിയല്ല അസീസ് സാഹിബ് പറഞ്ഞിരുന്നതും. ബോധ്യപ്പെട്ടാല്‍, ജീവിതത്തെ മാറ്റിപ്പണിയണമെന്നാഗ്രഹിച്ചാല്‍ ഏതൊരാള്‍ക്കും സ്വീകരിക്കാവുന്ന ലളിതമായൊരു നേര്‍വഴി. ഇതിലൊരു നിര്‍ബന്ധവുമില്ല. ഒരാളുടെ ബോധ്യമാണ് അടിസ്ഥാനം.
എതിര്‍പ്പുകളുണ്ടാവും. അത് സ്വാഭാവികം മാത്രമാണ്. കാരണം, ഇസ്‌ലാം എല്ലാ തിന്മകള്‍ക്കുമെതിരാണ്. തിന്മയുടെ വക്താക്കള്‍ സ്വാഭാവികമായും ശത്രുക്കളാവും. പ്രവാചകന്മാരുടെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്.
എന്തു വന്നാലും ശരി സത്യം സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു. വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം വീട്ടില്‍ വെച്ചും അല്ലാതെയുമൊക്കെ സുഹൃത്തുക്കളുമായി പങ്കുവെക്കല്‍ പതിവായിരുന്നു. അവരില്‍ മുസ്‌ലിം സുഹൃത്തുക്കളും അല്ലാത്തവരുമുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഒരു നല്ല ആശയം എന്ന നിലക്കു മാത്രമായിരുന്നു ആ വായനയും ചര്‍ച്ചകളുമെല്ലാം.     
ഇസ്‌ലാം പഠിപ്പിക്കുന്ന അടിസ്ഥാന വിശ്വാസങ്ങളുടെ യുക്തിയും അത് മുന്നോട്ടു വെക്കുന്ന മാനവിക മൂല്യങ്ങളുടെ പ്രസക്തിയും കൗതുകത്തോടെയാണ് ചര്‍ച്ച ചെയ്തിരുന്നത്. മുസ്‌ലിം സുഹൃത്തുക്കള്‍ക്കു പോലും അത് പുതിയ അറിവുകളായിരുന്നു!
എന്തായാലും ഇന്നല്ലെങ്കില്‍ നാളെ മരിക്കണം. മരിക്കുന്നതിനു മുമ്പ് അറിഞ്ഞ സത്യം അംഗീകരിക്കലാണല്ലോ ബുദ്ധി. ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചും കുളിച്ചും പഠിച്ചും വളര്‍ന്ന ആത്മസുഹൃത്ത് മോഹന്‍ദാസും അതിനു തയാറായി. സാധാരണ ചെറുപ്പക്കാര്‍ക്കുണ്ടാവാറുള്ള ദൂഷ്യങ്ങളൊന്നുമില്ലാത്തൊരു സുഹൃത്ത്. നേരിനെ നേരായി അംഗീകരിക്കാന്‍ ഒരു മടിയുമില്ലാത്ത സുഹൃത്ത്. വേറെ ചിലര്‍ പിന്നീടാവാം എന്ന നിലപാടിലായിരുന്നു. ജീവിതം കൊണ്ടുള്ള കളി കാര്യത്തിലേക്ക് കടക്കുകയാണ്. ഞങ്ങള്‍ രണ്ടു പേരും കൂടിയിരുന്ന് തീരുമാനത്തിലെത്തി. ഇത് 'മതംമാറ്റ'മല്ല; 'മനംമാറ്റ'മാണ്. 'ജാതി മാറ്റ'മല്ലിത്; 'ജീവിത മാറ്റ'മാണ്. മതംമാറ്റത്തിലൂടെ ജാതി മാറാനല്ല; മനംമാറ്റത്തിലൂടെ ജീവിതം മാറ്റാനാണ് ദൈവകല്‍പന. ദൈവം ഒരൊറ്റ ജാതിയായി സൃഷ്ടിച്ച മനുഷ്യന്‍ പിന്നെ ഏത് ജാതിയിലേക്കാണ് മാറുക?
