സ്തംഭിച്ചുനിന്നാല്‍ വീണുപോകും;വേഗത അനിവാര്യമായ ഇ-കാലത്ത്
ഓരോ കാലത്തിനും അതിന്റേതായ രീതികള്‍ കാണും, ആ കാലത്തിന്റേതായ പ്രശ്‌നങ്ങളും പ്രതിസന്ധികളും കാണും. ഓരോരോ കാലത്തിന്റെയും കാലാവസ്ഥകള്‍ മനസ്സിലായില്ലെങ്കില്‍, അതിന്റെ വ്യത്യസ്തതകളും വ്യതിയാനങ്ങളും ബോധ്യപ്പെട്ടില്ലെങ്കില്‍ നമ്മള്‍ പറയുന്ന പരിഹാരങ്ങളെല്ലാം തെറ്റിപ്പോകും. നമ്മള്‍ പാളം തെറ്റിയവരാകും, കാലത്തിന് വേണ്ടാത്തവരാകും.
അതുകൊണ്ടാണ് ഓരോ കാലത്തിന്റെയും അഭിരുചികളെ കുറിച്ച് കൃത്യമായ പഠനങ്ങളും നിരൂപണങ്ങളും വിശകലനങ്ങളും ലോകത്തെല്ലായിടത്തും സജീവമായി നടക്കുന്നത്. മാറുന്ന കാലത്തെ കുറിച്ച് പഠിക്കുക എന്നാല്‍ മാറുന്ന തലമുറയെ കുറിച്ച് പഠിക്കുക എന്നാണര്‍ഥം.
മാറുന്ന തലമുറകള്‍
ഓരോ കാലഘട്ടത്തിലും വളരുന്ന തലമുറകള്‍ക്ക് ഓരോരോ സ്വഭാവങ്ങളും ശൈലികളുമായിരിക്കും. അതിന് രാഷ്ട്രീയവും സാമ്പത്തികവും ടെക്‌നോളജിക്കലുമായ കാരണങ്ങളും കാണും.
ഇരുപതാം നൂറ്റാണ്ടില്‍ കടന്നുവന്ന ഓരോ തലമുറയെ കുറിച്ചും ഒട്ടേറെ ചിന്തകര്‍ പല രൂപത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓരോ രാജ്യത്തെയും ചുറ്റുപാടുകള്‍ വ്യത്യസ്തമായതിനാല്‍ തലമുറകളുടെ സ്വഭാവത്തിലും വികാസത്തിലും ആ വ്യത്യസ്തതകള്‍ കാണും. മാര്‍ക് മക്ക്രിന്‍ഡിലി(Mark McCrindle‑)s‑â The ABC of XYZ Understanding the Global Generations എന്ന പുസ്തകവും കോറി സീമില്ലറും മേകന്‍ ഗ്രൈസും ചേര്‍ന്നെഴുതിയ Generation Z, A century in the Making എന്ന പുസ്തകവും തലമുറകളെ കുറിച്ചുള്ള പഠനമാണ്.
വളര്‍ന്നുവന്ന കാലഘട്ടങ്ങള്‍ പരിഗണിച്ച് തലമുറകളെ പലതായി വിഭജിച്ചിരിക്കുന്നു.
ജി.ഐ ജനറേഷന്‍
1901 മുതല്‍ 1924 കാലഘട്ടത്തില്‍ ജനിച്ച തലമുറയെ ജി.ഐ ജനറേഷന്‍ എന്നാണ് വിളിക്കുന്നത്. ഗ്രൈറ്റ് ജനറേഷന്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. Government Issue എന്നതിന്റെയോ General Issue എന്നതിന്റെയോ ചുരുക്കരൂപമാണ് ജി.ഐ. ഒരുപാട് പൊതുപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്ന തലമുറയാണിത്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ അവര്‍ കണ്ടു. ഒന്നാം ലോകയുദ്ധത്തില്‍ അവര്‍ കുട്ടികളായിരുന്നെങ്കില്‍ രണ്ടാം ലോകയുദ്ധത്തില്‍ അവരില്‍ പലര്‍ക്കും പങ്കെടുക്കേണ്ടതായി വന്നു. സ്‌കൂള്‍ വിദ്യാഭ്യാസം വേണ്ടവിധം കിട്ടാത്ത കാലം കൂടിയായിരുന്നു അത്.
സൈലന്റ് ജനറേഷന്‍
1925 മുതല്‍ 1945 വരെയുള്ള കാലത്ത് ജനിച്ചവരെ സൈലന്റ് ജനറേഷന്‍ എന്നാണ് വിളിക്കുന്നത്. ജി.ഐയുടെ നിഴലിലായിപ്പോയ തലമുറയാണിത്. അമേരിക്കയില്‍ ഈ തലമുറയില്‍നിന്ന് ഒരു പ്രസിഡന്റ് വന്നില്ല എന്നതുകൊണ്ടുകൂടിയാണെന്ന് തോന്നുന്നു, ഈ തലമുറക്ക് സൈലന്റ് ജനറേഷന്‍ എന്ന പേരു വന്നത്. രണ്ടാം ലോക യുദ്ധത്തിനു ശേഷമായിരുന്നു ഇവരുടെ യൗവനം. റേഡിയോയുടെ ആരംഭകാലം കൂടിയായിരുന്നു ഇത് (1936-ലാണ് ആള്‍ ഇന്ത്യാ റേഡിയോ തുടങ്ങുന്നത്). മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിനെ പോലെയുള്ളവര്‍ ഉയര്‍ന്നുവന്നത് ഈ കാലഘട്ടത്തിലാണ്.
ബേബി ബൂമേഴ്‌സ്
1946 മുതല്‍ 1964 വരെയുള്ള തലമുറയാണ് ബേബി ബൂമേഴ്‌സ്. രണ്ട് ലോകയുദ്ധങ്ങള്‍ക്കു ശേഷം വന്ന തലമുറയാണിവര്‍. ഈ കാലഘട്ടത്തില്‍ വലിയ തോതിലുള്ള 'ബേബി ബൂം' ഉണ്ടായതുകൊണ്ടാണ് ഈ പേരു വന്നത്. ഇന്നത്തെ തലമുറയുടെ രക്ഷിതാക്കളോ മുത്തഛന്മാരോ ആണ് ഈ തലമുറ. ഇപ്പോള്‍ റിട്ടയര്‍മെന്റ് ഘട്ടത്തിലുള്ള തലമുറയാണിത്. മക്കള്‍ക്ക് വളരാനും ഉയരാനുമുള്ള സാമ്പത്തിക പിന്‍ബലം ഉണ്ടാക്കിക്കൊടുത്തു എന്നതാണ് ഈ തലമുറയുടെ പ്രത്യേകത.
ജനറേഷന്‍ എക്‌സ്
1965 മുതല്‍ 1980 വരെയുള്ള തലമുറയാണ് ജനറേഷന്‍ എക്‌സ്. ബൂമേഴ്‌സ് കുറേക്കൂടി ജോലിയില്‍ അമിത താല്‍പര്യമുള്ളവര്‍ (Workaholic‑) ആയിരുന്നുവെങ്കില്‍ ജനറേഷന്‍ എക്‌സ് കുടുംബകാര്യങ്ങളില്‍ ശ്രദ്ധിച്ച തലമുറയാണ്. മുഴുനേരവും പണിയെടുക്കുക എന്നതിലല്ല, ഉല്‍പ്പാദകത്വ(ജൃീറൗരശേ്ശ്യേ)ത്തിലാണ് ജനറേഷന്‍ എക്‌സ് ശ്രദ്ധിച്ചത്. ഒരുപാട് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ തലമുറയാണ് ജനറേഷന്‍ എക്‌സ്. വൈകി വിവാഹിതരാവുക എന്നതായിരുന്നു ജനറേഷന്‍ എക്‌സില്‍ കണ്ടുവന്ന ഒരു പ്രവണത.
