Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

സാമ്പത്തിക കുറ്റവാളികളോട് മൃദുസമീപനം

എ.ആര്‍

മൂന്ന് സഹസ്രാബ്ദങ്ങള്‍ക്കപ്പുറം ഇന്ന് ജോര്‍ദാന്‍-സിറിയ-ഫലസ്ത്വീന്‍ മേഖലയെന്നറിയപ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന മദ്യന്‍ ജനതയെപ്പറ്റി പില്‍ക്കാലത്തെ എല്ലാ ജനങ്ങള്‍ക്കും പാഠമായി ചില യാഥാര്‍ഥ്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. മഹാനായ ഇബ്റാഹീം നബിയുടെ പുത്രനായ മദ്യന്റെ സന്താനപരമ്പര നിവസിച്ചിരുന്ന ഗ്രാമമായിരുന്നു മദ്യന്‍ എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. കച്ചവടം മുഖ്യതൊഴിലാക്കിയ ഒരു സമുദായമായിരുന്നു അവര്‍. മറ്റു പ്രാചീന സമുദായങ്ങളിലേക്കെന്ന പോലെ അവരിലേക്കും അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ചു. വിശ്വാസപരമായും കര്‍മപരമായും അവരകപ്പെട്ട മാര്‍ഗഭ്രംശത്തില്‍നിന്ന് അവരെ മോചിപ്പിക്കുകയായിരുന്നു പ്രവാചകനായ ശുഐബിന്റെ ദൗത്യം. അല്ലാഹു തന്നെ ഏല്‍പിച്ച ദൗത്യം മഹാനായ ആ പ്രവാചകന്‍ എങ്ങനെ നിറവേറ്റി എന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
''മദ്യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തരുത്. ഞാന്‍ നിങ്ങളെ കാണുന്നത് സുസ്ഥിതിയിലാണ്. അതോടൊപ്പം നിങ്ങളെയാകെ വലയം ചെയ്യുന്ന ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിക്കുമെന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. എന്റെ ജനമേ, നിങ്ങള്‍ നീതിപൂര്‍വം അളവിലും തൂക്കത്തിലും തികവ് വരുത്തുക. നിങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവ് വരുത്തരുത്. നിങ്ങള്‍ ഭൂമിയില്‍ കുഴപ്പക്കാരായി വിഹരിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങള്‍ക്കായി ബാക്കിവെക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍നോട്ടക്കാരനൊന്നുമല്ല. അവര്‍ പറഞ്ഞു: നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുവരുന്നവയെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനകാര്യത്തില്‍ ഞങ്ങള്‍ ഇഛിക്കുന്ന വിധം പ്രവര്‍ത്തിക്കരുതെന്നുമാണോ നിന്റെ നമസ്‌കാരം നിന്നോട് കല്‍പിക്കുന്നത്? നീ വല്ലാത്തൊരു വിവേകശാലിയും നേര്‍മാര്‍ഗിയും തന്നെ'' (ഖുര്‍ആന്‍ 11: 84-87).
കണിശവും കലര്‍പ്പില്ലാത്തതുമായ ഏകദൈവ വിശ്വാസത്തോടൊപ്പം ഭൗതിക വ്യവഹാരങ്ങളില്‍ സത്യസന്ധമായും നീതിപൂര്‍വകമായും പെരുമാറണമെന്നു കൂടിയാണ് സ്വന്തം ജനതയെ അല്ലാഹുവിന്റെ പ്രവാചകന്‍ ഉണര്‍ത്തുന്നത്. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ എന്ത് അധാര്‍മിക മാര്‍ഗവും ആവാമെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ ഒരുപദേശിക്കും അവകാശമില്ലെന്നും തുറന്നടിച്ചു മദ്യന്‍ ജനത. അതായത്,  മതം വിശ്വാസാചാരങ്ങളുടെ മാത്രം പേരല്ല, ധനസമ്പാദനമുള്‍പ്പെടെ എല്ലാ ഭൗതിക വ്യവഹാരങ്ങളിലും സത്യത്തിന്റെയും നീതിയുടെയും നേര്‍വഴി സ്വീകരിക്കേണ്ടതും മതാധ്യാപനങ്ങളുടെ അഭേദ്യ ഭാഗമാണെന്നും പ്രവാചകന്‍ ശുഐബ് ഉദ്ബോധിപ്പിച്ചത് അവര്‍ക്ക് സ്വീകാര്യമായില്ല. മതം സ്വകാര്യ ജീവിതത്തില്‍, പൊതു ജീവിതത്തില്‍ ദൈവത്തിനോ മതത്തിനോ സ്ഥാനവും പ്രവേശനവുമില്ല എന്ന സെക്യുലര്‍ സിദ്ധാന്തം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ സ്വായത്തമാക്കിയവരായിരുന്നു മദ്യന്‍ നിവാസികള്‍.