അങ്ങനെ 1994 ഏപ്രില്‍ 18-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം, കുളിച്ചുമാറ്റി സുഹൃത്തുമായി അസീസ് സാഹിബിന്റെ അടുക്കലെത്തി. സത്യസാക്ഷ്യ വചനങ്ങളുടെ അകം പൊരുള്‍ ഒന്നുകൂടി അദ്ദേഹം വിശദീകരിച്ചു. ശേഷം സത്യസാക്ഷ്യ വചനം ചൊല്ലിത്തന്നു:
'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു).
അതേറ്റുചൊല്ലി, ലോകൈകനാഥന്റെ പാശം പിടിച്ചപ്പോഴുണ്ടായ ആത്മനിര്‍വൃതി ഭാഷകള്‍ക്ക് വഴങ്ങുന്നതോ ബുദ്ധി കൊണ്ട് വിശദീകരിക്കാവുന്നതോ അല്ല. അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വശക്തനില്‍ അഭയം തേടുമ്പോഴുണ്ടാകുന്ന ആനന്ദം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാവുന്നതേയല്ല.
സത്യസാക്ഷ്യ വചനം ചൊല്ലിത്തന്ന ശേഷം, രണ്ടു പേരെയും കെട്ടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്: 'ഈ മാര്‍ഗത്തില്‍ നിങ്ങള്‍ക്കു വേണ്ടി മരിക്കേണ്ടി വന്നാലും ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാവും' എന്നാണ്. ആ വാക്കുകള്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സാഹോദര്യത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു.     
മാത്രമല്ല, ആ നിമിഷം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം ലഭിച്ചവരായി മാറുകയാണല്ലോ ഞങ്ങള്‍ യഥാര്‍ഥത്തില്‍! 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തിലാക്കേണമേ' എന്ന് ഓരോ നമസ്‌കാരത്തിലും വിശ്വാസികള്‍ നിര്‍ബന്ധമായും പറയുന്നുണ്ടല്ലോ. ലോകത്തിന്റെ ഏത് മുക്കുമൂലകളിലുമുള്ള വിശ്വാസികളുടെയും പ്രാര്‍ഥനയില്‍ ഇടം ലഭിക്കുന്ന അത്ഭുതകരമായൊരു ആത്മീയത! ഒരാള്‍ സത്യസാക്ഷ്യം നിര്‍വഹിക്കുന്ന നിമിഷം മുതല്‍ എത്തിപ്പെടുന്നത് ദേശ, ഭാഷാ, വര്‍ണ, വര്‍ഗ അതിര്‍വരമ്പുകളെ ഭേദിച്ച് രൂപപ്പെടുന്ന സാര്‍വലൗകികമായൊരു സാഹോദര്യ സംസ്‌കാരത്തിലേക്കാണ്.
സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹത്തിന്റെ പിന്നില്‍ കഅ്ബാലയത്തിന് അഭിമുഖമായി നിന്നുകൊണ്ട് നമസ്‌കരിച്ചു. ജീവിതത്തിലെ ആദ്യത്തെ നമസ് കാരം! സൃഷ്ടിച്ച നാഥന്റെ തിരുസന്നിധിയില്‍ സ്വന്തത്തെ വിനയാന്വിതമായി സമര്‍പ്പിച്ച നിമിഷങ്ങള്‍.        
സ്വന്തം നാഥന്റെ മുമ്പില്‍ അവന്‍ പറഞ്ഞ പ്രകാരമാണല്ലോ നില്‍ക്കുന്നത്. അവന്‍ പഠിപ്പിച്ച പ്രകാരമാണല്ലോ കുനിയുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും, പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുന്നത് പോലും! പ്രാര്‍ഥനകള്‍ പഠിച്ചിട്ടില്ലാത്തതിനാല്‍, ഞങ്ങളുടെ അന്നത്തെ പ്രാര്‍ഥനകള്‍ ഹൃദയത്തിന്റെ ഭാഷയിലുള്ള ഹൃദയത്തിന്റെ മന്ത്രങ്ങളായിരുന്നു.
