Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

പ്രവാസികള്‍ക്കു മുമ്പിലെ അതിജീവന വഴികള്‍

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍ 

'മലയാളി പ്രവാസത്തിന്റെ നിലവിളികള്‍' എന്ന ശീര്‍ഷകത്തില്‍ എം.സി.എ  നാസര്‍ എഴുതിയ ലേഖനം (ലക്കം 11) വായിച്ചപ്പോള്‍ മനസ്സില്‍ അങ്കുരിച്ച ചില ചിന്തകളാണ് ഈ കുറിപ്പിനാധാരം. 
പട്ടിണിയെയും പ്രാരാബ്ധങ്ങളെയും മറ്റു പ്രതിസന്ധികളെയും മറികടക്കാനുള്ള പ്രതീക്ഷാനിര്‍ഭരങ്ങളായ ത്യാഗങ്ങളാണ് പലായനം എന്ന പരികല്‍പനയില്‍ ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. ആദിമ മനുഷ്യന്‍ മുതലുള്ള മനുഷ്യസഞ്ചയത്തിന്റെ ചരിത്രവും ഒരര്‍ഥത്തില്‍  പലായനങ്ങളുടേതാണ്. സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്കും, മെസപ്പൊട്ടേമിയയില്‍നിന്നും മക്കയിലേക്കും, ഈജിപ്തില്‍നിന്നും ഫലസ്ത്വീനിലേക്കും, മക്കയില്‍നിന്നും മദീനയിലേക്കുമൊക്കെയുള്ള പുറപ്പെട്ടുപോകലുകള്‍ ചരിത്രം ചികഞ്ഞാല്‍  ബോധ്യപ്പെടുന്ന വസ്തുതയാണ്. 
രാഷ്ട്രീയ അരക്ഷിതാവസ്ഥ, ദാരിദ്ര്യം, ആഭ്യന്തര കലാപങ്ങള്‍ തുടങ്ങിയവയാണ് ആധുനിക കാലത്തെ പലായനങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. ഇങ്ങനെ പുറപ്പെട്ടുപോകലിന്റെ സംഭ്രമിപ്പിക്കുന്ന കഥകള്‍ തിരയുമ്പോള്‍ ഒരു നൂറ്റാണ്ടിലധികം കാലമായി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരദേശ സഞ്ചാരങ്ങളെ  വിശേഷിപ്പിക്കാന്‍ നാം ഒരു പുതിയ നാമം കണ്ടെത്തേണ്ടതായിട്ടുണ്ട്. കാരണം മേല്‍പ്പറഞ്ഞ തരത്തിലുള്ള കാരണങ്ങളില്‍, വിശപ്പ് എന്ന വലിയൊരു സമസ്യയെ മുറിച്ചുകടക്കാനായി കുടുംബത്തെ തനിച്ചാക്കി നടത്തിയ  യാത്രകളാണ് അവയില്‍ കൂടുതലും. 
ഇന്ന് പാകിസ്താനില്‍ ഉള്‍പ്പെട്ട തുറമുഖ നഗരമായ കറാച്ചി,  ബര്‍മ, സിങ്കപ്പൂര്‍, സിലോണ്‍ തുടങ്ങിയ ഇടങ്ങളിലേക്കായിരുന്നു മലയാളിയുടെ ഭാഗ്യം തേടിയുള്ള ആദ്യ സഞ്ചാരങ്ങള്‍. 
പിന്നീട് അമ്പതുകളില്‍ ആരംഭിച്ച് എണ്‍പതുകളില്‍ ശക്തിപ്രാപിച്ച ഗള്‍ഫ് പ്രവാസം, മുകളില്‍ പറഞ്ഞ ഇടങ്ങളിലെ പോലെ തന്നെ വലിയൊരു ഒറ്റപ്പെടലിന്റെ ചരിത്രം തന്നെയാണ് പറഞ്ഞു തരുന്നത്. 
ലോഞ്ചുകളില്‍നിന്നും ജീവന്‍ വക വെക്കാതെ കടലിലേക്കെടുത്തു ചാടി പ്രാരാബ്ധങ്ങളുടെ തിരമാലകളെ മുറിച്ചുകടന്ന് മണലാരണ്യത്തില്‍ എത്തപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ ജീവിതം തന്നെ കുടുംബത്തിനായി ബലി നല്‍കുകയായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല തന്നെ. എയര്‍ കണ്ടീഷനോ മറ്റു ആധുനിക സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത് ത്യാഗത്തിന്റെ മരുപ്പാടങ്ങളിലാണ് അവര്‍ തങ്ങളുടെ സ്വപ്‌നഗോപുരങ്ങള്‍ കെട്ടിയുയര്‍ത്താന്‍ തുടങ്ങിയത്.
