Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 04

3166

1442 മുഹര്‍റം 16

ടി.കെ ഹമീദ് മാരേക്കാട്

കാദര്‍കുട്ടി മാരേക്കാട്

മാരേക്കാട് പ്രദേശത്തെ മുഴുവന്‍ പ്രസ്ഥാന ചലനങ്ങള്‍ക്കും പിന്തുണയും ഊര്‍ജവും നല്‍കി സദാ രംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച ടി.കെ ഹമീദ് (67). വിദ്യാഭ്യാസരംഗത്ത് ഒരു പരീക്ഷണമെന്ന നിലയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ് ആരംഭിച്ച ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സിന്റെ ആദ്യകാല പഠിതാവായിരുന്നു അദ്ദേഹം. അവിടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ഹമീദ് തുടര്‍ന്ന് പഠനം നടത്തിയത് നാട്ടിലാണ്. സോജാക്‌സ് കമ്പനിയില്‍ ജോലി നേടാന്‍ ഇസ്‌ലാഹിയയിലെ പഠനം സഹായകമായി. പ്രാസ്ഥാനികമായ ആവേശവും പ്രവര്‍ത്തന കഴിവും നേടിയെടുക്കാന്‍ ചേന്ദമംഗല്ലൂരിലെ പഠനം സഹായിച്ചു.
പ്രാസ്ഥാനികമായി ശക്തമായ അവസ്ഥയിലായിരുന്നില്ല മുമ്പ് മാരേക്കാട്. പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ മജ്‌ലിസ് സിലബസ്സോടെ ഒരു മദ്‌റസ നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ അതിനാവശ്യമായ 20 സെന്റ് സ്ഥലം നല്‍കിയത് ഹമീദ് ആയിരുന്നു. ഭാവി തലമുറയുടെ ഇസ്‌ലാമിക പഠനത്തിനും പ്രസ്ഥാന പരിപാടികളുടെ നടത്തിപ്പിനും ഈ മദ്‌റസ വളരെയേറെ സഹായകമായി. മദ്‌റസ കെട്ടിടവും സ്ഥലവും പില്‍ക്കാല ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായപ്പോഴാണ് ഹല്‍ഖക്ക് ജീവനും ചലനാത്മകതയും കൈവന്നത്. അവധി ദിവസങ്ങളില്‍ മാത്രം നടത്തിയിരുന്ന മദ്‌റസയില്‍നിന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ പഠനപരിശീലനം നേടി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നാട്ടിലും മറുനാട്ടിലുമായി കഴിയുന്ന ഈ പൂര്‍വ വിദ്യാര്‍ഥികളാണ് പ്രസ്ഥാനത്തിന്റെ ആസ്തി.
എല്ലാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഹമീദ് നാട്ടില്‍ ഒരു ടൈപ്പിംഗ്/ട്രാന്‍സ്‌ലേഷന്‍ സെന്റര്‍ ആരംഭിച്ചു. അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ഥാപനം പ്രദേശത്ത് വേറെ ഉണ്ടായിരുന്നില്ല. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനവുമായിരുന്നു ഹമീദ്.
വിപുലമായ വ്യക്തിബന്ധങ്ങളും പ്രവര്‍ത്തന രംഗത്തെ പ്രത്യുല്‍പന്നമതിത്വവും വലിയ മുതല്‍ക്കൂട്ടായിരുന്നു. ഉമ്മയും രണ്ടു പെണ്‍കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം.

 

 

മുഹമ്മദ് ശര്‍ഖി

കാസര്‍കോട് തളങ്കര കെ.കെ പുരം സ്വദേശി മുഹമ്മദ് കെ. അബ്ദുല്ല ശര്‍ഖി ജനസേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ പഴയകാല പ്രവര്‍ത്തകനായ കാസര്‍കോട് അബ്ദുല്ല ശര്‍ഖിയുടെ മകനായ മുഹമ്മദ് ശര്‍ഖി ഇരുപതാമത്തെ വയസ്സിലാണ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. ബംഗളൂരു ഹെന്നൂര്‍ ക്രോസിനടുത്തുള്ള എച്ച്.ബി.ആര്‍ ലേ ഔട്ടില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു മേഖലയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അതിന്റെ ചാരിറ്റി വിംഗ് ആയ ഹിറാ വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്നു.
 ചേരികളില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി 'ഉത്ഭവ്' എന്ന പ്രൊജക്റ്റ് സംവിധാനിച്ച് അവരുടെ വിദ്യാഭ്യാസ ഉന്നതിക്കു വേണ്ടിയുള്ള സഹായങ്ങള്‍ എത്തിച്ചിരുന്നു. പലിശയും വട്ടിപ്പലിശയുമായി കെട്ടുപിണഞ്ഞ് കച്ചവടം തകര്‍ച്ചയിലെത്തുന്ന മലയാളി കച്ചവടക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കര്‍മരേഖകള്‍ തയാറാക്കി പ്രവര്‍ത്തകരെ സജ്ജീകരിക്കുന്നതില്‍ മുഹമ്മദ് ശര്‍ഖി മുന്നിലുണ്ടായിരുന്നു.
നിരവധി വര്‍ഷങ്ങള്‍ കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ച അദ്ദേഹം കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി), ഇസ്‌ലാമിക് പ്രസന്റേഷന്‍ സെന്റര്‍ (ഐ.പി.സി) എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കുവൈത്തിലെ ഇറാഖ് അധിനിവേശക്കാലത്ത് അക്രമാസക്തമായിരുന്നു. തന്റെ കൈയില്‍ കെട്ടിയ വാച്ചിന്റെ കൗതുകം  ഒന്നുകൊണ്ട് മാത്രം ഇറാഖി യുവ സൈനികന്റെ തോക്കില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കഥ വികാരഭരിതനായി അദ്ദേഹം അനുസ്മരിക്കാറുണ്ടായിരുന്നു. തന്റെ ബേക്കറിയുടെ പിന്നിലുള്ള പാതയില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ചത് നേരില്‍ കണ്ട യുദ്ധ ഭീകരതയും, ലോകത്തിലെ ഏറ്റവും വിലയേറിയ കറന്‍സിക്ക് എങ്ങനെയാണ് ഒരൊറ്റ രാത്രികൊണ്ട് എല്ലാ മൂല്യവും നഷ്ടമായതെന്നും ധനികരായ അറബികള്‍ ഖുബ്‌സിനായി ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യവും അദ്ദേഹം ഓര്‍ക്കാറുണ്ടായിരുന്നു.
കുവൈത്തിലെ ഒരു യുഗോസ്ലാവ്യന്‍ ഫാമിലിയുമായുണ്ടായിരുന്ന സൗഹൃദം ബേക്കറി പ്രൊഡക്ഷനില്‍ നൈപുണ്യം നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ഖുബ്‌സുകള്‍ നിര്‍മിച്ച് സൗജന്യമായി തെരുവുകളില്‍ വിതരണം ചെയ്ത് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കോവിഡ് ദുരന്തം ബംഗളൂരുവിലെ ചേരികളില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് കിറ്റുകള്‍ സംഘടിപ്പിച്ച് തന്റെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് വിതരണം ചെയ്യാന്‍ അത്യുത്സാഹം കാട്ടിയിരുന്നു.
 അഞ്ചാറു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു റിപ്പബ്ലിക് ദിനസന്ധ്യയില്‍ ബംഗളൂരു ഹിറാ സെന്ററിലൊരുക്കിയ വട്ടമേശചര്‍ച്ച ഓര്‍ക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ചരിത്രം അതിന്റെ ആധികാരികതയോടെ അദ്ദേഹം അവതരിപ്പിച്ചു. വായനയിലൂടെ നേടിയെടുത്ത വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിതാവ് ആദര്‍ശ പ്രസ്ഥാനത്തിന്റെ ഭാഗമായതെന്ന് മകള്‍ അഡ്വ. മര്‍യം മുനാസ പറഞ്ഞു.
വൈജ്ഞാനികവും സര്‍ഗാത്മകവുമായ നിരവധി കഴിവുകള്‍ അന്തര്‍ലീനമായ വ്യക്തിത്വമായിരുന്നു ശര്‍ഖി സാഹിബെന്ന് പലപ്പോഴും തോന്നിയിട്ടു്.
കുടുംബത്തിന്റെ, വിശിഷ്യാ മകള്‍ അഡ്വ. മര്‍യം മുനൈസയുടെ സാമൂഹികരംഗത്തെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ജി.ഐ.ഒയുടെ സാരഥ്യം ഏറ്റെടുത്ത് പ്രവര്‍ത്തനരംഗത്ത് അവര്‍ വന്നത് അഭിമാനപൂര്‍വം അദ്ദേഹം പങ്കുവെക്കുമായിരുന്നു. മകന്‍ അബ്ദുല്ല. പുത്തൂര്‍ സ്വദേശി മൈമൂനയാണ് ഭാര്യ. കര്‍ണാടക ഹൈക്കോടതി ജഡ്ജി പി.എം നവാസിന്റെ സഹോദരിയാണ് മൈമൂന.  

മുഹമ്മദ് കുനിങ്ങാട്

 


എ.ടി അബൂബക്കര്‍ മാസ്റ്റര്‍

ഇസ്ലാമിക പ്രസ്ഥാനത്തിന് എരമംഗലം പ്രദേശത്ത് പതിറ്റാണ്ടുകള്‍ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു എ.ടി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ട, മാഷ് എന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിച്ചിരുന്ന എ.ടി അബൂബക്കര്‍ മാസ്റ്റര്‍. 1990-കളില്‍ എരമംഗലം ഇസ്ലാമിക് ഗൈഡന്‍സ് ട്രസ്റ്റിന്റെ രൂപീകരണം മുതല്‍ നീണ്ട മുപ്പതു വര്‍ഷക്കാലം അതിന്റെ ചെയര്‍മാനായിരുന്നു. ജമാഅത്തെ ഇസ്ലാമി എരമംഗലം ഹല്‍ഖാ നാസിം, മസ്ജിദുല്‍ ബറക പ്രസിഡന്റ്, ബറക സകാത്ത് ആന്റ് റിലീഫ് കമ്മിറ്റി സെക്രട്ടറി, തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. അധ്യാപകനായിരിക്കെ ലീവെടുത്ത് ഗള്‍ഫില്‍ പോയി. മടങ്ങിവന്ന് ആതവനാട്, കാട്ടിലങ്ങാടി, മൂക്കുതല സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചു. ശേഷം മാറഞ്ചേരി ഹൈസ്‌കൂളില്‍നിന്ന് ഹെഡ് മാസ്റ്ററായാണ് വിരമിച്ചത്. പിന്നീട് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി.
1990-കളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നതുമുതല്‍ ഏല്‍പിക്കപ്പെടുന്ന ഏതു ഉത്തരവാദിത്തവും അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും പ്രചോദനവും ആവേശവുമായിരുന്ന അബൂബക്കര്‍ മാസ്റ്റര്‍ ഇടപഴകിയ എല്ലാവര്‍ക്കും ലോഭമില്ലാതെ സ്നേഹം പകര്‍ന്നുനല്‍കി. തന്നെയാണ് മാഷ് കൂടുതല്‍ സ്നേഹിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും അനുഭവപ്പെടുംവിധം എല്ലാവരെയും സ്നേഹിച്ചു. പ്രായഭേദമന്യേ എല്ലാവരോടും അങ്ങേയറ്റം വിനയത്തോടുകൂടിയായിരുന്നു പെരുമാറ്റം. 
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനും മാതൃകായോഗ്യനുമായ അധ്യാപകനായിരുന്നുവെങ്കില്‍, ജീവിതാവസാനം വരെ വര്‍ധിച്ച താല്‍പര്യത്തോടെ ഖുര്‍ആന്‍ പഠിച്ചിരുന്ന വിദ്യാര്‍ഥി കൂടിയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തോളം ഒന്നിലധികം ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളില്‍ നിരന്തരവും സജീവവുമായ സാന്നിധ്യമായിരുന്നു. ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് നിരന്തരം അന്വേഷിക്കുമായിരുന്നു.
കണക്കുകള്‍ സൂക്ഷിക്കുന്നതിലും പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതിലും പുലര്‍ത്തിയിരുന്ന കൃത്യതയും സൂക്ഷ്മതയും ഏറെ മാതൃകാപരമായിരുന്നു.
ഭാര്യയും നാല് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതില്‍ വളരെയധികം താല്‍പര്യമെടുത്തു.

എം.സി നസീര്‍

Comments

Other Post

ഹദീസ്‌

വേരുള്ള സൗഹൃദങ്ങള്‍
ടി.എം ഇസാം

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (34-37)
ടി.കെ ഉബൈദ്‌