Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

ഓസ്‌ലോ കരാറിന് ഇതു മാത്രമേ സംഭവിക്കുമായിരുന്നുള്ളൂ

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഒരു പ്രതിഷേധ റാലി നടന്നു. ഫലസ്ത്വീനീ വംശജര്‍ക്കൊപ്പം ജൂതമത വിശ്വാസികളായ മനുഷ്യാവകാശ പ്രവര്‍ത്തകരും അണിനിരന്നു എന്നതാണ് അതിന്റെ പ്രത്യേകത. വെസ്റ്റ് ബാങ്കില്‍  നേരത്തേ കൈയേറിയ ഭൂമിയുടെ മുപ്പതു ശതമാനം ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനമാണ് പ്രതിഷേധ റാലിക്ക് വഴിവെച്ചത്. പൊതുവെ ലോകനേതാക്കള്‍ കോവിഡ് മഹാമാരിയെ നേരിടാന്‍ മുഴുവന്‍ പൗരന്മാരുടെയും പൊതുവേദികളുടെയും സഹായത്തോടെ കിണഞ്ഞു ശ്രമിക്കുകയാണ്. എന്നാല്‍, ചില രാഷ്ട്രത്തലവന്മാരുടെ കുടിലതയും ദുഷ്ട ലാക്കും അപ്പാടെ പുറത്തു ചാടുക ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലായിരിക്കും. ലോകം മുഴുക്കെ ജീവന്മരണപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുമ്പോള്‍ തങ്ങളുടെ കുടില പദ്ധതികള്‍ ഒന്നൊന്നായി ചുട്ടെടുക്കാനായിരിക്കും അവരുടെ തത്രപ്പാട്. ഇന്ത്യയിലെ സംഘ് പരിവാര്‍ ഭരണകൂടത്തിന്റെ അതിനീചമായ നീക്കങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി അവരെ ജയിലില്‍ തള്ളുകയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് വലിയ പ്രക്ഷോഭവും ഒച്ചപ്പാടുമൊന്നും ഉണ്ടാകില്ലെന്ന് ഈ ഭരണാധികാരികളുടെ കുടില മനസ്സ് കണക്കു കൂട്ടുന്നു.
ഇതേ കുതന്ത്രം തന്നെയാണ് നെതന്യാഹുവും പയറ്റുന്നത്. ഇപ്പോള്‍ ഭൂമി പിടിച്ചെടുത്താല്‍ ഒറ്റപ്പെട്ട പ്രതിഷേധ ശബ്ദങ്ങളേ ഉയരൂ. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് സമയമുണ്ടാവില്ല. അവ കോവിഡിനെ മെരുക്കുന്ന തിരക്കിലാണല്ലോ. നെതന്യാഹു എന്ന രാഷ്ട്രീയ ചാണക്യന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല. ആദ്യം കോവിഡിലും ഇപ്പോള്‍ അമേരിക്കയിലെ വംശീയവിരുദ്ധ പ്രക്ഷോഭങ്ങളിലും മുങ്ങിപ്പോയി, 1993-ല്‍ ഇസ്രയേലും പി.എല്‍.ഒയും ഒപ്പുവെച്ച ഓസ്ലോ കരാറിന്റെ നഗ്‌നമായ ഈ ലംഘനം. ഇസ്രയേലിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ സൈനിക കമാന്റര്‍മാരുമൊക്കെ വരുന്ന ജൂലൈയില്‍ നടപ്പാക്കപ്പെടുമെന്ന് പറയുന്ന ഈ നീക്കത്തിനെതിരാണ്. പക്ഷേ കരാര്‍ ലംഘനമോ ഫലസ്ത്വീനികള്‍ക്ക് നിഷേധിക്കപ്പെടുന്ന പൗരാവകാശങ്ങളോ ഒന്നുമല്ല അവരെ എതിര്‍ ചേരിയില്‍ നിര്‍ത്തുന്നത്. ഫലസ്ത്വീനികള്‍ക്ക് നല്‍കും എന്ന് പറയപ്പെട്ടിരുന്ന പടിഞ്ഞാറേ കരയോ ഗസ്സയോ കിഴക്കന്‍ ജറൂസലമോ മൊത്തം പിടിച്ചെടുത്ത് ഇസ്രയേലിന്റെ ഭാഗമാക്കിയാലും ഇക്കൂട്ടര്‍ക്ക് എതിര്‍പ്പുണ്ടാവില്ല. ഈയൊരു ഘട്ടത്തില്‍ ഭൂമി പിടിച്ചെടുക്കുന്നത് ഇസ്രയേലിന്റെ 'ഇമേജി'നെ ബാധിക്കില്ലേ എന്ന ആശങ്ക മാത്രമേ അവര്‍ക്കുള്ളൂ.
എഡ്വേഡ് സൈദിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഓസ്ലോ കരാര്‍ മഹാദുരന്തമായിരിക്കുമെന്ന് അക്കാലത്തു തന്നെ കൃത്യമായി പ്രവചിച്ചതാണ്. സ്വാതന്ത്ര്യം, പരമാധികാരം, തുല്യത എന്നിവ ഉറപ്പു നല്‍കുന്ന ഫലസ്ത്വീന്‍ സ്വയം നിര്‍ണയാവകാശത്തിലൂടെ മാത്രമേ സ്വതന്ത്ര രാജ്യം എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാനാവൂ എന്ന് സൈദ് സമര്‍ഥിച്ചു. ഓസ്ലോ കരാറില്‍ ഇതു സംബന്ധമായി ഒരു ഉറപ്പും നല്‍കുന്നില്ല. ഇസ്രയേലിനോടുള്ള വിധേയത്വം മാത്രമേ അതില്‍ കാണാനാവൂ. 'സമാധാന പ്രക്രിയയുടെ അന്ത്യം' (The End of Peace Process)   എന്ന പുസ്തകത്തില്‍ സൈദ് എഴുതി: 'ഓസ്ലോ കരാറിലൂടെ തീര്‍ച്ചയായും ഇസ്രയേലിന് സന്തോഷിക്കാന്‍ വകയുണ്ട്. സമാധാനത്തിന് മുന്നിട്ടിറങ്ങി എന്ന ക്രെഡിറ്റ് അതിന് ലഭിച്ചു. അതേസമയം ഫലസ്ത്വീനികളുടെ സമ്മതത്തോടെ തന്നെ ഇസ്രയേലിന് അതിന്റെ എല്ലാ അധിനിവേശവും തുടരുകയും ചെയ്യാം.'
27 വര്‍ഷങ്ങള്‍ക്കു മുമ്പ് സൈദ് പ്രവചിച്ചത് അക്ഷരംപ്രതി പുലരുകയായിരുന്നു പിന്നീട്. ഓസ്ലോ കരാറിനെ ഇത്ര കാലം ന്യായീകരിച്ച പി. എല്‍. ഒ നേതൃത്വം ഒന്നും മിണ്ടാനാകാതെ ശരിക്കും പ്രതിരോധത്തിലായിക്കഴിഞ്ഞു. കരാര്‍ ഒപ്പുവെച്ച യാസിര്‍ അറഫാത്തിന്റെ പിന്‍ഗാമി മഹ്മൂദ് അബ്ബാസ്, ഈ നീക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇസ്രയേലുമായുള്ള സകല സുരക്ഷാ സഹകരണങ്ങളില്‍ നിന്നും തങ്ങള്‍ പിന്‍വാങ്ങുമെന്നും മറ്റുമുള്ള കുറേ ഉണ്ടയില്ലാ വെടികള്‍ പൊട്ടിച്ചു നോക്കുന്നുണ്ട്. അദ്ദേഹം സ്വയം പരിഹാസ്യനാവുന്നത് മിച്ചം. ഇതു വരെ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന ദ്വിരാഷ്ട്രം എന്ന ആശയത്തിന്റെ മരണം കൂടിയാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ ഫലസ്ത്വീന്‍ വിഭാഗങ്ങളും ഒത്തു ചേര്‍ന്ന് പുതിയൊരു രാഷ്ട്രീയ പ്രതിരോധ സ്ട്രാറ്റജി ആവിഷ്‌കരിക്കുക മാത്രമാണ് ഇസ്രയേലിന്റെ 'ഗുണ്ടാ ഭൗമ രാഷട്രീയ'ത്തെ നേരിടാനുള്ള ഏക വഴി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി