Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

ഇസ്മാഈല്‍ നബിയും ബൈബിളിലെ വംശീയ പരാമര്‍ശങ്ങളും

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍

ഇസ്മാഈല്‍ നബിയെക്കുറിച്ച് പറയുമ്പോള്‍ താരതമ്യ പഠനവേദികളില്‍ ഒന്നാമതായി ഉയര്‍ന്നുവരുന്ന പ്രശ്‌നം, അടിമസ്ത്രീയില്‍ ജനിച്ചവനാകയാല്‍ പതിതനാണ് എന്ന കുത്തുവാക്കുകളും പരിഹാസവുമാണ്. എന്നാല്‍ ഇസ്മാഈല്‍ നബിയുടെ സഹോദര പുത്രനായ ഇസ്രായേല്‍ എന്നറിയപ്പെട്ട യഅ്ഖൂബ് നബിക്ക് രണ്ട് അടിമ സ്ത്രീകളിലായി നാല് മക്കള്‍ ഉണ്ടായിരുന്നു; ഗാദ്, ആഷേര്‍, ദാന്‍, നെഫ്താലി എന്നാണവരുടെ പേരുകള്‍. പന്ത്രണ്ട് ഗോത്ര പിതാക്കളില്‍ പെട്ട ഈ നാലു പേര്‍ക്ക് നിങ്ങള്‍ പതിത്വം കല്‍പിക്കാറുണ്ടോ എന്ന ചോദ്യം, ഇസ്മാഈല്‍ നബിയുടെ പതിത്വ പ്രശ്‌നം പരിഹരിക്കുന്നതായാണനുഭവം.

കൂടെ കളിക്കലും ഉപദ്രവിക്കലും
''ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍, തന്റെ മകനായ ഇസഹാക്കിനോടു കൂടെ കളിക്കുന്നതു സാറ കണ്ടു'' (ഉല്‍പത്തി: 21:9).
കത്തോലിക്കാ ബൈബിളിലും ഓശാന ബൈബിളിലും  എന്ന ഹീബ്രൂ പദത്തിന് ഒരുമിച്ചു കളിച്ചു എന്നര്‍ഥം നല്‍കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയിലെ കുറച്ചു ബൈബിളുകളില്‍ മാത്രം ഈ അര്‍ഥം നല്‍കിയിരിക്കുന്നതായി കാണാം. ഭൂരിഭാഗം ബൈബിളുകളിലെ തര്‍ജമയും പരിഹസിച്ചു, കളിയാക്കി എന്നിങ്ങനെ പോയി പോയി ഗലാത്യ ലേഖനത്തില്‍ 4:29-ല്‍ പൗലോസ് അത് ഉപദ്രവിച്ചു എന്നാക്കി മാറ്റുന്നുണ്ട്. ഇംഗ്ലീഷില്‍ Playing with, Making Sport എന്നീ യഥാര്‍ഥ തര്‍ജമകള്‍ നല്‍കിയ കുറച്ചു ബൈബിളുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം Mocking, Scoffing, Laughing  എന്നിങ്ങനെ കടന്നുവന്ന്, ഗലാത്യ ലേഖനത്തില്‍ Persecuted എന്നെത്തിനില്‍ക്കുന്നു.
എന്നാല്‍ 'ഉല്‍പത്തി'യിലെ തന്നെ 26:8-ല്‍ അതേ ഹീബ്രു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ''യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയോടു കൂടെ വിനോദിക്കുന്നതു കണ്ടു.'' റിബേക്കയെ യിസ്ഹാക്ക്, പരിഹസിച്ചുവെന്നോ കളിയാക്കിയെന്നോ ഉപദ്രവിച്ചുവെന്നോ ഒരു ബൈബിള്‍ പരിഭാഷയും പറയുന്നില്ല. വംശീയതയാണോ ഈ പരിഭാഷകള്‍ വ്യത്യസ്തമായതിന്റെ അന്തര്‍ധാര എന്ന് ഒരു വായനക്കാരന്‍ സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാവില്ല.

സമാധാന സ്ഥാപകനും കാട്ടുകഴുതയും

ഈ വംശീയ ചിന്ത ഏറ്റവും മൂര്‍ത്തമായി കാണുന്നത് ഇസ്മാഈല്‍ നബിയെക്കുറിച്ച ഉല്‍പത്തിയിലെ തന്നെ പതിനാറാം അധ്യായത്തിലെ പന്ത്രണ്ടാം വാക്യത്തിന്റെ പരിഭാഷയിലാണ്. ഗബ്രിയേല്‍ മാലാഖ ഹാഗാറിന് ഒരു കുഞ്ഞിനെക്കുറിച്ച സന്തോഷവാര്‍ത്ത അറിയിക്കുന്നതാണ് സന്ദര്‍ഭം. ''നീ ഗര്‍ഭിണിയല്ലോ. നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്കക്കൊണ്ട് അവനു യിശ്മയേല്‍ എന്നു പേര്‍ വിളിക്കണം. അവന്‍ കാട്ടുകഴുതയെ പോലുള്ള മനുഷ്യന്‍ ആയിരിക്കും'' (ഉല്‍പത്തി 16:12).
Wild donkey എന്നാണ് ഇംഗ്ലീഷിലുള്ള തര്‍ജമ. എന്നാല്‍ അറബി ബൈബിളില്‍ وحشى എന്നു മാത്രമാണ് തര്‍ജമ. 'കഴുത' എന്ന പദം താഴെ പറയുന്ന ബൈബിളുകളില്‍ ഇല്ല.