വിശുദ്ധ ഖുര്‍ആന്റെ ഉപര്യുക്ത സൂക്തങ്ങള്‍ ഈയവസരത്തില്‍ ഓര്‍മിപ്പിക്കുന്നത് സമകാലിക സംഭവങ്ങള്‍ അതിന് പ്രേരണയായതുകൊണ്ടാണ്. കേരളത്തിലെ മുസ്ലിംകള്‍ മതവിശ്വാസത്തിലും ഭക്തിയിലും ആചാരാനുഷ്ഠാനങ്ങളിലും ലോകത്തിലെ തന്നെ പല മുസ്ലിം സമൂഹങ്ങളേക്കാളും മുന്നിലാണെന്ന് ഉറപ്പിച്ചു പറയാനാവും. അധികാരം കൈയിലില്ലാതിരുന്നിട്ടു കൂടി ഇത്രയേറെ പള്ളികളും മദ്റസകളും ഇസ്ലാമിക കലാലയങ്ങളും സാമൂഹിക സേവന രംഗങ്ങളും കൊണ്ടു നടത്തുന്ന സമൂഹം മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ പോലും ദുര്‍ലഭമാണ്; ന്യൂനപക്ഷ രാജ്യങ്ങളില്‍ പറയുകയും വേണ്ട. ശതകോടികളാണ് സമുദായം സല്‍ക്കര്‍മങ്ങള്‍ക്കായി ചെലവിടുന്നത്. പക്ഷേ, മഹത്തരവും അഭിമാനാര്‍ഹവുമായ ഈ മാതൃക ജീവിതത്തിന്റെ മറ്റു രംഗങ്ങളില്‍ നമുക്ക് നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ, വിശിഷ്യാ സാമ്പത്തിക കാര്യങ്ങളില്‍? ധനസമ്പാദനത്തിനും സമ്പത്ത് വാരിക്കൂട്ടുന്നതിനും എന്ത് അവിഹിത മാര്‍ഗവും ആവാമെന്ന ധാരണ സമുദായത്തില്‍ സാമാന്യമായി നിലനില്‍ക്കുന്നില്ലേ? മോഷണം, പോക്കറ്റടി, കവര്‍ച്ച, കള്ളനോട്ടടി തുടങ്ങിയ പ്രത്യക്ഷത്തില്‍ തന്നെ കുറ്റകരമായ ചെയ്തികളെക്കുറിച്ചല്ല പറയുന്നത്. ആ വക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരില്‍ മുസ്ലിം ക്രിമിനലുകളുമുണ്ട് എന്നതല്ല ചര്‍ച്ചാ വിഷയം. കൈക്കൂലി, അഴിമതി, വഞ്ചന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നവര്‍ സമുദായത്തില്‍ അത്ര സാധാരണമല്ല എന്നവകാശപ്പെടാന്‍ പറ്റില്ല എന്നതും ശരിയാവാം.
അതിനെല്ലാം അപ്പുറത്ത്, വന്‍ലാഭം ഓഫര്‍ ചെയ്ത് ഭീമമായ നിക്ഷേപങ്ങള്‍ സമാഹരിച്ച ശേഷം മുങ്ങുന്നവര്‍, കോടികളുടെ കള്ളക്കടത്തില്‍ ഏര്‍പ്പെട്ടവര്‍, അതിനായി മദ്യവും മദിരാക്ഷിയുമടക്കം അവിഹിത മാര്‍ഗങ്ങളെന്തും പ്രയോഗിക്കുന്നവര്‍, പരിസ്ഥിതി പാടേ തകര്‍ക്കുന്ന റിസോര്‍ട്ടുകളും സ്ഥാപന സമുച്ചയങ്ങളും പണിതുയര്‍ത്തുന്നവര്‍, വ്യാജരേഖകള്‍ ചമച്ച് പണം തട്ടുന്നവര്‍- ഇക്കൂട്ടങ്ങളിലെല്ലാം മുസ്ലിം നാമധാരികളുടെ എണ്ണം ഒട്ടും കുറവല്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം. ചിലപ്പോള്‍ അവര്‍ സാമുദായിക കൂട്ടായ്മകളുടെ തലപ്പത്തുള്ളവരാകാം, മഹല്ല് കമ്മിറ്റി ഭാരവാഹികളാവാം, കൊട്ടാരസമാനമായ വസതികളില്‍ മതപണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തി പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും മുറപോലെ സംഘടിപ്പിക്കുന്നവരാവാം. ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലുമുണ്ട് മുസ്ലിം നാമധാരികളുടെ പേരുകള്‍ യഥേഷ്ടം. കടത്തിന്റെ പിന്നില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ പാടുപെടുന്ന എന്‍.ഐ.എയുടെ പിടിവള്ളിയും ഈ പേരുകളാവാം. തന്മൂലം മൊത്തം സമുദായം തന്നെ സംശയത്തിന്റെയും ആരോപണങ്ങളുടെയും കരിനിഴലില്‍ കഴിയേണ്ടി വരുന്ന ദുഃസ്ഥിതിക്ക് ആരാണുത്തരവാദികള്‍?
കള്ളക്കടത്തിന്റെയും കുഴല്‍പണത്തിന്റെയും പേരില്‍ 'ഹോട്ട് സ്പോട്ടുകള്‍' ആയ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ പോലുമുണ്ട് എന്നതല്ലേ സ്ഥിതി? തീവ്ര വലതുപക്ഷ സംഘടനകള്‍ക്കും മീഡിയക്കും സമുദായത്തെ സ്ഥിരമായി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഗുരുതരമായ സാമ്പത്തിക കുറ്റങ്ങളിലെ പങ്കാളിത്തം സാഹചര്യമൊരുക്കുന്നുണ്ട്. ഘനഗംഭീര ശൈലിയിലും ശബ്ദത്തിലും മണിക്കൂറുകളോളം മതപ്രഭാഷണം നടത്തുന്ന പണ്ഡിതന്മാര്‍ ഈ തിക്ത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തീര്‍ത്തും മൗനമാണെന്നത് സ്ഥിതി ദിനംപ്രതി വഷളാവാന്‍ നിമിത്തമായിത്തീരുന്നു. നടേ ഉദ്ധരിച്ച ശുഐബ് നബിയെ മാതൃകയാക്കി, സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ നമ്മുടെ പണ്ഡിതന്മാര്‍ ഭയപ്പെടുന്നത് ആരെ? മഹാന്മാരായ പ്രവാചകന്മാരുടെ കഥകള്‍ മസാല ചേര്‍ത്ത് അവതരിപ്പിക്കാന്‍ മണിക്കൂറുകളും ദിവസങ്ങളും ചെലവിടുന്നവര്‍ മര്‍മം സ്പര്‍ശിക്കാതെ കടന്നുകളയുന്നത് എന്തുകൊണ്ട്? 'ഒരു ജനതയുടെയും അവസ്ഥ അല്ലാഹു മാറ്റുകയില്ല, അവര്‍ സ്വയം മാറ്റത്തിന് തയാറാവാത്തേടത്തോളം കാലം.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്