കോവിഡിനപ്പുറവും ജീവിതമുണ്ട്
ഇത് ലോകത്തെ മുഴുവന്‍ മനുഷ്യരും പല രീതിയില്‍ പ്രയാസങ്ങളനുഭവിക്കുന്ന മഹാമാരിക്കാലം. മനുഷ്യന്റെ ആത്മീയതയും ഭൗതികതയും ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രമീമാംസയും പ്രായോഗിക ജീവിതവുമെല്ലാം ഈ വൈറസിനെ കേന്ദ്രീകരിച്ചാണ് ചുറ്റിത്തിരിഞ്ഞത്. അക്കാദമിക ചര്‍ച്ചകള്‍, ചാനല്‍ ചര്‍ച്ചകള്‍, രാജ്യാന്തര ചര്‍ച്ചകള്‍ മുതല്‍ സാധാരണക്കാരുടെ വീട്ടുസംസാരം വരെ കോവിഡിനാല്‍ നിറഞ്ഞു.
ഭരണകേന്ദ്രങ്ങളെ കുറിച്ച് സംസാരിച്ച മാവര്‍ദിയുടെയും സമൂഹത്തിന്റെ ഉത്ഥാനപതനങ്ങളെ കുറിച്ച് സംസാരിച്ച ഇബ്നു ഖല്‍ദൂന്റെയും സംസ്‌കരണത്തിലൂടെ ഭൂമിയില്‍ അതിജീവിക്കാന്‍ അര്‍ഹത നേടുന്ന സമൂഹത്തെ കുറിച്ച് പറഞ്ഞ മാലിക് ബിന്നബിയുടെയും ചിന്തകള്‍ കോവിഡ് ചര്‍ച്ചയില്‍ പ്രസക്തമാണ്. നേര്‍മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിപ്പോകുന്ന സമുദായത്തെ മാറ്റി വേറെ സമൂഹത്തെ കൊണ്ടുവരുന്നതിനെ കുറിച്ച് ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്: ''നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല'' (മുഹമ്മദ് 38).
ഈയൊരവസരത്തില്‍ ഭൗതികലോകത്ത് അനുഭവിക്കുന്ന മഹാമാരികള്‍, ദുരന്തങ്ങള്‍, പരീക്ഷണങ്ങള്‍, വിപത്തുകള്‍ എന്നിവയെകുറിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ചില അധ്യാപനങ്ങള്‍ നമ്മുടെ സജീവ ശ്രദ്ധയില്‍ ഉണ്ടാവണം.
മനുഷ്യന്റെ കൈകടത്തലുകള്‍ മൂലം ഈ ലോകത്തിന്റെ വ്യവസ്ഥക്കും അതിന്റെ പതിവുകള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കാം. അത് ദുരന്തങ്ങള്‍ക്കും വിപത്തുകള്‍ക്കും മഹാമാരികള്‍ക്കും കാരണമായേക്കാം. അല്ലാഹു പറയുന്നു: ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?'' (അര്‍റൂം 41). ആവാസ വ്യവസ്ഥയില്‍ നടത്തുന്ന കൈകടത്തലുകളുടെ ചിലതിന്റെയെങ്കിലും പ്രശ്നങ്ങള്‍ മനുഷ്യന്‍ അനുഭവിക്കണമെന്നാണ് പറയുന്നത്. അല്ലാഹുവിലേക്കാണ് നാമെല്ലാം മടങ്ങേണ്ടതെന്ന കാര്യമാണ് ഇതിലൂടെ വിശ്വാസികള്‍ തിരിച്ചറിയേണ്ടതെന്നും തുടര്‍ന്ന് സൂചിപ്പിക്കുന്നു. തൊട്ടടുത്ത സൂക്തത്തില്‍ നിങ്ങള്‍ ലോകത്താകമാനം സഞ്ചരിച്ച് ഇത്തരം ആളുകളുടെ ജീവിത പരിണാമങ്ങള്‍ അന്വേഷിച്ചറിയണമെന്നും പറയുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ത്ത മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയതിന്റെ ഫലമെന്തായിരുന്നെന്ന് അപ്പോള്‍ മനസ്സിലാവും. ഇതിനു പുറമെ ഖുര്‍ആനില്‍ മൂന്ന് സ്ഥലത്തുകൂടി നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യൂ എന്ന് പറയുന്നുണ്ട്. ആ യാത്ര നിഷേധികളുടെയും (അല്‍അന്‍ആം 11) കുറ്റവാളികളുടെയും (അന്നംല് 69) പരിണതി എങ്ങനെയെന്ന് മനസ്സിലാക്കാനും അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് പഠിക്കാനുമാണ് (അര്‍റൂം 42).
മനുഷ്യനില്‍ പ്രകൃത്യായുള്ള അഹങ്കാരത്തിന്റെ ഫലമായി അവന്‍ തന്റെ കഴിവുകേടുകളെയും പരിമിതികളെയും മറക്കും. തന്നെ പരിപാലിച്ച് സംരക്ഷിക്കുന്ന രക്ഷിതാവിനെ അവഗണിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുന്ന പല സംഭവങ്ങളുമുണ്ടാകും. പകര്‍ച്ചവ്യാധികള്‍, ദുരന്തങ്ങള്‍, വിപത്തുകള്‍ എന്നിങ്ങനെ പല പേരുകളും നാമതിന് പറയും. ഭൗതിക മാപിനികളുപയോഗിച്ച് ശാസ്ത്രീയ ശരികളില്‍ നാം എത്തിച്ചേരുമ്പോഴും എല്ലാ ആസൂത്രണങ്ങളെയും ഇല്ലാതാക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന മറ്റൊരു തീരുമാനമുണ്ടാകാം. അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. വിശ്വാസി തന്റെ എല്ലാ ആസൂത്രണങ്ങളും നടത്തിക്കഴിഞ്ഞ് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നത് അതിനാലാണ്. അല്ലാഹു പറയുന്നു: ''ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള കാര്യമാണല്ലോ. നിങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരില്‍ ദുഃഖിക്കാതിരിക്കാനും നിങ്ങള്‍ക്ക് അവന്‍ തരുന്നതിന്റെ പേരില്‍ സ്വയം മറന്ന് ആഹ്ലാദിക്കാതിരിക്കാനുമാണത്. പെരുമ നടിക്കുന്നവരെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ഹദീദ് 22,23). തങ്ങളെ ബാധിച്ച രോഗത്തിന്റെയോ പരീക്ഷണങ്ങളുടെയോ മഹാമാരിയുടെയോ പേരില്‍ എല്ലാം നഷ്ടമായെന്ന് പരിതപിക്കേണ്ട കാര്യമില്ല. ശാസ്ത്രം കൊണ്ടോ നമ്മള്‍ ഭദ്രമെന്ന് ധരിക്കുന്ന ആസൂത്രണങ്ങള്‍ കൊണ്ടോ നാമെല്ലാം രക്ഷപ്പെടുമെന്ന അമിത യുക്തിചിന്തയും ഉണ്ടാവേണ്ടതില്ലെന്നാണ് ആയത്ത് പഠിപ്പിക്കുന്നത്. അല്ലാഹുവിനെ മറക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അഹങ്കാരത്തെയും താന്‍പോരിമയെയും സൂചിപ്പിച്ചാണ് സൂക്തം അവസാനിക്കുന്നത്.
