സന്താനലബ്ധി എന്ന അനുഗ്രഹം
കുടുംബത്തില്‍ ഒരു കുഞ്ഞിക്കാല്‍ കാണുന്നത് ഏവര്‍ക്കും സന്തോഷദായകമാകുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സുഹൃത്തുക്കളുമെല്ലാം ദമ്പതിമാരുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നു. കുട്ടി പിറന്നാല്‍ മാതാപിതാക്കളെ അനുമോദിക്കുകയും കുഞ്ഞിനും മാതാപിതാക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന ലബ്ധിയില്‍ മാതാപിതാക്കളെ അനുമോദനമറിയിച്ച് കൊണ്ട് ഇപ്രകാരം പറയണം.
بَارَكَ اللَّهُ لَكَ فِي الـمَوْهُوبِ لَكَ، وَشَكَرْتَ الوَاهِبَ، وبَلَغَ أشُدَّهُ، وَرُزِقْتَ بِرَّهُ
'അല്ലാഹു താങ്കള്‍ക്ക് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയ അല്ലാഹുവോട് താങ്കള്‍ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍ യുവത്വം പ്രാപിക്കുകയും അവന്റെ നന്മ താങ്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ'. അതിന് പ്രത്യുത്തരമായി ഇപ്രകാരം പറയുക.
بَارَكَ اللَّهُ لَكَ، وبَارَكَ عَلَيْكَ، وجَزَاكَ اللَّهُ خَيْراً، ورَزَقَكَ اللَّهُ مِثْلَهُ، وأجْزَلَ ثَوَابَكَ
'അല്ലാഹു താങ്കളെ അനുഗ്രഹിക്കുകയും താങ്കളുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യട്ടെ. അല്ലാഹു നല്ല പ്രതിഫലം താങ്കള്‍ക്ക് നല്‍കട്ടെ. ഇത് പോലെയുള്ളത് അല്ലാഹു താങ്കള്‍ക്ക് നല്‍കുകയും താങ്കളുടെ പ്രതിഫലം വര്‍ധിപ്പിക്കുകയും ചെയ്യട്ടെ'.
ഇബ്‌റാഹിം നബിയുടെ ഭാര്യയെ ഇസ്ഹാഖിന്റെയും തുടര്‍ന്ന് യഅ്ഖൂബിന്റെയും ജനനത്തെക്കുറിച്ച് മലക്കുകള്‍ സന്തോഷവാര്‍ത്ത അറിയിച്ച സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ''നമ്മുടെ ദൂതന്മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: 'സലാം'. അദ്ദേഹം പ്രതിവചിച്ചു: 'സലാം'. വൈകിയില്ല, അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെപ്പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു, ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്തിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ചിരിച്ചു. അപ്പോള്‍ അവള്‍ക്ക് ഇസ്ഹാഖിനെപ്പറ്റിയും ഇസ്ഹാഖിന് പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും നാം സന്തോഷവാര്‍ത്ത അറിയിച്ചു'' (ഹൂദ് 69-71). സകരിയ്യാ നബിക്ക് യഹ്‌യാ നബിയുടെ പിറവിയെക്കുറിച്ച് അല്ലാഹുവിന്റെ സന്തോഷവാര്‍ത്ത മലക്കുകള്‍ അറിയിക്കുകയുണ്ടായി: ''അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ഥിച്ച് കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ച് പറഞ്ഞു. യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍പ്പെട്ട ഒരു പ്രവാചകനുമായിരിക്കും അവന്‍'' (ആലു ഇംറാന്‍ 39).
റസൂലിന്റെ (സ) ജനനവാര്‍ത്ത സുവൈബ എന്ന സ്ത്രീ പിതൃ സഹോദരനായ അബൂലഹബിനെ അറിയിച്ചു. ആ സന്തോഷ വാര്‍ത്ത ശ്രവിച്ച മാത്രയില്‍ തന്നെ അദ്ദേഹം തന്റെ അടിമയായിരുന്ന അവരെ (സുവൈബയെ) സ്വതന്ത്രയാക്കുകയുണ്ടായി. സാഹോദര്യ-കുടുംബബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അനുമോദന രീതി ഉപകരിക്കുന്നതാണ്.
ബാങ്കും ഇഖാമത്തും
കുഞ്ഞ് പിറന്നാല്‍ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കണമെന്നാണ് ഇസ്‌ലാമിക രീതി. അബൂ റാഫിഅ് പറയുന്നു: പ്രവാചക പുത്രി, ഫാത്വിമ (റ) ഹസന്‍ ബിന്‍ അലിയെ പ്രസവിച്ചപ്പോള്‍ നബി(സ) കുഞ്ഞിന്റെ വലത് ചെവിയില്‍ ബാങ്ക് കൊടുക്കുന്നത് ഞാന്‍ കാണുകയുണ്ടായി. (അബൂദാവൂദ്). പ്രവാചകന്‍ അരുളി: 'കുട്ടി ജനിച്ചാല്‍ കുഞ്ഞിന്റെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുത്താല്‍ ഉമ്മു സിബ്‌യാന്റെ1 ഉപദ്രവം ഏല്‍ക്കുകയില്ല. (ബൈഹഖി). ഹസന്‍ ജനിച്ചപ്പോള്‍ നബി(സ) വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുത്തതായി ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഡോ. അബ്ദുല്ലാ ഉല്‍വാന്‍, തര്‍ബിയതുല്‍ ഔലാദ് പേജ് 60). നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്റെ പൊരുള്‍ പ്രമുഖ പണ്ഡിതനായിരുന്ന ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു. ''പിറന്ന് വീഴുന്ന കുഞ്ഞ് ആദ്യം കേള്‍ക്കേണ്ട ശബ്ദം പ്രപഞ്ച നാഥന്റെ മഹത്വം വിളംബരം ചെയ്യുന്ന ശബ്ദമായിരിക്കണം. അവന്റെ ഇസ്‌ലാം പ്രവേശനത്തിന്റെ പ്രഥമ അടയാളമാണ് ശഹാദത്ത് കലിമ (സത്യസാക്ഷ്യ വചനം) യുടെ പ്രഖ്യാപനം. മനുഷ്യന്റെ മരണവേളയില്‍ 'തല്‍ഖീന്‍'2 ചൊല്ലാന്‍ പ്രവാചകന്‍ പഠിപ്പിക്കുന്നു. ഈ ലോകത്തോട് വിട പറയുന്നതും തൗഹീദിന്റെ ശബ്ദം ശ്രവിച്ച് കൊണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു. നവജാത ശിശുവിന്റെ വലത് ചെവിയില്‍ ബാങ്കൊലിയും ഇടത് ചെവിയില്‍ ഇഖാമത്തും കേള്‍പ്പിക്കുക എന്നത് മുസ്‌ലിമായ പിതാവിനോട് ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യമാണ്. ഈ ലോകത്തേക്ക് പിറന്ന് വീഴുന്ന ശിശു പ്രഥമമായി ശ്രവിക്കേണ്ട മനുഷ്യ ശബ്ദം തൗഹീദിന്റേതായിരിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം. മുസ്‌ലിമായ വ്യക്തി പ്രഥമ പ്രകാശ കിരണത്തോടൊപ്പം തൗഹീദിന്റെ ശബ്ദവും സ്വീകരിക്കുന്നു. ജീവിതത്തോട് വിട ചൊല്ലുന്നതും തൗഹീദിന്റെ ശബ്ദം കേട്ട് കൊണ്ടാവുന്നു. അതിനര്‍ഥം ജനന മരണങ്ങള്‍ക്കിടയിലുള്ള ജീവിത കാലഘട്ടത്തില്‍ തൗഹീദ് സംസ്ഥാപനവും പ്രബോധനവുമാവണം മര്‍ത്യന്റെ ദൗത്യം. തൗഹീദിന്റെ മന്ത്ര ധ്വനിയായ ബാങ്കൊലി കേള്‍ക്കുന്നതോടെ നവജാത ശിശുവിങ്കല്‍ നിന്നും എല്ലാ പൈശാചിക ശക്തികളും ഓടിയൊളിക്കുന്നു'' (തുഹ്ഫത്തുല്‍ മൗലൂദ് കാണുക).
വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കുകയാണ് പതിവ്. വലിയൊരു സന്ദേശം അത് പ്രതീകവല്‍ക്കരിക്കുന്നു. നിത്യജീവിതത്തില്‍ നാം അനുഷ്ഠിക്കുന്ന ഇഖാമത്തിനും നമസ്‌കാരത്തിനുമിടയില്‍ കാലതാമസമില്ല. ഇഖാമത്തോട് കൂടി നമസ്‌കാരം ആരംഭിക്കുകയായി. ബാങ്കും ഇഖാമത്തും കൊടുക്കപ്പെട്ടവന് നമസ്‌കാരം നിര്‍വഹിക്കപ്പെടാനുള്ള സമയം സമാഗതമായിരിക്കുന്നുവെന്ന ബോധം ഐഹിക ജീവിതത്തിന്റെ നൈമിഷികതെയെയാണ് വിളംബരം ചെയ്യുന്നത്. മയ്യിത്ത് നമസ്‌കാരത്തില്‍ ബാങ്കും ഇഖാമത്തും ഇല്ല എന്നതും ശ്രദ്ധേയമാണ്. പ്രമുഖ ഇന്ത്യന്‍ പണ്ഡിത ശ്രേഷ്ഠനായിരുന്ന ശാഹ് വലിയ്യുല്ലാഹി അദ്ദഹ്‌ലവി എഴുതുന്നു: ''നവ ജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക് കൊടുക്കുന്നതിന്റെ പിന്നിലെ രഹസ്യം, പൊതുവില്‍ ബാങ്ക് ഇസ്‌ലാമിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു, മുഹമ്മദീയ ദീനിന്റെയും ജീവിത സരണിയുടെയും പ്രഖ്യാപനമാകുന്നു അത് എന്നതാണ്. ബാങ്കിന്റെ ഈ വചനം തന്നെയാണ് നവ ജാത ശിശു ആദ്യം ശ്രവിക്കേണ്ടത്. ബാങ്ക് ധ്വനി കേള്‍ക്കുമ്പോള്‍ പിശാച് ഓടിയകലും'' (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ).3
സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹം
സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് അനുഗ്രഹമാകുന്നു. ജീവിതം സഫലമാകുന്നതും അര്‍ഥപൂര്‍ണമാവുന്നതും സന്താനലബ്ധിയിലൂടെയാണ്. സന്താനമില്ലാതിരിക്കുമ്പോള്‍ ദാമ്പത്യം അപൂര്‍ണമായി തോന്നിയേക്കും. ദുഃഖ സാന്ദ്രമായ ഓര്‍മയായി അവര്‍ കാലം തള്ളി നീക്കേണ്ടി വരുന്നു. പ്രവാചകന്‍ അരുളി: ''മനുഷ്യന്‍ മരിച്ച്‌പോയാല്‍ മൂന്ന് കാര്യങ്ങള്‍ ഒഴികെ അവന്റെ എല്ലാ കര്‍മങ്ങളുമായും ബന്ധം വിഛേദിക്കപ്പെടുന്നു. എന്നെന്നും നില നില്‍ക്കുന്ന സദഖ(ദാനധര്‍മം), പ്രയോജനകരമായ വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സന്താനം എന്നിവയാണ് ആ മൂന്ന് കാര്യങ്ങള്‍'' (മുസ്‌ലിം).
മക്കളുടെ പ്രാര്‍ഥന മാതാപിതാക്കള്‍ക്ക് ആയുര്‍ ദൈര്‍ഘ്യത്തിനും ഖബ്‌റില്‍ പ്രതിഫലം ലഭിക്കാനും സ്വര്‍ഗത്തില്‍ ഉയര്‍ന്ന പദവി നേടാനും കാരണമാകുന്നു. അബുദ്ദര്‍ദാഅ് (റ) പറയുന്നു: ''ഞങ്ങള്‍ പ്രവാചക സന്നിധിയില്‍ ആയുര്‍ ദൈര്‍ഘ്യത്തെക്കുറിച്ച് സംസാരിക്കവേ അവിടുന്ന് പറഞ്ഞു: ജീവിതാവധി എത്തിക്കഴിഞ്ഞ ഒരാളുടെയും കാലാവധി അല്ലാഹു നീട്ടുകയില്ല. ആയുസ്സില്‍ വര്‍ധനവുണ്ടാവുക എന്നത് അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍ സന്താനത്തെ പ്രദാനം ചെയ്യുകയാകുന്നു; സന്താനങ്ങളുടെ പ്രാര്‍ഥന അവരുടെ ഖബറില്‍ വന്ന് ചേരുന്നതുമാണ്'' (തുര്‍മുദി). ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിക്കുന്നു: സ്വര്‍ഗത്തില്‍ വെച്ച് പരേതന്റെ പദവികള്‍ ഉയര്‍ത്തപ്പെടുന്നതാണ്. എന്ത് കൊണ്ടാണ് പദവിക്കയറ്റമെന്ന് അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ അല്ലാഹു ഇപ്രകാരം പറയും: നിന്റെ സന്താനം നിനക്ക് വേണ്ടി പാപമോചന പ്രാര്‍ഥന നടത്തിയിരിക്കുന്നു (ത്വബ്‌റാനി). സല്‍ സന്താനങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ പ്രതിഫലം മാതാപിതാക്കള്‍ക്കും ലഭിക്കുന്നതാണ്. അനസ് (റ) പറഞ്ഞതായി അബൂ യഅ്‌ലാ ഉദ്ധരിക്കുന്നു: പ്രായപൂര്‍ത്തിയാകുന്നത് വരെ മക്കള്‍ ചെയ്യുന്ന നന്മകളുടെ പ്രതിഫലം മാതാപിതാക്കള്‍ക്ക് വേണ്ടി എഴുതപ്പെടും. അവര്‍ ചെയ്യുന്ന തിന്മകള്‍ അവരുടെ പേരിലോ മാതാപിതാക്കളുടെ പേരിലോ രേഖപ്പെടുത്തുന്നതല്ല.'' (അല്‍ ഫതഹുര്‍റബ്ബാനി- ശൈഖ് അബ്ദുറഹ്മാന്‍ ബന്ന സാആതി).
കുറിപ്പുകള്‍
1. കാറ്റ്, ജിന്ന്, പിശാച് എന്നിങ്ങനെയാണ് അര്‍ഥം.
2. മരണാസന്നനായ വ്യക്തിക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്ത് കലിമ പറഞ്ഞു കൊടുക്കുകയെന്നതാണ് തല്‍ഖീന്‍ കൊണ്ടുള്ള വിവക്ഷ.
3. നവജാത ശിശുവിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നത് സംബന്ധിച്ച് വന്ന ഹദീസുകള്‍ ദുര്‍ബലമാണെന്ന് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പ്രമുഖ സുഊദീ പണ്ഡിതനായ ശൈഖ് ഉസൈമീന്റെ അഭിപ്രായത്തില്‍ നവജാത ശിശുവിന്റെ വലത് ചെവിയില്‍ ബാങ്ക് കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹദീസ് സ്വീകാര്യവും എന്നാല്‍ ഇഖാമത്തുമായി ബന്ധപ്പെട്ട ഹദീസ് സ്ഥിരീകരിക്കപ്പെടാത്തതുമാണ്. എന്നാല്‍ ശൈഖ് ഇബ്‌നുബാസിന്റെ അഭിപ്രായത്തില്‍ നവജാത ശിശുവിന് ബാങ്കും ഇഖാമത്തും കൊടുക്കുന്നതില്‍ തെറ്റില്ല. ഇമാം തുര്‍മുദിയെ ഉദ്ധരിച്ച് കൊണ്ട് ഇമാം നവവി എഴുതുന്നു. നവജാത ശിശുവിന്റെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമത്തും കൊടുക്കുന്നത് അഭിലഷണീയ(മുസ്തഹബ്ബ്)മാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (അല്‍ അദ്കാര്‍, പേജ് 253).
Comments