Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

മരണത്തെ ഭയക്കാത്ത നീതിബോധം

ശിഹാബുദ്ദീന്‍ ആരാമ്പ്രം

നീതിപീഠവും ന്യായാധിപന്മാരും ഭീതിയുടെ മുള്‍മുനയില്‍ അകപ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. അപ്പോഴൊക്കെ അവര്‍ ജീവനേക്കാളും നീതിക്ക് മുന്‍ഗണന നല്‍കി. അത്തരത്തിലുള്ള ഒരു സംഭവം വിഖ്യാത ചരിത്രകാരനായ ദിയാഉദ്ദീന്‍ ബര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്. അലാഉദ്ദീന്‍ ഖല്‍ജി അന്നത്തെ പ്രമുഖ ന്യായാധിപനായിരുന്ന ഖാദി മുഗീസുമായി നടത്തിയ സംവാദമായിരുന്നു അത്. ആ സംഭാഷണത്തില്‍ നീതിപാലനത്തിന്റെ മഹത്വവും ത്യാഗവും അടയാളപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ചില നിയമങ്ങളുടെയും താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമങ്ങളുടെയും വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനും ശരീഅത്തില്‍ അവയുടെ സ്ഥാനം എന്തെന്ന് അറിയുന്നതിനുമായി ഖാദി മുഗീസിനെ സുല്‍ത്താന്‍ അലാഉദ്ദീന്‍ ഖല്‍ജി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന ആ സംഭാഷണമധ്യേ രാഷ്ട്രത്തിന്റെ പൊതു മുതലില്‍ സുല്‍ത്താന്നും കുടുംബത്തിനുമുള്ള അവകാശത്തെപ്പറ്റി ചോദിച്ചപ്പോള്‍, ഖാദിയുടെ ആദ്യ പ്രതികരണം എന്റെ മരണം ആസന്നമായി എന്നായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്നായി സുല്‍ത്താന്‍. 'സത്യം പറഞ്ഞാല്‍ അവിടുന്ന് എന്നോട് കോപിക്കും; അസത്യം പറഞ്ഞാല്‍ ഖിയാമത്ത് നാളില്‍ ഞാന്‍ നരകത്തിലുമാവും' എന്നായിരുന്നു ഖാദിയുടെ മറുപടി. ഭയപ്പെടേണ്ടതില്ലെന്നും ആ വിഷയത്തിലുള്ള ശരീഅത്തിന്റെ വിധി പറഞ്ഞാല്‍ മതിയെന്നും സുല്‍ത്താന്‍ ഉണര്‍ത്തി. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ തുടങ്ങിയതോടെ 'എന്റെ വാളിനെ താങ്കള്‍ക്ക് ഭയമില്ലേ?' എന്നു പോലും അലാവുദ്ദീന്‍ ഖല്‍ജി ചോദിക്കുന്നതു കാണാം.
രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതില്‍ തന്റെ പങ്ക് എടുത്തു പറഞ്ഞ ശേഷം, സുല്‍ത്താന്‍ വീണ്ടും: 'എന്റെ പടയോട്ടക്കാലത്ത് രത്നങ്ങളും മുത്തുകളും ഉള്‍പ്പെടെയുള്ളവ അന്യനാടുകളില്‍നിന്ന് സമാഹരിച്ചതും മദ്യപാനം, വ്യഭിചാരം പോലുള്ള കുറ്റങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി കുറ്റവാളികളെ ശിക്ഷിച്ചതുമെല്ലാം ശരീഅത്തിന് വിരുദ്ധമാണെന്ന് തന്നെയാണോ താങ്കള്‍ പറയുന്നത്?' എന്ന് കോപത്തോടെ ചോദിച്ചു. അപ്പോള്‍ ഖാദി സുല്‍ത്താന്റെ മുന്നില്‍നിന്ന് എഴുന്നേറ്റ്, അല്‍പം ദൂരെയായി നെറ്റി നിലത്തൂന്നി, ഒടുവിലത്തെ പര്യവസാനവും പ്രതീക്ഷിച്ച് ഉറച്ച സ്വരത്തില്‍ 'എന്നെ നിങ്ങള്‍ രണ്ടായി വെട്ടി നുറുക്കിയാലും അത്തരത്തിലുള്ള താങ്കളുടെ പ്രവര്‍ത്തനങ്ങളെല്ലാം ശരീഅത്തിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമാണെന്നതില്‍ സംശയമില്ല' എന്ന് മറുപടി നല്‍കി. ഖാദി മുഗീസിന്റെ മറുപടി കേട്ട് സുല്‍ത്താന്‍ അലാഉദ്ദീന്‍ ഖല്‍ജി സദസ്സില്‍നിന്ന് എഴുന്നേറ്റു പോയി എന്നാണ് ദിയാഉദ്ദീന്‍ ബര്‍ണി അതിനെപ്പറ്റി എഴുതുന്നത്.
അലാഉദ്ദീന്‍ ഖല്‍ജിയെപ്പറ്റി പഠനം നടത്തിയ ആധുനിക ചരിത്രകാരനാണ് കിശോരി ശരന്‍ ലാല്‍ (കെ.എസ് ലാല്‍ 1920-2002). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗിയാസുദ്ദീന്‍ ബല്‍ബനെപ്പോലെ അലാഉദ്ദീന്‍ ഖല്‍ജിയും മികച്ച നീതിന്യായ സമ്പ്രദായം നടപ്പാക്കി. ദൗര്‍ഭാഗ്യവശാല്‍ അവയെല്ലാം രേഖപ്പെടുത്താന്‍ ഇബ്നു ബത്തൂത്തയെപ്പോലെ ഒരു സഞ്ചാരി അക്കാലത്ത് ഇന്ത്യയില്‍ എത്തിയിരുന്നില്ലെന്ന് അദ്ദേഹം എഴുതുന്നുണ്ട്. സമകാലികരായ ചരിത്രകാരന്മാര്‍ക്ക്, ഖാദിമാരും സുല്‍ത്താന്മാരും മര്‍ദിതര്‍ക്ക് നീതി ലഭിക്കും വിധം രൂപകല്‍പന ചെയ്ത നീതിന്യായ സമ്പ്രദായത്തില്‍ സാധാരണയില്‍ കവിഞ്ഞ പ്രത്യേകത അനുഭവപ്പെടാതിരുന്നതുകൊണ്ടാവാം, ആ നീതിനിര്‍വഹണങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കാതിരുന്നത്. 
ഏതാണ്ട് ക്രി. 1308-നോടടുത്താണ് അലാഉദ്ദീന്‍ ഖല്‍ജിയും ഖാദി മുഗീസും തമ്മിലുള്ള ആ സംവാദം നടന്നത്. ഉഗ്രപ്രതാപിയായ അലാഉദ്ദീന്‍ ഖല്‍ജിയുടെ മുന്നില്‍ ഖാദി മുഗീസ് സമ്മര്‍ദവും പരിമിതിയും മാത്രമായിരുന്നില്ല അഭിമുഖീകരിച്ചത്. സുല്‍ത്താന്റെ വാള്‍ത്തലപ്പില്‍നിന്ന് ഉതിര്‍ന്നു വീഴുന്ന സ്വന്തം ശിരസ്സ് തന്നെ അദ്ദേഹം നിനവില്‍ കണ്ടിട്ടുണ്ടാവണം. അപ്പോഴും സത്യത്തോടൊപ്പം ഉറച്ചുനില്‍ക്കാനുള്ള പ്രതിബദ്ധതയും പ്രബുദ്ധതയും മഹാനായ ആ ന്യായാധിപന്‍ പ്രദര്‍ശിപ്പിച്ചു.
നീതിനിര്‍വഹണത്തില്‍ മധ്യകാല ഇന്ത്യയിലെ ന്യായാധിപന്മാര്‍ (ഖാദി) പുലര്‍ത്തിയ ത്യാഗനിര്‍ഭരമായ നിലപാടുകള്‍ ഇന്നും തുടരുന്നതിന്റെ സൂചനകളാണ് ജസ്റ്റിസ് ലോയ മുതല്‍ ജസ്റ്റിസ് മുരളീധര്‍ വരെയുള്ളവരുടെ ദുരനുഭവങ്ങള്‍. എന്നാല്‍ നീതിനിര്‍വഹണത്തിന് സുല്‍ത്താന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും തുടര്‍ച്ചകള്‍ ഇല്ലാതാവുന്നതിന്റെ സൂചനകളും ആ ന്യായാധിപന്മാരുടെ അനുഭവങ്ങളിലുണ്ട്.  മധ്യകാല ഇന്ത്യയിലെ സുല്‍ത്താന്‍ ഭരണത്തിന്റെ വിജയ നിദാനങ്ങളില്‍ ഒന്ന് വിട്ടുവീഴ്ചയില്ലാത്ത അവരുടെ നീതിനിര്‍വഹണമായിരുന്നു. ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള ഭൂപ്രദേശങ്ങളെ സംയോജിപ്പിക്കാന്‍ നടത്തിയ പടയോട്ടങ്ങളെ പോലെത്തന്നെ പ്രധാനമായിരുന്നു അവിടെ നടപ്പാക്കിയ നീതിന്യായ വ്യവസ്ഥകളെന്ന് തിരിച്ചറിയാതെ പോവരുത്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിന് കാലാവസ്ഥകളെയും ഭിന്നവിരുദ്ധമായ ഭൂപ്രകൃതികളെയും മുറിച്ചുകടന്ന പടയോട്ടങ്ങളേക്കാള്‍ ഒട്ടും പിന്നിലായിരുന്നില്ല നീതിന്യായ കോടതികളുടെ അകത്തളങ്ങളില്‍ അരങ്ങേറിയ നീതിസാര വാദങ്ങള്‍. സാമ്രാജ്യത്തിന്റെ അതിരുകള്‍ പടയോട്ടങ്ങളിലൂടെ വികസിച്ചപ്പോള്‍ കോടതികള്‍ ജനഹൃദയങ്ങളിലെ അതിരുകളും വികസിപ്പിച്ചു. നൂറ്റാണ്ടുകള്‍ക്കിപ്പുറം നിന്ന് ആ രണ്ട് പ്രവാഹങ്ങളെയും പഠിക്കുന്നവര്‍ക്ക് ഒരിടത്ത്, ഖുത്വ്ബ് മിനാറിന്റെയും താജ്മഹലിന്റെയും ചെങ്കോട്ടയുടെയും സാന്നിധ്യവും മറുഭാഗത്ത് ഹൃദയങ്ങളെ കോള്‍മയിര്‍ കൊള്ളിച്ച സാഹോദര്യവും നീതിയും സമത്വവുമെല്ലാം പന്തലിച്ചു നില്‍ക്കുന്നതും കാണാം. എന്നാല്‍ രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ ഭരണത്തിന്, അതിനെല്ലാം മങ്ങലേല്‍പിക്കാനും വിഭാഗീയമായ ചേരിതിരിവിലൂടെ അതിന്റെ ശോഭ കെടുത്താനും കഴിഞ്ഞെങ്കിലും പൂര്‍ണമായും തമസ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്കും പരിമിതികള്‍ക്കും അടിപ്പെട്ട് നമ്മുടെ കോടതികള്‍ നീതിയുടെ രാജപാതയില്‍നിന്ന് മാറിനടന്നാല്‍, നീതിന്യായ ചരിത്രമെല്ലാം വരും തലമുറക്ക് പഴങ്കഥ മാത്രമായിരിക്കും.
മധ്യകാല ഇന്ത്യയിലെ സുല്‍ത്താന്മാരുടെ കോടതിയില്‍ നീതിന്യായ നിര്‍വഹണത്തിനുള്ള മാനദണ്ഡമായി സ്വീകരിച്ചിരുന്നത് ഇസ്ലാമിക നിയമങ്ങളായിരുന്നു. അതോടൊപ്പം തന്നെ പരമ്പരാഗതമായ ചില കീഴ്വഴക്കങ്ങളെയും അവലംബിച്ചു. കൂടാതെ 'തോറെ ചെങ്കീസി'യെ പോലുള്ള ചില സാമ്രാജ്യ ഭരണരേഖകളും അവര്‍ പ്രമാണമാക്കിയതായി കാണാം. എന്നിരുന്നാലും ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കായിരുന്നു മുന്‍ഗണന. നീതിപാലനത്തില്‍ വിവേചനം അരുതെന്ന തത്ത്വമായിരിക്കാം അതിനുള്ള പ്രേരണകളിലൊന്ന്. തദടിസ്ഥാനത്തില്‍ പ്രായോഗികമായി നീതിനിര്‍വഹണം ഉറപ്പു വരുത്താന്‍ ഓരോ സുല്‍ത്താനും ശ്രമിച്ചു. നീതിനിര്‍വഹണത്തില്‍ അവര്‍ നടപ്പാക്കിയ ഓരോ പരിഷ്‌കരണവും അതിന്റെ സൂചനകളാണ്. ഇല്‍ത്തുമിഷും ജഹാന്‍ഗീറും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധം മണിനാദം സ്ഥാപിക്കുകയുണ്ടായി. നീതി ലഭിക്കാത്ത ആര്‍ക്കും ഏതു സമയത്തും സുല്‍ത്താനോട് സങ്കടം ബോധിപ്പിക്കാന്‍ അതിലൂടെ അവസരം നല്‍കി. പരാതിക്കാരെ ഉടനടി തിരിച്ചറിയാന്‍ അവര്‍ ചായം മുക്കിയ വസ്ത്രം ധരിക്കണമെന്ന കല്‍പന, ഖാദിയുടെ വിധിപ്രകാരം സ്വന്തം പ്രജയുടെ ചാട്ടവാര്‍ പ്രഹരം ഏല്‍ക്കേണ്ടിവന്ന സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക്, എല്ലാ ആഴ്ചകളിലും പരാതിക്കാരുടെ പ്രശ്നം കേട്ട് പരിഹാരം നിര്‍ദേശിക്കാന്‍ സന്നദ്ധരായിരുന്ന സുല്‍ത്താന്മാര്‍, തനിക്കെതിരെ പരാതിയുള്ളവര്‍ കോടതിയെ സമീപിക്കണമെന്ന് കല്‍പിച്ച സുല്‍ത്താന്‍ ഔറംഗസീബ് തുടങ്ങി കളങ്കമേല്‍ക്കാത്ത, നീതിക്ക് കാവല്‍ നിന്ന എത്രയെത്ര ബഹുവര്‍ണ ചിത്രങ്ങളാണ് മധ്യകാല ഇന്ത്യയുടെ സവിശേഷതയായി നിലനില്‍ക്കുന്നത്.
