Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

കോവിഡാനന്തര ലോകവും നമ്മുടെ പ്രബോധനവും

സയ്യിദ് സആദത്തുല്ല ഹുസൈനി

കോവിഡ് വിപത്തും അതിന്റെ പ്രത്യാഘാതങ്ങളും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത്, കോവിഡാനന്തര ലോകം എങ്ങനെയായിരിക്കും എന്നതിനെ പറ്റിയുള്ള ചില വിചാരപ്പെടലുകളാണിത്. കോവിഡിനു ശേഷമുള്ള ലോകം തികച്ചും വ്യത്യസ്തമാവുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ലോകം വളരെയധികം പ്രയാസങ്ങളഭിമുഖീകരിക്കും, ചിന്തകളുടെയും ആശയങ്ങളുടെയും തകര്‍ച്ചയുണ്ടാകും, ചിന്താ പ്രവാഹങ്ങള്‍ മാറും, ബൗദ്ധിക വ്യവസ്ഥകളുടെ അടിത്തറ തന്നെ ഇളകും, നാഗരികതകള്‍ തകരും, നാഗരികതയുടെ പുതിയ രൂപങ്ങള്‍ ഉണ്ടാകും, പുതിയ ശക്തികള്‍ ഉയര്‍ന്നുവരും, പുതിയ പ്രവണതകള്‍ തഴച്ചുവളരും, പരസ്പരം തൊട്ടുകൂടാത്ത പുതിയ ജീവിതശൈലി സാധാരണമായിത്തീരും എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ അത്തരം ചിന്തകളുടെ ഭാഗമാണ്.
നാഗരികതകളുടെ ഉത്ഥാനപതനങ്ങള്‍ വാസ്തവത്തില്‍ ദുരിതത്തിന്റെ ചാരത്തില്‍ ദൃശ്യമാവുന്ന തീപ്പൊരികളുടെ ജ്വലനം കണക്കെയാണ്. മനുഷ്യചരിത്രത്തിലെ നിര്‍ണായകമായ പല ഘട്ടങ്ങളിലും പരീക്ഷണങ്ങളുടെ കൊടുങ്കാറ്റുകള്‍  നാം അനുഭവിച്ചിട്ടുണ്ട്. അത്തരം കൊടുങ്കാറ്റുകള്‍ കടന്നുപോകുമ്പോള്‍ എല്ലാം തലകീഴായി മറിയുന്നു, നാഗരികതയുടെ അപനിര്‍മിതി ആരംഭിക്കുന്നു. ചിന്തകളും ആശയങ്ങളുമാണ്  നാഗരികതയുടെ നിര്‍മാണത്തിലെ ഇഷ്ടിക. ലോകത്തിന്റെ പുനര്‍നിര്‍മാണത്തിന് പുതിയ ആശയങ്ങളും ചിന്തകളും ആവശ്യമാണ്.  കോവിഡ് 19-നു ശേഷവും, മനുഷ്യരുടെ കഴിവുകളും കഴിവുകേടുകളും പരീക്ഷിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ലോകത്തുണ്ടായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ആശയങ്ങളുടെയും പരിഹാരങ്ങളുടെയും  പ്രവാഹം ഉണ്ടാവുകയും ചെയ്തു. ഈ കൊടുങ്കാറ്റിന്റെയും പ്രക്ഷുബ്ധതയുടെയും ഉദരത്തില്‍നിന്ന് ഒരു പുതിയ ലോകം തീര്‍ച്ചയായും ജനിക്കുമെന്നാണ് മനസ്സിലാവുന്നത്.

ആഗോള മഹാമാരികളും അവയുടെ ഫലങ്ങളും

ഈ മഹാമാരിക്കു ശേഷം എന്തു സംഭവിക്കും? അതിന്റെ ഫലങ്ങള്‍ ലോകത്തെ എത്ര ആഴത്തില്‍ ബാധിക്കും? ഇത് മനസ്സിലാക്കാന്‍, മുമ്പത്തെ പകര്‍ച്ചവ്യാധികള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആഗോള പകര്‍ച്ചവ്യാധികളിലൊന്ന്, മനുഷ്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ (1347-1350) യൂറോപ്പിനെ ബാധിച്ച പ്ലേഗായിരുന്നു അത്. യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് മുതല്‍ പകുതി വരെ ആളുകള്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. ചില നഗരങ്ങളിലും പട്ടണങ്ങളിലും എണ്‍പത്തിയഞ്ച് ശതമാനം വരെ ആളുകള്‍ മരിച്ചു. ഇത് യൂറോപ്യന്‍ ജീവിതത്തിന്റെ സര്‍വ മേഖലകളെയും ബാധിച്ചു. തൊഴിലാളികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഭൂവുടമകള്‍ക്ക് അവരുടെ ഭൂമിയില്‍ കൃഷിചെയ്യാന്‍ തൊഴിലാളികളുടെ കാലു പിടിക്കേണ്ടിവന്ന സാഹചര്യം വരെയുണ്ടായി.
ഈ സാഹചര്യം ജന്മിവ്യവസ്ഥയുടെ അടിത്തറഇളക്കി. വ്യവസായത്തിന്റെയും വ്യാപാരത്തിന്റെയും പുതിയ വഴികള്‍ തേടാന്‍ അവരെ നിര്‍ബന്ധിതരാക്കി. യന്ത്രങ്ങളുടെ വികാസത്തിനും അത് വഴിയൊരുക്കി. ഈ സാഹചര്യമാണ് വ്യാവസായിക വിപ്ലവത്തിന് കാരണമായത്. മുമ്പ് അന്ധവിശ്വാസ ചികിത്സകള്‍ യൂറോപ്പില്‍ പതിവായിരുന്നു. ഇത് പൊതുജനവിശ്വാസത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുകയും ചെയ്തിരുന്നു. പ്ലേഗാനന്തര യൂറോപ്പില്‍ ഇബ്‌നു സീനയെപ്പോലുള്ള മുസ്ലിം ഭിഷഗ്വരന്മാരുടെ ചികിത്സാ സിദ്ധാന്തങ്ങള്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി. ആ ആശയങ്ങള്‍ പിന്നീട് ആധുനിക വൈദ്യശാസ്ത്ര വിപ്ലവത്തിന് വഴിയൊരുക്കി. ക്രൈസ്തവ സഭകളുടെ പിന്തിരിപ്പന്‍, യുക്തിരഹിത പ്രഘോഷണങ്ങള്‍ക്കെതിരെ കടുത്ത ജനകീയ കലാപങ്ങള്‍ നടന്നു. ഇത് ഒരു വശത്ത്. പ്രൊട്ടസ്റ്റന്റ് പോലുള്ള മതപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മറുവശത്ത് സഭയുടെയും മതത്തിന്റെയും പങ്ക് പരിമിതപ്പെടുത്തുന്ന ആധുനിക സെക്യുലര്‍ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധികള്‍ സൃഷ്ടിച്ച അവസ്ഥാന്തരങ്ങള്‍ യൂറോപ്പിന്റെ പുനരുജ്ജീവനത്തിലും ആധുനികവല്‍ക്കരണത്തിലും വലിയ പങ്കുവഹിച്ചുവെന്ന് വലിയൊരു സംഘം ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.
1919-'20 ലെ ഇന്‍ഫഌവന്‍സ പാന്‍ഡെമിക് അഥവാ സ്പാനിഷ് ഇന്‍ഫഌവന്‍സയിലും 100 ദശലക്ഷം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതായത് അന്നത്തെ ലോക ജനസംഖ്യയുടെ 2.5 മുതല്‍ 5 ശതമാനം വരെ അന്ന് പരലോകം പൂകി. പകര്‍ച്ചവ്യാധി കൂടുതലും 20-40 പ്രായത്തിലുള്ള ചെറുപ്പക്കാരെയാണ് ബാധിച്ചത്. നിത്യവരുമാനക്കാരായ തൊഴിലാളികളായിരുന്നു അവരിലധികവും.ധ1പ പകര്‍ച്ചവ്യാധി ഒന്നാം ലോകയുദ്ധത്തിന്റെ പരിണതിയെ സ്വാധീനിച്ചു എന്ന് പറയുന്നതാവും ശരി. തുടര്‍ന്നാണ് ഇറ്റലിയിലെയും ജര്‍മനിയിലെയും ഫാഷിസ്റ്റ്, നാസി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. വൈദ്യശാസ്ത്രത്തിലെ നിരവധി മുന്നേറ്റങ്ങള്‍ക്കും ആ മഹാമാരി കാരണമായി. പൊതുജനാരോഗ്യത്തില്‍ ആഗോള സഹവര്‍ത്തിത്വത്തോടെ ലീഗ് ഓഫ് നേഷന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ചതും പ്രസ്തുത മഹാമാരി കാരണം തന്നെ.
കോവിഡിന്റെ ഫലമായി മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകള്‍ കടന്നുപോകുന്ന പ്രക്ഷുബ്ധതയും മാറ്റവും പകര്‍ച്ചവ്യാധികള്‍ മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും പുതിയ ലോകത്തിന് ജന്മം നല്‍കുകയും ചെയ്യുന്നു എന്ന ചരിത്ര വസ്തുതയെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ഒരു പുതിയ ലോകം സൃഷ്ടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വ്യത്യസ്ത ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള  സംഘട്ടനത്തിലൂടെ മാത്രമേ അങ്ങനെയൊന്ന് പൊതുവെ സാധ്യമാവാറുള്ളൂ. ചരിത്രത്തില്‍ ഈ ഭൂമിയെ നരകമാക്കി മാറ്റിയ ചില മര്‍ദക ശക്തികള്‍ മഹാമാരികളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മുസ്ലിം പ്രബോധകര്‍ക്ക് സജീവമായ പങ്ക് നിര്‍വഹിക്കാനുണ്ട് എന്നാണ് നമുക്ക് ഓര്‍മപ്പെടുത്താനുള്ളത്. മഹാമാരിക്കുശേഷം മെച്ചപ്പെട്ട  ലോകം സൃഷ്ടിക്കാന്‍ നാമോരുത്തരും ശ്രമിക്കണം. നാഗരികതയെ വീണ്ടും സജീവമാക്കുന്നതിനുള്ള പ്രക്രിയ പ്രപഞ്ചസ്രഷ്ടാവിന്റെയും യജമാനന്റെയും ഇഷ്ടത്തിന് അനുസരിച്ചായിരിക്കണം എന്നു മാത്രം. കളങ്കരഹിതവും  നീതിയില്‍ അധിഷ്ഠിതവുമായ, മാനുഷിക-ധാര്‍മിക മൂല്യങ്ങള്‍ പുലരുന്ന, ഉത്തരവാദിത്തപൂര്‍ണമായ, സര്‍വോപരി ദൈവഭയമുള്ള ലോകസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പറ്റിയ സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നര്‍ഥം.