ഒരു കാലത്ത് അറിവില്ലാതെ, സൃഷ്ടികളുടെ മുമ്പില്‍ കുനിച്ചിരുന്ന ശിരസ്സിനെ ബുദ്ധികൊണ്ടുള്ള യുക്തിചിന്ത കൊണ്ടാണ് ഉയര്‍ത്തിപ്പിടിച്ചത്. അത് പക്ഷേ, അര്‍ഥമില്ലാതെ ഉയര്‍ത്തിപ്പിടിച്ച ഒരു തല മാത്രമായിരുന്നു. അതിനൊരു താങ്ങോ തണലോ ഇല്ലായിരുന്നു. ജീവിതത്തിനൊരു ദിശാബോധം നല്‍കാന്‍, ലക്ഷ്യം നിര്‍ണയിച്ചുതരാന്‍ യുക്തിവാദത്തിനാവില്ലായിരുന്നു. ആ ജീവിതം തലയില്ലാത്ത തെങ്ങില്‍ കയറിയ പോലെയായിരുന്നു.
എന്നാലും, അന്ധവിശ്വാസങ്ങളേക്കാള്‍ എന്തുകൊണ്ടും ഒരു വ്യക്തിക്ക് നല്ലത് യുക്തിവാദമാണെന്നാണ് ഇന്നും വിശ്വസിക്കുന്നത്. സങ്കല്‍പിച്ചുണ്ടാക്കിയ ഭൂതപ്രേതാദികളെ സംബന്ധിച്ച അനാവശ്യ ഭയം, നിരപരാധികളായ കുട്ടികളോട് മുതല്‍ നിരാലംബരായ വിധവകളോട് വരെ 'ശകുന'ത്തിന്റെയും മറ്റും പേരില്‍ കാണിക്കുന്ന ക്രൂരതകള്‍, കുടുംബ ബന്ധങ്ങള്‍ മുതല്‍ അയല്‍പക്ക ബന്ധങ്ങള്‍ വരെ തകരാന്‍ കാരണമാകുന്ന മന്ത്ര-മാരണാദികള്‍ തുടങ്ങിയ പല നീചവൃത്തികളില്‍നിന്നും മനുഷ്യനെ രക്ഷിച്ചെടുക്കാന്‍ സത്യവിശ്വാസത്തിനെന്ന പോലെ യുക്തിവാദത്തിനുമാവും. ഈ അര്‍ഥത്തില്‍ സത്യവിശ്വാസത്തിനും യുക്തിവാദത്തിനും യോജിക്കാവുന്ന തലങ്ങളുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സത്യസാക്ഷ്യ വചനത്തിന്റെ തുടക്കം 'ലാഇലാഹ' (ഒരു ദൈവവുമില്ല) എന്ന 'യുക്തിവാദ'മായതിന്റെ യുക്തി ഒരുപക്ഷേ, ഇതാണോ എന്നറിയില്ല. അതേ സമയം, ഈ വിഷയത്തില്‍, വെട്ടിനശിപ്പിക്കാനല്ലാതെ നട്ടുപിടിപ്പിക്കാനൊന്നുമില്ല എന്നതാണ് യുക്തിവാദത്തിന്റെ പരിമിതി. അതാണ് സത്യവിശ്വാസത്തെ ഏറെ പ്രസക്തമാക്കുന്നതും.    
ഖുര്‍ആന്‍ തെളിച്ച വെളിച്ചം നോക്കി ബുദ്ധികൊണ്ടുള്ള യുക്തിചിന്തയിലൂടെ സ്രഷ്ടാവിനെ അറിഞ്ഞപ്പോള്‍, അവന്റെ മുമ്പില്‍ ശിരസ്സ് നമിച്ചപ്പോള്‍ പ്രപഞ്ചനാഥന്റെ താങ്ങും സന്മാര്‍ഗത്തിന്റെ തണലുമാണ് അനുഭവപ്പെട്ടത്. അത് നല്‍കിയ ദിശാബോധം ജീവിതത്തിന് അര്‍ഥം നല്‍കി, അഭിമാനബോധം നല്‍കി. സ്രഷ്ടാവിന്റെ മുമ്പില്‍ മാത്രം കുനിയുന്ന ശിരസ്സിനോളം അഭിമാനമുള്ള ശിരസ്സ് വേറെയുണ്ടോ എന്നറിയില്ല.
