Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

'ഗേ മുസ്‌ലിമും ക്വീര്‍ മസ്ജിദും' അരാജകവാദത്തിന് ദാര്‍ശനിക പരിവേഷം നല്‍കുമ്പോള്‍!

വി. അഹ്മദ് നദീം, ചേന്ദമംഗല്ലൂര്‍

സാമ്രാജ്യത്വം അതിന്റെ ഭൗതിക പ്രമത്തതയിലൂന്നിയ ഉല്‍പന്നങ്ങള്‍ മുസ്ലിം സമൂഹത്തില്‍ കുത്തിവെക്കാന്‍ പണ്ടു മുതല്‍ക്കേ ആസൂത്രിത ശ്രമം നടത്തിപ്പോരുന്നുണ്ട്. ഒരു പരിധി വരെ മുസ്ലിം സമുദായത്തിന് അതിനെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും  ആഗോളവത്കരണത്തിന്റെയും സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തിന്റെയും ഫലമായി സാമ്രാജ്യത്വത്തിന് അവരുടെ പണി എളുപ്പമാവുകയും മുസ്ലിം സമുദായത്തിന്റെ പ്രതിരോധം ദുര്‍ബലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ലൈംഗിക അരാജകത്വം ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന സാമ്രാജ്യത്വത്തിന്റെ ചരക്കാണ്. നേരിയ തോതിലെങ്കിലും ഇന്ന് മുസ്ലിം സമുദായത്തിലും ലൈംഗിക അരാജകത്വത്തിന് ദാര്‍ശനിക പരിവേഷം നല്‍കി  ആസൂത്രിതമായി അതിനെ സന്നിവേശിപ്പിക്കാന്‍ സാമ്രാജ്യത്വത്തിന്  സാധിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ഇന്ന് പല നാടുകളിലും 'ഗേ മുസ്ലിംകളും' 'ക്വീര്‍  മസ്ജിദുകളും' ഒക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമികാധ്യാപനങ്ങളെ വളച്ചൊടിച്ചു തങ്ങള്‍ക്കനുകൂലമാക്കി വ്യാഖ്യാനിക്കുന്ന 'ഗേ മുസ്ലിം പണ്ഡിതന്മാര്‍' വരെ ഇന്ന് പശ്ചാത്യ നാടുകളില്‍ ഉണ്ട്. 
തങ്ങളെ അല്ലാഹു സൃഷ്ടിച്ചത്  ഇങ്ങനെയാണെന്നും തങ്ങള്‍ അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ട ന്യൂനപക്ഷം ആണെന്നും ആണ് 'ഗേ മുസ്ലിംകള്‍'  അവകാശപ്പെടുന്നത്. 
എന്നാല്‍ സ്വവര്‍ഗ ലൈംഗികതക്ക് ഇസ്ലാമിന്റെയോ  ശാസ്ത്രത്തിന്റെയോ പിന്തുണ ഇല്ല എന്നാണ് യാഥാര്‍ഥ്യം. 1968-ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക് അസോസിയേഷന്‍ (എ.പി.എ) സ്വവര്‍ഗരതിയെ മാനസിക രോഗങ്ങളുടെ ലിസ്റ്റില്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ നയിക്കുകയും ഗവണ്‍മെന്റില്‍ വരെ സമ്മര്‍ദം ചെലുത്തുകയും ചെയ്തതു  മൂലം എ.പി.എക്ക് മാനസികരോഗ  പട്ടികയില്‍ നിന്ന് സ്വവര്‍ഗ ലൈംഗികതയെ നീക്കം ചെയ്യേണ്ടി വന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലായിരുന്നു ഈ നീക്കം ചെയ്യല്‍. ഈ അടുത്ത കാലം വരെ സ്വവര്‍ഗ ലൈംഗികത ജനിതകമാണെന്നും 'ഗേ ജീന്‍' ആണ് ഒരു മനുഷ്യന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍  നിര്‍ണയിക്കുന്നതെന്നും സ്വവര്‍ഗലൈംഗികര്‍ വാദിച്ചിരുന്നു. എന്നാല്‍ 2019 ആഗസ്റ്റില്‍ സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട്  പ്രകാരം 'ഗേ ജീന്‍' ഇല്ലെന്നു ഗവേഷകര്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. അമ്പതു ലക്ഷം ജീനുകളില്‍ നടത്തിയ ഗവേഷണത്തിന് ആന്‍ഡ്രിയ ഗന്ന എന്ന പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞയുടെ നേതൃത്വത്തില്‍ എം.