Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

മലപ്പുറത്തെ ആന

ഫാത്വിമ സഹ്‌റ ബത്തൂല്‍

'കുഴിബോംബ്, കുഴിയില്ലാത്ത ബോംബ്, കുഴി ഉണ്ടായിരുന്ന ബോംബ്, കുഴി ഉണ്ടാവാന്‍ സാധ്യതയുള്ള ബോംബ്' ഇങ്ങനെ പലതരം ബോംബുകള്‍ നിരത്തിവെച്ച മലപ്പുറത്തെ പാകിസ്താനങ്ങാടി ബോംബുകട കണ്ടിട്ടുണ്ടോ? എഴുപതു ശതമാനം വരുന്ന ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ ശ്വാസം വിടാന്‍ പോലും കഴിയാതെ, ഏതു നേരത്തും പൊട്ടിപ്പുറപ്പെടാവുന്ന വര്‍ഗീയ കലാപങ്ങളെ പേടിച്ച് ഞെരുങ്ങിയമര്‍ന്നു ജീവിക്കുന്ന മലപ്പുറത്തെ ഇതര മതവിശ്വാസികളുടെ അവസ്ഥയറിയുമോ? ഹൊ! മലപ്പുറം ഇത്രയേറെ ഭീകരരുടെ നാടാണോ!?
1921-ലെ മലബാര്‍ സമരത്തിനിപ്പുറം, കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയ കലാപങ്ങളോ സ്ഫോടനങ്ങളോ നടന്നിട്ടില്ലാത്ത മലപ്പുറത്തിനു നേരെ എവിടന്നാണ്, എന്തുകൊണ്ടാണ്  ഇത്രമാത്രം വിദ്വേഷപ്രചാരണങ്ങള്‍ വന്നുചേരുന്നത്?
'നല്ല ബോംബ് വേണമെങ്കില്‍ മലപ്പുറത്ത് കിട്ടു'മെന്ന് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വര്‍ഗീയ കലാപത്തില്‍ പരിക്കുപറ്റി ജോലിയും ജീവിതവും നഷ്ടപ്പെട്ട പോലീസുകാരനായി സത്യന്‍ അന്തിക്കാട് സിനിമയില്‍ മുരളിയെത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റും വന്നെത്തി നില്‍ക്കുന്നത് മലപ്പുറത്താണ്. 2006-ലെ 'മലപ്പുറത്തെ' വര്‍ഗീയ കലാപമെന്ന് മുരളി പറയുമ്പോള്‍ എന്നാണ്, എവിടെയാണ് 'മലപ്പുറത്ത്' അത്തരത്തിലൊരു കലാപമുണ്ടായിട്ടുള്ളതെന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. മലപ്പുറത്തെ ഏത് അങ്ങാടിയിലാണ് ഫുട്ബോളല്ലാത്ത, ഈ പറയപ്പെടുന്ന ബോംബുകള്‍ വില്‍ക്കുന്നത്?
മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് കടകംപളളി സുരേന്ദ്രനും,  മലപ്പുറത്തെ സമരക്കാര്‍ രാജ്യദ്രോഹികളെന്ന് ജി. സുധാകരനും പറഞ്ഞു. മുസ്‌ലിം തീവ്രവാദമാണ് മലപ്പുറത്ത് നടക്കുന്നതെന്നും  മലപ്പുറം മിനി പാകിസ്താനാണെന്നുമൊക്കെ  കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിരന്തരം മലപ്പുറത്തെ വിളിക്കാന്‍ ചിലര്‍ക്ക് എന്തുകൊണ്ട് കഴിയുന്നു? എന്തുകൊണ്ട് മലപ്പുറത്തെ കുറിച്ചുള്ള ഈ കുപ്രചാരണങ്ങളെയെല്ലാം പൊതുബോധം ശരിവെക്കുന്നു? അല്ലെങ്കില്‍ അനുവദിച്ചു കൊടുക്കുന്നു? ഇത് കാലങ്ങളായി തുടര്‍ന്നുപോരുന്ന, മുസ്‌ലിം ഭൂരിപക്ഷ മേഖലയോടുള്ള, മലപ്പുറത്തെ മനുഷ്യരുടെ 'മതം' തെരഞ്ഞുപിടിച്ചുള്ള കലര്‍പ്പില്ലാത്ത  ഫോബിയയുടെ അടയാളമാണ്. അതേ, ഇസ്ലാമോഫോബിയ തന്നെ!
