Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 18

3181

ജമാദുല്‍ അവ്വല്‍ 03

പെരിയാറും മതവും വിമോചന രാഷ്ട്രീയവും

മുഹമ്മദ് ശമീം

ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടചരിത്രത്തില്‍ ശ്രദ്ധേയമായ അധ്യായങ്ങള്‍ ദക്ഷിണേന്ത്യയില്‍നിന്ന്, വിശിഷ്യാ തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നും തുന്നിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒട്ടും അനുരഞ്ജനമില്ലാത്ത വിധം ജാതിയെ തള്ളിക്കളയുകയും ജാത്യാചാരങ്ങളെ പരസ്യമായി ലംഘിക്കുകയും ചെയ്ത ബസവരാജന്‍ സ്ഥാപിച്ച വീരശൈവ പ്രസ്ഥാനത്തെയും ലിംഗായത്തുകളെയും പറ്റി നാം മുമ്പൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതോട് ചേര്‍ത്തു തന്നെ വായിക്കേണ്ടതാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ ചരിത്രം. 

ഭാരതീയം 
എന്നാല്‍ അതിനും മുന്നേ, ഭാരതിയാര്‍ എന്ന് വിളിക്കപ്പെട്ട സുബ്രഹ്മണ്യഭാരതിയെ നാം അറിയേണ്ടതുണ്ട്. പെരിയാര്‍ ഇ.വി രാമസാമിയില്‍ തുടങ്ങുന്ന ദ്രാവിഡ മുന്നേറ്റ ചരിത്രം അബ്രാഹ്മണരുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവന്ന പ്രസ്ഥാനമാണെങ്കില്‍ സുബ്രഹ്മണ്യ ഭാരതി ബ്രാഹ്മണ സമുദായത്തില്‍തന്നെ ജനിച്ച് ബ്രാഹ്മണ്യത്തിനെതിരെ പോരാടിയ ആളാണ്. 
തമിഴ് സാഹിത്യ ചരിത്രത്തില്‍ പരമപ്രധാനസ്ഥാനമുള്ള കവിയായ സുബ്രഹ്മണ്യ ഭാരതി ചാട്ടുളി പോലെ മൂര്‍ച്ചയേറിയ തന്റെ വരികളിലൂടെ ജാതീയതക്കും ലിംഗവിവേചനത്തിനുമെതിരെ കലാപമുയര്‍ത്തിയിരുന്നു. ദ്രാവിഡ രാഷ്ട്രീയ കാഴ്ചപ്പാടില്‍നിന്ന് ഭിന്നമായി ഹിന്ദു മതം എന്ന പ്രതലത്തില്‍ അദ്ദേഹം നിലകൊണ്ടു. ഒപ്പം ഇന്ത്യന്‍ ദേശീയവാദിയുമായിരുന്ന ഭാരതി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. 
സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ഐറിഷ് സന്യാസിനി സിസ്റ്റര്‍ നിവേദിത എന്ന മാര്‍ഗരറ്റ് എലിസബത്ത് നോബിളുമായുള്ള സൗഹൃദവും സംവാദങ്ങളുമാണ് ഭാരതിയാരുടെ സാമൂഹിക ചിന്തകളെ വികസിപ്പിച്ചത്. സ്വാതന്ത്ര്യസമരം, ജാതിവിരുദ്ധ പോരാട്ടം, സ്ത്രീസമത്വ സമരങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും സജീവമായിരുന്ന ഭാരതി ജാതി നിയമങ്ങളെ പരസ്യമായി ലംഘിക്കുകയും അവക്കെതിരെ അതിശക്തമായ വരികളെഴുതുകയും ചെയ്തു. അബ്രാഹ്മണര്‍ പാകം ചെയ്ത ആഹാരം കഴിച്ച് അവരുടെ കൂടെ താമസിച്ചുകൊണ്ട് ബ്രാഹ്മണമേധാവിത്വത്തെ വിറളിപിടിപ്പിച്ചു. തന്റെ തന്നെ ഫ്യൂഡല്‍ പാരമ്പര്യത്തെ തള്ളിപ്പറയുകയും വീട്ടില്‍നിന്നുള്ള അന്നം ഉപേക്ഷിക്കുകയും ചെയ്തു. 