എന്നാല്‍ അതെല്ലാം പാടേ നിരാകരിക്കുന്ന വാദമുഖങ്ങളാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ക്കുള്ളത്. സുല്‍ത്താന്മാരുടെ കോടതികളില്‍ അമുസ്ലിംകള്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ല, മതംമാറ്റമോ ജീവഹാനിയോ അല്ലാതെ അവരുടെ മുന്നില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല തുടങ്ങിയ വാദമുഖങ്ങള്‍, ചില ചരിത്രകാരന്മാര്‍ നിരന്തരം ഉന്നയിക്കാറുണ്ട്. ആര്‍.സി മജുംദാറിന്റെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവന്‍ പുറത്തിറക്കിയ The Mughul Empire (പേജ് 538, മൂന്നാം പതിപ്പ് 1994) എന്ന ഗ്രന്ഥത്തിലും അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കാണാം. ആ വാദത്തെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകള്‍ അവര്‍ നിരത്തുന്നുമില്ല. അതിനാല്‍ ഇതുവരെ പരാമര്‍ശിച്ച പ്രമാണങ്ങളും വസ്തുതകളും ചരിത്ര സംഭവങ്ങളുമെല്ലാം അത്തരത്തിലുള്ള വാദങ്ങളെ തള്ളിക്കളയുന്നതായി ആര്‍ക്കും ബോധ്യപ്പെടും. മാത്രവുമല്ല, മുകളില്‍ പരാമര്‍ശിച്ച നാല് വിഭാഗം കോടതികളില്‍ ഒന്ന് 'അദാലത്തെ ആം' (Court of Common law) എന്നതാണ്. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന മുഴുവന്‍ പരാതികള്‍ക്കും അവിടെയായിരുന്നു തീര്‍പ്പ് കല്‍പിച്ചിരുന്നത്. എല്ലാ വിഭാഗം സിവില്‍ -  ക്രിമിനല്‍ പരാതികളും അവിടെ എത്തും. ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതി - മത - വര്‍ഗത്തിന്റെയോ പരാതി 'അദാലത്തെ ആം' അവഗണിച്ചതായി ആ കാലത്തെ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
എന്നാല്‍ അതില്‍നിന്ന് ഭിന്നമായിരുന്നു 'അദാലത്തെ ശരീഅ' (Court of canon law). അവിടെ മുസ്ലിംകളെ മാത്രം ബാധിക്കുന്ന മതപരമായ നിയമങ്ങളും അവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കായിരുന്നു വിധി പറഞ്ഞിരുന്നത്. അത്തരത്തിലുള്ള മതപരമായ ഒരു കോടതി മുസ്ലിംകള്‍ക്ക് അനുവദിക്കുകയും, ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് മതപരമായ വിവേചനവും അവഗണനയുമായി തോന്നാം. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു വേര്‍തിരിവ് എന്ന് നാം ചിന്തിക്കാറില്ലെന്നതാണ് പരമാര്‍ഥം. ഈ പ്രബന്ധത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ആ കാലത്ത് ഹിന്ദു മതാനുയായികള്‍ക്കിടയില്‍ നിലനിന്നിരുന്നത് ജാതി മേധാവിത്വത്തില്‍ അധിഷ്ഠിതമായ ശിക്ഷാ സമ്പ്രദായവും അതിനനുസരിച്ച നീതിന്യായവുമായിരുന്നു. അതിനാല്‍ ഹിന്ദുമതാനുയായികള്‍ക്ക് മതപരമായ കോടതി സ്ഥാപിച്ചാല്‍, ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളായിരിക്കും നടപ്പാക്കേണ്ടിവരിക. അതിന് സുല്‍ത്താന്മാര്‍ക്കും അവരുടെ ന്യായാധിപന്മാര്‍ക്കും കഴിയുമായിരുന്നില്ല. കാരണം ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ രക്ഷാശിക്ഷകള്‍ സുല്‍ത്താന്മാരുടെ നിയമത്തിലെ നീതി, സമത്വം, സാഹോദര്യം എന്നിവയുമായി പൊരുത്തപ്പെടാത്തവയാണ്. അതിലൂടെ സാമൂഹിക സമത്വം ഉറപ്പു വരുത്താന്‍ കഴിയില്ല. സാമൂഹിക സമത്വവും നീതിയും ഉറപ്പു വരുത്താത്ത കോടതികള്‍ സ്ഥാപിച്ചാല്‍ വിവേചനത്തിന് കൂട്ടുനിന്നവര്‍ എന്ന അപരാധത്തിന് സുല്‍ത്താന്മാര്‍ വിധേയരാകുമായിരുന്നു. ഒരു വിഭാഗം ഹിന്ദുമതാനുയായികളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളെ പരിഗണിക്കാന്‍ മറ്റൊരു വിഭാഗം ഹിന്ദുമതാനുയായികളോട് അനീതി കാണിക്കണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത് ഉണ്ടായിരുന്നത്. അതിന് സുല്‍ത്താന്മാര്‍ സന്നദ്ധരായിരുന്നില്ല. അതുകൊണ്ടാവണം 'അദാലത്തെ ശരീഅ'യുടെ മാതൃകയില്‍ ഹിന്ദു മതാനുയായികള്‍ക്കുള്ള മതപരമായ കോടതികള്‍ സ്ഥാപിക്കാതിരുന്നത് എന്നു വേണം കരുതാന്‍. സുല്‍ത്താന്മാരുടെ കോടതികളെ ചില ചരിത്രകാരന്മാര്‍ മതപരമായ അവഗണനയായും ഹിന്ദുമതത്തോടുള്ള വിവേചനമായും വിലയിരുത്താന്‍ ഇടയായത് അതുകൊണ്ടാവണം. എന്നാല്‍ അപ്പോഴും ഹിന്ദുമതാനുയായികളുടെ പരാതികള്‍ക്ക് യാതൊരു വിവേചനവും കൂടാതെ 'അദാലത്തെ ആമ്മി'ല്‍നിന്ന് വിധി പറഞ്ഞുകൊണ്ടിരുന്നു എന്നത് അവര്‍ കാണാതെ പോയി. മാത്രവുമല്ല, സുല്‍ത്താന്മാരുടെ ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളിലെ ഏതെങ്കിലും കോടതികളില്‍നിന്ന് നിയമപരമായ പരിരക്ഷ ലഭിക്കുന്നില്ലെന്ന് പരാതിയുള്ളവര്‍ക്ക് സുല്‍ത്താനെ നേരില്‍ സമീപിക്കാനും അവസരം ലഭിച്ചിരുന്നു. അത്തരം പരാതികള്‍ക്ക് അവര്‍ തീര്‍പ്പ് കല്‍പിച്ചു നല്‍കിയതായും നാം കണ്ടു. എന്നാല്‍ അവയില്‍ 'അദാലത്തെ ശരീഅ'യില്‍ നിന്നുള്ളവ അപൂര്‍വമായിരുന്നു. കാരണം മറ്റു പരാതികളില്‍നിന്ന് ഭിന്നമായി, മതപരമായ പ്രശ്നങ്ങളില്‍ തീര്‍പ്പു കല്‍പിക്കുന്നതില്‍ സുല്‍ത്താന് പങ്കുണ്ടായിരുന്നില്ല. അവ മുഫ്തിയുടെയും ഖാദിയുടെയും പരിധിയിലാണ് ഉണ്ടായിരുന്നത്. അപൂര്‍വമായി അത്തരം കേസുകള്‍ സുല്‍ത്താന്റെ മുന്നില്‍ വന്നാല്‍ മുഫ്തിയുടെയും ഖാദിയുടെയും അഭിപ്രായം പരിഗണിച്ചു മാത്രമേ സുല്‍ത്താന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളൂ. അവിടെ സുല്‍ത്താന്റെ അനുഭാവമോ ദയാവായ്പോ ലഭിച്ചിരുന്നില്ല. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി