Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം നല്‍കുന്ന അപായ സൂചനകള്‍

ഡോ. വി.എം നിഷാദ്

ആരോഗ്യമുള്ള മനുഷ്യന്റെ ഒരു ദിവസത്തെ ശരാശരി ഓക്‌സിജന്‍ ഉപഭോഗം 550 ലിറ്റര്‍ വരെയാണെന്ന് കണക്കുകള്‍ പറയുന്നു. അതായത് ഇന്നത്തെ മാര്‍ക്കറ്റ് നിരക്കനുസരിച്ച് വിലയിട്ടാല്‍ ഒരു ഉപഭോക്താവിന് ദിനംപ്രതി ഓക്‌സിജന്‍  ഉപയോഗത്തിന് മാത്രം ചെലവഴിക്കേണ്ടി വരിക 13 - 14 ലക്ഷം രൂപ വരെയാണ്! അങ്ങനെയെങ്കില്‍ സാമാന്യം വലിപ്പമുള്ള ഒരു വൃക്ഷം വിതരണം ചെയ്യുന്ന ഓക്‌സിജന് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടി വരുന്ന സംഖ്യ 25  ലക്ഷത്തിലധികം വരും. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് വിലയിടാന്‍ തീരുമാനിച്ചാല്‍ ഒരുപക്ഷേ കോടീശ്വരന്മാര്‍ വരെ കുടുങ്ങിപ്പോകും. ഈ നിലക്ക് പരിസ്ഥിതിയെക്കൂടി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് വളര്‍ന്നു വന്ന ശാസ്ത്ര ശാഖയാണ് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രം (Ecological Economics). ചരക്ക് സേവന ഉല്‍പാദനവും (Built Capital)   മൊത്തം ആഭ്യന്തര ഉല്‍പ്പന്നവും (Gross Domestic Products - GDP) മാനദണ്ഡമാക്കുന്ന പാരമ്പര്യ സാമ്പത്തിക ശാസ്ത്ര വിശകലനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സമഗ്ര വീക്ഷണമാണ് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും (Human Capital), കുടുംബവും സൗഹൃദവും (Social Capital)  പരിഗണനീയമാവുന്നതിനോടൊപ്പം ഭൂമിയിലുള്ള ജൈവികവും അജൈവികവുമായ (Biological and Physical)  സര്‍വ വസ്തുക്കളെയും അവയുടെ സംഭാവനകളെയും പരിഗണിക്കുന്നതാണ് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രം. പരിസ്ഥിതി സാമ്പത്തിക ശാസ്ത്രം സിദ്ധാന്തത്തിനപ്പുറം ജീവിതാനുഭവമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് പാരിസ്ഥിതിക ആഘാത നിര്‍ണയം മുഖ്യ വിഷയമാവുന്നത്.
ഏതൊരു വികസന പ്രവര്‍ത്തനം ആസൂത്രണം ചെയ്യുമ്പോഴും, ഗുണനിലവാരം മെച്ചപ്പെടുത്തുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുക വളരെ സ്വാഭാവികമാണ്. പദ്ധതിയിലൂടെ ഉണ്ടായിത്തീരുന്നത് സൗകര്യങ്ങളാണോ, അതല്ല ആഘാതങ്ങളാണോ എന്ന അന്വേഷണമാണ് ഇതില്‍ ഏറ്റവും പ്രധാനം. വികസന പദ്ധതികളെ സംബന്ധിച്ച ഇത്തരം അന്വേഷണങ്ങളില്‍ മുഖ്യ വിഷയമായി പാരിസ്ഥിതിക ആഘാത നിര്‍ണയം  വരണമെന്ന ആവശ്യം ശക്തിപ്പെട്ടത് 1969-ല്‍ അമേരിക്കയില്‍ ദേശീയ പരിസ്ഥിതി പോളിസി നിയമം (National Environment Policy Act - NEPA) നിലവില്‍ വന്നതോടെയാണ്. പരിസ്ഥിതിയില്‍നിന്ന് ലഭ്യമാവുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ 80-കളോടെ ശക്തിപ്പെട്ടു. പതിനായിരങ്ങളുടെ ജീവനും ജീവിതവും ചവച്ചരച്ച ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ് ദുരന്തത്തെ (1984) തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന ചര്‍ച്ചകള്‍ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് വഴിയൊരുക്കി. അതേ കാലയളവില്‍ സംഭവിച്ച ചെര്‍ണോബില്‍ ആണവ ദുരന്തം വികസന പ്രവര്‍ത്തനങ്ങളുടെ ആഘാതങ്ങളെ കുറിച്ച തുടര്‍ ചര്‍ച്ചകള്‍ക്കും കാരണമായി. ദുരന്തങ്ങളും ആഘാതങ്ങളുമാണ് പുതിയ ആലോചനകള്‍ക്ക് വഴിയൊരുക്കുന്നത്. ദുരന്തങ്ങള്‍ തീര്‍ത്ത വീണ്ടുവിചാരങ്ങളിലൂടെയാണ് പരിസ്ഥിതി ആഘാത നിര്‍ണയം (Environmental Impact Assessment)  അടക്കമുള്ള പരിമിത നിയന്ത്രണങ്ങള്‍ സാധ്യമാവുന്നത്. 