മില്ലേനിയല്‍സ്
1980 മുതല്‍ 1995 വരെയുള്ള കാലത്ത് ജനിച്ചവരാണ് മില്ലേനിയല്‍സ്. ജനറേഷന്‍ വൈ എന്നും ഈ തലമുറ അറിയപ്പെടുന്നു. 'എക്കോ ബൂം' എന്നും ഈ തലമുറ വിളിക്കപ്പെടുന്നുണ്ട്. ഏറെ വഴക്കമുള്ളൊരു തലമുറയാണിത്. ഇന്ത്യയില്‍ കളര്‍ ടി.വി വരുന്നതും ഈ കാലഘട്ടത്തിലാണ് (1982). മാറ്റങ്ങളോടൊപ്പം ഓടിയവരാണ് മില്ലേനിയല്‍സ്. റേഡിയോ, ടി.വി, കമ്പ്യൂട്ടര്‍, ആന്‍ഡ്രോയിഡ്, സോഷ്യല്‍ മീഡിയ തുടങ്ങി എല്ലാ അനുഭവങ്ങളിലൂടെയും ഇവര്‍ സഞ്ചരിച്ചിരിക്കുന്നു. കത്തുകളുമായി വീട്ടിലെത്തുന്ന പോസ്റ്റുമാനെ കണ്ടുശീലിച്ച കുട്ടിക്കാലത്തു നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പാര്‍സലും പ്രതീക്ഷിച്ചിരിക്കുന്ന യൗവനത്തിലാണ് ഈ തലമുറ എത്തിനില്‍ക്കുന്നത്. കുട്ടിക്കാലത്ത് ജെല്‍ പേന ഉപയോഗിച്ചു തുടങ്ങിയ ഈ തലമുറക്കിന്ന് എഴുതാന്‍ പേപ്പറോ പേനയോ വേണ്ട എന്നായിരിക്കുന്നു.
പലപ്പോഴും ഹെലിക്കോപ്റ്റര്‍ പാരന്റിംഗിന് വിധേയമായ തലമുറ കൂടിയാണ് മില്ലേനിയല്‍സ്. ഈ തലമുറ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ച് തലക്കുമീതെ ഏതു നേരവും ഹെലിക്കോപ്റ്റര്‍ പോലെ മുതിര്‍ന്നവര്‍ വട്ടമിട്ട് പറക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ വരുമ്പോള്‍ അതിന്റെ ദോഷഫലങ്ങളെ കുറിച്ചുള്ള സ്റ്റഡി ക്ലാസുകളായിരുന്നു ഇവര്‍ കേട്ടത്. മൊബൈല്‍ വന്നപ്പോള്‍ ക്ലാസുകളിലും സ്‌കൂളിലും അതിന്റെ നിരോധനം അനുഭവിച്ച തലമുറ കൂടിയാണിത്. ഏതൊരു പുതിയ കണ്ടുപിടിത്തം ഉണ്ടാകുമ്പോഴും അതിന്റെ സാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യാതെ അതിന്റെ ദോഷഫലങ്ങള്‍ മാത്രം കാണാന്‍ കണ്ണുകളുള്ളവരുടെ കീഴിലായിരുന്നു അവരുടെ സ്‌കൂള്‍ ജീവിതവും കോളേജ് ജീവിതവും. അതുകൊണ്ടായിരിക്കാം കുറേക്കൂടി സ്വാതന്ത്ര്യം ശ്വസിക്കാന്‍ മില്ലേനിയല്‍സ് തലമുറ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയവയെല്ലാം നിര്‍മിച്ചത്. സോഷ്യല്‍ മീഡിയ തന്നെയാണ് ഈ തലമുറയുടെ പ്രധാന സംഭാവന.
മീമീമീ (Me Me Me) ജനറേഷന്‍ എന്നും മില്ലേനിയല്‍സ് അറിയപ്പെടുന്നുണ്ട്. പ്രകടനാത്മകത കൂടുതലാണ് എന്നതുകൊണ്ടാണത്. നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും തിന്നുന്നതുമെല്ലാം നാലാളെ കാണിച്ചില്ലെങ്കില്‍, അവയെ കുറിച്ച് പോസ്റ്റിട്ടില്ലെങ്കില്‍ ഒരു സമാധാനവും അവര്‍ക്കില്ലാത്തതുകൊണ്ടുകൂടിയാണ് അവര്‍ക്ക് ഇങ്ങനെയൊരു സെല്‍ഫീ വിളിപ്പേര് വീണത്. അമിത ആത്മവിശ്വാസത്തിന്റെയും എടുത്തുചാട്ടത്തിന്റെയും പേരില്‍ ഏറെ പഴികേള്‍ക്കുന്ന തലമുറ കൂടിയാണിത്.