ഇതേ ഫോബിയയും വിഷവും തന്നെയാണ് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്നിനെ മലപ്പുറത്താക്കി മാറ്റിയതും ഇന്ത്യയൊട്ടുക്കുള്ള മാധ്യമപ്പട അതേറ്റെടുത്തതും. ഈ 'ശുഷ്‌കാന്തി' ഒന്നു മാത്രമാണ് ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാക്കിയും ഓരോ മൂന്നു ദിവസത്തിലും ഓരോന്ന്  എന്ന കണക്കില്‍ ആനകള്‍ കൊല്ലപ്പെടുന്ന ജില്ലയായും മലപ്പുറത്തെ മാറ്റാന്‍ മനേക ഗാന്ധിക്ക് പ്രേരണയായതും.
മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലാണ് സംഭവമെന്ന് ബോധ്യമായിട്ടും, ദേശീയ മാധ്യമങ്ങള്‍  അത് തിരുത്തിയിട്ടും ഇവിടെ ചില വാര്യരും ചാനലുകളും തിരുത്താന്‍ മടിച്ചു തന്നെ നിന്നു (തിരുത്തി എന്ന് പറഞ്ഞതിലും തിരുത്തുണ്ട്. കാരണം മലപ്പുറം എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍, ഗര്‍ഭിണിയായ ആനക്ക് പടക്കം നിറച്ച പൈനാപ്പിള്‍ നല്‍കി 'കൊന്നു' എന്നത് പാലക്കാടായപ്പോള്‍ അബദ്ധത്തില്‍ പൈനാപ്പിള്‍ കഴിച്ച ആന 'മരണപ്പെട്ടു' എന്നായിട്ടുണ്ട്). ഒടുക്കം പ്രതിയെ അറസ്റ്റ് ചെയ്തിട്ടും മുസ്ലിം പേരുകള്‍ കാണാനാവാത്ത വിഷമം സഹിക്കവയ്യാതെ പല ദേശീയ സംഘപുത്രന്മാരും സോഷ്യല്‍ മീഡിയയില്‍ ആനയെ കൊന്ന 'ജിഹാദികള്‍'ക്ക് ഹംസത്ത് അലി എന്നും തമീം ശൈഖുമെന്നും പേരിട്ട് പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ആനയെയും പശുവിനെയും കുരങ്ങുകളെയും ഹൈന്ദവ വിശ്വാസവുമായി ബന്ധമുള്ളതുകൊണ്ട് ഇന്ത്യന്‍ ഇസ്ലാമിസ്റ്റുകള്‍ നിരന്തരം വേട്ടയാടുകയാണെന്ന വാര്‍ത്തക്കൊപ്പം ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്, മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാല്‍ മനുഷ്യരോടുള്ള (ഇതര മതവിശ്വാസികള്‍) അതേ വിദ്വേഷ സമീപനമാണ് മലപ്പുറത്തുകാര്‍ ഇപ്പോള്‍ ആനയോടും കാണിക്കുന്നത് എന്നാണ്.
