Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ വേണം

എം.ഐ അനസ് മന്‍സൂര്‍

ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ നിലവാര മാനദണ്ഡങ്ങളെ കുറിച്ചും കോവിഡാനന്തര വിദ്യാഭ്യാസ സ്ട്രാറ്റജികളെ കുറിച്ചും പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. വൈജ്ഞാനിക രംഗത്തെ പരിഷ്‌കാരങ്ങള്‍ നിരന്തരമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്. പഠന-വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയെ കുറിച്ച് പുതിയ ചിന്തകള്‍ രൂപപ്പെടുത്താന്‍ ഉണര്‍വേകുന്ന ലേഖനങ്ങളാണവ.
ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ വിശാലമായ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. നിലവില്‍ ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് മാത്രമാണ് വ്യവസ്ഥാപിത ദീനീ വിദ്യാഭ്യാസത്തിനു അവസരം ലഭിക്കുന്നത്. ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും ഇസ്‌ലാമിക പഠനം കുട്ടിക്കാലത്ത് നേടിയ മദ്‌റസാ വിദ്യാഭ്യാസത്തില്‍ പരിമിതമാണ്. വളരെ ഗൗരവത്തില്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട ഇസ്‌ലാമിക അധ്യാപനങ്ങളെയും അടിത്തറകളെയും കുറിച്ച് പഠിക്കുന്നത് ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പോലും തുടങ്ങാത്ത പ്രായത്തിലാണ്. അഥവാ, ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഇസ്‌ലാമിക വിദ്യാഭ്യാസം എന്ന ബാധ്യതയില്‍നിന്ന് പുറത്തു പോകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ക്വാളിറ്റിയുള്ള ഇസ്‌ലാമിക വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കുന്നതിനായി വ്യത്യസ്ത പ്രായോഗിക വഴികള്‍ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 
മെഡിക്കല്‍ - എഞ്ചിനീയറിങ്- പ്രഫഷനല്‍  കോളേജുകളിലെയും മറ്റു എയ്ഡഡ്-അണ്‍ എയ്ഡഡ് സ്ഥാപങ്ങളിലെയും യൂനിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നേടാന്‍ സാഹചര്യമൊരുക്കുക എന്നതില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നത് വിശകലന വിധേയമാക്കണം. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആഴമേറിയതും സൂക്ഷ്മവുമായ ഇസ്‌ലാമിക വിദ്യാഭ്യാസം നേടുമ്പോള്‍, മെഡിക്കല്‍- പ്രഫഷനല്‍ കോഴ്സുകളും ആര്‍ട്‌സ് ആന്റ് സയന്‍സ് കോഴ്സുകളും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്ലാമികാടിത്തറകളെ കുറിച്ച് സാമാന്യ വിദ്യാഭ്യാസം വ്യവസ്ഥാപിതമായി ലഭിക്കുന്നതിനു വേണ്ടിയുള്ള ചിന്തകള്‍ വികസിക്കേണ്ടതുണ്ട്. ഇത്തരം നീക്കങ്ങളിലൂടെ ഇസ്‌ലാമിക വിഷയങ്ങളിലും അടിത്തറകളിലും കൃത്യമായ കാഴ്ചപ്പാടും നിലപാടുമുള്ള പ്രഫഷണലുകളെയും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെയും രൂപപ്പെടുത്താന്‍ നമുക്ക് സാധ്യമാവും. 