നാടുമായുള്ള അവന്റെ പ്രധാന ബന്ധം മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യമായി വരുന്ന കത്തുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിച്ചു വടിവൊത്ത അക്ഷരങ്ങളുടെ തേരിലേറി പ്രിയപ്പെട്ടവരുടെ ചാരത്തണയാന്‍ വിധിക്കപ്പെട്ടവന്‍. ഫോണ്‍ സൗകര്യം അന്ന് നമ്മുടെ നാട്ടില്‍ തുലോം കുറവായിരുന്നല്ലോ. ടേപ്പ് റെക്കോര്‍ഡര്‍ മാത്രമായിരുന്നു അന്ന് ബാച്ച്‌ലര്‍ മുറികളിലെ പ്രധാന വിനോദോപാധി. 
ഇങ്ങനെ രണ്ടും മൂന്നും കൊല്ലത്തെ മരുഭൂവാസത്തിനു ശേഷമുള്ള പ്രവാസിയുടെ നാടണയല്‍ നമ്മുടെ സാഹിത്യങ്ങളും സിനിമകളുമൊക്കെ വരച്ചിട്ട പോലെ ഒരു നാടിന്റെ ആഘോഷം തന്നെയായിരുന്നു. നാട്ടുപ്രമാണിമാര്‍ മുതല്‍ വിവാഹ ദല്ലാളന്മാര്‍, വസ്തു വില്‍ക്കാനുള്ളവര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍, സുഹൃത്തുക്കള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി ജനസഞ്ചയത്തിന്റെ കുത്തൊഴുക്കായിരിക്കും പിറ്റേന്നു മുതല്‍ ആ വീട്ടില്‍. ചായയും പലഹാരങ്ങളും കഴിച്ച്, 555 സിഗരറ്റും വലിച്ചൂതി ഫോറിന്‍ സാധനങ്ങളുമായാണ് പലരും മടങ്ങുക. ഗള്‍ഫില്‍നിന്നും കൊണ്ടു വന്ന ഒരു സോപ്പ് കിട്ടിയാല്‍ പോലും ആളുകള്‍ക്കത് വലിയ കാര്യമായിരുന്നു. 
പ്രവാസത്തിന്റെ ഏറ്റവും വലിയ വ്യതിരിക്തത വിശാല മനസ്സാണെന്ന് പറയാം. ഏകദേശം രണ്ടു മാസത്തെ ശമ്പളത്തുക പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍  വാങ്ങാന്‍ വേണ്ടി മാത്രം കരുതിവെക്കുന്ന ഒരു സമൂഹത്തെ ലോകത്ത് വേറെ കാണാന്‍ സാധിക്കുകയില്ല. മറ്റുള്ളവരും രക്ഷപ്പെടണമെന്ന ഓരോ പ്രവാസിയുടെയും  ചിന്തയാണ് പില്‍ക്കാലത്ത് പതിനായിരങ്ങള്‍ക്ക് പ്രത്യാശയുടെ വെള്ളിവെളിച്ചമായി പരിണമിച്ചത്. ഏകദേശം നാലു തലമുറകളിലായി പരന്നു കിടക്കുന്ന, ഇനിയും ക്രോഡീകരിക്കപ്പെടാത്ത പ്രവാസത്തിന്റെ കഥനത്തില്‍, ഏതാണ്ട് മൂന്നു തലമുറയും ഇണയെ തനിച്ചാക്കി ഊര്‍ന്നുപോകുന്ന ജീവിതത്തെ നഷ്ടബോധത്തോടെയും, അല്‍പം  കുറ്റബോധത്തോടെയുമാണ് കാലം കഴിച്ചത്. 