ഐ.ടി, ഹവാര്‍ഡ് പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിലെ ഗവേഷകരാണ് നേതൃത്വം നല്‍കിയത്. ഒരു വ്യക്തിയെ സ്വവര്‍ഗ അനുരാഗിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത്  സാമൂഹിക -  സാംസ്‌കാരിക ഘടകങ്ങളാണെന്നും പഠനം പറയുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നു എന്നവകാശപ്പെടുന്ന എല്‍.ജി.ബി.ടി എന്ന മൂവ്‌മെന്റിനെ കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ലൈംഗിക വൈകൃതങ്ങള്‍ക്ക്  കൗണ്‍സലിങിലൂടെ പരിഹാരം കണ്ടെത്താം എന്ന് പറയുന്നവരെ ഹോമോഫോബിക് എന്ന് മുദ്രകുത്തി അത്യന്തം അസഹിഷ്ണുതയോടെ നേരിടുകയാണ് ഇവരുടെ രീതി. വൈദ്യശാസ്ത്ര മേഖലയിലും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ മൂവ്‌മെന്റിനുള്ള സ്വാധീനം മൂലം ലൈംഗിക ന്യൂനപക്ഷങ്ങളെ പറ്റിയുള്ള നിഷ്പക്ഷ ഗവേഷണങ്ങള്‍ പോലും തടയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തങ്ങളുടെ സങ്കല്‍പത്തിനു വിരുദ്ധമായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും ഈ സംഘടന ശക്തമായ ലോബിയിംഗിലൂടെ തടയുന്ന സംഭവങ്ങള്‍ ഒട്ടനവധി ഉണ്ടായിട്ടുണ്ട്. ജെയിംസ് കസ്പിയന്‍  എന്ന പ്രസിദ്ധനായ സൈക്കോതെറാപ്പിസ്റ്റിനു  'ഡിട്രാന്‍സിഷന്‍'(ട്രാന്‍സിഷന്‍ വഴി മറ്റു ലിംഗപദവി നേടിയ ശേഷം അസംതൃപ്തി  മൂലം വീണ്ടും പഴയ ലിംഗപദവിയിലേക്ക് തിരിച്ചുപോകുന്ന പ്രക്രിയ) നടത്തിയവരെ പറ്റി ഗവേഷണം നടത്താന്‍ വേണ്ടി  അദ്ദേഹത്തിന്റെ സര്‍വകലാശാലയായ ബാത്ത് സ്പാ അനുമതി നല്‍കിയിരുന്നു. LGBT ലോബിയുടെ സമ്മര്‍ദം മൂലം അദ്ദേഹത്തിന് തന്റെ പഠനം രണ്ടു വര്‍ഷത്തിനു ശേഷം നിര്‍ത്തേണ്ടി വന്നു. മറ്റൊരു സുപ്രസിദ്ധ സെക്സോളജിസ്റ്റും നോര്‍ത്ത് വെസ്റ്റേണ്‍  യൂണിവേഴ്സിറ്റി പ്രഫസറും ആയിരുന്ന മൈക്കില്‍ ബൈലേയ്ക്ക് തന്റെ പുസ്തകമായ 'ദ മാന്‍ ഹു വുഡ് ബി ക്വീന്‍: സയന്‍സ് ഓഫ് ജെന്റര്‍ ബെന്റിങ് ആന്റ് ട്രാന്‍സ് സെക്ഷ്വലിസം' എന്ന പുസ്തകത്തില്‍ LGBT സമൂഹത്തിന്റെ കാഴ്ചപ്പാടിന് വിരുദ്ധമായ ചില ശാസ്ത്രീയ സത്യങ്ങള്‍ ഉണ്ടായതിന്റെ പേരില്‍   നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്തു. ഇത് പോലുള്ള നിരവധി ഉദാഹരണങ്ങള്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞേക്കും.