പൊതു വിദ്യാഭ്യാസ  മേഖലയില്‍ റെഗുലര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായി പഠിക്കുമ്പോള്‍ തന്നെ വ്യവസ്ഥാപിത ഇസ്‌ലാമിക വിദ്യാഭ്യാസത്തിനായി അവസരം ലഭിക്കുന്ന ചില ഉദാഹരണങ്ങള്‍ കേരളത്തില്‍ കാണാന്‍ കഴിയും. തിരൂര്‍ക്കാട് ഇലാഹിയ കോളേജിനു കീഴിലെ പ്രഫഷനല്‍ ആന്റ് ഇസ്‌ലാമിക് കോഴ്‌സ് (പി.ഐ.സി), വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹാജി സാഹിബ് ഇന്‍സ്റ്റിറ്റിയൂട്ട്  ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് എന്നിവ അതില്‍ പെട്ടതാണ്. യൂനിവേഴ്‌സിറ്റി അംഗീകൃത കാമ്പസില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിനായി വ്യക്തമായ കരിക്കുലം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പഠന രീതികളാണ് ഇരു സ്ഥാപനങ്ങളും സംവിധാനിച്ചിരിക്കുന്നത്. ഇത്തരം  മാതൃകകള്‍ അംഗീകൃത മെഡിക്കല്‍ -പ്രഫഷനല്‍ സ്ഥാപനങ്ങളുമായും എയ്ഡഡ് - അണ്‍ എയ്ഡഡ് കോളേജുകളുമായും ബന്ധപ്പെട്ട് വ്യാപിപ്പിക്കേണ്ട കാലമാണിത്.
വിശാലമായ സാധ്യതകളാണ് ഇത്തരം പുതു രീതികളിലൂടെ വിദ്യാര്‍ഥിക്കും സ്ഥാപനത്തിനും ലഭിക്കുന്നത്. ധാരാളം പ്രോഗ്രാമുകള്‍ ഉള്ള സ്ഥാപനത്തില്‍ ഇഷ്ടമുള്ള പ്രോഗ്രാം തെരഞ്ഞടുത്ത് പഠിക്കാനുള്ള അവസരത്തോടൊപ്പം ഇസ്‌ലാമിക പഠനത്തിനും സാഹചര്യം ഒരുങ്ങുന്നു. ബിരുദ- ബിരുദാനന്തര ഇസ്‌ലാമിക വിദ്യാഭ്യാസമടക്കം അഞ്ചു വര്‍ഷത്തേക്കാണ് ഇരു സ്ഥാപനങ്ങളും തങ്ങളുടെ പ്രോഗ്രാം കരിക്കുലം തയാറാക്കിയിരിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിക്കാനും രാഷ്ട്ര പുരോഗതിയുടെ മാര്‍ഗത്തില്‍ ക്രിയാത്മക പങ്കു വഹിക്കാനും യോഗ്യതയുള്ള തലമുറകള്‍ക്ക്  രൂപം കൊടുക്കുന്ന പുതിയ ഒരു രീതിയാണിത്.  
ആ.ആ.അ, ആ.ഇ.അ, ആ.ടര., ആ.ഇീാ., ആ.അ തുടങ്ങിയ യൂനിവേഴ്‌സിറ്റി പ്രോഗ്രാമുകളില്‍ റെഗുലര്‍ രീതിയില്‍ പഠിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍, ഹദീസ്, അഖീദ, ഫിഖ്ഹ്, ഇസ്‌ലാമിക ചരിത്രം, ഉലൂമുല്‍ ഖുര്‍ആന്‍, ഉലൂമുല്‍ ഹദീസ്, ഇസ്‌ലാമിക നവോത്ഥാനം, മത-രാഷ്ട്രീയ ചിന്തകളുടെ താരതമ്യ പഠനം, സോഷ്യല്‍ വര്‍ക്ക്, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്‌ലാമിക രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നേറാന്‍ പ്രഫഷനല്‍ ആന്റ് ഇസ്‌ലാമിക് കോഴ്സിലൂടെ അവസരമൊരുങ്ങുന്നു. സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യമാകുന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇലാഹിയ ഡിജിറ്റല്‍ ലൈബ്രറി ഈ പ്രോഗ്രാമിന്റെ മറ്റൊരു സവിശേഷതയാണ്. പ്രധാന അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളുടെ വിശാലമായ ഇ ലൈബ്രറികളുടെ കവാടങ്ങള്‍ ഈ ഡിജിറ്റല്‍ ലൈബ്രറിയിലൂടെ വിദ്യാര്‍ഥികള്‍ക്കായി  തുറക്കപ്പെടുന്നു. ഇത് വിദ്യാര്‍ഥികളുടെ ഗവേഷണാത്മക മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുന്നു. 
അധ്യയന വര്‍ഷത്തിന്റെ ആദ്യാവസാനങ്ങളില്‍ ട്രിഗര്‍, എപ്പിലോഗ് എന്നീ പേരുകളില്‍ അക്കാദമിക് ക്യാമ്പുകളും നടത്തപ്പെടുന്നു്. ഇത്തരം ക്യാമ്പുകളുടെ നടത്തിപ്പിനായി സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായും ഇലാഹിയ കൈകോര്‍ത്തിട്ടുണ്ട്. ഫലസ്ത്വീന്‍ സ്വാതന്ത്ര്യ പോരാളിയും ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാ സംവിധായകനുമായ ഇമാദ് ബുറന്ത്, ഫലസ്ത്വീന്‍  ആക്ടിവിസ്റ്റുകളായ അനസ് കര്‍മി, മഫാസ് സ്വാലിഹ്, കനേഡിയന്‍ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് അഹ്മദ് കുട്ടി, ഫാഷിസ്റ്റ് വിരുദ്ധ മുന്നണി പോരാളി ഡോ. കഫീല്‍ ഖാന്‍ തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് അക്കാദമികവും വ്യക്തിപരവുമായ വളര്‍ച്ചക്കും വികാസത്തിനും മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാനായി  പി.ഐ.സി വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച മറ്റൊരു സംവിധാനമാണ് ലൈഫ് കോച്ചിംഗ് പ്രോഗ്രാം. വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായ കഴിവുകളെയും യോഗ്യതകളെയും കണ്ടെത്തി അവര്‍ക്ക് പുതിയ തിരിച്ചറിവും വഴിയും സമ്മാനിക്കാന്‍ ഈ പ്രോഗ്രാം കൊണ്ട് കഴിയുന്നു. 
ബിരുദ പഠനത്തിനു ശേഷം ഈ  പ്രോഗ്രാമിലെ വിദ്യാര്‍ഥികള്‍ ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളിലും കാമ്പസുകളിലും പോയി പഠിക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ പ്രഫഷനല്‍ ആന്റ് ഇസ്‌ലാമിക് കോഴ്‌സ് ബിരുദാനന്തര ബിരുദ പഠനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും പ്രഫഷനല്‍ ആന്റ് ഇസ്‌ലാമിക് കോഴ്‌സ് പോസ്റ്റ് ഗ്രാജ്വേഷന്‍ ലെവല്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും നേടാന്‍ കഴിയും എന്നതാണ് ഈ ഓണ്‍ലൈന്‍ പ്രോഗ്രാമിന്റെ സവിശേഷത. 
ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നത് മാറുന്ന കാലത്ത് നിര്‍വഹിക്കപ്പെടേണ്ട അനിവാര്യ ദൗത്യമാണ്. വ്യവസ്ഥാപിത ഇസ്‌ലാമിക പഠനം പരമാവധി സാധ്യതകളെ ഉപയോഗപ്പെടുത്തി ജനകീയമാക്കേണ്ട  സാഹചര്യമാണ് ഇന്നുള്ളത്. ഇസ്‌ലാമിക വൈജ്ഞാനിക സ്ഥാപനങ്ങള്‍ക്ക് ഒപ്പം തന്നെ പൊതു സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കൂടി ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ വിശാല ലോകത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള രണ്ടു മാതൃകകള്‍ ആണ് മുകളില്‍ സൂചിപ്പിച്ചത്. ചെറുപ്രായത്തില്‍തന്നെ വ്യത്യസ്ത പരാധീനതകള്‍ കാരണം പഠനം ഉപേക്ഷിച്ച് പ്രവാസത്തിലേക്കും മറ്റു മേഖലകളിലേക്കും കൂടുമാറിയവരില്‍ ധാരാളമാളുകള്‍ വ്യവസ്ഥാപിത ഇസ്‌ലാമിക വിദ്യാഭ്യാസം നേടാനായില്ലല്ലോ എന്ന സങ്കടം പങ്കുവെക്കാറു്. ഇത്തരം പഠിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ഇസ്‌ലാമിക് എജുക്കേഷന്‍  പ്രോഗ്രാമുകള്‍ തയാറാക്കുന്നത് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ജനകീയവല്‍ക്കരണത്തിനു കരുത്തു പകരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്