'ക്രോധത്തിന്റെ കാലം' ഫാഷിസ്റ്റ് വിരുദ്ധ പോരാളികള്‍ക്ക് ഒരു കൈപ്പുസ്തകം
ചരിത്രം ഭൂതകാലത്തിന്റെ വസ്തുതാപരമായ വിവരണമല്ല; മറിച്ച്, ഒരു ജനത മറക്കാന്‍ ഓര്‍മിക്കുകയും, ഓര്‍മിക്കാന്‍ മറക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ കലവറയാണ് എന്ന അര്‍ഥത്തില്‍ സ്വന്‍ലിന്‍ഡ് ക്വിസ്റ്റ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ന് നാം വായിക്കുന്ന നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും പടിഞ്ഞാറന്‍ ചരിത്രം ലിന്‍ഡ് ക്വിസ്റ്റിന്റെ അഭിപ്രായത്തില്‍, ഇത്തരം ഒരു ശുചീകൃത വിവരണം (Sanitized Account) ആണ്. അല്ലായിരുന്നെങ്കില്‍, അഭിനവ പാശ്ചാത്യ നാഗരിക ചരിത്രം വിവരിക്കാന്‍ ജോസഫ് കോണ്‍റാഡ് 'ഇരുളിന്റെ ആത്മാവ്' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഉപയോഗിച്ച ഒരേയൊരു വാക്യം മതിയാകുമായിരുന്നു എന്നാണ് ലിന്‍ഡ് ക്വിസ്റ്റിന്റെ അഭിപ്രായം. Exterminate the Brutes (കിരാതരെ കൊന്നൊടുക്കുക) എന്നതാണ് ആ വാക്യം.
അമേരിക്ക മുതല്‍ ആസ്‌ത്രേലിയ വരെ യൂറോപ്യന്‍ സാമ്രാജ്യത്വം ചെയ്തുകൂട്ടിയത് ഈയൊരു പ്രമാണത്തിന്റെ പൂര്‍ത്തീകരണമായിരുന്നു.
സാമ്രാജ്യത്വത്തിന്റെ കാലാള്‍ പടയാളികള്‍ക്ക് തൊലി കറുത്തതോ മഞ്ഞളിച്ചതോ ആയ കിരാതരെ വകവരുത്തുക എന്നത് ഒരു മൃഗയാ വിനോദത്തിന്റെ രസാനുഭൂതിയായിരുന്നെങ്കില്‍, കിപളിംഗിനെയും സ്‌പെന്‍സറിനെയും കുവിയറിനെയും പോലെ അധീശവല്‍ക്കരണത്തിന് ബൗദ്ധിക ഇന്ധനം സ്വരൂപിച്ചു കൊടുത്തവര്‍ക്ക് അത് കൃത്യമായ അജണ്ടയോടു കൂടിയ ഒരു വ്യാവസായിക നശീകരണ പദ്ധതിയായിരുന്നു. Survival of the Fittest എന്ന അപകടകരമായ സിദ്ധാന്തം ആവിഷ്‌കരിച്ച സ്‌പെന്‍സറിന്റെ അഭിപ്രായത്തില്‍ നിലനില്‍ക്കാനുള്ള അര്‍ഹത എല്ലാ ജീവവര്‍ഗങ്ങള്‍ക്കും ഒരു പോലെയല്ല; ചിലര്‍ അതിജീവനത്തിന് അര്‍ഹരാണ് എന്നത് പോലെ തന്നെ ചിലര്‍ നാമാവശേഷമാകേണ്ടത് പ്രകൃതി നിയമങ്ങളുടെ താല്‍പ്പര്യമാണ്; അര്‍ഹതയുള്ളവരുടെ അതിജീവനത്തിന് വേണ്ട ജീവസ്ഥലി (നാസികളെ ഏറെ പ്രചോദിപ്പിച്ച 'ലെയ്ബന്‍സ് റോം' എന്നതിന്റെ പച്ച മലയാളമാണ് ഈ വാക്ക്) ഒരുക്കാന്‍ ഈ പ്രകിയ അനിവാര്യമാണ്. അതിനാല്‍ താണ തരം ജീവവര്‍ഗങ്ങളെയും ജനുസ്സുകളെയും ആഹുതി ചെയ്ത് അതിജീവന ശേഷിയുള്ളവര്‍ ഭൂമിയില്‍ അവരുടെ അധിനിവേശം ഉറപ്പിക്കുക. സ്‌പെന്‍സറിനെ ഇങ്ങനെയാണ് തെറ്റായോ ശരിയായോ പലരും വായിച്ചത്; അതിനാല്‍ തന്നെ അവര്‍ ആധുനിക ലോകത്ത് അരങ്ങേറിയ നരമേധങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചതോ / നോക്കിക്കണ്ടതോ നിര്‍വികാരതയോടെ എന്നതിനേക്കാള്‍ വര്‍ധിതാതിരേകത്തോടെയായിരുന്നു (സ്‌പെന്‍സറില്‍ നിന്ന് രക്ഷിക്കാനായില്ലെങ്കില്‍ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനം എന്ന് മഹാത്മജി ചെസ്റ്റേര്‍ട്ടനെ ഉദ്ധരിച്ച് പറഞ്ഞത് ആനുഷംഗികമായി ഓര്‍ക്കാം).
ഹിംസയുടെയും ക്രോധത്തിന്റെയും വര്‍ത്തമാന ചരിത്രം വിവരിക്കുന്ന പങ്കജ് മിശ്രയുടെ Age of Anger എന്ന കൃതിയില്‍ സ്‌പെന്‍സറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എത്രയോ കഥാപാത്രങ്ങളും അവര്‍ വര്‍ത്തമാന ചരിത്രത്തില്‍ വഹിച്ച പങ്കും കടന്നു വരുന്നു.
അനണ്‍സിയോവും മാസ്സിനിയും
ഗബ്രിയേല്‍ ഡി അനണ്‍സിയോ എന്ന ഇറ്റലിക്കാരന്‍ ചില്ലറക്കാരനായിരുന്നില്ല. നോവലിസ്റ്റും നാടകകൃത്തും കവിയും കാമുകനുമായിരുന്ന അയാള്‍ പൈലറ്റും പോരാളിയുമായിരുന്നു. ഇറ്റാലിയന്‍ ഫാഷിസത്തിനും തീവ്ര ദേശീയതക്കും വിത്തു പാകിയ അനണ്‍സിയോയുടെ സംഭവബഹുലമായ ജീവിതം വിവരിച്ചുകൊണ്ടാണ് മിശ്ര അപര വിരോധത്തിന്റെ വര്‍ത്തമാന ചരിത്രം ആവിഷ്‌കരിക്കുന്നത്. നീത്‌ഷെ പറഞ്ഞ അതിമാനുഷനാണ് താനെന്ന് സ്വയം വിശ്വസിച്ച അനണ്‍സിയോവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഒരു കാലത്ത് ഇറ്റലിയില്‍ ചെറുപ്പക്കാരുടെ വലിയ തിരക്കായിരുന്നു. അന്ന് തീരെ അറിയപ്പെടാതിരുന്ന ഹിറ്റ്‌ലറും മുസ്സോളിനിയും അദ്ദേഹത്തിന്റെ ശിഷ്യത്വം മനസ്സാ വരിച്ചവരായിരുന്നു. നേരിയ ഒരിടവേളയില്‍ ഫ്യും പട്ടണത്തിന്റെ ഭരണാധികാരിയായ അനണ്‍സിയോ എതിരാളികളെ വകവരുത്താന്‍ സവിശേഷമായ ഒരു പീഡന രീതി ആവിഷ്‌കരിച്ചിരുന്നു. അവരെ വയറു നിറയെ ആവണക്കെണ്ണ കുടിപ്പിക്കും; എന്നിട്ട് സ്വന്തം വിസര്‍ജ്യത്തില്‍ അവര്‍ കിടന്ന് പുളയുന്നതു കണ്ട് ആനന്ദനിര്‍വൃതിയടയും.