തൊണ്ണൂറുകളില്‍ മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ മുസ്ലിം പള്ളിയോട് ചേര്‍ന്നു കിടക്കുന്ന ഹിന്ദു കുടുംബത്തിന്റെ സംരക്ഷണത്തിലുള്ള തെങ്ങ് പള്ളിയുടെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞു നില്‍ക്കുകയും,  തേങ്ങകള്‍ വീണ് പള്ളിയുടെ ഓടുകള്‍ക്ക് നിരന്തരം കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായി. തെങ്ങു മുറിക്കാന്‍ പലപ്പോഴായി ആവശ്യം ഉന്നയിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ആവശ്യം ശക്തമായതോടെ പ്രശ്നം രൂക്ഷമാവുകയും ഇരുവിഭാഗക്കാര്‍ക്കുമിടയില്‍ മറ്റൊരു തരത്തിലേക്ക് വിഷയം നീങ്ങുകയും ചെയ്തതോടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടായി. പള്ളി പുതുക്കി പണിയാനും ഓട് മാറ്റി കോണ്‍ക്രീറ്റ് ചെയ്യാനും തീരുമാനമുണ്ടായി. ഇതറിഞ്ഞ് വിഷമം തോന്നിയ അതേ കുടുംബത്തിലെ പ്രായം ചെന്ന സ്ത്രീ അന്ന് രാത്രി തന്നെ തങ്ങളുടെ വീട്ടിലെത്തുകയും മരം മുറിക്കാന്‍ മകനോട് ആവശ്യപ്പെട്ടോളാം എന്ന് പറയുകയും ചെയ്തപ്പോള്‍ തങ്ങള്‍ നല്‍കിയ മറുപടി 'ആ തെങ്ങ് നിങ്ങളുടെ ജീവിതോപാധി കൂടിയാണ്. എന്ത് വിലകൊടുത്തും അത് സംരക്ഷിക്കപ്പെടണം' എന്നായിരുന്നു. അവിടെ സംരക്ഷിക്കപ്പെട്ടത് തെങ്ങ് മാത്രമല്ലല്ലോ..!
കശ്മീരിലെയും മലപ്പുറത്തെയും ഹിന്ദുക്കള്‍ ഒരുപോലെയെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഈ അടുത്താണ്.  മലപ്പുറത്തെ മതവും മതസൗഹാര്‍ദവുമൊക്കെ ആരെയാണ് അലോസരപ്പെടുത്തുന്നതെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നിട്ടും കൃത്യമായി എല്ലാ റമദാനിലും ഭക്ഷണം കിട്ടാത്ത, വെള്ളം കിട്ടാത്ത ഒരു ഹിന്ദുവെങ്കിലും മലപ്പുറത്തിന്റെ പേരില്‍ ഏതെങ്കിലുമൊരു വാര്‍ത്തയിലെങ്കിലും കടന്നുപോകും.
ഇങ്ങനെ ഓരോ അണുവിലും മലപ്പുറത്തിന്റെ മണ്ണിലേക്ക് പാകുന്ന വംശവെറിയുടെ വിഷമറിയാത്തവരല്ല മലപ്പുറത്തുകാരെന്ന്  ഓര്‍മ വേണം.
ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, വെളിയങ്കോട് ഉമര്‍ ഖാദി, മോയിന്‍കുട്ടി വൈദ്യര്‍, തുഞ്ചത്തെഴുത്തഛന്‍, ഇ.എം.എസ്, വൈദ്യരത്നം പി.എസ് വാര്യര്‍, ഇടശ്ശേരി, പൂന്താനം, ഉറൂബ്, എം.കെ ഹാജി തുടങ്ങി എണ്ണിയാലും പറഞ്ഞാലുമൊടുങ്ങാത്ത പ്രതിഭകളുടെ നാടാണ് മലപ്പുറം. മാപ്പിള സമരത്തിന്റെയും പാണ്ടിക്കാട് യുദ്ധത്തിന്റെയും പൂക്കോട്ടൂര്‍ യുദ്ധത്തിന്റെയും ചേറൂര് യുദ്ധത്തിന്റെയുമൊക്കെ ചരിത്രവും വീറും പേറുന്ന മലപ്പുറത്തെ മണ്ണിനെ ഒരു ഷൂ നക്കിയും അത്രയെളുപ്പം ഇളക്കി മറിക്കാം എന്നു കരുതേണ്ട. ഏതൊക്കെ പേരില്‍ വര്‍ഗീയ വിഷം പുറത്തേക്കൊഴുക്കാന്‍ ശ്രമിച്ചാലും അതിനെയൊക്കെ നെഞ്ചുറപ്പോടെ നേരിടാന്‍ കരുത്തും വീറുമുള്ളവരുടെ നാടാണ് മലപ്പുറമെന്ന് ഓര്‍മയിലിരിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി