Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

ദുരന്തങ്ങള്‍ക്കിടയിലും താളംതെറ്റാത്ത ആരോഗ്യവ്യവസ്ഥ

മുഹമ്മദ് ശഅ്ബാന്‍ അയ്യൂബ്

കോവിഡ് 19 വൈറസ് മാസങ്ങളായി ലോകത്തെ വിറപ്പിച്ച് കുതിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയും മരണത്തിന്റെ ഗന്ധം! ഇതിനിടയില്‍ ചിലരൊക്കെ ശുഭാപ്തി പ്രകടിപ്പിക്കുമ്പോഴും അശുഭാപ്തിതന്നെയാണ് സമൂഹ ജീവിതത്തിലെ ഇപ്പോഴത്തെ മുഖമുദ്ര. മാനവരാശി മൊത്തം ഭയത്തിലാണെന്നതാണ് വസ്തുത. ജീവിതത്തിന്റെ സമസ്ത മേഖലകളും താറുമാറായി കിടക്കുന്നു. പല രാജ്യങ്ങളിലെയും നിലവിലെ ആരോഗ്യ വ്യവസ്ഥക്ക് കോവിഡിന്റെ വെല്ലുവിളി നേരിടാന്‍ പ്രാപ്തിയില്ലെന്നതാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ചികിത്സാ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ രോഗികളെ വയസ്സ് തിരിച്ചും മുന്‍ഗണനയനുസരിച്ചും കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ആരോഗ്യവ്യവസ്ഥ എന്നതിന്റെ വിവക്ഷ ഡോക്ടര്‍മാരും ആശുപത്രികളും ധാരാളമുണ്ടാവുക എന്നല്ല. പ്രത്യുത, വന്‍ ദുരന്തങ്ങളും മഹാമാരികളുമുണ്ടാകുമ്പോള്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയത്തക്ക വിധമുള്ള, നൈരന്തര്യവും വഴക്കവും പരസ്പര സഹകരണവും നിലനിര്‍ത്താന്‍ ശേഷിയുള്ള സമ്പൂര്‍ണവും സമഗ്രവുമായ ആരോഗ്യ സംവിധാനം ഉണ്ടാവുക എന്നതാണ്. ലോകാരോഗ്യ സംഘടന 'ഹെല്‍ത്ത് സിസ്റ്റ'ത്തെ നിര്‍വചിച്ചിരിക്കുന്നത്, 'ആരോഗ്യം മെച്ചപ്പെടുത്താനുള്ള അടിത്തറയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സ്രോതസ്സുകളുടെയും സംഘാതം' എന്നാണ്. ഈ വ്യവസ്ഥ നിലനില്‍ക്കാന്‍ ഉദ്യോഗസ്ഥരും സമ്പത്തും അറിവുകളും ഗതാഗത-വാര്‍ത്താ മാധ്യമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും അവശ്യോപാധികളാണ്. ന്യായമായ നിരക്കില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയെന്നതും പ്രധാനമാണ്. ജനങ്ങള്‍ക്ക് ഉചിതമായ പെരുമാറ്റം ലഭിക്കേണ്ടതും ഇതിന്റെ ഭാഗം തന്നെയാണ്.
ആരോഗ്യ വ്യവസ്ഥയുടെ നേതൃത്വം പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന ചിന്ത ശക്തമായി. എങ്കിലും ഒന്നാമത്തെ ഉത്തരവാദി ഗവണ്‍മെന്റുകളാണെങ്കിലും അതത് രാജ്യങ്ങളില്‍ മേഖലാ തലങ്ങളിലും മുനിസിപ്പാലിറ്റികളിലും ഇതര ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ചുമത്തുകയുണ്ടായി. ആരോഗ്യ പരിപാലനോത്തരവാദിത്തം ഏതാനും വ്യക്തികളിലോ ഭരണനിര്‍വഹണ വിഭാഗങ്ങളിലോ മാത്രം നിക്ഷിപ്തമാക്കുന്നത് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കില്ല.
ഏതൊരു രാജ്യത്തും ദുരന്തങ്ങളുണ്ടാവുകയും അതിന് വ്യാപ്തിയുണ്ടാവുകയും ചെയ്യുമ്പോള്‍ അത് ആദ്യമായി സമ്മര്‍ദത്തിലാക്കുക ആ രാജ്യങ്ങളിലെ ആരോഗ്യ വ്യവസ്ഥയെയായിരിക്കും. കാരണം, പ്രതിസന്ധി മറികടക്കാന്‍ നല്ല തയാറെടുപ്പുകളും മുന്‍കൂട്ടിയുള്ള മികച്ച ആസൂത്രണവും തുടര്‍ച്ചയായ ധനവിനിയോഗവും ആവശ്യമാണ്. അവയുടെ അഭാവത്തില്‍ എല്ലാം താളം തെറ്റും.

ആരോഗ്യവ്യവസ്ഥ ഇസ്‌ലാമിക നാഗരികതയില്‍

ഹെല്‍ത്ത് സിസ്റ്റവുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞ വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍ വലിയൊരളവോളം പരിപാലിച്ചുപോന്നതായി കാണാന്‍ കഴിയും. പൗരജനങ്ങളുടെ ആരോഗ്യ പരിരക്ഷ എങ്ങനെയാണ് ഇസ്‌ലാമിക നാഗരികതയില്‍ സാധ്യമായത്? എന്തായിരുന്നു ഇതിന്റെ വിജയരഹസ്യം? ഈ ഘടനയുടെ അസ്തിവാരം ഏതു തത്ത്വശാസ്ത്രത്തിലായിരുന്നു നിലയുറപ്പിച്ചത്?

വഖ്ഫ് സ്വത്തുക്കള്‍ --- അതാണ് രഹസ്യം!

ഇസ്‌ലാമിക നാഗരികത നിലനില്‍ക്കുന്നത് സൂക്ഷ്മവും സുപ്രധാനവുമായ ചില ആദര്‍ശാശയങ്ങളിലും പ്രായോഗിക നടപടികളിലുമാണ്. അവയെല്ലാം ഖുര്‍ആന്റെയും തിരുചര്യയുടെയും ഭൂമികയിലാണ് നിലകൊള്ളുന്നത്. ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പണ്ഡിതന്മാരുടെ ഗവേഷണങ്ങളും അവയെ കാലോചിതമായി വികസിപ്പിക്കുന്നു. ഇസ്‌ലാമിക നാഗരികതയില്‍, സാമ്പത്തിക വിനിയോഗത്തിന്റെ ഉത്തരവാദിത്തങ്ങള്‍ പ്രധാനമായും രണ്ട് അടിസ്ഥാനങ്ങളില്‍ ഊന്നിയായിരുന്നു: ഒന്ന്; സകാത്ത്, സമരാര്‍ജിത സമ്പത്തുകള്‍, യുദ്ധം കൂടാതെ ശത്രുപക്ഷത്തു നിന്ന് ലഭിക്കുന്ന സമ്പത്ത്, നികുതി, പതിച്ചുകിട്ടിയ ഭൂമിയുടെ വരുമാനത്തിന്റെ പത്തിലൊന്ന് സകാത്ത്, സംരക്ഷണ കരം, ചുങ്കം മുതലായവ. ഇവയുടെ സമാഹരണവും വിതരണവും ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. പ്രജകളുടെ പൊതു താല്‍പര്യപ്രധാനമായ മേഖലകളിലായിരുന്നു അവ വിനിയോഗിച്ചിരുന്നത്. രണ്ട്; വഖ്ഫ് സ്വത്തുക്കളും ദാനധര്‍മങ്ങളും. ഇവയില്‍ ഗവണ്‍മെന്റുകള്‍ നേരിട്ടോ അല്ലാതെയോ ഇടപെടുകയുണ്ടായില്ല. എങ്കിലും അവ നിരീക്ഷിച്ചുപോന്നു. ആധുനിക രാഷ്ട്ര സങ്കല്‍പങ്ങളോടെ മാത്രമാണ് അവയുടെ നിയന്ത്രണം ഭരണകൂടങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയത്.