തീവ്ര ഇറ്റാലിയന്‍ ദേശീയതയുടെ പ്രണേതാക്കളായ അനണ്‍സിയോയുടെയും മാസ്സിനിയുടെയും ആശയങ്ങളും ജീവിത സന്ദര്‍ഭങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ ശക്തമായ അക്രമാസക്ത ദേശീയതയുടെ ജനിതകവും പരിണാമവും അന്വേഷിക്കാനുള്ള ചവിട്ടുപലകയായി ഉപയോഗിക്കുന്ന മിശ്ര തുടര്‍ന്ന് റൂസ്സോയിലേക്കും വോള്‍ട്ടയറിലേക്കും ഖുത്വ് ബിലേക്കും ശരീഅത്തിയിലേക്കും സവര്‍ക്കറിലേക്കും ചരിത്രപദങ്ങളെ കീറി മുറിച്ച് ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കത്തോടെ ചാഞ്ചാടുന്നു. ആധുനിക ഭാവനയെ ഏറെ സ്വാധീനിച്ച ഈ വ്യക്തികളുടെ ജീവിത സംഭവങ്ങളിലൂടെയും ചിന്തകളിലൂടെയും സഞ്ചരിച്ച് ഫുക്കോള്‍ഡിയന്‍ രീതിയില്‍ വര്‍ത്തമാനത്തിന്റെ ഒരു പുരാവസ്തു ചരിതം (Archaeology) രചിക്കാനാണ് ഈ ഗ്രന്ഥത്തില്‍ മിശ്രയുടെ ശ്രമം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രധാനമായും 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ സ്‌പെന്‍സറിന്റെയും നീത്‌ഷെയുടെയും സ്വാധീനത്തില്‍ വളര്‍ന്ന തീവ്ര ദേശീയതയിലാണ് അഭിനവ ഭീകരതയുടെ ആദിബീജങ്ങള്‍ അന്വേഷിക്കേണ്ടത്; അല്ലാതെ സദാ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന ഇസ്ലാം മത ശാസനകളിലോ മറ്റോ അല്ല.
ഇറ്റലിയെ സംബന്ധിച്ചേടത്തോളം ഫാഷിസത്തിന്റെ 'സ്‌നാപക യോഹന്നാന്‍' എന്ന് മുസ്സോളിനി വിശേഷിപ്പിച്ച അനണ്‍സിയോ ഈ പ്രക്രിയയില്‍ ഒറ്റക്കായിരുന്നില്ല. ഫിലിപ്പോ മാരിനെറ്റി തുടക്കം കുറിച്ച ഫ്യൂച്ചറിസം എന്ന സാഹിത്യ-കലാ പ്രസ്ഥാനം തന്നെ ഹിംസയുടെയും അപരന്റെ ചോര ചിന്തുന്നതിന്റെയും മഹത്വം ഉദ്‌ഘോഷിച്ച പ്രസ്ഥാനമായിരുന്നു.
ലിബിയയില്‍ ഇറ്റാലിയന്‍ ഇംപീരിയലിസ്റ്റുകള്‍ നടത്തിയ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച ക്രൂരതകള്‍ക്കും നരമേധങ്ങള്‍ക്കും പ്രചോദനവും പ്രോത്സാഹനവുമായത് ഈ കലാകാരന്മാരുടെ രചനകളായിരുന്നു. പ്രധാനമായും സ്‌പെന്‍സറിന്റെ ചിന്തകളില്‍ ആകൃഷ്ടനായ മാരിനെറ്റിയുടെ അഭിപ്രായത്തില്‍ കല ഹിംസാത്മകമാവണം; അത് ധാര്‍മികതയെ ഉല്‍പ്പാദിപ്പിക്കുന്ന യുദ്ധത്തെ പ്രോത്സാഹിപ്പിക്കണം; കാരണം, യുദ്ധത്തിലൂടെ സംഭവിക്കുന്നത് ഒരു തരം ശുചീകരണ പ്രക്രിയ (Hygenic Process) ആണ്. ഇറ്റലിയുടെ ലിബിയന്‍ അധിനിവേശം അരങ്ങേറിയപ്പോള്‍ മാരിനെറ്റിക്ക് തന്റെ ആവേശം അടക്കാനായില്ല. 