പെരിയാറിന്റെ വഴികള്‍ 
ജാതിവിരുദ്ധ സാമൂഹിക പ്രസ്ഥാനങ്ങള്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് മൂര്‍ത്തമായി. അതേസമയം ജാതിവിരുദ്ധം എന്നതിനേക്കാളേറെ ബ്രാഹ്മണവിരുദ്ധം എന്ന മുഖമാണ് ദ്രാവിഡ രാഷ്ട്രീയം തുടക്കം മുതല്‍ക്കേ പ്രകടിപ്പിച്ചിരുന്നത്.  പെരിയാര്‍ എന്നും തന്തൈ പെരിയാര്‍ എന്നും തമിഴ് ജനത ആദരവോടെ വിളിച്ച ഇ.വി രാമസാമി ആയിരുന്നു ദ്രാവിഡ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 
ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് പ്രസിഡന്‍സിയിലെ ഈറോഡില്‍ സമ്പന്നമായ ഒരു നായ്ക്കര്‍ കുടുംബത്തില്‍ ജനിച്ച ഈറോഡ് വെങ്കട രാമസാമി നായ്ക്കരാണ് പില്‍ക്കാലത്ത് പെരിയാര്‍ ഇ.വി രാമസാമി ആയി അറിയപ്പെട്ടത്. ആത്മീയാഭിമുഖ്യവും രാഷ്ട്രീയബോധവും ചെറുപ്പം മുതല്‍ക്കേ ഒരുപോലെ പ്രകടിപ്പിച്ചിരുന്ന രാമസാമി 1919-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യഗ്രഹത്തിലും പങ്കുകൊണ്ട് വളരെ വേഗം തന്നെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വരെ ആയ അദ്ദേഹം, പക്ഷേ ജാതിവിരുദ്ധമായ ശ്രമങ്ങളില്‍ കോണ്‍ഗ്രസ്സിന് ആത്മാര്‍ഥതയില്ലെന്നും അത് ബ്രാഹ്മണസേവകരുടെ സംഘമാണെന്നും ആരോപിച്ച് 1925-ല്‍തന്നെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. 
തമിഴന്റെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് തമിഴ് എന്ന വികാരം. അതോടൊപ്പം തന്നെ, കോണ്‍ഗ്രസ് ബ്രാഹ്മണ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന തോന്നലും ശക്തമായിത്തുടങ്ങി. ആദ്യം ഇതിനെതിരായി കോണ്‍ഗ്രസ്സിനകത്തു തന്നെ മദ്രാസ് പ്രസിഡന്‍സി അസോസിയേഷന്‍ എന്നൊരു സംഘടന നിലവില്‍ വന്നിരുന്നു. രാജ്യസ്‌നേഹം പരിപോഷിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്‍ നടക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇരിപ്പും നടപ്പും പഠിപ്പുമെല്ലാം ബ്രാഹ്മണ കുട്ടികള്‍ക്ക് വേറെത്തന്നെയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത രാമസാമി നായ്ക്കര്‍, വര്‍ണാശ്രമ വ്യവസ്ഥയെ ശക്തമായി വിമര്‍ശിച്ചു. അതിനെ അനുകൂലിക്കുന്നു എന്ന പേരില്‍ ഗാന്ധിയെയും നിശിതവിമര്‍ശനങ്ങള്‍ക്കിരയാക്കി. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. 
1938-ല്‍ രാമസാമി നായ്ക്കര്‍ ജസ്റ്റിസ് പാര്‍ട്ടി രൂപീകരിച്ച് സാമൂഹികനീതിക്കു വേണ്ടി പോരാടി. ഇതോടെ തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയം വേരുപിടിച്ചു തുടങ്ങി എന്നു പറയാം.  പിന്നീട് കാഞ്ചീവരം നടരാജ ദുരൈ എന്ന സി.എന്‍ അണ്ണാദുരൈയുമായി ചേര്‍ന്നതോടെ ദ്രാവിഡ രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടി 1944-ല്‍ ദ്രാവിഡര്‍ കഴകം രൂപീകരിച്ചു. എന്നാല്‍ അധികം താമസിയാതെ പെരിയാറുമായി അഭിപ്രായ ഭിന്നതയിലായ അണ്ണാദുരൈ 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി. 
    സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആണ് പെരിയാറിന്റെ ആദ്യത്തെ സാമൂഹിക സംരംഭം. അവര്‍ണര്‍ക്ക് ക്ഷേത്രവഴി നിഷേധിച്ചതിനെതിരെ നടന്ന വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹം, പിന്നീട് തങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തെ അവര്‍ണര്‍ ഉപേക്ഷിക്കുകയാണ് വേണ്ടത് എന്ന നിലപാട് സ്വീകരിച്ചു. മതവിശ്വാസങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് നാസ്തിക യുക്തിവാദത്തെ ആദര്‍ശമായി അംഗീകരിച്ചു. പുരാണങ്ങളെയും വേദങ്ങളെയും മറ്റ് വൈദിക സാഹിത്യങ്ങളെയും നിശിതനിരൂപണം ചെയ്തു. ജാതിവ്യവസ്ഥയുടെ സംരക്ഷണത്തിനു വേണ്ടി രചിക്കപ്പെട്ടവയോ അതിന് ഉപയോഗപ്പെടുത്താന്‍ പറ്റിയവയോ ആണ് പുരാണങ്ങള്‍ എന്ന് പെരിയാര്‍ പ്രഖ്യാപിച്ചു. രാമായണത്തിലെ ശംബൂകവധം പോലുള്ള ആഖ്യാനങ്ങളെ അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. പുരാണങ്ങളെ ജ്യോതിറാവു ഫൂലെ വായിച്ചതു പോലെയാണ് രാമായണത്തെ പെരിയാറും സമീപിച്ചത്. രാവണന്‍ ദ്രാവിഡനായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍; രാമന്‍ ആര്യനും.  പഴക്കം കൊണ്ട് ചങ്ങല തന്റേതാണെന്ന് കരുതുന്ന അടിമയെപ്പോലെയാണ് ഹിന്ദുമതം തന്റേതാണെന്ന് പറയുന്ന അവര്‍ണരെന്നായിരുന്നു രാമസാമിയുടെ വിലയിരുത്തല്‍. 
ബ്രാഹ്മണരല്ലെങ്കിലും ക്ഷത്രിയ പദവിയുള്ള സവര്‍ണജാതി തന്നെയാണ് നായ്ക്കര്‍. വിജയനഗര്‍ വേരുകളുള്ള ബാലിജ എന്ന ജാതിയാണ് ശരിക്കും അത്. പിന്നീട് കച്ചവടക്കാരായി ജീവിച്ച ബാലിജരില്‍ ഒരു വിഭാഗം കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടിലേക്ക് കുടിയേറി. കവരൈ എന്നറിയപ്പെട്ട ഇവര്‍ നായിഡു, നായുഡു, നായ്ക്കര്‍ എന്നീ പേരുകളിലെല്ലാം വിളിക്കപ്പെട്ടു. ഈ സമുദായത്തിലാണ് രാമസാമിയുടെ ജനനം. 
1929-ല്‍ ചങ്ങലപ്പേട്ടില്‍ നടന്ന, സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആദ്യസമ്മേളനത്തില്‍ തന്റെ പേരിലുള്ള ജാതിവാല്‍ മുറിച്ചുകളഞ്ഞതായി പ്രഖ്യാപിച്ച രാമസാമി നായ്ക്കര്‍ പിന്നീട് ജാതിപ്പേരില്ലാതെ ഇ.വി രാമസാമി എന്ന് മാത്രമാണ് അറിയപ്പെട്ടത്. തമിഴ് സമൂഹത്തിലെ വണ്ണാന്‍, ക്ഷുരകന്‍ തുടങ്ങിയ കീഴ്ജാതികളെ അദ്ദേഹം സ്വാഭിമാനികളാക്കി മാറ്റി. അധികം താമസിയാതെ അദ്ദേഹം തമിഴരുടെ പെരിയാര്‍ ആയി മാറി. 
സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധ വിഷയമാക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന കലാപമാണ് പെരിയാറിന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു സംഭവം. ദ്രാവിഡ സംസ്‌കാരത്തിന് തന്നെ തകര്‍ച്ചയുണ്ടാക്കാനാണ് ആര്യന്മാരുടെ ഹിന്ദി അടിച്ചേല്‍പിക്കുന്നതെന്നായിരുന്നു തമിഴ് ദേശീയവാദികളുടെ വാദം. തമിഴ്‌നട് തമിഴര്‍ക്ക് എന്ന മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ന്നുവന്നു എന്നത് ഇതിന്റെ ഒരനന്തരഫലമായിരുന്നു. 
തീവ്ര ദ്രാവിഡവാദം വേറെയും മാനങ്ങള്‍ പ്രാപിച്ചു. സ്വാതന്ത്ര്യപ്രാപ്തി ദക്ഷിണേന്ത്യയില്‍ പൊതുവെയും തമിഴരുടെ മേല്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ആര്യന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും അധികാരം നല്‍കും എന്ന് വാദിച്ച പെരിയാര്‍ 1947 ആഗസ്റ്റ് 15-നെ -ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ- വിലാപ ദിനം (Day of Mourning) എന്ന് വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പോലും ഇ.വി രാമസാമി എതിര്‍ത്തതിനെത്തുടര്‍ന്ന് സി.എന്‍ അണ്ണാദുരൈ അദ്ദേഹവുമായി വേര്‍പിരിഞ്ഞു. ഇതാണ് ദ്രാവിഡര്‍ കഴകത്തിന്റെ പിളര്‍പ്പിനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രൂപീകരണത്തിനും നിമിത്തമായിത്തീര്‍ന്നത്. 