ഭൂനിലങ്ങള്‍ പോലുള്ള സ്ഥാവര സ്വത്തുക്കളും ഇതര ജംഗമ വസ്തുക്കളും ശാശ്വതമായി പൊതു ആവശ്യത്തിനായി സ്വമേധയാ നീക്കിവെക്കുന്നതിനാണ് വഖ്ഫ് എന്നു പറയുന്നത്. വഖ്ഫ് സ്വത്തുക്കള്‍ അതേപടി നിലനിര്‍ത്തി അവയിലെ വരുമാനങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുക. പ്രയോജനം നിരന്തരമായി ലഭ്യമാക്കുക എന്നതാണ് വഖ്ഫിന്റെ ആശയം.
ധാരാളം ഫലങ്ങളും വരുമാനവുമുള്ള ഖൈബറിലെ തന്റെ ഭൂമി എന്തു ചെയ്യണമെന്ന വിഷയത്തില്‍ ഉമര്‍ നബിയുമായി കൂടിയാലോചിച്ചു. അത് അതേപടി നിലനിര്‍ത്താനും അതേസമയം അതിലെ വരുമാനം പാവങ്ങള്‍ക്കായി മാറ്റിവെക്കാനും അവിടുന്ന് നിര്‍ദേശിച്ചു.
ഉമര്‍ തന്റെ വഖ്ഫ് ലിഖിത രേഖയായി സൂക്ഷിക്കുകയും തന്റെ ഖിലാഫത്ത് കാലത്ത് ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ സ്വഹാബികള്‍ ഭൂനിലങ്ങളും സ്ഥാവര വസ്തുക്കളും വഖ്ഫ് ചെയ്യാന്‍ മുന്നോട്ടുവന്നു. വഖ്ഫ് സ്വത്തുക്കളില്‍നിന്ന് ലഭ്യമാവുന്ന വരുമാനത്തിന്റെ ഒരു വിഹിതം മക്കള്‍ക്ക് നീക്കിവെക്കുന്ന രീതിയും സ്വീകരിക്കപ്പെട്ടുപോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് പാശ്ചാത്യ ലോകം ഈ രീതി പരിചയിച്ചുതുടങ്ങിയത്. മുഴു വരുമാനവും പൊതു ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുന്ന രീതി 'ഖൈരീ' (മനുഷ്യസ്‌നേഹപരമായ ധര്‍മം) എന്നറിയപ്പെട്ടു.
പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനായ മുന്‍ദിര്‍ ഖഹ്ഫ് തന്റെ 'അല്‍വഖ്ഫുല്‍ ഇസ്‌ലാമി' എന്ന കൃതിയില്‍ എഴുതുന്നു: ''മതസ്ഥാപനങ്ങള്‍ക്കായി പരിമിതപ്പെട്ടിരുന്ന വഖ്ഫ് സാമൂഹിക സേവന സംരംഭങ്ങളിലേക്കും ചരക്കുകളും പ്രയോജനങ്ങളും ലഭ്യമാക്കുന്നതിലേക്കും വികസിപ്പിച്ചത് നബി തുടക്കം കുറിച്ച സേവനാവിഷ്‌കാരമായിരുന്നു.''

വഖ്ഫ് എന്ന വിപ്ലവം

വഖ്ഫ് സ്വത്തുക്കള്‍ ഇസ്‌ലാമിക നാഗരികതയുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്കുവഹിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തും വഖ്ഫ് ചെയ്യാനുള്ള ത്വര ഖലീഫമാരിലും ഭരണാധികാരികളിലും സമ്പന്നരിലും വ്യാപാരികളിലും എന്നുവേണ്ട എല്ലാ വിഭാഗം ജനങ്ങളിലും വളര്‍ന്നു. പള്ളികള്‍, പണ്ഡിതന്മാര്‍, വിദ്യാര്‍ഥികള്‍, വഴിയാധാരമായവര്‍, പാവങ്ങള്‍, വിധവകള്‍, വിദ്യാലയങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവക്കെല്ലാം പ്രത്യേകം പ്രത്യേകം വഖ്ഫ് ചെയ്യപ്പെട്ടു. രോഗവും അവശതയുമുള്ള മൃഗങ്ങള്‍ക്കു പോലും വഖ്ഫ് ചെയ്യുന്ന രീതിയുണ്ടായി. ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗപ്പെടുത്താവുന്ന രീതിയിലും വഖ്ഫിന് പ്രാധാന്യമുണ്ടായി (ഡോ. മുസ്ത്വഫസ്സിബാഈയുടെ 'മിന്‍ റവാഇഇ ഹദാറതിനാ'  - ഇസ്‌ലാമിക നാഗരികതയുടെ ശോഭന ചിത്രങ്ങള്‍). അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ലക്ഷ്യം വെച്ച് മാത്രമായിരുന്നു ഈ വഖ്ഫുകള്‍ അത്രയും. 'മനുഷ്യന്‍ മരിച്ചാല്‍ അവനുമായി അവന്റെ കര്‍മം മുറിഞ്ഞു, മൂന്നില്‍നിന്നൊഴികെ; സ്ഥിരമായി ഫലം നല്‍കിക്കൊണ്ടിരിക്കുന്ന സ്വദഖ, പ്രയോജനകരമായ വിജ്ഞാനം, തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം'. മരണാനന്തരം പരേതന് ഏറെ പ്രതീക്ഷയേകുന്ന മുഖ്യ സല്‍ക്കര്‍മമാണ് വഖ്ഫ്.
ആരോഗ്യ വ്യവസ്ഥയുടെ വൈവിധ്യം
വഖ്ഫിന്റെ സാധ്യതകള്‍ മറ്റു മേഖലകളിലെന്ന പോലെ ആരോഗ്യ -ചികിത്സാ മേഖലകളിലും ഫലപ്രദമായി പ്രയോഗവത്കരിക്കപ്പെട്ടു. പ്രസ്തുത മേഖലകളില്‍ രാഷ്ട്രമോ സര്‍ക്കാര്‍ ഖജനാവുകളോ അല്ല അതിനായി പണമിറക്കിയിരുന്നത്. ആശുപത്രികള്‍ നിര്‍മിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും വഖ്ഫ് വരുമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു. ഡോക്ടര്‍മാര്‍, സഹായികള്‍, ലാബുകള്‍, മെഡിക്കല്‍ കോളേജുകള്‍, ഫാര്‍മസികള്‍ മുതലായവര്‍ക്കെല്ലാം ശമ്പളം നല്‍കിയിരുന്നത് വഖ്ഫില്‍നിന്നായിരുന്നു. മംലൂകീ രാജാവായ മന്‍സൂര്‍ ഖലാവൂന്‍ കയ്‌റോയില്‍ ഹി. 682/ക്രി. 1284-ല്‍ സ്ഥാപിച്ച അന്നത്തെ അത്യാധുനിക ആശുപത്രിയായ മന്‍സൂരി ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് വഖ്ഫ് വരുമാനം ഉപയോഗിച്ചായിരുന്നു.
മന്‍സൂര്‍ ഖലാവൂന്‍ ഈ ആശുപത്രി നിര്‍മിക്കാനുണ്ടായ കാരണം മഖ്‌രീസി തന്റെ 'ഖുത്വത്വി'ല്‍ ഇങ്ങനെ വിശദീകരിക്കുന്നു: 'ളാഹിര്‍ ബൈബറസിന്റെ ഭരണകാലത്ത് അമീറായിരുന്ന മന്‍സൂര്‍ ഖലാവൂന്‍ ഹി. 675 ക്രി. 1276-ല്‍ റോമിലേക്ക് പടയോട്ടം നടത്തിയപ്പോള്‍ ദമസ്‌കസില്‍ വെച്ച് രോഗിയായി. ഡോക്ടര്‍മാര്‍ നൂറുദ്ദീന്‍ മഹ്മൂദിന്റെ ആശുപത്രിയില്‍നിന്ന് കൊണ്ടുവന്ന മരുന്നുപയോഗിച്ച് അദ്ദേഹത്തെ ചികിത്സിച്ചു. രോഗം ശമിച്ച അദ്ദേഹം ആശുപത്രി പോയി കണ്ടു, അത്ഭുതപ്പെട്ടു. അത് മന്‍സൂരി ആശുപത്രിയുടെ നിര്‍മാണത്തിന് പ്രചോദനമായി.'
ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത, മന്‍സൂരി ആശുപത്രിയുടെ സൗന്ദര്യവും സൗകര്യങ്ങളും ചികിത്സാ രീതികളും ഔഷധങ്ങളും അവര്‍ണനീയമാണെന്നും പ്രതിദിനം ആയിരം ദീനാര്‍ ചെലവായതും രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ നടത്തിപ്പിനാവശ്യമായ മൊത്തം വരുമാനം സുല്‍ത്താന്‍ ഖലാവൂന്റെ വഖ്ഫുകളില്‍നിന്നായിരുന്നു. രാജാക്കന്മാരും ഭരണാധികാരികളും മാറിവന്നാലും രാഷ്ട്രം ഇടപെടാതെയും വഖ്ഫ് വരുമാനം കൊണ്ടുതന്നെ പ്രവര്‍ത്തിക്കാവുന്ന സാമ്പത്തിക സ്വയംപര്യാപ്തത ആശുപത്രിക്കുണ്ടായിരുന്നു.
ദമസ്‌കസിലെയും അലപ്പോവിലെയും നൂരി ആശുപത്രിയും കയ്‌റോവിലെയും ഖുദ്‌സിലെയും സ്വലാഹി ആശുപത്രിയും മറ്റും ഉദാഹരണങ്ങളാണ്.
ഇസ്‌ലാമിക സമൂഹത്തിലെ സമ്പന്ന വ്യക്തിത്വങ്ങള്‍ സ്ഥാപിക്കുകയും ചെലവിനായി വഖ്ഫ് ചെയ്യുകയും ചെയ്ത ആശുപത്രികള്‍ ധാരാളമായി പില്‍ക്കാലങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ക്രി. 1160-ല്‍ ബഗ്ദാദില്‍ മാത്രം അറുപതും കൊര്‍ദോവയില്‍ അമ്പതിലധികവും ആശുപത്രികള്‍ വഖ്ഫ് വരുമാനങ്ങളെ ആശ്രയിച്ച് മാത്രം പ്രവര്‍ത്തിച്ചു എന്നറിയുമ്പോള്‍ ഇസ്‌ലാമിക നാഗരികതയുടെ ഈ മേഖലയിലെ സംഭാവനകള്‍ മഹത്തരമാണെന്ന് മനസ്സിലാവും.
സമൂഹത്തിലെ മേലേക്കിടയിലുള്ളവരും സമ്പന്നരും മാത്രമല്ല, ഡോക്ടര്‍മാര്‍ തന്നെയും ലാഭേഛയില്ലാതെ ആശുപത്രികള്‍ നിര്‍മിക്കാന്‍ മുന്നോട്ടുവന്നു. പ്രമുഖ ഭിഷഗ്വരനായ സിനാനുബ്‌നു സാബിത്ത്, അബ്ബാസീ ഖലീഫയായ മുഖ്തദിര്‍ ബില്ലാഹിയോട് തന്റെ വക ഒരു ആശുപത്രി നിര്‍മാക്കാമെന്ന നിര്‍ദേശം പങ്കുവെച്ചു. ബഗ്ദാദിന്റെ പടിഞ്ഞാറ് ബാബുശ്ശാം മേഖലയില്‍ നിര്‍മിക്കാന്‍ ഖലീഫ ഉത്തരവായി. മുഖ്തദരീ ആശുപത്രി എന്നറിയപ്പെട്ട അതിന്റെ മുഴു ചെലവും ഡോക്ടറായിരുന്നു നിര്‍വഹിച്ചിരുന്നത്. പ്രതിമാസം ചെലവായ ഇരുനൂറ് ദീനാര്‍ അദ്ദേഹത്തിന്റെ വഖ്ഫില്‍നിന്നായിരുന്നു (അഥവാ, ഇരുപത്തയ്യായിരം മുതല്‍ നാല്‍പതിനായിരം വരെ ഡോളര്‍). സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ രോഗികളുടെ പെരുപ്പം പരിഗണിച്ച് ആശുപത്രികള്‍ വികസിപ്പിക്കാന്‍ മുന്‍കൈയെടുത്തു. ബഅ്‌ലബകിലെ ജഡ്ജിയുടെ മകന്‍ ബദ്‌റുദ്ദീന്‍ ഹി. ആറാം നൂറ്റാണ്ടില്‍ ഒരു ആശുപത്രി സ്വന്തം ചെലവില്‍ വലിയ തോതില്‍ വികസിപ്പിക്കുകയുണ്ടായി.
ഇസ്‌ലാമിലെ ചികിത്സാ ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും സംബന്ധിച്ച് പ്രശസ്തമായ രീതിയില്‍ രചന നിര്‍വഹിച്ച ഇബ്‌നു അബീ ഉസൈ്വബിഅ ഇതേക്കുറിച്ച് എഴുതുന്നു: ''ബദ്‌റുദ്ദീന്റെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. നൂറുദ്ദീന്‍ മഹ്മൂദുബ്‌നു സന്‍കീ വഖ്ഫ് ചെയ്ത് നിര്‍മിച്ച വലിയ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മിച്ച ആശുപത്രി പരിസരത്തെ വീടുകള്‍ വിലയ്ക്കു വാങ്ങി വികസിപ്പിക്കുകയുണ്ടായി. രോഗികള്‍ക്ക് ആശ്വാസത്തോടെ കഴിയാനുള്ള സൗകര്യങ്ങള്‍ ചെയ്യുകയും സമൃദ്ധമായി ജലലഭ്യത ഉറപ്പുവരുത്തുകയും മറ്റും ചെയ്തു.'' മനോരോഗ ചികിത്സയിലും ഇതിന്റെ തുടര്‍ച്ചയുണ്ടായി. രോഗം ഭേദമാവില്ലെന്ന് ആശങ്കിക്കുന്ന രോഗികളുടെ കൂടെ നില്‍ക്കാന്‍ രണ്ടു പേരെ നിശ്ചയിക്കണമെന്നും അതിനായി പണം വകയിരുത്തണമെന്നും വരെ വഖ്ഫ് രേഖകളില്‍ വ്യവസ്ഥ ചെയ്തിരുന്നു.

വനിതകളുടെ സംഭാവനകള്‍

ചികിത്സാ മേഖലയിലെ വഖ്ഫ് സംരംഭങ്ങളില്‍ വനിതകളും തങ്ങളുടേതായ പങ്കുവഹിക്കുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരി സിത്തുശ്ശാം, അനത്തോലിയയിലെ ഒരു സല്‍ജൂഖി ഭരണാധികാരിയുടെ മകള്‍ അമീറ ജൗഹര്‍ നസ്വീബ് എന്നിവര്‍ ശസ്ത്രക്രിയ, നേത്ര-അസ്ഥി ചികിത്സ മുതലായവക്ക് ക്രി. പതിമൂന്നാം നൂറ്റാണ്ടില്‍ വഖ്ഫ് ചെയ്ത പ്രമുഖ വനിതകളാണ്. ക്രി. 13-ാം നൂറ്റാണ്ടില്‍ വഖ്ഫ് മുതലുകളുപയോഗിച്ച് സ്ഥാപിച്ച ആശുപത്രികളുടെ തുടര്‍ച്ച ശാമിലും അനത്തോലിയയിലും ഇന്നും കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികള്‍ യുദ്ധങ്ങള്‍, ദുരന്തങ്ങള്‍ മുതലായവ കാരണം പ്രവര്‍ത്തനം നിലക്കാതെ മുന്നോട്ടു പോവുന്നതിന്റെ കാരണം ഭൗതികേഛയില്ലാതെ ചില സുമനസ്സുകള്‍ വഖ്ഫ് ചെയ്തതുകൊണ്ടാണ്. ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കാന്‍ തുനിയുകയുണ്ടായില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ചതു പ്രകാരം, ആരോഗ്യവ്യവസ്ഥ സ്ഥാപനങ്ങളെ മാത്രമല്ല വ്യക്തികളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വൈദ്യശാസ്ത്രം പിന്നാക്കം നില്‍ക്കുകയോ രോഗ നിര്‍ണയം അസാധ്യമാവുകയോ ചെയ്യുന്ന ഘട്ടത്തിലൊഴികെ, ചികിത്സക്കാവശ്യമായ ധനലബ്ധിയുടെ അഭാവം കൊണ്ടുമാത്രം ഇസ്‌ലാമിക നാഗരികതയില്‍ ഈ രംഗത്ത് പ്രതിസന്ധി ഉണ്ടായിട്ടില്ല.

ആധുനിക കാലം

ആധുനിക കാലത്ത് മധ്യകാലഘട്ടങ്ങളെ അപേക്ഷിച്ച് വൈദ്യശാസ്ത്രം വന്‍കുതിപ്പു തന്നെ നത്തിയിട്ടുണ്ടെങ്കിലും വ്യക്തികള്‍ സ്വയം സന്നദ്ധരായി നടത്തുന്ന വഖ്ഫുകള്‍ക്കു മേല്‍ ആധുനിക രാഷ്ട്രങ്ങള്‍ നടത്തുന്ന മേല്‍ക്കോയ്മ പ്രശ്‌നമാണ്. സാമ്പ്രദായിക സാമൂഹിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് അവക്ക് പകരം ആധുനിക ജനകീയ സ്ഥാപനങ്ങള്‍ കൊണ്ടുവരാനല്ല, മറിച്ച്, അവയില്‍ സര്‍ക്കാറുകളുടെ മേല്‍ക്കോയ്മ ഉറപ്പുവരുത്താനാണ്. അതുവഴി സംഭവിക്കുക, സദ്ചിന്തകളുടെയും നാട്ടുനടപ്പുകളുടെയും ദൃഢമായ സാമൂഹിക ബന്ധങ്ങളുടെയും അസ്തിത്വം ഇല്ലാതാക്കി അവയെ ഗവണ്‍മെന്റ് നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ്. പാശ്ചാത്യരെ അനുകരിച്ചുള്ള നടപടിയാണത്.
സിവില്‍ സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വവും സ്വാതന്ത്ര്യവുമാണ് ഇസ്‌ലാമിക നാഗരികതയില്‍ ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തിയതെന്ന് ഇതിനകം നാം മനസ്സിലാക്കി. നൂറ്റാണ്ടുകളായി ഗവണ്‍മെന്റുകളുടെ സഹായമില്ലാതെ അവ പ്രവര്‍ത്തിച്ചുപോന്നു. ബ്യൂറോക്രാറ്റുകള്‍ക്ക് ആരോഗ്യ മേഖലയെ ദുഷിപ്പിക്കാന്‍ അവസരം നല്‍കിയില്ല എന്നതും ഇതിന്റെ സദ്ഫലമാണ്. കുരിശുസേനക്കു പോലും വഖ്ഫ് ചികിത്സാലയങ്ങള്‍ ആശ്രയമായി എന്നതാണ് ശ്രദ്ധേയമായ വസ്തുത. റാസി, സഹ്‌റാവി, ഇബ്‌നു നഫീസ്, റഹ്ബി പോലുള്ള അതിപ്രഗത്ഭ വൈദ്യ പ്രതിഭകളും ഇത്തരം സ്ഥാപനങ്ങളുടെ സംഭാവനകളായിരുന്നു. 

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി
 

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