കഴിഞ്ഞുപോയ മുക്കാല്‍ നൂറ്റാണ്ടിലധികമായി ഒരുപറ്റം നിസ്വാര്‍ഥരായ മനുഷ്യര്‍ കിനാവുകളെ മുഴുവന്‍ കണ്ണീരില്‍ പൊതിഞ്ഞെടുത്തുകൊണ്ട് സഹനത്തിന്റെ മരുഭൂമികളില്‍ സ്വന്തത്തെ ബലിയായി നല്‍കിയതിന്റെ ബാക്കിപത്രമാണ് ലോകത്തോളം വളരാന്‍  കേരളത്തെ പ്രാപ്തമാക്കിയത്. രമ്യഹര്‍മ്യങ്ങളും മാനം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളും ആതുരാലയങ്ങളും ആരാധനാലയങ്ങളും പാര്‍ട്ടി ഓഫീസുകളും  പാഠശാലകളും വന്‍കിട ടെലിവിഷന്‍ ചാനലുകളുമൊക്കെയായി  പ്രവാസി പണം കടന്നുചെല്ലാത്ത ഒരു മേഖലയും മലയാളക്കരയില്‍ ഇല്ല തന്നെ. 
അവസരങ്ങള്‍ നല്‍കാതെ നാടു  കടത്തിയ പ്രവാസത്തിന്റെ പരിവേദനങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ പ്രഹസനമാവുകയാണ് പലപ്പോഴും. കൊറോണാ വൈറസിന്റെ കാലുഷ്യത്തില്‍ ആ വലിയ സമൂഹം ഒന്ന് പതറിയപ്പോള്‍ കൂടെ നില്‍ക്കാന്‍ സഹജീവികളായ കാരുണ്യ പ്രവര്‍ത്തകര്‍ക്കപ്പുറം മറ്റധികപേരെയൊന്നും കണ്ടില്ല. 
യുദ്ധകാലാടിസ്ഥാനത്തില്‍ വിമാനങ്ങളയക്കുന്നത് പോകട്ടെ, വളരെ വൈകിയാണ് ആകാശ വാതിലുകള്‍ ഒന്ന് തുറന്നുകൊടുത്തത് പോലും. സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയൊരു വിഭാഗത്തിന് നാടണയാന്‍  കഴിഞ്ഞത്. കോവിഡ് മഹാമാരി താണ്ഡവം നടത്തിയ കാലത്തു പോലും പിറന്ന നാടിന്റെ സാന്ത്വനം അനുഭവിക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരാണ് പ്രവാസികള്‍. അണുവിമുക്തമാക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളാല്‍ പൊതിയപ്പെട്ട്, ആരോരുമില്ലാതെ ആറടി മണ്ണിലേക്ക് ആലംബഹീനരായി മടങ്ങാന്‍ വിധിക്കപ്പെട്ട അവര്‍, കുടുംബക്കാര്‍ക്കപ്പുറം എന്തുകൊണ്ടായിരിക്കും നാടിന്റെ   നൊമ്പരമാവാതെ പോയത്! ഇത് തികച്ചും നന്ദികേടാണെന്നു പറയാതെ വയ്യ. കുടുംബത്തിനും നാടിനും വേണ്ടി ജീവിതം ഹോമിക്കുകയും അര്‍ഹിക്കുന്ന യാതൊരു പരിഗണനയും കിട്ടാതെ പോവുകയും, കേരള നവോത്ഥാന ചരിത്ര പുസ്തകങ്ങളുടെ ഏഴയലത്തു പോലും  അടുപ്പിക്കാതെ നിര്‍ത്തുകയും ചെയ്ത, നിരന്തരമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നവനാണ്  പ്രവാസി. 
അതുകൊണ്ടുതന്നെ നിലനില്‍പ്പിനു വേണ്ടിയുള്ള അവന്റെ പരിവേദനങ്ങള്‍ പോലും സംഗീതം പോലെ ആസ്വദിക്കുന്ന നന്ദികേടിന്റെ പര്യായമായ ഭരണകൂടങ്ങളില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം മറ്റെന്താണ്! യാത്രാ നിരക്കിലെ കൊള്ളയടക്കം പതിറ്റാണ്ടുകളായി  പരിഹാരമാവാതെ കിടക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. നിലവിളികള്‍ക്കപ്പുറം, പ്രവാസി സമൂഹം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി നിന്ന് സ്വയം ശാക്തീകരിക്കുക തന്നെയാണ് പ്രവാസി സമൂഹത്തിനു മുമ്പിലുള്ള വഴി. 

