Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

സ്വീകരിക്കപ്പെടുന്ന ഹജ്ജ് ഉണ്ടാവേണ്ട കാലം

കെ.പി പ്രസന്നന്‍

ഹജ്ജിനെ കുറിച്ചോര്‍മിക്കണം എന്നൊരാള്‍. 
അതൊക്കെ ഓര്‍മിച്ചു കഴിഞ്ഞല്ലോ?
എന്നാലും ..............?
ഓര്‍മകള്‍ കുഴിക്കുമ്പോള്‍ അദ്ദേഹം എന്നിലേക്കെത്തും. മതം ഉപേക്ഷിച്ചു താന്‍ മനുഷ്യനായി എന്ന് അവകാശപ്പെട്ടിരുന്ന ഒരൊന്നാന്തരം മനുഷ്യന്‍. സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത ജോലി, അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വം, മാത്രവുമല്ല നല്ലൊരു വായനക്കാരന്‍. സാഹിത്യ സദസ്സുകളിലെ സാന്നിധ്യം. മുസ്ലിം പുരോഗമിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് ആളുകള്‍ രഹസ്യമായും പരസ്യമായും പുകഴ്ത്തി. നേര്‍പാതി ആണെങ്കില്‍ ഒരു സാത്വിക. ഭര്‍ത്താവിന്റെ നിഴലായി,  അങ്ങനെ...പുരോഗമനത്തിന്റെ അളവുകോലായി സദസ്സുകളില്‍ തട്ടം തലയില്‍ കയറ്റിയും ഇറക്കിയും അദ്ദേഹത്തിന്റെ കൂടെത്തന്നെ.
    അദ്ദേഹമാണെങ്കില്‍ വെളിയാഴ്ചപോലും പള്ളിയില്‍ പോകാത്തതില്‍ അഭിമാനം കൊണ്ടു. പലിശക്കാരും കൈക്കൂലിക്കാരും നിറഞ്ഞ പള്ളിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പടച്ചോന്‍ ഇഷ്ടപ്പെടില്ല എന്ന് മേനി പറഞ്ഞു. അദ്ദേഹത്തിന് പറയാന്‍ മാത്രം അരുതായ്മകള്‍ സാമുദായിക പരിസരത്ത് നടക്കുന്നുണ്ട് എന്നെനിക്കറിയാമെങ്കിലും അദ്ദേഹം തുറന്നടിക്കുമ്പോള്‍ ഒരു വല്ലായ്മ തോന്നും. അത്രേ ഉള്ളൂ.
ചില നേരങ്ങളിലെ ആകസ്മികതയാല്‍ ഞാനും അദ്ദേഹവും ഒന്നിച്ചിരുന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം മതം ഉപേക്ഷിക്കുന്നതിന്റെ ഒരു പ്രചാരകന്‍ ആയതിനാല്‍ ഞാന്‍ പരുങ്ങലോടെ ആണ് അദ്ദേഹത്തിനു മുന്നില്‍ ഇരിക്കാറ്. പലപ്പോഴും അലമാരയില്‍ പുസ്തകങ്ങള്‍ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ മുഖാമുഖം ഒഴിവാക്കും. ചിലരുടെ ഭാഷയില്‍ ഒരു 'മതംമാറി' പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടല്ലോ. പൗരോഹിത്യ ജീര്‍ണതക്കെതിരെയും മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും ഒക്കെ ആയിരിക്കും അദ്ദേഹത്തിന്റെ ആക്രമണങ്ങള്‍. ചിലപ്പോള്‍ ഇതൊക്കെ പുല്‍കാനല്ലേടോ നീയൊക്കെ.............. എന്നാണോ?
ഏയ് ഇല്ല,  അദ്ദേഹം മാന്യനാണ്. പ്രായമുള്ള ആളാണ്. ഞാന്‍ നല്ലൊരു കേള്‍വിക്കാരനാകും. അതുകൊണ്ടുതന്നെ പരിക്കില്ലാതെ ഞങ്ങളുടെ ബന്ധം തുടര്‍ന്നു. സംഭാഷണം സാഹിത്യത്തിലേക്ക് കടത്തിവിടാന്‍ ഞാനും മതത്തില്‍ തന്നെ തളച്ചിടാന്‍ അദ്ദേഹവും ശ്രമിച്ചുകൊണ്ടുള്ള ട്രിപ്പീസ് കളി തുടരും.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്തൂണ്‍ പറ്റി വിരമിച്ചപ്പോള്‍ ഭാര്യ ആശങ്കയോടെ അദ്ദേഹത്തോട് ഒന്നാവശ്യപ്പെട്ടു; എനിക്ക് ഹജ്ജിനു പോവണം. ഇണയുടെ ആവശ്യം അദ്ദേഹം നിറവേറ്റും എന്ന് വാക്കു കൊടുത്തു. സ്വന്തം ഭാര്യയുടെ മതം സംരക്ഷിക്കാന്‍ നടത്തുന്ന മതേതര പോരാട്ടമായി സാംസ്‌കാരിക സദസ്സുകളില്‍ പ്രസംഗിച്ചു പൊതു സമ്മതനായി. ഹജ്ജിനു പോകുന്നവരെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഞാന്‍ വീണ്ടും അദ്ദേഹത്തിനു മുന്നില്‍.