2020 മാര്‍ച്ച് 23-ന് കേന്ദ്ര പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയം (MoEFCC)    പുറത്തിറക്കിയ 'പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം-2020' [Environment Impact Assessment (EIA) Notification- 2020]  2020പ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നു. വികസന പദ്ധതികള്‍ മൂലം പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം വിലയിരുത്താനും, അതിലൂടെ സുസ്ഥിര വികസനത്തിനുള്ള അനുയോജ്യ  പാത തെരഞ്ഞെടുക്കാനും ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണ് പരിസ്ഥിതി ആഘാത നിര്‍ണയം (Environmental Impact Assessment- EIA). അതുകൊണ്ടുതന്നെ, വ്യാവസായിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും (ഫാക്ടറികള്‍, പവര്‍ പ്ലാന്റുകള്‍, റോഡ്/ പാലം നിര്‍മാണം, ഖനനം)  എല്ലാ പുതിയ നിര്‍മാണ പദ്ധതികള്‍ക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നിലവിലെ വിജ്ഞാപനം അനുസരിച്ച് പാരിസ്ഥിതികാഘാത പഠനം നിര്‍ബന്ധമാണ്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 1994-ലാണ് ഇന്ത്യയില്‍ നിലവില്‍ വരുന്നത്. ഐക്യരാഷ്ട്ര സഭയുടെ 1992-ലെ റിയോ ഡി ജനീറോ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള റിയോ ഉടമ്പടിയില്‍  (Rio Declaration)  ഇന്ത്യ ഒപ്പു വെച്ചിരുന്നു.
2006-ല്‍ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച വിജ്ഞാപനത്തില്‍ വികസന പദ്ധതികളെ A, B വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. വിപുലീകരണ പദ്ധതികളായ A വിഭാഗം പദ്ധതികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും, B വിഭാഗം പദ്ധതികള്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയില്‍ (State Environment Impact Assessment Authority -SEIAA)നിന്നും മുന്‍കൂര്‍ പരിസ്ഥിതി അനുമതി (Prior Environmental Clearance) വാങ്ങിയിരിക്കണം. 1994-ലെ ആദ്യ വിജ്ഞാപനം പരമാവധി നീതി പുലര്‍ത്തിയെങ്കിലും  ശേഷം 2006-ല്‍ പുതുക്കിയ  വിജ്ഞാപനത്തിലെത്തിയപ്പോള്‍ 11 വര്‍ഷം കൊണ്ട് 13 ഭേദഗതികള്‍ സംഭവിച്ചിരുന്നു. ചിലത് ഗുണകരമായിരുന്നെങ്കിലും, മറ്റു ചിലത് പരിസ്ഥിതി ആഘാത നിര്‍ണയത്തിന്റെ അന്തസ്സത്തയെ തന്നെ മാറ്റിമറിക്കുന്ന  തരത്തിലായിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെയും എന്‍.ജി.ഒകളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങളെ ഭാഗികമായോ ചിലപ്പോള്‍ പൂര്‍ണമായോ അത്തരം ഭേദഗതികള്‍ അവഗണിക്കും.