ജനറേഷന്‍ ഇസെഡ്
1995 മുതല്‍ 2010 വരെയുള്ള തലമുറയാണ് ജനറേഷന്‍ ഇസെഡ്. പേപ്പര്‍, പേന, കവര്‍, സ്റ്റാമ്പ് ഇവയൊന്നുമില്ലാതെ മെസേജ് കൈമാറുന്ന തലമുറയാണിത്. ഇവ തന്നെ രണ്ടു തരത്തില്‍ വിഭജിക്കപ്പെടുന്നു. 1995 മുതല്‍ 2002 വരെ ബിഗ് ഇസെഡ് എന്നും 2003 മുതല്‍ 2010 വരെ ലിറ്റില്‍ ഇസെഡ് എന്നും. ബിഗ് ഇസെഡിന് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇല്ലാത്ത കുറച്ചു കാലം ഓര്‍മയിലുണ്ടാകും. ലിറ്റില്‍ ഇസെഡ് പക്ഷേ സ്‌ക്രോളിംഗ് കണ്ടു വളര്‍ന്ന തലമുറയാണ്. കുറേക്കൂടി ഫ്രണ്ട്‌ലി ആയ പാരന്റിംഗ് ലഭിച്ച തലമുറ കൂടിയാണ് ജനറേഷന്‍ ഇസെഡ്. ഇനിയുള്ള കാലങ്ങളെ നയിക്കേണ്ടവര്‍ കൂടിയാണിവര്‍. അല്ലെങ്കില്‍ ഇവരാണ് ഇന്ന് പല കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്. പതിനേഴു വയസ്സുള്ള ഗ്രെറ്റ തുന്‍ബെര്‍ഗിനെ പോലെയുള്ളവരാണ് ഇന്ന് വലിയ പ്രസ്ഥാനങ്ങള്‍ നയിക്കുന്നത്. ഇന്ത്യയില്‍ തന്നെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിച്ചതും ഈയൊരു തലമുറയാണ്. സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ പിറകെ പോവുകയായിരുന്നു.
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും മുതിര്‍ന്ന തലമുറ വേണ്ട പരിഗണന നല്‍കാത്തതുകൊണ്ടാണ് ജനറേഷന്‍ ഇസെഡിന് ഈ വിഷയം ഏറ്റെടുക്കേണ്ടിവന്നത്. അവരെ സംബന്ധിച്ച് ഏതോ ഒരു കാലത്ത് നടക്കാന്‍ പോകുന്ന പ്രശ്‌നങ്ങളല്ല അവയൊന്നും; അവരെയും അവരുടെ മക്കളെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്.
കാലത്തിന്റെ പ്രായം
'നീ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്' എന്ന് പരസ്പരം നമ്മള്‍ തമാശ പറയാറില്ലേ! അവനും ഞാനും ജനിച്ചത് ഏതാണ്ട് ഒരേ കാലത്താണ് എന്നറിയാത്തതു കൊണ്ടല്ലല്ലോ ആ പറച്ചില്‍. ചിന്താപരമായും ഓരോരുത്തര്‍ക്കും ഓരോ പ്രായമുണ്ട് എന്നാണ് ആ വാക്കുകളിലൂടെ ധ്വനിപ്പിക്കുന്നത്. അപ്‌ഡേറ്റ് ആകാത്തവരെ ഉദ്ദേശിച്ചാണ് അങ്ങനെ പ്രയോഗിക്കുന്നത്. ഏതു കാലത്ത് ജനിച്ചാലും ആ കാലത്തിന്റെ രീതികള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ആരും കാലാവധി ഡേറ്റ് കഴിഞ്ഞവരായിപ്പോകും. പുതിയ പ്രവണതകളും ശൈലികളും ചിന്താവൈവിധ്യങ്ങളും മനസ്സിലാക്കി കാലത്തോട് ചേര്‍ന്നു നടക്കാന്‍ കഴിയാതെവരുമ്പോഴാണ് വാര്‍ധക്യമാകുന്നത്. വാര്‍ധക്യത്തിന്റെ അനുഭവങ്ങള്‍ പുതിയ കാലത്തിന് വേണം, പക്ഷേ അവശത വേണ്ട. അവശത ബാധിച്ച നയങ്ങള്‍ കൊണ്ട് ആര്‍ക്കും അധികദൂരം സഞ്ചരിക്കാന്‍ കഴിയുകയില്ല എന്നതു തന്നെ കാരണം.