'വെടിയുണ്ടകളുടെ മാസ്മരിക സംഗീതാനുഭൂതി'യെ അയാള്‍ തന്റെ 'ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോ'യില്‍ മനോഹരമായി വര്‍ണിച്ചു. ഒരുപക്ഷേ, മാരിനെറ്റിയേക്കാള്‍ കാര്യങ്ങള്‍ തെളിച്ചു പറഞ്ഞത് ഫ്യൂച്ചറിസത്തിന്റെ മറ്റൊരു അപ്പോസ്തലനായിരുന്ന പാപിനിയായിരുന്നു. ഭൂമിയെ കറുത്തവരുടെ ചുടുചോരയില്‍ കുളിപ്പിക്കേണ്ടതുണ്ടെന്ന് അയാള്‍ ഭംഗ്യന്തരേണ പറയുന്നുണ്ട് (മിശ്ര 247). യുദ്ധവേളയില്‍ ലിബിയ സന്ദര്‍ശിച്ച മാരിനെറ്റിക്ക് ഒരു സങ്കടമുണ്ടായിരുന്നു; 'മാനുഷികതയിലുള്ള കൊളോണിയലിസ്റ്റുകളുടെ മൂഢ വിശ്വാസം' മൂലം ഇറ്റാലിയന്‍ പട്ടാളക്കാര്‍ പലപ്പോഴും യഥാര്‍ഥ ക്രൗര്യം കാണിക്കാന്‍ അറച്ചു നില്‍ക്കുന്നു. ഇറ്റാലിയന്‍ ക്രൂരതയെ ലോകം മുഴുവന്‍ അപലപിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഈ ധിഷണാശാലി ഇങ്ങനെ മൊഴിഞ്ഞതെന്നോര്‍ക്കണം.
ചെടികളിലെന്നതു പോലെ മനുഷ്യരിലും കളകളുണ്ട്; അവ പിഴുതുകളഞ്ഞ് അതിജീവനത്തിനര്‍ഹതയുള്ള മേത്തരം ജനുസ്സുകളില്‍പെട്ട വംശങ്ങള്‍ക്ക് പുഷ്ടിപ്പെടാന്‍ സ്ഥലവും അവസരവുമൊരുക്കുകയെന്ന സ്‌പെന്‍സേറിയന്‍ കാഴ്ചപ്പാട് തന്നെയായിരുന്നു തീവ്ര ദേശീയതയെ പ്രചോദിപ്പിച്ചതെന്ന് പറയുന്ന മിശ്ര സ്വയം അതിമാനുഷ പദവി എടുത്തു ചാര്‍ത്തുന്ന അനണ്‍സിയോയുടെയും മാരിനെറ്റിയുടെയും വിവിധ ദേശാന്തര പതിപ്പുകളെ അവലോകനവിധേയമാക്കുന്നു.
സ്‌പെന്‍സറും സവര്‍ക്കറും
സാമ്പത്തിക പ്രാരാബ്ധങ്ങളാല്‍ വലഞ്ഞ ആ മറാഠി ബ്രാഹ്മണന് തന്റെ മകനെ കോളേജിലയച്ച് പഠിപ്പിക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. സമ്പന്നനായ സുഹൃത്ത് തന്റെ മകളെ അവനെ ക്കൊണ്ട് വിവാഹം കഴിപ്പിച്ച് പഠന ചെലവ് വഹിക്കാമെന്നേറ്റു. പൂനെ ഫെര്‍ഗൂസണ്‍ കോളേജില്‍ പ്രവേശനം നേടിയ സവര്‍ക്കര്‍ എന്ന ചെറുപ്പക്കാരന്‍ അവിടെ വെച്ച് സ്‌പെന്‍സറിന്റെ മാന്ത്രിക പ്രഭാവത്തിന് വശംവദനായി. ചെറുപ്പത്തിലേ അവന്റെ മനസ്സ് അപര വിരോധത്തിന്റെ നെരിപ്പോടായി മാറിയിരുന്നു. ആത്മകഥയില്‍, പന്ത്രണ്ടാം വയസ്സില്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുസ്ലിം പള്ളി അലങ്കോലമാക്കിയത് വീരസ്യത്തോടെ വിവരിച്ചത് ഇതിന്റെ തെളിവായിരുന്നു. സ്‌പെന്‍സര്‍ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായ സവര്‍ക്കര്‍ സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ തീവ്ര ദേശീയതയുടെ വക്താവായ മാസ്സിനിയില്‍ പതിഞ്ഞു. ആശയങ്ങള്‍ പുഷ്ടി നേടാന്‍ അവക്ക് ചോരയുടെ ചൂര് തട്ടണമെന്ന് വിശ്വസിച്ച മാസ്സിനിയുടെ മാസ്മരികത വര്‍ഷങ്ങളോളം സവര്‍ക്കറെ പ്രലോഭിപ്പിച്ചതായി മിശ്ര ചൂണ്ടിക്കാണിക്കുന്നു.
