Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

വക്ര സൂത്രം

സി.കെ കക്കാട്

എത്രയോ പത്രാസില്‍ ജീവിക്കും മര്‍ത്യരി-
ന്നത്രയും പത്രാസില്‍ തൃപ്തരല്ല.
പത്രാസ് കൂട്ടുവാന്‍ സ്വാര്‍ഥമായെത്രയോ
സൂത്രം മെനയുന്നു മര്‍ത്യരിന്നും.

സൂത്രങ്ങളൊക്കെ പുറത്തറിയാതെ ഇ-
ന്നെത്രയോ മൃത്യു നടന്നിരിക്കും.
ഉത്രതന്‍ ഭര്‍ത്താവിന്‍ സൂത്രമാം മൂര്‍ഖന്റെ
കൂര്‍ത്ത പല്ലൊന്ന് നീ ഓര്‍ത്തു നോക്ക്.

ഗാത്രത്തിലാ കൂര്‍ത്ത ദന്തം തറച്ചപ്പോള്‍
നേത്രനീരെത്രയോ വാര്‍ത്തു കാണും.
ഉത്രയെപ്പോലെ ചരിത്രത്തിലെത്രയോ
മിത്രങ്ങള്‍ മൃത്യു വരിച്ചുകാണും.

ഉത്ര മരിച്ചാലും ഭര്‍ത്താവിന്‍ സ്വാര്‍ഥമാം
സൂത്രമതത്രയും വ്യര്‍ഥമായി.
വ്യര്‍ഥ വിചിത്രമാം സൂത്രം തകര്‍ത്തപ്പോള്‍
ഭര്‍ത്താവും നേത്രനീര്‍ വാര്‍ത്തു പോയി.

എത്രയോ മര്‍ത്യരീ കണ്ണീര് കാണുവാന്‍-
പ്രാര്‍ഥനയോടെത്ര കാത്തിരുന്നു.
പത്രാസില്‍ ജീവിക്കാന്‍ ആര്‍ത്തികൊണ്ടെത്രയോ
മര്‍ത്യരീ ക്രൂരത ചെയ്തിടുന്നു.

പുത്രനായിട്ട് പിറക്കാത്ത കുറ്റത്താല്‍
പുത്രിയെ താതന്‍ എറിഞ്ഞുകൊന്നു.
എത്ര നാം കേട്ടതാ കൂടത്തായ് സംഭവം
അത്രയും പത്രാസിനായിരുന്നു.

ഇത്തര കൃത്യത്തിന്‍ ചിത്രങ്ങളെത്ര നാം
നിത്യവും പത്രത്തിലെത്ര കാണും.
സൂത്രങ്ങളത്രയും വ്യര്‍ഥമാക്കും ദൈവ-
സൂത്രമതെന്ന് നാം ഓര്‍ത്തിടേണം.

എത്രയോ നിസ്സാര വൈറസാം കോവിഡി-
ന്നെത്രയോ മര്‍ത്യരെ കൊന്നു തള്ളി.
അത്രയും നിസ്സാരനായുള്ള മര്‍ത്യ-
മനസ്സിലോ പത്രാസ് വന്ന് പൊള്ളി.

ബന്ധുമിത്രങ്ങളെ ബന്ധം മുറിക്കുവാന്‍
എന്തുണ്ട് മര്‍ത്യരേ ഇത്രമാത്രം
എത്രയും പെട്ടെന്ന് നിര്‍ത്തൂ സതീര്‍ഥ്യരേ-
സ്വാര്‍ഥ പത്രാസിന്റെ വക്ര സൂത്രം....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്