ഇതിനു മുന്നേ ജസ്റ്റിസ് പാര്‍ട്ടിയില്‍തന്നെ കടുത്ത ബ്രാഹ്മണവിരുദ്ധവാദത്തിന്റെ ഫലമായി ഫാക്ഷനിസം രൂപപ്പെട്ടിരുന്നു. ബി. മുനുസ്വാമി നായിഡു 1930-ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ ചീഫ് മിനിസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാകട്ടെ, ജസ്റ്റിസ് പാര്‍ട്ടിയില്‍ ബ്രാഹ്മണര്‍ക്ക് കൂടി പ്രവേശനം നല്‍കണമെന്ന് വാദിച്ചു. ഭരണനേതൃത്വം കൈയാളുന്നവര്‍ എന്ന നിലക്ക് തങ്ങള്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം കൈയാളേണ്ടതാണ് എന്നും അതിനാല്‍തന്നെ തങ്ങളുടെ ഈ പാര്‍ട്ടി ഒരു എക്‌സ്‌ക്ലൂസീവ് ഓര്‍ഗനൈസേഷനായി അറിയപ്പെടുന്നത് ന്യായമല്ലെന്നുമായിരുന്നു മുനുസ്വാമി നായിഡുവിന്റെ നിലപാട്. രാഷ്ട്രീയ നിലപാടുകളുള്ള ഒരു പാര്‍ട്ടി എന്ന നിലക്ക് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അനുകൂലിക്കുന്ന ബ്രാഹ്മണരെ ഉള്‍ക്കൊള്ളുന്നതില്‍ എന്താണ് തെറ്റുള്ളത് എന്ന് അദ്ദേഹം ചോദിച്ചു. 
എന്നാല്‍ ഈ പ്രമേയത്തെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിര്‍ത്തു. പെരിയാറാകട്ടെ, മുനുസ്വാമി നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് പാര്‍ട്ടികളില്‍നിന്നും അബ്രാഹ്മണരായവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ബ്രാഹ്മണന്‍ പാര്‍ട്ടിയുടെ പദവിയിലിക്കുന്ന പക്ഷം അയാള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളും അയാള്‍ക്ക് ഉണ്ടായേക്കാവുന്ന മനോഭാവങ്ങളും ഒരിക്കലും ഗുണമല്ല ചെയ്യുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 
ഈ തര്‍ക്കം പാര്‍ട്ടിയില്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഒടുക്കം 1932-ല്‍ നായിഡുവിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. 
    ദ്രാവിഡര്‍ കഴകത്തില്‍ പിളര്‍പ്പുണ്ടാക്കി ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ച അണ്ണാദുരൈയുടെയും പ്രതലം തീവ്ര ദ്രാവിഡ ദേശീയവാദം തന്നെയായിരുന്നു. സ്വതന്ത്ര ദ്രാവിഡ നാട് രൂപീകരിക്കണം എന്ന് വാദിച്ചിരുന്ന അദ്ദേഹം, പക്ഷേ തെരഞ്ഞെടുപ്പിലൂടെ ദ്രാവിഡര്‍ അധികാരം പിടിച്ചെടുക്കണം എന്നാണ് ചിന്തിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് അണ്ണാദുരൈ വിഘടനവാദത്തെ പൂര്‍ണമായും ഉപേക്ഷിച്ചു. 