കൊളോണിയല്‍ മാനവിക സങ്കല്‍പ്പനങ്ങള്‍ കാരണം ഇറ്റാലിയന്‍ പട്ടാളക്കാര്‍ ലിബിയയില്‍ തദ്ദേശീയരോട് വേണ്ട രീതിയില്‍ ക്രൗര്യം കാണിക്കുന്നില്ല എന്നാണ് അനണ്‍സിയോ പരിതപിച്ചതെങ്കില്‍ 'സ്ത്രീത്വത്തോട് കാണിക്കേണ്ട ധീരമര്യാദ' (Chivalry) യെ കുറിച്ച ധാരണകള്‍ കാരണം ഹിന്ദു പടയാളികള്‍ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നില്ല എന്നതായിരുന്നു സവര്‍ക്കറുടെ പരാതി. ഹിംസ സവര്‍ക്കര്‍ക്ക് ഒരു വിമോചന രൂപകമായെങ്കില്‍ വെറുപ്പ് അദ്ദേഹത്തിന്റെ തത്ത്വ ശാസ്ത്രത്തിന്റെ അവിഭാജ്യാംശമായി (Categorical Imperative) എന്ന് മിശ്ര വിവരിക്കുന്നു (256-57). വര്‍ത്തമാന ഇന്ത്യയില്‍ അരങ്ങേറുന്ന ഹിംസയുടെയും കലാപങ്ങളുടെയും ജനിതകമന്വേഷിക്കുന്നവര്‍ക്ക് മിശ്രയുടെ ഈ നിരീക്ഷണങ്ങള്‍ ഒരു വെളിപാടായി അനുഭവപ്പെടാതിരിക്കില്ല.
ആധുനിക വംശീയ ഉന്മൂലന ചരിത്രം വിവരിക്കുന്ന തന്റെ ഗ്രന്ഥത്തിന് ലെന്‍ഡ് ക്വിസ്റ്റ് കോണ്‍റാഡില്‍ നിന്ന് കടമെടുത്ത 'കിരാതരെ കൊന്നൊടുക്കുക' എന്ന തലവാചകമാണ് ഉപയോഗിക്കുന്നതെങ്കില്‍ സവര്‍ക്കറെ വിശകലനം ചെയ്യുന്ന അധ്യായത്തിന് ഉപശീര്‍ഷകമായി മിശ്ര കൊടുക്കുന്നത് Learning from (while Exterminating) the Brutes (255) എന്നാണ്. അതായത് സ്‌പെന്‍സറിനെയും മാസ്സിനിയെയും പോലുള്ള പടിഞ്ഞാറന്‍ വംശീയതയുടെ വക്താക്കള്‍ക്ക് ഗുരുദക്ഷിണ നല്‍കുമ്പോള്‍ തന്നെ തങ്ങള്‍ വിഭാവനം ചെയ്യുന്ന പുണ്യഭൂമി സങ്കല്‍പ്പനത്തിനു പുറത്തായതിനാല്‍ അവരെയും കിരാതരായി കാണാനേ തീവ്ര ഹിന്ദുത്വ ദേശീയതക്ക് കഴിയുന്നുള്ളൂ എന്ന് സാരം.