പോസ്റ്റ്‌കോവിഡ് സാഹചര്യം: ചര്‍ച്ചാ സാധ്യതകള്‍

കോവിഡ് 19-നു ശേഷം ലോകം എങ്ങനെയായിരിക്കും? ഇതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇനി വരാനുള്ള കാലം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലമാകുമെന്നതില്‍ സംശയമില്ല. ഈ സാമ്പത്തിക പ്രതിസന്ധി എത്രത്തോളം നീണ്ടുനില്‍ക്കും എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കുറഞ്ഞത് ഹ്രസ്വകാലമെങ്കിലും, അതായത് ഒന്നോ രണ്ടോ വര്‍ഷം, മുഴുവന്‍ ലോകവും ലോക സമൂഹങ്ങളും വിവിധ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമെന്നുറപ്പാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതമേല്‍ക്കേണ്ടിവരിക ദരിദ്രരാണ്. ദാരിദ്ര്യവും വിശപ്പും പട്ടിണിയും വര്‍ധിക്കുമെന്ന ആശങ്ക എല്ലായിടത്തും നിലനില്‍ക്കുന്നു. ഈ പ്രശ്‌നങ്ങളാണ് എല്ലായ്‌പ്പോഴും വിപ്ലവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ഫലഭൂയിഷ്ഠമായ ഭൂമിക ഒരുക്കുക. ഇത്തരം പ്രതിസന്ധികള്‍ എന്തെല്ലാം അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന് കാത്തിരുന്നു കാണാം.
വരും നാളുകളില്‍ ആധുനിക ലിബറല്‍ - സെക്യുലര്‍ - മുതലാളിത്ത ചിന്ത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാവും കടന്നുപോവുക. രാജ്യങ്ങള്‍ കൂടുതല്‍ അച്ചടക്കമുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങും. സ്വതന്ത്ര വ്യാപാരം കൂടുതല്‍ പ്രയാസകരമാകും. ഡബ്ല്യു.ടി.ഒയും അതിന്റെ ആഗോള കരാറുകളും ഇപ്പോള്‍ തന്നെ പ്രതിസന്ധിലാണ്. അവയുടെ ഭാവി കൂടുതല്‍ ഇരുണ്ടതാവും. സര്‍ക്കാര്‍ ഇടപെടല്‍ എല്ലാ രാജ്യത്തും വര്‍ധിക്കും. ചില സര്‍ക്കാറുകള്‍ ലോക്ക് ഡൗണുകളിലൂടെ ഇനിയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചേക്കാം. നൂതന സാങ്കേതികവിദ്യയിലൂടെ ആളുകളെ നിരീക്ഷിക്കാനും പൊതുജനാവകാശങ്ങള്‍ നിയന്ത്രിക്കാനും അവര്‍ ശ്രമിച്ചുകൂടായ്കയില്ല. ഇതൊക്കെ മുമ്പില്‍വെച്ച് വരും നാളുകളില്‍ പ്രബോധകരുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരിക്കണമെന്ന് ഇപ്പോള്‍ തന്നെ ആലോചിക്കേണ്ടതുണ്ട്. അതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവണം. അല്ലാഹുവിന്റെ ഉതവിക്കു വേണ്ടി പ്രാര്‍ഥനയും അതോടൊപ്പം അനിവാര്യമാണ്. 

ദൈവകേന്ദ്രീകൃതമായ ലോകവീക്ഷണത്തിലേക്ക്

ലോകത്ത് നിലനില്‍ക്കുന്ന ജീവിതവീക്ഷണങ്ങളെ തള്ളിമാറ്റി ദൈവകേന്ദ്രീകൃത ആഗോള വീക്ഷണത്തില്‍ അതിനെ മാറ്റിപ്പണിയുക എന്നതാവും ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ദൗത്യം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ രണ്ടാം ദശകം മനുഷ്യപുരോഗതി അതിന്റെ ഉച്ചിയിലായിരുന്നു. മനുഷ്യജീവിതത്തിന്റെയും  നാഗരികതയുടെയും സൗന്ദര്യവും മനോഹാരിതയും ശരിക്കും അതിശയകരമായ ഉയരങ്ങളിലെത്താന്‍ തുടങ്ങിയിരുന്നു. ഇന്നത്തെ സാധാരണക്കാര്‍ക്ക് ലഭ്യമായ സുഖസൗകര്യങ്ങള്‍  പഴയകാലത്തെ ഏറ്റവും ശക്തരായ രാജാക്കന്മാര്‍ക്കു പോലും അചിന്തനീയമായിരുന്നു. ഈ പുരോഗതിയില്‍ ആധുനിക മനുഷ്യന്‍ വളരെ അഭിമാനം കൊു. പ്രകൃതിക്കെതിരെ മനുഷ്യന്‍ നേടിയ വിജയമായി ആളുകള്‍ ഇതിനെ കൊാടാന്‍ തുടങ്ങിയിരുന്നു. ശാസ്ത്രത്തിന്റെയും കലയുടെയും പേരിലുള്ള അഹങ്കാരം മനുഷ്യനെ മതത്തെയും ദൈവത്തെയും തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അവരുടെ അഭിലാഷങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഏക അച്ചുതണ്ടും കേന്ദ്രവും പരമാവധി സമ്പത്ത് എങ്ങനെ നേടാമെന്നതായിരുന്നു. മഹാമാരി മനുഷ്യന്റെ അഹങ്കാരത്തെ തകര്‍ത്തുകളഞ്ഞു. ദൈവത്തിന്റെ അപാരമായ ശക്തിയുടെയും പരീക്ഷണത്തിന്റെയും മുന്നില്‍ ആധുനിക മനുഷ്യന്‍ നടത്തിയ എല്ലാ മുന്നേറ്റങ്ങളുടെയും അവസ്ഥ, 'വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും അശക്തരായ അങ്ങേയറ്റത്തെ ദൗര്‍ബല്യത്തിന്റെ പാരമ്യം' ആണെന്ന് ഖുര്‍ആന്‍ (22: 73) പറയുന്നു. വ്യാജദൈവങ്ങളുടെ നിസ്സഹായത എത്ര തെളിമയോടെയാണ് ഖുര്‍ആന്‍ വരച്ചുവെക്കുന്നത് എന്നറിയാന്‍ ആ സൂക്തത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സഞ്ചരിച്ചാല്‍ മതി. നമ്മുടെ കാലത്തെ മനുഷ്യന്‍ ചില പുതിയ ദേവന്മാരെ സൃഷ്ടിച്ചു. ഒരു ചെറിയ വൈറസിലൂടെ ലോകരക്ഷിതാവ് ശാസ്ത്രത്തിന്റെയും കലയുടെയും മികവ്  അവകാശപ്പെടുന്ന ലോകത്ത് മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്തത്. വന്‍കിട കമ്പനികള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍,  ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ലക്ഷ്വറി ഹോട്ടലുകള്‍ തുടങ്ങിയ ആധുനിക മനുഷ്യന്റെ എല്ലാ വ്യവഹാരകേന്ദ്രങ്ങളും അവന്റെ മുമ്പില്‍ അടഞ്ഞുകിടന്നു. കൈയില്‍ കാശുണ്ടായിട്ടും ഇഷ്ടമുള്ളത് വാങ്ങാനും അനുഭവിക്കാനും കഴിയാത്ത, ഇക്കാലയളവില്‍ നാമനുഭവിച്ച പ്രതിസന്ധി മാത്രം ഓര്‍ത്താല്‍ മതി മനുഷ്യന്റെ നിസ്സഹായത ബോധ്യപ്പെടാന്‍.
ലോകമെമ്പാടും ദൈവത്തിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതും ആത്മീയതയും ആത്മീയ മൂല്യങ്ങളും പുനരുജ്ജീവിപ്പിക്കാനുള്ള പ്രവണതയിലേക്ക് തിരിയുന്നതും ഇയൊരു പശ്ചാത്തലത്തിലാണ്. വിശുദ്ധ ഖുര്‍ആനിലെ അല്‍അന്‍ആം അധ്യായം 40-ാം സൂക്തം ചിത്രീകരിക്കുന്ന അന്ത്യദിനത്തിന്റെ വിഹ്വലതകള്‍  പലതും നാം നമ്മുടെ നഗ്നദൃഷ്ടികൊണ്ട് കണ്ടുകഴിഞ്ഞു.

ശാസ്ത്രത്തെ കുറിച്ച ശരിയായ കാഴ്ചപ്പാട്

മനുഷ്യന്‍ ദൈവത്തിന്റെ കല്‍പനകളെയും അധ്യാപനങ്ങളെയും മറന്നാല്‍, അവന്‍ ദൈവിക ഇടപെടലിന്റെ ഇരയായിത്തീരും. സര്‍വശക്തനായ നാഥന്റെ പ്രാപഞ്ചിക നടപടിക്രമത്തെ അവഗണിക്കുന്നവരും ദൃശ്യമായ ശാസ്ത്രീയ വസ്തുതകള്‍ കണക്കിലെടുക്കാന്‍ തയാറില്ലാത്തവരും കേവല പ്രാര്‍ഥനയും ആരാധനയും നടത്തി എല്ലാ വിപത്തുകളും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ഈ ചിന്താഗതിക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. നിമിത്തങ്ങളെല്ലാം പൂര്‍ത്തീകരിച്ച് ഭാഗധേയത്വം വിധിയുടെ നാഥനെ ഏല്‍പിക്കുക എന്നതാണ് വിധിവിശ്വാസമുള്ള ഒരു വിശ്വാസിയില്‍നിന്നുണ്ടാവുക. പ്രവര്‍ത്തനമില്ലാതെയുള്ള ദുആയും തവക്കുലും നിഷ്ഫലമെന്നര്‍ഥം. അവനോട് പ്രാര്‍ഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യുക എന്നതുപോലെ, പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഇക്കാലഘട്ടത്തിലെ  അറിയപ്പെടുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും വേണം. ഇതാണ് ഇസ്‌ലാമിന്റെ പാഠവും തത്ത്വചിന്തയും. ഇസ്‌ലാം ബുദ്ധിയും ശാസ്ത്രവും പ്രാര്‍ഥനയും  ഒരുപോലെ സമ്മേളിപ്പിക്കാനാണ് നിര്‍ദേശിക്കുന്നത്.  കാരണങ്ങള്‍, ശാസ്ത്രം,  കല എന്നിവയില്‍നിന്ന് മാത്രം എല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. സാംസ്‌കാരിക വിഭവങ്ങളെ ദൈവമാക്കി മാറ്റുന്നവര്‍, സ്വശക്തിയെക്കുറിച്ച മിഥ്യാധാരണകളില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. ഈ ധാര്‍ഷ്ട്യം അല്ലാഹുവിന് അപ്രീതിയുണ്ടാക്കുന്നതാണ് എന്ന് നാമറിയുക, സമൂഹത്തെ ബോധ്യപ്പെടുത്തുക.
മനുഷ്യരുടെ  അഹങ്കാരമാണ് ആധുനികമായ ദൈവഭക്തിയില്ലാത്ത സകല ചിന്തകളുടെയും അടിസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും രൂപപ്പെട്ടു വന്ന ഭൗതികവാദ ചിന്തകള്‍, പ്രകൃതിയിലുള്ളതെല്ലാം നാം അറിഞ്ഞിരിക്കുന്നു എന്ന മിഥ്യാധാരണ സൃഷ്ടിച്ചു. 1948 മെയ് മാസത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് മാര്‍ഷല്‍ ഉടന്‍ തന്നെ ഭൂമുഖത്തു നിന്ന് പകര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1949-ല്‍, 'പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളും അടക്കേണ്ട സമയമാണിത്, നാമെല്ലാ മഹാമാരികളെയും അതിജയിച്ചുകഴിഞ്ഞു' എന്നാണ്. യു.എസ് സര്‍ജന്‍ ജനറല്‍ വില്യം സ്റ്റുവാര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രസിദ്ധരായ ചില ലോക നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും പൊങ്ങച്ചങ്ങള്‍ മാത്രമായിരുന്നു ഇവ എന്ന് തുടര്‍ന്നുള്ള കാലം തെളിയിച്ചു.
2020-ാം ആണ്ടോടെ പകര്‍ച്ചവ്യാധികള്‍ ലോകത്ത് ഉന്മൂലനം ചെയ്യപ്പെടുമെന്ന് ലോകമെമ്പാടുമുള്ള ഒരുകൂട്ടം വിദഗ്ധ ശാസ്ത്രജ്ഞര്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു. അതായത്, മാറാരോഗങ്ങള്‍ക്ക് ഇനി നിലനില്‍പ്പുാവില്ലെന്ന്.ധ2പ മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീഷണമായ പകര്‍ച്ചവ്യാധിക്കായി അതേ വര്‍ഷം തന്നെ തെരഞ്ഞെടുത്ത നാഥന്റെ ശക്തി ആലോചിച്ചുനോക്കുക!
മനുഷ്യസമൂഹങ്ങളില്‍ കാണപ്പെടുന്ന രണ്ട് അതിരുകടക്കലുകളാണിവിടെ വെളിപ്പെടുന്നത്; ഒരു വശത്ത് അന്ധവിശ്വാസങ്ങളും നിഗൂഢതാ വാദങ്ങളും. മറുവശത്ത്  തനിക്ക് താന്‍ പോന്നവനെന്ന ചിന്ത.
ഇസ്ലാമിലെ മിതത്വത്തിന്റെ പാത,  നിമിത്തങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു എന്നതാണ്. അല്ലാഹു നമുക്ക് നല്‍കിയ അറിവും ബുദ്ധിയും പ്രയോഗിച്ച് അല്ലാഹുവില്‍ അഭയം തേടുക. ഏതൊരു സംഭവത്തിന്റെയും അപകടത്തിന്റെയും ശാസ്ത്രീയവും യുക്തിസഹവുമായ വശങ്ങളെയും ആത്മീയ / അമാനുഷിക വശങ്ങളെയും നാം ശ്രദ്ധിക്കണം. ഗവേഷണ പഠനങ്ങളില്‍ വ്യാപൃതരാവുന്നതോടൊപ്പം തന്നെ, ദൈവത്തോട് സഹായം ചോദിക്കുന്നതിലും നമ്മുടെ തെറ്റുകള്‍ അവലോകനം ചെയ്യുന്നതിലും നമ്മുടെ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതിലും ദൈവത്തിന്റെ കരുണ തേടുന്നതിലും നാം വീഴ്ച വരുത്തരുത്. സര്‍വശക്തനായ നാഥനു മുമ്പില്‍ നാം നിസ്സഹായരാണെന്ന്  പ്രഖ്യാപിക്കുന്നതാണ് നമ്മുടെ വിശ്വാസം. പ്രകൃതിയുടെ എല്ലാ ചലനങ്ങളും എല്ലാ നടപടിക്രമങ്ങളും അവന്റെ മാത്രം ഹിതത്തിന് വിധേയമായിട്ടാണ് എന്ന് നാം നമ്മെ നിരന്തരം ബോധ്യപ്പെടുത്തിക്കൊിരിക്കണം.