1. Arabic Bible (Smith & Van Dyke)
2. New Living Translation
3. New King James Version
4. King James Bible
5. King James 2000 Bible
6. American King James Version
7. Brenton Septuagint Translation
8. Douay - Rheims Bible
9. Webster's Bible Translation

'Donkey'  എന്ന പദം ഈ ഇംഗ്ലീഷ് ബൈബിളുകളില്‍ ഇല്ലാത്തതിനു കാരണം എന്താണ്?
ഹീബ്രു ഭാഷയില്‍ നിന്നുള്ള പരിഭാഷ ആയതിനാല്‍ ഹീബ്രു പദങ്ങളിലേക്കു പോകേണ്ടതുണ്ട്. ഹീബ്രു, അറബി അക്ഷരമാലകള്‍ സമമായതിനാല്‍ വായനക്കാരുടെ സൗകര്യത്തിന്, ഹീബ്രു അക്ഷരമാലയിലെ തത്തുല്യ അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് വസ്തുതകള്‍ വ്യക്തമാക്കാവുന്നതാണ്.  فرى آدم എന്ന പദമാണ് ഹീബ്രു ഭാഷയില്‍ ഉള്ളത്.  فرى എന്ന ഹീബ്രു പദത്തിനര്‍ഥം ഫലപുഷ്ടിയുള്ളവന്‍ എന്നാണ്.  آدم എന്നാല്‍ മനുഷ്യന്‍, അനുരജ്ഞകന്‍ എന്നിങ്ങനെയാണര്‍ഥം. فرى എന്ന പദത്തിലെ ف മാറ്റി ب എന്ന അക്ഷരമാക്കിയാല്‍  എന്ന പദം ലഭിക്കും. അതിനര്‍ഥം വന്യന്‍, ഗ്രാമീണന്‍, നഗരവാസിയല്ലാത്തവന്‍ എന്നിങ്ങനെയാണ്. അപ്പോഴും കഴുത എന്ന പദം മൂലഭാഷയില്‍ ഇല്ല.
ഹീബ്രുവില്‍ 'കഴുത' എന്ന പദം അറബിയിലെ حمار -ന് തുല്യമായ പദം തന്നെയാണ്. ഈ പദം ഹീബ്രുവില്‍ ഇല്ലാതിരിക്കെ തര്‍ജമകളില്‍ എങ്ങനെ കടന്നുവന്നു?
മുകളിലുദ്ധരിച്ച ബൈബിളുകളില്‍നിന്ന് എന്തുകൊണ്ട് 'കഴുത' എന്ന പദം ഒഴിവായി? ഉല്‍പത്തി 21:9-ല്‍ 'കൂടെ കളിച്ചു' എന്ന് മാന്യമായി പരിഭാഷപ്പെടുത്തിയ പി.ഒ.സി ബൈബിള്‍ ഇവിടെ എന്തുകൊണ്ട് ഒറിജിനല്‍ ഹീബ്രുവിലേക്ക് പോയില്ല?
ف എന്ന അക്ഷരം മാറ്റി ب ആക്കിയാലേ Wild എന്ന അര്‍ഥം ലഭിക്കൂ. എന്നാല്‍ ഇപ്പോഴും മൂലഭാഷയില്‍ ف  തന്നെയാണ് കിടക്കുന്നതെന്നോര്‍ക്കണം.
ഇവ്വിഷയകമായി പെന്‍സില്‍വാനിയയിലെ, ഈസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലെ പഴയ നിയമ-ഹീബ്രു പഠന വിഭാഗത്തില്‍ പ്രഫസറായിരുന്ന തോമസ് ഫ്രാന്‍സിസ് മക്ഡാനിയേല്‍ നടത്തിയിട്ടുള്ള പഠനം ശ്രദ്ധേയമാണ്. അറബി, അരമായ ഭാഷകളില്‍ കൂടി വ്യുല്‍പത്തിയുള്ള അദ്ദേഹം ആ ഭാഷകളുടെ കൂടി പദനിഷ്പത്തികളിലൂടെയുള്ള ഗവേഷണത്തിനൊടുവില്‍ എത്തിച്ചേരുന്ന കണ്ടെത്തലുകള്‍ ബുദ്ധിപരവും അക്കാദമികവും ആയ സത്യസന്ധതയുടെ നിദര്‍ശനങ്ങള്‍ കൂടിയാണ്.
ഉല്‍പത്തി 16:10-12 വാക്യങ്ങളെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ പഠനം ഈ പദങ്ങള്‍ക്കുള്ള വ്യത്യസ്ത അര്‍ഥങ്ങള്‍ അക്ഷരങ്ങള്‍ മാറുമ്പോള്‍ എങ്ങനെ വന്നുചേരുമെന്ന് വ്യക്തമാക്കുന്നു.
 برى - വന്യന്‍, ഗ്രാമീണന്‍
 برّ - പുത്രോചിതമായ ദൈവഭക്തിയുള്ളവന്‍
 برا - സ്വതന്ത്രന്‍, സുരക്ഷിതന്‍
فرى  - ഫലപുഷ്ടിയുള്ളവന്‍, സന്തതി സൗഭാഗ്യമുള്ളവന്‍
فرع - സമാധാന സ്ഥാപകന്‍
فره  - സൗന്ദര്യവാന്‍, ശക്തന്‍, ചടുലതയുള്ളവന്‍
ഈ ഭാഗം പരിഭാഷപ്പെടുത്തുമ്പോള്‍ ഏറ്റവും മോശമായ അര്‍ഥമാണ് പരിഭാഷകര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നും താന്‍ നിര്‍ദേശിക്കുന്നത് 'സമാധാന സ്ഥാപകന്‍' എന്ന അര്‍ഥമാണെന്നും അദ്ദേഹം തന്റെ പ്രബന്ധത്തിലൂടെ സൂചിപ്പിക്കുന്നു. അതിനായി സെമിറ്റിക് ഭാഷകളുടെ വേരുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു.
ഇസ്മാഈല്‍ നബിയെക്കുറിച്ചുള്ള ജിബ്‌രീലിന്റെ ഈ സന്തോഷവാര്‍ത്തയുടെ ബാക്കിഭാഗവും പരിഭാഷകന്‍ വികലമാക്കിയിരിക്കുന്നു. ''അവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും. അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും'' (ഉല്‍പത്തി 16:12).
സന്തോഷവാര്‍ത്ത അറിയിക്കാന്‍ വന്ന മാലാഖ എങ്ങനെയാണ് അനുഗ്രഹപൂര്‍ണമല്ലാത്ത വാക്കുകള്‍ പറയുക എന്ന ചോദ്യമാണ് പുരാലിഖിതങ്ങളില്‍ അവഗാഹമുള്ള ഈ പണ്ഡിതന്റെ ഗവേഷണ യത്‌നത്തിന്റെ അടിസ്ഥാനം. താന്‍ ബൈബിള്‍ പരിഭാഷകളില്‍ കണ്ടെത്തിയ ഈ തെറ്റായ തര്‍ജമകളെ തിരുത്തി അദ്ദേഹം ശരിയായ പരിഭാഷ തന്റെ പ്രബന്ധത്തില്‍ നല്‍കുന്നുണ്ട്. പരിഭാഷകള്‍ മൂലഭാഷകള്‍ക്കനുസൃതമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളിലേര്‍പ്പെട്ട ബൈബിള്‍ പണ്ഡിതന്മാര്‍, ഈ പഴയ നിയമം ഹീബ്രു ബാപ്റ്റിസ്റ്റ് പണ്ഡിതന്റെ തര്‍ജമയിലേക്ക് തങ്ങളുടെ വിലപ്പെട്ട സമയവും ശ്രദ്ധയും നല്‍കുകയാണെങ്കില്‍ മൂലഭാഷയോടും സമൂഹങ്ങള്‍ക്കിടയിലുള്ള അനുരജ്ഞന ശ്രമങ്ങളോടും വംശീയ മുന്‍വിധികളില്‍നിന്നുള്ള സമൂഹങ്ങളുടെ മോചന ശ്രമങ്ങളോടും ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണമാവും അത്.
''നീ ഒരു കുഞ്ഞിനെ പ്രസവിക്കും. അവനു നീ ഇശ്മയേല്‍ എന്നു പേരു വിളിക്കണം. അവന്‍ ഒരു സമാധാന സ്ഥാപകന്‍ ആയിരിക്കും; ഒരു അനുരജ്ഞകന്‍ തന്നെ. അവന്റെ കരം ഏവര്‍ക്കും സഹായകരമായും. ഏവരും അവനു കൂട്ടായ്മയുടെ വലംകൈ നല്‍കിയും ഇരിക്കും. അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കുമൊപ്പം സമാധാനപൂര്‍വം വസിക്കും.'' (ഉല്‍പത്തി 16:12).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്