 

നടക്കാതെ പോയ ഹജ്ജ്

ചരിത്രത്തില്‍ ഹജ്ജും ഉംറയും മാറ്റിവെക്കേണ്ടി വന്ന സന്ദര്‍ഭങ്ങളെ കുറിച്ചുള്ള ഹഫീസ് നദ്വിയുടെ വിവരണം വായിച്ചു. 'അതില്‍ ആര് പ്രവേശിച്ചുവോ  അവന്‍ നിര്‍ഭയനായിരിക്കുന്നു'  എന്ന് ഖുര്‍ആന്‍ (3:97) പറയുന്നു. ആ നിര്‍ഭയാവസ്ഥ നഷ്ടപ്പെട്ടുവോ എന്ന വിശ്വാസികളുടെ വിഷമവും നിരീശ്വര ലിബറല്‍ പ്രഭൃതികളുടെ അട്ടഹാസങ്ങളും സ്വാഭാവികമാണ്.
ഭീതിയകറ്റാന്‍ തുറന്നിടല്‍  മാത്രമല്ല അടച്ചിടലും പരിഹാരമാണ് എന്ന ലേഖകന്റെ മറുപടി കൃത്യമാണ്. അതില്‍ വിശ്വാസിക്ക് ഒരു ഉത്കണ്ഠയുമില്ല, നാം സ്വയംഭൂവില്‍ നിര്‍വൃതി കൊണ്ടവരല്ല. സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്, അതിനുള്ള പരിഹാരവും അവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ലോകത്തുണ്ടാകുന്ന എല്ലാ വിപത്തുകളും മനുഷ്യന്റെ കൈകടത്തല്‍ വഴിയും അവന്റെ ആര്‍ത്തിയും കൊണ്ട് അവന്‍ തന്നെ  ഉണ്ടാക്കിവെച്ചതാണെന്ന് അല്ലാഹു മുന്നറിയിപ്പു തന്നിട്ടുമുണ്ട്. അപ്പോള്‍ അതിനുള്ള പരിഹാരവും മനുഷ്യന്‍  തന്നെ  ചെയ്യണം. രോഗിയായ മനുഷ്യന്‍ നമസ്‌കാരം മാറ്റിവെക്കുന്നു, നോമ്പിലും ഇത്തരം ആനുകൂല്യങ്ങളുണ്ട്.
അങ്ങനെ മനുഷ്യന്റെ എല്ലാ നിസ്സഹായതയും വകവെച്ചു തരുന്ന യുക്തിയാണ് ഇസ്ലാം എന്നും ഉദ്‌ഘോഷിക്കുന്നത്. ഖുര്‍ആനെതിരെ, പ്രവാചകനെതിരെ   ഖുറൈശികള്‍ ചൊരിഞ്ഞ അപവാദങ്ങളും ഇത്തരത്തിലായിരുന്നല്ലോ. ഒരു സാധാരണ  മനുഷ്യന്‍ എന്നൊക്കെ പ്രവാചകനെ നിസ്സാരമായി കാണുകയൊക്കെ ചെയ്തു. ദുര്‍ബലമായ മനുഷ്യ മതങ്ങള്‍ക്കാണ് എപ്പോഴും കുറവുകളെ ഉള്‍ക്കൊള്ളാന്‍ ഭയമുള്ളത്.
അപ്പോള്‍ ഇതിലൊന്നും ദീനിന് അശേഷവും ഉത്കണ്ഠയില്ല.  ഇത്തരം വിഷമഘട്ടങ്ങളെ  വിശ്വാസികള്‍ കൃത്യമായി അറിയുകയും പരിഭ്രാന്തരാകാതിരിക്കുകയും  വേണം. ഉപകാരം ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ഉപദ്രവിക്കരുത് എന്നപോലെ ഉപകാരം കൊണ്ടുവരുന്നതിനേക്കാള്‍ ചിലപ്പോള്‍ നമുക്ക് ഉപദ്രവം തടയേണ്ടിവരും എന്നതും പ്രധാനമാണ്. ഭാഗ്യവശാല്‍ ഇത്തരം തീക്ഷ്ണമായ ഘട്ടമായിട്ടുപോലും സുഊദി ഗവണ്‍മെന്റ് ഹജ്ജ് പരിമിതമായ രീതിയില്‍ പൂര്‍ത്തീകരിച്ചത് ലോകാരോഗ്യ സംഘടനയുടെ പ്രശംസക്കു വരെ പാത്രമാവുകയുണ്ടായി. ഇതും ശത്രുക്കളുടെ മുന്നില്‍ അല്ലാഹു നമുക്ക് ചെയ്ത അനുഗ്രഹമായി കാണാം. 


