ബന്ധങ്ങള്‍ ഭദ്രമാക്കാന്‍ തലമുറവിടവിന്റെ വ്യാപ്തി കുറക്കുക
'ഇന്നത്തെ ഈ മക്കള്‍...' - പുതുതലമുറയെക്കുറിച്ച് മുതിര്‍ന്നവര്‍ ഇങ്ങനെ പറഞ്ഞുതുടങ്ങുന്നത് നാം ധാരാളം കേള്‍ക്കാറുണ്ട്. ഒരല്‍പം അമര്‍ഷത്തോടെയാവും ഇങ്ങനെ പറയാറുള്ളത്. എല്ലാ കാലത്തെയും യുവതലമുറ ഇങ്ങനെയുള്ള വാക്കുകള്‍ അവരുടെ കാലത്തുള്ള മുതിര്‍ന്നവരില്‍നിന്നും കേട്ടിട്ടുണ്ടാവും.
വ്യക്തിത്വം, സാമൂഹിക ഇടപെടലുകള്‍, സാങ്കേതിക അറിവും നൈപുണ്യവും, സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മിക മൂല്യങ്ങളോടുള്ള വ്യത്യസ്തമായ സമീപനം, ആശയവിനിമയ രീതികള്‍, ജീവിതശൈലി, തൊഴില്‍മൂല്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളോടുള്ള മനോഭാവത്തില്‍ മുതിര്‍ന്ന തലമുറയെ അപേക്ഷിച്ച് യുവതലമുറയില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം. ഈ വ്യത്യാസത്തെയാണ് തലമുറകള്‍ തമ്മിലുള്ള വിടവ് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്. ഇത് മുതിര്‍ന്നവരും യുവാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും കലഹവുമൊക്കെ ഉണ്ടാകുന്നതിന് കാരണമായിത്തീരാറുണ്ട്. ഈ വിടവ് എല്ലാ കാലത്തെയും യുവതലമുറയും മുതിര്‍ന്ന തലമുറയും തമ്മില്‍ ഉണ്ടാകും. അതത് കാലത്തെ മുതിര്‍ന്നവര്‍ക്ക് പലപ്പോഴുമത് ക്രിയാത്മകമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ല.
ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആഗോള സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മേഖല, ഡിജിറ്റല്‍ ടെക്‌നോളജി, വിദ്യാഭ്യാസം, ആരോഗ്യരംഗം, മീഡിയ, സോഷ്യല്‍ മീഡിയ, ഭാഷ, ജീവിതശൈലി, വ്യാപാരം, വ്യവസായം, ബാങ്കിംഗ് തുടങ്ങി അഖില മേഖലകളിലും ഈ അതിവേഗ മാറ്റം നടക്കുന്നുണ്ട്. ഈ വേഗത ഇനിയും വര്‍ധിക്കും. ഇ-കൊമേഴ്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഒരു നൂതന വ്യാവസായിക വിപ്ലവത്തിന് ലോകം സമീപഭാവിയില്‍തന്നെ സാക്ഷിയാകും. ഇവയെല്ലാം മനുഷ്യരുടെ മനോഭാവത്തിലും ജീവിതരീതിയിലും കാഴ്ചപ്പാടിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കാന്‍ പോകുന്ന മാറ്റം മുന്‍കൂട്ടി പറയാന്‍ കഴിയുന്നതല്ല.
ശാസ്ത്ര-സാങ്കേതിക മേഖലയിലും ആശയവിനിമയ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ പരിവര്‍ത്തനങ്ങള്‍ വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും വന്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യക്തികളും കുടുംബാംഗങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങള്‍ വര്‍ധിച്ചു. വാട്‌സ്ആപ്പും ഫേസ്ബുക്കും യൂട്യൂബും മറ്റു ആശയവിനിമയ ആപ്ലിക്കേഷനുകളുമൊക്കെ ഇക്കാര്യത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. പരസ്പരമുള്ള കൂടിയാലോചനകള്‍, ചര്‍ച്ചകള്‍, ആഘോഷങ്ങള്‍, പെണ്ണുകാണല്‍, വിവാഹം തുടങ്ങി എന്തെല്ലാം കാര്യങ്ങളാണിന്ന് ഈ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്നത്! പെണ്ണുകാണല്‍ ഓണ്‍ലൈനായി ആരംഭിച്ച കാലത്ത്, 'അതു ശരിയാകില്ല' എന്ന മനോഭാവമായിരുന്നു മുതിര്‍ന്നവര്‍ക്ക്. പിന്നെപ്പിന്നെ ഓണ്‍ലൈനില്‍ പരസ്പരം കണ്ടാലും തീരുമാനമെടുക്കുന്നതിനു മുമ്പ് നേരിട്ട് കാണണമെന്നായി. എന്നാല്‍ ഇന്ന് വിവാഹം പോലും ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ കോവിഡ്-19 കാലത്ത് മനുഷ്യരുടെ ഒറ്റപ്പെടലും അകലം പാലിക്കലും ഒക്കെയുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും ഈ സാങ്കേതിക വളര്‍ച്ച പ്രയോജനപ്പെടുന്നുണ്ട്.