സ്വവര്‍ഗ ലൈംഗികത ജനിതകമാണെന്നും ചികിത്സിച്ചു മാറ്റാന്‍ പറ്റില്ലെന്നുമുള്ള  വാദം LGBT മൂവ്‌മെന്റിന്റെ ദുരൂഹ അജണ്ട മാത്രമാണെന്നും ഈ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നുമുള്ള മറ്റൊരു  തെളിവാണ് പശ്ചാത്യ നാടുകളിലടക്കം ഇന്ന് നിലവിലുള്ള 'ex gay' സൊസൈറ്റികള്‍. മുമ്പ് സ്വവര്‍ഗാനുരാഗം ശീലിച്ചിരുന്ന, പിന്നീട് കൗണ്‍സലിംഗിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തികളാണ് ഇത്തരം കൂട്ടായ്മകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
എയ്ഡ്‌സ് പോലുള്ള മാരകമായ രോഗങ്ങള്‍ സ്വവര്‍ഗലൈംഗികരില്‍ വളരെ കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. 'ദരിദ്ര-സമ്പന്ന രാജ്യങ്ങള്‍ ഭേദമന്യേ സ്വവര്‍ഗ അനുരാഗികള്‍ക്കിടയില്‍ എച്ച്.ഐ.വി അതിവേഗം വ്യാപിക്കുകയാണ്. പ്രത്യേകിച്ചും പുരുഷന്മാര്‍ക്കിടയില്‍' എന്ന് പറയുന്നത്  ജോണ്‍ ഹോപ്കിന്‍സ് ഫോഗാര്‍ട്ടി എയ്ഡ്‌സ് ഇന്റര്‍നാഷ്‌നല്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ക്രിസ് ബേയ്റര്‍ ആണ്.
UNAIDS പഠനപ്രകാരം ആഗോള തലത്തില്‍, ദരിദ്രമായ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലടക്കം ഗേ, ബൈസെക്ഷ്വല്‍ പുരുഷന്മാര്‍ക്കിടയില്‍ എച്ച്.ഐ.വി വ്യാപനം ദ്രുതഗതിയിലാണ്. വടക്കന്‍ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ എച്ച്.ഐ.വി ബാധ 15 ശതമാനമാണെങ്കില്‍ കരീബിയന്‍ രാജ്യങ്ങളില്‍ അത് 25 ശതമാനമാണെന്ന് UNAIDS റിപ്പോര്‍ട്ട് പറയുന്നു.
പതുക്കെയെങ്കിലും ലൈംഗിക അരാജകവാദികള്‍ കേരളത്തിലും പിടിമുറുക്കുന്ന സ്ഥിതിവിശേഷമുണ്ട്. കണ്ണൂരില്‍ ഒരു കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി അരാജക ലോബിയുടെ  സ്വാധീനത്തില്‍ പെട്ടു കുടുംബം ഉപേക്ഷിച്ചു പോവുകയും പിന്നീട് അതില്‍ നിന്നും തിരിച്ചു വരാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ ആത്മഹത്യയുടെ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി  വരികയും ചെയ്ത സംഭവം നടന്നത് ഈ അടുത്താണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പുരോഗമന പട്ടം  ലഭിക്കാനുള്ള വ്യഗ്രതയില്‍ ചില മുസ്ലിം ചെറുപ്പക്കാരെങ്കിലും ഇസ്ലാമിക പ്രമാണങ്ങള്‍ അതികഠിനമായി വിരോധിച്ച ഈ ലൈംഗിക അരാജവാദത്തിന് പിന്തുണയുമായി മുന്നോട്ട്  വരുന്നുണ്ട്. സമൂഹത്തിന്റെ ധാര്‍മിക സദാചാര കുടുംബ വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കതിരെ  മുസ്ലിം സമുദായത്തില്‍, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍  കൂടുതല്‍ ബോധവത്കരണം നടത്താന്‍ സംഘടനകള്‍ക്ക് ബാധ്യതയുണ്ട്. സാമ്രാജ്യത്വത്തിന്റ എല്ലാ ഹിഡന്‍  അജണ്ടകളെയും തിരിച്ചറിയുകയും അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന ജമാഅത്തിനെ പോലുള്ള സംഘടനകള്‍ ഈ ഉദ്യമത്തിന്  മുന്നിട്ടിറങ്ങണം. 


