വാക്കുകള്‍ക്ക് വെള്ള പുതപ്പിക്കുന്നതാര്‍?
കൂടത്തായി..
പാലത്തായി...
കേരളമിപ്പോള്‍
നവീന ഭാവുകത്വത്തിന്
പഠിക്കുകയാണ്.
കനം വെച്ചും തിടം വെച്ചും,
രസനയുടെ
ഇടിഞ്ഞുപൊളിഞ്ഞ
ചന്തപ്പറമ്പുകളില്‍
പ്രാസപ്പൊരുത്തത്തിന്റെ
സൗന്ദര്യശാസ്ത്രം
പൊടിപൊടിക്കുന്നു.
ഇപ്പോള്‍
വാങ്മയങ്ങള്‍
മൊരിഞ്ഞ സമൂസയുടെ മണമുള്ള
ഓലപ്പടക്കങ്ങളാണ്.
കോവിഡ് പോലും
എവര്‍ഗ്രീന്‍ എന്ന്
വിളിക്കുന്നതു പോലെ,
പത്തൊമ്പതിന്റെ
പടിവാതിലില്‍നിന്നും
പിറകോട്ടില്ല...
മധുര പത്തൊമ്പതുകാരി!
വായ്ത്താരികള്‍
നോസ്റ്റാള്‍ജിക്
നെയ്പ്പത്തിരിയിലേക്ക്
മൊഴിവഴക്കങ്ങള്‍
പൊരിച്ചുവെക്കുന്നു.
മിന്നല്‍ പിണറായി
ചില
കിളിയൊച്ചകളും
കളിപ്പെരുക്കങ്ങളും
സ്‌തോഭജനക കൊക്കുരുമ്മലും
വായനയിലേക്ക്
വിരുന്നു വരുന്നത്
അങ്ങനെയാണ്.
വായനക്കാരന്റെ ചോയ്‌സ്
ഒരു ക്രിറ്റിക്കിനും ഊമ്പാന്‍
ഇമ്പമുള്ള എല്ലല്ലായ്കയാല്‍
എന്റെയും
നിന്റെയും തോള്‍സഞ്ചികളില്‍
പാതിവെന്ത ലാവണ്യം
ഇനിയും ചേക്കേറും.
നോക്കൂ...
'നല്ല മലയാളം' പാഠ്യപദ്ധതിയിലെ
ചില തലക്കെട്ടുകള്‍:
സരിത
സോളാര്‍
സ്വപ്‌ന
സ്വര്‍ണം
സന്ദീപ്
സരിത്ത്
ഹൗ!
ഈ അഞ്ചഞ്ചും ഷഡ്പദ
വിന്യാസത്തില്‍
എത്രമേല്‍ ഗാഢാശ്ലേഷിത
പ്രാസലാസ്യം!
മുഴുവന്‍ മുത്തി മണത്തുപോവും
മൂവക്ഷരി!
ആദ്യാക്ഷര പ്രാസത്തിന്റെ
മധുരിത മാദക മായികാ ഇഴയടുപ്പം..
ഇതില്‍ ഇതള്‍ വിരിയുന്ന
സ്വപ്‌നസന്നിഭമായ ഇശല്‍ സാന്ദ്രത..
സ്വര്‍ണ സര്‍ഗ പരാഗങ്ങളുടെ
ചടുല ആന്ദോളനം..
ഹായ്!
'കേരള' ത്രിയാക്ഷരത്തിനും
ഛന്ദസ്സിന്റെ ഭ്രമാത്മക ഗന്ധം.
'ഭാരതം'
മുമ്പേ ഇക്കിളിപ്പെടുത്തും
അകം വായനയാണല്ലോ!
എന്താല്ലേ..!
മലയാണ്മയിലും
മലയാളത്തിലുമുണ്ടല്ലോ
ത്രസിപ്പിക്കും
പ്രാസം;
'മ'.
കൊതിപ്പിക്കും രമിപ്പിക്കും മകാരം..
'മനുഷ്യന്‍'...
അവനും മകാരാദിയുടെ
മസാലക്കൂട്ടിലേക്ക്
വരിയുടയ്ക്കപ്പടുന്നവന്‍.
ഉള്‍ക്കനമില്ലാത്ത വായനയിലേക്ക്,
അതിര്‍ത്തിക്കുറ്റികള്‍ ഇളകിത്തെറിച്ച
അന്താക്ഷരിയിലേക്ക്
കൂപ്പുകുത്തുന്നവന്‍.
* *. *. *
പരിഷ്‌കരിച്ച വ്യാകരണ മഞ്ജരിക്ക്
പ്രസാധകര്‍ റെഡി.
കണ്ണുകള്‍
കൊത്തിയരിഞ്ഞു
പാകപ്പെടുത്തിവെച്ചോളൂ.
Comments