Prabodhanm Weekly

Pages

Search

2020 ജൂലൈ 31

3162

1441 ദുല്‍ഹജ്ജ് 10

നുണപ്പുറത്തേറി രാജാവായവര്‍

മെഹദ് മഖ്ബൂല്‍ 

ജോര്‍ജ് ഓര്‍വെല്ലിന്റെ 'അനിമല്‍ ഫാം' എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റാലിന്‍ കാലഘട്ടത്തെ വളരെ സമര്‍ഥമായി മൃഗങ്ങളുടെ കഥകളിലൂടെ പറഞ്ഞുവെക്കുകയായിരുന്നു ജോര്‍ജ് ഓര്‍വെല്‍. ഒരു ഫാമിലെ മൃഗങ്ങളെല്ലാം അവരുടെ ജോണ്‍സണ്‍ എന്ന ഉടമക്കെതിരെ തിരിയുന്നതാണ് 'അനിമല്‍ ഫാമി'ന്റെ ഉള്ളടക്കം. മേജര്‍ എന്ന പന്നി മനുഷ്യര്‍ക്കെതിരെ മൃഗങ്ങളെ സംഘടിപ്പിക്കുകയാണ്. വിപ്ലവം അനിവാര്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. മേജറിന്റെ കാലശേഷം ആ വിപ്ലവ സ്വപ്‌നം സ്‌നോബോള്‍, നെപ്പോളിയന്‍ എന്നീ പന്നികള്‍ ഏറ്റെടുക്കുന്നു, അവസാനം അവര്‍ വിജയിക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ അനിമല്‍ ഫാം ഉണ്ടാക്കുന്നു. പിന്നീട് പന്നികളുടെ ഭരണമാണ് നടക്കുന്നത്. എല്ലാ മൃഗങ്ങളും സമന്മാരാണ് എന്നത് ചിലര്‍ കൂടുതല്‍ സമന്മാരാണ് എന്ന് എഴുതിച്ചേര്‍ക്കുന്നു. ഗ്രൂപ്പിസം വളരുന്നു. ഇഷ്ടപ്പെടാത്തവരെ പുറത്താക്കുന്നു, കൊലപ്പെടുത്തുന്നു. നയങ്ങളും മറ്റും നിരന്തരം മാറ്റുന്നു. ഒടുക്കം പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി സാമ്യം വരുന്നു.
ആ കാലത്തെ ശക്തമായ രചനയായി 'അനിമല്‍ ഫാം' മാറി.
ഇപ്പോള്‍ കാലം മാറി. പുതിയ പുതിയ  ആശയങ്ങളും കാഴ്ചപ്പാടുകളും ലോകം ഭരിക്കാന്‍ തുടങ്ങി. ഫാഷിസം പോലെ തന്നെ പോസ്റ്റ് ട്രൂത്തും പോപ്പുലിസവും ചര്‍ച്ചയായി. കള്ളങ്ങളും വിഡ്ഢിത്തങ്ങളും പ്രചരിപ്പിക്കുന്നവര്‍ നാട് ഭരിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ കള്ളങ്ങള്‍ കൊണ്ട് ആളുകള്‍ തൃപ്തിപ്പെടാതായി. പെരുങ്കള്ളങ്ങള്‍ മടിയേതുമില്ലാതെ പറയുന്നവര്‍ അധികാരത്തില്‍ തുടര്‍ന്നു. അങ്ങനെ മലിനമായൊരു പരിസ്ഥിതിയിലാണ് മറ്റൊരു പന്നിക്കഥ വരുന്നത്. അലക്‌സ് ബിയേഡിന്റെ 'ദ ലയിംഗ് കിംഗ്' (The Lying King). വലിയ രാഷ്ട്രീയ ഉള്ളടക്കത്തോടെ ഒരു കുട്ടിക്കഥ പറഞ്ഞുപോവുകയാണ് അലക്‌സ് ബിയേഡ്. 
നുണ പറയല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പന്നിരാജാവുണ്ടായിരുന്നു. നുണ പറഞ്ഞാണവന്‍ രാജാവായതു തന്നെ. പാതിരാത്രി നക്ഷത്രങ്ങളെ നോക്കി ഗുഡ് മോണിംഗ് പറയും. മഴ പെയ്യുമ്പോള്‍ മേഘങ്ങളൊന്നുമില്ലല്ലോ എന്ന് പറയും. നനഞ്ഞു കിടക്കുന്ന മണ്ണില്‍ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും. മയിലിനെ നോക്കി നീയെന്ത് വിരൂപയാണെന്ന് ആവര്‍ത്തിക്കും. ഏറ്റവും വേഗതയുള്ളവനും എല്ലാറ്റിനും കഴിവുള്ളവനും സാമര്‍ഥ്യക്കാരനുമെല്ലാം താനാണെന്ന് നടന്നു നടന്ന് പറയും. 103 വയസ്സായ ആമയോട് ഞാനാണെടോ ഏറ്റവും പരിചയസമ്പന്നന്‍ എന്നു പറയും. ഏറ്റവും വേഗതയുള്ളവന്‍ ഞാനാണെന്ന് ചീറ്റപ്പുലിയോടും ബലമേറിയ തൊലി എനിക്കാണെന്ന് കാണ്ടാമൃഗത്തോടും പറയും. സിംഹത്തിനും കടുവക്കുമെല്ലാം തങ്ങളെന്ത് കഴിവു കുറഞ്ഞവരാണെന്നു തോന്നും. അങ്ങനെ നുണപ്പുറത്തു കയറി പന്നി രാജാവാകുകയാണ്. പിന്നീട് ആകെ നയംമാറ്റങ്ങളാണ്. മീതെ എന്നതിന് ഇനി മുതല്‍ താഴെ എന്നാണ് പറയുക. ഇന്നലെ എന്നത് ഇനി മുതല്‍ നാളെ എന്നായിരിക്കും. മൃഗങ്ങളെ പരസ്പരം സംശയാലുക്കളാക്കി. കറുത്ത വരകളോടു കൂടിയ വെളുത്ത സീബ്രകളാണ് വെളുത്ത വരകളുള്ള കറുത്ത സീബ്രകളേക്കാള്‍ മികച്ചതെന്ന് പറഞ്ഞു. സീബ്രകള്‍ ആശയക്കുഴപ്പത്തിലായി, പരസ്പരം വിശ്വസിക്കാതായി. മൃഗങ്ങള്‍ തമ്മില്‍ ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കി തന്റെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് തന്റേതായ ആശയങ്ങളുമായി രാജാവ് പതിയെ കാട് മുടിക്കുകയാണ്. എല്ലായിടത്തും സംശയങ്ങള്‍ തലപൊക്കി, വഞ്ചനകള്‍ പടര്‍ന്നു. കടുവകള്‍ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. എന്നാല്‍ ഒരു എലി മാത്രം മയിലുകള്‍ക്ക് ശരിക്കും ഭംഗിയുണ്ടെന്നും നീ വെറുമൊരു പന്നിയാണെന്നും സത്യം പറയുന്നു. നീയൊരു പീക്കിരിയെന്ന് പന്നിരാജാവ് അവനെ നിസ്സാരവല്‍ക്കരിക്കുന്നു. പക്ഷേ, പിന്നീട് പതിയെ മൃഗങ്ങള്‍ക്ക് കാര്യം മനസ്സിലായി തുടങ്ങുന്നു. A lying pig should not be the king എന്നവര്‍ മനസ്സിലാക്കുന്നു. രാജാവിനെ ചവിട്ടിപ്പുറത്താക്കുന്നിടത്ത് കഥ അവസാനിക്കുന്നു. 
മാന്യമായി ജീവിക്കുന്ന ജിറാഫിനെപ്പോലെയുള്ള മൃഗങ്ങളെയെല്ലാം കള്ളനെന്ന് വിളിക്കുന്ന രാജാവാണ് ഏറ്റവും വലിയ കള്ളനെന്ന് അലക്‌സ് ബിയേഡ് കഥയിലൂടെ പറഞ്ഞുവെക്കുന്നു. നാടാകെ കട്ടുമുടിക്കുകയും കാവല്‍ക്കാരെന്ന് നടിക്കുകയും ചെയ്യുന്ന ഭരണാധികാരികളെയും കള്ളങ്ങളുടെ രാഷ്ട്രീയത്തെയും ഇതിലും ലളിതമായി എങ്ങനെ സംഗ്രഹിക്കാനാണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (18-24)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി സലീം കരിങ്ങനാട്