Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

വിശ്വാസത്തിനു യുക്തി വേണം!

വി.എസ് സലീം

ദൈവവിശ്വാസമില്ലാത്തവരെയും മതനിഷേധികളെയും സാധാരണ യുക്തിവാദികള്‍ എന്നാണല്ലോ വിളിച്ചുവരുന്നത്. വാസ്തവത്തില്‍ ഈ വിളിയില്‍ എത്രമാത്രം ശരിയുണ്ട്? അവര്‍ മാത്രമാണോ യുക്തിവാദികള്‍? അവര്‍ക്കു മാത്രമാണോ യുക്തിയും ബുദ്ധിയുമുള്ളത്? ദൈവവിശ്വാസികളും മതവിശ്വാസികളുമെല്ലാം യുക്തിഹീനരും ബുദ്ധിശൂന്യരും വിവരദോഷികളുമാണോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം 'ഇല്ല', അല്ലെങ്കില്‍ 'അല്ല' എന്നൊക്കെയാണുത്തരം. മാത്രമല്ല, യുക്തിവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പലപ്പോഴും സാമാന്യയുക്തി പോലും ഇല്ലാത്തവരോ, ഉപയോഗിക്കാത്തവരോ ആയി കാണപ്പെടുന്ന അനുഭവവും ഉണ്ട്. നിര്‍മാതാവില്ലാതെ ഒരു നിര്‍മിതിയുമുണ്ടാവില്ലെന്ന സാമാന്യയുക്തിയെ അംഗീകരിക്കുന്ന യുക്തിവാദികള്‍ തന്നെ പറയും, ഈ പ്രപഞ്ചം താനേ ഉണ്ടായതാണെന്ന്! എങ്കില്‍, ഈ താനേയുണ്ടാവുന്ന 'പണി' ദൈവത്തിന്റെ കാര്യത്തിലും ആയിക്കൂടേ എന്ന് ചോദിച്ചാല്‍ അവര്‍ പറയും: അതു പറ്റില്ല; ദൈവം ഉണ്ടെങ്കില്‍, ആ ദൈവത്തിന് തീര്‍ച്ചയായും ഒരു സ്രഷ്ടാവ് വേണം! ഇങ്ങനെയാണവരുടെ യുക്തിവാദത്തിന്റെ പോക്ക്.
വിശ്വാസത്തിന് യുക്തി വേണ്ട എന്ന ചിന്താഗതിയില്‍നിന്നാണ് ഇങ്ങനെയൊരു വാദമുണ്ടായത്. വാസ്തവത്തില്‍ വിശ്വാസത്തിനാണ് യുക്തി വേണ്ടത്. അവിശ്വാസത്തിനും നിഷേധത്തിനും അത് വേണ്ടതില്ല. കണ്ണടച്ച് നിഷേധിക്കുന്ന രീതി പലപ്പോഴും യുക്തിവാദികളിലാണ് കണ്ടുവരുന്നതും.
എന്നാല്‍, വിശ്വാസികള്‍ക്ക്, ഒന്നുകില്‍ ആന്തരികമായ ജ്ഞാനമോ ഉള്ളിലുറച്ച ബോധ്യമോ, അനിഷേധ്യമായ അനുഭവമോ ഏതെങ്കിലുമൊന്ന് ഉണ്ടായിരിക്കും. അതേസമയം, അവിശ്വാസികളെ എപ്പോഴും സംശയാലുക്കളായാണ് നമുക്ക് കാണാനാവുക.
മാതാപിതാക്കളുടെ മതത്തില്‍ ജനിച്ചുവീഴുകയും അവരുടെ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുകയും ചെയ്യുന്ന 'മതവിശ്വാസി'കളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. സ്വന്തം ബുദ്ധിയിലും യുക്തിയിലും മാറ്റുരച്ചുനോക്കി ബോധ്യപ്പെട്ടിട്ടല്ലല്ലോ അവര്‍ ഓരോന്ന് വിശ്വസിക്കുന്നതും ആചരിച്ചുവരുന്നതും. ഒഴുക്കില്‍ വീണ ഇല പോലെയാണ് അവരുടെ ഗതി. അത്തരക്കാരെ കണ്ടുകൊണ്ടാവാം യുക്തിവാദികള്‍ മതവിശ്വാസികളെ  ബുദ്ധിശൂന്യരെന്നും അന്ധവിശ്വാസികളെന്നും വിശേഷിപ്പിച്ചു വരുന്നത്.
ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്നും അവനാണ് സര്‍വേശ്വരനെന്നും സ്വന്തം ബുദ്ധിയും യുക്തിയും ന്യായവും ഉപയോഗിച്ച് കണ്ടെത്തുകയും, അവന്റെ ഹിതമനുസരിച്ചാണ് ഈ ഭൂമിയില്‍  ജീവിക്കേണ്ടതെന്ന ബോധ്യത്തോടെ ധര്‍മജീവിതം നയിക്കുകയും ചെയ്യുന്നവരെ എങ്ങനെയാണ് യുക്തിഹീനരെന്നും ബുദ്ധിശൂന്യരെന്നും അന്ധവിശ്വാസികളെന്നും മുദ്രകുത്താനാവുക? അങ്ങനെ മുദ്രകുത്തുന്നവരും യുക്തിയെ ആശ്രയിക്കുന്നതിനു പകരം അന്ധമായ മുന്‍വിധികളെയാണ് പിന്തുടരുന്നത്.
