Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

സാമൂഹിക മൂലധനമാണ് ചാലകശക്തി

നവീന സാമൂഹിക ശാസ്ത്രത്തിലെ സുപ്രധാനമായ ഒരു പരികല്‍പ്പനയാണ് സാമൂഹിക മൂലധനം (Social Capital). ജെയ്ന്‍ ജേക്കബ്‌സ്, പിയറി ബോര്‍ഡിയു, ജെയിംസ് കോള്‍മാന്‍, റോബര്‍ട്ട് പുട്‌നം തുടങ്ങിയവര്‍ വികസിപ്പിച്ചെടുത്തത്. പൊതു ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കുന്ന മൂല്യങ്ങളും ശേഷികളും എന്ന് ഒറ്റവാക്കില്‍ ഇതിനെ നിര്‍വചിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിച്ചുകൊണ്ടാണ്  സാമൂഹിക മൂലധനം ആര്‍ജിക്കാനാവുക. അതില്‍ പ്രധാനം ഒരു സമൂഹം ആര്‍ജിച്ചെടുക്കുന്ന പരസ്പര വിശ്വാസം തന്നെ. അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ (Reciprocity) എത്രത്തോളമുണ്ട്? പരസ്പരം വിശ്വാസത്തിലെടുക്കാനും അംഗീകരിക്കാനും സമൂഹത്തിലെ അംഗങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അവര്‍ തമ്മിലെ പരസ്പര വിശ്വാസം ദുര്‍ബല(Thin)മാണോ, അതോ സുദൃഢ(Thick)മാണോ?
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ പ്രകൃതി വിഭവങ്ങളെയും മനുഷ്യവിഭവങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന, അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന ചാലകശക്തിയാണ് സാമൂഹിക മൂലധനം എന്ന് പറയുന്നത്. ഈ ആശയത്തെ ഏറെ മുന്നോട്ട് കൊണ്ടുപോയ റോബര്‍ട്ട് ഡേവിഡ് പുട്‌നം ഒരു പുസ്തകമെഴുതിയിട്ടുണ്ട്; Bowling Alone: The Collapse and Revival of American Community  എന്ന പേരില്‍. അദ്ദേഹം പറയുന്നത് പൗര, സാമൂഹിക, കൂട്ടായ്മാ ബന്ധങ്ങള്‍ തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ക്കേ അമേരിക്കയില്‍ തകര്‍ന്നു തുടങ്ങിയിരുന്നുവെന്നും ഇപ്പോഴത് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു എന്നുമാണ്. ഇത്തരം ബന്ധങ്ങളും പരസ്പര വിശ്വാസവും കാത്തുസൂക്ഷിച്ച മേഖലകളില്‍ വലിയ പുരോഗതി ഉണ്ടാക്കാനായിട്ടുണ്ടെന്നും തന്റെ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം എഴുതുന്നു.
പരമ്പരാഗതമായി നാം മനസ്സിലാക്കിവെച്ചതല്ല യഥാര്‍ഥ വികസന സൂചികകള്‍ എന്നര്‍ഥം. സാമൂഹിക മൂലധനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അമേരിക്ക വികസിക്കുന്ന സമൂഹമല്ല, തകരുന്ന സമൂഹമാണ്. 'ചരിത്രത്തിന് അന്ത്യം' വിധിച്ച ഫ്രാന്‍സിസ് ഫുകുയാമ തന്റെ വിവാദ കൃതിയില്‍ ലിബറല്‍ ജനാധിപത്യത്തിന്റെ അജയ്യത കൊട്ടിഘോഷിക്കുമ്പോഴും സാമൂഹിക മൂലധനത്തിന്റെ അഭാവം അമേരിക്കയിലേതു പോലുള്ള പാശ്ചാത്യ സമൂഹങ്ങളെ ശിഥിലമാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരസ്പര വിശ്വാസവും അനുകമ്പയും സഹാനുഭൂതിയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രബന്ധം വരെ.
ഭൗതിക താല്‍പ്പര്യങ്ങള്‍ക്കതീതമായി മനുഷ്യനെയും അവന്റെ പ്രശ്‌നങ്ങളെയും നോക്കിക്കാണാന്‍ കെല്‍പ്പുള്ള ഒരു മൂല്യവ്യവസ്ഥക്കേ സാമൂഹിക മൂലധനം ഉല്‍പ്പാദിപ്പിക്കാനും നിലനിര്‍ത്താനുമാകൂ എന്ന് ഇന്ന് ഏറക്കുറെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. ആ മൂല്യവ്യവസ്ഥ മതമാണെന്ന അഭിപ്രായത്തെയാണ് ഇന്ന് കൂടുതല്‍ പേര്‍ പിന്തുണക്കുന്നത്. ഭൗതിക ദര്‍ശനങ്ങള്‍ക്ക് സാമൂഹിക മൂലധനം ഉല്‍പ്പാദിപ്പാക്കാനാവുമെന്ന് അവയുടെ വക്താക്കള്‍ക്കു തന്നെ അഭിപ്രായമില്ല. മതദര്‍ശനത്തിലൂന്നിയ സാമൂഹിക മൂലധനം എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ ഇന്റര്‍നെറ്റ് പരതിയാല്‍ കാണാനാകും. ഈ സാമൂഹിക മൂലധനമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശക്തി. അതുകൊണ്ടാണ്  പ്രസ്ഥാനത്തെ ബഹുജനം വിശ്വാസത്തിലെടുക്കുന്നത്. ചരിത്രത്തില്‍ ഇസ്‌ലാമിക നാഗരികത വളര്‍ന്നു പന്തലിച്ചതും ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുതിയ പാതകള്‍ വെട്ടിത്തുറന്നതും ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു. ആ മഹിത പാരമ്പര്യമാണ് ഇസ്‌ലാമിക പ്രസ്ഥാനം കൈയേറ്റിരിക്കുന്നത്. അതുകൊണ്ടാണ് രണ്ട് മഹാ പ്രളയകാലങ്ങളില്‍ സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ വിശ്വാസമര്‍പ്പിച്ചത്. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്ന വാക്ക് പ്രസ്ഥാനം പ്രഖ്യാപിത സമയമാകുന്നതിനു മുമ്പ് തന്നെ നിറവേറ്റി. ജനങ്ങളുടെ നികുതിപ്പണം പറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്തായി? വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്നു മാത്രമല്ല, ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്കഥകളും പുറത്തു വന്നിരിക്കുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹിക മൂലധനം കുത്തിയൊലിച്ചുപോയിരിക്കുന്നു എന്നര്‍ഥം. ഇതിലുള്ള അമര്‍ഷവും ഈര്‍ഷ്യയുമാണ് നിയമസഭയില്‍ അവിശ്വാസ പ്രമേയ വോട്ട് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലുടനീളം കേള്‍ക്കാനുണ്ടായിരുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊള്ളയായ ആരോപണങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെയും അദ്ദേഹം തൊടുത്തുവിട്ടു. ഇസ്‌ലാമിക പ്രസ്ഥാനം ആര്‍ജിക്കുന്ന വിശ്വാസ്യതയും, സ്വന്തം പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രതിഛായാ നഷ്ടവുമാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തം. കൂടുതല്‍ കൂടുതല്‍ സാമൂഹിക മൂലധനം ആര്‍ജിച്ച് മുന്നോട്ടു പോകാനുള്ള ഊര്‍ജമായിത്തീരട്ടെ ഇത്തരം വിമര്‍ശനങ്ങള്‍.

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