Prabodhanm Weekly

Pages

Search

2020 ജൂണ്‍ 19

3156

1441 ശവ്വാല്‍ 27

മാപ്പര്‍ഹിക്കാത്ത കുറ്റം

കെ.പി പ്രസന്നന്‍

'സ്വന്തം ആത്മാക്കളോട് അക്രമം കാണിച്ച എന്റെ അടിമകളേ, നിങ്ങള്‍ നിങ്ങളുടെ റബ്ബിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്.'
പാപഭാരത്താല്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാനാവാതെ, പോരാടാനാവാതെ നിരാശയുടെ പടുകുഴിയില്‍ ആണ്ടിരിക്കുമ്പോള്‍ ഈ വേദവാക്യങ്ങള്‍ തരുന്ന ആശ്വാസം ചെറുതല്ല. നിങ്ങള്‍ ഉഹുദ് മലയോളം പാപങ്ങളുമായി ചെന്നാല്‍ അതിനേക്കാള്‍ വലിയ പാപമോചനവുമായി കാത്തിരിക്കുന്ന റബ്ബിനെ കാണാം എന്ന് മുത്ത് നബിയും പഠിപ്പിച്ചു.
റബ്ബിന്റെ കാരുണ്യവും മാപ്പും ഒക്കെ  കൊതിക്കുന്നവര്‍ സഹജീവികള്‍ക്ക്, വീട്ടിലുളളവര്‍ക്ക് അത് കൊടുക്കുന്നുണ്ടോ എന്നാലോചിച്ചാല്‍...?
നിങ്ങള്‍ മറ്റുള്ളവരില്‍  നിക്ഷേപിക്കുന്ന കാരുണ്യവും മാപ്പും ഒക്കെ എഴുപതിനായിരം ഇരട്ടിയാക്കിയായിരിക്കുമോ റബ്ബ് നമ്മുടെ മുന്നിലെത്തുക? അങ്ങനെ ഒരു കണക്കുനോട്ടം കൂടി അവന്റെ വര്‍ണത്തിലില്ലേ? എന്തൊക്കെ ആഴങ്ങളും ചുഴികളും ഉണ്ടാകാമതിന്!
മാപ്പു കൊടുക്കുക എന്നത് ഒരു സംസ്‌കാരമാണ്, ആഴത്തില്‍ ഉഴുത് ഉഴുത് നേടിയെടുക്കേണ്ട സംസ്‌കാരം. ആ കളി തുടങ്ങിയാല്‍ അതിനു അവസാനമില്ല. ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത്?
ഭ്രാതൃഹത്യ മനുഷ്യരാശിയെ എന്നും പിടിച്ചുകുലുക്കിയ ഒരു വാക്കാണ്. ഒരുപക്ഷേ മനുഷ്യരാശിയുടെ ചരിത്രം അവിടെയല്ലേ ശരിക്കും തുടങ്ങിയത്. ആബേലും കായേനും..!  
സഹോദരന്മാര്‍ പരസ്പരം ചതിച്ചാലോ? അതിനോളം വേറെ വേദനയുണ്ടോ? അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട്.
ജ്യേഷ്ഠന് അത്ര കാര്യപ്രാപ്തി ഒന്നുമില്ല. അനിയന്‍ മിടുക്കനാണ്. അവന്റെ മിടുക്കില്‍ അവന്‍ സഹോദരനെ നന്നായി ഒന്ന് പറ്റിച്ചു. സങ്കടം സഹിക്കവയ്യാതെ ജ്യേഷ്ഠന്‍ വീടു വിട്ടു പോയി, ദൂരെ എവിടെയോ. അതേ, സഹോദരന്റെ കുത്തിന് വേദനയേറും.
കാലം ഒരുപാട് കഴിഞ്ഞപ്പോള്‍ അനിയനിലേക്ക് മനുഷ്യത്വം തിരിച്ചു വന്നു. പാഠം പഠിച്ചതും ആവാം. തിരുത്തണമെന്ന തോന്നല്‍. ഒരു തീര്‍ഥയാത്രക്കും വേണ്ടി മാത്രമല്ല, ആത്മാര്‍ഥമായി തന്നെ.
ചേട്ടന്‍ താമസിക്കുന്ന കുന്നിന്‍ ചെരുവിലേക്ക് അയാള്‍ പാപബോധത്തോടെ വേച്ചു വേച്ച് കയറി. ദൂരെ നിന്ന് വരുന്നയാളെ ജ്യേഷ്ഠന്‍ തിരിച്ചറിഞ്ഞു. കാറ്റിന് തീപ്പിടിച്ചതു കണക്കെ അയാള്‍ ഓടിയിറങ്ങി, അടുത്തെത്തി അനിയന്റെ കഴുത്തിന് ചുറ്റും പിടിച്ചു. പിടി മുറുകുന്നതും കാത്തിരുന്ന അനിയന് അയാളുടെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേള്‍ക്കാനായി. അവനും പൊട്ടി ഒഴുകി.
'ഏട്ടന്‍ എന്നോട് പൊറുക്കില്ലേ.'
'ഞാനല്ലാതെ പിന്നാരാണ്ടാ നിനക്കുള്ളത്?'
മുന്നില്‍ മുട്ടു കുത്തിയിരുന്ന അയാള്‍ മുഖമുയര്‍ത്തി നോക്കി,
'ഏട്ടന് ഇപ്പോള്‍ ദൈവത്തിന്റെ മുഖം.........'
അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കാനുള്ള അസുലഭ മുഹൂര്‍ത്തങ്ങളാണ് മാപ്പിന്റെ സംസ്‌കാരത്തിലൂടെ നമുക്ക് കൈവരിക്കാനുള്ളത്. അതേ, ചിലര്‍ക്കൊക്കെ അത്  കൊടുത്തുകഴിഞ്ഞു വേണം റബ്ബിനോട് നമുക്കു വേണ്ടി ചോദിക്കാന്‍ എന്നുകൂടി ഓര്‍ക്കണം.
നമുക്കും ഉണ്ടാവില്ലേ ഒട്ടനവധി പാപങ്ങള്‍? ആരും അറിയാതെ കണ്ണുകള്‍ കട്ടെടുത്തത്, ഹൃദയത്തില്‍ കറപിടിപ്പിച്ചത്? റബ്ബ് മാത്രം പൊറുത്തുതരേണ്ട പാപങ്ങള്‍. അതിനു മുമ്പ് മാപ്പു ചോദിക്കാനുള്ളവരോടു ചോദിച്ചും പരിഹാരം ചെയ്യേണ്ടതുണ്ടെങ്കില്‍ അത് ചെയ്തും, മാപ്പു കൊടുക്കാനുളളവര്‍ക്ക് കൊടുത്തും ഒക്കെയാണ് ആ ചുരം കയറാന്‍ തയാറാവേണ്ടത്. അല്ലെങ്കില്‍ ഭാണ്ഡത്തിന്റെ ഭാരം നിങ്ങളെ താഴേക്ക് വലിച്ചു വീഴ്ത്തിക്കളയും!
യൂസുഫ് നബി(അ)യുടെ ചരിത്രത്തിലെ മാപ്പിന്റെ വിശുദ്ധി ഒന്നാലോചിച്ചുനോക്കിയിട്ടുണ്ടോ? എന്തൊക്കെ ക്രൂരതകളാണ് സ്വന്തം സഹോദരങ്ങള്‍ ചെയ്തത്? എണ്ണിയെണ്ണി പറയാന്‍ മാത്രം പാതകങ്ങള്‍. ഭ്രാതൃഹത്യയുടെ പല പല രൂപങ്ങള്‍. വേദം വായിക്കുമ്പോള്‍ അതൊക്കെ ഒന്നോര്‍മപ്പെടുത്തി പോരായിരുന്നോ പൊറുത്തു കൊടുക്കല്‍ എന്ന് പോലും നമുക്ക് തോന്നിപ്പോയിട്ടില്ലേ?  
'ഇന്നേ ദിവസം നിങ്ങള്‍ക്ക് ഒരു ശിക്ഷയുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും. അവന്‍ ദയാലുക്കളില്‍ വെച്ച് കൂടുതല്‍ ദയാലുവാണ്.'
അസൂയയും പകയും മൂത്ത് അവര്‍ കിണറില്‍ എറിഞ്ഞ അനിയന്‍, ദൈവത്തിന്റെ മുഖവുമായി മുന്നില്‍. മുട്ടിലിഴഞ്ഞു മാപ്പു ചോദിക്കുന്നവര്‍ക്ക്  മുട്ടിലുറച്ചു നിന്ന് മാപ്പു കൊടുക്കാനുള്ളവരാവേണ്ടതുണ്ട് എന്ന ചരിത്രപാഠം. ആ വളര്‍ച്ചക്കും വേണ്ടതുണ്ടല്ലോ ചില പോരാട്ടങ്ങള്‍.
ഇതേ വാക്ക് മുത്ത് നബി ആവര്‍ത്തിച്ചു, മക്കാ വിജയത്തിന്റെ അന്ന്. ആര്‍ക്കൊക്കെയാണ് മാപ്പു കൊടുത്തത്; സ്വന്തം നാട്ടില്‍ നിന്ന് ഓടിച്ചവരോട്, വീടുകള്‍ പിടിച്ചെടുത്തവരോട്, ക്രൂരമായി മര്‍ദിച്ചവരോട്...! എത്ര സുന്ദരമായ ക്ഷമ! മക്കാ നിവാസികള്‍ ദൈവത്തെ കണ്ടു കാണും, അല്ലേ?
മാപ്പിന്റെ ഈ വര്‍ത്തമാനം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. നമ്മോട് ചെയ്ത പാപങ്ങള്‍ നാം നമുക്കും പൊറുത്തുകൊടുക്കേണ്ടതുണ്ട്. അവനവനോട് പൊറുക്കാന്‍ ശീലിക്കുന്നതും വലിയ കാര്യമാണ്. അതിന്റെ രസം തിരിച്ചറിയാതെ മറ്റുള്ളവര്‍ക്ക് മാപ്പു കൊടുക്കാനാവില്ല. നമ്മുടെ ഇരുണ്ട ഭൂതകാലങ്ങള്‍ക്ക് മാപ്പു കൊടുക്കുക. ഡിപ്രഷനിലൂടെയും ആത്മനിന്ദയുടെ പടവുകളിലൂടെയും പോവുന്ന നമ്മുടെ പല കുട്ടികളെയും ഈ ശീലം പഠിപ്പിക്കാത്തതു  കൊണ്ടു കൂടിയാണ് അവരെ നമുക്ക് കൈ വിട്ടുപോയത്. പശ്ചാത്താപത്തിന്റെ ആഴിയില്‍ എത്ര നീന്തിയിട്ടും ആത്മനിന്ദ തീരാത്തവരും ഉണ്ടാവുമല്ലോ. അവര്‍ക്കു വേണ്ടതും ഈ പാഠം തന്നെ.
സ്വന്തത്തിനു മാപ്പു കൊടുത്ത് ശീലിച്ച്, അപരര്‍ക്കു മാപ്പു കൊടുത്ത് നിക്ഷേപം നടത്തി ദൈവത്തിന്റെ ഖജനാവിലേക്ക് ഉറ്റു നോക്കുമ്പോഴാവുമല്ലേ, ഗഫൂറായ റബ്ബിനെ കണ്ടെത്തുക?
ശമനമില്ലാതെ ഇന്നലെകളുടെ മാറാപ്പുമായി നിങ്ങളുടെ മുന്നില്‍ മാപ്പു ചോദിക്കുന്ന ഒരാളെ നിങ്ങള്‍ പരിഗണിക്കാതെ വിട്ടിട്ടുണ്ടോ? നിങ്ങളുടെ തോള്‍ വെട്ടിച്ചുള്ള ഒരു നടത്തം മതി അയാളെ തകര്‍ത്തൊടുക്കാന്‍! നിനക്ക് മാപ്പില്ല എന്നൊരു തോന്നല്‍ മതി, അയാള്‍ പുകഞ്ഞു തുടങ്ങാന്‍. ദൈവം മാപ്പു നല്‍കിയ ജീവിതത്തിനു നിങ്ങള്‍ കപ്പം ചുമത്തരുത് എന്നൊരു ബൈബിള്‍ വചനമുണ്ട്.
ധാരാളമായി മാപ്പു കൊടുത്ത് നിങ്ങള്‍ ഒന്ന് ശീലിച്ചുനോക്കൂ. ഏറ്റവും രസമുള്ള കളിയായി അത് മാറും. കുഞ്ഞുങ്ങളോട് നിങ്ങള്‍ തോറ്റു കൊടുക്കാറില്ലേ? വിജയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ  സന്തോഷം കണ്ട് നിങ്ങള്‍ ആനന്ദിച്ചിട്ടില്ലേ? മുതിര്‍ന്നവരോട്, തൊഴിലിടങ്ങളില്‍, വീടകങ്ങളില്‍, ഉറ്റവരോട് ബോധപൂര്‍വം അങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ? അതേ, ബോധപൂര്‍വം? നിരന്തരമായി ഉഴുത് ഉഴുത് നേടിയെടുക്കേണ്ട ഒന്നാണ് ഈ സംസ്‌കാരം.
ആര്‍ക്കൊക്കെ മാപ്പു കൊടുത്താലും സ്വന്തം ഇണയോട്, സഹോദരനോട് ക്ഷമിക്കാന്‍ അല്ലേ നമുക്ക് പാട്? ഒരര്‍ഥത്തില്‍ നമ്മില്‍ നിന്ന് ഏറ്റവും കൂടുതല്‍ അതര്‍ഹിക്കുന്നത് അവരല്ലേ? ദൈവത്തിന്റെ മുഖം സ്വീകരിക്കാനുള്ള ഒരു പ്രേരണ എനിക്കും നിങ്ങള്‍ക്കും കിട്ടാന്‍, അതിനു വേണ്ടി മാത്രമാണീ കുറിപ്പ്.
മാപ്പു കൊടുക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍, ജേതാക്കളാവുന്ന പോരാട്ടത്തെ കൂടി ഓര്‍മിക്കേണ്ടതുണ്ട്. കാരണം വിജയിക്കുമ്പോഴാണ്  കൂടെ ഓടി തോറ്റവരെ  ഏറ്റവും സുന്ദരമായി നമുക്ക് പരിഗണിക്കാനാവുക, അവരെ എതിരാളികളായി കരുതിപ്പോയിട്ടുണ്ടെങ്കില്‍ മാപ്പു കൊടുക്കാനാവുക. അവരില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു വിജയിക്കാനാവുമായിരുന്നില്ല.