പതിയോര്‍മകളില്‍ ഇത്രകൂടി

ഹൈദറലി ശാന്തപുരം എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മക്കുറിപ്പുകള്‍ താല്‍പര്യത്തോടെ വായിക്കുന്നു. കായംകുളത്തിന്റെ സമീപ പ്രദേശമായ ഓച്ചിറയില്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുമായി ബന്ധപ്പെട്ട് പങ്കുവെച്ച കാര്യങ്ങള്‍ ഈയുള്ളവനിലും ചില ഓര്‍മകള്‍ ഉണര്‍ത്തി. പാരമ്പര്യ മുസ്ലിം സമൂഹത്തിനിടയില്‍ ഉണ്ടായിരുന്ന സ്ഥാന പരിവേഷങ്ങളാണ് പതിയുടെ നാടൊട്ടുക്കുമുണ്ടായിരുന്ന കുത്സിത ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നത്. എന്നാല്‍, പതിയെക്കുറിച്ച ഈ മതിപ്പിന് വല്ലാത്ത ഇടിവു പറ്റുകയും ക്രമേണ ആളുകള്‍ക്കിടയില്‍ അദ്ദേഹം അനഭിമതനാവുകയും ചെയ്ത ഒരു വിവാദമുണ്ടായി അക്കാലത്ത്. വിവാദമിങ്ങനെ: ഓച്ചിറയില്‍ ഒരു ജുമുഅത്ത് പള്ളിയും ദര്‍സും നടന്നിരുന്നു. അവിടെ മുദര്‍രിസായിരുന്ന വാഴക്കാടന്‍ മുസ്‌ലിയാര്‍ ഒരു 'മസ്അല'ക്ക് തുടക്കമിട്ടു. പടച്ചവന്റെ പേര് എങ്ങനെയാണ് ഉച്ചരിക്കേണ്ടത്? 'അല്‍ളാഹു' എന്നോ 'അല്‍ലാഹു' എന്നോ? മലയാളത്തിലെ ഇരട്ടിച്ച 'ല്ല'യാണ് ശരിയെന്നും ഒരിക്കലും 'ള' ശബ്ദം ഉച്ചരിക്കരുത് എന്നുമായിരുന്നു ഓച്ചിറ മുദര്‍രിസിന്റെ വാദം. ഈ വാദം പതിയും ഏറ്റെടുത്തു. വ്യാപകമായ പ്രചാരണങ്ങളും കോലാഹലങ്ങളും പല മഹല്ലുകളിലും നടക്കാന്‍ തുടങ്ങി.
ഞാന്‍ അന്ന് (1950  1957 കാലം) കായംകുളം ജാമിഅ ഹസനിയ്യയില്‍ ഓതുകയാണ്. 'അല്‍ലാ' വാദം മുസ്ലിം സാമാന്യ ജനങ്ങളിലും മഹല്ലുകളിലും വലിയ ഭിന്നതകളുണ്ടാക്കി. നടേ പറഞ്ഞ ജുമുഅത്ത് പള്ളിയില്‍ ജുമുഅ ഖുത്വ്ബയും നമസ്‌കാരവും വരെ അവതാളത്തിലായി. 'അല്‍ലാ' വാദക്കാരനായ ഖത്വീബ് താഴത്തെ പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിച്ചു. ഖുത്വ്ബയുടെ അവസാനത്തെ റുക്‌നായ ദുആ 'അല്‍ലാഹുമ്മഗ്ഫിര്‍ലില്‍ മുഅമിനീന്‍' എന്ന് 'ല' കാരത്തില്‍ ഉച്ചരിക്കുമ്പോള്‍, 'അല്‍ളാഹു അക്ബര്‍' എന്നു പറഞ്ഞ് മറുപക്ഷം പള്ളിയുടെ മുകളില്‍ 'അല്‍ളാ' വാദക്കാരനെ ഇമാമാക്കി നിര്‍ത്തി കൈകെട്ടും. അങ്ങനെ ഒരു പള്ളിയില്‍ ഒരേ സമയം രണ്ടു ജമാഅത്തുകളുണ്ടാവുന്ന സ്ഥിതിവിശേഷമുണ്ടായി. എന്നിരുന്നാലും 'അല്‍ലാ'വാദത്തിന് മുസ്ലിം പണ്ഡിത സമൂഹത്തിനിടയില്‍ വലിയ സ്വാധീനം നേടാനായില്ല. മാത്രവുമല്ല, ഹസനിയ്യയില്‍ മാറിമാറി വന്ന എല്ലാ ഉസ്താദുമാരും ഈ പുതിയ വാദത്തെ ശക്തിയായി എതിര്‍ത്തു. പണ്ഡിതരുടെ പിന്തുണയില്ലാത്തതിനാല്‍ സാമാന്യ ജനങ്ങളും മഹല്ലുകളും മെല്ലെ ഈ വാദങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി.
പൊതുജന പിന്തുണയില്ലാതായത് ഈ വാദമേറ്റെടുത്ത പതിക്ക് വിനയായി. അദ്ദേഹം മുസ്ലിം സമൂഹത്തിനിടയില്‍ ഒറ്റപ്പെടാനും അനഭിമതനാകാനും 'അല്‍ലാ' വിവാദം നിമിത്തമായി. എന്തിന്റെ പേരിലായാലും ഉമ്മത്തിനെ ഭിന്നിപ്പിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ഈ പതിയോര്‍മ ഒരു പാഠമാണ്. 

ടി.എ മുഹമ്മദ് ഹസനി, നീര്‍ക്കുന്നം

 

ഇസ്‌ലാമിന് സമര്‍പ്പിച്ച ജീവിതം

ഡോ. അഹ്മദ് തൂത്തുഞ്ചി അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ്. പെട്രോളിയം എഞ്ചിനീയറിംഗില്‍ ബിരുദവും ഉപരിപഠനവും പിന്നീട് ഡോക്ടറേറ്റും നേടിയിട്ടും അതിന്റെ പിറകെ പോയി ഭൗതിക വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നില്ല അദ്ദേഹം. 1970 കാലത്ത് അത്തരം ഒരു ബിരുദവുമായി ജോലി നേടി കോടികള്‍ സമ്പാദിക്കാന്‍ നോക്കാതെ,  തന്റെ ജീവിതം മുഴുവന്‍ ഇസ്ലാമിക പ്രസ്ഥാനത്തിനു വേണ്ടി മാറ്റിവെച്ച് ലോകം മുഴുവന്‍ ഓടി നടന്നു പ്രവര്‍ത്തിച്ച അതുല്യ പ്രതിഭയെ പരിചയപ്പെടുത്തുന്നു വി.എ കബീര്‍ പരിഭാഷപ്പെടുത്തിയ പുസ്തകം.
യാസിര്‍ ഇല്ലത്തൊടിയുടെ ലേഖനങ്ങള്‍ (ലക്കം 3156, 3157)  വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴിലധ്ഷിഠത ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കും വിധം സിലബസ് പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് വിലയിരുത്തുന്നുണ്ട് അതില്‍. 

നാസറുദ്ദീന്‍ ഏറ്റുമാനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്