ബ്രാഹ്മണം 
ബ്രാഹ്മണ്യവിരുദ്ധതയുടെ ഒരു റാഡിക്കല്‍ അഡ്വക്കേറ്റായിരുന്നു പെരിയാര്‍. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കുള്ള തീവ്രത അദ്ദേഹത്തെ ബ്രാഹ്മണ്യവിരുദ്ധന്‍ (Anti Brahmanist) എന്നതിനപ്പുറം ബ്രാഹ്മണവിരുദ്ധന്‍ (Anti Brahmin) ആയി വിലയിരുത്താന്‍ വരെ നിമിത്തമായിട്ടുണ്ട്. അതേസമയം ഇത് രണ്ടും തമ്മിലുള്ള വേര്‍തിരിവിനെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ബ്രാഹ്മണനെയല്ല, ബ്രാഹ്മണ്യത്തെയാണ് താന്‍ എതിര്‍ക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജാതിയെ നിരാകരിച്ച പെരിയാര്‍ തീര്‍ച്ചയായും ജാതി നോക്കിയല്ല, നിലപാട് നോക്കിത്തന്നെയാണ് മറ്റുള്ളവരെയും വിലയിരുത്തിയത്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയെ ചെറുതായിട്ടെങ്കിലും പിന്തുണക്കുന്ന അബ്രാഹ്മണനെയും അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ വക്താവായി കണക്കാക്കി. ഈ ബ്രാഹ്മണ്യത്തെ തള്ളിക്കളയാന്‍ അബ്രാഹ്മണരോടെന്ന പോലെ ബ്രാഹ്മണരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. 
ജസ്റ്റിസ് പാര്‍ട്ടി അധികാരത്തില്‍ വരുന്ന സമയത്ത് സര്‍ക്കാറിലെ എഴുപത് ശതമാനം പദവികളും വഹിച്ചിരുന്നത് ബ്രാഹ്മണരായിരുന്നു. ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രം വരുന്ന ബ്രാഹ്മണരുടെ ഈ ആധിപത്യം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെ തകര്‍ക്കാന്‍ മദ്രാസ് പ്രസിഡന്‍സിയില്‍ പാര്‍ട്ടി സംവരണം കൊണ്ടുവന്നു. 
ദ്രാവിഡ പ്രസ്ഥാനം ബ്രാഹ്മണര്‍ക്കോ ബനിയകള്‍ക്കോ എതിരല്ലെന്ന് ഒരിക്കല്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബ്രാഹ്മണിസത്തോടോ ബനിയായിസത്തോടോ യാതൊരു സഹിഷ്ണുതയും കാണിക്കാന്‍ തങ്ങള്‍ക്ക് പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നല്ല, അതിനോട് രാജിയാവുന്നവര്‍ പോലും ദ്രാവിഡനാടിനെ തരംതാഴ്ത്തുന്നവരാണ്. അത്തരക്കാര്‍ക്ക് യാതൊരാനുകൂല്യവും കിട്ടുന്നത് തങ്ങള്‍ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. (Dalit Visions: The Anticaste Movement and the Construction of an Indian Identity എന്ന പുസ്തകം കാണുക). 
ഇങ്ങനെ വ്യക്തമാക്കുമ്പോഴും പ്രയോഗത്തില്‍ ബ്രാഹ്മണ്യത്തോടെന്ന പോലെ ബ്രാഹ്മണനോടും കടുത്ത അസഹിഷ്ണുതയാണ് പെരിയാര്‍ പ്രകടിപ്പിച്ചിരുന്നതെന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. സുബ്രഹ്മണ്യ ഭാരതിയെ വിമര്‍ശിക്കുന്നതും ഭാരതിയാരുടെ സമരങ്ങളെ നിഷേധിക്കുന്നതുമൊക്കെ ഈ വികാരത്തിന്റെ പേരിലാവാനേ ഇടയുള്ളൂ. 

മതവും ദൈവവും 
മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച് പെരിയാറും മറ്റും പുലര്‍ത്തിയ നിലപാടുകള്‍ കൂടി പരിശോധിക്കേണ്ടതാണ്. തികഞ്ഞ നാസ്തികനായാണ് പെരിയാര്‍ പലപ്പോഴും അറിയപ്പെടുന്നത്. അവര്‍ണര്‍ ഇസ്‌ലാം സ്വീകരിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി കാണാം. സമൂഹത്തെ സ്വാധീനിച്ചിട്ടുള്ള മതപരമായ തിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള ആളായിരുന്നു ഇ.വി രാമസാമി. പ്രത്യേകിച്ചും ബ്രാഹ്മണാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. 