പുതിയ പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം

2020 മെയ് 7-ന് വിശാഖപട്ടണത്തിന്റെ പ്രാന്ത പ്രദേശമായ വെങ്കടാപുരം ഗ്രാമവാസികള്‍ ഉറക്കമുണര്‍ന്നത് മൂടല്‍മഞ്ഞിന് സമാനമായ അന്തരീക്ഷത്തിലേക്കാണ്. പ്രദേശത്തെ എല്‍ജി പോളിമേഴ്സ് ഫാക്ടറിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് ചോര്‍ന്ന സ്റ്റൈറീന്‍ (Styrene)  എന്ന രാസപദാര്‍ഥമായിരുന്നു  അന്തരീക്ഷത്തെ മേഘാവൃതമാക്കിയത്. പന്ത്രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാതക ചോര്‍ച്ചയുടെ അനന്തര ഫലങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. നീരാവി ശ്വസിച്ച് കുഴഞ്ഞുവീണെങ്കിലും മരണത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ ശരീരത്തില്‍ അവശേഷിക്കുന്ന സ്‌റ്റൈറീന്‍ ഓക്‌സയിഡ് (Styrene Oxide), അമേരിക്കയിലെ നാഷന്ല്‍ ടോക്‌സിക്കോളജി പ്രോഗ്രാം പ്രത്യേകം പരാമര്‍ശിച്ച കാന്‍സറിന് കാരണമാവുന്ന രാസ പദാര്‍ഥമാണ്. അതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഇനിയും പ്രതീക്ഷിക്കണം. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി കെം (LG Chem)  മുന്‍കൂര്‍ പരിസ്ഥിതി അനുമതി വാങ്ങാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അതുകൊണ്ടു തന്നെ പരിസ്ഥിതി ആഘാത പഠനവും (Environment Impact Assessment-EIA) നടന്നിട്ടില്ല. ആ പ്രദേശത്തിന് അനുയോജ്യമായ പദ്ധതിയാണോ എന്നു പോലും അന്വേഷണം നടത്താതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നര്‍ഥം. 2006-ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അനിവാര്യമായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് പരിസ്ഥിതി അനുമതി ലഭിക്കേണ്ട കാറ്റഗറി അ വിഭാഗം പദ്ധതിയാണ് പ്രസ്തുത സ്ഥാപനമെന്നത് വ്യക്തമാണ്. പരിസ്ഥിതി അനുമതി ഇല്ലാതെ തുടങ്ങിയ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 'പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനം-2020' നടപ്പിലാകുന്നതോടെ നിയമപരമായി തന്നെ മുന്‍കാല പ്രാബല്യത്തോടുകൂടി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. 
നിര്‍മാണ ഘട്ടത്തിലുള്ള ഖനന പദ്ധതികള്‍ക്കുള്ള പരിസ്ഥിതി അനുമതി നിലവിലുള്ള (ഇ.ഐ.എ 2006 വിജ്ഞാപനം) 30 വര്‍ഷ കാലാവധിയില്‍നിന്ന് 50 വര്‍ഷമായി ഉയര്‍ത്താന്‍ പുതിയ വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയതിനു ശേഷമാണ് പുതിയ ഉത്തരവെന്നത് ശ്രദ്ധേയമാണ്. കര്‍ശന നിയമ വ്യവസ്ഥകള്‍ ബാധകമാക്കണമെന്ന് ഇ.ഐ.എ നിഷ്‌കര്‍ഷിച്ച വ്യവസായങ്ങളുടെ പട്ടിക പുനഃക്രമീകരിച്ചത് മൗലിക തത്ത്വങ്ങള്‍ തന്നെ മാറ്റിമറിച്ചാണ് എന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാരണം ഇതനുസരിച്ച് 2020-ലെ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ നാല്‍പതോളം തരം പദ്ധതികള്‍ക്ക്  പാരിസ്ഥിതികാനുമതി (Environmental Clearance) തന്നെ  ആവശ്യമില്ലാതായിത്തീരും.
2006-ലെ വിജ്ഞാപനത്തിലുള്ള A, B വിഭാഗങ്ങളില്‍ B വിഭാഗം പദ്ധതികള്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയില്‍  (State Environment Impact Assessment Authority -SEIAA) നിന്നാണ് പരിസ്ഥിതി അനുമതി  ലഭിക്കേണ്ടത്. B വിഭാഗത്തില്‍ തന്നെയുള്ള B1 & B2 എന്ന വിഭജനം അപകടകരമായ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നതാണ് പുതിയ വിജ്ഞാപനത്തിലെ വലിയ ഭീഷണി. 
ആറ് ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് പരിസ്ഥിതി ആഘാത നിര്‍ണയം നടത്തുന്നത് എന്നാണ് 2020 വിജ്ഞാപനത്തില്‍ പറയുന്നത്. പ്രാഥമിക പഠനം, പരിസ്ഥിതി ആഘാത നിര്‍ണയ റിപ്പോര്‍ട്ടിന്റെ കരട് തയാറാക്കല്‍, പൊതുജന അഭിപ്രായ ശേഖരണവും തെളിവെടുപ്പും, പരിസ്ഥിതി ആഘാത നിര്‍ണയ റിപ്പോര്‍ട്ട് തയാറാക്കല്‍, വിലയിരുത്തലും അവലോകനവും, മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി നല്‍കുകയോ റദ്ദാക്കുകയോ ചെയ്യല്‍ തുടങ്ങിയവയാണ് ഘട്ടങ്ങള്‍. ഇതില്‍  വിജ്ഞാപനപ്രകാരം B2 വിഭാഗത്തില്‍ പെടുന്ന പദ്ധതികളെ, നിര്‍മാണം തുടങ്ങുന്നതിനു മുമ്പുള്ള പൊതുജനാഭിപ്രായ രൂപീകരണം എന്ന പ്രക്രിയയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. വിവിധ പദ്ധതികളുടെ 50 ശതമാനം വരെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുജനാഭിപ്രായം തേടേണ്ടതില്ല എന്നും പുതിയ വിജ്ഞാപനത്തിലുണ്ട്. നയതന്ത്ര പദ്ധതികള്‍ (Strategic Projects) എന്ന വിഭാഗത്തില്‍  ഉള്‍പ്പെട്ട പദ്ധതികളുടെ (പ്രതിരോധം/ രാജ്യസുരക്ഷ) കാര്യത്തില്‍ പൊതുജന അഭിപ്രായത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല പദ്ധതികളുമായി ബന്ധപ്പെട്ട പ്രാഥമികമായ വിവരങ്ങള്‍ പോലും പൊതുജനത്തിന് നല്‍കേണ്ടതുമില്ല. ജനാഭിപ്രായം പൂര്‍ണമായും നിരാകരിച്ച ഇത്തരം പദ്ധതികളുടെ പരിസ്ഥിതി ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും രക്ഷയില്ല. കാരണം പുതിയ വിജ്ഞാപനപ്രകാരം അത് ചൂണ്ടിക്കാണിക്കാനും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അധികാരം പ്രൊജക്റ്റ് ഡെവലപ്പര്‍മാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ്. വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ സംഭവിച്ച മുന്‍കാലങ്ങളിലെ പരിസ്ഥിതി ആഘാതങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്കോ നടപടികള്‍ക്കോ യാതൊരു പഴുതുമില്ല എന്നതു കൂടി പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ പ്രത്യേകതയാണ്. 
പഴുതുകള്‍ ധാരാളം ഒരുക്കിവെച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഉദാഹരണമായി, സംരക്ഷിത പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അല്ലാതെയുള്ള മറ്റേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടോ എന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. സ്വാഭാവികമായും പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പേ പ്രസ്തുത പ്രദേശത്തെ വിവിധ തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ അവിടത്തെ ജൈവ വൈവിധ്യ സമ്പത്തിന്റെ ശോഷണത്തിനും ഇത് കാരണമായിത്തീരും. കൂടാതെ, വൈല്‍ഡ് ലൈഫ് ക്ലിയറന്‍സ് ഇല്ലാതെ തന്നെ സംരക്ഷിത പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമോ ഇല്ലയോ എന്നതും  വിജ്ഞാപനം വ്യക്തമാക്കുന്നില്ല.