സൗഹൃദം എന്ന മുദ്രാവാക്യം
മില്ലേനിയല്‍സിന്റേത് സോഷ്യല്‍ മീഡിയാ ജനറേഷനാണല്ലോ. സൗഹൃദം എന്നതാണ് അവരുടെ പ്രധാന തലവാചകം. അതിര്‍ത്തികളില്ലാത്ത സൗഹൃദം. ഫേസ്ബുക്ക് എടുത്തുനോക്കൂ. എല്ലാവര്‍ക്കും അയക്കുന്നത് ഫ്രണ്ട് റിക്വസ്റ്റാണ്. അത് അഛന്നാകാം, അമ്മക്കാകാം, സെലിബ്രിറ്റികള്‍ക്കാകാം, അയല്‍ക്കാര്‍ക്കും അധ്യാപകര്‍ക്കുമാകാം. ആര്‍ക്കായാലും അയക്കുന്നത് ഫ്രണ്ട് റിക്വസ്റ്റ്. 'നമുക്ക് ഫ്രണ്ടാകാം' എന്നാണ് എല്ലാവരോടും പറയുന്നത്. ഈ കാലഘട്ടത്തിന്റെ പ്രത്യേകത കൂടിയാണ് അത്. ഫ്രണ്ട്‌ലി ആയ തൊഴിലിടങ്ങളും വീടകങ്ങളുമാണ് അവര്‍ മനസ്സില്‍ കണ്ടത്. ഒരാള്‍ കല്‍പ്പിക്കുകയും മറ്റുള്ളവര്‍ പണിയെടുക്കുകയും ചെയ്യുന്ന ഉടമ-അടിമ രീതി കുടുംബജീവിതത്തിലായാലും തൊഴിലിടങ്ങളിലായാലും അതിനോട് അവര്‍ക്ക് വിയോജിപ്പുണ്ട്.
ഫ്‌ളക്‌സിബിലിറ്റി
പുതിയ ചുറ്റുപാടില്‍ ഫഌക്‌സിബ്ള്‍ ആവുക എന്നതിന് ഒട്ടേറെ മാനങ്ങളുണ്ട്. സ്വയം നവീകരിച്ചുകൊണ്ടിരിക്കുക എന്നതു കൂടിയാണ് 'വഴക്കമുള്ളവര്‍' കൊണ്ട് അര്‍ഥമാക്കുന്നത്. പ്രതിസന്ധികളോട് വളരെ വേഗം പ്രതികരിക്കാന്‍ കഴിയണം. പുതിയ കാലത്ത് ഫഌക്‌സിബ്ള്‍ ആകാനാണ് നമ്മള്‍ പഠിക്കേണ്ടത് എന്നു പറഞ്ഞത് യുവാല്‍ നോവ ഹരാരിയാണ്. ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ഡ്രൈവര്‍മാരുടെയെല്ലാം തൊഴിലുകള്‍ നഷ്ടപ്പെടുമായിരിക്കാം, അതേസമയം യോഗ പരിശീലനം പോലെ വേറെ കുറേ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
കോവിഡ് 19-നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണിനെ പലരും പലവിധത്തിലാണ് അഭിമുഖീകരിച്ചത് എന്നും കാണാം. ചിലര്‍ വര്‍ക്ക് ഫ്രം ഹോം എന്ന രീതി അവലംബിച്ചു. മറ്റു ചിലര്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന രീതിയില്‍ പഴയ ഓഫീസ് സിസ്റ്റം തന്നെ പിന്തുടര്‍ന്നു. ഈ നിലപാടുകളിലും കാലത്തിന്റേതായ വ്യത്യാസങ്ങള്‍ കാണാം. മില്ലേനിയല്‍സിനും ജനറേഷന്‍ ഇസെഡിനും വളരെ വേഗം പുതിയ പ്രശ്‌നങ്ങളോട് സമരസപ്പെടാന്‍ കഴിഞ്ഞു. വര്‍ക്ക് ഫ്രം ഹോം എന്നത് ഒരു കമ്പനിയെ സംബന്ധിച്ച് ലാഭകരമാണെന്ന് ചിലര്‍ മനസ്സിലാക്കി. ഫുഡ്, അക്കമഡേഷന്‍, ഫര്‍ണിച്ചര്‍.. എന്തിന് നെറ്റ് കണക്ഷനു പോലും തുക മുടക്കേണ്ടിവരുന്നില്ല സ്ഥാപനങ്ങള്‍ക്ക്. അത്രയും ലാഭമാണെന്ന് കരുതി ഇതിനെ പ്രോത്സാഹിപ്പിച്ച കമ്പനികളുണ്ട്. രാവിലെ വന്ന് വൈകുന്നേരം വരെ ജോലിയെടുത്ത് വീട്ടില്‍ പോകല്‍ ശീലിച്ച ജനറേഷന്‍ ബൂമേഴ്‌സിന് ഒരുപക്ഷേ അതിന്റെ സാധ്യതകള്‍ അത്ര ബോധ്യമായെന്നു വരില്ല. ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ മീറ്റിംഗുകളും. ചിലര്‍ക്ക് പരസ്പരം കണ്ടു സംസാരിച്ച്, യോഗം കൂടിയാലല്ലാതെ മീറ്റിംഗ് കൂടിയതായി തോന്നുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ രീതികള്‍ ശീലിച്ചവര്‍ക്ക് അതൊരു പ്രശ്‌നം തന്നെയായിരുന്നില്ല. വര്‍ഷങ്ങളായി അവരുടെ ആലോചനകളും തീരുമാനങ്ങളും ചര്‍ച്ചകളുമെല്ലാം ഓണ്‍ലൈനായി തന്നെയാണല്ലോ. ഒരു മണിക്കൂര്‍ യോഗത്തിന് ഒരു മണിക്കൂര്‍ മാത്രം ചെലവിട്ടാല്‍ മതി എന്നതാണല്ലോ ഓണ്‍ലൈന്‍ യോഗങ്ങളുടെ ലാഭം.