മനുഷ്യരില്‍ ധാരാളം പേര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു. പിന്നെ കുറേ പേര്‍ ഒന്നിലധികം ദൈവങ്ങളില്‍ വിശ്വസിക്കുന്നു. ചിലര്‍ ഇവിടെ പലപ്പോഴായി ജീവിച്ചു മരിച്ച മനുഷ്യരെയും, മറ്റു ചിലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരെയും ദൈവങ്ങളെന്ന് വിളിച്ച് ആരാധിച്ചു വരുന്നു. ഏകദൈവമായാലും ബഹുദൈവങ്ങളായാലും വ്യാജദൈവങ്ങളായാലും സ്വന്തം വിശ്വാസികളില്‍നിന്നും ഭക്തരില്‍നിന്നും പ്രതീക്ഷിക്കുന്നതെന്താണ്? അല്ലെങ്കില്‍, അവരര്‍ഹിക്കുന്നതെന്താണ്?
അതെന്തായാലും, പ്രതീക്ഷിക്കുന്നതോ അര്‍ഹിക്കുന്നതോ ആയ കാര്യങ്ങളാണോ വിശ്വാസികളും ഭക്തരും അവര്‍ക്ക് നല്‍കിവരുന്നതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. മിക്കവാറും അല്ല എന്നു തന്നെയാണുത്തരം.
ആദ്യം ഏകദൈവത്തിന്റെ കാര്യമെടുക്കാം. വേദക്കാരെന്ന് വിളിക്കപ്പെടുന്ന ജൂത-ക്രൈസ്തവവിഭാഗങ്ങളും, ഖുര്‍ആന്റെ അനുയായികളായ മുസ്ലിങ്ങളും മിക്കവാറും ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. അവരുടെ കൈയിലുള്ള വേദങ്ങളത്രയും അതു തന്നെയാണ് ഉദ്‌ഘോഷിക്കുന്നതും. പക്ഷേ, ക്രിസ്തുമതത്തിലെ ചില പ്രബലവിഭാഗങ്ങള്‍ ഇതില്‍ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. പിതാവും (യഹോവ) പുത്രനും (യേശു) പരിശുദ്ധാത്മാവും (ഗബ്രിയേല്‍ മാലാഖ) ചേര്‍ന്ന ഒരു ത്രിയേകത്വസിദ്ധാന്തം അവര്‍ കല്‍പിച്ചുണ്ടാക്കി. ഇവ മൂന്നിലും ഒരുപോലെ ദിവ്യത്വം ആരോപിച്ചുകൊണ്ടാണ് അവരുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത്. അതവിടെ നില്‍ക്കട്ടെ.
അങ്ങനെയൊരു ദൈവത്തില്‍ വിശ്വസിച്ചുകഴിഞ്ഞാല്‍ എന്താണ് മനുഷ്യന്‍ ആ ദൈവത്തിനു വേണ്ടി ചെയ്യേണ്ടത്? എന്തെങ്കിലും നേര്‍ച്ചകളും വഴിപാടുകളും നടത്തുകയാണോ? ഉത്സവങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുകയാണോ? വിഗ്രഹങ്ങളുണ്ടാക്കി, അവ ക്ഷേത്രങ്ങളിലോ പള്ളികളിലോ പ്രതിഷ്ഠിച്ച് അവക്കു മുന്നില്‍ വിളക്കുകള്‍ കൊളുത്തിയോ മെഴുകുതിരി കത്തിച്ചോ പൂജിക്കുകയാണോ? പള്ളികളില്‍ ചടഞ്ഞുകൂടി സഹസ്രനാമങ്ങള്‍ ജപിക്കുകയാണോ? ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗിക്കുകയാണോ? നെയ്യും പാലും തേനും കൊണ്ട് അഭിഷേകം ചെയ്യുകയാണോ? ഇതൊക്കെ ചെയ്താല്‍ ദൈവത്തോടുള്ള മനുഷ്യന്റെ കടമകള്‍ തീരുമോ? അവകൊണ്ട് മാത്രം ദൈവം തൃപ്തിപ്പെടുമോ? അങ്ങനെയൊക്കെ ചെയ്യുന്നവരെ പിന്നെ, യാതൊരു ചോദ്യവും വിചാരണയുമില്ലാതെ, ദൈവം കണ്ണും പൂട്ടി സ്വര്‍ഗത്തിലേക്ക് വിടുമോ?
വേദങ്ങളില്‍നിന്ന് അങ്ങനെയൊരു തീര്‍പ്പിലെത്താനുള്ള യാതൊരു സൂചനയും നമുക്ക് ലഭിക്കില്ല. വേദങ്ങളുമായി വന്ന സകല പ്രവാചകന്മാരും സ്വജനതയെ പ്രബോധിപ്പിച്ച പ്രകാരം മനുഷ്യത്വത്തിന്റെ സമ്പൂര്‍ണ മാതൃകകളായി ധാര്‍മികജീവിതം നയിക്കുക എന്നതാണ് വിശ്വാസികളുടെ കടമ. അതിനുള്ള  മാതൃകാ നിര്‍ദേശങ്ങളാണ് വേദങ്ങള്‍ നല്‍കിയിട്ടുള്ളത്.
രാവും പകലും ദൈവബോധത്തോടെ ജീവിക്കുക, മനസ്സില്‍ ദൈവസ്മരണ സദാ നിലനിര്‍ത്തുക, കാര്യങ്ങളത്രയും അവനില്‍ അര്‍പ്പിക്കുക, അവന്റെ അവകാശത്തില്‍ മറ്റാര്‍ക്കും പങ്കു നല്‍കാതിരിക്കുക. ഇതാണ് വേദപാഠങ്ങളുടെ സാരാംശം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്