അതിനാല്‍, യഥാര്‍ഥ ബന്ധം സര്‍വശക്തനായ അല്ലാഹുവുമായിട്ടായിരിക്കണം. എല്ലാ മനുഷ്യരുടെയും സ്രഷ്ടാവും യജമാനനുമായ നാഥനുമായി ബന്ധിപ്പിക്കുന്നതാവണം നാം നേടുന്ന തിരിച്ചറിവ്. ഈ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കാന്‍ ആ നാഥന്‍ ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുന്നത്തുല്ലാഹ് എന്ന ആ പ്രകൃതിനിയമങ്ങള്‍ പാലിക്കാനും നിമിത്തങ്ങള്‍ ഉപയോഗിക്കാനും അല്ലാഹു തന്നെ നമ്മോട് കല്‍പിച്ചിട്ടുണ്ട്. ഇതാണ് ഇസ്‌ലാമിന്റെ പ്രകൃതം. ലോകത്തിന് ഇപ്പോള്‍ ആ മിതപ്രകൃതമാണ് അത്യാവശ്യം.
ഈ  വീക്ഷണത്തിന്റെ പ്രായോഗികാവിഷ്‌കാരം നിര്‍വഹിക്കാനുള്ള ഏറ്റവും നല്ല അവസരം നിലവിലെ ആഗോള സാഹചര്യം നമുക്ക് ഒരുക്കിത്തരുന്നു. അതിരുകടന്ന വ്യക്തിവാദം (കിറശ്ശറൗമഹശാെ) ആധുനിക മനുഷ്യരാശിയുടെ മേല്‍ വീഴ്ത്തിയ പ്രധാന ശാപമാണ് അമിത സ്വത്വവാദം. ധാര്‍മികവും സാമൂഹികവുമായ എല്ലാ നിയന്ത്രണങ്ങളും വ്യക്തിവിരുദ്ധമായി കണക്കാക്കപ്പെടുകയും മനുഷ്യന്‍ 'ഞാന്‍' മാത്ര വാദത്തിലേക്ക് ചുരുങ്ങുകയുമാണ്. വ്യക്തിഗത സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന കാരണം പറഞ്ഞ് മാസ്‌ക് വിരുദ്ധ കാമ്പയിനുകള്‍ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇപ്പോഴും നടക്കുന്നുല്ലോ. മറുവശത്ത്, ഭരണകൂടങ്ങള്‍ സ്വേഛാധിപത്യത്തിന്റെ വഴിയില്‍ സഞ്ചരിച്ച് ദൈവസമാന പവിത്രത കൈവരിച്ചിരിക്കുന്നു. എന്നാല്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള സന്തുലിതാവസ്ഥയുടെയും മിതത്വത്തിന്റെയും വഴി ഇസ്‌ലാമാണ് കാണിക്കുന്നത്. ഇത് വ്യക്തിക്ക് സ്വാതന്ത്ര്യവും അന്തസ്സും അവകാശങ്ങളും നല്‍കുന്നതോടൊപ്പം അവന്റെ സ്വകാര്യതയെ പൂര്‍ണമായി മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം, അവന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവനില്‍ അവബോധം സൃഷ്ടിക്കുന്നു്. തന്റെ കുടുംബം, അയല്‍പക്കം, സമൂഹം, സ്രഷ്ടാവ് എന്നിവരോടൊക്കെ ഉത്തരവാദിത്തങ്ങളുള്ളവനായാണ് അവനെ ഇസ്‌ലാം വളര്‍ത്തുന്നത്. ആവശ്യമെങ്കില്‍ അയാള്‍ക്ക് തന്റെ സ്വാതന്ത്ര്യവും താല്‍പ്പര്യങ്ങളും ജീവിതവും സമൂഹത്തിനു വേണ്ടി ത്യജിക്കേണ്ടിവരുമെന്ന അത്യുന്നത മാനസിക വിതാനത്തിലേക്ക് അവനെ ഉയര്‍ത്തുകയും ചെയ്യുന്നു്. 
പകര്‍ച്ചവ്യാധി പലയിടങ്ങളിലും നാര്‍സിസത്തിന്റെയും സ്വാര്‍ഥതയുടെയും മാനസിക നിലയിലേക്ക് ജനസമൂഹങ്ങളെ എത്തിച്ചപ്പോള്‍ മരണപ്പെട്ടയാളുടെ കുടുംബം പോലും അവസാന ചടങ്ങുകള്‍ക്ക് തയാറാവാത്ത അവസ്ഥ സംജാതമായി. അതേസമയം, ലോകമെമ്പാടുമുള്ള ഇസ്ലാമിക ദര്‍ശനത്തിന്റെ വക്താക്കള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനും, വിശക്കുന്നവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദരിദ്രരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മരിച്ചവരെ സംസ്‌കരിക്കുന്നതിനും അവരര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിനുമായി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയ രംഗങ്ങള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നു. വിശ്വാസികളെ തങ്ങളുടെ ആത്യന്തിക  ലക്ഷ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ വിശ്വാസം അതില്‍ വലിയ പങ്കുവഹിച്ചുവെന്ന് ആ വാര്‍ത്തകള്‍ സാക്ഷി.