ഒടുക്കം
പശ്ചാത്താപത്തിന്റെ പടവുകള്‍ കയറിയിട്ടും നിനക്ക് മാപ്പില്ല എന്നു പറഞ്ഞാട്ടി പാപഭാരത്തിന്റെ മരുഭൂമിയിലൂടെ  നിങ്ങളൊരു മനുഷ്യനെ അലയാന്‍ വിടുന്നു. 'സ്വന്തം ആത്മാക്കളോട് അക്രമം കാണിച്ച എന്റെ അടിമകളേ, നിങ്ങള്‍ നിങ്ങളുടെ റബ്ബിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്' എന്നൊരാള്‍ വിളിച്ചു പറഞ്ഞതിലൂടെ അയാള്‍ക്കൊരത്താണി കിട്ടിയെന്നറിയുമ്പോള്‍ അത് പോലും ഇല്ലെന്നു പറഞ്ഞ് അയാളുടെ പിറകെ കൂടുന്ന ആ ക്രൂരത ഉണ്ടല്ലോ; ഇസ്ലാമില്‍ അത്, അത് മാത്രമാണ് മാപ്പര്‍ഹിക്കാത്ത കുറ്റമാവുന്നത്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

വെളിച്ചമാണ് അധ്യാപകന്‍
ഫാത്വിമ കോയക്കുട്ടി