ഹദീദ് അധ്യായത്തില്‍ തുടര്‍ന്നു പറയുന്നത് കോവിഡ് കാലത്ത് ജീവിത സംസ്‌കാരമാക്കേണ്ട ഒരു കാര്യമാണ്: ''അവരോ, സ്വയം പിശുക്ക് കാണിക്കുന്നവരും പിശുക്കരാകാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവരുമാണ്. ആരെങ്കിലും സന്മാര്‍ഗത്തില്‍നിന്ന് പിന്തിരിയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ആശ്രയമാവശ്യമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്'' (അല്‍ഹദീദ് 24). ഇവിടെ സാധാരണ മനുഷ്യരില്‍ ധാരാളം ഗുണങ്ങളും നന്മകളുമുണ്ട്. അതെല്ലാം സന്മാര്‍ഗത്തിന്റെ ഭാഗമാണ്. കോവിഡ് കാരണം അത്തരം നന്മകളും ഗുണങ്ങളും സഹജീവികളോടുള്ള ഹൃദ്യമായ ഇടപഴകലുകളും ഇല്ലാതാകാന്‍ പാടില്ല. രോഗികള്‍ക്ക് ശുശ്രൂഷയും മയ്യിത്തുകള്‍ക്ക് അര്‍ഹമായ പരിഗണനകളും കിട്ടാത്ത അവസ്ഥയുണ്ടാകരുത്. അതെല്ലാം വേണ്ട മുന്‍കരുതലുകളെടുത്ത് പൂര്‍ത്തീകരിക്കണം. ഭൗതിക കാരണങ്ങള്‍ക്കപ്പുറത്ത് അല്ലാഹുവിന്റെ വിധിയുണ്ടെന്ന വിശ്വാസം വിശ്വാസികളെ അതിന് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിശ്വാസികള്‍ ജീവിതത്തില്‍ പരീക്ഷണങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ ക്ഷമിക്കുകയും അല്ലാഹുവിലേക്ക് കൂടുതല്‍ മടങ്ങുകയുമാണ് വേണ്ടതെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പരീക്ഷണങ്ങളിലും ദുരിതങ്ങളിലും അല്ലാഹുവിലേക്കാണ് തങ്ങളുടെയെല്ലാം മടക്കമെന്ന പ്രാര്‍ഥന പതിവാക്കി വിശ്വാസി അവയെ മറികടക്കും. ജീവിതത്തില്‍ കൂടുതല്‍ അല്ലാഹുവിന്റെ കല്‍പനകള്‍ പിന്‍പറ്റാനുള്ള പ്രേരണയാണ് ഇത്തരം സംഭവങ്ങള്‍ വിശ്വാസിക്ക് നല്‍കുന്നത്.
അതിരുവിട്ട് മരണത്തെ ഭയപ്പെടുകയെന്നത് വിശ്വാസിക്ക് യോജിച്ചതല്ല. കോവിഡ് പോലുള്ള മഹാമാരികളെ കുറിച്ചും അതിന്റെ പ്രതിരോധത്തെ കുറിച്ചും സംസാരിക്കുമ്പോള്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. കോവിഡിനെയോ മരണത്തെയോ അല്ല, അവയെയെല്ലാം സൃഷ്ടിച്ച അല്ലാഹുവിനെയാണ് നമ്മള്‍ ഭയപ്പെടേണ്ടത്. ഈ അടിസ്ഥാനം മറന്നുള്ള ഭീതിയും ഭീതിപ്പെടുത്തലും ഇസ്ലാമികമല്ല. മരണത്തിലേക്ക് എടുത്തുചാടണമെന്നല്ല ഇതിനര്‍ഥം. നന്മ നിറഞ്ഞ ആയുസ്സ് ദീര്‍ഘിപ്പിച്ചു തരാനും ദുരന്ത മരണങ്ങളില്‍നിന്ന് അഭയംതേടാനും പ്രാര്‍ഥിക്കാന്‍ നബി പഠിപ്പിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇസ്ലാമിന്റെ മാനവിക മൂല്യങ്ങള്‍ രോഗത്തെയോ പകര്‍ച്ചവ്യാധിയെയോ പേടിച്ച് ഉപേക്ഷിക്കാവതുമല്ല. മറ്റുള്ളവരോട് ഇടപഴകുകയും അവരെ സഹായിക്കുകയും ചെയ്യുന്നത് പോലുള്ളവ തടയാന്‍ പാടില്ല.
ഇഹലോകത്തെ ജീവിതത്തെ അതിരുവിട്ട് കാമിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നബിവചനങ്ങളുണ്ട്. അതുപോലെ മനസ്സുകളും ആത്മാവും തുരുമ്പു പിടിച്ച് കേടുവരാതിരിക്കാന്‍ മരണത്തെ ഓര്‍ത്തുകൊണ്ടിരിക്കാന്‍ പഠിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മഹാമാരികളെ പേടിച്ച് ഇസ്ലാമിക മൂല്യങ്ങളെയും ഇബാദത്തുകളെയും ഉപേക്ഷിക്കാനല്ല, അനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് വിശ്വാസം ശക്തിപ്പെടുത്തി അല്ലാഹുവിന്റെ സഹായത്തോടെ ഭൗതിക ജീവിതത്തെ മറികടന്ന് പരലോകവിജയം നേടാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. മഹാമാരികളും പരീക്ഷണങ്ങളുമെല്ലാം അതിലേക്കുള്ള ചുവടുകളായാണ് വിശ്വാസി കാണേണ്ടത്.
Comments