അല്‍ഹംദു ലില്ലാഹ്, ഇത്തരം സ്വയംസന്നദ്ധരായ പ്രവര്‍ത്തകരുടെ റോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുന്നുണ്ട്. മുസ്ലിം ഡോക്ടര്‍മാര്‍ മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ വരെ, സാധാരണ മുസ്ലിം പുരുഷന്മാരും സ്ത്രീകളും വരെ, ഓരോ വിഭാഗവും വ്യതിരിക്തവും വ്യത്യസ്തവുമായ  സ്വഭാവത്തില്‍ ജാതി - മത - വര്‍ണ-വംശ വിവേചനമില്ലാതെ മനുഷ്യരാശിക്ക് സേവനം ചെയ്തുകൊണ്ടിരിക്കുന്നു. മറ്റ് മനുഷ്യരോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് ശരിയായ അവബോധമുള്ള അവര്‍ക്ക് സ്വന്തം താല്‍പര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ കൂട്ടായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലാണ് മനസ്സംതൃപ്തി. അവര്‍ മുന്‍ഗണന നല്‍കുന്നത് സാമൂഹിക താല്‍പര്യങ്ങള്‍ക്കാണ്. തീര്‍ച്ചയായും ഇത് നാം പ്രസരിപ്പിക്കുന്ന ഇസ്ലാമികാധ്യാപനങ്ങളുടെ ഫലശ്രുതിയാണ്. ലോകത്ത് ജീവിക്കുന്ന ഏഴ് ബില്യന്‍ ജനങ്ങള്‍ക്കും പരസ്പരമാശ്രയിച്ചേ മുന്നോട്ടുപോകാനാകൂ എന്ന്  മഹാമാരികള്‍ നമ്മെ പഠിപ്പിക്കുകയാണ്. നാമെല്ലാവരും ഒരേ മാതാവിന്റെയും ഒരേ പിതാവിന്റെയും മക്കളാണെന്നും  ഒരു പൊതു താല്‍പ്പര്യത്താല്‍ ബന്ധിതരാണ് നാമെല്ലാവരുമെന്നും ഇത് നമ്മെ ഉണര്‍ത്തുന്നു. 
രോഗിയായ മനുഷ്യന്‍, അവന്‍ ധനികനോ ദരിദ്രനോ ആകട്ടെ, നമ്മുടെ ജാതിയിലോ മതത്തിലോ പെട്ടവനോ പെടാത്തവനോ ആവട്ടെ, അവന്‍ രോഗിയാണെങ്കില്‍, അവന്റെ രോഗം അവന് മാത്രമല്ല നമുക്കെല്ലാവര്‍ക്കും അപകടമാണ്. ഖുര്‍ആന്‍ (5:32) പറഞ്ഞതുപോലെ ഒരാളെ ജീവന്‍ നിലനിര്‍ത്താന്‍ യത്‌നിക്കുന്നത് മനുഷ്യരാശിക്ക് മുഴുവന്‍ ജീവന്‍ നല്‍കുന്നതിന് തുല്യമാണ്. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടാനും കൂടുതല്‍ ശ്രദ്ധിക്കാനും മഹാമാരികള്‍ വരേണ്ടിവന്നുവെന്നു മാത്രം.
സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ രക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളില്‍നിന്ന് തുടങ്ങി രാഷ്ട്രം, ജാതി, മതം ഒന്നും തടസ്സമല്ല എന്ന വിതാനത്തിലേക്കുയരാന്‍ പലപ്പോഴും നമുക്കായി. ജീവിതത്തിന്റെ മറ്റ് വശങ്ങളും ഇതേ രീതിയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ജനസംഖ്യയുടെ വലിയൊരു ഭാഗം ദുരിതവും പ്രകൃതിദുരന്തങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ കാലം സുഖിച്ചു ജീവിക്കാന്‍ കഴിയില്ല. ഒരു വിഭാഗമാളുകളെ അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും ചൂളയിലേക്ക് തള്ളിവിട്ടുകൊണ്ട് നമുക്ക് എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പുല്ലാങ്കുഴല്‍ വായിക്കാന്‍ കഴിയുമെന്നും നാം കരുതരുത്. മനുഷ്യന്റെ നിലനില്‍പ്പു തന്നെ എല്ലാ മനുഷ്യര്‍ക്കും സമാധാനവും ശാന്തിയും പ്രദാനം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുക, എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാവര്‍ക്കും സ്വാതന്ത്ര്യവും അന്തസ്സും നല്‍കാന്‍ നാം അധ്വാനിക്കുക.
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച മാതൃകകള്‍ വരും മാസങ്ങളില്‍ ചര്‍ച്ചയാവും. രോഗത്തെ അതിജീവിച്ചവരില്‍ ചൈനയുടെ വിജയത്തെ ചിലര്‍ ആഘോഷിക്കുന്നുണ്ട്. പക്ഷേ ചൈനയേക്കാള്‍ വിജയകരമായി ഈ മഹാമാരിയെ നേരിട്ടിട്ടു് ന്യൂസിലാന്റ്, ഡെന്മാര്‍ക്ക്, ജര്‍മനി, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍. യഥാര്‍ഥ പ്രശ്‌നം സര്‍ക്കാര്‍ ജനാധിപത്യപരമോ ജനാധിപത്യവിരുദ്ധമോ എന്നതല്ല, മറിച്ച് സര്‍ക്കാരുകളുടെ മനോഭാവമാണ്. ജനങ്ങളോട് സൗഹാര്‍ദപരമായ നിലപാട് സ്വീകരിക്കുന്ന ഗവണ്‍മെന്റുകളെ അവര്‍ വിശ്വസിക്കുന്നു. മനുഷ്യന്റെ അന്തസ്സ്, സാമൂഹിക ഉത്തരവാദിത്തങ്ങള്‍, മെച്ചപ്പെട്ട മനുഷ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ ലോകത്തിന് എളുപ്പത്തില്‍ വിശദീകരിക്കാന്‍  പുതിയ സാഹചര്യത്തില്‍ നമുക്ക് കഴിയും.

സാമ്പത്തിക നീതി

എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഉണ്ടായിരുന്നിട്ടും, ലോക സമ്പദ് വ്യവസ്ഥ ഇന്ന് പ്രതിസന്ധിയിലാണ്. വ്യക്തികളുടെ ജീവിതവും പരുങ്ങലിലാണ്. ഭീഷണമായ ഒരു സാമ്പത്തിക പ്രതിസന്ധി നമ്മുടെ  ഓരോരുത്തരുടെയും വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലമായി സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിലെത്തി എന്നത് നമ്മുടെ കാലഘട്ടത്തിന്റെ അടയാളമായി മാറിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ലോക സമ്പത്ത് ഒരുപിടിയാളുകളില്‍ മാത്രമായി ചുരുങ്ങുകയാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍, 0.1 ശതമാനം ആളുകള്‍ മനുഷ്യരാശിയുടെ പകുതിയിലധികം സ്വത്ത് വാരിക്കൂട്ടുകയായിരുന്നു. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ വീണ്ടും വീണ്ടും സമ്പന്നരാക്കുകയും ചെയ്യുന്നത് നമ്മുടെ കാലത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ദരിദ്രരുടെ വായിലെ ഉരുള പോലും തട്ടിയെടുക്കാനും അത് സമ്പന്നരുടെ സമ്പത്തിലേക്ക് ചേര്‍ക്കാനും ലോകമെമ്പാടും മുതലാളിത്തം നയങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.
ഇന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലാണ്. ഈ ഗുരുതരമായ പകര്‍ച്ചവ്യാധിക്കാലത്തും മിക്ക വികസ്വര രാജ്യങ്ങളിലും ദരിദ്രര്‍ അതിക്രൂരമായി അവഗണിപ്പെടുന്നത് നാം കാണുന്നു. ഖുര്‍ആനില്‍  സൂറ: അല്‍ ഫജ്ര്‍ 15-20 സൂക്തങ്ങളില്‍ പറയുന്ന സമഭാവന വളര്‍ത്താനും സാമ്പത്തിക ജഡികാവസ്ഥ അതിജയിക്കാനുമുള്ള സുചിന്തിതമായ പരിശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
സമ്പത്തിനോടുള്ള ആര്‍ത്തി, ദരിദ്രരോടും നിസ്സഹായരോടുമുള്ള അവഗണന, ലോകത്തിന്റെ മൊത്തം വിഭവങ്ങള്‍ മുതലാളിത്ത കോര്‍പറേറ്റുകള്‍ കൊള്ളയടിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നത് തുടങ്ങിയ തിന്മകളാണ് എല്ലാ വിപത്തുകള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നത്. സാമ്പത്തിക അസമത്വം പകര്‍ച്ചവ്യാധിയുടെ പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാട്ടി 2020 മാര്‍ച്ച് 8-ന് ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക അസമത്വം ലോകത്ത് ഇത്രയും രൂക്ഷമല്ലായിരുന്നില്ലെങ്കില്‍ പകര്‍ച്ചവ്യാധി ഇതുപോലെ പടരുകയില്ലായിരുന്നുവെന്ന് ശാസ്ത്രീയ പിന്‍ബലത്തില്‍ ആ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നുണ്ട്.
ഇന്ന് നാമനുഭവിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ  പ്രധാന കാരണം സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന ലിബറല്‍ നയങ്ങളാണ്. ഗവണ്‍മെന്റുകള്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപണിയില്‍ ഒതുങ്ങുന്നു. ഓരോ നാട്ടിലെയും മുതലാളിമാരാണ് വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ പ്രധാന മേഖലകള്‍ കുത്തകയാക്കിവെച്ചിരിക്കുന്നത്. സ്വകാര്യവല്‍ക്കരണവും പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സ്വൗകര്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനുള്ള നിമിത്തമായി മാറുകയാണ്. മൂലധനത്തിന്റെ ഹുങ്കില്‍ നാടിന്റെ മുക്കുമൂലകളില്‍ പൊങ്ങിവരുന്ന ഷോപ്പിംഗ് മാളുകള്‍ നല്ല കാലത്ത് മാത്രം ഉപകരിക്കുന്ന ചങ്ങാതികളാണെന്ന വസ്തുതയാണ്  കൊറോണ നമ്മെ പഠിപ്പിച്ചത്.
പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍, രാജ്യമെമ്പാടുമുള്ള കോര്‍പ്പറേറ്റ് ആശുപത്രികള്‍ അടക്കുകയും ഡോക്ടര്‍മാര്‍ അപ്രത്യക്ഷരാവുകയും മുഴുവന്‍ ഭാരവും പാവം സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളില്‍ വന്നു പതിക്കുകയും ചെയ്തപ്പോള്‍, മനുഷ്യസമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളും ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ നിറവേറ്റപ്പെട്ടിരുന്നത് എന്ന സത്യമാണ് വെളിപ്പെട്ടത്. ലാഭത്തിനുള്ള സാധ്യത മങ്ങുമ്പോള്‍, അടിസ്ഥാന മനുഷ്യാവശ്യങ്ങള്‍ ചരക്കാക്കുന്ന മുതലാളിത്ത പ്രവണതയുള്ളവര്‍ മുങ്ങല്‍ വിദഗ്ധരാവുമെന്ന് വ്യക്തമായി.

പരിസ്ഥിതി പ്രതിസന്ധി

നല്ല ജീവിതത്തിനു വേ എല്ലാ വിഭവങ്ങളും സര്‍വശക്തനായ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആഡംബര മോഹവും സുഖജീവിതവും ലോകവിഭവങ്ങളെ കൊള്ളയടിക്കാന്‍ മനുഷ്യനെ ഉദ്യുക്തനാക്കുകയായിരുന്നു. ഇന്ന് നമ്മുടെ വായു, ജലം, പരിസ്ഥിതി എല്ലാം വിഷലിപ്തമാണ്. കൊറോണ പോലുള്ള പുതിയ സൂക്ഷ്മാണുക്കള്‍ മനുഷ്യജീവിതത്തിന് ഭീഷണിയാകാന്‍ പ്രധാന കാരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥ കൂടിയാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍നിന്നാണ് മിക്ക രോഗങ്ങളും പുറത്തുവരുന്നത്. പ്രധാന കാരണം, സൃഷ്ടിക്കപ്പെടുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയാണ്. പാരിസ്ഥിതിക തകിടം മറിയല്‍ കാരണം മൃഗങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന സൂക്ഷ്മാണുക്കള്‍ മനുഷ്യരിലേക്ക് പകരുകയും പുതിയ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നു. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമാണ് ഭൂമിയിലും കടലിലും നാശം വ്യാപിച്ചതെന്ന് സൂറ: അര്‍റൂം 41-ാം സൂക്തത്തില്‍ പറയുന്നത് എത്ര സത്യം!
പുതിയ പരീക്ഷണങ്ങള്‍ നമ്മുടെ നിലപാടുകള്‍ മാറ്റാന്‍ സഹായകമായ നിരവധി പാഠങ്ങള്‍ നമുക്ക് നല്‍കി. സര്‍വശക്തനായ അല്ലാഹു നമുക്ക് പല സുഖസൗകര്യങ്ങളും താല്‍ക്കാലികമായി നഷ്ടപ്പെടുത്തിയെങ്കിലും ഈ ലോകത്തെ നമ്മുടെ അത്യാവശ്യങ്ങള്‍ വളരെ പരിമിതമാണെന്ന് വ്യക്തമാക്കിത്തന്നുവല്ലോ. 'മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ലോകത്തുണ്ടെന്നും എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ അവ മതിയാകില്ലെന്നും' ഗാന്ധിജി പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കുക.
ധൂര്‍ത്തും ദുര്‍വ്യയവും സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ഖുര്‍ആന്‍ അല്‍അഅ്‌റാഫ്: 31, അല്‍അന്‍ആം: 141 എന്നീ സൂക്തങ്ങളിലൂടെ ശക്തമായി ബോധവത്കരിക്കുന്നത് നമ്മുടെ ഉപഭോക്തൃശീലങ്ങള്‍ക്കു കൂടി ബാധകമാണെന്ന ബോധം ഇനിയെങ്കിലും നാം തിരിച്ചുപിടിക്കണം. 
പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്താണ്  നാം നമ്മുടെ ആവശ്യങ്ങള്‍ വിപുലപ്പെടുത്തിയിരുന്നതെന്ന് ഈ ദുരന്തം ലോകത്തിന് വ്യക്തമാക്കിക്കൊടുത്തു. നമ്മുടെ അത്യാഗ്രഹമാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വങ്ങളെ സൃഷ്ടിച്ചുവിട്ടിരിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെ ആമൂലാഗ്രം തകര്‍ത്തതും അതുതന്നെ. നമ്മുടെ അത്യാഗ്രഹങ്ങളാണ് നാം ചൂണ്ടിക്കാണിച്ച അഭൂതപൂര്‍വമായ പല അടിച്ചമര്‍ത്തലുകള്‍ക്കും ആക്കം കൂട്ടിയത്. ഈ ലോക്ക് ഡൗണില്‍, നാം ശീലിച്ച പ്രകൃതിയുടെ ലളിതമായ ജീവിത പാഠങ്ങള്‍ പതിവാക്കിയാല്‍ മനുഷ്യരാശിയുടെ പല പ്രശ്‌നങ്ങളും  പരിഹൃതമാവും. എന്നാല്‍ ഈ പാഠം ഉള്‍ക്കൊള്ളാന്‍ ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും സ്രഷ്ടാവിനെ മനസ്സിലാക്കുകയും അവന്റെ കല്‍പനകള്‍ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുസ്ലിം ഉമ്മത്തിന്റെ ലക്ഷ്യവും ദൗത്യവും ക്ലിപ്തപ്പെടുത്താനും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ സംവാദക്ഷമമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും  മൂടിവെക്കപ്പെട്ടിരുന്ന മറ്റു ധാര്‍മിക കാരണങ്ങളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കാനുമുള്ള അവസരമായി പുതിയ ലോകസാഹചര്യത്തെ കാണുക.
ഈ സമയത്ത്, മനുഷ്യ മനസ്സാക്ഷി കൂടുതല്‍ ഉണര്‍ന്നിരിക്കുന്നുെന്ന് നാമറിയുന്നു. മാനവികതയെ ആമൂലാഗ്രം ഗ്രസിച്ചുകഴിഞ്ഞ  ഈ മഹാമാരിയെ നീതിപൂര്‍വകമായ മാറ്റത്തിന്റെ തുടക്കമാക്കി മാറ്റുക എന്നതും, ദൗത്യനിര്‍വഹണം കൂടുതല്‍ മൂര്‍ച്ചയും തെളിച്ചവുമുള്ളതാക്കുക എന്നതും  ദൈവിക ദര്‍ശനത്തിലും  വചനത്തിലും വിശ്വസിക്കുന്ന എല്ലാ വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്. 

വിവ: ഹഫീസ് നദ്‌വി

റഫറന്‍സ്:
1.    Johnson, Niall P. A. S., and Juergen Mueller. ‘Updating the Accounts: Global Mortality of the 1918-1920 'Spanish' Influenza Pandemic’ Bulletin of the History of Medicine 76 (2002): 105-120.
2.    Edoardo Campanella; ‘The Invisible Killers; in Project Syndicate’, April 2010

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