നാസര്‍ ഏറ്റുമാനൂര്‍


'ബാങ്കെറാമും സഹപാഠിയും പിന്നെ ആ ചെറുപുസ്തകവും'

ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയെക്കുറിച്ച് എസ്.എ അബ്ദുര്‍ റശീദ് മദീനി എഴുതിയ സ്മരണ, 'ഹദീസ് വിജ്ഞാനീയത്തിന്റെ ആഴമറിഞ്ഞ പണ്ഡിതന്‍' (പ്രബോധനം 3163) വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ കൊളുത്തിയത് അദ്ദേഹത്തിന് ആ  'ചെറുപുസ്തകം' സമ്മാനിച്ച അജ്ഞാതനായ മുസ്‌ലിം സഹപാഠിയായിരുന്നു, പിന്നെ വിശ്വവിഖ്യാതമായ ആ ചെറുപുസ്തകവും യുഗപരിഷ്‌കര്‍ത്താവായ ആ ഗ്രന്ഥത്തിന്റെ  കര്‍ത്താവും. അഅ്‌സമി ഹദീസ് വൈജ്ഞാനിക രംഗത്തെ ഒരു അസാധാരണ നക്ഷത്രമായിരുന്നു. സാധാരണ മനുഷ്യര്‍ അദ്ദേഹത്തെ ഏറെ അറിയുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നിശ്ചയമില്ല. സ്മരണ വായിച്ചതിനു ശേഷമാണ്  അദ്ദേഹത്തെക്കുറിച്ച് അറിയുന്നത്.
നാനാജാതി മതസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും സൈ്വരവിഹാരം നടത്തുന്ന ഇന്നത്തെ കാമ്പസുകളില്‍, ബാങ്കേറാമിന് കൊടുത്ത ആ 'ചെറു പുസ്തകം' തന്റെ സഹപാഠികള്‍ക്ക് കൊടുത്ത് യാത്രാമൊഴി ചൊല്ലാന്‍ നമ്മുടെ കാമ്പസിലെ സഹോദരങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍!
ബാങ്കേറാമിനെപ്പോലെ അനേകം ചരിത്രപുരുഷന്മാര്‍ ഇനിയും കാമ്പസുകളില്‍നിന്ന് പിറവിയെടുക്കും, സംശയമില്ല. അവരിലൂടെ, പത്മവ്യൂഹം തീര്‍ത്ത അഭിമന്യുമാരുടെ രക്തസാക്ഷ്യത്തിന് അറുതിവരുത്താന്‍ സഹപാഠികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍! ഒരുപക്ഷേ, അവശേഷിക്കുന്ന ആരാധനാലയങ്ങളെ സംരക്ഷിക്കാനുള്ള ഒരു യുവതലമുറയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും അത് കാരണമായേക്കാം.
അനേകം 'ചെറു പുസ്തകങ്ങള്‍' യുവാക്കള്‍ തങ്ങളുടെ ബാഗുകളിലും ബൈക്കുകളിലും കരുതലോടെ സൂക്ഷിക്കട്ടെ! സന്ദര്‍ഭാനുസരണം ആ 'ചെറുപുസ്തകങ്ങള്‍' വഴി അനേകം ബാങ്കേ റാമുമാരുടെ ഹൃദയത്തില്‍ സത്യദീനിന്റെ പ്രകാശം എത്തിക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ സതീര്‍ഥ്യര്‍ അകപ്പെട്ടുപോകുന്ന ചളിക്കുഴിയില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ അത് കാരണമായേക്കാം. അതോടൊപ്പം സെവന്‍ സ്ലീപ്പേഴ്‌സിന്റെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാന്‍, യുവതലമുറക്ക് പ്രചോദനമാകാന്‍ ബാങ്കേറാമെന്ന ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ സ്മരണ ഒരു നിമിത്തമായിത്തീരട്ടെ! 

റശീദ് അബൂബക്കര്‍

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