ഇ-പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ വായിച്ചു എന്നു തോന്നുന്നില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ. പുതിയ രീതികള്‍ ആസ്വദിക്കുന്നതിന് വലിയൊരു തടസ്സം 'നൊസ്റ്റാള്‍ജിയ' ആണെന്ന് തോന്നുന്നു.
ജനറേഷന്‍ ആല്‍ഫ, ജനറേഷന്‍ ബീറ്റ
2010 മുതല്‍ 2024 വരെയുള്ള തലമുറയാണ് ജനറേഷന്‍ ആല്‍ഫ. ഗ്രീക്ക് ആല്‍ഫബെറ്റില്‍നിന്നാണ് ഈ തലമുറക്ക് പേര് കണ്ടെത്തിയത്. മില്ലേനിയല്‍സിന്റെ മക്കളാണ് ഈ തലമുറ. കൂടുതല്‍ ഫ്രണ്ട്‌ലി പാരന്റിംഗ് ആസ്വദിക്കുന്ന ആല്‍ഫ തലമുറ അതിന്റേതായ പ്രൊഡക്റ്റിവിറ്റി കാഴ്ചവെക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2025 മുതല്‍ 2039 വരെയുള്ള തലമുറക്ക് ജനറേഷന്‍ ബീറ്റ എന്നും പേര് നല്‍കിയിട്ടുണ്ട്.
**** **** ****
ഒറ്റ നിമിഷം കൊണ്ട് ഒരാള്‍ സെലിബ്രിറ്റിയാകുന്ന കാലമാണിത്. ഏത് പ്രായക്കാരനും പിഞ്ചു കുഞ്ഞിനും വരെ സെലിബ്രിറ്റിയാകാം. വര്‍ഷങ്ങള്‍കൊണ്ട് കഠിന പ്രയത്‌നം ചെയ്ത് ഉയരങ്ങളിലെത്തിയവര്‍ക്കിതെല്ലാം അവിശ്വസനീയമായി തോന്നാം. ലോക്ക് ഡൗണില്‍ നാടുമൊത്തം സ്തംഭിച്ചുനിന്ന സമയത്ത് യൂട്യൂബില്‍ റോസ്റ്റിംഗും റിയാക്ഷനും ചെയ്ത് സെലിബ്രിറ്റിയായവര്‍ അനവധി.
കണ്ണിമ വെട്ടും വേഗത്തിലാണ് ചുറ്റുപാടുകള്‍ മാറിമറിയുന്നത്. ട്രെഡ്മില്ലില്‍ കയറുന്നതു പോലെയാണ് ഈ കാലം. വേഗത്തില്‍ നടന്നുകൊണ്ടേയിരിക്കണം, സ്തംഭിച്ചുനിന്നാല്‍ വീണുപോകും. അതിവേഗതയുടെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കണ്ണഞ്ചും തുറന്നിരിക്കാതെ ആര്‍ക്കും നിര്‍വാഹമില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം 'ഈ നൂറ്റാണ്ടില്‍' തന്നെയാണ് തങ്ങളുള്ളത് എന്ന് ഉറപ്പു വരുത്താന്‍ വലിയ തോതിലുള്ള വേഗത അനിവാര്യമാണ്.
Comments