കുഞ്ഞു ഖബ്‌റുകള്‍
കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍
ഒന്നുമറിയാതെ
മണ്ണു പുതച്ചുറങ്ങുന്നു.
അവരുടെ ഖബ്‌റിടം
അലൗകികമായ
വെളിച്ചത്തില്‍
നിറഞ്ഞിട്ടുണ്ടാവണം.
കത്തിയെരിക്കപ്പെട്ട
തെരുവുകളെക്കുറിച്ച്
അവരിനി എന്തിനോര്‍ക്കണം.
ഗോലി കളിച്ചുനടന്ന
തെരുവിനെക്കുറിച്ച്,
വെണ്ണപുരട്ടി
അമ്മ വിളമ്പിവെച്ച
റൊട്ടിയെക്കുറിച്ച്
എന്തിനോര്‍ക്കണം.
കരുണയില്ലാത്ത
കാപാലികരെയാണ്
ഓര്‍മകള്‍
ഉടനീളം വേട്ടയാടുക!
അവര്‍ കൊളുത്തുന്ന
ഓരോ വിളക്കും
കൊല്ലപ്പെട്ടവര്‍
വന്നൂതിക്കെടുത്തും.
കുഞ്ഞുങ്ങളെ
ലാളിക്കുമ്പോള്‍
ആ കുഞ്ഞിക്കണ്ണുകള്‍
ക്രുദ്ധമൗനം കൊണ്ട്
അവരെ വേട്ടയാടും.
കഴുകിയിട്ടും
കഴുകിയിട്ടും മാറാത്ത
കറുത്ത രക്തം
ഓരോ പിടി അന്നത്തിലും
രുചിക്കും.
ഒറ്റക്കാകുന്ന
ഓരോ നിമിഷവും
ആത്മവിചാരണയുടെ
ഉമിത്തീയില്‍ വേവും.
കണ്ണാടി നോക്കുമ്പോള്‍
മുളച്ചു പൊന്തുന്ന
സ്വന്തം കൊമ്പുകള്‍ കണ്ട്
പേടിച്ച്, പിന്തിരിഞ്ഞോടും.
Comments