സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരോടുള്ള ക്രൂരത സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. നിശ്ചിത വിദ്യാഭ്യാസത്തിനു പുറമെ പി.എസ്.സി പരീക്ഷക്ക് വര്‍ഷങ്ങള്‍ തയാറെടുത്ത് നാലും അഞ്ചും റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും കപ്പിനും ചുണ്ടിനും ഇടയില്‍ ഇവരുടെ ജോലി തട്ടിയെടുക്കുന്ന സര്‍ക്കാറിനെ എന്താണ് വിളിക്കേണ്ടത്?
ആവര്‍ത്തിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളാണ് സര്‍ക്കാറിനെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. നേരത്തേ റാങ്ക് ലിസ്റ്റുണ്ടായിട്ടും സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ 47 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തി. മുന്‍കാല പ്രാബല്യത്തോടെ ഇവരെ സ്ഥിരപ്പെടുത്തിയപ്പോള്‍ തെരുവിലായത് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ്. ഇപ്പോഴിതാ, അഞ്ചു പേരെ കൂടി അത്തരത്തില്‍ സ്ഥിരപ്പെടുത്താനാണ് ലൈബ്രറി കൗണ്‍സില്‍ നീങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൂന്നു പേരെ എംപ്ലോയ്മെന്റില്‍ നിന്ന് നിയമിക്കാനാണ് പോകുന്നത്. എന്നാലും നിശ്ചിത യോഗ്യതയുമായി പി.എസ്.സി പരീക്ഷയില്‍ വിജയിച്ച റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറല്ല.
ഇതിനു പുറമെയാണ് പഞ്ചായത്ത് വകുപ്പില്‍ 355 താല്‍ക്കാലിക ലൈബ്രേറിയന്മാരെ സ്ഥിരപ്പെടുത്താന്‍ പോകുന്നത്. പി.എസ്.സി പരീക്ഷ നടത്തി പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റില്‍ 619 പേര്‍ ജോലി കാത്ത് പുറത്തുനില്‍ക്കുകയാണ്. 14 ജില്ലകളിലും മത്സര പരീക്ഷ എഴുതിയ ലൈബ്രറി സയന്‍സ് പാസ്സായ ഉദ്യോഗാര്‍ഥികളാണിവര്‍. ഒന്നു മുതല്‍ അഞ്ചുവരെ റാങ്ക് നേടിയവര്‍ക്കു പോലും നിയമനം നല്‍കാതെയാണ് യോഗ്യതയില്ലാത്ത 355 സ്വന്തക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ പി.എസ്.സി ലിസ്റ്റുള്ള കാര്യം അറിഞ്ഞില്ലത്രെ. പബ്ലിക്ക് സര്‍വീസ് കമീഷന്‍ എന്തിനാണ് ലക്ഷങ്ങളെ കബളിപ്പിച്ച് മത്സര പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്? പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ വകുപ്പിലും പോലീസിലും ഐ.ടി വകുപ്പിലും ആയിരക്കണക്കിന് ആളുകളെയാണ് പിന്‍വാതില്‍ വഴി സ്ഥിരപ്പെടുത്തിയത്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയല്ലാതെ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
തൊഴിലില്ലായ്മാ വേതനം കൊണ്ടുമാത്രം ജീവിക്കുന്ന അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ലക്ഷക്കണക്കിനാണ്. അവരില്‍ തന്നെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് മത്സര പരീക്ഷകള്‍ വിജയിച്ച് യോഗ്യത നേടുന്നത്. ഇവര്‍ക്ക് നിയമനം നല്‍കിയാല്‍ മാത്രമേ മറ്റൊരു പരീക്ഷ എഴുതാന്‍ പുതിയ തലമുറക്ക് അവസരം ലഭിക്കൂ. നാലും അഞ്ചും റാങ്ക് ലിസ്റ്റുകളില്‍ പേരു വന്നിട്ടും ഒരു നിയമനവും ലഭിക്കാതെ പ്രായപരിധി കഴിഞ്ഞ ആളുകളുടെ എണ്ണവും ആയിരക്കണക്കിനാണ്. യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും പോലും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല. കോവിഡായതു കാരണം കെ.എസ്.യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും സമരം ചെയ്യാന്‍ പോലും കഴിയുന്നില്ല. പി.എസ്.സി ഓഫീസിനു മുന്നില്‍ തൊഴില്‍രഹിതര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച സന്ദര്‍ഭത്തിലാണ് ഹൈക്കോടതി എല്ലാ സമരങ്ങളും വിലക്കിയത്. എന്നിട്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിയ പ്രതിഷേധം പോലും സര്‍ക്കാറിന്റെ കണ്ണ് തുറപ്പിച്ചില്ല.
ബന്ധുക്കളെയും സഖാക്കളെയും വഴിവിട്ട് സഹായിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ തടയാന്‍ സി.പി.ഐ പോലും ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഇത്തരം അനീതികള്‍ നടന്നിരുന്നതെങ്കില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ കേരളം കീഴ്മേല്‍ മറിക്കുമായിരുന്നു. തങ്ങള്‍ ഭരണപക്ഷമാകുമ്പോള്‍ യുവജന സംഘടനകള്‍ക്ക് എല്ലാ പോരാട്ടവീര്യവും ചോര്‍ന്നുപോവുകയാണ്. ഭരണകാലം അവര്‍ക്ക് പണമുണ്ടാക്കാനും സര്‍ക്കാറില്‍ കയറിപ്പറ്റാനും സുഖവാസത്തിനുമുള്ള കാലമായി മാറിയിരിക്കുകയാണ്. കോവിഡ് 19 സര്‍ക്കാറിന് എന്ത് തീവെട്ടിക്കൊള്ളയും നടത്താനുള്ള അവസരമായി മാറുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, മോദി സര്‍ക്കാറും യുവജനങ്ങളോട് കാണിക്കുന്നത് ഇതേ ക്രൂരതയാണ്. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ നിയമനങ്ങളേ നടക്കുന്നില്ല. ബി.എസ്.എന്‍.എല്ലില്‍നിന്ന് ലക്ഷക്കണക്കിനാളുകളെ വി.ആര്‍.എസ് നല്‍കി പിരിച്ചുവിട്ടിട്ടും പുതിയ നിയമനങ്ങള്‍ അവിടെയുമില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സര്‍വീസിലും നിയമന നിരോധനമാണ് കേന്ദ്രവും നടപ്പാക്കുന്നത്. കഴിഞ്ഞ 45 കൊല്ലത്തിനിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ആദ്യ മോദി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയ സംഭാവന. ആ കണക്കുകള്‍ നിരത്തി പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്.
തൊഴില്‍രഹിതരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഇടതുപക്ഷം. ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും ഇടതുപക്ഷവും കേരളത്തിലെങ്കിലും തൊഴില്‍രഹിതരെ ഇത്തരത്തില്‍ വഞ്ചിക്കരുത്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാറിനെ വിമര്‍ശിക്കുമ്പോള്‍ അതിനെതിരെ സൈബര്‍ ആക്രമണമാണ് സഖാക്കള്‍ നടത്തുന്നത്. അകാല വാര്‍ധക്യം ബാധിച്ച ഇക്കൂട്ടര്‍ക്ക് രാഷ്ട്രീയ തിമിരം മൂലം കണ്‍മുന്നില്‍ നടക്കുന്ന അനീതികള്‍ പോലും കാണാനാകുന്നില്ല. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല. അസംഘടിതരായ തൊഴില്‍രഹിതരെ ബലിയാടുകളാക്കുന്ന ബി.ജെ.പിയും ഇടതുപക്ഷവും തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും.
Comments