ചുരുക്കത്തില്‍, 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തോടെ തുടക്കം  കുറിച്ച, ശേഷം 1994-ലെ പരിസ്ഥിതി ആഘാത നിര്‍ണയ വിജ്ഞാപനത്തിലൂടെ ശക്തിപ്പെടുത്തിയ ഈ രാജ്യത്തെ പ്രകൃതിക്കും മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഒരു കൂട്ടം മനുഷ്യരുടെ ത്യാഗോജ്ജ്വലമായ പ്രയത്‌നങ്ങള്‍  പുതിയ വിജ്ഞാപനം നടപ്പിലാവുന്നതോടെ വൃഥാവിലാവുകയാണ്. മഹാമാരിയുടെ കാലത്ത് ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ പോലും പരിഗണിക്കാതെ കരട് വിജ്ഞാപനമിറക്കി,  പൊതു അഭിപ്രായങ്ങള്‍ ക്ഷണിച്ച് കാര്യം നടത്തിയെടുക്കാമെന്ന വ്യാമോഹത്തിന് കര്‍ണാടക ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടയിട്ടിട്ടുണ്ടെങ്കിലും 'പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന' കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് കരുത
ണം. കോടതി ആവശ്യപ്പെട്ടതു പോലെ  പുതിയ വിജ്ഞാപനം 22 ഭാഷകളിലേക്ക് തര്‍ജമ ചെയ്താല്‍ പോലും,  പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണ പദ്ധതികളും നേരിട്ട് ബാധിക്കുന്ന, സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇല്ലാത്ത നിരക്ഷരരായ സമൂഹങ്ങള്‍ക്ക് ഒരര്‍ഥത്തിലും വിഷയത്തിന്റെ ഗൗരവം കൈമാറാന്‍ കഴിയില്ല. 

ജനകീയ മുന്നേറ്റങ്ങളില്‍ മാത്രം പ്രതീക്ഷ 

ഭരണകൂടങ്ങളും അധികാരകേന്ദ്രങ്ങളും അവരുല്‍പാദിപ്പിക്കുന്ന   നിയമങ്ങളും എപ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക് ഒപ്പമാണ് നിലകൊള്ളുക. ഭരണകൂട-കോര്‍പ്പറ്റേറ്റ് സഖ്യത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയേ മാര്‍ഗമുള്ളൂ. ഒരുപക്ഷേ രാജ്യത്തെ കുത്തകകള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സമരം  പ്ലാച്ചിമടയിലെ കൊക്കക്കോളക്കെതിരെ നടന്നതാവണം. ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ ആദിവാസികളടക്കമുള്ള സാധാരണ മനുഷ്യര്‍ നടത്തിയ ഐതിഹാസിക സമരമായിരുന്നു അത്. നിയമവും ഭരണകൂടങ്ങളും  ഒട്ടനവധി രാഷ്ട്രീയ ശക്തികേന്ദ്രങ്ങളും കമ്പനിക്കൊപ്പം  ഒളിഞ്ഞും തെളിഞ്ഞും  കൂട്ടുനിന്നിട്ടും വമ്പിച്ച ജനകീയ മുന്നേറ്റത്തിനു മുന്നില്‍ കമ്പനിക്ക് മുട്ടുമടക്കേണ്ടി വന്നു. 
പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സമാനരീതിയില്‍ സമരം നയിച്ച് വിജയിച്ച മാതൃക കേരളത്തിലുണ്ട്.  കേവലം 60 കിലോമീറ്റര്‍ മാത്രം വീതിയുള്ള കിഴക്കു നിന്ന് പടിഞ്ഞാറോട്ടേക്ക് ചരിച്ചുവെച്ച പലക പോലെ പശ്ചിമഘട്ടത്തില്‍ നിന്ന് അറബിക്കടലിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കേരളമെന്ന ഭൂപ്രദേശത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് എക്‌സ്പ്രസ്സ് ഹൈവേ എന്ന ആശയം ഉയര്‍ന്നപ്പോഴും സാധാരണ മനുഷ്യരുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം രൂപപ്പെടുകയും അധികാര കേന്ദ്രങ്ങള്‍ക്ക് പദ്ധതിയില്‍നിന്ന് പിന്മാറേണ്ടിവരികയും ചെയ്തു എന്നത് ചരിത്ര നേട്ടം തന്നെയാണ്. സമാനമായി കരിമണല്‍ ഖനനത്തിനെതിരെയും തീരദേശ മേഖലയില്‍ ജനകീയ മുന്നേറ്റങ്ങളുണ്ടായി. ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്സും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ചാലക്കുടി പുഴയെ  അകാല ചരമത്തിലേക്ക് തള്ളിവിടുമായിരുന്ന അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ രൂപപ്പെട്ട ജനകീയ മുന്നേറ്റം,  പുഴ മലിനീകരണവും ജലചൂഷണവും ഒരുപോലെ നടത്തിയിരുന്ന കാതിക്കൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ നടന്ന ഐതിഹാസികമായ പോരാട്ടം... ഇങ്ങനെ ഒട്ടനേകം ജനകീയ സമരങ്ങള്‍ കേരളചരിത്രത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ജനകീയ സമരങ്ങളുടെ നീണ്ട പരമ്പരകള്‍ക്ക് ചാലകശക്തിയായി മാറിയത് 2003-ല്‍  കേരളത്തില്‍ തുടക്കം കുറിച്ച സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന യുവജന പ്രസ്ഥാനമായിരുന്നു.   'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്ന ആദ്യ സംസ്ഥാന സമ്മേളന പ്രമേയം മുതല്‍ തന്നെ, ലക്ഷ്യം തെറ്റിയ കേരളത്തിലെ വികസന കാഴ്ചപ്പാടുകളെ ആകെ പൊളിച്ചെഴുതുന്ന മുന്നേറ്റമാണ് സോളിഡാരിറ്റി സാധ്യമാക്കിയത്. വികസനത്തിന്റെ ഇരകളെ പോരാട്ടത്തിന് പാകപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് സോളിഡാരിറ്റി വഹിച്ചത്. അതിലൂടെ അധികാര രാഷ്ട്രീയത്തിന് അവഗണിക്കാന്‍ കഴിയാത്ത അടിസ്ഥാന വിഷയമായി വികസനവും പരിസ്ഥിതിയും മാറുകയായിരുന്നു. വികസനവും പരിസ്ഥിതിയും മുഖാമുഖം സംഘര്‍ഷത്തിലേര്‍പ്പെട്ട വിഷയങ്ങളായിരുന്നു പ്ലാച്ചിമടയും ചെങ്ങറയും മൂലമ്പിള്ളിയും കിനാലൂരും ദേശീയ പാത സമരവും എക്‌സ്‌പ്രെസ്സ് ഹൈവേ വിരുദ്ധ സമരവും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പോരാട്ടവുമടക്കം കേരളത്തില്‍ നടന്ന ഒട്ടേറെ ജനകീയ മുന്നേറ്റങ്ങള്‍. ഈ മുന്നേറ്റങ്ങള്‍ക്ക് ഊടും പാവും നല്‍കാന്‍ കഴിഞ്ഞു എന്നതായിരിക്കും ചരിത്രം സോളിഡാരിറ്റിക്ക് നല്‍കുന്ന ഏറ്റവും മികച്ച അംഗീകാരം.  
പരിസ്ഥിതി സംരക്ഷണ നിയമവും പരിസ്ഥിതി ആഘാത നിര്‍ണയവും മുന്‍കൂര്‍ പരിസ്ഥിതി അനുമതിയും ബാധകമല്ലാത്ത ഒരു കാലത്ത് പരിസ്ഥിതി ചൂഷകരായ ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായി രാജ്യത്തുടനീളം പ്രാദേശികമായി തന്നെ നിരക്ഷരരും നിരാലംബരുമായ മനുഷ്യരുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തുക എന്നതു മാത്രമാണ് പോംവഴി. അതു തന്നെയാവട്ടെ പുതിയ കാലത്തെ നമ്മുടെ രാഷ്ട്രീയവും.

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