ലോകത്തുള്ള എല്ലാ വിശ്വാസികളും ഒരേ മന്ത്രം ചൊല്ലി, ഒരേ ലക്ഷ്യത്തോടെ, ഒരേ ദിശയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ടാണല്ലോ നമസ്‌കരിക്കുക. ഈ പ്രാര്‍ഥന ഏക മാനവികതയുടെ പ്രയോഗ രൂപമല്ലാതെ മറ്റെന്താണ്? മതങ്ങള്‍ എന്നും മനുഷ്യരില്‍ ചിലരെ ജാതി നോക്കിയും വര്‍ണം നോക്കിയും മാറ്റിനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഇസ്‌ലാം പക്ഷേ, ഒരേ മാതാപിതാക്കളുടെ തുല്യരായ മക്കളാണെന്ന് പഠിപ്പിച്ചുകൊണ്ട് മനുഷ്യരെ ചേര്‍ത്തു നിര്‍ത്താനാണ് ശ്രമിക്കുന്നത്.
പ്രാര്‍ഥനയുടെ ലക്ഷ്യം 'കാര്യസാധ്യം', അല്ലെങ്കില്‍ 'ആത്മനിര്‍വൃതി' എന്നല്ല ഇസ്ലാം പഠിപ്പിക്കുന്നത്. ദൈവത്തിന് കാശ് കൊടുത്ത് കാര്യം നേടുക എന്ന ഏര്‍പ്പാട് ഇസ്ലാമിലില്ല. പ്രാര്‍ഥനയുടെ അടിസ്ഥാന ലക്ഷ്യം തിന്മകളില്‍നിന്ന് മുക്തമായി നേര്‍മാര്‍ഗത്തില്‍ ജീവിക്കാനുള്ള ശേഷി നേടലാണ്, ഹൃദയവിശുദ്ധി വരിക്കലാണ്. ആവശ്യങ്ങളില്ലെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാവുന്നത് അതുകൊണ്ടാണ്. ദൈവത്തോട് തന്റെ ആവശ്യങ്ങള്‍ പറയല്‍ അനുബന്ധം മാത്രമാണ്.
ഇസ്‌ലാം 'മതങ്ങളില്‍'നിന്ന് വേര്‍തിരിയുന്ന ഒരു ജംഗ്ഷന്‍ ആണിതെന്ന് പലപ്പോഴും തോന്നിയിട്ടു്. ദൈവാരാധനക്കായി ലക്ഷങ്ങള്‍ വന്നു ചേരുന്ന കഅ്ബാലയത്തില്‍ ഒരു നേര്‍ച്ചക്കുറ്റിയോ ഭണ്ഡാരപ്പെട്ടിയോ ഇല്ലെന്നറിഞ്ഞപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടിട്ടുണ്ട്. ദൈവാരാധനക്കായി ജനം കൂടുന്നിടത്ത് ദൈവത്തിന്റെ പേരില്‍ പണപ്പിരിവില്ല എന്നത് ഒരത്ഭുതമല്ലാതെ മറ്റെന്താണ്? ആത്മീയതയെ ബിസിനസ്സാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നേയില്ല. ഇസ്‌ലാം പഠിപ്പിക്കുന്ന ആത്മീയത വേര്‍തിരിയുന്നത് ഇവിടെയാണ്. ഇത് യഥാര്‍ഥ ആത്മീയതയുടെ വിശുദ്ധിയെയാണ് അടയാളപ്പെടുത്തുന്നത്. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്