വിദ്വേഷം നുരയുന്ന ആഗോള ഗ്രാമം
എല്ലാവരും സ്വന്തം തോടിലേക്ക് ഉള്‍വലിയുന്ന ആഗോള ഗ്രാമത്തില്‍ സഹകരണം, സഹാനുഭൂതി, അനുകമ്പ തുടങ്ങിയവ എടുക്കാച്ചരക്കുകളായി മാറിയതായി മിശ്ര പരിതപിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികത കീഴാളരിലെ വലിയൊരു വിഭാഗത്തില്‍ വിമോചനത്തിന്റെ പ്രത്യാശക്ക് തിരികൊളുത്തി. എന്നാല്‍ ആഗോളീകരണവും നഗരവല്‍ക്കരണവും ചരിത്രത്തിലില്ലാത്ത സാമ്പത്തിക - സാമൂഹിക അസമത്വങ്ങള്‍ക്കാണ് ഹേതുവായത്. നിരാശയും വെറുപ്പും അസൂയയും (Resentment) കലര്‍ന്ന ഒരു പ്രത്യേക വൈകാരികാവസ്ഥയാണ് ഇതൊരു തലമുറയില്‍ ഉണ്ടാക്കിയത്. ആല്‍ബര്‍ കാമ്യു വിവരിച്ചതു പോലെ ഒരു ആത്മവിഷസംക്രമണി ഇവിടെ വ്യക്തികളില്‍ അവരറിയാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഉഗ്രസംഹാര ശേഷിയുള്ള ഈ വിഷം ഭീകരതയുടെ ഭിന്ന വക്താക്കളില്‍ പൊതുവായി കാണുന്ന ഏകകമാണെന്ന് മിശ്ര വാദിക്കുന്നു. ഓക്‌ലഹോമ ഭീകരാക്രമണത്തിന് ഉത്തരവാദിയായിരുന്ന തിമോത്തി മാക് വെയ്യും പാളിപ്പോയ ആദ്യ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്ത അഹ്മദ് റംസിയും തമ്മില്‍ ഈയര്‍ഥത്തില്‍ അടുത്ത ചാര്‍ച്ചയാണുള്ളത്. ഇരുവരും ജയിലില്‍ അടുത്ത കൂട്ടുകാരായി മാറിയ കാര്യം അദ്ദേഹം സൂചിപ്പിക്കുന്നു. മാക് വെയ്യെ വധശിക്ഷക്ക് വിധേയമാക്കിയപ്പോള്‍ റംസി പറഞ്ഞു: 'അയാളോളം എന്റെ വ്യക്തിത്വവുമായി സാദൃശ്യമുള്ള ഒരാളിനെയും ഞാനിതു വരെയും കണ്ടില്ല.'
നിരപരാധികളെ കൊന്നുവെന്ന പാപത്തിന്റെ പേരില്‍ തന്നെ ശിക്ഷിക്കാന്‍ അമേരിക്കക്ക് യാതൊരധികാരവുമില്ലെന്ന് വിചാരണാവേളയില്‍ വാദിച്ച മാക് വെയ് അമേരിക്കന്‍ അധികൃതരോട് പറഞ്ഞ കാര്യങ്ങള്‍ കൂരമ്പിന്റെ മൂര്‍ച്ചയുള്ളതായിരുന്നു: 'രണ്ട് ഇറാഖികളെ ക്രൂരമായി അറുകൊല ചെയ്തതിന് നിങ്ങള്‍ എന്നെ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. അമേരിക്കന്‍ മിലിറ്ററി യൂണിഫോമില്‍ ഞാന്‍ അന്ന് നിറയൊഴിച്ചത് ആത്മപ്രതിരോധാര്‍ഥമായിരുന്നില്ല... ആ കൊല്ലപ്പെട്ടവരും എന്നെപ്പോലെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുള്ള മനുഷ്യരായിരുന്നു.'