പലപ്പോഴും പലരും, പ്രത്യേകിച്ച് പുരോഹിതന്മാരും വരേണ്യവിഭാഗങ്ങളും, മറ്റ് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി ഒരു ഉപകരണമായോ മുഖംമൂടിയായോ മതത്തെയും മതവിശ്വാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ഈ തിരിച്ചറിവില്‍ അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിത മേല്‍ക്കോയ്മക്കുമെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക എന്നത് തന്റെ ദൗത്യമായിത്തന്നെ അദ്ദേഹം കണക്കാക്കിയിരുന്നുവെന്നു വേണം കരുതാന്‍. നിരീശ്വരവാദി എന്ന് അറിയപ്പെടുന്നെങ്കിലും അദ്ദേഹമൊരിക്കലും നാസ്തികതയുടെ പ്രചാരകനോ സൈദ്ധാന്തികനോ ആയിരുന്നില്ല. നാസ്തികനായി അറിയപ്പെടുന്നതു തന്നെയും അദ്ദേഹത്തിന് അത്ര സ്വീകാര്യവുമായിരുന്നില്ല. ഒരു നാസ്തികന്റെ സംസാരം വിചാരശൂന്യവും ദുഷിച്ചതുമായി കണക്കാക്കേണ്ടതാണെന്ന് പെരിയാര്‍ പറഞ്ഞു. എന്നാല്‍ മറുഭാഗത്ത് ദൈവം എന്ന് താന്‍ എന്തിനെയെങ്കിലും വിളിക്കുമെങ്കില്‍ ആ ദൈവം എന്തായിരിക്കണം എന്നും അങ്ങനെയൊരു ദൈവത്തെ എങ്ങനെ ഉപാസിക്കണമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. EV Ramaswami Naicker Periyar: A Study of the Influence of a Personality in Contemporary South India  എന്ന പുസ്തകത്തില്‍ അത് വിശദീകരിക്കുന്നുണ്ട്. 
മനുഷ്യരില്‍ സ്വാതന്ത്ര്യം, സമത്വം എന്നിവ ഉണ്ടാക്കാന്‍ കഴിയുന്നയാളായിരിക്കണം ദൈവം. സ്വതന്ത്ര ചിന്തയെയും ഗവേഷണങ്ങളെയുമൊന്നും തടയുന്ന ഒന്നാവരുത്. പണമോ നിവേദനമോ സ്തുതികീര്‍ത്തനങ്ങളോ ക്ഷേത്രങ്ങളോ ആവശ്യപ്പെടാത്ത ഒന്നാവണം. ജനങ്ങള്‍ക്ക് സഹായമായി മാറുക, കാപട്യവും വിശ്വാസ വഞ്ചനയും ഒഴിവാക്കുക, സത്യം പറയുകയും ചതിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇതായിരിക്കും ഏറ്റവും ഉചിതമായ ദൈവസേവനം. 
പ്രത്യേകിച്ച് ഉത്ഭവമോ തത്ത്വശാസ്ത്രമോ അടിസ്ഥാന ഗ്രന്ഥമോ ഒന്നും ഇല്ലാത്ത, ബ്രാഹ്മണരുടെ ശ്രേഷ്ഠതയും ശൂദ്രന്മാരുടെ അധമത്വവും പഞ്ചമരുടെയും അവര്‍ണരുടെയും അസ്പൃശ്യതയും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നായിട്ടാണ് ഹിന്ദുമതത്തെ അദ്ദേഹം വിലയിരുത്തിയത്. അതിനെതിരെ നിശിത വിമര്‍ശനങ്ങളുയര്‍ത്തി പെരിയാര്‍. ദ്രാവിഡ സമൂഹങ്ങളെ തകര്‍ത്ത് തങ്ങളുടെ ആധിപത്യം അടിച്ചേല്‍പിക്കാന്‍ ആര്യ ബ്രാഹ്മണര്‍ ഉണ്ടാക്കിയ തന്ത്രങ്ങളുടെ ഭാഗമായാണ് ഹിന്ദു ദൈവങ്ങളെപ്പോലും അദ്ദേഹം കാണുന്നത്. ഒരു ഘട്ടത്തില്‍ ശ്രീരാമന്റെ ചിത്രം പരസ്യമായി കത്തിച്ചതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്. 
ഇത്തരം വാദങ്ങളുയര്‍ത്തി അധഃസ്ഥിതരോട് മതം മാറാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട് പെരിയാര്‍. ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ മൂന്ന് മതങ്ങളാണ് അധഃസ്ഥിതരുടെ വിമോചനവുമായി ബന്ധപ്പെട്ട തന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന അമൂര്‍ത്ത ദൈവം എന്ന ആശയവും അതില്‍ നിലനില്‍ക്കുന്ന സാമൂഹിക സമത്വവും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചിരുന്നു. താന്‍ മുന്നോട്ടു വെക്കുന്ന ദ്രാവിഡ സംസ്‌കാരവും ദ്രാവിഡ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഇസ്‌ലാമിനെ വായിക്കുന്നത്. പെരിയാറിന്റെ വീക്ഷണത്തില്‍ ദ്രാവിഡരുടെ പുരാതന തത്ത്വചിന്തകള്‍ പിന്തുടരുന്നവരാണ് മുസ്‌ലിംകള്‍. ദ്രാവിഡ മതത്തിന്റെ തന്നെ അറബി പേരാണ് ഇസ്‌ലാം. ഈ രാജ്യത്ത് ബ്രാഹ്മണിസം അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തത് അറേബ്യയില്‍ ജനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മുഹമ്മദ് നബിയാണ്. ദ്രാവിഡ മതത്തെയും അതിന്റെ നയങ്ങളെയും സംസ്‌കാരത്തെയും ഇസ്‌ലാം ആയി ജനങ്ങളുടെ മനസ്സില്‍ നബി പകര്‍ന്നു. 
ഇസ്‌ലാമിന്റെ ഏകദൈവത്വത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായിത്തന്നെ അദ്ദേഹം ക്രൈസ്തവ ദൈവശാസ്ത്രത്തെയും മനസ്സിലാക്കി. ക്രിസ്തുമത പരിഷ്‌കര്‍ത്താവും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ധാരയുടെ സ്ഥാപകനുമായ മാര്‍ട്ടിന്‍ ലൂഥറിന്റെ ചിന്തകളോടായിരുന്നു പെരിയാര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. അതുപോലെ തന്റെ രാഷ്ട്രീയത്തിന്റെ സാക്ഷാത്കാരം അദ്ദേഹം ബുദ്ധമതത്തിന്റെ ചരിത്രത്തിലും കണ്ടെത്തി. സ്വാഭിമാനത്തിന്റെ വീണ്ടെടുപ്പിലും ബ്രാഹ്മണ ഹിന്ദുമതം അടിച്ചേല്‍പിച്ച ജാതിവിവേചനത്തില്‍നിന്നുള്ള മുക്തിയിലും ബുദ്ധമതം അതിശക്തമായ ഒരു ബദലായിരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. 
അതേസമയം പെരിയാര്‍ ഇ.വി രാമസാമി ഒരു മതവും സ്വീകരിച്ചില്ല. തന്റെ വിമോചന രാഷ്ട്രീയത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് മതത്തെ വിലയിരുത്തുമ്പോഴും മറ്റുള്ളവരാല്‍ നാസ്തികനായിത്തന്നെ വിശേഷിപ്പിക്കത്തക്ക തരത്തിലുള്ള സന്ദേഹവാദമാണ് ദൈവശാസ്ത്രപരമായി അദ്ദേഹം സ്വയം കൈക്കൊണ്ടത്. 
ആദ്യം ഗുരുവിനെപ്പോലെ ഒരു അര്‍ധ നാസ്തികവാദം സ്വീകരിച്ചിരുന്ന അണ്ണാദുരൈ പിന്നീട് മറ്റൊരു നിലപാടിലേക്ക് വന്നു. ഒന്‌റേ കുലം, ഒരുവനേ തേവര്‍ (Only one race, Only One God) എന്നതായിരുന്നു അത്. പിന്നീടൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: "I am a Hindu sans the sacred ash (vibhooti or bhasma), a Christian minus the holy cross and a Muslim without the prayer cap' (വിഭൂതിയോ ഭസ്മമോ ഇല്ലാത്ത ഹിന്ദുവാണ് ഞാന്‍, വിശുദ്ധ കുരിശ് ഏന്താത്ത ക്രിസ്ത്യാനിയും ഒപ്പം നിസ്‌കാരത്തൊപ്പി ധരിക്കാത്ത മുസ്‌ലിമും). 

അധികാരവും ദ്രാവിഡരാഷ്ട്രീയവും 
അണ്ണാദുരൈയുടെ ശിഷ്യന്മാരായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടര്‍നേതൃത്വത്തിലേക്ക് വന്നത് മുത്തുവേല്‍ കരുണാനിധിയും എം.ജി രാമചന്ദ്രനുമായിരുന്നു. 1924 ജൂണ്‍ മൂന്നിന് തിരുവാവൂരിനടുത്തുള്ള തിരുക്കുവളൈയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തിയാണ് പിന്നീട് കരുണാനിധി ആയത്. തമിഴ് ഭാഷയുടെയും ദ്രാവിഡ സ്വത്വത്തിന്റെയും ബോധത്തില്‍ പ്രചോദിതനായ അദ്ദേഹത്തിന് ദക്ഷിണാമൂര്‍ത്തി എന്ന സംസ്‌കൃത നാമം ഒരു ബാധ്യതയായി മാറി. വടക്കു നിന്ന് തെക്കന്‍ ഇന്ത്യക്കു മേല്‍ അടിച്ചേല്‍പിച്ച ബ്രാഹ്മണ മേധാവിത്വത്തോടുള്ള വിധേയത്വമായാണ് ആ പേരിനെ അദ്ദേഹം കണ്ടത്. അങ്ങനെ സ്വയം സ്വീകരിച്ച പേരാണ് മുത്തുവേല്‍ കരുണാനിധി. 
അധികാരത്തിലേറിയ ദ്രാവിഡ വിപ്ലവം, പക്ഷേ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും ഏറെ പിറകോട്ടു പോയതായാണ് അനുഭവം. ബ്രാഹ്മണിസത്തോടുള്ള എതിര്‍പ്പും (ഹിന്ദി, സംസ്‌കൃത ഭാഷകളോടു പോലുമുള്ള വിരോധമായും അത് മാറിയിട്ടുണ്ട്) തമിഴ് സ്വത്വത്തിലുള്ള അഭിമാനവും ഇന്നും പൊതുവെ തമിഴന്റെ മുഖമുദ്രയാണെങ്കിലും ദ്രാവിഡ സമൂഹങ്ങള്‍ക്കിടയില്‍തന്നെ കടുത്ത ജാതീയത ഇന്നും നിലനില്‍ക്കുന്നു. കൂട്ടത്തില്‍ ഒട്ടേറെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. 
പരസ്പരം പോരടിക്കുന്ന ഒരുപാട് കക്ഷികളായി ദ്രാവിഡ രാഷ്ട്രീയം മാറി. ദ്രാവിഡ മുന്നേറ്റ കഴകം തന്നെ കരുണാനിധിയുടെയും എം.ജി.ആറിന്റെയും നേതൃത്വത്തില്‍ രണ്ട് പാര്‍ട്ടികളായി പിരിഞ്ഞു. ജാതികളുടെയും സമുദായങ്ങളുടെയും പ്രാതിനിധ്യം പേറുന്ന ചെറു പാര്‍ട്ടികള്‍ വേറെയും. വോട്ടിനും അധികാരത്തിനും വേണ്ടി അവരെപ്പോഴും തങ്ങളുടെ അനുഗാതാക്കള്‍ക്കിടയില്‍ ജാതീയതയെ കത്തിച്ചു നിര്‍ത്തുകയും ചെയ്തു. പാട്ടാളി (ജൃീഹലമേൃശമ േഅഥവാ തൊഴിലാളിവര്‍ഗം) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കക്ഷി വണ്ണിയര്‍ ജാതിയുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നേരത്തേ പള്ളി എന്നറിയപ്പെട്ടിരുന്ന ഈ സമുദായം സ്വയം വിശേഷിപ്പിക്കുന്നത് വണ്ണിയ കുല ക്ഷത്രിയ എന്നാണ്. തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തില്‍ തങ്ങള്‍ വളര്‍ത്തുന്ന പെണ്‍പട്ടികളുമായി കീഴ്ജാതിക്കാരുടെ നായ്ക്കള്‍ ഇണ ചേര്‍ന്നേക്കുമെന്ന ഭയത്താല്‍ അവര്‍ പട്ടികളെ വളര്‍ത്തുന്നതിന് മേല്‍ജാതിക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവം വരെ നടന്നത് ബ്രാഹ്മണാധിപത്യ കാലത്തൊന്നുമല്ല. ഈയടുത്ത് ചലച്ചിത്രകാരന്‍ പാ രഞ്ജിത്ത് തമിഴ്‌നാട്ടിലെ ജാതീയതക്കെതിരെ അതിശക്തമായി തുറന്നടിച്ചിരുന്നു. 
ചുരുക്കിപ്പറഞ്ഞാല്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈ മണ്ണില്‍ ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഇന്നും കൊടികുത്തി വാഴുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ കലാപമുയര്‍ത്തിയ ദ്രാവിഡ സ്വത്വവാദം തങ്ങള്‍ക്കിടയില്‍തന്നെ നിലനില്‍ക്കുന്ന ജാതീയതയെ പ്രതിരോധിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു പറയാം. സാങ്കേതികമായി ബ്രാഹ്മണ്യത്തെ തങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയെങ്കിലും അവര്‍ക്കിടയില്‍ ഇപ്പോഴും ക്ഷത്രിയരുണ്ട്, ദലിതരുമുണ്ട്. അവര്‍ തമ്മില്‍ കടുത്ത അന്തരവുമുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (68-70)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്‌നേഹം നിറഞ്ഞൊരു പ്രാര്‍ഥന
ജഅ്ഫര്‍ എളമ്പിലാക്കോട്