മുമ്പൊക്കെ തലമുറകള്‍ തമ്മിലുള്ള വിടവ്കുറേ വര്‍ഷങ്ങളെടുത്താണ് സംഭവിച്ചിരുന്നത്. വ്യക്തികളുടെ സ്വഭാവവും പെരുമാറ്റങ്ങളും മനോഭാവങ്ങളും ജീവിതരീതിയും രൂപപ്പെടുന്നതില്‍ അവരവരുടെ കാലത്തിനും ചുറ്റുപാടിനും വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, മുന്‍കാലങ്ങളില്‍ 'തലമുറകളുടെ വിടവി'ന്റെ രണ്ടറ്റത്തും നില്‍ക്കുന്ന തലമുറകള്‍ തമ്മില്‍ പ്രായവ്യത്യാസം കൂടുതലായിരുന്നു. വിടവ് രൂപപ്പെടുന്ന ഓരോ തലമുറയെയും ഓരോ യൂനിറ്റായി സങ്കല്‍പ്പിച്ചാല്‍ ഓരോ യൂനിറ്റിന്റെയും വലിപ്പവും കൂടുതലായിരിക്കും. എന്നാല്‍, ഇന്നങ്ങനെയല്ല. മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. അതിനാല്‍, വ്യത്യസ്ത പ്രായവിഭാഗത്തില്‍പെട്ട അനേകം യൂനിറ്റുകള്‍ തമ്മില്‍ പരസ്പരം വിടവ് പ്രത്യക്ഷപ്പെടുക സ്വാഭാവികമാണ്. തലമുറകള്‍ തമ്മിലുള്ള വിടവ് യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും കലഹങ്ങള്‍ക്കും കാരണമായേക്കും. വസ്ത്രധാരണം, ഭക്ഷണരീതി, വിനോദങ്ങള്‍, സംസാരരീതികള്‍ തുടങ്ങി കേശാലങ്കാരത്തിലും പുതിയ പദപ്രയോഗങ്ങളിലുമൊക്കെ ഈ വിടവ് പ്രത്യക്ഷപ്പെടും.
ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ഇന്നത്തെ മുതിര്‍ന്ന തലമുറയിലെ അംഗങ്ങളോട് അവരുടെ ചെറുപ്പകാലത്ത് മുതിര്‍ന്നവര്‍ പറഞ്ഞിട്ടുണ്ടാകും, 'ഇങ്ങനെ പുസ്തകം വായിച്ചിരിക്കാതെ വല്ല ജോലിയും പോയി ചെയ്യണം' എന്ന്. എന്നാല്‍ ഇന്ന് അവര്‍ പുതുതലമുറയോട്, 'ഇങ്ങനെ മൊബൈല്‍ നോക്കിയിരിക്കാതെ പോയി വല്ല പുസ്തകവും വായിച്ചുകൂടേ' എന്ന് ചോദിക്കുകയാണ്. വായന ഡിജിറ്റല്‍ വായനയായി മാറിക്കഴിഞ്ഞു എന്ന യാഥാര്‍ഥ്യം ഇന്നത്തെ മുതിര്‍ന്ന തലമുറ മനസ്സിലാക്കാതെ പോകുന്നതാണ് ഈ സംഘര്‍ഷത്തിന് കാരണമാകുന്നത്. ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ പുസ്തകങ്ങളുടെ 'കിന്‍ഡില്‍' (Kindle) പതിപ്പുകള്‍ ലഭ്യമാണ്. അച്ചടിച്ച പുസ്തകങ്ങള്‍ വാങ്ങാതെത്തന്നെ അവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ വളരെ ചെറിയ ചെലവില്‍ വായനക്ക് ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
പണ്ടു കാലത്ത് കളികള്‍ പാടത്തും പറമ്പിലുമൊക്കെയായിരുന്നു. ഇന്നത് മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെയാണ്. കളികള്‍ക്കും മാനസികോല്ലാസത്തിനും നിരവധി സംവിധാനങ്ങളാണ് ഡിജിറ്റലായി ഇന്നുള്ളത്. ഇത് ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കാതെ വരുമ്പോള്‍ അവര്‍ യുവതലമുറയെ കാണുക, പറഞ്ഞതനുസരിക്കാത്തവരും അലസന്മാരും എപ്പോഴും മൊബൈല്‍ നോക്കിയിരിക്കുന്നവരുമൊക്കെയായാണ്. എന്നാല്‍ വ്യക്തിത്വത്തെ ഹനിക്കാന്‍ കാരണമാകുന്ന അനേകം കാര്യങ്ങള്‍ ഇന്റനെറ്റില്‍ ഉണ്ടെന്നതിനാല്‍ അതിലേക്ക് വഴുതിവീഴാതിരിക്കാന്‍ യുവതലമുറ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. പൗരത്വ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ കത്തിജ്ജ്വലിച്ചത് യുവതലമുറയുടെ സോഷ്യല്‍ മീഡിയാ ആക്ടിവിസം മൂലമായിരുന്നു. 2018-ലെയും 2019-ലെയും പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അത്ഭുതകരമാംവിധം യുവതലമുറ പങ്കെടുത്തതും അതുകൊണ്ടുതന്നെയായിരുന്നു.
ഇത്തരം കാര്യങ്ങളില്‍ പുതിയ തലമുറ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പോസിറ്റീവായി ഉള്‍ക്കൊള്ളുകയാണ് മുതിര്‍ന്ന തലമുറ ചെയ്യേണ്ടത്. എന്നാല്‍, തങ്ങള്‍ നയിക്കുന്ന ജീവിതരീതി യുവതലമുറ സ്വീകരിക്കണമെന്നും തങ്ങളുടെ മനോഭാവത്തിലേക്ക് യുവതലമുറയും കടന്നുവരേണ്ടതുണ്ടെന്നും മുതിര്‍ന്നവര്‍ പലപ്പോഴും കര്‍ക്കശ നിലപാട് സ്വീകരിക്കും. ഇത് മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം അനാരോഗ്യകരമാക്കുന്നുണ്ട്.
പുതിയ തലമുറയെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുകയാണ് അതതുകാലത്തെ മുതിര്‍ന്ന തലമുറ ചെയ്യേണ്ടത്. അതോടൊപ്പം നീതി, കാരുണ്യം, ധാര്‍മികത തുടങ്ങിയ ഉന്നതവും ഉദാത്തവുമായ മാനുഷിക മൂല്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് വളര്‍ന്നുവരാന്‍ പുതിയ തലമുറക്ക് അവസരമൊരുക്കുകയും വേണം. തലമുറകള്‍ തമ്മിലുള്ള വിടവ് കുറക്കുന്നതിനും വിടവു മൂലം ഉണ്ടാകുന്ന സംഘര്‍ഷം കുറക്കുന്നതിനും ആവശ്യമായ നിലപാടുകള്‍ മുതിര്‍ന്നവര്‍ സ്വീകരിക്കേണ്ടതുണ്ട്. ആജീവനാന്ത തുടര്‍ പഠനങ്ങളിലൂടെയും (Lifelong Learning) ധാരാളം യാത്ര ചെയ്തും പുതിയ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കാനും സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ സ്വീകരിക്കാനും പുതിയ നൈപുണികള്‍ നേടിയെടുക്കാനും മുതിര്‍ന്ന തലമുറ തയാറെടുക്കേണ്ടതുണ്ട്.
മാറ്റം അതിവേഗമാണ് സംഭവിക്കുന്നത് എന്നതിനാല്‍ പ്രായഭേദമന്യേ ആളുകള്‍ സ്വയമറിയാതെത്തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ സാഹചര്യവും സൃഷ്ടിക്കപ്പെടുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ തലമുറകള്‍ തമ്മിലുള്ള വിടവ് കുറഞ്ഞുവരുന്നുണ്ട് എന്ന് കാണാന്‍ കഴിയും. മുതിര്‍ന്ന തലമുറയുടെ ജീവിതാനുഭവ സമ്പത്തും യുവതലമുറയുടെ ബൗദ്ധിക കഴിവുകളും സമന്വയിപ്പിക്കാന്‍ സാധിച്ചാല്‍ അത് കരുത്തുറ്റ ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് കാരണമാകും.
Comments