ബോംബ് വെച്ച് നശിപ്പിച്ച ഫെഡറല്‍ കെട്ടിടത്തില്‍ കുട്ടികളുണ്ടായിരുന്നുവെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് വാദിച്ച മാക് വെയ് ഇറാഖിലെ കെട്ടിടങ്ങള്‍ക്കകത്ത് കുട്ടികളുണ്ടായിരുന്നു എന്നറിഞ്ഞിട്ടും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ അവ ബോംബ് വെച്ച് തകര്‍ത്തതിന്റെ ന്യായം എന്തായിരുന്നുവെന്ന് ചോദിച്ചു.
മാക്‌വെയും മുഹമ്മദ് അത്തയും
വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം പറത്തിക്കയറ്റിയ മുഹമ്മദ് അത്തയിലും വെളുത്ത ഭീകരവാദിയായ മാക് വെയ്യിലും ഓസ്ലോ വെടിവെപ്പിന് ഉത്തരവാദിയായ ആന്‍ഡേസ് ബ്രെവിക്കിലും എല്ലാം എരിയുന്നത് ഒരേ പകയും വിദ്വേഷവുമാണെന്ന് വാദിക്കുന്ന മിശ്ര മുസ്ലിം തീവ്രവാദികളുടെ ഭൂതകാല ജീവിതം ചികയാനും മറക്കുന്നില്ല. പടിഞ്ഞാറന്‍ നിശാകേന്ദ്രങ്ങളിലും വേശ്യാതെരുവുകളിലും അലഞ്ഞിരുന്ന ഇവരില്‍ മിക്കവര്‍ക്കും പറയത്തക്ക മത ബോധമോ പരിജ്ഞാനമോ ഇല്ലായിരുന്നുവെന്നാണ് അദ്ദേഹം എത്തിപ്പെടുന്ന വിധിതീര്‍പ്പ്. സ്ഥിതിവിവര കണക്കുകളുടെ അകമ്പടിയോടെ ചരിത്ര യാഥാര്‍ഥ്യങ്ങളെ കുലങ്കശമായി വിലയിരുത്തി വര്‍ത്തമാന പ്രതിഭാസങ്ങളെ അപഗ്രഥനം ചെയ്യുക എന്നതിനേക്കാള്‍ ഒരു കാലഘട്ടത്തിന്റെ പ്രജ്ഞ രൂപീകരിച്ച സാഹിത്യ-കലാ ഉല്‍പ്പന്നങ്ങളെ അവലോകനവിധേയമാക്കി വര്‍ത്തമാനത്തിന്റെ ഒരു മനോവിശ്ലേഷണമാണ് അദ്ദേഹം ലക്ഷ്യമാക്കുന്നത്. ഈ സമീപനം ഒരേസമയം കൃതിയുടെ ശക്തിയും ദൗര്‍ബല്യവുമായി പരിണമിക്കുന്നുണ്ട്.
തീവ്ര ദേശീയതയിലും അപര നിഗ്രഹത്തിലും അധിഷ്ഠിതമായ സവര്‍ക്കറിന്റെ വിചാരധാരയെ സ്‌പെന്‍സറിലേക്കും മാസ്സിനിയിലേക്കും ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന് മനുവിലും ചാണക്യനിലുമുള്ള അടിവേരുകള്‍ അദ്ദേഹം അവഗണിക്കുന്നു. ചാണക്യനുമായി താരതമ്യം ചെയ്യുമ്പോള്‍ മാക്ക്യവെല്ലി മദര്‍ തെരേസയെപ്പോലെ നിഷ്‌കളങ്കനെന്ന് വെന്‍ഡി ഡോണിഗര്‍ പറഞ്ഞത് ഒരര്‍ഥത്തില്‍ മനുവും മാസ്സിനിയും തമ്മിലുള്ള താരതമ്യത്തിലും സംഗതമാണ് (മനുവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ നിരുപദ്രവകാരിയെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് നമുക്ക് ആനുഷംഗികമായി