നേര്‍പാതിക്കു വേണ്ടി ചെയ്യുന്ന ത്യാഗത്തെ കുറിച്ച് അദ്ദേഹം വാചാലനായി. അവിടെ എത്താതെ മരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം എന്ന് തുറന്നു പറഞ്ഞു. മക്ക കാണാനുള്ള കൊതിയില്‍ ഭാര്യ ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നു; ഞാനും.
യാത്ര ദുഷ്‌കരമാവാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ചും അങ്ങേക്ക്. ഒന്നാമത് താല്‍പര്യം ഇല്ലാത്ത യാത്ര. പിന്നെ പ്രായത്തിന്റെ അവശതകള്‍, സര്‍വോപരി തീര്‍ഥാടക ബാഹുല്യം. കഴിയുന്നത്ര പൊരുത്തപ്പെടാന്‍ ശ്രമിക്കുക എന്നൊക്കെ ഞാന്‍ പറയാന്‍ ശ്രമിച്ചു.
എം.ടിയുടെ ഒരു കഥ 'മാതൃഭൂമി'യിലോ അതോ 'കലാകൗമുദി'യിലോ വായിച്ച ശേഷമാണ് ഞാന്‍ പണ്ട് കുടജാദ്രി സന്ദര്‍ശനത്തിനൊരുങ്ങിയത്. കഥയിലെ പ്രണയവും ആര്‍ദ്രതയും ഒക്കെ മനസ്സില്‍ നിറച്ചപ്പോള്‍ മൂകാംബിക, സൗപര്‍ണിക, കുടജാദ്രി, ചിത്രമൂല........ഇതൊക്കെ ആസ്വദിച്ച് യാത്ര ചെയ്യാനായി എന്നദ്ദേഹത്തോടു പറഞ്ഞു. സര്‍വജ്ഞ പീഠത്തിനു മുകളിലേക്കുള്ള യാത്ര ഞാന്‍ വിവരിച്ചു. അതുകൊണ്ട് ഏതായാലും ഒരു കഠിനമായ യാത്രക്കായി ചില ഒരുക്കങ്ങള്‍ നടത്തിക്കൂടേ എന്ന് ചോദിച്ചു. ഞാന്‍ കൊണ്ടു പോയ മൂന്നു പുസ്തകങ്ങള്‍ ആശങ്കയോടെ അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഭാഗ്യം, കൂടുതല്‍ സംസാരമില്ലാതെ അദ്ദേഹം അത് വാങ്ങിവെച്ചു.  എം. എന്‍ കാരശ്ശേരിയുടെയും വാണിദാസിന്റെയും പേരുകള്‍ കണ്ടതുകൊണ്ടാവണം.
'മക്കയിലേക്കുള്ള പാത' - മുഹമ്മദ് അസദ്, വിവ: എം. എന്‍ കാരശ്ശേരി,
'ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം' - വാണിദാസ് എളയാവൂര്,
'ഹജ്ജ്'- അലി ശരീഅത്തി. 
ഈ മൂന്നു പുസ്തകങ്ങള്‍ ആയിരുന്നു ഞാന്‍ സമ്മാനിച്ചത്. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു രാത്രി അദ്ദേഹം എന്നെ വിളിച്ചു.
'ഇത്തരം പുസ്തകങ്ങള്‍ ഒക്കെ മലയാളത്തില്‍ പ്രസിദ്ധീകരിക്കാറുണ്ടോ? യാത്ര കഴിഞ്ഞു വന്നാല്‍ ഇതുപോലുള്ളത് ഉണ്ടെങ്കില്‍ തരണം കേട്ടോ.'
താങ്കള്‍ അന്വേഷിക്കാഞ്ഞിട്ടല്ലേ എന്ന് ഉത്തരം പറയാന്‍ തോന്നിയെങ്കിലും, ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ മിണ്ടാതിരുന്നു. ലൈന്‍ കട്ടായിട്ടില്ല. കുറച്ചു സമയമെടുത്ത് അദ്ദേഹം ഒന്നു കൂടി പറഞ്ഞു:  'കുറേ കാലത്തിനുശേഷം ഞാന്‍ ഒന്ന് നമസ്‌കരിക്കാന്‍ ശ്രമിച്ചു. ഒക്കെ മറന്നു പോയിരിക്കുന്നു. പറ്റുന്നില്ല '
'യാത്രക്ക് തുണയാവണം എന്നേ ഞാന്‍ കരുതിയുള്ളു....' ഞാന്‍ കുറ്റവാളിയെ പോലെ മൊഴിഞ്ഞു.
എന്തായാലും ഹജ്ജ് കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തി. യാത്രാക്ഷീണം ഒക്കെ കഴിഞ്ഞ ഒരവസരത്തില്‍ ഞാന്‍ വീണ്ടും അദ്ദേഹത്തിനു മുന്നില്‍. ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് എന്നെ അദ്ദേഹം കെട്ടിപ്പിടിച്ചു. ഞാന്‍ വല്ലാതായി. ഒരു 'മതംമാറി'യുടെ ജാള്യത എനിക്കപ്പോഴും വിട്ടു പോയിരുന്നില്ല എന്നതാണ് വാസ്തവം.
എന്തൊക്കെയാണ് ഹജ്ജനുഭവങ്ങള്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
'ഈ യാത്ര കുറച്ചു മുന്നേ ആവാമായിരുന്നു.'
ആ വാക്കില്‍ തന്നെ ഒരു സമുദ്രം അദ്ദേഹം ഒളിപ്പിച്ചുവെച്ചിരുന്നു. കൂടുതല്‍ പറയേണ്ട എന്ന് എന്റെ മുഖത്ത് അദ്ദേഹം വായിച്ചിരിക്കും. എങ്കിലും അദ്ദേഹം തുടരുക തന്നെ ചെയ്തു.
പാല്‍ക്കടലായി കഅബക്കു ചുറ്റും മനുഷ്യര്‍ ഒഴുകുന്നത് ലോകത്തിലെ എല്ലാ മനുഷ്യരും കാണേണ്ടതുണ്ട് എന്നാണ് ആദ്യമായി പറഞ്ഞത്.
'അതേ, എല്ലാവരും കാണേണ്ടതുണ്ട്, അറിയേണ്ടതുണ്ട്. അറഫ എന്നാല്‍ തന്നെ തിരിച്ചറിവ് ആണല്ലോ?' ഞാന്‍ കൂട്ടിച്ചേര്‍ത്തു.
മിനായിലെ രാപ്പാര്‍ക്കലിനു ശേഷം കല്ലെറിയാന്‍ പോകേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചതാണ്. പ്രായമുളളവര്‍ വരേണ്ടതില്ല എന്ന് നേതാവ് നിര്‍ദേശിച്ചിരുന്നുവത്രെ. ഈ അനുഭവം ജീവിതത്തില്‍ ഇനിയുണ്ടാവില്ല, ഒന്ന് കണ്ടു നോക്കിക്കൂടെ എന്ന അദ്ദേഹത്തിന്റെ ആവശ്യത്തിന് ഭാര്യയും വഴങ്ങി. അവര്‍ എന്നും അങ്ങനെ ആയിരുന്നല്ലോ. കൈയില്‍ കരുതിയ കടലമണി പോലുള്ള കല്ലുകളുമായി അവര്‍ പരസ്പരം ഊന്നു വടികളായി ജംറയിലേക്ക്. ഇടക്ക് അലകടല്‍ പോലെ ഒരുകൂട്ടം ആളുകള്‍. വന്യമായ കരുത്ത്. അപ്രതീക്ഷിതമായ ചുഴിയില്‍ അവര്‍ പരസ്പരം വേര്‍പെട്ടു. വീണ്ടും വീണ്ടും വന്ന തിരമാലകള്‍ അടിച്ചെവിടെയോ എത്തിച്ചു. അവശത അതിന്റെ പാരമ്യത്തില്‍, കാലിലെ ചെരുപ്പുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. വഴിയിലെ ഒരു കല്ലില്‍ ചാരി ഇരുന്നു. എവിടേക്കു പോകണം എന്ന് നിശ്ചയമില്ലാതെ.... അപ്പോഴും കൈയിലെ കടലമണിക്കുരു പോലുള്ള കല്ലുകള്‍ ചുരുട്ടിപ്പിടിച്ചിരുന്നുവത്രെ. ബോധം മറയുന്നതു പോലെ.....
അപ്പോഴാണ് അവന്‍ എത്തിയത്. കാട്ടിനുള്ളില്‍ നിന്ന് ഇറങ്ങി വന്ന ഘടോല്‍ക്കചന്‍ എന്നാണദ്ദേഹം പറഞ്ഞത്. കറുത്തവന്‍.  അവന്‍ എന്തൊക്കെയോ ചോദിച്ചു. അദ്ദേഹം എന്തൊക്കെയോ പറഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍ അദ്ദേഹത്തെ എടുത്തു ചുമലിലിട്ട് ഒറ്റ നടത്തം. അതിനിടയില്‍ വെള്ളം കുടിപ്പിക്കുകയും, തലയിലേക്ക് കുറച്ചു ഒഴിക്കുകയും ചെയ്തത്രെ. ആളുകളെ വകഞ്ഞു മാറ്റി അവന്‍ ഒറ്റയാനെ പോലെ ജംറയിലേക്ക്. തോളില്‍ അദ്ദേഹവും, വിക്രമാദിത്യന്റെ ചുമലിലെ വേതാളം പോലെ.
അവിടെയെത്തി മനസ്സിലെ എല്ലാ അമര്‍ഷങ്ങളും ആകുലതകളും വരേണ്യതകളും വലിച്ചെറിഞ്ഞു. എറിഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും അനുവാദം ചോദിക്കാതെ എടുത്ത് തിരിച്ചു നടന്നു. മണിക്കൂറുകള്‍ക്കു ശേഷം പലരുടെയും സഹായത്തോടെ ടെന്റില്‍ തിരിച്ചെത്തുമ്പോള്‍ ഭാര്യ തളര്‍ന്നു വീണു കിടക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ക്കും സമാധാനം.
'ഇവന്‍, ഇവനാണ് എന്നെ രക്ഷിച്ചത്.' അദ്ദേഹം അവനെ ചൂണ്ടി പറഞ്ഞപ്പോള്‍
അവന്‍ മുകളിലേക്ക് വിരല്‍ ചൂണ്ടി.
