Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

അടച്ചിരിപ്പിന്റെ ദുരിതകാലത്ത് തലോടലാകുന്ന വിഷന്‍ 2026

കെ.പി തശ്‌രീഫ് മമ്പാട്

കോവിഡ് മഹാമാരിയെ  ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ വ്യത്യസ്ത ഘട്ടങ്ങളിലൂടെ നാല് മാസം പിന്നിടുകയാണ്. കോവിഡ് വ്യാപനം തടയാന്‍ സഹായകമാവുമെങ്കിലും  പെട്ടെന്നുള്ള  ലോക്ക് ഡൗണുകള്‍  നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവുകയുണ്ടായി. ദശലക്ഷക്കണക്കിന് ദൈനംദിന കൂലിപ്പണിക്കാരും ചേരിനിവാസികളും ഭവനരഹിതരും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുമൊക്കെ പട്ടിണി മരണത്തെ അതിജീവിക്കാന്‍ കഷ്ടപ്പെടുന്നതാണ് ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ഒന്നാംദിനം മുതല്‍ക്കേ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വിഷന്‍ 2026' വിവിധ ആശ്വാസ പദ്ധതികളുമായി രംഗത്തുണ്ട്.
സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്), മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്), ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ (എച്ച്.ഡബ്ല്യു.എഫ്), ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് (എച്ച്.ഡബ്ല്യു.ടി), മോഡല്‍ വില്ലേജ് ട്രസ്റ്റ് (എം.വി.ടി) എന്നിവ ഉള്‍പ്പെടുന്ന 'വിഷന്‍ 2026' രാജ്യത്തൊട്ടാകെയുള്ള 19 സംസ്ഥാനങ്ങളിലായി 138 ജില്ലകളില്‍  ഇതുവരെയായി വ്യത്യസ്ത സഹായങ്ങള്‍ എത്തിക്കുകയുണ്ടായി. ഭക്ഷ്യ കിറ്റുകളുടെയും ഭക്ഷണ പാക്കറ്റുകളുടെയും  വിതരണം, ആരോഗ്യ പരിപാലന പരിപാടികള്‍, പി.പി.ഇ കിറ്റ് വിതരണം, ബോധവല്‍ക്കരണ ഡ്രൈവുകള്‍, സര്‍വേകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍.
അസം, ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 1,58,600 കുടിയേറ്റ തൊഴിലാളികള്‍ക്കും ഭവനരഹിതര്‍ക്കും പാചകം ചെയ്ത ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ വിഭവങ്ങള്‍  അടങ്ങിയ റേഷന്‍ കിറ്റുകള്‍ 45,998 കുടുംബങ്ങള്‍ക്ക് നല്‍കി. പതിനായിരത്തിലധികം കുടുംബങ്ങളെ റേഷന്‍ വിതരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെടുത്താനും വിഷന്‍ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
കോവിഡ് -19 ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഭാഗമായി കോഴിക്കോട് ഇഖ്റ ഇന്റര്‍നാഷ്‌നല്‍ ഹോസ്പിറ്റലിന് അഡ്വാന്‍സ്ഡ് ബയോമെഡിക്കല്‍ ഉപകരണങ്ങളുള്ള ഒരു ഐ.സിയു യൂനിറ്റ് സംഭാവന ചെയ്തു. 1000 പി.പി.ഇ കിറ്റുകള്‍, 13155 മാസ്‌കുകള്‍, 7000 കൈയുറകള്‍, 1673 കുപ്പി സാനിറ്റൈസര്‍, 200 ക്യാപ്‌സ്, 200 ഷൂസ് എന്നിവയും വിവിധ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യാനും കഴിഞ്ഞു. കൂടാതെ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി 73200 ആളുകള്‍ക്ക് വിവിധ ആരോഗ്യ പരിപാലന സന്ദേശങ്ങളും കൈമാറി.  അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ 203 കോവിഡ് -19 ഹോട്ട് സ്പോട്ടുകളില്‍ വിവിധ മെഡിക്കല്‍ ഇതര ജോലികള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായ സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ചയക്കാനായത് വിഷന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ്.
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധയോ രോഗലക്ഷണമോ ഉള്ളവരെ കണ്ടെത്തുന്നതിന് യു.പി വെസ്റ്റിലെ മീറത്ത്, സഹാറന്‍പൂര്‍ ജില്ലകളിലും, അസമിലെ ധുബ്രി, ഡാരംഗ്, ബാര്‍പേട്ട, ഗോള്‍പഡ, ബിഹാറിലെ പുരിന, സുപോള്‍ ജില്ലകളിലും ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ എസ്.ബി.എഫ് വളന്റിയര്‍മാര്‍ 15000 കുടുംബങ്ങളില്‍ സര്‍വേ നടത്തുകയുണ്ടായി.
കഴിഞ്ഞ റമദാന്‍ മാസത്തിലും വിവിധ സംസ്ഥാനങ്ങളില്‍ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇരുപത്തിയഞ്ചു സംസ്ഥാനങ്ങളിലായി 553009 ഇഫ്ത്വാര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതില്‍ പിന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങിയ ആയിരക്കണക്കിന് തൊഴിലാളികള്‍, അഭയാര്‍ഥികള്‍, ദല്‍ഹി കലാപത്തിലെ ഇരകള്‍, തുഗ്ലക്കാബാദിലുണ്ടായ  തീപ്പിടിത്തത്തിലമര്‍ന്ന ചേരികള്‍, ഫാനി ചുഴലിക്കാറ്റ് അടിച്ചുവീശിയ ഒഡീഷയിലെ തീരങ്ങള്‍, പ്രളയം നാശം വിതച്ച അസം, ബിഹാര്‍... ഇവിടങ്ങളിലെല്ലാം വിഷന്റെ സഹായഹസ്തങ്ങളെത്തി. 
കുടുംബം പട്ടിണിയാവാതിരിക്കാന്‍ ശ്മശാന ജോലി ചെയ്തുകൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ഥിയെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയുണ്ടായി. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്ന ജോലിയിലേര്‍പ്പെട്ട ദല്‍ഹി സീലംപൂരിലെ ഇരുപതുകാരന്‍ ചാന്ദ് മുഹമ്മദിനും കുടുംബത്തിനുമാണ് വിഷന്‍ കൈത്താങ്ങായത്. കോവിഡ് കാലത്ത് പട്ടിണിയിലായ കുടുംബത്തെ സഹായിക്കാനാണ് ചാന്ദ് മുഹമ്മദ് ശ്മശാന ജോലി ഏറ്റെടുത്തത്. ഉമ്മക്ക് മരുന്നു വാങ്ങാനും സഹോദരങ്ങള്‍ക്ക് സ്‌കൂള്‍ ഫീസ് അടക്കാനുമുള്ള പണം കണ്ടെത്താനാണ് അപകടകരമായ ജോലി അവന്‍ സ്വീകരിച്ചത്. മാതാപിതാക്കളടക്കം ഏഴു പേരടങ്ങുന്ന കുടുംബമാണ് ചാന്ദിന്റേത്. പലയിടത്തും ജോലിക്കായി അലഞ്ഞെങ്കിലും അവസാനം ലഭിച്ചത് ലോക്‌നായക് നാരായണ്‍ ആശുപത്രിയിലെ തൂപ്പുജോലിയാണ്. സ്വീപ്പര്‍ ജോലിയാണെങ്കിലും ദിവസേന മൂന്നോ അതിലധികമോ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം ഈ ചെറുപ്പക്കാരനാണ്. ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി ശ്മശാനത്തിലെത്തിക്കണം. അവിടെയെത്തി മൃതദേഹം പുറത്തിറക്കി സംസ്‌കാരചടങ്ങുകളും നടത്തണം.
'കൊറോണയെ അതിജീവിക്കാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷേ പട്ടിണിയില്‍നിന്ന് രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ല' എന്നായിരുന്നു, ഈ ജോലി സ്വീകരിച്ചതിനെ കുറിച്ച് മുഹമ്മദ് ചാന്ദിന് പറയാനുണ്ടായിരുന്നത്. 'ജോലിക്കായി വീട്ടില്‍നിന്നിറങ്ങും മുമ്പ് ഞാന്‍ നമസ്‌കരിക്കും. ദൈവത്തില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അല്ലാഹു എന്നെ കാത്തുരക്ഷിക്കും. എനിക്ക് വഴികാണിച്ചുതരും' -എല്ലാം ദൈവത്തിലര്‍പ്പിച്ച് നല്ല നാളേക്കായി കാത്തിരിക്കുകയായിരുന്നു ചാന്ദ് മുഹമ്മദ്.
കുടുംബത്തിന്റെ ഏക വരുമാനസ്രോതസ്സായി മൂത്ത സഹോദരന് ഉണ്ടായിരുന്ന ജോലി ലോക്ക്ഡൗണ്‍ കാലത്ത് നഷ്ടമായതോടെയാണ് മുഹമ്മദ് ചാന്ദ് ജോലി തേടി ഇറങ്ങിയത്. പ്ലസ്ടുവിനു ശേഷം മെഡിസിന് ചേരണമെന്നാണ് ചാന്ദ് മുഹമ്മദിന്റെ  ആഗ്രഹം.
ലോക്ക് ഡൗണ്‍ സമയത്ത്  നിരാലംബരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച്  സൗത്ത് ഈസ്റ്റ് ദല്‍ഹി  ജില്ലാ മജിസ്‌ട്രേറ്റിന്റെ ആദരവ് വിഷന്റെ കീഴിലുള്ള ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനെയും സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചറിനെയും തേടിയെത്തുകയുണ്ടായി. അഭിനന്ദനപത്രം സൗത്ത് ഈസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ലീന്‍ കൗറില്‍നിന്ന് വിഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്