ഓര്‍ക്കാം). ഇതുപോലെ മുഹമ്മദ് അത്തയെയും റംസി യൂസുഫിനെയും പറ്റിയുള്ള വിലയിരുത്തലുകള്‍ ആധുനികതയിലും അതുല്‍പ്പാദിപ്പിക്കുന്ന സവിശേഷമായ Resentment എന്ന സങ്കീര്‍ണമായ മാനസികാവസ്ഥയുടെ പരിചരണത്തിലും പരിമിതപ്പെട്ടുപോകുന്നു. ഫലസ്ത്വീന്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ അറബ് ലോകവും പടിഞ്ഞാറും തമ്മില്‍ നിലനില്‍ക്കുന്ന നീണ്ട അനീതിയുടെ ചരിത്രം പരിശോധിക്കാന്‍ ഒരു ഖണ്ഡിക പോലും മിശ്ര നീക്കിവെക്കുന്നില്ല. ഈ വിഷയത്തില്‍, കഴിഞ്ഞ ദശാബ്ദത്തിലിറങ്ങിയ ടെറി ഈഗ്ള്‍ട്ടന്റെ Holy Terror, തലാല്‍ അസദിന്റെ On Suicide Bombing തുടങ്ങിയ ശ്രദ്ധേയ കൃതികളൊന്നും മിശ്ര തന്റെ പഠനത്തിലുദ്ധരിക്കുന്നില്ല. ഭീകരതയെ നേരിടാനുള്ള മികച്ച ഔഷധം നീതിയാണെന്ന് വാദിക്കുന്ന ഈഗ്ള്‍ട്ടണ്‍, നീതിയും ആത്മാഭിമാനവും നിഷേധിക്കപ്പെടുന്ന സമൂഹങ്ങളിലുണ്ടാകുന്ന മാനസിക വിഭ്രമങ്ങളുടെ ജനിതക രീതികള്‍ അന്വേഷിക്കുന്നുണ്ട്. തങ്ങള്‍ നൂറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും അപഹരണത്തിന്റെയും അപമാനവീകരണത്തിന്റെയും പ്രതികരണമായി ആ ഹിംസയെ കാണുന്നതിനു പകരം, ക്രിസ്തീയ ഭാവന പാവനത്വം കല്‍പ്പിക്കുന്ന ബലിദാനം എന്ന രീതിയില്‍ സ്വയം പൊട്ടിത്തെറിച്ച് മരണം വരിക്കുന്ന ചാവേറുകളെ വിലയിരുത്തുന്നതിലുള്ള അബദ്ധമാണ് അസദ് തന്റെ പഠനത്തില്‍ അപഗ്രഥിക്കുന്നത്.
മിശ്ര തന്റെ ഗ്രന്ഥത്തിലുദ്ധരിക്കുന്ന ബിന്‍ ലാദന്റെ 'നിങ്ങള്‍ ഞങ്ങളുടെ നിരപരാധികളെ കൊന്നതിനാല്‍ ഞങ്ങള്‍ നിങ്ങളുടെ നിരപരാധികളെ കൊല്ലുന്നു' എന്ന പ്രസ്താവന (294) ഈയൊരു മനോഘടനയെയാണ് സൂചിപ്പിക്കുന്നത്. ഈ രൂപത്തില്‍, ചരിത്രസന്ദര്‍ഭങ്ങളെ കണക്കിലെടുത്തുള്ള വിശകലനങ്ങള്‍ക്ക് മുതിര്‍ന്നിരുന്നുവെങ്കില്‍ മിശ്രയുടെ ഗ്രന്ഥം കൂടുതല്‍ മികവുറ്റതാകുമായിരുന്നു. പക്ഷേ, ഈ പരിമിതികള്‍ക്കൊപ്പം തന്നെ ഈ രചന ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒരു മികച്ച കൈപ്പുസ്തകമാണെന്ന് സമ്മതിച്ചേ പറ്റൂ. 'എഡ്വേഡ് സൈദിന്റെ അനന്തിരവന്‍' എന്ന് 'ദ എക്കണോമിസ്റ്റ്' പങ്കജ് മിശ്രയെ വിശേഷിപ്പിച്ചത് എന്തുകൊണ്ടും അന്വര്‍ഥമെന്ന് ഇതിലെ ഓരോ താളും സാക്ഷ്യപ്പെടുത്തുന്നു.
Comments