അദ്ദേഹത്തിന്റെ പറച്ചില്‍ നന്ദിവാക്കുകള്‍ ആണെന്ന് തോന്നിയ ആ ഘടോല്‍ക്കചന്‍ അദ്ദേഹത്തിന്റെ ദുര്‍ബലമായ കൈയെടുത്ത് അവന്റെ കവിളില്‍ മാറിമാറി അടിച്ചത്രെ. മുറി ഇംഗ്ലീഷില്‍ അവന്‍ പറഞ്ഞതില്‍നിന്നു ഇത്രേം അദ്ദേഹത്തിന് മനസ്സിലായി:
കുടുംബത്തിന്റെ ഭാരം താങ്ങാന്‍, അറ്റങ്ങള്‍ കൂട്ടിമുട്ടാന്‍ പെടാപ്പാട് പെടുന്ന ഒരഛന്റെ മകനായിരുന്നു അവന്‍. സുഡാനില്‍.. മൂന്നു പെണ്‍കുട്ടികള്‍ക്കിടയില്‍ ഏക ആണ്‍തരി. വയസ്സാവുമ്പോള്‍ ഹജ്ജ് ചെയ്യിക്കണം എന്നതുമാത്രമായിരുന്നു പിതാവിന്റെ ആഗ്രഹം. അത് പലപ്പോഴായി അവനോടു പറഞ്ഞിട്ടുണ്ട്. കൗമാരത്തിന്റെ തിളപ്പില്‍ എന്തോ പറഞ്ഞു അഛനുമായി തെറ്റി വീടു വിട്ടിറങ്ങി. പല അരുതായ്മകളിലും മുങ്ങിത്താണു. എപ്പോഴോ തിരിച്ചറിവുണ്ടായി വീട്ടിലേക്കെത്തിയപ്പോള്‍ അഛന്‍ പോയിരിക്കുന്നു, തിരിച്ചുവരാത്ത ലോകത്തേക്ക്. ബാക്കിയായ ആ കടം വീട്ടാന്‍ മാത്രമാണ് നിങ്ങളെ പോലുള്ള വൃദ്ധരെ കാണുമ്പോള്‍ ഞാന്‍ സഹായത്തിനെത്തുന്നത്. നിങ്ങളുടെ പ്രായത്തിലുള്ളവരെ കാണുമ്പോള്‍ എനിക്ക് എന്റെ പിതാവിനെ ഓര്‍മവരും, അദ്ദേഹത്തിനു വേണ്ടി നിങ്ങളെ സഹായിച്ചാല്‍ പടച്ചവന്‍ എന്റെ പാപങ്ങള്‍ പൊറുത്തുതന്നേക്കാം. അതവന്റെ ജീവിത ലക്ഷ്യമായി കഴിഞ്ഞെന്ന്.
അത്രയും കരുത്തനായ അവന്‍ കരയുകയാണ്............
അദ്ദേഹത്തിനും കരയാന്‍ തോന്നിയത്രെ. ഒരുപാട് നാളുകള്‍ക്കു ശേഷം ഏങ്ങിയേങ്ങി കരഞ്ഞു. ഓരോരുത്തരും അവരുടെ ദിശ കണ്ടെത്തുന്ന ചില ദൃഷ്ടാന്തങ്ങള്‍ പടച്ചവന്‍ പലയിടത്തും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കണ്ണുള്ളവര്‍ക്ക് കാണാം. ഹൃദയവും തുറക്കണം എന്ന് മാത്രം.
കരയൂ കരയൂ
കണ്ണീര്‍ നിന്നെ തഴുകും
കണ്ണീര്‍ നിന്നെ കഴുകും (റൂമി).
അദ്ദേഹവും ഇന്നില്ല. തിരിച്ചറിവിനും  തിരുത്തലിനും സാധിക്കുന്ന ചില വിശിഷ്ട ജന്മങ്ങളുണ്ട്. അതിലൊന്നായി അദ്ദേഹത്തെ കൂട്ടാനാണ് എനിക്ക് താല്‍പര്യം.
നമുക്കും ആ ഭാഗ്യം തന്നു പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

*  *  *  *
ട്രാഫിക് കുരുക്കുകളിലൂടെ, അല്ലെങ്കില്‍ വഴിയോരങ്ങളിലൂടെയൊക്കെ സഞ്ചരിക്കുമ്പോള്‍ 'യാ ഹാജ്, യാ ഹാജ്' എന്നാണ് അഭിസംബോധന. പോലീസുകാരും ടാക്‌സിക്കാരുമൊക്കെ അങ്ങനെത്തന്നെയാണ് വിളിക്കുന്നത്.  വര്‍ഷങ്ങള്‍ക്കു മുമ്പ് ഹജ്ജ് ചെയ്യാനായി മക്കയില്‍ എത്തിയ കാലത്തെ കുറിച്ചാണ്.
അറഫയില്‍ നിന്ന് കഅ്ബയിലേക്കുള്ള കാല്‍നടയില്‍, ക്ഷീണിച്ചും കിതച്ചും ഉള്ള ഇടവേളകളിലൊക്കെ  വെള്ളക്കുപ്പിയും ഭക്ഷണപ്പൊതിയും ആയി കാത്തു നിന്ന നാട്ടുകാര്‍  വിളിച്ചതും അതു തന്നെ.  ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന്  വന്ന  വിവിധ വര്‍ണമുള്ളവരും, വിവിധ സംസ്‌കാരമുള്ളവരും   ഒക്കെ ഒരേ പേരില്‍ അടയാളപ്പെടുത്തപ്പെടുന്നു. ഒരേ പോലുള്ള വസ്ത്രം ധരിച്ച്, ഒരേ വെള്ളം കുടിച്ച്, ഇങ്ങനെ...എല്ലാവര്‍ക്കും ഒരേ പേര്, ഹാജി!
നമ്മുടെ നാട്ടിലൊക്കെ ഹജ്ജ് ചെയ്തു വന്നവരെയാണല്ലോ ഹാജി എന്ന്  വിളിക്കാറുള്ളത്, പിന്നെയെന്താണ് ഹജ്ജ് നിര്‍വഹിക്കും മുമ്പേ തന്നെ എല്ലാവരെയും ഇവിടെ  ഇങ്ങനെ  അഭിസംബോധന ചെയ്യുന്നത് എന്നൊരാളോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഹജ്ജ് ഉദ്ദേശിച്ചവനാണ് ഹാജി. നിങ്ങളൊക്കെ ഹജ്ജ് ഉദ്ദേശിച്ചിവിടെ എത്തിയവരാണെന്ന ധാരണയിലാണ് അങ്ങനെ വിളിക്കുന്നത്.' മക്കയില്‍ അക്കാലത്ത് വരുന്നവരെയൊക്കെ  അവര്‍ ഏത് ഉദ്ദേശ്യത്തിലാണെങ്കില്‍ പോലും അങ്ങനെ മാത്രം വിളിക്കുന്നതില്‍ പോലുമുണ്ടൊരു സൗന്ദര്യം. അതേ, ഹജ്ജെന്ന  മഹാ സമ്മേളനത്തില്‍ നിന്ന് മനുഷ്യരാശിക്ക് പെറുക്കിയെടുക്കാന്‍ അങ്ങനെ പലതും ഉണ്ടാവുമെന്നുള്ളതു കൊണ്ടു തന്നെയാണല്ലോ അല്ലാഹു അവന്റെ ഇബ്‌റാഹീം പ്രവാചകനോട് ഹജ്ജിനു വേണ്ടി ആളുകളെ വിളിക്കാന്‍ കല്‍പ്പിച്ചത്, അവര്‍ കാല്‍നടക്കാരായും  വിവിധതരം യാത്രാ വാഹനങ്ങളിലുമൊക്കെ  അവിടെയെത്തി ഒത്തുചേരണമെന്ന്  ആഗ്രഹിച്ചത്.  എല്ലാവര്‍ക്കും  ഒരേ പാഥേയം; തഖ്വ, സൂക്ഷ്മതയുള്ള ജീവിതം.
അതുള്ളവര്‍ മാത്രം അല്ലെങ്കില്‍ അതുള്ള ജീവിതം നയിക്കാന്‍ കൊതിക്കുന്നവര്‍ മാത്രം അങ്ങോട്ട് ചെന്നാല്‍ മതിയെന്ന്!
മനുഷ്യരെയാണ് വിളിക്കുന്നത്. വിളിച്ചത് അബ്രഹാം പ്രവാചകനാണ്. ലോകത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പ്രതിനിധി. ജൂത, ക്രൈസ്തവ, ഇസ്ലാം മതധാരകളിലൊക്കെ അബ്രഹാം പ്രവാചകന്‍ വല്ലാതെ ആദരിക്കപ്പെടുന്നു. മുത്ത് നബി പോലും ഒരുവേള ഇബ്‌റാഹീം നബിയെ പോലെ  എല്ലാ ജനങ്ങളും തന്നെയും ഇഷ്ടപ്പെടണമെന്നു കൊതിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍  ഇബ്‌റാഹീം നബിയെ   അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്നു പോലും വിശേഷിപ്പിച്ചു. മനുഷ്യനും ദൈവവുമായുള്ള ആ കൂട്ടിന്റെ നിദര്‍ശനമെന്നോണം മനുഷ്യരുടെ സൗഹൃദം പൂത്തു വിരിയാന്‍ കൂടിയാണ് ഹജ്ജ് കാലം. 
മാല്‍കം എക്‌സ്  ഇത് മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്. കറുത്തവരുടെ ഇസ്ലാമെന്ന പ്രതി വംശീയതയുടെ വക്താവായിരിക്കുമ്പോളാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് ഹജ്ജിനായി മക്കയില്‍ എത്തുന്നത്. വേട്ടക്കാരായ വെള്ളക്കാരെ പിശാചിന്റെ പ്രതിരൂപമായി പോലും പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു വര്‍ണവിവേചനത്തിനെതിരായുള്ള പോരാട്ടങ്ങളില്‍  അദ്ദേഹം മുഴുകിയിരുന്നത്. വെളുത്തവരും കറുത്തവരും തമ്മിലുള്ള പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ലല്ലോ.
'നേഷന്‍ ഓഫ് ഇസ്ലാം' സന്നിവേശിപ്പിച്ച  വെളുത്തവരോടുള്ള വെറുപ്പ് എന്ന  വര്‍ഗീയത ഹജ്ജിലൂടെ അദ്ദേഹത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഏതു നിറമായാലെന്ത്! ഒന്നിന്റെ പേരിലും അഭിമാനിക്കാനോ ഇകഴ്ത്തപ്പെടാനോ ഉള്ളതല്ല മനുഷ്യന്‍ എന്ന ഇസ്ലാമിക സൗന്ദര്യം അദ്ദേഹം ഹജ്ജില്‍ അനുഭവിച്ചറിഞ്ഞു. വിവിധ രാജ്യക്കാരായ വെളുത്തവരും  ചുവന്നവരും കറുത്തവരും ഒക്കെ ഒരാദര്‍ശത്തിന്റെ വക്താക്കളായി സാഹോദര്യം നുണയുമ്പോള്‍, ഹാര്‍ദമായി ആശ്ലേഷിക്കുമ്പോള്‍  വര്‍ണവിവേചനത്തിന്റെ പരിക്കുകള്‍  ഉണക്കാനും മാറ്റാനുമുള്ള ഔഷധം അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അതേ,  വെള്ളക്കാരനും മനുഷ്യനാവാമെന്ന്.
ഏവരോടും മനുഷ്യനാവാനുള്ള ക്ഷണമായി അദ്ദേഹത്തിന് ഹജ്ജിനെ അനുഭവിക്കാനായി എന്നു തന്നെയാണ് പറഞ്ഞത്. കറുത്തവരും വെളുത്തവരും ഒക്കെ ഉള്‍ക്കൊള്ളേണ്ട ആശയം.
ഇതേ ആശയം അലി ശരീഅത്തിയും മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്. മീഖാത്തില്‍ വെച്ച് ഇഹ്റാം കെട്ടുന്നതോടെ നിങ്ങള്‍ ചെന്നായ അല്ലാതാവുന്നു, കുറുക്കനല്ലാതാവുന്നു, എലി അല്ലാതാവുന്നു എന്നൊക്കെയാണ് ഈ ദാര്‍ശനികന്‍ എഴുതിയിരിക്കുന്നത്. ഹജ്ജിനു പോവുമ്പോള്‍ ഒരുവന്‍ എന്താണ് എന്നതല്ല കാര്യം. എന്താവുന്നു, എന്തായിത്തീരാന്‍ പോവുന്നു എന്നതൊക്കെയാണ്  കാര്യം.
അല്ലാഹുവിലേക്കാണ് നമുക്ക് ഒടുവില്‍ മടങ്ങേണ്ടതെന്നുള്ള ബോധം ജീവിതസംസ്‌കാരമായി മാറേണ്ടതുണ്ട്.  ഈ യാത്രയില്‍ മരണം സംഭവിക്കുകയാണെങ്കില്‍ അതു തന്നെ പുണ്യം എന്നു പോലും കരുതുന്നവരുണ്ട്.  ഇനി ഇഹലോക ജീവിതത്തിലേക്ക് മടങ്ങാനാണ് നിയതിയെങ്കില്‍ അപ്പോള്‍  ജനിച്ച കുഞ്ഞിന്റെ  നിഷ്‌കളങ്കതയോടെ  വേണം മടങ്ങാന്‍. എല്ലാ കാപട്യവും ഊരിയെറിയാന്‍ തയാറാവുന്നവര്‍ക്ക് റബ്ബ്  അതിനുള്ള അവസരം നല്‍കും; സ്വീകരിക്കപ്പെട്ട ഹജ്ജിലൂടെ.
നോക്കൂ;  സാഹോദര്യം, മനുഷ്യ വംശത്തിന്റെ ഏകത എന്നിവയൊക്കെ ബോധപൂര്‍വം സ്ഥാപിക്കാനുള്ള കുറേ അടയാളങ്ങളെയാണ് ഹജ്ജ് ബാക്കിവെക്കുന്നത്. വിവിധ ദേശങ്ങളില്‍ നിന്നുള്ള ലോക ജനതയുടെ പരിഛേദങ്ങളെ ഒന്നിച്ച് അഭിസംബോധന ചെയ്യുന്ന അറഫ. ഒറ്റ ദിവസത്തെ നഗരിയാണത്. അവിടെ നിന്ന് തിരിച്ചറിവ് നേടി തിരിച്ചുവന്ന് മനുഷ്യസാഹോദര്യത്തിന്റെ മഹാഗാഥകള്‍ പാടേണ്ടവരായിരുന്നു ഹാജിമാര്‍. പക്ഷേ പേരിനൊടുവിലെ വാലും മക്കയില്‍ നിന്ന് കൊണ്ടുവന്ന സംസം വെള്ളവും മാത്രമാണോ പലരും ബാക്കിയാക്കിയത്?
അങ്ങനെ ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്..  ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് എന്ന പതുക്കെയും ഉറക്കെയുമുള്ള  മന്ത്രങ്ങളാല്‍ മുഖരിതമാവേണ്ട  മക്കയും അറഫയും മുസ്ദലിഫയും ഒക്കെ ഇത്തവണ വിജനമായിരിക്കുമോ? നിയന്ത്രിതമായ രീതിയില്‍ ഹജ്ജ് നിര്‍വഹിക്കപ്പെടും എന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്. ആഘോഷത്തോടെ നിര്‍വഹിക്കപ്പെട്ട ഒരുപാട് ഹജ്ജിനുള്ള അവസരങ്ങള്‍ തന്നിട്ടും അതിന്റെ ലക്ഷ്യങ്ങള്‍ വേണ്ട രീതിയില്‍ നിറവേറ്റപ്പെടാതിരിക്കുമ്പോഴുള്ള പടച്ചോന്റെ ചെവിക്കു പിടിക്കല്‍ ആണോ ഈ ജീവിതാവസ്ഥകള്‍? ആത്മവിമര്‍ശനത്തിനും ആത്മപരിശോധനക്കുമുള്ള ദിനങ്ങള്‍ കൂടിയാണല്ലോ മഹാമാരിയുടെ കാലം.
ഒരുപാട് പേര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പറ്റാത്ത സങ്കടത്തിലാവും. തുടര്‍ച്ചയായി ഹജ്ജ് നിര്‍വഹിക്കുന്ന ചിലരൊക്കെ  ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ജനബാഹുല്യം അതിനെയൊക്കെ നിയന്ത്രിക്കാന്‍ അധികാരികളെ ഇപ്പോള്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഒരുപാടു ഹജ്ജുകളൊക്കെ ചെയ്ത പോരിശ പറഞ്ഞ ആളുകളും ഉണ്ടല്ലോ. മുത്ത്  നബി ഒരേയൊരു  ഹജ്ജ് ആണ് ചെയ്തത് എന്നത് മറന്നും പോയിരിക്കുന്നു. നഷ്ടപ്പെട്ടുപോയ ഹജ്ജുകള്‍ മനോഹരമായി ചിത്രീകരിക്കപ്പെട്ട ചരിത്രകഥകളുമുണ്ട് .
'ആദാമിന്റെ മകന്‍ അബു'വെന്ന സിനിമയിലൂടെ,   പോകാനാവാത്ത  ഹജ്ജിന്റെ വിലാപം നാം അനുഭവിച്ചതാണ്.  ആ വേദന അദ്ദേഹം ഒഴുക്കിക്കളയുന്നതു പോലും മുറിച്ചുകളഞ്ഞ വീട്ടുമുറ്റത്തെ പ്ലാവിന് പകരമായി ഒരു തൈ നടുന്നതിലൂടെയാണ്. നാം ഉണ്ടാക്കിവെച്ച ഏതൊരു മുറിവിനെയും, അത് മനുഷ്യരിലായാലും  പ്രകൃതിയിലായാലും സര്‍ഗാത്മകമായി ഉണക്കിക്കൊണ്ടും, പുതിയ നാമ്പുകള്‍ നട്ടുകൊണ്ടും തന്നെയാണ് ഹജ്ജിന്റെ ആത്മാവിനെ കണ്ടെത്തേണ്ടത് എന്നു കൂടി വായിച്ചെടുക്കാവുന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്. അതേ, ചെയ്യപ്പെടാത്ത ഹജ്ജിനും  ചില കാര്യങ്ങള്‍ പഠിപ്പിക്കാനുണ്ട്.
കാലങ്ങളായി ചെരുപ്പ് തുന്നി അതില്‍ നിന്ന് ഒരുക്കൂട്ടി ഹജ്ജിനായി തയാറെടുത്ത ആ ചെരുപ്പുകുത്തിയില്ലേ. തന്റെ ജീവിതാഭിലാഷമായ യാത്രക്കായി  ഇറങ്ങുമ്പോള്‍ അയല്‍പക്കത്തുളള വീട്ടുകാരിയോട് യാത്രപറയാന്‍ ഇറങ്ങിയതാണ്. കാര്യം പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ കൂടെ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ അയാള്‍ ആഗ്രഹിച്ചു കാണണം. ഒരുപക്ഷേ അടുപ്പില്‍ വേവുന്ന ഇറച്ചിയുടെ ഗന്ധമോ  അല്ലെങ്കില്‍ ഒരുമിച്ച്  ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന പുണ്യത്തെ കുറിച്ചുള്ള ആഗ്രഹമോ ആയിരിക്കണം. പക്ഷേ അയാള്‍ ക്ഷണിക്കപ്പെട്ടില്ല. അതിന്റെ വേദന പോലും പറഞ്ഞു പൊരുത്തം വാങ്ങിച്ചു തന്നെ അയാള്‍ക്ക് യാത്ര പോകേണ്ടതുണ്ടായിരുന്നു. അതേ, ഒരു കറയും ബാക്കി വെക്കാതെ ആണല്ലോ ഹജ്ജിനായി പോവേണ്ടത്.
അപ്പോഴാണ് ക്ഷണിക്കപ്പെടാതിരുന്നതിന്റെ കാരണം ആ സഹോദരി വെളിപ്പെടുത്തിയത്. കുറേ ദിവസമായി പട്ടിണിയിലായ അനാഥരായ അവരുടെ  മക്കളുടെ വിശപ്പ് കാണാന്‍ വയ്യാതെ തെരുവില്‍ ചത്തു കിടന്ന ഒരു പട്ടിയുടെ മാംസമാണ് അവര്‍ പാചകം ചെയ്യുന്നത്. അവര്‍ക്കു അനുവദനീയമെങ്കിലും, ഹജ്ജ് യാത്രക്കായി തയാറായി നില്‍ക്കുന്ന അവരുടെ സഹോദരനെ കൊണ്ട് ഈ ഭക്ഷണം തീറ്റിക്കാന്‍ അവരുടെ മനസ്സ് സമ്മതിച്ചില്ലെന്ന്!
നമ്മുടെ ചെരുപ്പ് കുത്തി ഹജ്ജിനായി കരുതിവെച്ച ധനം മുഴുവന്‍  അവര്‍ക്കു ദാനം ചെയ്തു മടങ്ങി പോവുന്നു. അയല്‍വാസി പട്ടിണി കിടന്നപ്പോള്‍ ഹജ്ജിനൊരുങ്ങിയ പാപിയായി പോവുമോ എന്ന നെടുംഖേദത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ച അല്ലാഹുവിനു സ്തുതി പറഞ്ഞും കാണണം.  ആ വര്‍ഷം നിര്‍വഹിക്കപ്പെട്ട ഒരായിരം ഹജ്ജുകളില്‍ നിന്ന് ഈ ഒരേയൊരു ഹജ്ജാണ് സ്വീകരിക്കപ്പെട്ടിട്ടുളളത് എന്ന 'ഇല്‍ഹാം'  ഏതോ ഒരു പുണ്യപുരുഷനുണ്ടാവുകയും, അദ്ദേഹം അയാളെ തേടിപ്പിടിച്ച് നമ്മുടെ ചെരുപ്പു കുത്തിയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ചരിത്രത്തിനു ഈ കഥ സമ്മാനിക്കപ്പെടുന്നത്.
അതേ, ചെയ്യപ്പെടാത്ത ഹജ്ജിനുള്ള സ്വീകാര്യത ആണല്ലോ വിഷയം. ചെയ്തു എന്ന കരുതിയ ഒരുപാട് ഹജ്ജുകളേക്കാള്‍ അത് മികച്ചുനിന്നത് ചുറ്റുവട്ടത്തുള്ള ദൈന്യത തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഈ ചരിത്ര പാഠം  മുന്നിലിട്ടു തന്നു കൂടിയല്ലേ ചെയ്യപ്പെടാത്ത ഒരു പാട് ഹജ്ജുകള്‍ ഉള്ള ഈ കൊറോണാ കാലം നമ്മുടെ മുന്നിലുള്ളത്.  അപ്പോള്‍ ഹജ്ജ് സ്വീകരിക്കപ്പെടാന്‍ എന്തു ചെയ്യണം?  ഉത്തരം വായനക്കാരില്‍ നിറഞ്ഞു എന്ന് കരുതട്ടെ. ചുറ്റുമുള്ള സഹജീവികളോടുള്ള കരുതലിലും ദീനാനുകമ്പയിലും കൂടി ലബ്ബൈക് വിളികള്‍ ഉയരുന്നുണ്ടെന്ന തിരിച്ചറിവാകട്ടെ ഈ കോവിഡ് ഹജ്ജ് കാലം.
പടച്ചവന്‍ ആരാധനാലയങ്ങളിലോ പുണ്യസ്ഥലങ്ങളിലോ ഉണ്ടെന്ന്  ഇസ്ലാം ഘോഷിക്കുന്നില്ല.  അതൊക്കെ സാമൂഹികതയുടെ തുറവുകളായി, മനുഷ്യരുടെ ആത്മീയവും ഭൗതികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ കേന്ദ്രമായി, നാഗരികതയുടെ ചിഹ്നങ്ങളൊക്കെയായി വിരാജിക്കുന്നു. പക്ഷേ കോവിഡ് എന്ന കാലവും പടച്ചോന്റെ വിധി തന്നെ. ആരാധനാലയങ്ങള്‍ താഴിട്ടിരിക്കുന്നു, തീര്‍ഥാടന കേന്ദ്രങ്ങള്‍ തല്‍ക്കാലം ഇങ്ങോട്ടു വരേണ്ടതില്ല എന്ന് പറയുന്നു. ഉള്ളിലേക്കൊതുങ്ങുമ്പോള്‍ വികസിക്കേണ്ടുന്ന ചില ഉള്‍ക്കാഴ്ചകള്‍ക്കു കൂടി വേണ്ടിയാവില്ലേ അത്? വീടകങ്ങളിലേക്കു വന്നു പടച്ചോനെയും ആരാധനകളെയും നാം വേണ്ട രീതിയില്‍ പരിഗണിച്ചുവോ?
തീര്‍ഥയാത്രകള്‍  മുടങ്ങുമ്പോഴും ഉണ്ടാവുമല്ലോ ചില ബാക്കിയാവലുകള്‍,   സമയമായും  സമ്പത്തായും  ഒക്കെ. ഈ  ബാക്കികളൊക്കെ അരികുവത്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് അത്താണിയായി വികസിപ്പിക്കേണ്ടുന്ന ആത്മീയത കൂടിയല്ലേ ഈ കാലം നമ്മോട് ആവശ്യപ്പെടുന്നത്?
അതേ, ഒരുപാട് സ്വീകരിക്കപ്പെടുന്ന ഹജ്ജുകള്‍ ഉണ്ടാവേണ്ട കാലം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്