ഹാജര്‍ ആരുടെയും അടിമയായിരുന്നില്ല
ഇസ്രാഈലിയ്യാത്തുകളുടെ / ഇസ്രാഈലീ മതാഖ്യാനങ്ങളുടെ അപകടങ്ങളെ കുറിച്ച് ധാരാളം പഠനങ്ങള്‍ പുതിയ കാലത്ത് നടന്നുവരുന്നുണ്ട്. ഇബ്‌റാഹീം നബിയുടെ പത്‌നിയും ഇസ്മാഈല്‍ നബിയുടെ മാതാവുമായ ഹാജര്‍ ഈജിപ്തിലെ ഒരു രാജാവിന്റെ അടിമയായിരുന്നുവെന്നും രാജാവ് സാറക്കും അവര്‍ ഇബ്‌റാഹീം നബിക്കും അവരെ ദാനമായി നല്‍കുകയായിരുന്നുവെന്നുമുള്ള പ്രചാരണം ഇതില്‍പെട്ടതാണ്. ഹാജറിന്റെ മകനും അറബികളുടെ പിതാവുമായ ഇസ്മാഈല്‍ നബി(അ)യെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഗൂഢതന്ത്രമായിരുന്നു ഇതിനു പിന്നില്‍.
ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന ഹമീദുദ്ദീന്‍ ഫറാഹി(1863-1930)യെപ്പോലുള്ളവര്‍ ഈ സത്യം വിളിച്ചു പറയുന്നുണ്ട്. ആദം നബി (അ) മുതല്‍ മുഹമ്മദ് നബി (സ) വരെയുള്ള ചരിത്രം സമഗ്രമായി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഉര്‍ദുവിലുള്ള ഗ്രന്ഥത്തിലാണ് ഇക്കാര്യം വിവരിക്കുന്നത്. ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രത്തില്‍ ജൂതന്മാര്‍ കടത്തിക്കൂട്ടിയ വ്യാജ ചരിതങ്ങളെ അദ്ദേഹം തുറന്നു കാണിക്കുന്നുണ്ട്. ഹാജര്‍ അടിമയോ ഭൃത്യയോ ആയിരുന്നില്ല. ജുര്‍ഹം രാജകുടുംബത്തിലെ രാജകുമാരിയായിരുന്നു അവര്‍. ബനൂ ഖഹ്ത്വാന്‍ കുടുംബത്തിലെ പ്രമുഖ ഗോത്രമായിരുന്നു ജുര്‍ഹം. അറേബ്യന്‍ ഉപദ്വീപിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. യമന്‍ മുതല്‍ സിറിയ വരെയും ടൈഗ്രീസ് നദി മുതല്‍ നൈല്‍ നദി വരെയും പരന്നു കിടക്കുന്നതായിരുന്നു ബനൂ ഖഹ്ത്വാനികളുടെ സാമ്രാജ്യം. നൂറ്റാണ്ടുകളായി അവരായിരുന്നു ഈ നാടുകള്‍ ഭരിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ ദുല്‍ഖര്‍നൈന്‍ ഈ രാജകുടുംബത്തിലെ ഭരണാധികാരിയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ജുര്‍ഹം ഗോത്രം ഭരിച്ചിരുന്നത് ഹിജാസ് മേഖലയിലായിരുന്നു. തൗറാത്തില്‍ സൂചിപ്പിച്ച അബൂ മലിക്, ജുര്‍ഹം ഗോത്രത്തിലെ രാജാവായിരുന്നു. ബാബിലോണിയയില്‍ നിന്ന് കന്‍ആനിലേക്കുള്ള പലായനത്തിനിടയില്‍ ഇബ്‌റാഹീം നബി(അ)യെ സ്വീകരിച്ചാദരിച്ചത് ഈ രാജാവായിരുന്നു. അവിടെ കുറച്ചു കാലം താമസിച്ച ശേഷമാണ് ഇബ്‌റാഹീം നബി (അ) കന്‍ആനിലേക്ക് പോയത്. അവിടെ നിന്ന് തിരിച്ചു വന്ന് അദ്ദേഹം വീണ്ടും ഹിജാസില്‍ തന്നെയാണ് താമസിച്ചത്. അബൂ മലിക് എന്ന രാജാവ് ഇബ്‌റാഹീം നബി(അ)യെ അത്യധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് തന്റെ മകള്‍ ഹാജറിനെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കുന്നത്. ഹാജറിന്റെ മകന്‍ ഇസ്മാഈല്‍ നബി (അ) തന്റെ മാതൃകുടുംബത്തില്‍ നിന്നു തന്നെ വിവാഹം കഴിച്ചു. ജുര്‍ഹം ഗോത്രത്തിന് അറബികള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമാണുണ്ടായിരുന്നത്. കഅ്ബയുടെ നിര്‍മാണത്തില്‍ അവരും പങ്കാളികളായിരുന്നു. ജാഹിലിയ്യാ കാലത്തെ പ്രമുഖ കവി സുഹൈറു ബ്‌നു അബീ സല്‍മ പാടി:
فَأَقْسَمْتُ بِالْبَيْتِ الذِّي طَافَ حَوْلَه
ُرِجَـالٌ بَنَوْهُ مِنْ قُرَيْشٍ وَجُرْهُـمِ
(ആളുകള്‍ വലയം വെക്കുന്ന കഅബയെ സാക്ഷിയാക്കി ഞാന്‍ സത്യം ചെയ്തു, അത് നിര്‍മിച്ചത് ഖുറൈശികളും ജുര്‍ഹമുകാരുമല്ലോ).
ജുര്‍ഹം ഗോത്രക്കാര്‍ക്കു ശേഷമാണ് കഅബയുടെ പരിപാലനം ഖുറൈശികള്‍ ഏറ്റെടുക്കുന്നത്. ചുരുക്കത്തില്‍, പ്രചരിപ്പിക്കപ്പെടുന്നതു പോലെ ഹാജര്‍ ഒരിക്കലും അടിമയോ ഭൃത്യയോ ആയിരുന്നില്ല എന്നും ഹിജാസ് ഭരിച്ചിരുന്ന അബൂ മലിക് രാജാവിന്റെ പുത്രിയായിരുന്നു എന്നുമാണ് ഹമീദുദ്ദീന്‍ ഫറാഹി സമര്‍ഥിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നിഗമനത്തെ പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ് ഇനായത്തുല്ലാ അസദ് സുബ്ഹാനി തന്റെ 'അത്തഹ്‌രീറു വത്തഹ്ബീറു ഫീ ഉസ്വൂലിത്തഫ്‌സീര്‍' എന്ന ഗ്രന്ഥത്തില്‍ ശരിവെക്കുന്നുണ്ട് (പേജ്: 300- 303). ഹാജറിനെ അടിമയും ഭൃത്യയുമായി ചിത്രീകരിക്കുന്ന ഹദീസുകളെയും അദ്ദേഹം നിരൂപണം ചെയ്യുന്നു.
Comments